നിളാ തീരത്ത്‌ 

2810 Views

malayalam kavitha

ശരത്കാലത്തിലെ
ഏകാന്തസന്ധ്യയുടെ
പ്രദക്ഷിണവഴികളിൽ 
പാതി നിറഞ്ഞ
നിളാ തീരത്തുനിന്ന്
ഒരു തോണികൂക്കുകേട്ടു.
ജന്മയവനികയ്ക്കപ്പുറം
കരിന്തിരി കത്തുന്ന
കാലത്തിന്റെ
കൽവിളക്കിനരുകിൽ
കണ്ണീരിറ്റുവീണ വഴികളിൽ
വിഷാദമോടെ പടിയിറങ്ങി
പ്രണയിനി,വയൽ വരമ്പിലൂടെ
:
ജൈവാനുരാഗത്തിന്റെ
മരിക്കാത്ത നടക്കാവ്
പറഞ്ഞു.. വരൂ…
ഇതുനിൻ ജന്മാന്തരം.. !
മനുജന് പ്രകൃതിയായ്…
ആകാശത്തിനു ഭൂമിയായ്‌..
സൂര്യനു താമരയായ്…
മേഘത്തിനിടിമിന്നലായ്…
ദേവദാരുവിന്..
വനജ്യോത്സനയായ് വരൂ…..
:
മീന നിലാവു പരക്കും
സന്ധ്യയിൽ ഉയിരേക്കു
നോക്കിയെറിയും
നീലപ്പൂക്കൾ പറഞ്ഞു വരൂ….
കിനാവിന്റെ സ്വർഗ്ഗത്തിൽ നിന്ന്‌
ഭൂമിയിലേക്കിറങ്ങി വരൂ.
:
മുകിലിറങ്ങി…
മഞ്ഞലിഞ്ഞു…
നീലിമലകൾ താണ്ടി..
വിരാട് പുരുഷന്റെ ലീലയിൽ
പ്രപഞ്ചമാകെ മൂടി.. !
എന്നിലൂടൊഴുകും
താഴ് വരകളിൽനിന്ന്
കഴലുകൾ നീട്ടും
ചമയവിളക്കണിഞ്ഞൊരുങ്ങി.
:
ഒരിക്കലും…
അറിയുവാനും
നേടുവാനുമാകാത്ത..
നിത്യ സഞ്ചാരിണിയാണു നീ…
നിത്യ പ്രണയിനിയാണു നീ…
നിത്യ സുന്ദരിയാണു നീ…
എന്റെ ചിമിഴിലെ…
നീർതുള്ളിയാണു നീ…
പൊൻ ചിരാതാണ് നീ…
ഞാൻ തന്ന കടുത്ത ചവർപ്പിലും
അറിഞ്ഞു തന്നോരമൃതാണ് നീ..!

© — ബിനോയി പാമ്പാടി —

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply