“ആരൂട്ടി, നീ എവിടെ പോയതാ? ”
അടുക്കള ഭാഗത്തു കൂടി പമ്മി പതുങ്ങി വരികയായിരുന്ന ആര്യലക്ഷ്മി ഒന്ന് പരുങ്ങി.
“അതു ഞാൻ.. ”
“ആരൂ, നിന്നോടാ ഞാൻ ചോദിച്ചത്? ”
തെല്ലൊരു ഭയത്തോടെയാണ് ആര്യ പറഞ്ഞത്.
“ഞാൻ സൂസയുടെ അടുത്ത്… ”
“ആരൂ, നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ അവിടെ പോവരുതെന്ന്… ആ നശിച്ചവനെ കാണാനല്ലേ നീ അവിടെ പോവുന്നത് ”
“ചേച്ചിയമ്മേ… ”
“പറഞ്ഞിട്ടെന്താ നീ മനസ്സിലാക്കാത്തത് കുട്ടി… നാളെ ശങ്കരമാമ്മ വരും.. ഞങ്ങളുടെ കല്യാണത്തോടൊപ്പം അനന്തുവിന്റെയും നിന്റെയും നിശ്ചയത്തിന്റെ ഡേറ്റ് നോക്കിപ്പിക്കണമെന്ന് അച്ഛൻ
പറഞ്ഞിട്ടുണ്ട് ”
ആര്യ മുഖം താഴ്ത്തി നിന്നതേയുള്ളൂ.
“അനന്തു നല്ലവനാ മോളെ, നിന്നെ ഒരുപാട് ഇഷ്ടമാണ് അവന്. നീ അവന്റെ പെണ്ണാ, അത് മറക്കരുത്. ”
“വിനയേട്ടന്റെ അനിയൻ പിന്നെ നല്ലതല്ലാതിരിക്കുമോ ചേച്ചിയമ്മേ.. കല്യാണം കഴിഞ്ഞാലും ചേച്ചിയമ്മയ്ക്ക് എന്നെ നഷ്ടപെടില്ലല്ലോ അല്ലേ ”
ആര്യയുടെ ശബ്ദത്തിലെ വേദന സീതയുടെ ഉള്ളു പൊള്ളിക്കുന്നുണ്ടായിരുന്നു. തന്റെ സ്വാർത്ഥത തന്നെയാണ്. താൻ തന്നെയാണ് ഈ ബന്ധം ഉണ്ടാക്കിയത്. മറ്റുള്ളവർക്കും സന്തോഷമായിരുന്നു. എന്നും തന്റെ കരുതലിലായിരിക്കും ആര്യയുടെ ജീവിതം എന്ന ആശ്വാസം.അനന്തുവിനോളം യോഗ്യനായവനെ ആര്യയ്ക്ക് കിട്ടില്ലെന്ന വിശ്വാസം.
തടസ്സം അവനാണ്.. പുത്തൻ പുരക്കൽ ഐസക്ക്. ഒരു കുടുംബം പോലെ കഴിയുന്നവരാണ് സൂര്യമംഗലത്തുകാരും പുത്തൻ പുരക്കൽകാരും. അത്കൊണ്ട് തന്നെ ഈ ബന്ധം ആരോടും തുറന്നു പറയാനും വയ്യ. വേറെ ഒരു വഴിയും കാണാഞ്ഞിട്ടാണ് ശിവദത്തനോട് പറഞ്ഞത്. താനും ശിവനും മാറി മാറി പറഞ്ഞിട്ടും ഐസക്ക് പിന്മാറാൻ തയ്യാറായിട്ടില്ല. എന്തെങ്കിലും ചെയ്തേ പറ്റൂ,
ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോവുന്ന ആര്യയെ നോക്കി സീത മനസ്സിൽ പറഞ്ഞു.
രാത്രി ഏറെ കഴിഞ്ഞിട്ടും സീത ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. ആരൂട്ടി തന്നോട് മിണ്ടിയിട്ടില്ല. ഭക്ഷണം കഴിച്ചെന്നു വരുത്തി കിടന്നതാണവൾ .. എന്റെ കുഞ്ഞ് ആകെ ക്ഷീണിച്ചു. തൊട്ടരികെ ഉറങ്ങുന്ന ആര്യയുടെ തലയിൽ വാത്സല്യത്തോടെ തലോടി സീത. എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴും അവളുടെ മനസ്സിൽ ചേച്ചിയമ്മേ എന്ന് വിളിച്ചുകൊണ്ടു തനിക്കരികിലേക്ക് ഓടിവരുന്ന രണ്ടു വയസുകാരിയുടെ മുഖമായിരുന്നു.
സീതയുടെ ശ്വാസഗതി മാറിയതറിഞ്ഞു ആര്യ മെല്ലെ കണ്ണുകൾ തുറന്നു. കുറച്ചു നേരം കാത്തിരുന്നിട്ടാണ് അവൾ എഴുന്നേറ്റു ജനലരികിലേക്ക് നടന്നത്.പുറത്തേക്ക് നോക്കിയപ്പോൾ തന്നെ കണ്ടു കുളക്കരയിലെ നിഴൽ രൂപവും ഒരു നുറുങ്ങു വെട്ടവും. സീതയെ ഒന്ന് നോക്കി ആര്യ പതിയെ താഴേക്ക് നടന്നു..
നിലാവെളിച്ചത്തിൽ തനിക്കരികിലേക്ക് ഓടി വരുന്ന ആര്യയെ ഐസക്ക് കണ്ടിരുന്നു. ഇത്രയും നേരം അവൾക്കായി കാത്തിരിക്കുകയായിരുന്നു. ഇന്നിനി കാണാനാവില്ലെന്ന് കരുതി തിരിച്ചു പോവാൻ ഒരുങ്ങുകയായിരുന്നു. ആര്യയിൽ സീതയുടെ നിയന്ത്രണങ്ങൾ കൂടി വന്നപ്പോഴാണ് ഈ രാത്രി സമാഗമങ്ങൾ വേണ്ടി വന്നത്.ഇന്നാണ് ജോലിയ്ക്ക് ജോയിൻ ചെയ്യാനുള്ള ലെറ്റർ കൈയ്യിൽ കിട്ടിയത്.ആദ്യം അറിയിക്കേണ്ടത് അവളെയാണെന്ന് കരുതിയാണ് കാത്തിരുന്നത്. മനസ്സ് കൈമോശം വന്ന ഏതോ ഒരു നിമിഷത്തിൽ ചെയ്തു പോയ തെറ്റ് വീണ്ടും ആവർത്തിച്ചേക്കുമോ എന്ന പേടിയിൽ താൻ തന്നെയാണ് രാത്രിയിലെ കൂടിക്കാഴ്ചകൾ വേണ്ടെന്ന് തീരുമാനിച്ചത്. ഇനി ഏറിയാൽ രണ്ടാഴ്ച കൂടി അതിനുള്ളിൽ ആരെതിർത്താലും ആ കഴുത്തിൽ ഒരു താലി ചാർത്തി സ്വന്തമാക്കിയിരിക്കും ഞാൻ എന്റെ പെണ്ണിനെ..
സീതാലക്ഷ്മിയുടെ മുഖം മനസ്സിൽ തെളിഞ്ഞതും ഐസക്കിന്റെ മനസ്സിൽ വെറുപ്പിന്റെ കണികകൾ വന്നു നിറഞ്ഞു. പണ്ട് മുതലേ സീതയെ തനിക്കെന്തോ ഇഷ്ടമല്ല. തിരിച്ചും അങ്ങനെ തന്നെയാണെന്ന് അറിയാം. ഇപ്പോൾ ആര്യയോടുള്ള പ്രണയത്തിന്റെ അത്രയും തന്നെ വെറുപ്പാണ് സീതാലക്ഷ്മിയോട്…
തന്റെ നെഞ്ചിൽ ചാരി നിന്ന ആര്യയുടെ മുഖം പിടിച്ചുയർത്തി ഐസക്ക് അവളുടെ കണ്ണുകൾ തുടച്ചു.
“ഈ നിമിഷമെങ്കിൽ ഈ നിമിഷം നിന്നെ കൂടെ കൂട്ടാൻ ഞാൻ ഒരുക്കമാണ്
കൊച്ചേ. .. ”
“വേണ്ട ഇച്ചായാ … ഇച്ചായന് എന്നെ അറിയാലോ, ആരെയും എതിർത്തു നിൽക്കാനുള്ള കഴിവൊന്നും എനിക്കില്ല..ആരുടേയും വേദന കാണാനുമാവില്ല. പക്ഷേ ഇച്ചായനെ നഷ്ടപ്പെടുത്താനും എനിക്കാവില്ല. ഇച്ചായൻ പറഞ്ഞത് പോലെ ഒരാഴ്ച കൂടി.. എന്നിട്ട് നമുക്ക് ആരുമറിയാതെ ഇവിടെ നിന്ന് പോവാം ഇച്ചായന്റെ ജോലി സ്ഥലത്തേക്ക്.. ”
“അതിന് എനിക്ക് ജോലി കിട്ടിയെന്ന് ആരാ നിന്നോട് പറഞ്ഞത് ”
ചിരിയോടെ ഐസക്ക് അവളുടെ മുഖം ഉയർത്തി.
“എനിക്കറിയാം, അതുകൊണ്ടല്ലേ ഇത്രയും വൈകിയിട്ടും എന്നെ കാത്തു നിന്നത്.. ഈ കാര്യം പറയാനാണെന്ന് എനിക്കറിയാം ”
കണ്ണീരിനിടയിലും ആര്യയുടെ മുഖത്ത് പുഞ്ചിരി തെളിഞ്ഞിട്ടുണ്ടാവുമെന്നത് ഐസക്കിനറിയാമായിരുന്നു. ചെമ്പകപ്പൂ പോലുള്ള തന്റെ പെണ്ണ്…കാവിൽ തിരി തെളിയിക്കാൻ എത്തുമ്പോൾ ആ ദീപപ്രഭയിൽ ദീപ്തമാവുന്ന ഈ മുഖം കണ്ണെടുക്കാനാവാതെ നോക്കി നിന്നിട്ടുണ്ട് ഒരുപാട് തവണ… ചുറ്റുമുള്ളതെല്ലാം നിഷ്കളങ്കതയോടെ മാത്രം നോക്കി കാണുന്ന കണ്ണുകളിൽ ലയിച്ചു നിന്നിട്ടുണ്ട്..
“എന്തു പറയുന്നു നിന്റെ ചേച്ചിയമ്മ..? ”
പുച്ഛത്തോടെയുള്ള ഐസക്കിന്റെ ചോദ്യത്തിന് ദയനീയമായൊരു വിളിയായിരുന്നു മറുപടി.
“ഇച്ചായാ… പ്ലീസ്.. ”
“ഞാനും നീയും ഒരിക്കലും യോജിക്കാത്ത ഒരേയൊരു കാര്യമാണത്.. സാരമില്ല പോട്ടെ.. ഇനി എന്റെ കൊച്ചു ചെന്നു സമാധാനമായി ഇച്ചായനെയും സ്വപ്നം കണ്ടുറങ്ങ് . കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞാൽ എന്റെ പെണ്ണിന്റെ ആഗ്രഹം പോലെ തന്നെ, ആ കാവിൽ വെച്ച് തന്നെ നിന്റെ കഴുത്തിൽ താലി ചാർത്തി ഞാൻ കൂടെ കൊണ്ടു പോവും. ”
ആര്യയുടെ നെറുകയിൽ ചുംബിച്ചു കൊണ്ടു ഐസക്ക് പറഞ്ഞു..
അവൾ തിരികെ വീട്ടിലേക്ക് പോവുന്നതും നോക്കി ഐസക്ക് നിന്നു, തന്റെ പ്രണയം തന്നിൽ നിന്ന് എന്നെന്നേക്കുമായി അകന്നു പോവുകയാണെന്നറിയാതെ..
അയാൾ പോകാൻ തിരിഞ്ഞതും തലയ്ക്കു പിറകിൽ ആരോ ശക്തിയായി അടിച്ചതും ഒരുമിച്ചായിരുന്നു. തൊണ്ടയിൽ എത്തിയ ആർത്ത നാദം പുറത്തെത്തുന്നതിനും മുൻപേ അയാൾ നിലം പതിച്ചിരുന്നു. അതിനിടയിലും ഐസക്ക് കണ്ടിരുന്നു ശിവദത്തന്റെ കൈയിലെ ചോര ഇറ്റ് വീഴുന്ന ഇരുമ്പ് വടി…
ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്പാലത്തിൽ നിന്ന് തിരികെ സ്വബോധത്തിൽ എത്തുമ്പോൾ മരണമായിരുന്നു നല്ലതെന്ന് ആഗ്രഹിച്ചു പോവുന്ന വാർത്തകൾ തന്നെ കാത്തിരിക്കുന്നുണ്ടെന്ന് ഐസക്കിന് അറിയില്ലായിരുന്നു…
ജീവന്റെ പാതിയായി കരുതിയിരുന്നവൾ തന്നെ വിട്ടു പോയിട്ട് മാസങ്ങളായി എന്ന വാർത്തയായിരുന്നു നാട്ടിലെത്തിയ ഐസക്കിനെ എതിരേറ്റത്. ഏതോ മലഞ്ചരിവിൽ മൃതപ്രായനായ നിലയിൽ ആരോ കണ്ടെത്തിയ അയാൾ ആശുപത്രിവാസത്തിനു ശേഷം തിരിച്ചിറിങ്ങിയത് മാസങ്ങൾക്കിപ്പുറമായിരുന്നു…
സന്ധ്യയാവാൻ കാത്തു നിൽക്കാതെ, പുത്തൻ പുരക്കലെ അതിരിൽ നിന്നും സൂര്യമംഗലത്തെ സർപ്പകാവിനുള്ളിലേക്ക് കയറുമ്പോൾ ഐസക്ക് കരയുകയായിരുന്നു. ഒടുവിൽ ആ മരച്ചുവട്ടിൽ തളർന്നിരിക്കുമ്പോൾ നിറയെ പൂത്ത ചെമ്പകപ്പൂക്കളിൽ അയാളുടെ കണ്ണെത്തിയില്ല. ഹൃദയം തകർക്കുന്ന കരച്ചിലിനിടയിലാണ് ചെമ്പകമരത്തിനപ്പുറത്തെ കെട്ടിൽ അയാളുടെ കണ്ണുകളുടക്കിയത്. നിരവധി തവണ പ്രണയം കൈമാറിയ ഒളിയിടം… അവിടെ ഇളകി കിടക്കുന്ന കല്ലിനിടയിൽ ഒരു പേപ്പർ അയാൾക്കായി കാത്തിരുന്നിരുന്നു.
ആരൂ എന്ന് മന്ത്രിച്ചു കൊണ്ടാ പേപ്പർ എടുക്കുമ്പോൾ ഐസക്കിന്റെ കൈകൾ വിറച്ചിരുന്നു
കണ്ണീർ നിറഞ്ഞു അക്ഷരങ്ങൾ അവ്യക്തമായപ്പോൾ പുറം കൈ കൊണ്ടു കണ്ണ് തുടച്ചു തെളിച്ചം മാഞ്ഞു തുടങ്ങിയ എഴുത്തിലേക്ക് അയാൾ ആർത്തിയോടെ പരതി..
“ഞാൻ മനസിലാക്കാതെ പോയ ഇച്ചായന്,
ഒടുവിൽ ചേച്ചിയമ്മ തന്നെയായിരുന്നു സത്യം എന്ന് മനസ്സിലാക്കുമ്പോഴേക്കും നിങ്ങളുടെ ചതിയുടെ വിത്ത് എന്റെ ഉദരത്തിൽ നാമ്പിട്ടിരുന്നു…
എല്ലാം മനസ്സിലാക്കുമ്പോഴേക്കും വൈകി പോയല്ലോ ഇച്ചായാ, നിങ്ങളും മറ്റെല്ലാവരും, പറയുന്ന പോലെ ഒരു പൊട്ടിപെണ്ണായിരുന്നല്ലോ ഈ ആര്യലക്ഷ്മി…
കഴിഞ്ഞു പോയതെല്ലാം ഒരു തമാശയായി കരുതണമെന്നും, എന്നെ ഒരിക്കലും സ്വീകരിക്കാനാവില്ലെന്നും, എല്ലാം മറന്നു അനന്തരാമനുമായി ജീവിക്കണമെന്നും, അന്നാ എഴുത്തിൽ കണ്ടപ്പോൾ അങ്ങനെയൊന്നും എന്നോട് പറയാൻ എന്റെ ഇച്ചായനു കഴിയില്ലല്ലോ എന്നാണ് ആദ്യം മനസ്സിലോർത്തത്. ബോംബെയിലേക്ക് പോവുകയാണെന്ന് വായിച്ചെങ്കിലും കാത്തിരുന്നു ഇച്ചായാ ഞാൻ നിങ്ങൾക്ക് വേണ്ടി….
അനന്തുവേട്ടനെ കൂടി ചതിക്കാൻ എനിക്ക് വയ്യ. ആരുടേയും സങ്കടം കാണാനും എനിക്കാവില്ല. ഒരു തവണ കൂടി കാണണമെന്നുണ്ടായിരുന്ന് ജനിക്കും മുൻപേ മരണത്തിലേക്ക് എത്തിപ്പെടാൻ പോവുന്ന എന്റെ കുഞ്ഞിന്റെ അച്ഛനെ… ആ കത്തിൽ വായിച്ചതൊന്നും സത്യമല്ലെന്ന് കേൾക്കാൻ ഈ നിമിഷവും ഞാൻ ആശിക്കുന്നു..
വെറുക്കാനാവുന്നില്ലല്ലോ ഇപ്പോഴും എനിക്ക് നിങ്ങളെ…..
ഇത് നിങ്ങളുടെ കൈയ്യിൽ കിട്ടുമോന്ന് അറിയില്ല. ഉപേക്ഷിച്ചു പോയതിനെ തിരികെ അന്വേഷിച്ചു എത്തില്ല എന്ന് അറിയാഞ്ഞിട്ടല്ല… എങ്കിലും….
അപൂർണമായ ആ എഴുത്തിലെ അവസാന വാക്കുകളിൽ മഷി പടർന്നത് ആര്യയുടെ കണ്ണീർതുള്ളികളാലാണെന്ന് ഐസക്കിന് അറിയാമായിരുന്നു..
തന്റെ പ്രാണനായിരുന്നവൾ അനുഭവിച്ച വേദന അറിഞ്ഞപ്പോൾ അയാൾ നിലത്തേക്കിരുന്നു കൈകൾ കൊണ്ടു മുഖം പൊത്തി പൊട്ടിക്കരഞ്ഞു..
തങ്ങൾക്ക് ചുറ്റും നടന്ന ചതിയറിയാതെ, പ്രിയപ്പെട്ടവൻ ചതിച്ചുവെന്നുള്ള തെറ്റിദ്ധാരണയിൽ വയറ്റിൽ കുരുത്ത ജീവനെയും കൊണ്ടാണവൾ എന്നെന്നേക്കുമായി തന്നെ വിട്ടുപോയതെന്ന തിരിച്ചറിവ് ഐസക്കിന്റെ ഹൃദയത്തെ കീറി മുറിച്ചു കൊണ്ടിരുന്നു..
അവസാന തുള്ളി കണ്ണീരും വീഴ്ത്തി, നേരം പുലരായപ്പോൾ അവിടെ നിന്ന് എഴുന്നേറ്റ ഐസക്കിന്റെ കണ്ണുകളിൽ കനലെരിഞ്ഞിരുന്നു…
തൊട്ടപ്പുറത്ത് കരിയിലകൾക്കിടയിൽ പടം പൊഴിച്ചിട്ട് തനിക്കരികിലൂടെ ഇഴഞ്ഞു പോവുന്ന കരിമൂർഖനെ ഐസക്ക് കണ്ടില്ല.. അയാളുടെ മനസ്സിൽ പകയുടെ, പ്രതികാരത്തിന്റെ കൊടിയ വിഷം നിറയുകയായിരുന്നു അപ്പോൾ…
മരങ്ങൾക്കിടയിലൂടെ പുലരി വെട്ടത്തിന്റെ ചീളുകൾ പതിക്കവേ കാവിനുള്ളിൽ നിന്നും പുറത്തേക്ക് നടക്കുമ്പോൾ ഐസക്കിന്റെ മനസ്സിൽ തീരുമാനങ്ങൾ ഉറച്ചിരുന്നു….
സൂര്യമംഗലത്ത് ഊണും ഉറക്കവുമില്ലാതെ ഭ്രാന്തിയെ പോലെ കഴിയുന്ന സീതാലക്ഷ്മിയെകൂടി തങ്ങൾക്ക് നഷ്ടപ്പെടുമോ എന്ന ഭയത്തിലായിരുന്നു സഹോദരങ്ങൾ… എപ്പോഴും തന്റെ മുറിയിൽ ജനലരികെ കാവിലേക്ക് നോക്കി നിൽക്കാറാണ് സീതാലക്ഷ്മി. ആര്യ അവിടെ നിന്ന് വിളിക്കുന്നുണ്ടെന്ന് പറഞ്ഞു ഇടയ്ക്കിടെ സർപ്പകാവിലേക്ക് ഓടി പോവുന്ന സീതയ്ക്ക് കാവലിരിക്കാൻ ഗൗരി ഉണ്ടായിരുന്നു.
രണ്ടു ദിവസങ്ങൾക്കു മുൻപേ വീട്ടിൽ നിന്നിറങ്ങി പോയ ശിവദത്തനെ കുറിച്ച് അന്നും വിവരമൊന്നും കിട്ടിയിട്ടില്ലായിരുന്നു. രാവേറെ കഴിഞ്ഞപ്പോൾ ഉറക്കത്തിനിടെ സീത തനിക്കരികിൽ നിന്ന് എഴുന്നേറ്റ് പോയതൊന്നും ഗൗരി അറിഞ്ഞില്ല..
കാവിലേക്ക് നടക്കുമ്പോൾ സീതയുടെ ചെവിയിൽ ആരൂട്ടിയുടെ ശബ്ദം മാത്രമായിരുന്നു.
“ചേച്ചിയമ്മേ, ഇവിടെ ഇരുട്ടാണ്.. ആരൂട്ടിയ്ക്ക് പേടിയാവുന്നു.. വേഗം വാ… ”
ഓടിക്കിതച്ച് കാവിനുള്ളിലേക്ക് കയറിയ സീത ഒരു ഭ്രാന്തനെ പോലെ നാഗത്തറയുടെ താഴെ ചാരിയിരിക്കുന്ന ആളെ കണ്ടു ഒന്ന് പകച്ചു. തിരിച്ചറിവിന്റെ അടുത്ത നിമിഷത്തിൽ അവൾ ഐസക്കിന്റെ നേരേ കൈ ചൂണ്ടി ചീറിയടുത്തു.
അവളെ കണ്ടതും അയാളുടെ കണ്ണുകൾ തിളങ്ങി.അരയിലെ, ചോര ഉണങ്ങിപിടിച്ച കത്തിയുടെ പിടിയിൽ ഒന്ന് സ്പർശിച്ചു കൊണ്ടു ഐസക്ക് എഴുന്നേറ്റു.
“എത്തിയോ സൂര്യമംഗലത്തെ സീതാലക്ഷ്മി തമ്പുരാട്ടി… നിന്റെ കുഞ്ഞനിയനെ കുറിഞ്ഞി പുഴയുടെ ആഴങ്ങളിൽ ഒളിപ്പിച്ചിട്ടു കാത്തിരിക്കുകയായിരുന്നു ഞാൻ ദിവസങ്ങളായി.. നിനക്കായി.. ”
“എടാ എന്റെ ശിവനെയും നീ.. ”
തന്റെ നേർക്കു പാഞ്ഞടുത്ത സീതയെ ഒരു കൈ കൊണ്ടു പിടിച്ചു മറുകൈകൊണ്ടു അരയിലെ കത്തി വലിച്ചൂരി ഐസക്ക് പറഞ്ഞു.
“നിന്റെയും അവന്റെയും ചതിയിൽ ഇല്ലാതായത് എന്റെയും ആര്യയുടെയും ജീവിതം മാത്രമല്ല, അവളുടെ വയറ്റിൽ കുരുത്ത ജീവൻ കൂടിയായിരുന്നു ”
സീതയിൽ ഒരു ഞെട്ടൽ ഉണ്ടായി. അയാളുടെ പിടിയിൽ നിന്ന് കുതറിക്കൊണ്ട് അവൾ പറഞ്ഞു.
“ഇല്ല..ഇല്ല.. നീ കള്ളം പറയുകയാണ്.. എന്റെ ആരൂട്ടി അവൾ.. ”
“വിശ്വസിക്കാനാവുന്നില്ല നിനക്കല്ലേ.
തെളിവ് വേണോ നിനക്ക്.. ഇതാ കണ്ടോ.. ”
സീതയെ തള്ളി മാറ്റി ഐസക്ക് പോക്കറ്റിൽ നിന്ന് ആര്യയുടെ കത്ത് വലിച്ചെടുത്തു.
“എന്റെ കൊച്ച് ഞാൻ ചതിച്ചെന്ന് കരുതി ഇടനെഞ്ചു പൊട്ടിയാണ് മരിച്ചത്.. അറിയുമോ നിനക്ക് ”
നിലത്തു വീണു കിടന്നു, നിഷേധാർഥത്തിൽ തലയാട്ടുന്ന സീതയെ നോക്കി കത്തി താഴെയിട്ടു കൊണ്ടു ഐസക്ക് പറഞ്ഞു..
“മരണം നിനക്ക് കുറഞ്ഞ ശിക്ഷയാണ്. നീ ജീവിക്കണം. സ്നേഹിച്ചവനൊപ്പം ജീവിക്കാൻ മനസ്സനുവദിക്കാതെ… ഓർമകളിൽ നീറി നീറി നീ ജീവിക്കണം.. ”
തനിക്കരുകിലേക്ക് വരുന്ന ഐസക്കിനോട് അരുതേ എന്ന് പോലും പറയാനാവാത്ത അവസ്ഥയിലായിരുന്നു സീതാലക്ഷ്മി അപ്പോൾ…..
പുലരാറായപ്പോഴാണ് ഗൗരി തനിക്കരികിൽ സീതയില്ലെന്ന് മനസ്സിലാക്കിയത്. അന്വേഷങ്ങൾക്കൊടുവിൽ സർപ്പക്കാവിൽ എത്തിയ അവരെ എതിരേറ്റത് മരക്കൊമ്പിൽ തൂങ്ങി നിൽക്കുന്ന ഐസക്കിന്റെ മൃതശരീരവും, കുറച്ചപ്പുറത്ത് നാഗത്തറയ്ക്ക് താഴെ ബോധമില്ലാതെ കിടക്കുന്ന സീതാലക്ഷ്മിയും ആയിരുന്നു..
കരിയിലകൾക്കും ചെമ്പകപ്പൂക്കൾക്കുമിടയിൽ കിടന്നിരുന്ന കടലാസു തുണ്ടുകളും, ഐസക്കിന്റെ മുറിയിൽ നിന്ന് സൂസന് കിട്ടിയ ഡയറിയും പുത്തൻ പുരയ്‌ക്കൽ ഐസക്കിന്റെയും സൂര്യമംഗലത്ത് ആര്യലക്ഷ്മിയുടെയും തകർന്നു പോയ സ്വപ്നങ്ങളുടെ കഥകൾ പറഞ്ഞു…
“ആഹാ അടിപൊളി… അപ്പോൾ പകയുടെയും പ്രതികാരത്തിന്റെയും ബൈ പ്രോഡക്റ്റ് ആണ് അന്ന, അല്ലേ സർ? ”
ചിരിയോടെ ആണ് ചോദിച്ചതെങ്കിലും, അന്നയുടെ നിറഞ്ഞൊഴുകിയ കണ്ണുകൾ കണ്ടതും ഒന്നും പറയാതെ രുദ്രൻ അവളുടെ മുഖം തന്റെ നെഞ്ചോട് ചേർത്തു പിടിച്ചു.
“ചുമ്മാതല്ല ഞാനപ്പോൾ ഇങ്ങനെ തല തിരിഞ്ഞു പോയത് ”
രുദ്രൻ വേദനയോടെ അവളെ മുറുകെ കെട്ടിപിടിച്ചു..
(തുടരും )
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission