Skip to content

ദേവ നന്ദൻ – 17

deva nandhan novel

അയാളുടെ ചിരി ഈറനണിഞ്ഞിരുന്നു. വാക്കുകൾ മുറിഞ്ഞുവീണു.  മനസ്സ് കൈവിട്ട പോലെ അയാൾ എല്ലാവരെയും വകഞ്ഞു മാറ്റി തൊടിയിലേക്ക് നടന്നു.

   വേരറ്റുംവീഴുംമുന്നേ മകളുടെ ഗന്ധമുള്ള ആ മാവിൻചുവട്ടിൽ അവൾക്കൊപ്പം ഒന്നുകൂടെ ചേർന്നിരിക്കാൻ

    *********************************

രോഹിണിയുടെ മരണം ശങ്കരേട്ടന്റെ ജീവിതത്തെ അപ്പാടെ മാറ്റിതുടങ്ങിയിരുന്നു.  അതെ അവസ്ഥയായിരുന്നു ചാരുവിനും.

ഊണില്ല, ഉറക്കമില്ല.. എവിടെ നോക്കിയാലും രോഹിണിയുടെ ചിരിയും ‘ചാരൂ ‘ എന്ന വിളിയും.

    ഒരു പ്രണയം തകർത്തുകളഞ്ഞത് രണ്ട് ജീവിതങ്ങളെ ആണെന്നോർക്കുമ്പോൾ  ആദിയോടുള്ള പക അവളുടെ മനസ്സിൽ നീറിപുകയാൻ തുടങ്ങി.

     രോഹിണിയുടെ മരണം തൊട്ട് ആധിക്കായുള്ള തിരച്ചിലിൽ ആയിരുന്നു പോലീസ് . 

പോസ്റുമോർട്ടം  റിപ്പോർട്ടിൽ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായതോടെ ആദിക്കുള്ള വേണ്ടിയുള്ള അന്വേഷണം ഊര്ജിതമാക്കിയെങ്കിലും ഒരാഴ്ചയായിട്ടും അവനെ കുറിച്ചൊരു തുമ്പും കിട്ടിയില്ലപൊലീസിന്. അവന് വേണ്ടി രാത്രിയും പകലും ഇടതടവില്ലാതെ അവന്റെ വീട്ടിൽ കേറിയിറങ്ങി അവർ.

  അവനങ്ങനെ ചെയ്യില്ലെന്ന് അവന്റെ അമ്മയും അച്ഛനും ആണയിട്ട് പറയുമ്പോൾ പുച്ഛമായിരുന്നു അൻവറിന്.

  ” നിങ്ങടെ മകന്റെ കൂടെ ആണ് ആ പെൺകുട്ടി അവസാനമായി പോയത്. അതിന് സാക്ഷികളും ഉണ്ട്. ഇനി അതല്ല, നിങ്ങളുടെ മകനല്ല  ആ പെൺകുട്ടിയുടെ ദുരൂഹമരണത്തിനു പിന്നിലെങ്കിൽ പിന്നെ എന്തിനവൻ ഒളിഞ്ഞിരിക്കണം?  ഒരാഴ്ചയായി ആർക്കും പിടിതരാതെ മറഞ്ഞിരിക്കണമെങ്കിൽ  അവന്റെയുള്ളിൽ ഒരു കൊലപാതകി ഇരിപ്പുണ്ട്.  പിന്നെ നിങ്ങൾ പറഞ്ഞല്ലോ പാവമാണ് അവനെന്ന്,  നിങ്ങളുടെ ഒറ്റമോന് ആണെന്ന്.  അതുപോലെ ഒരു മോള് ആണ് ആ അച്ഛനും ഇല്ലാതായത്.  നിങ്ങളുടെ മോനെ സ്നേഹിച്ചെന്ന ഒരു തെറ്റേ ആ പെൺകുട്ടി ചെയ്തിട്ടുള്ളൂ.  ആ സ്നേഹം കാരണം അവൾക്ക് നഷ്ടപ്പെട്ടത് സ്വന്തം ജീവനും അവളെ ജീവനേക്കാളേറെ സ്നേഹിക്കുന്ന അച്ഛനെയും ആണ്.   ആ അച്ഛന് നഷ്ടമായത് മുന്നോട്ടുള്ള ജീവിതവും പ്രതീക്ഷയും ആണ്.  അതിനെല്ലാം കാരണക്കാരനായ നിങ്ങടെ ആ പാവം മോൻ ഞങ്ങളെ വലിപ്പിക്കാനാണ് ഉദ്ദേശമെങ്കിൽ…… “

   വാക്കുകൾ പകുതിക്ക് നിർത്തിക്കൊണ്ട് അൻവർ ആ മാതാപിതാക്കളെ മാറി മാറി നോക്കി. പിന്നെ തിരികെ ജീപ്പിലേക്ക് കയറി.

          *********************************

   ഹോസ്പിറ്റലിൽ നിന്ന് വന്നതിൽ പിന്നെ വീട്ടിലെ ഒറ്റമുറിയിലേക്ക് സ്വയം ഒരുങ്ങുകയായിരുന്നു  ശരണ്യ. ദിവസങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞുവീഴുമ്പോൾ ആ വീട്ടിൽ ഇടക്കിടെ വന്നു പോകുന്ന അതിഥിയായി നന്ദൻ.

    അവനെ കാണുമ്പോൾ മുഖം തിരിക്കുന്ന അവൾക്ക് ഒരു പുഞ്ചിരി സമ്മാനിക്കാറുണ്ട് എന്നും. അതിനപ്പുറം ഒരു വാക്ക് കൊണ്ട് പോലും ശല്യമാകാതിരിക്കാൻ ശ്രമിക്കുകയായിരുന്നു നന്ദൻ. ഇങ്ങനെ ഒരു ജീവിതമല്ല സ്വപ്നം കണ്ടത്.. പക്ഷേ… 

  മനസ്സ് കൊണ്ട് ഒന്നാകാൻ കഴിയില്ലെങ്കിൽ പരസ്പരം പ്രകോപിപ്പിക്കുന്ന കാഴ്ചവസ്തുവായി മാറാതിരിക്കാനാണ് ഒരു വേർപിരിയൽ ആഗ്രഹിച്ചത്,  മനസ്സ് കൊണ്ട് അല്ലെങ്കിൽ കൂടി..

 പക്ഷേ,  അതിന് ശരണ്യയിൽ നിന്നുമുള്ള റിയാക്ഷൻ ഇങ്ങനെ ഒന്നായിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.  മരണം കൊണ്ട് തോൽപ്പിക്കാൻ ആണോ ശ്രമിച്ചത്,  അതോ സ്വയം മരണത്തിനു മുന്നിൽ തോൽവി സമ്മതിക്കാനോ… അറിയില്ല… ഇന്നും അവളിൽ നിന്നും ഉത്തരം കിട്ടാതെ ഒരു ചോദ്യചിഹ്നമായിമാറി അത് .

   പഴയ പോലെ വീറും വാശിയുമില്ല ഇപ്പോൾ ശരണ്യയുടെ മുഖത്ത്‌.  ആദ്യമൊക്കെ മുഖം തിരിക്കുമ്പോൾ വെറുപ്പ്  കുമിഞ്ഞുകൂടുമായിരുന്നു അവളുടെ മുഖത്ത്‌.  എന്നാൽ ഇപ്പോൾ മുഖം തിരിക്കുമ്പോൾ അവളിൽ നിസ്സഹായതയായിരുന്നു. 

  അവളുടെ പെരുമാറ്റം പലപ്പോഴും ചിന്തിപ്പിച്ചിട്ടുണ്ട് അവളുടെ മനസ്സിൽ തന്നോടുള്ള വെറുപ്പിനേക്കാൾ, മറ്റൊരുത്തനോടുള്ള ഇഷ്ടത്തെക്കാൾ  വേറെ എന്തൊക്കെയോ നീറിപുകയുന്നുണ്ടെന്ന്. 

   അന്ന് പതിവ് പോലെ അവളെയും കണ്ടിറങ്ങുമ്പോൾ അവളുടെ കണ്ണുകൾ തനിക്ക് പിന്നാലെ സഞ്ചരിക്കുന്നത് നന്ദൻ ശ്രദ്ധിച്ചിരുന്നു.  തിരിഞ്ഞുനോക്കുമ്പോൾ പെട്ടന്നവൾ കണ്ണുകൾ പിൻവലിച്ച് വേറെ എങ്ങോ നോക്കുന്ന പോലെ ഇരുന്നു. അവളുടെ പ്രവർത്തികൾ അവന്റെ ചുണ്ടിൽ പുഞ്ചിരിയായി മാറുമ്പോൾ  എന്തോ മനസ്സിലെവിടെയോ ഒരു പ്രതീക്ഷയുടെ നാമ്പുകൾ തളിരിട്ടുതുടങ്ങിയിരുന്നു.

        പല ദിവസങ്ങളും തിരികെ ഇറങ്ങുമ്പോൾ അവളുടെ നോട്ടം തേടിവരുന്നത് അറിയുന്നുണ്ടായിരുന്നു നന്ദൻ. പലപ്പോഴും ആ നോട്ടം കണ്ണുനീരിന്റെ നനവിനൊപ്പം അലിഞ്ഞുചേരുന്നത് കണ്ടിട്ടുണ്ട്.

        അന്ന് അവളുടെ മുറിയിലേക്ക് ചെല്ലുമ്പോൾ നന്ദന്റെ കാൽപ്പെരുമാറ്റം കേട്ടാവണം അവൾ കയ്യിലെ ബുക്സിലേക്ക് മാത്രം ശ്രദ്ധയൂന്നിയത്. 

അവനൊന്ന് മുരടനക്കി.

     ” ഇനിയെങ്കിലും ഈ അഭിനയം നിർത്തിക്കൂടെ തനിക്ക്.?  ഇങ്ങനെ ഈ മുറിയിൽ ഒതുങ്ങിക്കൂടാതെ പുറത്തേക്ക് ഇറങ്ങിക്കൂടെ..  നിന്റ ജീവിതം നശിപ്പിച്ച എന്നെയോ നിന്റെ അമ്മയെയോ നീ ഓർക്കേണ്ട.. പക്ഷേ, ഓരോ നിമിഷവും നിന്നെ ഓർത്ത് നീറിനീറികഴിയുന്ന ഒരാള് കൂടി ഉണ്ട് ഇവിടെ. നിന്റ അച്ഛൻ.  നീ വീണെന്നറിഞ്ഞത് മുതൽ നിനക്ക് വേണ്ടി കരഞ്ഞും ഉള്ള് വിങ്ങിയും പ്രാർഥനയോടെ ICU. വിന് മുന്നിൽ ഇരിക്കുന്ന ആ കാഴ്ച ഇപ്പോഴും എന്റെ മനസ്സിലുണ്ട്.   മനപ്പൂർവമല്ലെങ്കിലും ഞാൻ കൂടി കാരണമല്ലേ ഇങ്ങനെ ഒക്കെ എന്ന് പറഞ്ഞ് നിസ്സഹായതയോടെ  ഇരുന്ന അച്ഛനെ നീ അറിഞ്ഞിട്ടുണ്ടെങ്കിൽ ഈ ഇരിപ്പ് നിനക്ക് ഒഴിവാക്കാമായിരുന്നു .

  അല്ലെങ്കിൽ തന്നെ ആരോടാണെടോ ഈ വാശി ? നിന്നെ ഇഷ്ട്ടമായതിന്റെ പേരിൽ നിന്റ കഴുത്തിൽ താലി ചാർത്തിയ എന്നീടോ?  അതോ ഞാനുമായുള്ള കല്യാണത്തിന് നിന്നെ നിർബന്ധിച്ച അമ്മയോടോ അതുമല്ലെങ്കിൽ നിനക്ക് വേണ്ടി കരഞ്ഞു ജീവിക്കുന്ന അച്ഛനോടോ?  പറ… ആരോടാ തന്റെ ഈ വാശി? “

 അവന്റെ ചോദ്യം കേട്ടില്ലെന്ന് നടിച്ചിരിക്കുന്ന അവളോടുള്ള ദേഷ്യം ഉടലിലേക്ക് ഇരച്ചുകയറുമ്പോൾ ആണ്  അവളുടെ കയ്യിലെ  ബുക്കിനേ രണ്ട് തുള്ളി കണ്ണിനീർ നനവ്  പടർത്തുന്നത് നന്ദൻ കണ്ടത്. 

  പിന്നീടത് ഒരു പേമാരിപോലെ ഒഴുകിയിറങ്ങാൻ തുടങ്ങിയപ്പോൾ അവൾ ബുക്ക്‌ ബെഡിലേക്കിട്ട് കൈ കൊണ്ട് മുഖം പൊത്തി പൊട്ടിക്കരഞ്ഞു.

  ആദ്യമൊന്ന് അമ്പരന്നെങ്കിലും എന്തോ ആ കരച്ചിൽ കണ്ട് അലിവ് തോന്നിയില്ല നന്ദന്.  ഇവൾ കാരണം എത്ര പേരാണ് കരയുന്നത്. അത് കാണാൻ കഴിയാത്തവളിപ്പോൾ കരയുന്നു.. ആരെ കാണിക്കാൻ… അങ്ങനെയായിരുന്നു നന്ദന്റെ മനസ്സിൽ.

 പക്ഷേ,  നിർത്താതെയുള്ള അവളുടെ കരച്ചിൽ ഉച്ചസ്ഥായിയിലെത്തിയപ്പോൾ അവൻ ആദ്യം ശ്രദ്ധിച്ചത് അവളുടെ അച്ഛനോ അമ്മയോ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നായിരുന്നു.  ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം വാതിൽ ചാരി തിരിയുമ്പോൾ പെട്ടന്നായിരുന്നു ശരണ്യ അവന്റെ കാലിലേക്ക് വീണ് പൊട്ടിക്കരഞ്ഞത്.  അപ്രതീക്ഷിതമായ അവളുടെ പെരുമാറ്റം കണ്ടു അല്പനേരം സ്തബ്ധനായി നിന്ന നന്ദൻ പെട്ടന്ന് അവളുടെ കയ്യിൽ പിടിച്ച് എഴുനേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ അവൾ പിടിവിടാതെ ആ കാലിൽ മുറുക്കെ പിടിച്ചു.

 ” നന്ദേട്ടാ.. ന്നോട്  ക്ഷമിക്കണേ…  “

അങ്ങനെ ഒരു വാക്ക് അവളിൽ നിന്ന് പ്രതീക്ഷിക്കാത്തത് കൊണ്ടാവണം  അവന്റെ മുഖം ആശ്ചര്യത്താൽ വിടർന്നു.

   ”   ഞാൻ തെറ്റാ ചെയ്തെ…  സ്വന്തം തെറ്റുകളെ മറയ്ക്കാൻ മറ്റുളവരെ തെറ്റുകാരാക്കുമ്പോൾ സ്വയം മുറിവേൽക്കുകയായിരുന്നു ഞാൻ. ന്റെ അമ്മ എന്നെ നിർബന്ധിച്ചതിലോ നന്ദേട്ടൻ ന്റെ ഭർത്താവായി വന്നതിലോ അല്ല  എന്റെ മനസ്സ് തകർന്നുപോയത്.. ആരോടും  ഒന്നും പറയാൻ കഴിയാതെ ഒരു ചരടിൽ കുടുങ്ങിയ പാവയെ പോലെ നീറി നീറി…  സ്വയം നിങ്ങളിൽ നിന്നൊക്കെ വെറുപ്പ് വാങ്ങി എന്നെ ഞാൻ തന്നെ ശിക്ഷിക്കുകയായിരുന്നു. “

 അവൾ പറയുന്നതൊന്നും നന്ദന് മനസ്സിലാകുന്നില്ലായിരുന്നു. മാനസികമായി തകർന്ന ഒരുവളുടെ ഉപബോധമനസ്സാണ് ഇപ്പോൾ തന്നോട് സംസാരിക്കുന്നതെന്ന് തോന്നി ആദ്യം. പക്ഷേ,  അവളുടെ കണ്ണുനീരിനിപ്പോൾ കളങ്കമില്ലെന്ന് മനസ്സിലായപ്പോൾ ശരണ്യയുടെ  വാക്കുകളിലെ പൊരുത്തക്കേടുകൾക്ക് ഉത്തരമായിരുന്നു അവൻ തേടിയത്.

  കുറച്ചു ബലം പ്രയോഗിച്ചുതന്നേ അവളെ പിടിച്ചെഴുനേൽപ്പിച്ചു നിർത്തുമ്പോൾ അവൾ അവന് മുന്നിൽ തൊഴുകൈയ്യോടെ നിന്നു.

  ” തനിക്കെന്താടോ പറ്റിയത്. വീറും വാശിയും മാത്രം കണ്ട മുഖത്തിപ്പോൾ ഇങ്ങനെ കുറ്റബോധത്തിന്റെ കണ്ണീർ കാണാൻ കഴിയുന്നുണ്ടെങ്കിൽ,  നീ ഇപ്പോൾ അറിഞ്ഞോ അറിയാതെയോ പറഞ്ഞ വാക്കുകളിൽ ഇനിയും ഇടിച്ചുപെയ്യാൻ ഒരു പേമാരി ബാക്കിയുണ്ടെങ്കിൽ  ആരോടും പറയാതെ കൊണ്ടുനടക്കുന്ന എന്തോ ഒന്ന് നിന്റ മനസ്സിൽ ഒരു കടല് പോലെ ഇരമ്പിയാർക്കുന്നുണ്ട്.  ഇനിയും മൗനം കൊണ്ടും,  വാശി കൊണ്ടും മനസ്സിനെ മൂടിക്കെട്ടി ജീവിതത്തിൽ സ്വയം തോറ്റുപോകാതെ പറ,  നിനക്ക് ന്താ പറ്റിയത്.. സ്വന്തം ജീവിതത്തിൽ മറ്റുള്ളവരാൽ വെറുപ്പും വിദ്വെഷവും വാങ്ങി സ്വയം ശിക്ഷിക്കാതെ ഇനിയെങ്കിലും …… “

നന്ദൻ അവളുടെ തോളിൽ ഒന്ന് അമർത്തിപിടിക്കുമ്പോൾ അവൾ കണ്ണുകൾ തുടച്ചുകൊണ്ട് നന്ദനെ നോക്കി.   മനസ്സിൽ പെയ്യാൻ കൊതിച്ചു കറുത്തിരുണ്ടിരിക്കുന്ന കാര്മേഘത്തെ  ആർത്തലച്ചുപെയ്യിക്കാനെന്നപോലെ. !

    ——————————————————–

രോഹിണിയുടെ മരണം പിടിച്ചുലയ്ച്ച ചാരുവിന്റെ  മനസ്സിന് ആകെ ഒരു ആശ്വാസം ദേവന്റെ ഇടക്കുള്ള വിളിയായിരുന്നു. ഓരോ വാക്കിലും നെഞ്ചിലേക്ക് ചേർത്തുപിടിക്കുംപോലെ…

    ” എടോ..  അവളുടെ വിയോഗം നിന്നിൽ എത്രത്തോളം ആഴത്തിൽ മുറിപ്പെട്ടിട്ടുണ്ടെന്ന് എനിക്കറിയാം. പക്ഷേ,  എല്ലാത്തിനൊടും നമ്മൾ പൊരുത്തപ്പെട്ടല്ലേ പറ്റൂ.  പൊരുത്തപ്പെടണം..  ഇനി അവൾ ഇല്ലെന്ന യാഥാർഥ്യം മനസ്സിനെ പറഞ്ഞ് പഠിപ്പിക്കണം .  എന്നിട്ട് പഴയ പോലെ കോളേജിൽ പോണം. എല്ലാവരുമായി പഴയ പോലെ ഇടപെടുമ്പോൾ മനസ്സ് ഒന്ന് ശാന്തമാകും.”

അവന്റെ ഓരോ വാക്കിലും അവളോടുള്ള ചേർത്തുപിടിക്കലിന്റെ ആഴം ചാരു അറിയുകയായിരുന്നു . ഒരിക്കൽപോലും കിട്ടില്ലെന്ന്‌ കരുതിയ ഇഷ്ട്ടം ഇപ്പോൾ ജീവിതത്തോട് ഒട്ടിക്കിടക്കുന്നുവെന്ന് ഓർക്കുമ്പോൾ സങ്കടങ്ങൾക്കിടയിലും എവിടെയോ ഒരു കുഞ്ഞ്സന്തോഷം തുടികൊട്ടുന്നുണ്ടായിരുന്നു.

   ” ന്നാലും ആ ആദി… രോഹിണി പാവമായിരുന്നില്ലേ ദേവേട്ടാ… അവനെ ഒത്തിരി സ്നേഹിച്ചതല്ലേ അവൾ… എന്നിട്ടും…  “

ചാരു ഒന്ന് വിങ്ങി.  പൊടിഞ്ഞ കണ്ണുനീർ മറുകൈ കൊണ്ട് തൂതെടുക്കുമ്പോൾ  എന്ത് പറയണമെന്ന് അറിയാതെ നിൽക്കുകയായിരുന്നു ദേവൻ.

 കുറച്ചു നിമിഷങ്ങൾ അവർക്കിടയിൽ മൗനത്തിന്റെ വേലിക്കെട്ടുയർന്നു.

  ദേവനായിരുന്നു മൗനം മുറിച്ച് സംസാരിച്ചുതുടങ്ങിയത് 

  ”   പലർക്കും പ്രണയമെന്ന വാക്കൊക്കെ വെറും പൊള്ളയാടോ ഇപ്പോൾ. ആത്മാർത്ഥ പ്രണയങ്ങൾ പലതും ഇതുപോലെ അവസാനിക്കുന്നു ഇന്ന്. കാലം  ചിരിക്കുന്നു.  ഇതുപോലെ ഒരുപാട് പേരുടെ കണ്ണുനീർ കണ്ട്. “

     കുറച്ചു നേരം കൂടി അവനോട് സംസാരിച്ചപ്പോൾ തെല്ല് ആശ്വാസമായിരുന്നു ചാരുവിന്.

    ആ രാത്രി വെളുക്കുമ്പോൾ അവൾ ആഗ്രഹിച്ചത് ദേവനെ ഒന്ന് നേരിൽ കാണാൻ ആയിരുന്നു.  കുറച്ചു ദിവസങ്ങൾക്ക് ശേഷം അവൾ ആ വീടിനു പുറത്തേക്കിറങ്ങിയതും ദേവനെ ഒന്ന് കാണുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു. 

   പതിവ് പോലെ കുളി കഴിഞ്ഞ് ഡ്രസ്സ്‌ മാറി പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ ആയിരുന്നു ദേവൻ ചാരു വരുന്നത് കണ്ടത്.  ഇവളെന്താ ഈ സമയത്തിവിടെ എന്ന ചിന്തയിൽ  അമ്പരപ്പോടെ നാലുപാടും ഒന്ന് നോക്കി ദേവൻ. ആരും ചുറ്റുവട്ടത് ഒന്നും ഇല്ലെന്ന് കണ്ടപ്പോൾ  കയറിവരുന്ന ചാരുവിനെ നോക്കി പുഞ്ചിരിച്ചു അവൻ.

 ” ഇതെന്താടോ പതിവില്ലാത്തൊരു വിസിറ്റ്.  അതും ഒരു പുരുഷൻ  ഒറ്റയ്ക്ക് താമസിക്കുന്നിടത്ത്‌.  ആളുകൾ കണ്ടാൽ മോൾക്ക് പേരുദോഷം ആകും.  “

” ഓഹ്.. ആ പേരുദോഷം ഞാനങ്ങു സഹിച്ചു “

അതും പറഞ്ഞവൾ അവന്റെ കയ്യിൽ പതിയെ ഒന്ന് പിച്ചികൊണ്ട് അവനോട്‌ അനുവാദം പോലും ചോദിക്കാതെ അകത്തേക്ക് കയറി.

  അവൾ അകത്തേക്ക് കയറുന്നത് അമ്പരപ്പോടെ നോക്കിയ ദേവൻ അവൾക്ക് പിന്നാലെ അകത്തേക്ക് കയറുമ്പോൾ അവൾ എല്ലാം ഒന്ന് കണ്ണോടിക്കുകയായിരുന്നു.

 ” ഞാൻ ഇവിടെ ഒറ്റയ്ക്ക് ആയത് കൊണ്ട് കുറച്ചു വൃത്തികുറവ് ഉണ്ട്ട്ടോ.  എന്നും വിചാരിക്കും ഒക്കെ ഒന്ന് അടുക്കിപെറുക്കി വെക്കണമെന്ന് . പക്ഷേ,  എല്ലാം അങ്ങനെ തന്നെ കിടക്കും. അമ്മ ഉണ്ടായിരുന്നപ്പോൾ എങ്ങനെ ഉണ്ടായിരുന്ന വീടാ “

ദേവൻ ചുവരിൽ തൂക്കിയ അമ്മയുടെ ഫോട്ടോയിലേക്ക് ഒന്ന് നോക്കി.  അത് കണ്ടാവണം ചാരു അവനരികിലേക്ക് ഒന്ന് ചേർന്നു നിന്നു.

”  ഞാൻ ഇങ്ങു വരട്ടെ ന്നിട്ട് നമുക്കീ വീട് സ്വർഗ്ഗമാക്കണം.  “

അതും പറഞ്ഞവൾ അവന്റെ നെഞ്ചിലേക്ക് ചായുമ്പോൾ പുഞ്ചിരിയോടെ ദേവൻ അവളെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു.  

   പതിയെ അവളുടെ കവിളിൽ അവന്റെ ചുണ്ടുകൾ ഉപ്പുരസം രുചിക്കുമ്പോൾ നാണത്താൽ അവൾ കണ്ണടച്ചു.  പതിയെ അവന്റെ ചുണ്ടുകൾ ചാരുവിന്റെ ചുണ്ടുകളിലേക്ക്  പ്രയാണം തുടങ്ങുമ്പോൾ ആണ് പെട്ടന്നവൾ അവനെ തള്ളിമാറ്റിക്കൊണ്ട് പുറത്തേക്ക് ഓടിയത് .

 പെട്ടന്നുള്ള അവളുടെ പ്രതികരണത്തിൽ സ്തബ്ദനായി നിൽക്കുകയായിരുന്നു ദേവൻ.

  എന്തിനാണവൾ ഓടിയത് എന്നോർത്ത് നാലുപാടും കണ്ണോടിച്ച ദേവന്റെ കണ്ണുകൾ ഉടക്കിയത്  അവളെ ഭയപ്പെടുത്തിയ അതെ വസ്തുവിൽ ആയിരുന്നു. 

 അതിലേക്ക് വീണ്ടും നോക്കിയ അവന്റെ കണ്ണുകൾ കുറുകി.  ആാാ കണ്ണുകളിലപ്പോൾ വല്ലാത്തൊരു ഭാവമായിരുന്നു.

     അതുവരെ കാണാത്ത ദേവന്റെ അസുരഭാവം.. !!

                     ( തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!