അവന്റെ വാക്കുകൾ ഓരോന്നും ഇപ്പഴും നെഞ്ചിലേക്ക് ഒരു തീ കണക്കെ വന്നു പതിക്കുന്നുണ്ട്. എല്ലാവരും അറിയുന്ന ദേവന്റെ
ആരുമറിയാത്തൊരു മുഖം മുന്നിൽ ചിരിക്കുന്നുണ്ട്.. ചെകുത്താന്റെ ചിരി.
ശരണ്യ ഓരോന്ന് ഓർത്തെടുക്കുംതോറും തേങ്ങലിന്റെ ശക്തി വർദ്ധിച്ചിരുന്നു.
അതുപോലെ ഒരു ഭയവും മനസ്സിനെ വേട്ടയാടിത്തുടങ്ങി….
നന്ദൻ എല്ലാം അറിഞ്ഞ സ്ഥിതിക്ക് ഇനി എന്താകും എന്ന ചിന്തയിൽ.. !
——————————————————–
ആ രാത്രി നന്ദന് ഉറങ്ങാൻ കഴിഞ്ഞില്ല.
എത്ര സുന്ദരമായാണ് പെൺകുട്ടികൾ വഞ്ചിക്കുന്നതും വഞ്ചിക്കപ്പെടാൻ നിന്ന് കൊടുക്കുന്നതും. ശരീരത്തോട് തോന്നുന്ന ഇഷ്ട്ടത്തെ പ്രണയത്തിന്റെ ഭാഗമായി കാണാൻ ഇവർക്ക് എങ്ങനെ കഴിയുന്നു. അത് പ്രണയമല്ല, ശരീരത്തോടുള്ള അഭിനിവേശം മാത്രമാണെന്ന് എന്തെ ഈ പെൺകുട്ടികൾ തിരിച്ചറിയുന്നില്ല. ലോകമല്ല മാറിയത്, മനുഷ്യനാണ്. സാക്ഷരകേരളത്തിന്റെ അവസ്ഥ.
ആരോടൊക്കെയോ എന്തിനോടൊക്കെയോ വല്ലാത്ത പുച്ഛം തോന്നി നന്ദന്.
ഉറക്കം നഷ്ട്ടപ്പെട്ട ആ രാത്രി പുലരുമ്പോൾ തന്നെ നന്ദൻ ഫ്രഷ് ആയി അമ്മയോട് യാത്ര പറഞ്ഞ് പുറത്തേക്ക് ഇറങ്ങി. ലക്ഷ്യം ദേവന്റെ വീട് ആയിരുന്നു. അതിന് മുന്നേ ഒന്ന് രണ്ട് പേര് കാണാനുണ്ട്.
നന്ദൻ ഒന്നുമറിയാത്തവനെപോലെ ദേവന്റെ നമ്പർ ഡയൽ ചെയ്ത് ഫോൺ ചെവിയോട് ചേർത്തു.
സ്വിച്ച്ഓഫ് എന്നായിരുന്നു മറുപടി.
കുറെ ട്രൈ ചെയ്ത് കിട്ടാതെ വന്നപ്പോൾ മുന്നേ ഒരിക്കൽ ദേവൻ പറഞ്ഞ സ്ഥലം ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ട് നന്ദൻ വണ്ടി മുന്നോട് എടുത്തു.
ഏറെ വൈകി പതിനൊന്നു മണിയോടടുത്തായിരുന്നു നന്ദൻ ദേവന്റെ വീട്ടിലെത്തുമ്പോൾ. കൃത്യമായ അറിവില്ലാത്തത് കൊണ്ട് പലരോടും ചോദിച്ചറിഞ്ഞു കണ്ടുപിടിച്ച് എത്തുമ്പോൾ പുറത്ത് ആളനക്കമൊന്നും കണ്ടില്ല. പതിയെ കാറിൽ നിന്നിറങ്ങി ഡോർ ലോക്ക് ചെയ്ത് വാതിൽക്കലേക്ക് നടക്കുമ്പോൾ നാലുപാടും ഒന്ന് ശ്രദ്ധിച്ചു നന്ദൻ. ആരോടെങ്കിലും എന്തെങ്കിലും ചോദിക്കാമെന്ന് വെച്ചാൽ ആരെയും പുറത്ത് കാണുന്നില്ലായിരുന്നു.
മലർക്കെ തുറന്നിട്ട് വാതിലിലൂടെ മടിച്ചാണെങ്കിലും പതിയെ കയറി നന്ദൻ. ആരുടേയും ഒരനക്കവും ഇല്ല. പതിയെ ഹാളിൽ നിന്ന് ഉളിലേക്ക് കടക്കാൻ തുടങ്ങുമ്പോൾ നന്ദൻ മുന്നിലെ കാഴ്ച കണ്ടു ഞെട്ടലോടെ പിറകോട്ട് മാറി.
മുന്നിൽ ചോരയിൽ കുളിച്ച് എഴുനേൽക്കാൻ പോലും കഴിയാതെ കിടക്കുകയായിരുന്നു ദേവൻ. മുന്നിൽ മരണത്തോട് മല്ലടിക്കുന്ന ദേവനെ നോക്കുമ്പോൾ ഒന്ന് മനസ്സിലായി നന്ദന്. കിട്ടാവുന്നതിൽ വെച്ച് eനല്ലൊരു പണി ആരിൽ നിന്നൊ ഇരന്നുവാങ്ങിയിട്ടുള്ള കിടപ്പ് ആണെന്ന്.
വെട്ടേറ്റ് അറ്റുവീഴാറായ കാലും കയ്യും. ഒന്ന് എഴുന്നേൽക്കാൻ പോലും കഴിയാതെ ചോരയിൽ ഇഴയുന്ന അവനെ ആദ്യം ഒരു ഞെട്ടലോടെ ആണ് നോക്കിയതെങ്കിലും ആ ഞെട്ടൽ ഒരു ചെറുപുഞ്ചിരിയായി മാറിയിരുന്നു നന്ദനിൽ.
” ഞാൻ വന്നത് നല്ല സമയത്താണല്ലോ ദേവാ.. ഞാൻ കണ്ടറിഞ്ഞ ദേവനിൽ മറ്റൊരു മുഖമുണ്ടെന്ന് അറിഞ്ഞ നിമിഷം തോന്നിയതാണ് ഒന്ന് നേരിൽ കാണാൻ. സ്വന്തം ഭാര്യയെ പിഴപ്പിച്ചവനോട് പ്രതികാരം ചെയ്യാനല്ല. അല്ലേങ്കിലും ഈ കാര്യത്തിൽ പിഴച്ചെന്ന് പെണ്ണ് പറയുമ്പോൾ പിഴപ്പിച്ചവനെ കൊല്ലാൻ നടക്കുന്നതിൽ എന്ത് അർത്ഥം. അവനോടൊപ്പം അവളും അതെ തെറ്റ് ചെയ്യുന്നു. സ്നേഹം എന്ന വാക്കിന്റെ അർത്ഥം അറിയാത്ത നിന്നെപോലെയുള്ള കഴുകന്മാർക്ക് മുന്നിൽ സ്നേഹമെന്നാൽ അതും കൂടാണെന്ന ചിന്തയിൽ എല്ലാത്തിനും നിന്ന് തന്നിട്ട് ഒടുക്കം എല്ലാം നഷ്ടപ്പെട്ടെന്ന് പറയുന്നതിനോട് പുച്ഛമെ ഉളളൂ. പക്ഷേ, നിന്റ ഈ അവസ്ഥയിൽ സന്തോഷം തോന്നുന്നുണ്ട്. എത്ര കണ്ടാലും കേട്ടാലും കൊണ്ടാലും പഠിക്കാത്ത സമൂഹത്തിൽ ഒരു പാഠമാവണം നീ. “
വെട്ടേറ്റു കിഴിഞ്ഞ അവയവങ്ങൾ നല്കുന്ന വേദനയിലും ദേവൻ പുഞ്ചിരിച്ചു.
” അപ്പോൾ ഞാൻ ആരെന്ന് അറിഞ്ഞുള്ള വരവാണിത് അല്ലേ നന്ദാ? പ്രതീക്ഷിച്ചിരുന്നു ഇന്നല്ലെങ്കിൽ നാളെ ഇങ്ങനെ നേർക്കുനേർ ദേവനും നന്ദനും കാണുമെന്ന്. പക്ഷേ, ഈ കൂടിക്കാഴ്ചയിൽ ഒരാൾ വീണ്പോയല്ലോ നന്ദാ..
എത്രയൊക്കെ കാലം മൂടിവെച്ചാലും നിന്റ ഭാര്യ നിന്നോട് എല്ലാം ഒരിക്കൽ തുറന്ന് പറയുമെന്ന് എനിക്ക് അറിയാമായിരുന്നു. ഇപ്പോൾ നീ കരുതുന്നുണ്ടാകും നീ ആണ് ശരണ്യയുടെ ഭർത്താവ് എന്ന് എനിക്ക് അറിയില്ലല്ലോ എന്ന്. അറിയാമായിരുന്നു നന്ദാ…
ഇത്രയൊക്കെ ചെയ്തുകൂട്ടിയ എനിക്ക് അങ്ങനെ ഒരു പിഴവ് പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?
നിന്റെയും അവളുടെയും കല്യാണം തീരുമാനിച്ചത് മുതൽ നിനക്കും അവൾക്കും പിന്നിൽ ഞാനുണ്ട്. പക്ഷേ, ഒരിക്കലും നിന്നോട് ഇത്ര അടുക്കാൻ ഒരു അവസരം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. കുറെ പേരുടെ കത്തിമുനയ്ക്ക് മുന്നിൽ നീ രക്ഷകനായപ്പോൾ അത് നിന്നിലേക്കുള്ള എന്റെ ദൂരം കുറച്ചു.
ഞാൻ സ്നേഹിച്ച പെണ്ണിനെ കുറിച്ച് നീ വാ തോരാതെ എന്നെ ഉപദേശിച്ചപ്പോൾ ഞാൻ ചിരിച്ചു. എന്റെ കാമുകിമാരിൽ ഒരാൾ നിന്റ ഭാര്യ അല്ലേ എന്നോർത്ത്. ഒരിക്കലെങ്കിലും നിന്റ കൂട്ടുകാരനായി അവൾക്ക് മുന്നിൽ വരണമെന്ന് ഉണ്ടായിരുന്നു. പക്ഷേ…..”
ദേവൻ വീറോടെയുള്ള വാക്കുകൾക്കിടയിലും ഇടയ്ക്കൊന്നു ഞെരുങ്ങി വേദന കടിച്ചമർത്താൻ പാടുപെട്ട് ചിരിക്കുമ്പോൾ നന്ദനും ചിരിച്ചു.
” വന്നത് ഒരു കഴുകനെ കാണാൻ ആണെങ്കിലും ഇപ്പോൾ നിന്നെ ഇങ്ങനെ ഇട്ടിട്ട് പോകാൻ തോന്നുന്നില്ല. “
അതും പറഞ്ഞ് അവനെ കോരിയെടുക്കാൻ തുടങ്ങുമ്പോൾ വേദനയാൽ പുളഞ്ഞു ദേവൻ.
” ആഹ്…….നന്ദാ… എന്നെ കൂടുതൽ അറിഞ്ഞിട്ടും രക്ഷിക്കാൻ കാണിക്കുന്ന നിന്റെ മനസ്സ്… വേണ്ട.. എനിക്കിനി രക്ഷപ്പെടണ്ട.. എന്നെ ഇവിടെ വിട്ടേക്ക്. “
ദേവൻ തലകുടഞ്ഞു.
അതുകണ്ട് നന്ദൻ പൊട്ടിച്ചിരിച്ചു.
” അതിന് നിന്നെ രക്ഷിക്കാനാണെന്ന് ആര് പറഞ്ഞു ദേവാ? നീ അങ്ങനെ മരിക്കാൻ പാടില്ല. ജീവിക്കണം കയ്യും കാലുമില്ലാതെ ഇഴഞ്ഞിഴഞ്ഞു മറ്റുള്ളവരുടെ കനിവിൽ, ഒരു തുള്ളി വെള്ളത്തിനു പോലും കെഞ്ചി ജീവിക്കണം. ഇവിടെ നിന്നെ ഇട്ടിട്ട് പോയാൽ നീ ചോര വാർന്ന് മരിക്കും. അത് പാടില്ല. മരണം നിനക്ക് ഏറ്റവും കുറഞ്ഞ ശിക്ഷയായിപോകും. നീ ചെയ്തുകൂട്ടിയതിനൊക്കെ അനുഭവിക്കാതെ പെട്ടന്നങ്ങു പോയാൽ എങ്ങനാ ദേവാ…. നിന്നെപോലെ വല വീശിനിൽക്കുന്ന ചിലന്തിയുടെ മരിക്കാത്ത സ്മാരകമായി നീ ജീവിക്കണം. “
ദേവന്റെ എതിർപ്പ് വക വെയ്ക്കാതെ അവനെ തൂക്കിയെടുത്തു കാറിൽ കയറ്റുമ്പോൾ നന്ദൻ ഒന്നുകൂടി ഓർമ്മിപ്പിച്ചു.
” നിന്നെ ഈ അവസ്ഥയിൽ ആക്കിയത് ആരാണെങ്കിലും ആ പേര് നീ പറയരുത്. പറഞ്ഞാൽ നീ ചെയ്ത്കൂട്ടിയതൊക്കെ എണ്ണിയെണ്ണി പറയാൻ ഇനി പലരും മുന്നോട്ട് വരും, നിന്നെ പേടിച്ച് മാളത്തിൽ ഒളിച്ച പലരും. അതുകൊണ്ട് നിന്റ ചെയ്തികൾക്ക് കിട്ടിയ കൂലിയായി കരുതുക “
നന്ദൻ ദേവനെ നോക്കി ചിരിച്ചുകൊണ്ട് കാറിന്റെ മുൻസീറ്റിലേക്ക് കയറി പെട്ടന്ന് റിവേഴ്‌സ് എടുത്തു പുറത്തേക്ക് പാഞ്ഞു ഹോസ്പിറ്റലിൽ ലക്ഷ്യമാക്കികൊണ്ട്. !
—————————————————————–
അതെ സമയം തന്റെ റൂമിൽ ദേവന്റെ ഒരു പഴയ ഫോട്ടോയിലേക്ക് നോക്കി ഇരിക്കുകയായിരുന്നു ചാരു. എന്നോ പത്രത്തിൽ വന്ന ഫോട്ടോ വെട്ടിയെടുത് സൂക്ഷിച്ചത് ഇന്ന് കയ്യിലെടുക്കുമ്പോൾ അവൾ ചിരിച്ചു. അതിലേക്ക് നോക്കി വീറോടെ ചിരിക്കുമ്പോൾ അവളുടെ കണ്ണുകൾ കുറുകി.
പിന്നെ കയ്യിൽ കരുതിയ പേന കൊണ്ട് ആ ഫോട്ടോയ്ക്ക് മേലെ കുത്തിവരഞ്ഞു വികൃതമാക്കി.
” നീ എന്ന ചാപ്റ്റർ ഇവിടെ അവസാനിച്ചു ദേവാ. ഇനി നീ വെറും……. “
പിന്നെയും പിന്നെയും ദേഷ്യത്തോടെ അവൾ അവന്റെ ഫോട്ടോ കുത്തികീറുമ്പോൾ അവളുടെ കാതിലേക്ക് തുളച്ചുകയറുന്നുണ്ടായിരുന്നു ദേവന്റെ ഞെരുക്കവും നിലവിളിയും…..
കൂടെ അവളുടെ കണ്ണുകൾക്ക് മുന്നിൽ ആ ദൃശ്യം തെളിവോടെ ഓടുന്നുണ്ടായിരുന്നു……..
—————————————————————-
ചാരു പോയത് അപകടമാണെന്ന് തോന്നൽ ദേവനെ വല്ലാതെ വെറിപിടിപ്പിച്ചു.
” അവൾ ആ ബാഗ് രോഹിണിയുടെ ആണെന്ന് മനസ്സിലാക്കിയിട്ടാണ് പോയതെങ്കിൽ അപകടമാണ്. നാളെ ഒരു പാമ്പിനെ പോലെ തിരിഞ്ഞുകൊത്തും. അതിന് മുന്നേ എന്തെങ്കിലും പറഞ്ഞ് അവളെ വഴിക്ക് കൊണ്ടുവരണം “
ദേവൻ കൂടുതലൊന്നും ചിന്തിക്കാതെ ബുള്ളറ്റിന്റെ ചാവിയെടുത്തു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ ആയിരുന്നു വാതിൽക്കൽ ചാരു നിൽക്കുന്നത് കണ്ടത്.
അവളെ മുന്നിൽ കണ്ടപ്പോൾ വല്ലാത്തൊരു ആശ്വാസവും അതോടൊപ്പം അത്ഭുതവും ദേവന്റ മുഖത്തു തെളിഞ്ഞു. ഒരിക്കലും അവൾ ഒറ്റയ്ക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാത്തത് കൊണ്ടാവാം ദേവൻ വേഗം സന്തോഷം കാണിച്ചുകൊണ്ട് അവൾക്കരികിലേക്ക് നടന്നു.
” ചാരു.. നീ…. എത്ര വിളിച്ചു ഞാൻ.. സ്വിച്ച്ഓഫ് എന്ന് മാത്രം ആയിരുന്നു. എന്താടോ തനിക്ക് പറ്റിയത്. വാ.. ഉള്ളിലേക്ക് വാ.. നീ അങ്ങനെ ഓടിപോയപ്പോൾ വല്ലാത്ത വിഷമം തോന്നി. എനിക്കറിയാം നീ പോവാനുള്ള കാരണം.. പക്ഷേ, നീ അതിനെ കുറിച്ച് എന്നോട് തിരക്കിയിരുന്നെങ്കിൽ….
ഇപ്പോൾ നീ എന്നെ തെറ്റിദ്ധരിച്ചിരികുകയാണല്ലേ…. എനിക്കറിയാം. വാ ചാരു.. ഞാൻ പറയട്ടെ.. “
ദേവൻ അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് ഉള്ളിലേക്ക് വലിക്കുമ്പോൾ കുതറിക്കൊണ്ട് അവളാ കൈ വിടുവിച്ചു.
” അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ ദേവാ “
അവളുടെ ആ ദേവ എന്നുള്ള വിളിയിൽ തന്നെ അവന് കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിയിരുന്നു.
” ഞാൻ എന്തേലും പറയുന്നതിനു മുൻപ് തന്നെ എല്ലാം ഇങ്ങോട്ട് പറഞ്ഞതിൽ സന്തോഷം. സ്വയം ബുദ്ധിജീവി കളിച്ചു മാന്യനായി എല്ലാവരേം എല്ലാ കാലവും പറ്റിക്കാമെന്ന് കരുതിയെങ്കിൽ നിനക്ക് തെറ്റി. പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നല്ലേ. ഒരു ആശ്വാസത്തിന് വേണ്ടിയാണ് ഞാൻ ഇവിടെ വന്നതെങ്കിൽ എന്നെ കാത്തിരുന്നത് എന്റെ കൂട്ടുകാരിയുടെ കൊലപാതകിയിലേക്കുള്ള തെളിവ് ആയിരുന്നു. ഞാൻ പെട്ടന്ന് അങ്ങനെ കേറിവരുമെന്ന് പ്രതീക്ഷിക്കാതെ ചെയ്ത തെറ്റുകളിൽ പഴുതുണ്ടാകില്ലെന്ന് അഹങ്കരിച്ച നീ നിനക്ക് വേണ്ടി തന്നെ പണിത കുഴിയായിരുന്നു അത്.
അന്ന് രോഹിണി മരിച്ചെന്ന് അതിരാവിലെ തന്നെ നീ വിളിച്ചുപറഞ്ഞപ്പോൾ ഞാൻ കൂടുതൽ ചിന്തിച്ചില്ല. പക്ഷേ, പോലീസ് പറഞ്ഞ കാര്യം അനുസരിച്ച് രോഹിണിയുടെ ബോഡി ആദ്യം കണ്ടത് ഏഴ് മണിക്കാണ്. കുളിക്കാൻ ഇറങ്ങിയ അവിടെയുള്ള ഒരാൾ… നീ എന്നെ വിളിച്ചുപറഞ്ഞ സമയമൊ… അതിരാവിലെ.. !
അന്ന് അത്ര ചിന്തിച്ചില്ലെങ്കിലും ഇപ്പോൾ എല്ലാം
കൂടി ചേർത്തുവായിച്ചപ്പോൾ മനസിലായി നിനക്ക് ഇതിലുള്ള പങ്ക്.
നിനക്ക് ഒരു മുഖംമൂടിയുണ്ടെന്ന് അറിഞ്ഞ ആ നിമിഷമുണ്ടല്ലോ… എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.
ഇനി ഒരു പെണ്ണും നീ കാരണം ഇല്ലാതാവരുത്, നീ കാരണം ഒരു മാതാപിതാക്കളും കരയാൻ ഇടയാവരുത്. ലോകം അറിയണം നീ ആരാണെന്ന് “
ചാരു അവന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി.
” നിന്റ അമ്മ മരിച്ചപ്പോൾ നിന്റ മുഖത്തു കണ്ട സങ്കടം പോലും വെറും അഭിനയമാണെന്ന് ഇപ്പോൾ തോനുന്നു. ചിരിച്ചുകൊണ്ട് ആ അമ്മയെ കൂടി നീ ചതിക്കുകയായിരുന്നില്ലേ. അല്ലെങ്കിലും അവർ പോയത് നന്നായി.. നിന്റ ഈ വൃത്തികെട്ട മുഖം കൂടി കാണാനുള്ള ശേഷി ആ അമ്മയ്ക്ക് ഉണ്ടാകില്ല.. “
അവളുടെ കണ്ണുകൾ ഒന്ന് നനഞ്ഞപ്പോൾ
ദേവൻ അവളുടെ തുപ്പൽ കൈ കൊണ്ട് തൂത്തെടുത്തു പൊട്ടിച്ചിരിച്ചു. അവൾക്ക് മുന്നിൽ ആ കണ്ണുകളിലേക്ക് കഴുകനെ പോലെ നോക്കി.
” അതിന് നീ ഇനി ഇവിടെ നിന്ന് പോയാലല്ലേ മോളെ. എത്രയൊക്കെ നീ ചിന്തിച്ചെടുത്തെങ്കിൽ പിന്നെ ഞാൻ എന്തിന് നിഷേധിക്കണം. ശരിയാ.. നിന്റ കൂട്ടുകാരിയെ കൊന്നത് ഞാൻ തന്നെയാ.. അവളെ കണ്ട കാലം മുതൽ തോന്നിയ ഒരു മോഹമായിരുന്നു. അതങ്ങ് തീർത്തുകഴിഞ്ഞപ്പോൾ പിന്നെ ആ ശരീരത്തിനോട് തോന്നിയ ആകർഷണം അങ്ങ് പോയി. ചത്തെന്നു മനസ്സിലായപ്പോൾ ആ പാറക്കുളത്തിലിട്ട് കൈ കഴുകി.
പിന്നെ ആ ചെക്കൻ… അവനിനി എവിടെ പൊങ്ങുമെന്ന് കണ്ടറിയാം… ശവമായിട്ട്.
ഇപ്പോൾ എല്ലാം എന്റെ മോള് അറിഞ്ഞ സ്ഥിതിക്ക് ആ പാറകുളത്തിന്റെ അടിത്തട്ടിൽ നിന്നെയും കാത് നിന്റ കൂട്ടുകാരിയുടെ ആത്മാവ് ഉണ്ടാകും.. രണ്ടുംകൂടി ജോളിയായിട്ട് അങ്ങ് ചെല്ല്. നാളെ നാട്ടുകാർക്ക് കേൾക്കാൻ ഒരു വാർത്ത കൂടി.
കൂട്ടുകാരിയുടെ മരണത്തിൽ മനംനൊന്ത് നീ പാറകുളത്തിൽ ചാടി ആത്മഹത്യ ചെയ്തെന്ന്.. എന്റെ മുഖം എനിക്ക് മിനുക്കണം. അതുകൊണ്ട്….. അതുകൊണ്ട് മാത്രം നിന്നെ ഞാൻ വേറെ ഒന്നും ചെയ്യില്ല.. വെറും ആത്മഹത്യ ആണെന്ന് തോന്നണ്ടേ എല്ലാവർക്കും. “
ദേവൻ പൊട്ടിചിരിച്ചുകൊണ്ട് അവളെ വലിച്ചു അകത്തേക്കിട്ട് വാതിലടയ്ക്കാൻ തുടങ്ങുമ്പോൾ ആയിരുന്നു കയ്യിൽ ഒരു മടവാള് ആഞ്ഞു പതിച്ചത്. വേദനകൊണ്ട് കൈ വലിച്ചവൻ മുന്നിലേക്ക് നോക്കുമ്പോൾ മുന്നിൽ നിൽക്കുന്ന ആളെ കണ്ടു ദേവൻ ഞെട്ടി.
” ശങ്കരേട്ടൻ…. രോഹിണിയുടെ….. “
” അവനൊന്ന് ആ ഞെട്ടലിൽ നിന്ന് മുക്തനാകാൻ കഴിയുംമുന്നേ അവന്റെ അടുത്ത കയ്യിലും ആ മടവാള് വന്നു പതിച്ചിരുന്നു. രണ്ട് കൈയ്യിലും വെട്ടേറ്റ ദേവൻ പിറകോട്ടു വെച്ചു വീഴുംബിക് ശങ്കരൻ അപ്പുറത്തുള്ള വീട്ടുകാർ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കികൊണ്ട് അകത്തേക്ക് കയറി വാതിലടച്ചു.
” ശങ്കരേട്ടാ.. വേണ്ട… വെട്ടിയാൽ എന്നെ കൊന്നേക്കണം.. ഇല്ലേൽ…. “
അവൾ ഞെരുങ്ങികൊണ്ട് അയാളെ നോക്കുമ്പോൾ ശങ്കരൻ അവന് മുന്നിൽ മുട്ട് കുത്തിയിരുന്നു..
” എന്റെ ജീവിതമാണ് ദേവാ നീ ഇല്ലാതാക്കിയത്. ഇവള് വന്നു പറയുമ്പോഴും ഞാൻ വിശ്വസിച്ചില്ല. എന്റെ മോൾടെ ശവം ആ പൊട്ടക്കുളത്തിൽ നിന്ന് എടുക്കാനും അവളെ അടക്കാനും അവസാനം വരെ കൂടെ നിന്ന നീ തന്നെ ആണ് അവളെ ഓടിക്കാനുള്ള തുടക്കവും എന്ന് അറിഞ്ഞപ്പോൾ….
ഇവള് പറഞ്ഞതാ പോലീസിൽ അറിയിക്കാൻ.. വേണ്ടെന്ന് പറഞ്ഞത് ഞാനാ… നിന്നെപോലുള്ളവരെ കൊണ്ടുപോയി തീറ്റിപോറ്റിയിട്ട് ഞങ്ങളെ പോലെയുള്ള അച്ചന്മാർക്ക് എന്ത് നീതിയാണ് ലഭിക്കുന്നത്. ഇവിടുത്തെ നീതിപീഠം മാറാത്ത കാലത്തോളം നീയൊന്നും നേരാവണ്ണം ശിക്ഷിക്കപ്പെടില്ല. അതുകൊണ്ട് നിന്റ കോടതിയും ആരാച്ചാരും ആകാൻ എന്ത്കൊണ്ടും യോഗ്യൻ ഒരു അച്ഛനെന്ന നിലയിൽ ഞാൻ തന്നെയാണ്. പക്ഷേ, നിന്നെ ഞാൻ കൊള്ളില്ല. ജീവിക്കണം നീ… ജീവനുള്ള ശവമായിട്ട്. “
പെട്ടന്ന് ദേവൻ കാലുകൊണ്ട് അയാളെ ചവിട്ടിവീഴ്ത്താൻ ശ്രമിച്ചെങ്കിലും ആ കാലിൽ പിടിച്ചയാൾ അവന്റെ കാലിലും ആഞ്ഞുവെട്ടി.
രണ്ട് കാലിലും കയ്യിലും മാറിമാറി വെട്ടി ചോര ചീന്തിതിരിക്കുന്നത് അയാൾ ആസ്വദിച്ചു.
” നിനക്കുള്ള ശിക്ഷ മരണമല്ല.. ഇനി നിനക്ക് ഭാഗ്യമുണ്ടെങ്കിൽ ചോര വാർന്ന് മരിക്ക്. അതല്ലേ അനുഭവ്ക്കാൻ യോഗമുണ്ടെങ്കിൽ ഇഴഞ്ഞു ജീവിക്ക്. സ്വയം പഴിച്ചുകൊണ്ട്. “
അതും പറഞ്ഞ് വേദനയാൽ പുളയുന്ന ദേവന്റെ വലതുകൈ നോക്കി ഒന്നുകൂടി ആഞ്ഞുവെട്ടി ശങ്കരൻ. !
——————————————————–
ഒരു ചിത്രം പോലെ തെളിഞ്ഞ നിമിഷങ്ങളോർത്തു ചാരു സാന്തിഷിക്കുമ്പോൾ അവളുടെ അമ്മ പുറത്ത് നിന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു
” മോളെ.. ദേ, ശങ്കരേട്ടൻ വന്നിട്ടുണ്ട് “.എന്ന്.
അവൾ ആഹ്‌ളാദത്തോടെ പുറത്തേക്ക് നടക്കുമ്പോൾ അവൾക്കൊപ്പം നിഴലായ് രോഹിണിയും ഉണ്ടായിരുന്നു. അവളുടെ പ്രിയപ്പെട്ട കൂട്ടുകാരി.
————————————————————–
നന്ദൻ എന്ത് പറയുമെന്ന് അറിയാതെ നിൽക്കുകയായിരുന്നു ശരണ്യ.
തിരികെ വിളിച്ചില്ലെങ്കിലും സാരമില്ല.. ഒരിക്കലും പൊറുക്കാൻ കഴിയുന്ന ഒന്നല്ലല്ലോ താൻ ചെയ്തത്. “
അവൾ ബെഡിലേക്ക് ഇരുന്ന് ഏതോ ഒരു ബുക്ക് കയ്യിലെടുക്കുമ്പോൾ നന്ദൻ മുറിയിലേക്ക് കയറിവന്നു.
അവളെ ഒന്ന് നോക്കി നിന്നു അവൻ.
” ഞാൻ തിരിച്ചുപോകുകയാണ്. ഒരു നിമിഷം കൊണ്ട് എല്ലാം ക്ഷമിച്ചു കൂടെ കൂട്ടാൻ വിശാലമനസ്ക്കനായ ഒരു ഭർത്താവല്ല ഞാൻ. പക്ഷേ, ഇതുവരെ നിനക്കുണ്ടായതൊന്നും നിന്റെം എന്റേം വീട്ടുകാർ അറിയാത്ത സ്ഥിതിക്ക്, ഇനി ഞാൻ കാരണം ആരും ഒന്നും അറിയണ്ട എന്നുള്ളത് കൊണ്ട് മാത്രം………
താല്പര്യമുണ്ടേൽ കൂടെ പോരാം. പക്ഷേ, നിന്നെ അകമഴിഞ്ഞ് സ്നേഹിച്ച നന്ദനെ അവിടെ നീ പ്രതീക്ഷിക്കരുത്. ഇത്ര നാൾ നീ അവിടെ എങ്ങനെ ആയിരുന്നോ അങ്ങനെ നിനക്ക് അവിടെ കഴിയാം . കുറച്ചു മാസങ്ങൾ മറ്റുള്ളവർക്ക് മുന്നിൽ അഭിനയിച്ചല്ലോ.. അതുപോലെ ഇനിയും അഭിനയിക്കാം. എന്നെങ്കിലും ക്ഷമിക്കാനും പൊറുക്കാനും മനസ്സ് അനുവദിച്ചാൽ അന്ന് ആ പഴയ നന്ദനെ കാണാം.. പക്ഷേ, പ്രതീക്ഷിക്കരുത്.
ഇനി എന്ത് വേണമെന്ന് നിനക്ക് തീരുമാനിക്കാം. എല്ലാവരെയും നിന്റ തെറ്റുകൾ അറിയിച്ചു വേർപിരിയാം.. അല്ലെങ്കിൽ ….. “
അവൻ അവളെ ഒന്നുകൂടി നോക്കികൊണ്ട് പുറത്തേക്ക് നടക്കുമ്പോൾ അവളിൽ സന്തോഷം തിരതല്ലുകയായിരുന്നു നന്ദൻ വിളിച്ചല്ലോ എന്നോർത്ത്.
സ്വയം ശിക്ഷിക്കാനും, ഒരിക്കൽ പുറംകാല് കൊണ്ട് തട്ടിത്തെറിപ്പിച്ച ആ സ്നേഹം എന്നെങ്കിലും തിരിച്ചു കിട്ടും എന്ന പ്രതീക്ഷയിൽ ജീവിക്കാനും അവൾ മനസ്സാൽ തയാറെടുതുകൊണ്ട് ബാഗ് പാക് ചെയ്യാൻ തുടങ്ങി നന്ദനിലേക്കുള്ള ദൂരം താണ്ടാനായി. !
( അവസാനിച്ചു )
ദേവൻ.
NB: ഈ കഥയിൽ ഒരുപാട് പോരായ്മകൾ ഉണ്ടായിട്ടുണ്ട്.. പലരും ചൂണ്ടിക്കാണിക്കുകയും ചെയ്തു. ചില സന്ദർഭങ്ങൾ കഥയ്ക്ക് യോജിക്കാത്ത രീതിയിൽ എഴുതേണ്ടി വന്നു. ചൂണ്ടിക്കാട്ടി തിരുത്താനുള്ള അവസരം തന്നവരോട് ഒത്തിരി നന്ദി.
എഴുതിത്തെളിഞ്ഞ ആളല്ല, എഴുതാൻ ആഗ്രഹമുള്ള ഒരാളുടെ പോരായ്മകൾ ആയി ക്ഷമിക്കുമെന്ന വിശ്വാസത്തോടെ….
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission