Site icon Aksharathalukal

പുനർജ്ജനി – Part 1

aksharathalukal pranaya novel

“എന്തിയെടി ത്രേസ്യാമ്മേ എന്റെ അന്ന കൊച്ചു, അവൾ എഴുന്നേറ്റില്ല്യോ ”

ചായയുമായി വന്ന ത്രേസ്യാമ്മയോട് മാത്തുക്കുട്ടി ചോദിച്ചു.

“അതെങ്ങനാ, പൊന്നു മോളെയങ്ങു തലേൽ കേറ്റി വച്ചിരിക്കുകയല്യോ അപ്പച്ചൻ, ദേ ഇച്ചായാ ഞാൻ പറഞ്ഞില്ലന്ന് വേണ്ട, വെല്ല വീട്ടിലേക്കും കെട്ടിച്ചു വിടേണ്ട കൊച്ചാ, മൂട്ടില് വെയിൽ അടിച്ചാലും എഴുന്നേറ്റു വരികേല ”

“അങ്ങനെ അങ്ങ് കെറുവിക്കാതെടീ ത്രേസ്യാക്കൊച്ചേ അവള് നമ്മടെ മുത്തല്ലേ, അവളെ ഒരു രാജകുമാരനെ കൊണ്ടേ ഞാൻ കെട്ടിക്കത്തുള്ളൂ നീ നോക്കിക്കോ.. ”

“ഉവ്വ ഉവ്വ.. ”

മാത്തുക്കുട്ടിയെ നോക്കി മുഖവും കനപ്പിച്ചു ത്രേസ്യാമ്മ അടുക്കളയിലേക്ക് നടന്നു.
മാത്തുക്കുട്ടി തിരിച്ചു പത്രത്തിലേക്ക് മുഖം പൂഴ്‌ത്താൻ തുടങ്ങുമ്പോഴാണ് ദേണ്ടെ

“എന്നതാ മാത്തുക്കുട്ടിച്ചായോ ത്രേസ്യാകൊച്ചുമായി രാവിലെ ഒരു
അടിപിടി ”

‘ഓ അതൊന്നുമില്ലെടാ കൂവേ, അവളാ അന്നക്കൊച്ചിനെ കുറ്റം പറഞ്ഞതാന്നെ,എന്റെ കൊച്ചിനെ അവൾ മനസമാധാനത്തോടെ ഉറങ്ങാൻ വിടുകെലെന്നെ. ”

“അല്ല അവളിതു വരെ എഴുന്നേറ്റില്യോ ഇന്നവൾക്ക് ക്ലാസ്സ്‌ ഉള്ളതല്ലേ ”

ആൽബി അന്നയുടെ റൂമിലേക്ക് നടന്നു

കുരിശിങ്കൽ മാത്തുക്കുട്ടിക്ക് മക്കൾ നാലാണ്. മൂത്തവൻ ജോയ് ഡോക്ടർ ആണ്, ഭാര്യ നിമ്മി. രണ്ടാമൻ ആൽബിയും ഇളയവൻ സിബിയും മാത്തുക്കുട്ടിയുടെ ബിസിനസ്‌ ഒക്കെ നോക്കി നടത്തുന്നു. കോടിശ്വരനായ മാത്തുക്കുട്ടിയുടെ ഒരേയൊരു പുത്രി ആൻ മരിയ മാത്യൂസ്. അപ്പച്ചന്റെയും അമ്മച്ചിയുടെയും മൂന്നു ആങ്ങളമാരുടെയും രാജകുമാരി. എല്ലാ കുരുത്തക്കേടുകളുമുള്ള ഒരു തല തെറിച്ച വിത്ത്.

അപ്പച്ചന്റെയും ആങ്ങളമാരുടെയും ലാളനയും സമ്പത്തും എല്ലാം കൂടെ അവളിൽ ചെറുതല്ലാത്ത അഹങ്കാരവും വളർത്തിയിട്ടുണ്ട്.

ഒരുപാട് യുവകോമളന്മാരുടെ സ്വപ്നസുന്ദരി ആണെങ്കിലും പുള്ളിക്കാരിയുടെ രാജകുമാരൻ ഇതുവരെയും രംഗപ്രവേശം നടത്തിയിട്ടില്ല.

കൊച്ചുവെളുപ്പാൻ കാലത്ത് സുന്ദരസ്വപനവും കണ്ടു കിടക്കുന്നതിനിടയിലാണ് ആൽബി വന്നു ഒച്ചയിട്ടത്.

“നശിപ്പിച്ചല്ലോടാ കാലമാടൻ ഇച്ചായാ, ഇന്നും അങ്ങേരുടെ മുഖം കാണാനൊത്തില്ല ”
അന്ന മുഖം വീർപ്പിച്ചു.

“പാവം കുറച്ചു കാലം കൂടെ മനസമാധാനത്തോടെ ജീവിച്ചോട്ടെ കൊച്ചേ, ആറ്റം ബോംബാണ് ആ ചെറുക്കന്റെ ജീവിതത്തിൽ പൊട്ടാൻ പോണതെന്ന് ഇപ്പോഴേ അറിയിക്കണത് എന്നാത്തിനാടി ”

“ഓഹ് എന്റെ കർത്താവെ രാവിലെ അളിഞ്ഞ കോമഡിയുമായി കെട്ടിയെടുത്തിരിക്ക്യ കുരിപ്പിനെ ”

അന്ന തലയണ എടുത്തു ആൽബിയെ എറിഞ്ഞു, ആൽബി തെന്നി മാറിയത് കൊണ്ടു ഏറു കിട്ടിയത് മുറിയിലോട്ട് വന്ന സിബിയ്ക്കാണ്.

തലയണ കൊണ്ടു തലങ്ങും വിലങ്ങും ഏറു നടക്കുന്നതിനിടയിലേക്ക് ത്രേസ്യാമ്മ ചട്ടുകവുമായി വന്നപ്പോൾ രംഗം ശാന്തമായി.

“പോത്തു പോലെ വളർന്നിട്ടും ഒന്നിനും ഒന്നിനും ഒരു ബോധോം കഥേo ഇല്ലാലോ എന്റെ കർത്താവെ. എടി കൊച്ചേ നിനക്ക് ഇന്ന് കോളേജിലൊട്ടൊന്നും
പോവാനില്യോ? ”

അത് കേട്ടതും അന്ന ഒറ്റ ചാട്ടത്തിനു കട്ടിലിൽ നിന്നിറങ്ങി.

“എന്റെ ഈശോയെ ഇന്ന് പുതിയ പിള്ളാര്‌ വരുന്ന ദിവസമാ, അവളുമാരൊക്കെ എത്തി ക്കാണും, നേരത്തെ എത്താൻ പ്ലാൻ ചെയ്തതാന്നേ ”

അന്നയുടെ വെപ്രാളപെട്ടുള്ള പരക്കം പാച്ചിൽ കണ്ടു ചിരിയോടെ എല്ലാരും പുറത്തേക്ക് പോയി.

ഒരു കാക്കക്കുളി നടത്തി കൈയിൽ കിട്ടിയ ജീൻസും ടോപ്പും എടുത്തിട്ടു. ലയർ കട്ട്‌ ചെയ്‌ത മുടി വിടർത്തിയിട്ടു. മുഖം ചുളിച്ചു കൊണ്ടവൾ ലൈറ്റ് പിങ്ക് ലിപ് ഗ്ലോസ് ഇട്ടു. മാച്ചിങ് സ്കാർഫുമിട്ടു ബാഗും മൊബൈലുമെടുത്തു ത്രേസ്യാമ്മച്ചി കാണാതെ സ്കൂട്ട് ആവാൻ നോക്കിയതാ, പിടി വീണു.

“ഒന്നും കഴിക്കാതെ ആണോ പോവുന്നെ, എന്റെ കൊച്ചേ എന്നതേലും കഴിച്ചേച്ച് പോ ”

“എന്റെ ത്രേസ്യാ കൊച്ചേ എനിക്ക് സമയം ഒട്ടുമില്ല.. ഇപ്പൊ തന്നെ ലേറ്റ് ആണ്, അവളുമാരെല്ലാം കൂടി എന്നെ
വലിച്ചൊട്ടിക്കും ”

ത്രേസ്യാമ്മ കൊണ്ടു വെച്ച പാൽ ഒരിറക്ക് കുടിച്ചു നിഷ്കളങ്കമായി ഒന്ന് ചിരിച്ചു അവൾ എസ്‌കേപ്പ് ആയി.

പോർച്ചിൽ നോക്കിയപ്പോൾ ആൽബിച്ചായന്റെ പുത്തൻ റേഞ്ച് റോവർ ആണ് കണ്ടത്. അന്നയുടെ സ്കൂട്ടി വർക്ക്‌ ഷോപ്പിൽ ആണ്. ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും അത് വർക്ക്‌ ഷോപ്പ് വിസിറ്റിംഗ്ന് പോവും. ഇനി വണ്ടി എടുക്കരുത് എന്ന് ത്രേസ്യാ കൊച്ചു അന്ത്യ ശാസനം ഇറക്കീട്ടുണ്ടെങ്കിലും, മാത്തുക്കുട്ടിച്ചായനെ സോപ്പിട്ടു സ്കൂട്ടി എടുക്കാനുള്ള പെർമിഷൻ നേടിയെടുത്തിട്ടുണ്ട്. ചുമ്മാതൊന്നുമല്ല, കട്ടയ്ക്ക് സോപ്പിട്ടു പതപ്പിച്ചിട്ടാണ്.

ഇന്ന് ലേറ്റ് ആയാൽ അവളുമാരെന്നെ പച്ചക്ക് വലിച്ചു കീറും. പിന്നെ ഒന്നും നോക്കീല, പമ്മി ചെന്നു റാക്കിൽ നിന്ന് കീ എടുത്തു ഓടി ഡോർ തുറന്നു കാറിൽ കയറി.
കാർ ഗേറ്റ് കടന്നു പോവുമ്പോൾ സിറ്റൗട്ടിൽ നിന്നു ചാടിതുള്ളുന്ന ആൽബിയെ അവൾ കണ്ടിരുന്നു.

ലേറ്റ് ആയതോർത്തപ്പോൾ അറിയാതെ കാൽ ആക്‌സിലേറ്ററിൽ അമർന്നു. പുതുതായി വരുന്ന പിള്ളേർക്ക് കൊടുക്കണ്ട പണികൾ ആലോചിച്ചു വളവു തിരിഞ്ഞപ്പോൾ വണ്ടിയൊന്നു പാളി. നേരെ എതിരെ വന്ന കാറിനു ചാർത്തി കൊടുത്തു.ശബ്ദം കേട്ടു അവൾ കണ്ണടച്ചു.
ഗ്ലാസിൽ തട്ടുന്നത് കേട്ടാണ് കണ്ണു തുറന്നതു. ഗ്ലാസ്സ് താഴ്ത്തിയപ്പോൾ,എന്റമ്മച്ചിയെ ആ കണ്ണിലേക്കു നോക്കിയപ്പോൾ ഹൃദയമിടിപ്പ് നിലക്കുന്ന പോലെ, കർത്താവെ ഇനി ഇതിനാണോ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയുന്നത്. പക്ഷേ…

“എവിടെ നോക്കിയാടീ വണ്ടിയോടിക്കുന്നെ, അതെങ്ങനെയാ വീടീന്നു വണ്ടിയും കൊടുത്തു പറഞ്ഞു വിട്ടിരിക്കയല്ലേ ഓരോന്നിനെ.. ”

രക്ഷയില്ല അങ്ങോട്ട് കലിപ്പിടണം അന്നക്കൊച്ചേ,മനസ്സ് പറഞ്ഞു. പിന്നെ മടിച്ചില്ല ഡോർ തുറന്നങ്ങു ഇറങ്ങി.

“അതേയ് താനിങ്ങനെ റൈസ് ആവേണ്ട കാര്യം ഒന്നുമില്ല, വണ്ടി ഒന്ന് പാളിപ്പോയതാ, ഒന്നുരസിയതല്ലേയുള്ളു, തന്റെ ഈ തുക്കടാ വണ്ടിക്ക് ഒന്നും പറ്റിയില്ലലോ, കൂടുതൽ ഡയലോഗ് ഒന്നും വേണ്ട, പൈസ എത്രയാ വേണ്ടെന്നു പറഞ്ഞാൽ മതി, തന്നേക്കാം ”

അവളുടെ പുച്ഛഭാവത്തിലുള്ള കൈ ചൂണ്ടിയുള്ള സംസാരം അവന് പിടിച്ചില്ല.

“എല്ലാം ഒപ്പിച്ചു വെച്ചിട്ട് കൈ ചൂണ്ടി സംസാരിക്കുന്നോടി പുല്ലേ ”

പറഞ്ഞതും അവനവളുടെ കൈ പിടിച്ചു തിരിച്ചു. അവൾ കൈ വിടീക്കാൻ നോക്കിയിട്ട് പറ്റിയില്ല. കണ്ണുകൾ നിറഞ്ഞു വന്നു

“കൈയ്യിന്ന് വിടെടാ അലവലാതി, ഞാൻ ആരാന്ന് നിനക്കറിയില്ല ”

അന്ന പറഞ്ഞൊപ്പിച്ചു

“നീ ആരായാൽ എനിക്കെന്താടി, മേലാൽ ആളുകളോട് മാന്യമായി പെരുമാറാൻ പഠിക്കണം. കാശിന്റെ അഹങ്കാരം നിന്റെ വീട്ടിൽ വെച്ചാൽ മതി, നാട്ടുകാരുടെ നെഞ്ചത്തോട്ടെടുക്കണ്ട, കേട്ടോടി ”

പറഞ്ഞതും അയാൾ അവളെ കാറിന്റെ മേലേക്ക് തള്ളി. അന്ന കാറിൽ കയറി
അയാളെ തുറിച്ചു നോക്കിക്കൊണ്ട് കാർ സ്റ്റാർട്ട്‌ ചെയ്തു.

എങ്ങിനെയൊക്കെയോ അവൾ കോളേജിൽ എത്തി. മനസ്സ് പക്ഷെ ആ കലിപ്പനിൽ തന്നെ ആയിരുന്നു.
ഏതാണാ ഐറ്റം കർത്താവേ, എന്നാ ഒക്കെ ആയാലും അഡാർ ലുക്ക്‌ ആണ്, പക്ഷേ അങ്ങേര് വായ തുറന്നാൽ. കാർ പാർക്ക് ചെയ്തതും പടകൾ ഓടിയെത്തി. ഇറങ്ങിയപ്പോൾ ആണ് കണ്ടത്, ആൽബിച്ചായന്റെ പുത്തൻ കാറിന്റെ പെയിന്റ് സാമാന്യം നല്ല രീതിയിൽ തന്നെ പോയിട്ടുണ്ട്. ഇന്ന് വീട്ടിൽ ചെന്നാൽ പെരുന്നാൾ ആയിരിക്കും

ആദ്യം ലേറ്റ് ആയതിനു വയറു നിറച്ചും നാലും കൂടി തന്നു. ഇവർ അഞ്ച് പേരാണ് കോളേജിലെ മെയിൻ ടെറർ ഗാംഗ്. ഡെയ്സി, അനു, ചിത്ര, വിദ്യ. അന്നയാണ് ഗാംഗ് ലീഡർ. എല്ലാരും പൂത്ത കാശുള്ള വീട്ടിലെയാണ്.

“എങ്ങിനെ ഉണ്ടെടീ നമ്മടെ കൊച്ചുങ്ങൾ ഒക്കെ? ”
അന്നയുടെ ചോദ്യത്തിന് ഡെയ്സി ആണ് മറുപടി പറഞ്ഞത്.

“കുറെ വാല് ഉള്ളതുങ്ങൾ ഉണ്ട്… ”

“വാലൊക്കെ നമുക്ക് മുറിക്കാന്നെ ”

അന്ന പറഞ്ഞത് കേട്ടു എല്ലാവരും ചിരിച്ചു.

“എടീ അന്നാമ്മോ ആ വരുന്ന സുന്ദരി കൊച്ചിനെ കണ്ടോ, അത് നമ്മുടെ അമൃതകൊച്ചമ്മയുടെ കസിനാണ്, രാവിലെ ഞങ്ങൾ ഒന്ന് മുട്ടിയിരുന്നു, ഉടനെ തന്നെ കൊച്ചമ്മ വന്നു ഭീഷണിപെടുത്തിയിട്ട്
പോയി ”

“ആന്നോടി, എന്നാലാ കസിൻ കൊച്ചിനെ ഒന്ന് പരിചയപ്പെടണല്ലോ”

പിജി മാത്‍സ് ലെ അമൃതയും ഗാംഗുമാണ് ഞങ്ങളുടെ ഏറ്റവും വലിയ ശത്രുക്കൾ. ഒരുപാട് തവണ മുട്ടിയിട്ടുണ്ടെങ്കിലും അവളുമാര് ഞങ്ങളുടെ മുൻപിൽ മുട്ട് മടക്കിയിട്ടേയുള്ളു.

അന്ന അമൃതയുടെ കസിൻ കൊച്ചിനെ നോക്കി. കണ്ടിട്ടൊരു പാവം പിടിച്ച കൊച്ചാണ്. ഒരു പച്ച കോട്ടൺ ചുരിദാറും നീണ്ട മുടിയിൽ തുളസിക്കതിരും, നെറ്റിയിൽ ചന്ദനക്കുറിയും ഒക്കെയായിട്ടൊരു നാടൻ സുന്ദരി.
എന്നാലും അമൃതയുടെ ഭീഷണി അന്നയ്ക്ക് തീരെ ദഹിച്ചില്ല.

“എടി അനു നിന്റെ ആ സ്കൂട്ടി ഒന്ന് തന്നെ, ചേച്ചി ആ കൊച്ചിനെ ഒന്ന് ഡ്രൈവിംഗ് പഠിപ്പിക്കട്ടെ ”

“അത് വേണോ അന്നമ്മോ ”
അന്നയുടെ ഡ്രൈവിംഗിനെ പറ്റി എല്ലാവർക്കും നല്ല മതിപ്പാണ്.

“നീ തന്നേടി, ഞാൻ ചുമ്മാ ഒന്ന് പേടിപ്പിക്കത്തെയുള്ളു. ”

അന്ന സ്കൂട്ടിയുമായി നേരെ അമൃതയുടെ കസിൻന്റെ അടുത്തേക്ക് പോയി, കസിൻ കൊച്ചിന് ചുറ്റും റൗണ്ട് അടിക്കാൻ തുടങ്ങി. പക്ഷേ രണ്ടു റൗണ്ട് കഴിഞ്ഞതും അന്നയും സ്കൂട്ടിയും കൂടെ ആ കുട്ടിയുടെ മേലേക്ക് മറിഞ്ഞു. എല്ലാവരും ഓടി വന്നു. അന്ന തട്ടി പിടഞ്ഞെണീറ്റപ്പോഴേക്കും ആ കുട്ടിയെ മറ്റുള്ളവർ എണീൽപ്പിച്ചു. അവളുടെ കൈയിൽ നിന്ന് ചോര വരുന്നുണ്ടായിരുന്നു.

പിന്നെ ഉള്ള സീൻ പ്രിൻസിയുടെ റൂമിലായിരുന്നു. പതിവ് വാണിംഗും അലർച്ചയുമൊക്കെ കഴിഞ്ഞു പ്രിൻസി അന്നയോട് പറഞ്ഞു.

“ആദി ലക്ഷ്മി കംപ്ലയിന്റ് ഒന്നും ഇല്ലാന്ന് പറഞ്ഞത് കൊണ്ടു നീ രക്ഷപെട്ടു. അല്ലായിരുന്നേൽ ഡിസ്മിസൽ ലെറ്റർ ഇപ്പോൾ കൈയ്യിൽ ഇരുന്നേനെ. ദിസ്‌ ഈസ്‌ മൈ ലാസ്റ്റ് വാണിംഗ് ആൻ. ഇനി ഒരു കംപ്ലയിന്റ് കിട്ടിയാൽ…. ”

“ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല മാഡം ”

അന്ന വിനീതവിധേയയായി തല കുനിച്ചു നിന്നു.

പുറത്തിറങ്ങിയതും അമൃത മുന്നിലെത്തി.

“എടി ഇതിന് നീ അനുഭവിക്കും, ഇതിന് നിനക്ക് തിരിച്ചടി കിട്ടിയില്ലെങ്കിൽ നോക്കിക്കോ ”

“ഓഹ് നീ ഒലത്തും, ഒഞ്ഞു പോടീ…. ”

അന്ന അമൃതയെ തള്ളി മാറ്റി കാന്റീലേക്ക് നടന്നു. അവളുടെ ഉള്ളിൽ ആദിലക്ഷ്മിയുടെ പേടിച്ചരണ്ട മുഖം ഉണ്ടായിരുന്നു.
അവളുടെ മൂഡ് മാറ്റാൻ മറ്റുള്ളവർ പലതും പറഞ്ഞെങ്കിലും അവളുടെ മുഖം തെളിഞ്ഞില്ല.

വൈകുന്നേരം കോളേജ് വിട്ടു കുട്ടികളൊക്കെ പോയ്കൊണ്ടിരിക്കുമ്പോൾ അന്നയും ഫ്രണ്ട്സും ഗേറ്റിനടുത്ത് സംസാരിച്ചു നിൽക്കുകയായിരുന്നു. പെട്ടന്നാണ് അവരുടെ മുൻപിൽ ഒരു കാർ വന്നു നിന്നത്. അതിൽ നിന്ന് ഇറങ്ങി വന്ന ആളെ കണ്ടു അന്നയുടെ കണ്ണു തള്ളി.
രാവിലെ അവളുമായി അടി ഉണ്ടാക്കിയ കാർ ഡ്രൈവർ. അന്ന അയാളെ തന്നെ നോക്കി നിന്നത് കൊണ്ടു അയാളുടെ പുറകിൽ വന്ന അമൃതയെയും ആദിലക്ഷ്മിയെയും അവൾ കണ്ടില്ല.

കാര്യം മനസിലാവുന്നതിന് മുൻപ് തന്നെ അന്നയുടെ കവിളിൽ അടി വീണു കഴിഞ്ഞിരുന്നു.

“നിന്നോട് ഞാൻ രാവിലെ പറഞ്ഞതാണ്, നിന്റെ പണക്കൊഴുപ്പ് നിന്റെ കൈയിൽ തന്നെ വെച്ചാൽ മതിയെന്ന്. ഇനിയെങ്ങാനും ഇവളുടെ നേരെ നീ നോക്കിയെന്നറിഞ്ഞാൽ ഈ രുദ്രനാരാണെന്ന് നീ അറിയും,കേട്ടോടി പന്ന പുന്നാര മോളെ…. ”

ഒരു നിമിഷം നിന്നിട്ട് ആദിലക്ഷ്മിയുടെ കൈ പിടിച്ചു അവൻ കാറിനടുത്തേക്ക് നടന്നു. പുറകെ അമൃതയും.
ആ കാർ കടന്നു പോവുമ്പോൾ അന്ന കണ്ടു അമൃതയുടെ മുഖത്തെ വിജയച്ചിരിയും ആദിലക്ഷ്മിയുടെ നിസ്സഹായമായ നോട്ടവും.

(തുടരും )

Click Here to read full parts of the novel

3.8/5 - (26 votes)
Exit mobile version