യാത്ര മൗനത്തിലേക്കാണ്…. (കവിത)

4826 Views

yaathra kavitha

യാത്ര മൗനത്തിലേക്കാണ് …..

വാസരങ്ങളോരോന്നായി ഏകജാലകത്തിലൂടെയുള്ള ഒരു തീർത്ഥയാത്ര..

കാനനത്തിൽ പതിനാലു വർഷങ്ങൾ കൊണ്ട് തീർക്കണോ, അതോ

മനസ്സിന്റെ നൊമ്പര കാഞ്ചന കൂട്ടിലിരുന്നു കേഴണോ ….

യാത്രയിലാണ്, അതുറപ്പാണ്.

ചിത്രകൂടാചലത്തിലെത്തിയിരുന്നെങ്കിൽ

സ്വസ്ഥമായൊളിച്ചിരിക്കാമായിരുന്നു..

മൗനവും കണ്ണീരുമൊന്നിച്ചിരുന്നാൽ, മരാളകങ്ങൾ ചിറകടിച്ചു പറന്നേനെ.

അപ്പോഴും ഒരു ദിവാസ്വപ്നത്തിന്റെ കരിമഷി പരത്തി

കണ്ണുകൾ പരാതി പറഞ്ഞേനെ,  അറിയാത്തൊരാളെ…

യാത്രയിലങ്ങിനെയാവും, അറിയില്ല.

യാമത്തിലെപ്പോഴോ അറിയാതുണർന്ന  പൈതലിന്റെ

ഉച്ചത്തിലുള്ള ചിണുങ്ങലിൽ പെട്ടെന്നറിയാതെ മൗനം

പൊട്ടിക്കരഞ്ഞുകൊണ്ടാർത്തു നിലവിളിച്ചതു നിലാവോ,

ഏകാദശീ വൃതമെടുത്ത ഈറൻ കുളിർ തെന്നലോ..

മൗനത്തിലേക്കു ദൂരം ഇനിയുമേറെ…

പിന്നോട്ട് ചരിക്കുന്ന ഉരഗത്തിന്റെ കണ്ണുകളിൽ

യാത്രയെങ്ങോട്ടെന്നറിയാത്തൊരു ചോദ്യം നിശബ്ദമായി..

ഉച്ചവെയിലിൽ തളർന്നിരുന്നൊരാവാടിയ ചേതന

ചൂണ്ടിക്കാണിച്ചെനിക്കുതന്നപ്പുഴയിലെ ഓളങ്ങളെ.

മൗനത്തിലേക്കോടിയൊളിക്കുന്ന ഓർമകളെ

മറക്കല്ലേ യാത്ര മൗനത്തിലേക്കാണ്…

പാഥേയം കയ്യിലെടുത്തില്ല, ശ്മശാനത്തിലൂടെയല്ലേ യാത്ര

നിഷേധിക്കപ്പെട്ട പായസം ശുനകനു പ്രഭാത ഭക്ഷണം.

വെളിച്ചമറ്റ മിന്നാമിനുങ്ങുകൾ വാൽക്കഷ്ണം കടിച്ചെറിഞ്ഞു

മുറ്റത്തെ മുക്കുറ്റി ചെടിയിലെ പൂവും കർക്കിടകത്തിൽ യാത്രയായി.

ജഡത്തിനായി  കാവൽ നിൽക്കുന്ന ജഠരൻ്റെ മൗനം…

അഗ്നിയും ജലവുമിപ്പോൾഒരുമിച്ചുറക്കമായി

ചിത്രശലഭങ്ങൾ തൻ ചിറകടി ശബ്ദം, ഇടിമിന്നലെങ്ങോപോയൊളിച്ചു.

മൗനത്തെ വെല്ലുന്ന  രാത്രിയിൽ കാട്ടാളൻ ചൂളം വിളിച്ചുറങ്ങുന്നു.

വേട്ടക്ക് മൃഗമില്ല, യാത്രയല്ലേ, കൂട്ടിന്നു മൗനവും പിന്നെ

ആരുമെടുക്കാത്തൊരു പിണമായി ഞാനും.

ഗന്ധം വറ്റിയ രേതസ്സിലെ ബീജങ്ങൾ  ആത്മാഹുതിക്കൊരുങ്ങുന്നു

ഒരിറ്റു ദാഹത്തിനായി മൗനത്തോടുറക്കെ കേഴുന്നു

താരകങ്ങളെ ഞാനിതാ നിന്റെ കൂടെ, വെളിച്ചമണക്കു

യാത്രയിൽ മൗനത്തിനിരുട്ടാണ്‌ നിറം, കഴുകാ നീ വഴികാട്ടിയാവുക.

അക്കരെയെന്തെന്നറിയുവാൻ കയ്യിലെ തീപ്പന്തമുയർത്തി നോക്കി

നരൻ ഭോജനമായൊരു പേടമാൻ  പച്ച പുല്ലിനു വേണ്ടി കരയുന്നു.

തിരിഞ്ഞു നോക്കരുതേ, ചകോരത്തിന്റെ പീലികൾ വീണുകിടക്കുന്നു

കൊടിമരം മുറിഞ്ഞുപോയല്ലോ , യാത്ര മൗനത്തിലേക്കാണ്…

നങ്കൂരമറ്റൊരോടം എന്നെ പിടിച്ചു കയറ്റുന്നു,  ഒറ്റയ്ക്ക്  പോകില്ലെന്നുറക്കെ

പറയുന്നു, ശംബരം കൊഞ്ഞനം കൊത്തുന്നു മനോരമം

ആയിരം കാതമക്കരെ നിന്നൊരാൾ കൈനീട്ടി വിളിക്കുന്നു

തോണിയോ മെല്ലെചലിക്കുന്നു, ഓളങ്ങളുറക്കെ കരയുന്നു….

പുഴകടന്നതാ വരുന്നു  വൽക്കലം ചുറ്റി കർക്കിടകവും.

വിലക്കപ്പെട്ട കനിയൊരു  കഷ്ണം കടിച്ചു തോൾസഞ്ചിയിലിട്ടു

ബലികാക്കകൾ കരയുന്ന കൂട്ടിൽ കിടക്കുന്ന പാമ്പെന്നെയെത്തിനോക്കി.

തെക്കോട്ടു ദൂരം ഇനിയുമേറെ, മഴപ്പാറലേറ്റു വിയർക്കുന്ന ദേഹിയെ

തോളിലേറ്റി മുടന്തുന്ന കുരുടന്റെ മുടികളിൽ   പാലപ്പൂവിന്റെ ഗന്ധം.

അയ്യോ, യാത്ര കഴിയുവാൻ സമയമായി..പട്ടം ചരട് പൊട്ടി പറന്നുപോയി.

ഗർഭത്തിൽകിടക്കുന്ന  ഭ്രൂണം വാശിപിടിക്കുന്നോരിറ്റുക്ഷീരത്തിനായി

അകിട് മുറിച്ചിട്ടോടിയ പൈക്കൾ താവഴിയിലെത്തി കിതക്കുന്നു.

ശിഖണ്ഡി വലിച്ച തേരിലെ വാജികൾ അമ്പേറ്റു വീണു കിടക്കുന്നു

യാത്രയും മൗനവുമൊന്നായി…യാത്ര പിന്നെയും മൗനത്തിലേക്ക് ……

————————————————–

സുധേഷ്‌ ചിത്തിര

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply