തൊഴിലാളി ദിനം

4693 Views

thozhilali-dhinam

മനുഷ്യ മനസ്സുകളിൽ ഭീതി പരത്തിക്കൊണ്ടു് കൊറോണ സമ്മാനിച്ച ദുരിതങ്ങളിൽ, കഴിഞ്ഞ നാലു ദിവസമായി എന്റെ കുടുംബം മുഴുപട്ടിണിയിലായിരുന്നു. ഇന്നാണു് എന്റെ രണ്ടു മക്കളും വയറു നിറച്ച് ആഹാരം കഴിച്ചത്. കരിപ്പായതോടെ കമ്പനിയിൽ നിന്നുയരുന്ന നിത്യ ചൂളം വിളിയോ കാട്ടു കുറുക്കന്മാരിൽ നിന്നുയരുന്ന പതിവു സംഗീതമോ കേൾക്കാൻ കാത്തു നിൽക്കാതെ അവർ ഉറക്കം പ്രാപിച്ചു. മക്കളുടെ സന്തോഷത്താൽ മതിമറന്ന് ഭർത്താവിനെ പോലും ഗൗനിക്കാതെ എന്റെ സഹധർമ്മിണിയും നിദ്ര കൈ കൊണ്ടു.
എനിക്കെന്തുകൊണ്ടോ ഉറക്കം വന്നില്ല. കാര്യമായ അസുഖങ്ങളൊന്നുമില്ലാത്ത എനിക്ക് നാളെയെ കുറിച്ചുള്ള ചിന്തയാണ് ഉറക്കത്തിന് വില്ലനായി കൂട്ടു വന്നിരിക്കുന്നത്. എന്റെ കുടുംബത്തിന്റെ ചെറിയതും പരിമിതവുമായ ഈ സന്തോഷം എനിക്കു നിലനിർത്താനാകുമോ
എന്ന ആശങ്ക എന്നെ വല്ലാതെ അലട്ടിക്കൊണ്ടിതുന്നു.

പിതാവിന്റെ വിയോഗത്തിനു ശേഷവും ഞങ്ങൾ നാലു സഹോദരങ്ങളും ഒരുമിച്ച് ഒരു കൂട്ടു കൂടുംബമായി താമസിച്ചു. വിവാഹാനന്തരം സ്വന്തമായി ഒരു വീടും കുടുബവും വേണമെന്ന കല്പന ഭാൎയ്യമാരിൽ നിന്ന് എന്റെ സഹോദരന്മാർ പഠിച്ചു. ആദ്യം വന്നവൻ ആദ്യം പുറത്ത് എന്ന മാനദണ്ഡത്തിൽ ഭാഗാധാര പ്രകാരം എന്നിക്കു കിട്ടിയ എട്ടു സെൻറ് സ്ഥലത്തു് ഒരു ചെറിയ വീടു വെയ്ക്കുവാൻ വേണ്ടി സൗദാമിനിയുടെ മിന്നിത്തിളങ്ങുന്ന കെട്ടുതാലി പൊന്നു നൂലിൽ നിന്ന് കറുത്ത ചരടിലേക്ക് സ്ഥാനാരോഹണം പ്രാ പിച്ചു.

ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ ചിലപ്പോൾ ലൈറ്റില്ല അസംസ്കൃത സാമഗ്രികളില്ല മാസം കഴിഞ്ഞുകൂടാൻ തന്നെ വിഷമിക്കണം. കൊറോണയുടെ ആഗമനം അതിനും മാർഗ്ഗമില്ലാതാക്കി. പൂട്ടിക്കിടക്കുന്ന കമ്പനിയുടെ വാതിൽക്കൽ എന്നും ചെല്ലുമായിരുന്നു. നിരാശയോടെ മടങ്ങുന്ന ദിവസങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഇന്നാണ് കുറച്ചാളുകളെ കാണാൻ കഴിഞ്ഞത്. മനസ്സിൽ ആയിരംതിരമാലകൾ ഉയർന്നു. കമ്പനി തുറന്നു പ്രവർത്തിക്കാൻ പോകുന്നു എന്ന പ്രതീക്ഷ യാഥാർത്ഥ്യമായി.

ഇന്നു കമ്പനിയുടെ ഗേറ്റിനു സമീപം വമ്പിച്ച പ്രകടനമായിരുന്നു. ജോലിക്കാരല്ലാത്ത പലരും പരിപാടിയിൽ പങ്കെടുത്തു. പിരിഞ്ഞു പോരുമ്പോൾ എല്ലാവർക്കും അഞ്ഞൂറു രൂപ വീതം സംഘാടകർ തന്നിരുന്നു. മനസ്സിൽ ഒരായിരം സ്വപ്നങ്ങൾ ഉണർന്നു ഞാൻ സന്തോഷം കൊണ്ടു തുള്ളിച്ചാടി. പോരുമ്പോൾ ഞാൻ നേതാവിനോടു ചോദിച്ചു സാർ, അടുത്ത മോർച്ച എപ്പോഴാണ്? അദ്ദേഹം പറഞ്ഞു ഈ മോർച്ച എല്ലാ വർഷവും മെയ് ഒന്നിനു മാത്രമേ ഉണ്ടായിരിക്കുകയുള്ളു. ഇനി അടുത്ത വർഷം. എന്റെ മുഖം വിളറി. ഞാൻ അസ്വസ്ഥനായി. ഇത്രയും ബുദ്ധിഹീനനായി പോയല്ലൊ എന്നോർത്തു ദു:ഖിച്ചു. മലയാളം അറിയാത്ത മലയാളി എന്ന പോലെ തൊഴിലാളി ദിനം അറിയാത്ത തൊഴിലാളി. അവശന്മാർ, ആർത്തൻമാർ, അവലംബഹീനന്മാർ ഞങ്ങളുടെ സങ്കടം ആരറിയാൻ?

രാമകൃഷ്ണൻ എടത്തേടൻ.

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply