അന്വേഷിച്ച് കണ്ടെത്തേണ്ട കാരണങ്ങൾ
മുതിർന്നവർ കരയുന്നത്
പൊതുവെ കാണാറില്ല,
കനത്ത ശബ്ദത്തിൽ
ഇടർച്ച തോന്നാറില്ല.
തോളത്ത് തോർത്തുമുണ്ട്
അല്ലെങ്കിൽ കയ്യിൽ ഒരു കർച്ചീഫ്
എപ്പോഴും കൊണ്ടുനടക്കുന്നവർ.
കണ്ണീരിനൊരു ബാല്ല്യമുണ്ട്, കൗമാരമുണ്ട്,
കാരണങ്ങളൊന്നും ഇല്ലാത്ത
വാശിയുടെ മുഖമാണതിന്
ഒരു കണ്ണീർ പ്രതിഷേധം.
നക്ഷത്രങ്ങളുടെ വരവുകാത്തു
കടൽ കരയിൽ തനിച്ചിരിക്കുന്ന
യവ്വനത്തിൻറെ കണ്ണീർ .
പാറുന്ന പൈങ്കിളി
പാടുന്നത് വിരഹഗാനമാണെന്ന്
ദു:സ്വപനം കണ്ട കാലം.
ഇതെല്ലാം മനസിലാക്കാം,
പക്ഷെ ഇനിയങ്ങോട്ട്
ചൂണ്ടുപലകകൾ ഇല്ലാത്ത
മരുഭൂമിയാണ് .
കണ്ണീരിൻറ്നെ വാർധ്യക്യമാണ്
ദു :ഖം .
നര വീണു, ചുമച്ചു കിതച്ചു
ഇഴയുന്ന തുള്ളികൾ .
എന്റെ ജീവിതത്തിൽ നിറയെ
സങ്കടങ്ങളായിരുന്നു,
ദു :ഖ ത്തോളം കനമുള്ളൊരു
കാരണം കണ്ടെത്താനായില്ല .
യാത്രക്കിടയിൽ, നടുറോട്ടിൽ
തളർന്നു വീണൊരുവൃദ്ധനെ ,
താങ്ങിപിടിച്ചിരുത്തിയപ്പോൾ
നീണ്ടൊരു നിശ്വാസത്തതിനു ശേഷം
അയാൾ പൊട്ടിക്കരഞ്ഞു .
തല നരച്ചവന്റെ കണ്ണീർ!
നെഞ്ചുരുകി
തീയാണ് ഒഴുകുന്നത് .
കണ്ണീരുവീണുപൊള്ളിപ്പോയ ഉടുപ്പുകൾ
അയാളുടെ കൈയിൽ ഉണ്ടായിരുന്നു.