മഴയോർമ്മകൾ

2694 Views

തിരിച്ചു കിട്ടാത്ത ആ പഴയ കാലം വീണ്ടും ഓർത്തെടുക്കുകയാണ് ഞാൻ.. വട്ടക്കത്തോടും, ആനത്തോടും, പുതുമനക്കടവും, വീതി കുറഞ്ഞ ചെമ്മൺപാതകളും, നാട്ടിടവഴികളും ഓർമ്മയിലേക്കോടിയെത്തുന്നു..
ഇടവപ്പാതിയുടെ വരവറിയിച്ചു കൊണ്ട് മഴയുടെ ആരംഭം കുറിച്ചിരിക്കുന്നു..നേരം ഇരുട്ടിത്തുടങ്ങിയതോടെ അത്താഴം കഴിച്ച് കൂട്ടുകാരെയും പ്രതീക്ഷിച്ച് ഉമ്മറത്തിണ്ണയിൽ ഇരിക്കുയാണ് ഞാൻ..
ചീവീടുകളുടെ കനത്ത ശബ്ദം കാതുകളിൽ തുളഞ്ഞ് കയറി ഒരു കിലുകിലാരവം സൃഷ്ടിയ്ക്കുന്നുണ്ട് .പോക്രാച്ചിത്തവളകൾ പോക്രോം പോക്രോം എന്ന് ഈണത്തിൽ പാടുന്നു.. ഒരു പക്ഷെ മഴയുടെ വരവ് അവർ മുൻകൂട്ടി അറിഞ്ഞു കാണും.. ദൂരെ നിന്നൊരു ഇടിമുഴക്കം കാതുകളെ സ്പർശിച്ചകന്നു പോയി..
തുരുതുരെയുള്ള ഇടിമിന്നൽ കാഴ്ചകൾക്കിമ്പമേകുന്നുണ്ട്..
ഇരുട്ട് കനക്കുന്നതോടെ ഇടിമിന്നൽ വകവയ്ക്കാതെ കൂട്ടുകാർക്കൊപ്പം ചെറു ചാറ്റൽ മഴയും നനഞ്ഞ് മുളംകുരുത്തിയും കൈയ്യിൽ തൂക്കി ഞങ്ങളുടെ പാടത്തേക്കുള്ള യാത്ര.. കാജാബീഡി നനയാതെ സൂക്ഷിക്കാൻ പ്ലാസ്റ്റിക്ക് ഉറയിൽ പൊതിഞ്ഞ് മടിയിൽ തിരുകിയിട്ടുണ്ട്.
പാടത്തെത്തിയാൽ കുരുത്തി വയ്ക്കാനുള്ള ധൃതിയാണ്. ഓരോരുത്തരായി അവരവരുടെ കുരുത്തികൾ വെള്ളത്തിന്റെ ഒഴുക്കിനനുകൂലമായി വച്ചു  കഴിഞ്ഞാൽ  പാടവരമ്പത്തൊരു കുത്തിയിരിപ്പുണ്ട്..
അതിനിടയിൽ പെയ്യുന്ന ചാറ്റൽ മഴയിൽ ചെറുതായൊന്നു നനയും. മഴ കനക്കുകയാണെന്ന് തോന്നിയാൽ കൂട്ടുകാരോടൊപ്പം എഞ്ചിൻ പുരയിൽ ഓടിക്കയറും..
അവിടിരുന്ന് ഓരോ കാജാബീഡിക്ക് തീകൊളുത്തും.. തണുത്തുറഞ്ഞ ശരീരത്തിന് ഒരു ആശ്വാസമേകാൻ കാജാബീഡിയുടെ രണ്ടു പുക നിർബ്ബന്ധം.
ആ ബീഡി ആഞ്ഞുവലിക്കുമ്പോഴുണ്ടാകുന്ന ഒരു ആത്മ നിർവൃതി..
അത് പറഞ്ഞറിയിക്കാനാവില്ല…ഗൃഹാതുരമായ ആ ഓർമ്മകൾ സുഖമുള്ള ഒരു നോവായ് ഇന്നും മനസ്സിനെ വല്ലാതെ സ്പർശിക്കുന്നുണ്ട്  ..
സുഖമുള്ള ഈ നോവിന്റെ നിർവൃതിയിൽ ഞാനുമൊന്നലിഞ്ഞു ചേരട്ടെ..
N. B : ഇന്ന് പുകവലിക്കാറില്ല കെട്ടൊ.പുകവലി ആരോഗ്യത്തിന് ഹാനികരമാണ് ..
————————–
രചന:  Jenujanardhan Mookkuthala
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply