വരുവാൻ നേരമായി (കവിത)

3914 Views

kavitha

ഒരു ക്ഷമ പറഞ്ഞപ്പോളുണ്ടായ സന്തോഷം

പുതുമലരിൻ  തേൻ കുടിച്ച മഞ്ഞ ശലഭത്തിനോട്

ഞാനും കവർന്നതല്ലേയാനറുതേൻ, നീയറിയാതെ.

 

മഞ്ഞൾ പ്രസാദത്തിനിന്നെന്തേ നാണം

നെറ്റിയിൽ  പൊൻതിലകമായിരുന്നതല്ലേ

ഞാനും കൊതിച്ചിരുന്നൊന്നുചാർത്താൻ, ആരുമറിയാതെ.

 

കണിക്കൊന്നയെന്തേ പിണക്കമാണോ

കണിയൊരുക്കാൻ കൂവിവിളിച്ചതല്ലേ നൂറുവട്ടം

ഞാനറിയാതെ  നിൻ മനം കവർന്നതാര്, പറയു.

 

ശ്രീയുടെ മഞ്ഞമന്ദാരങ്ങൾ പതിയെ

തലോടിയൊരു മന്ദഹാസത്തിൻചോലയാൽ

കണ്ണനോട് കഥ പറയാൻ പോയോ, ആരോരുമറിയാതെ .

 

ഇളംകാറ്റിൽ ആടിപ്പാടി മഞ്ഞക്കിളികൾ

മഞ്ഞണിക്കൊമ്പിൻതുഞ്ചത്തിരുന്നൂഞ്ഞാലാടി

കൊക്കുരുമ്മിത്തമ്മിൽ ചൊല്ലിയിഷ്ടമെന്നുറക്കെ.

 

ആഹാ, മനസ്സൊരു  മല്ലികപ്പൂവായി വിരിഞ്ഞു

മഞ്ചാടിക്കുരുവായി തുള്ളിത്തെറിച്ചുറക്കെചിരിച്ചു

മഞ്ഞണിഞ്ഞ മലരുകൾ   മന്ദഹാസം പൊഴിച്ചു.

 

എത്രയോ സുന്ദരം, ഒരു വാക്കാലെനിക്കിന്നു

കിട്ടിയതത്രയും മറക്കാനാവില്ലൊരിക്കലും സത്യം

ഞാനുമുറക്കെ പാടി, ഗഗനവും കേൾക്കട്ടെ നിത്യം.

 

തേൻ നുണഞ്ഞിറങ്ങി  മധുരമായെൻ വാക്കുകൾ

ശലഭമായി പറക്കുവാനെനിക്കും മുളച്ചീരണ്ടു കാഞ്ചന

ചിറകുകൾ, മുത്തമിട്ടു പൂവുകൾ മാറിമാറി.

 

നെറ്റിയിൽ വരഞ്ഞോരഞ്ജനകുറിയൊരു

ചെറു പുഞ്ചിരിയായി വിരിഞ്ഞുനിന്നു പകലിലും

ചാരത്തടിച്ച കാറ്റിനോ  ഇലഞ്ഞിപ്പൂവിൻസുഗന്ധം, ഹാ.

 

എത്ര സുന്ദരം, മുഹൂർത്തമായല്ലോ, ഒന്നാകേണ്ടേ

കണിക്കൊന്നയെന്നെയോർമ്മിപ്പിക്കുന്നു, കാർ-

വർണ്ണൻ വരുവാൻ നേരമായി ഓടക്കുഴലുമായി.

 

വാതിൽപ്പടി കടന്നു ശ്രീയാൽ ഹരിനന്ദനും

വിളക്കെടുക്കു,  തുളസീഹാരവും പിന്നെ  പനിനീരും

വിരിക്കണം മഞ്ഞപ്പട്ടുമെത്ത, മന്ദാരത്തിനും തിരക്കായി.

 

മഞ്ഞും നിലവുമൊരുമിച്ചുണർന്നു  പാടി,

പാതിരാപ്പൂവും പുതിയൊരു കഥപറയാനൊരുങ്ങി,

ഒന്നായൊരാലസ്യത്തിൽ മയങ്ങുവാനെനിക്കും കൊതിയായി.

————————————–

 

സുധേഷ് ചിത്തിര

 

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Tags:

Leave a Reply