എന്റെ വിദ്യാലയം

2593 Views

malayalam kavitha

നീണ്ട പ്രവാസം..!
കയറുന്തോറും
ഉയരമേറുന്ന
എണ്ണപ്പനകൾ…!
നാഴിക തോറും
മടുത്തു കൊണ്ടേയിരിയ്ക്കുന്ന
ജീവിതം…!

നാട്ടിലെത്തിയപ്പോൾ
ഒരുവട്ടം കൂടിയാ
തിരുമുറ്റത്തെത്തിയതാണ്
ഞാൻ…!
ഓർമ്മകൾ കൂട്ടമായ്
മേഞ്ഞു നടക്കുന്നയാ
വിദ്യാലയ മുറ്റത്ത്
ഒരിക്കൽക്കൂടൊന്ന്
ചേക്കേറിയതാണു ഞാൻ..!

ഏകനായി, വെറും
ബാലകനായി…!
ക്ലാസുമുറിയിലെ പഴയ
പിൻബഞ്ചുകാരനായി..!

പണ്ടത്തെ നരവീണ
ചുമരിന് പകരം
എന്റെ മുമ്പിലതാ
വെട്ടിത്തിളങ്ങുന്നു,
പുതിയ പ്രഭാവത്തിൽ
സ്മാർട് ക്ലാസ്മുറി…!

ടോം ആൻഡ് ജെറിയുടെ
ചിത്രം പതിച്ച
ചില്ലുവാതിലിന് പുറത്ത്
കണ്ടു ഞാൻ,
ഒരു കൂമ്പാരത്തിൽ…
ഉടഞ്ഞയൊരു സ്ളേറ്റും
കുറേ മഷിത്തണ്ടുകളും
മാനം നോക്കി
ചത്തുമലച്ചു കിടക്കുന്ന
കുറേ മയിൽപ്പീലികളും ..!

തേങ്ങിപ്പോയെൻ ബാല്യം…!
പതറിപ്പോയെൻ ചിന്തകൾ..!

പതിയെ
തിരിഞ്ഞു നടക്കുമ്പോൾ
പെട്ടെന്നോർത്തിട്ട് ,
ഊരിയിട്ടു ഞാനാ
കൂമ്പാരക്കൂട്ടത്തിലേയ്ക്കെൻ
മനസിന്റെയുള്ളിലെ
ബാല്യകാല വേഷം…!

ഇനിയെനിയ്ക്കെന്തിനത്…?
ഇവിടെയിനിയാർക്കുണ്ടത്..?

– സന്തോഷ് –

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply