വീണ്ടും വൃന്ദാവനത്തിലേക്ക്…

3097 Views

VEENDUM VRINDAVANATHILEKKU

മറഞ്ഞിരിക്കല്ലേ കണ്ണാ, കാണുവാനെന്നക്ഷിക്കു

കൊതിയേറെയാവുന്നുനിൻ മോഹന രൂപം   കാണ്മതിന്നായി…

മുരളികയെടുത്തൊന്നു വിളിക്കൂ  കണ്ണാ, എൻ കർണങ്ങൾ

കൊതിക്കുന്നു നിൻ സുന്ദര രവമൊന്നു കേൾക്കുവാനായി…

മയിൽപ്പീലിയെടുത്തു ചൂടുക മകുടത്തിൽ

കണ്ടു മനമാകെ  കേഴട്ടെയാമോദത്താൽ …

കാളിന്ദിയെവിടെ, കണ്ണാ ഗോവർദ്ധനമെവിടെ

വൃന്ദാവനത്തിലെ ഗോക്കളുമെവിടെ….

കാണുവാനേറെ മോഹമുണ്ടവിടുത്തെ സതീർഥ്യരാം

ബാലകബാലിക കൂട്ടങ്ങളെ…

ഗോപികമാരൊത്തു രമിച്ചീടു കണ്ണാ

നീ ഗോപാലരോടൊത്തു മദിച്ചീടു, നിത്യം…

കാളിയനെ മർദിച്ചു കൊന്നപ്പോലുള്ളൊരാ-

നന്ദ നർത്തനം ഒന്നാടു നീ വീണ്ടും…

അകിട് കവർന്നു കുടിച്ചീടും നേരത്തു മാതൃഹൃത്തിൻറെ

നെടുവീർപ്പിലാറാടും   ഗോക്കളെ കാണണം…

വിഷപ്പാലേറിയ  പൂതനമുലകളെ ചപ്പി വലിച്ചു കടിച്ചു കുടഞ്ഞ-

പ്പോളുണ്ടായ നിൻ പാൽപ്പുഞ്ചിരിയിലലിയുവാനാഗ്രഹം…

ഉറിയിലെ വെണ്ണ കവർന്നിടു ചോരാ

ഉറി,കല്ലാൽ ഉടച്ചു കട്ടീടുക, കാണട്ടെ…

ഉരലിനാൽ കെട്ടിയ കയറൂരിയെടുത്തോടു നീ

വീണ്ടും, അമ്മയെ കെട്ടിപ്പിടിച്ചുമ്മ വക്കു….

അത്രയ്കുമാഗ്രഹം വൃന്ദാവനത്തിലേക്കൊന്നെത്തിനോക്കാൻ

ക്രീഡകളിത്തരം പതിനായിരം കാണുവാൻ….

ആനന്ദലബ്ദി കൈവരാൻ വേറെ

മാർഗങ്ങളൊന്നുമേയില്ലയീഭുമിയിലിപ്പോളെൻ കണ്ണാ…

മോഹനരൂപത്തിനപ്പുറമിപ്പുറം എന്തെന്നറിയുന്നീല ഭവാൻ

വിലയിച്ചുപോകുന്നു നിൻ അവതാര രൂപത്തിൽ.

സുധേഷ്‌ ചിത്തിര

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “വീണ്ടും വൃന്ദാവനത്തിലേക്ക്…”

Leave a Reply