അമ്മ

2343 Views

amma malayalam story

അമ്മ മരിച്ചു രണ്ടാം ദിവസമാണ് ഞാനെന്ന പത്താം ക്ലാസ്സുകാരി മുറി വിട്ടു പുറത്തിറങ്ങിയത്. വീട്ടിൽ അച്ഛനും അനിയനും മാത്രം. നേരെ ചെന്നത് അടുക്കളയിലേക്കായിരുന്നു. അടുക്കളയും അപ്പോൾ നിശബ്ദതമായിരുന്നു. ഉപ്പില്ല എരിവില്ല മധുരമില്ല എന്നൊക്കെ പറയുന്നതല്ലാതെ അമ്മയെ ഒന്ന് പ്രശംസിപ്പിക്കാനോ ആശ്വസിപ്പിക്കാനോ ഞങ്ങൾ മുതിർന്നിരുന്നില്ല. ഞങ്ങൾക്ക് വേണ്ടി അവസാനത്തെ അത്താഴവും ഒരുക്കി വെച്ചിട്ടായിരുന്നു അമ്മ പോയത്. തൊണ്ടയിൽ നിന്നെറങ്ങാതെ നിന്നു ആ ചോറിനും കറികും പതിവിലും രുചിയുള്ള പോലെ തോന്നി. അച്ഛനറിയാതെ എനിക്കും അനിയനും തന്നിരുന്ന ചില്ലറ തുട്ടുകൾ കടുക് പാത്രത്തിൽ അപ്പോഴും അമ്മയുടെ വിയോഗമറിയാതെ തണുത്തു മരവിച്ചു കിടപ്പുണ്ടായിരുന്നു. ഇസ്തിരി ഇടാത്ത ഷിർട്ടുമിട്ടു അച്ഛൻ അന്നാദ്യമായി പുറത്തേക്കിറങ്ങി. ആവി പറക്കുന്ന പൊടിയരിക്കഞ്ഞി കുടിച്ചിരുന്ന അച്ഛൻ അന്നാദ്യമായി തണുത്ത പൊടിയരിക്കഞ്ഞി തൊണ്ടയിൽ നിന്നെറങ്ങാതെ പാടുപെടുന്നത് ഞ.ാൻ കണ്ടു. കഴുകാനിട്ടിരുന്ന രണ്ടു മൂന്നു മാക്സികൾക്കിടയിലും ഞങ്ങളുടെ യൂണിഫോമുകൾ അഴയിൽ പാറിപറക്കുന്നുണ്ടായിരുന്നു. ഇടാൻ ഇനി അമ്മ വരില്ലെന്നറിയാമെങ്കിലും മാക്സി നല്ല പോലെ കഴുകി ഉണക്കാനിട്ടു. തല്ലാനും ഇടിക്കാനും മാത്രം എന്റെ അടുത്തേക് വന്നിരുന്ന അനിയൻ അന്നാദ്യമായി എന്നെ കെട്ടിപിടിച്ചു കരഞ്ഞു. ഉപ്പു കുറഞ്ഞതും കൂടിയതും മധുരം കൂടിയതും കുറഞ്ഞതും കറികളും ചായയുമൊക്കെ പിന്നീട് പലപ്പോഴും അടുക്കളയിൽ തിളച്ചു മരിച്ചെങ്കിലും അവക്കൊന്നിനും ഞങ്ങടെ അമ്മയുടെ മണവും സ്വാദുമില്ലായിരുന്നു.

രേഷ്മ ബിബിൻ

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply