കഴുമരം

2153 Views

kazhumaram malayalam poem

കഴുമരം നോക്കി ചിരിക്കുന്ന
കോമരങ്ങളാണ് ചുറ്റിലും.
കഴുമരം കണ്ടപ്പോൾ 
കലികയറിയുറഞ്ഞു
തുള്ളുന്നവരാണ് ചുറ്റിലും.

പുലരൊളി വീശിയ
കതിർ വെളിച്ചത്തിലും
ഉച്ചയുറക്കത്തിന്റെ
പാതി മയക്കത്തിലും
ഞാൻ കണ്ടതെല്ലാം
പാഴ് കിനാവുകളായിരുന്നു.

ആരവങ്ങൾക്കിടയിൽ കേട്ടതും
കഴുകന്റെ നിലയ്ക്കാത്ത
ചിറകടി ശബ്ദങ്ങളായിരുന്നു.

കാലമേറെ കാത്തിരുന്നു കണ്ട
സ്വപ്നങ്ങളിലും,
എന്നെത്തിരഞ്ഞെത്തിയതും
കഴുകന്റെ കണ്ണുകളായിരുന്നു.

ഇന്നലെ രാത്രിയിൽ
പരന്ന കൂരിരുട്ടിലും
ഞാൻ തേടിയലഞ്ഞ വഴികളിലും
കണ്ടതെല്ലാം
ചൂണ്ടു പലകകളായിരുന്നു.
വിധി കാത്തു നിൽക്കുമൊരിരയുടെ
കഴുമരങ്ങളായിരുന്നു.

കാലത്തിൻ കരിന്തിരി കത്തുന്ന
ചിതയിലെരിയും
കൽവിളക്കിനരുകിൽ
കാലങ്ങളായ് കുറെ മനുഷ്യർ
കഴമരം ചുമലിലേറ്റി
തൂക്കു കയറിരന്നു വാങ്ങി
രക്ഷകനെ കാത്തു..
കാത്തിരുപ്പാണ്.. !

നീണ്ട ചൂളം വിളികൾക്കൊടുവിലും
അറിഞ്ഞില്ല.. !
ഞാനും വിധി കാത്തു നിന്നു
പോയതൊരു
വേട്ടപട്ടികൾ കുരയ്ക്കുന്ന
കഴുമര ചുവട്ടിലായിരുന്നുവെന്ന്‌.

കാലങ്ങൾ ദിശമാറി നിന്ന
തൊറ്റുപോയവന്റെ
കനലുരുക്കങ്ങളിൻമ്മേൽ
ചവിട്ടി നിന്ന്
കുടിയിറക്കി
വീര ചരിതമെഴുതി
പുലമ്പുന്നവരെ
നിങ്ങളോർക്കണം
കാലം നിങ്ങൾക്കായ്
ഒറ്റിക്കൊടുത്തവന്റെ
വിധി പോലൊരു “കഴുമരം”
കാത്തുവെച്ചിട്ടുണ്ടെന്ന്‌… !

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply