അവൾ സുന്ദരി

684 Views

She Beautiful by Arathi Sankar

അവളുടെ വശ്യഭംഗി ആരെയും ആകർഷിക്കാൻ പോന്നതായിരുന്നു ;

തിളക്കമാർന്ന കരിനീല കണ്ണുകളും, ഇക്കിളിക്കൊഞ്ചൽ പോലുള്ള ചിരിയും, മിനുസമായ മേനിയും , ഹൃദ്യമായ നനുത്ത ഗന്ധവും അവൾക്കു പൂർണ്ണതയേകി.

ഒരേയൊരു നോക്കുകൊണ്ടു കാഴ്ചക്കാരൻറെ ഹൃദയധമനിയിലേക്കിരച്ചു കയറി പ്രതിഷ്ഠ നേടിയെടുക്കുന്നവൾ ;

എത്ര വർണ്ണിച്ചാലും വറ്റാതെ ഒഴുകുന്ന സൗന്ദര്യത്തിനുറവ.

മഹാ കവികളുടെ തൂലികകൾക്കു പോലും പൂർണത ചോരാതെ ഒപ്പിയെടുക്കാനാവാത്ത രൂപഭംഗിക്കുടമ.

കലാഹൃദയങ്ങളുടെ ആത്മാവിനെ ആഴത്തിൽ തൊട്ടുണർത്തി അവരുടെ ഹൃദയതാളുകളിലെ ഒരേട് എന്നെന്നേക്കുമായി സ്വന്തമാക്കിയ അപ്സരകന്യക .

സർവ്വാലങ്കാരവിഭൂഷിതയായി, കണ്ണഞ്ചിപ്പിക്കും വെള്ളിവെളിച്ചത്തെ സാക്ഷിയാക്കി, ശബ്ദഘോഷങ്ങളോടുകൂടെ താളത്തിൽ ആർത്തിരമ്പി പെയ്തിറങ്ങിയാലും ,

ഒരു കുഞ്ഞു ചാറ്റൽ മഴയായി രൂപപ്പെട്ടു നിന്റെ കണികകൾ ഓരോ ഇലനാമ്പുകളിലും പതിപ്പിച്ചു, മരച്ചില്ലകളിലൂടെ പതിയെ ഒലിച്ചിറങ്ങി നീയി ഭൂമിയെ സ്പർശിച്ചാലും,

പെണ്ണേ , നീയെപ്പോഴും സുന്ദരിയാണ് ;

വിണ്ണിൽ നിന്നും മണ്ണിലേക്ക് മഴയായിറങ്ങിവന്ന നീയെന്നുമൊരു അത്ഭുതപ്രതിഭാസമാണ് ,

അവർണ്ണനീയമായ സൗന്ദര്യമാണ് .

—————————————————————————————————————————————-

മഴ എപ്പോഴും അങ്ങനെയാണല്ലോ . എത്ര നോക്കിനിന്നാലും മതിയാവാതെ വീണ്ടും വീണ്ടും ആസ്വദിക്കാൻ തോന്നും . ഓരോ ജലകണികയും നിലത്തേക്ക് പതിക്കുമ്പോൾ ഉള്ളിൽ എന്നുമൊരു ആർദ്രതയാണ് . വേദനകളെപ്പോലും മായ്ചുകളയാൻ ചിലപ്പോൾ മഴയ്ക്കു സാധിക്കാറുണ്ട് . നമ്മുടെ സങ്കടത്തിൽ നമ്മോടൊപ്പം കരഞ്ഞുതീർക്കാനായി ചിലപ്പോൾ മഴയും കൂട്ടുവരാറുണ്ട്.

ഇരുണ്ടുകൂടിയ മഴമേഘങ്ങൾക്കിടയിലൂടെ പമ്മിപ്പതുങ്ങി കൊച്ചു കൊച്ചു തുള്ളികളായി പെയ്തൊഴിയുന്ന മഴത്തുള്ളികളുടെ കുറുമ്പിനെ ഞാൻ ആസ്വദിക്കാറുണ്ട്.

ഞാൻ മഴയെ ഒരുപാട് സ്നേഹിക്കുന്ന മഴയുടെ കൂട്ടുകാരി.

—————————————————————————————————————————————-

ഒരു പരീക്ഷണമെന്ന രീതിയിൽ എഴുതിയതാണ്. തെറ്റുകുറ്റങ്ങളുണ്ടെങ്കിൽ ക്ഷമിക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ തീർച്ചയായും അറിയിക്കണം. നിങ്ങളുടെ വിലയിരുത്തലിലൂടെ ഞാൻ എന്റെ കുറവുകൾ തിരുത്തി അടുത്ത തവണ കൂടുതൽ മെച്ചപ്പെട്ട രചനയുമായി മടങ്ങി വരാം.

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply