അമ്മ

4768 Views

amma malayalam story

“മോനെ വല്ലാത്ത ക്ഷീണം കുറച്ചു വെള്ളം വേണാരുന്നു. വാസുവിന്റെ വീട്ടിലേക്കു ഇനിയും കുറെ ദൂരമുണ്ടോ?? ”

അമ്മ ഇവിടിരിക്ക് ഞാനിപ്പോ വാങ്ങിച്ചിട് വരാം അമ്മാവന്റെ വീട് ഒരുപാടു ദൂരയാ..

ഒരു കുറുക്കനെ പോലെ കൗശലത്തോടെ അയാൾ നടന്നു നീങ്ങി..
താനൊറ്റപെട്ടുപോയതറിയാതെ ആ അമ്മ പഴയ ബാഗും ചേർത്തുപിടിച്ചു ബസ്റ്റാന്റിൽ ഇരുന്നു.

നാട്ടിലേക്കുള്ള അവസാന ബസിൽ കയറി തിരിച്ചു വീട്ടിലേക്കു പോകുമ്പോൾ അയാൾക്കൊട്ടും കുറ്റബോധം തോന്നിയില്ല. ഇനിയെങ്കിലും ഭാര്യയുടെയും മക്കളുടെയും പരാതിയില്ലാതെ ജീവിക്കാമല്ലോ എന്നോർത്ത് അയാൾ മനസമാധാനത്തോടെ ഉറങ്ങി.

പുലർച്ചെ നാട്ടിലെ ബസ്റ്റാന്റിൽ ഇറങ്ങി പാലും പത്രവും വാങ്ങി തിരികെ വീട്ടിലെത്തി.
കാളിങ് ബെൽ അടിക്കാനോങ്ങിയപ്പോൾ ഒരു നിഴൽ കണ്ടു അയാൾ തിരിഞ്ഞു നോക്കി. അമ്മ മുറ്റത്തു നിൽക്കുന്നു.
ഇരച്ചു കയറിയ ദേഷ്യം മറച്ചുവയ്ക്കാതെ അയാൾ പൊട്ടിത്തെറിച്ചു.” തള്ളേ വീണ്ടും ഇങ്ങെത്തിയോ “അയാൾ കോപം കൊണ്ട് വിറച്ചു.
“മോനെ കാണാഞ്ഞപ്പോ അപകടമെന്തെങ്കിലും പറ്റിയിട്ടുണ്ടാവുമൊന്നു പേടിച്ചു ”

ഒന്ന് പോയി തരാമോ, ഇതിലും വല്യ അപകടമൊന്നും ഇനി വരാനില്ല -അയാൾ ഉറഞ്ഞു തുള്ളി.

ദാഹിക്കുന്നു കുറച്ചു വെള്ളം തന്നാൽ ഞാൻ പൊയ്ക്കൊള്ളാം.

നിങ്ങളെ വീണ്ടും കണ്ടാൽ സുഭദ്ര ഭദ്രകാളിയാവും. അതും പറഞ്ഞു അയാൾ അമ്മയെ വലിച്ചിഴച്ചു ഗേറ്റിനു വെളിയിലേക്കിട്ടു
ഗേറ്റ് പൂട്ടി തിരികെ വന്നു

അയാൾ തിരിഞ്ഞു നോക്കി കൊണ്ട് കാളിങ് ബെൽ അമർത്തി.
സുഭദ്ര വാതിൽ തുറന്നു
തന്നെ കണ്ടു വിളറി വെളുത്തു നിൽക്കുന്ന സുഭദ്രയോടു അയാൾ അമ്മയെ ദൂരെ ഒരു ബസ്സ്റ്റാൻഡിൽ ഇറക്കിവിട്ടെന്നു പറഞ്ഞു.
സുഭദ്ര അയാളുടെ കൈപിടിച്ച് അകത്തേക്ക് കൊണ്ടുപോയി
ടീവി യുടെ മുന്നിലിരുത്തി, അതിൽ ബസ്റ്റാന്റിൽ ഇന്നലെ രാത്രി മരിച്ച അനാഥയായ സ്ത്രീയെപ്പറ്റിയുള്ള
ഫ്ലാഷ് ന്യൂസ്‌ ആയിരുന്നു. അതിലുള്ള ഫോട്ടോ കണ്ടതും ഒരലർച്ചയോടെ അയാൾ പിന്നോട്ടേക്കു വീണു.

Maaya Shenthil Kumar
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply