ഒരു ലോക്കഡൗണ് പൂച്ചകളുടെ കഥ.
സുകുമാരൻ കോണോത്
വലിയ ഒരു നഗരത്തിൽ സമ്പന്നന്മാരുടെ മാത്രമായ ഒരു കോളനിയിൽ ,വിദേശത്തു കുറേകാലം ജോലി ചെയ്ത് ധാരാളം പണം സമ്പാദിച്ചു തിരിച്ചു വന്ന ധനികൻ ഭാര്യാസമേതം താമസിച്ചിരുന്നു.
ഇരുവരും, ആഡംബരക്കാറുകള് അവയെ ഓടിക്കാൻ സാരഥികൾ,വീട്ടുജോലിക്കാർ,തോട്ടക്കാർ ഒക്കെ ആയി ആമോദത്തോടെ വസിച്ചുവന്നു .
ആ വീട്ടിൽ ആഢ്യവർഗ്ഗത്തിൽ പെട്ട രണ്ടുപൂച്ചകൾ അവരുടെ കൂടെ താമസിച്ചു. ജർമൻ രക്തമുള്ള വിദേശ നിർമിതമായ സങ്കരങ്ങൾ . ധാരാളം രോമമുള്ള തടിച്ച വാൽ,പ്രത്യേക നീല നിറമുള്ള കണ്ണുകൾ, ലോക്കലായി കാണാത്ത നിറം , ഇതെല്ലം അവരുടെ പ്രത്യേകതകൾ .
അവരുടെ ഭക്ഷണം വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത ,മാംസ മൽസ്യ സമീകൃതാഹാരം.
കീഴ്‌ക്കോറഞ്ഞ നാടൻ ജാതിക്കരു മായി സംബന്ധത്തിലേർപ്പെടുമോ എന്ന് പേടിച്ചു ധനികൻ മാർജാരന്മാരെ പുറത്തു വിടാറില്ല
അങ്ങിനെ ഇരിക്കുമ്പോളാണ് കോവിഡ് മഹാമാരി പടർന്നു പിടിക്കാൻ തുടങ്ങിയത് ,പിന്നെ ലോക്‌ഡൗണും
കോളനിക്കു പുറത്തു പോകാൻ പാടില്ല.സാധനങ്ങൾ അകത്തേക്ക് വരുന്നത് കുറഞ്ഞു. പാൽക്കാരനും വരവ് നിർത്തി .
ധനികൻ പൂച്ചകളോട് പറഞ്ഞു
“ഇന്ന് മുതൽ പാലില്ല .വെള്ളം കുടിച്ചാൽ മതി”
പൂച്ചകൾ അനുസരിച്ചു
ലോക്‌ഡോൺ തുടർന്നു
ഇമ്പോർട്ടഡ് പൂച്ച ഭക്ഷണത്തിന്റെ സ്റ്റോക്ക് തീർന്നു.പൂച്ചകൾക്ക് വീട്ടിലുണ്ടാക്കിയ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ മാത്രം. അവർ സഹിച്ചു .ചോറെന്താണെന്നു മനസ്സിലായി.
ലോക്‌ഡോൺ പിൻവലിച്ചില്ല .
ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ ഇല്ലാതായി .ധനികൻ പൂച്ചകളോട് വീണ്ടും പറഞ്ഞു.
“ഇനി നിങ്ങൾ എലിയെ പിടിച്ചു തിന്നുകൊള്ളുക”
ധനികൻ പറഞ്ഞത് മനസ്സിലാകാതെ പൂച്ചകൾ പരസ്പരം നോക്കി .
“എലികളോ അതെന്താണ്?”
“ഗണപതിവാഹനരിപുക്കളെ വിശക്കുമ്പോൾ മനസ്സിലാവും “ധനികൻ ഉവാച.
ശരീരത്തിൽ കുറച്ചു ജർമൻ ചോര ഒഴുകുന്നത് കൊണ്ട് സംസ്‌കൃതം ഉടനെ മനസ്സിലായി . പൂച്ചകൾ ആദ്യമായി പുറത്തേക്ക് പോയി.എലികളെ പിടിച്ചു ഭക്ഷിച്ചു വിശപ്പടക്കി.കൂടാതെ നാടൻ മാർജാരന്മാരുമായി അല്പം നേരം പോക്കും.
ലോക്‌ഡോൺ തീരുന്നില്ല.
ഒരു ദിവസം പൂച്ചകൾ വീട്ടിൽ വന്നപ്പോൾ ധനികൻ അവരോട് പറഞ്ഞു,
“ഇനി നിങ്ങൾ എലിയെ പിടിക്കുമ്പോൾ രണ്ടുമൂന്നെണ്ണം കൂടുതൽ പിടിച്ചോളൂ ”
കോളനിയിൽ എലികൾ തീർന്നു.
എലികളില്ലാതെ പൂച്ചകൾ വീട്ടിൽ പോയി ധനികന്റെ മുഖത്തേക്ക് നോക്കി.
ചൈനയിലെ വുഹാനിലെ വെറ്റ് മാർക്കറ്റിന്റെ ടീവി ദൃശ്യങ്ങൾ ഒരു ഞെട്ടലോടെ അവരുടെ മനസ്സിൽ തെളിഞ്ഞു വന്നു.പിന്നെ പ്രാണഭയത്തോടെവീട്ടിൽ നിന്നും പുറത്തേക്കു ചാടി വിദൂരതയിലേക്ക് പറന്നു