Site icon Aksharathalukal

നിഴൽ – 8

nizhal-novel

രണ്ടും കല്പിച്ചവൾ ആ കോള്

അറ്റൻറ് ചെയ്തു.

ങ്ഹാ, മേഡം… ഇത് രാജനാണ്, ഞാൻ വിളിച്ചത്,, എനിക്ക് കുറച്ച് കാശിന് അത്യാവശ്യമുണ്ടായിരുന്നു, നാട്ടിലേയ്ക്ക് അയക്കാനാണ്, ഭാര്യയ്ക്ക് ദീനം കുറച്ച് കൂടുതലാന്ന് മോള് വിളിച്ച് പറഞ്ഞു ,ഇപ്പോൾ സവാരിയൊന്നുമില്ലാത്തത് കൊണ്ട്, കൈയ്യിൽ അഞ്ചിൻ്റെ പൈസയില്ല, അത് കൊണ്ടാണ് മാഡത്തെ ബുദ്ധിമുട്ടിക്കുന്നത് ,,അടുത്ത മാസം ഞാൻ തിരിച്ച് തന്നേക്കാം,,

റിസീവ് ബട്ടൺ ടാപ്പ് ചെയ്ത്

ഹലോ വെയ്ക്കുന്നതിന് മുമ്പ്  തന്നെ രാജൻ സംസാരം തുടങ്ങിയിരുന്നു,

അത് കൊണ്ടാണ് ഫോൺ അറ്റൻ്റ് ചെയ്തത്, ശാരദയാണെന്ന് തെറ്റിദ്ധരിച്ച് കൊണ്ട്,ഗീതയോടയാൾ തൻ്റെ ആവശ്യമുന്നയിച്ചത്.

അയ്യോ ചേട്ടാ.. ശാരദേച്ചി കുളിക്കുവാണല്ലോ? ഇറങ്ങുമ്പോൾ ഞാൻ വിവരം പറയാം

ആണോ ?അപ്പോഴിത്,,, അന്ന് ,,

കാറിൽ വച്ച് കണ്ട,,,

മേഡത്തിൻ്റെ കസിനാണോ ?

അറച്ചറച്ചയാൾ ചോദിച്ചു.

അതെ ചേട്ടാ…

എങ്കിൽ കുഞ്ഞൊന്ന് മറക്കാതെ മേഡത്തോട് ഞാൻ വിളിച്ച കാര്യം പറഞ്ഞേക്കണേ ,, അത്യാവശ്യമായത് കൊണ്ടാണ് കെട്ടോ,,

അയാൾ തൻ്റെ നിസ്സഹായത അവളെ ബോധ്യപ്പെടുത്തി.

ഓകെ ചേട്ടാ ,,,

തീർച്ചയായും പറയാം,,

ഒരു വിധത്തിൽ അയാളെ സമാധാനിപ്പിച്ച്, ഫോൺ വച്ചപ്പോഴാണ് ,ഗീതയ്ക്ക് ശ്വാസം നേരെ വീണത് .

അവൾ വീണ്ടും, അബോധാവസ്ഥയിലുള്ള  ശാരദയുടെ അരികിലേയ്ക്ക് ചെന്ന് ആപാദചൂഡം വീക്ഷിച്ചു.

അവരുടെ ഇടത് ചെവിയിലൂടെ  ചുട് ചോര, നിറഞ്ഞൊഴുകുന്നത് കണ്ട ഗീതയ്ക്ക് ഞെട്ടലുണ്ടായി

ഭീതിയോടെ അവൾ അവരെ മലർത്തി കിടത്തിയിട്ട് മൂക്കിൽ വിരൽ ചേർത്തു വച്ചു.

വിരൽത്തുമ്പിൽ കുറച്ച് മുൻപ് അനുഭവിച്ചത് പോലെ,

ചൂട്ശ്വാസം കിട്ടാതെ വന്നപ്പോൾ അവളുടെ ആശങ്ക വർദ്ധിച്ചു.

വെപ്രാളത്തോടെ അവരുടെ

ഇടത് കഴുത്തിൽ ,തൻ്റെ ചൂണ്ട് വിരലും, നടുവിരലും ചേർത്ത് അമർത്തിപ്പിടിച്ച് നോക്കി,

ഇല്ല അവിടെയും നാഡിമിടിപ്പില്ല

അവരുടെ കൈത്തണ്ടയിലും നെഞ്ചിനുലുമൊക്കെ കൈ വച്ച് നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം .

അവരുടെ ശരീരത്തിൽ നേരിയ പൾസുപോലുമില്ലെന്നറിഞ്ഞ ഗീത ,തരിച്ച് നിന്ന് പോയി.

ശാരദയെന്ന മദ്ധ്യവയസ്ക മരിച്ചിരിക്കുന്നു

ആ യാഥാർത്ഥ്യബോധം അവളെ കൂടുതൽ ഭയചകിതയാക്കി.

ഇനി തനിക്ക് രക്ഷപെടാനാവില്ല

ശാരദയുടെ മരണം വൈകാതെ മറ്റുള്ളവരറിയും അധികനേരം തനിക്ക് സത്യം മറച്ച് വയ്ക്കാനാവില്ല

കാശിനത്യാവശ്യമുള്ളത് കൊണ്ട് ഡ്രൈവർ രാജൻ വീണ്ടും വിളിക്കും, അപ്പോൾ അയാളോടെന്ത് മറുപടി പറയും?

ഭയാശങ്കകൾ അവളുടെ ഹൃദയതാളം വേഗത്തിലാക്കി.

എന്ത് ചെയ്യണമെന്നറിയാതെ, ഗീത  ആ കട്ടിലിൽ തന്നെ തളർന്നിരുന്നു.

ഒരു നിമിഷം, അവളുടെ ചിന്തകൾ നാട്ടിലേയ്ക്ക് സഞ്ചരിച്ചു.

പ്രായപൂർത്തിയായ തൻ്റെ പെൺമക്കൾ ,പ്രായമേറെയായിട്ടും ജീവിതം മുന്നോട്ട് കൊണ്ട് പോകാനായി പെടാപാട് പെടുന്ന പാവം തൻ്റെ അമ്മ ,

തനിക്കെന്തെങ്കിലും സംഭവിച്ച് പോയാൽ അവർക്ക് പിന്നെ ആരാണുള്ളത് ??

അവൾ സ്വയം ചോദിച്ചു.

ഇല്ല തളരാൻ പാടില്ല ,താൻ ഉയിർത്തെഴുന്നേറ്റേ മതിയാവു,,,

കാപട്യം നിറഞ്ഞ ഈ ലോകത്ത് ,തന്നെ പോലെയൊരു സാധാരണ സ്ത്രീയ്ക്ക് പിടിച്ച് നില്ക്കണമെങ്കിൽ, കുറച്ച് ആത്മധൈര്യം കൂടിയേ തീരൂ,

അതിന് വേണ്ടി, ചില കടുംകൈകൾ ചെയ്യേണ്ടി വന്നാൽ, അതിനും മടിക്കേണ്ടതില്ല,,

ഉള്ളിൽ നിന്നാരോ തന്നോട് പറയുന്നത് പോലെ അവൾക്ക് തോന്നി .

മെല്ലെ മെല്ലെ, അവൾ തൻ്റെ മനസ്സിനെ പാകപ്പെടുത്തിയെടുക്കുകയായിരുന്നു.

കുടുംബത്തെക്കുറിച്ചോർത്തപ്പോൾ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യാൻ കെല്പുള്ള ഒരു സ്ത്രീയായ് മാറാൻ, അതിനകം തന്നെ  അവൾ ഉൾക്കരുത്ത് നേടിക്കഴിഞ്ഞിരുന്നു .

ഒട്ടും താമസിക്കാതെ ,തൻ്റെ മനസ്സിൽ ചില കണക്ക് കൂട്ടലുകളൊക്കെ നടത്തി,

എത്രയും വേഗം അവിടെ നിന്ന് രക്ഷപെടാനുള്ള തന്ത്രങ്ങൾ മെനഞ്ഞു,

പക്ഷേ, ശാരദയുടെ ഡെഡ് ബോഡി ഇവിടെ ഉപേക്ഷിച്ച് പോയാൽ, താൻ പോലീസിൻ്റെ പിടിയിലാകും ,അത് കൊണ്ട്, ബോഡി ഇവിടെ നിന്ന് മാറ്റണം,,

അതെങ്ങനെയെന്ന് അവൾ ,

തല പുകഞ്ഞാലോചിച്ചു.

ഒടുവിൽ ഒരു തീരുമാനത്തിലെത്തിയ ഗീത, ഡ്രൈവർ രാജൻ്റെ ഫോണിലേയ്ക്ക് വിളിച്ചു.

ങ്ഹാ ചേട്ടാ ,, ഞാനാണ് ഗീത , ശാരദേച്ചി കുളി  കഴിഞ്ഞ്  ,എന്തോ അത്യാവശ്യത്തിന്  പുറത്തേയ്ക്ക് പോയി. പിന്നെ,, ചേട്ടന് എത്രയാ വേണ്ടതെന്ന് ചോദിച്ചിട്ട് ,തരാനായി എന്നെ കുറച്ച് പൈസ ഏല്പിച്ചു ,

ഒരു മണിക്കൂറ് കഴിഞ്ഞ് ,ഇവിടേയ്ക്ക് വരികയാണെങ്കിൽ ,

പൈസ തരാം ,മാത്രമല്ല എന്നെ റെയിൽവേ സ്റ്റേഷനിലേയ്ക്ക് ഒന്ന് ഡ്രോപ്പ് ചെയ്യുകയും വേണം

അതേയോ? എന്നാൽ  മോളെ,,, ഞാൻ വരാം,, പിന്നേ, എനിക്ക് ഒരു പതിനായിരം രൂപയായിരുന്നു, വേണ്ടിയിരുന്നത് ,,,

അയാൾ ലേശം മടിയോടെയാണത് പറഞ്ഞത്.

അയ്യോ ചേട്ടാ …

അയ്യായിരം രൂപയാണ്, ശാരദേച്ചി എന്നെ ഏല്പിച്ചിരുന്നത്, കുഴപ്പമില്ല ചേട്ടൻ വിഷമിക്കേണ്ട, ബാക്കി അയ്യായിരം ഞാൻ തന്നോളാം, പക്ഷേ എനിക്ക് ചേട്ടൻ ഒരു സഹായം കൂടി ചെയ്യണം,

അതിനെന്താ മോളേ …

എന്ത് വേണമെങ്കിലും പറഞ്ഞോളു പിന്നേ മോള് തരുന്ന പൈസ ഞാൻ അടുത്ത മാസം മാഡത്തിൻ്റെ പൈസയോടൊപ്പം തിരിച്ച് തന്ന് കൊള്ളാം കെട്ടോ ?

ഓഹ്, അതെനിക്ക് തിരിച്ച് തരണ്ട ചേട്ടാ … ചേച്ചിയെ ചികിത്സിക്കാനല്ലേ?

അതെൻ്റെയൊരു ചെറിയ സഹായമായി കൂട്ടിയാൽ മതി ,എങ്കിൽ പിന്നേ,,, ചേട്ടൻ, ഒരു കാര്യം ചെയ്യ് ,ഒരു പതിനൊന്നരയാകുമ്പോൾ കാറുമായി വന്ന് കൊള്ളു ,അപ്പോഴേയ്ക്കും ഞാൻ റെഡിയായി നില്ക്കാം, എന്നെ റെയിൽവേ സ്‌റ്റേഷനിലിറക്കിയിട്ട് എൻ്റെയൊരു ലഗ്ഗേജ് ഏതെങ്കിലും വിശ്വസനീയമായ കൊറിയർ സർവ്വീസിൽ ഒന്ന് കൊണ്ട് കൊടുക്കണം, അയക്കാനുള്ള അഡ്രസ്സും, അതിനുള്ള ക്യാഷും ഞാൻ തരാം, ചേട്ടന് ബുദ്ധിമുട്ടൊന്നുമില്ലല്ലോ അല്ലേ?

ഹേയ്,, എന്ത് ബുദ്ധിമുട്ട് മോളേ .. ?ഞാൻ എല്ലാം ഭംഗിയായി ചെയ്തോളാം,,

ഓകെ അപ്പോൾ ഒരു പതിനൊന്നരയാകുമ്പോൾ വന്നോളു ഞാൻ റെഡിയായി നില്ക്കാം

അത്രയും പറഞ്ഞ് ഫോൺ കട്ട് ചെയ്യുമ്പോൾ താനിനി ചെയ്യാൻ പോകുന്നത്, തികച്ചും വെല്ലുവിളി നിറഞ്ഞൊരു കാര്യമാണെന്ന ചിന്ത അവളെ കൂടുതൽ ജാഗരൂഗയാക്കി .

######################

ഇതിന് വല്ലാത്ത വെയിറ്റാണല്ലോ മോളേ…ഇതിനകത്തെന്തുവാ?

വല്ല കരിങ്കല്ലുമാണോ?

ഗീതയോടൊപ്പം ആ വലിയ ട്രോളിബാഗ് പിടിച്ച് തൻ്റെ കാറിൻ്റെ ഡിക്കിയിലേയ്ക്ക് വയ്ക്കുമ്പോൾ രാജൻ അതിശയത്തോടെ ചോദിച്ചു

അതൊരു

എയർക്രാഫ്റ്റിനുള്ള സ്പയർ പാർട്സുകളാണ് ,ഞാനൊരു ചെറിയ വിമാനം ഉണ്ടാക്കാനായി ഓൺലൈനിൽ വരുത്തിയതാണ്, പക്ഷേ, വന്നത് റോംങ്ങ് ഐറ്റമായിരുന്നു, അതിപ്പോൾ റിട്ടേൺ ചെയ്യുവാ,

ങ്ഹേ, മോൾക്ക് വിമാനമുണ്ടാക്കാനൊക്കെ അറിയുമോ?

അയാൾ അത്ഭുതം കൂറി

പിന്നില്ലേ? അതിനല്ലേ ഞാൻ, അഞ്ച് വർഷം  സിവിൽ ഏവിയേഷൻ കോഴ്സിന് പോയത്, ഇവിടെ നിന്ന് സ്വന്തമായി ഒരു വിമാനമുണ്ടാക്കി അതിൽ തിരിച്ച് നാട്ടിലേയ്ക്ക് പോകണമെന്നാണ് എൻ്റെ അംബീഷൻ,,,

അത് കൊള്ളാമല്ലോ? മോളേ കലക്കി ,അപ്പോൾ ഞാൻ വിചാരിച്ചത് പോലെ ആള് ചില്ലറക്കാരിയല്ലല്ലോ?

അയാൾ ഗീതയെ അഭിനന്ദിച്ചു,

എങ്കിൽ നമുക്ക് പോകാം ചേട്ടാ ..

ഡിക്കി അടച്ചിട്ട് അവൾ പറഞ്ഞു.

ശരി മോളേ ..

ഇതാ പതിനായിരം രൂപാ .. ഇതാണ് പാഴ്സൽ അയക്കാനുള്ള അഡ്രസ്സ്, പിന്നെ വളരെ വിലപിടിപ്പുള്ള സാധനമാണെന്നും സേയ്ഫായിട്ടെത്തിക്കണമെന്നും അവരോട് പറയണം,,

കാറിൻ്റെ മുൻ സീറ്റിലേയ്ക്കിരുന്ന ശേഷം അവൾ പറഞ്ഞു

അതൊക്കെ ഞാനേറ്റു മോളേ ..

പിന്നെ, ഇത് ചേച്ചിയുടെ കുറച്ച് ഓർണമെൻറ്സാണ്, അത് ഫ്ളാറ്റിൽ വച്ചിട്ട് വരാൻ, എനിക്കൊരു മടി ,ചേട്ടനിത്, എന്നെ വിട്ട് തിരിച്ച് വരുമ്പോൾ, മാഡത്തിനെ ഏല്പിച്ചാൽ മതി കെട്ടോ ?

അന്ത്യസമയത്ത് ശാരദയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളായിരുന്നത്.

ഗീത ,അയാളെ അത് ഏല്പിച്ചത് മനഃപ്പൂർവ്വമായിരുന്നു,

സന്തോഷത്തോടെ ആഭരണപ്പൊതി വാങ്ങി തൻ്റെ പാൻ്റ്സിൻ്റെ കീശയിലേയ്ക്കിട്ട് കൊണ്ട്, രാജൻ കാറ് സ്റ്റാർട്ട് ചെയ്ത്  മുന്നോട്ടെടുത്തു.

അപ്പോൾ ശരി ചേട്ടാ .. ഞാൻ പൂനെയിലേയ്ക്കൊന്ന് പോകുവാണ്, തിരിച്ച് വന്നിട്ട് കാണാം,

താനെ റെയിൽവേ സ്റ്റേഷനിലിറങ്ങിയിട്ട് ,അവൾ രാജനോട് ബൈ പറഞ്ഞു.

അയാൾ ചിരിച്ച് കൊണ്ട് കാറുമായി പോകുന്നത്, നിർന്നിമേഷയായവൾ അല്പനേരം നോക്കി നിന്നു.

അതിന് ശേഷം അടുത്ത് കണ്ട ടെലിഫോൺ ബൂത്തിൽ കയറി, കൊയിൻ ബോക്സിൽ വെള്ളി രൂപ നിക്ഷേപിച്ചിട്ട് ,പോലീസിൻ്റെ കൺട്രോൾ റൂം നമ്പരിലേക്ക് വിളിച്ചു.

പബ്ളിക് ബൂത്തിൽ നിന്നിറങ്ങുമ്പോൾ ,ഒരു വലിയ ദൗത്യം പൂർത്തിയാക്കിയതിൻ്റെ നിർവൃതിയിലായിരുന്നവൾ,

അനിത പറഞ്ഞ കഥയിൽ രാജനെന്ന കഥാപാത്രം, ഒരു ചെകുത്താനായിരുന്നു ,. ക്രൂരനായ അയാൾ, റെഡ് സ്ട്രീറ്റിലെ അറിയപ്പെടുന്ന  ഒരു പിമ്പായിരുന്നു, നിരവധി പെൺകുട്ടികളെയാണയാൾ ശാരദയ്ക്ക് കാഴ്ചവച്ചിട്ടുള്ളത്,

അത് കൊണ്ടാണ് ,ശാരദയുടെ പൊതിഞ്ഞ് കെട്ടിയ ഡെഡ് ബോഡി, പാഴ്സലാക്കി,  അയാളെ ഏല്പിച്ചത്,

ഇപ്പോൾ പോലീസിനോട് പറഞ്ഞതും മറ്റൊന്നുമല്ല,,

MH – 4 $#$# രജിസ്ട്രേഷനുള്ള ടാക്സിക്കാറിനുള്ളിൽ ഒരു ഡെഡ് ബോഡിയുണ്ടെന്നും ,അത് കടലിൽ തള്ളാൻ കൊണ്ട് പോകുകയാണെന്നുമാണ് ,ഒരു അനോണിമസ് കോളിലൂടെഅവൾ പോലിസിനെ ധരിപ്പിച്ചത്.

അധികം താമസിയാതെ, അയാൾ പോലീസിൻ്റെ പിടിയാലാകും,

ശാരദയുടെ ആഭരണവും ,പണവും കൈക്കലാക്കാനാണ് രാജനത് ചെയ്തതെന്ന് പോലീസ് വിധിയെഴുതും,,

അതോടെ എന്നെന്നേയ്ക്കുമായി അയാൾ തുറുങ്കിലടയ്ക്കപ്പെടും,,

അങ്ങനെ, ഒരു നീചനെ ഇല്ലായ്മ ചെയ്യുന്നതിനോടൊപ്പം, തനിക്കീ കുരുക്കിൽ നിന്നും രക്ഷപെടാമെന്നുമുള്ള, അവളുടെ തന്ത്രത്തിൻ്റെ, ആദ്യപടിയാണ് കഴിഞ്ഞത്.

പിന്നെ ഒട്ടും സമയം കളയാതെ,

അവിടെ നിന്ന്, മറ്റൊരു ടാക്സിയിൽ ഗീത കയറി .

എങ്ങോട്ടേയ്ക്കാണെന്ന അർത്ഥത്തിൽ ഡ്രൈവർ തിരിഞ്ഞ് നോക്കി,

പൂനെ ,,,

ഇവിടെ നിന്നും കുറച്ച് ദൂരെ എവിടേക്കെങ്കിലും ആദ്യമൊന്ന് മാറിനില്ക്കണം ,അതിന് ശേഷം ഒന്ന് റിലാക്സായിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം

ആ ഒരു തീരുമാനത്തിലാണ്, ഗീത ടാക്സിയിൽ കയറിയത്,

ഒരു ദീർഘദൂര ട്രിപ്പ് കിട്ടിയ സന്തോഷത്തിൽ, ചെറുപ്പക്കാരനായ

ഡ്രൈവർ ,വണ്ടി മുന്നോട്ട് പായിച്ചു.

ബായ്ക്കിലെ സീറ്റിലേയ്ക്ക് ചാരിയിരുന്ന് കൊണ്ട്, ഗീത തൻ്റെ ബാഗ് ഒരിക്കൽ കൂടി പരിശോധിച്ചു.

ശാരദ, സ്വന്തം വാർഡ്റോബിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന, വിലപിടിപ്പുള്ള ഡയമണ്ട് നെക്ലസും, അഞ്ഞൂറിൻ്റെ നാലഞ്ച്കെട്ട് നോട്ടും അതിൽ തന്നെയുണ്ടെന്ന് ഉറപ്പിച്ചിട്ട്, പുറകിലേയ്ക്ക് പാഞ്ഞ് പോകുന്ന വഴിയോരക്കാഴ്ചകളിലേയ്ക്ക് അവൾ കണ്ണ് നട്ടിരുന്നു.

തുടരും ,

സജി തൈപ്പറമ്പ്.

 

 

സജി തൈപ്പറമ്പ് ൻ്റെ കൂടുതൽ കഥകൾ വായിക്കുക

Novels

 

5/5 - (1 vote)
Exit mobile version