സ്‌മൃതികൾ – MEMORIES

  • by

2622 Views

aksharathalukal-malayalam-poem

                    സ്‌മൃതികൾ

ഗഗന വീഥിയിലെ താരകങ്ങളെല്ലാം
തമസ്സിനാലകപ്പെട്ട രാവുകളിൽ
ഞാനേകനായി നിന്നു.
വാക്കുകളെല്ലാം മൗനം പാലിച്ച
ഇടവേളകളിൽ ചിന്തകളുടെ കൊടുമുടിയിൽ
ഗൃഹാതുരത്വത്തിന്റെ സ്‌മൃതി പതങ്ങളെന്നെ
വേട്ടയാടി കഴിഞ്ഞിരുന്നു.
ഇരുളിലകപ്പെട്ട രാവുകളുടെ നോവുകളെന്നോട്
പലകഥകളും മൊഴിഞ്ഞു കൊണ്ടേയിരുന്നു.
നോവുകളുടെ സാഗരം തീർത്ത
നൂറായിരമനുഭവങ്ങളെന്റെ കർണപടങ്ങളിലലയടിച്ചു
ഭഗ്നഹൃദയനായിരുളിന്റെ സ്തോഭങ്ങളെന്നുടെ
മനോരഥത്തെ ശിഥിലമാക്കി തെന്നി മറഞ്ഞു.
നിശയിലലയുന്ന മന്ദമാരുതനെന്റെ
കർണത്തിൽ ചേതോവികാരത്തിന്റെ
ചതവുകളെന്നിലേക്ക് പകുത്തു നൽകി.
എല്ലാമൊരു തോഴാനെപ്പോലെ
ഞാനെന്നിലേക്കടർത്തിയെടുത്തു.
ആനന്ദ ശൂന്യമായ രാവുകളിലെത്തുന്ന
നിലവിന്നഭാവത്തിന്റെ വേദനകളെന്നെ
നിഷ്പ്രഭമാക്കി.
തമസ്സിലലയുന്ന മുകിലുകളുടെ നോവുകളും
സാഗരമെന്നോണം വിടർന്നു നിന്നു.
ഏകനായലയുന്ന തെന്നലുകളെപ്പെഴോ
വൃക്ഷങ്ങളുടെ ശീർഷത്തിലുമ്മ വെച്ചു.
കഥന കഥകളെല്ലാമൊരു വൃത്തമായെന്നുടെ
മെയ്യിനെ വലയം വെച്ചു.
ഏകാന്തതയിലാണ്ടു പോയെന്നുടെ
മനനത്തിനെ ഞാൻ തൊട്ടുണർത്തി
എനിക്കായ് ദൈവം നൽകിയ
ഗതകാല സുഖ സ്മരണയിലേക്കെന്റെ
ചേതസ്സിനെ ഞാൻ വഴി നടത്തി.
ഭൂതകാല സുദിനങ്ങൾ വിഹരിക്കുന്ന
ഓർമ്മതൻ താളുകളുടെ അതിർ വരമ്പിൽ
ഞാനലിഞ്ഞു ചേർന്നു
മടക്കമില്ലാത്ത താളുകളായ് വേർപിരിഞ്ഞ
കാലത്തിലൂടെ പായ് വഞ്ചിയായ് ഞാൻ തുഴഞ്ഞു നീങ്ങി.
ഇനിയൊരതിഥിയായ് പോലുമാ ദിനങ്ങളെന്നിലേക്കെ-
ത്തുകയിലെന്ന് മനനം ചെയ്‌തെപ്പോഴെന്റെ
മിഴിക്കുമ്പിളുകൾ വാർന്നൊലിച്ചു.
ആശയായും ആശ്രിതനായും കഴിഞ്ഞയാ
പകലുകളെല്ലാം ശോഭനമായ പ്രപഞ്ചത്തിന്റെ
വരദാനമായിരുന്നു
മൃതിയിലാണ്ട ആ രാവുകളിലെ കിനാക്കളെല്ലാം
നിഷ്കളങ്കമായ ബാല്യത്തിന്റെ പ്രത്യാശകളായിരുന്നു.
നിദ്രയിലാണ്ട രാവുകളും കാന്തിയുള്ള പകലുകളും
ഒരു യുഗത്തിന്റെ ഓർമയായ് പരിണമിച്ചു.

vpm

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply