നൂറാം ദിവസം

3249 Views

100 days story

സമരത്തിന്റെ നൂറാം ദിവസമാണ് ഇന്ന്, വിഷം ശ്വസിക്കാതെയിരിക്കാൻ ഒരു ജനത നടത്തുന്ന സമരത്തിന്റെ നൂറാം ദിവസം. ഇത്രയും പ്രതിഷേധം സർക്കാരിനു അടുത്ത വർഷങ്ങളിലൊന്നും നേരിടേണ്ടി വന്നിട്ടില്ല. അതുകൊണ്ടു തന്നെ എല്ലാവിധ പ്രതിഷേധങ്ങളെയും തടയാനുള്ള സജജികരണങ്ങൾ തയ്യാറായിരുന്നു. അധികാരത്തിൽ എത്തി നൂറാമത്തെ ദിവസം ഖജനാവിലെ പണംകൊണ്ട് നാടുമുഴുവൻ ആഘോഷിച്ച സർക്കാരിനു ഈ നൂറാം ദിവസത്തിന്റെയും പ്രധാന്യം അറിയാമായിരുന്നു.

പ്രതിഷേധങ്ങൾക്കു രണ്ട് പതിറ്റാണ്ടിന്റെ കഥയുണ്ട്, സഹനശക്തിയുടെ അവസാന പരിധിയും കഴിഞ്ഞപ്പോഴാണ് ശക്തമായ സമരത്തിനു തുടക്കമായത്. ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഒഴിച്ച് ബാക്കിയെല്ലാ പാർട്ടികളും സമരത്തിനു കൂടെനിന്നു, ഭാവിയിൽ രാഷ്ട്രീയ പാർട്ടികൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർ വരെ ദിവസവും സമരക്കാർക്ക് അനുകൂലമായി രംഗത്ത് വന്നുകൊണ്ടിരുന്നു.

നഗരത്തിന്റെ പലയിടത്തും ബാരിക്കേഡുക്കൾ നിരന്നുകഴിഞ്ഞു. പോലീസ് വാഹനങ്ങൾ നഗരത്തിലൂടെ സദാസമയവും നിരീക്ഷണ ഓട്ടത്തിലാണ്. ജില്ലാ ഭരണകൂടം ആളുകൾ സംഘം ചേരാതെയിരിക്കാൻ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. നഗരത്തിന്റെ ഹൃദയഭാഗത്തു പോലീസ് ബസുകൾ നിരത്തിയിട്ടിരിക്കുന്നു. എന്ത് സാഹചര്യവും നേരിടാൻ ഉള്ള അത്രയും സന്നാഹവുമായാണ് പോലീസ് ഒരുങ്ങിനിന്നത്.

ശ്രീകുമാറും ഒരു ബസിനുള്ളിൽ തയ്യാറായിരുന്നു. അൽപ്പം പരിഭ്രമത്തിലായിരുന്നു അയാൾ, നേരിടാൻ പോകുന്ന പ്രതിഷേധത്തെ ഓർത്തായിരുന്നു അത്. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശങ്ങളിൽ രണ്ടായിരത്തിലധികം ആളുകൾ ആണ് പ്രതിഷേധത്തിനു ഇറങ്ങുന്നത്.സാധാരണയായി വീര്യം ഇല്ലാതെയാക്കുന്ന ഒന്നല്ല തന്റെ സേനയ്ക്ക് മുന്നിൽ ഉള്ളതെന്ന് അയാൾക്കറിയാമായിരുന്നു.

ജനത്തിന്റെ വലിയൊരു കൂട്ടം മുദ്രവാക്യങ്ങൾ ഉയർത്തികൊണ്ട് നഗരഹൃദയത്തിലേക്കു നടന്നുനീങ്ങിക്കൊണ്ടിരുന്നു. ലാത്തിയുമായി പോലീസ് നിരത്തിവെച്ച ബാരിക്കേഡുക്കൾക്കിപ്പുറം സജ്ജമായി അണിനിരന്നു.

“ശ്വസിക്കാൻ അല്‌പം ഓക്സിജൻ
കുടിക്കാൻ അല്‌പം വെള്ളം”

പ്രതിഷേധ മുദ്രാവാക്യങ്ങൾ ഉയർത്തിപിടിച്ചുകൊണ്ടു ഒരു ജനസാഗരം അവിടെയെത്തി.

ജില്ലാ പോലീസ് മേധാവി മൈക്കിലൂടെ കൂടിനിൽക്കുന്ന എല്ലാവരോടും പിരിഞ്ഞു പോകുവാൻ നിർദ്ദേശിച്ചു .
പുറകോട്ടു നീങ്ങുമെന്ന് കരുതിയ ജനകൂട്ടം ബാരിക്കേഡുക്കൾ തള്ളി മുന്നോട്ടു നിങ്ങാൻ തുടങ്ങി. പോലീസ് ശക്തമായി പ്രതിരോധം തീർത്തു. അടിയന്തിര സുരക്ഷസാഹചര്യം മുന്നിൽ കരുതി ശ്രീകുമാർ അടങ്ങുന്ന പോലീസുകാർ എസ്.എൽ.ആർ തോക്കുകളുമായി അണിനിരന്നു.

പോലീസ് ടിയർ ഗ്യാസ് ഷെല്ലുകൾ ജനത്തിനു നേരെ എറിഞ്ഞു. പ്രതിഷേധം ഒന്ന് പുറകോട്ട് അയഞ്ഞു, പെട്ടെന്നു കല്ലുകൾ പോലീസുകാർക്കും വാഹനങ്ങൾക്കും നേരെ പതിച്ചു ഉടനടി പോലീസ് ലാത്തിച്ചാർജ് തുടങ്ങി.

ശ്രീകുമാർ അടങ്ങുന്ന തോക്കേന്തിയ പോലീസുകാർ നിർദേശങ്ങൾ അനുസരിക്കാൻ തയ്യാറായി നിൽക്കുന്നു. ചെറിയൊരു ഭയം ശ്രീകുമാറിന്റെ ഉള്ളിൽ ഉണ്ടായി, ജനം പിന്മാറുന്നില്ല ശക്തമായ പ്രതിഷേധം നേരിടേണ്ടി വന്നിട്ടും ഇനിയും ഇതുപോലെ തുടർന്നാൽ ഒരുപക്ഷെ…
ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽക്കേണ്ട ഞങ്ങൾക്കു അവരുടെ ജീവനു അപകടം ഏൽപിക്കേണ്ടി വരുമോ?. ശ്രീകുമാർ ചോദ്യം അയാളുടെ ഉള്ളിൽതന്നെ ഉത്തരത്തിനായി സമർപ്പിച്ചു. അയാൾ അത് മറ്റാരുമായും പങ്കുവെക്കാൻ ശ്രമിച്ചില്ല. മനസ്സിന്റെ ഉള്ളിൽ തന്നെ സൂക്ഷിക്കേണ്ട ചിന്തക്കളാണ്
അതെന്നു അയാൾക്കറിയാമായിരുന്നു.

ദേശവിരുദ്ധ ശക്തിക്കളുടെ ഇടപെടൽ മൂലമാക്കുമോ ഇത്രയുമധികം ആളുകൾ ഒത്തുകൂടാൻ കാരണം?. നിർദ്ദേശങ്ങൾ അനുസരിച്ചു കൃത്യനിർവഹണം നടത്തുക അതാണു തന്റെ ചുമതല. ഈ കൂട്ടത്തിൽ നിന്ന് ദേശവിരുദ്ധരെ എങ്ങനെ തിരിച്ചറിയും. ഒരു നിരപരാധിയുടെ ജീവൻ നഷ്ടപ്പെട്ടാൽ താൻ ചെയുന്നത് കൊലപാതകമാക്കും.

പെട്ടെന്നു നിർത്തിയിട്ട പോലീസ് ജീപ്പ് തീയിൽ അമർന്നു, സംഘർഷം ഒരു അയവും സംഭവിക്കാതെ നിൽക്കുന്നു. ഓരോ സെക്കന്റുകളും ശ്രീകുമാറിനു ദൈർഘ്യമേറിയതായി അനുഭവപ്പെട്ടു. അയാളുടെ മുഖവും ശരീരവും എല്ലാ ആകുലതകളും മറക്കുന്നുണ്ടായിരുന്നു.തന്റെ കൂടെയുള്ള തോക്കേന്തിയ സഹപ്രവർത്തകരെ അയാൾ ഒന്ന് നോക്കി, അവരും തന്നെപോലെ നിൽക്കുന്നു. ചിലപ്പോൾ തന്നെപോലെ
ചിന്തക്കളുടെ ഭാരം പുറത്തുകാട്ടാതെയാവും നിൽക്കുന്നത്.

നെഞ്ചിടിപ്പിക്കുന്ന നിമിഷങ്ങളായിരുന്നു അത്. കളക്ടർ അക്രമാസക്തരായ ജനത്തിനു നേരെ വെടിയുതിർക്കാൻ ഉത്തരവിട്ടു. ശ്രീകുമാർ ജനത്തിനു നേരെ തോക്കുപിടിച്ചു ഉന്നം നോക്കി. അയാൾ അവിടെ അക്രമാസക്തരായ ജനത്തെയല്ല തിരിഞ്ഞു ഓടുന്ന ജനത്തെയാണ് കണ്ടത്. ഉത്തരവിടാനുള്ള അധികാരം തങ്ങൾക്കില്ലെങ്കിലും നടപ്പാക്കേണ്ടത് ഞങ്ങളാണ്.

ഈ ട്രിഗർ അമർത്താതെ ഇരിക്കാൻ സാധിച്ചെങ്കിൽ…

രാജ്യത്തിൻറെ നിയമം അനുസരിക്കുക അതാണ് നിയമപാലകന്റെ ചുമതല, അല്ലെങ്കിൽ താനാകും ദേശവിരുദ്ധൻ. താനിത് ചെയ്താൽ നിയമപാലനമായേ കാണു അല്ലെങ്കിൽ എന്നെയും പ്രതിഷേധക്കാരനായി കാണും.

ട്രിഗർ വിരലിനുള്ളിൽ അടക്കി അയാൾ ഈ ട്രിഗർ അമർത്താതെ ഇരിക്കാൻ സാധിച്ചെങ്കിൽ എന്ന് ഒന്നുകൂടെ ആത്മഗതം പറഞ്ഞു. സ്വതന്ത്രഇച്ഛ എന്നത് ഒരു മായയാണെന്നു ശ്രീകുമാർ തിരിച്ചറിഞ്ഞു. നിമിഷങ്ങൾക്കകം മാറി മാറി തോക്കുക്കളുടെ ട്രിഗർ പല വിരലുക്കളാൽ അമർത്തപെട്ടു.

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “നൂറാം ദിവസം”

Leave a Reply