ഓര്മകളില്ലാതെ

1102 Views

aksharathalukal-malayalam-kavithakal

സ്മൃതി തൻ
സൂര്യതേജസ്സ് മായുകിൽ
തമോഗർത്തത്തിലാഴുന്നു
കാലവും ചിന്തയും
ആത്മബന്ധങ്ങളും…. !

ഒരു മിന്നാമിനുങ്ങിന്റെ
ചെറു തരി വെട്ടം പോൽ,
നിമിഷാർധമോർമകൾ
തെളിയുന്ന വേളയിൽ,
തന്നെ തനിക്കെന്തേ നഷ്ടമായെന്നോര്‍ത്തു്‌
നൊമ്പരം കൊണ്ടാ
പ്രാണൻ പിടയ്ക്കുമോ …?

നിറമില്ലാ മറവി തന്‍
നിറമഞ്ഞ് വീണിട്ടാ
നിനവും കനവും
നിഴൽ രൂപമായെന്നോ
ചെറുചില്ല പ്പൂക്കളും
അവ പൂകും ശലഭവും,
തെളിനീരരുവിയും,
ഇളം പുല്‍നാമ്പും
ഇല്ല തെളിച്ചം,
നിറച്ചാര്‍ത്തും ഭംഗിയും
എല്ലാമസ്പഷ്ടമാ
വെൺപട്ടു മൂടുമ്പോൾ….

ഉള്ളിന്‍റെയുള്ളിലമൂല്യമായ്
സൂക്ഷിക്കും
വെള്ളാരങ്കല്ലും,
മയില്‍പീലിയും,
ആദ്യ പ്രണയത്തിന്‍
വാടാത്ത പൂമൊട്ടും,
ഓര്‍മ തന്‍ ചെപ്പിൽ നിന്നാരോ കവര്‍ന്നു പോം…..!

മറവി തൻ മാറാപ്പ്
പേറുന്ന ജീവനെ
ഒടുവിൽ മൃതി വന്നു
കൊണ്ടുപോകും,
നിനവുകളില്ലാ പ്രയാണശേഷം
ഒരു ചെറു താരമായ് പുനർജനിക്കാൻ… !

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Tags:

Leave a Reply