വീണ്ടും തൊഴുതു വണങ്ങണം എനിക്കായമ്മയെ
കെട്ടിപ്പിടിച്ചുകൊണ്ടാശ്വസിപ്പിക്കണം നിത്യം.
കണ്ണീരുവറ്റിയ കവിളിൽ തെരുതെരെ മുത്തം
കൊടുക്കണം, എൻതായ്ക്കതുൾപ്പുളകമായീടും സത്യം.
ഗാന്ധാരിയെന്നവർ പേര്, മക്കൾ നൂറ്റൊന്നു പേരിൽ
മരിച്ചല്ലോ രണഭൂമിയിൽ നൂറും , ധീരരായി.
എങ്ങിനെ കണ്ടു നീയാക്കാഴ്ചകൾ, ഭാഗ്യമമ്മേ നിൻ
ലോചനം ബന്ധിതമായതു നല്ലതായ്.
ചെറ്റുള്ള പുത്രരും, പൗത്രരും പിന്നെ ബന്ധു ജനങ്ങളും
അജ്ഞാതരായിട്ടൊരുത്തരുമില്ലയ്യോ കിടക്കുന്നു നിശ്ചലം.
മക്കളെപ്പേർ ചൊല്ലിവിളിച്ചും കരഞ്ഞും കൊണ്ടാ-
യവനിയിൽ വീണുകിടന്നും, പിരണ്ടുമായമ്മ.
എന്തൊരു കാഴ്ച സഹിക്കിലൊരുത്തരും
മർത്യനായവനിയിൽ ജനിച്ചവരെങ്കിൽ, സത്യം.
എന്നിട്ടും, പാണ്ഡവരെപ്പിടിച്ചാലിംഗനം ചെയ്തവർ
മൂർദ്ധാവിൽ ചുംബിച്ചാശ്വസിപ്പിച്ചു തലോടി.
“നിങ്ങളുമെൻ പൊൻമക്കളല്ലേ, തെറ്റേത്-
ശരിയേതെന്നറിയുവാനായില്ലേ പുത്രരേ?
സോദരന്മാരായിരുന്നില്ലേ നൂറരും?, എന്തിനീ
കടുംകൈ ഞാനുമമ്മയല്ലേ , വിധിയുമിതാകണം.
പൂർവ്വജൻ നീയല്ലോ ധർമ്മാ, ഉദകക്രിയകൾക്കുപേക്ഷയരുതേ
ചന്ദനമുട്ടിയാലൊരുക്കണം ചിത പിതൃഭൂമിയിൽ.
നന്നായി തേച്ചു കുളിപ്പിച്ചാദേഹങ്ങളെയുടൻ
ഹവിസ്സും ചേർത്തഗ്നിക്കു കൊടുക്കണം നൂനം.
ഭാസിതമെടുത്തൊഴുക്കണം ഗംഗയിൽ,
വിഷ്ണുപാദത്തിങ്കലെത്തണമവർ മെല്ലെ.
അശനമൂട്ടിയ കയ്യാലെനിക്കു വീണ്ടും
ഭൂസുരന്മാർക്കൊരുക്കണം പിണ്ഡം.
അപ്പുറം നീയരചനായി വാഴണം, രാജ്യവും കാക്കണം,
ഓർക്കുക ധർമം ജയിക്കണം, നിർണയം.
ധർമപുത്രരെന്ന ഖ്യാതി മറക്കല്ലേ മക്കളെ
വീണ്ടും ധർമ്മം ത്യജിച്ചിട്ടിനിയെന്തു നേടാൻ”.
കുന്തിയെ കണ്ടപ്പോൾ കെട്ടിപ്പിടിച്ചുകൊണ്ടുച്ചത്തിൽ
കേണു, “ സോദരീ, ഇതു വളർത്തുദോഷത്തിൻ
ശിക്ഷയോ, അതോ മുജ്ജന്മ പാപകർമ്മത്തിൻ ശാപമോ
അറിയില്ല, ഇതും പരീക്ഷണം എനിക്ക് തരണം ചെയ്യണം.
എല്ലാവരും നമ്മുടെ കണ്മണികളല്ലേ, നമ്മളൊ-
രുമിച്ചിരുന്നൂട്ടിയതോർമ്മയില്ലേ സഖീ.
മക്കൾ നൂറ്റാറും താൻപാകമായപ്പോൾ മറന്നില്ലേയവർ
ബന്ധവും സ്വന്തവും പിന്നെ സ്നേഹവും കരുണയും.
നമ്മളും പോരെടുത്തില്ലേ, വാശിയാൽ കണ്ണീരൊ-
ഴുക്കി നേടിയതെല്ലാമാർക്കുമില്ലാതെ പോയല്ലോ.
പിന്നെ കെട്ട നൂറായിരം കാര്യങ്ങൾ ഓതുവാനന്നു
വന്നില്ലെയെൻ സോദരൻ ശകുനിയും.
മക്കളല്ലേയവരൊന്നുമറിയാത്തവരെന്നു ധരിച്ചു
ചെയ്യന്നതത്രയും നല്ലതിനെന്നുമോർത്തുപോയി.
നൂറും മരിച്ചത് നല്ലതായ്, ദുഃഖമേറിയേനെയെൻകുന്തീ
ജീവനായി നൂറിലൊരുണ്ണിയുണ്ടായിരുന്നെങ്കിൽ”.
“ദുശ്ശളേ, മകളേ കരയല്ലേ നിന്റെ പൂർവജർ നൂറും
മരിച്ചത് നിയോഗമായി കരുതണം.
പേരിനായി നൂറുപേർ മക്കളായി വേണമോ,
ആതങ്കമേറും സൽപ്പുത്രരല്ലെങ്കിൽ, സത്യം”.
“പുത്രീ പാഞ്ചാലീ, എന്തിനീക്രന്ദനം വീണ്ടും,
അറിയാം നിൻ പുത്രന്മാരഞ്ചും പൂകി സുരലോകം.
പാണ്ഡവരൊത്തു വാഴണം, അമ്മയെ നോക്കണം, പിന്നെ
കുലമറ്റുപോകാതെ മക്കളെ പെറ്റുവളർത്തണം വീണ്ടും.
കേഴരുതൊരിക്കലും, നീ അംഗനാരത്നം
വിളങ്ങട്ടെ നിൻ നാമം ഈരേഴുലോകത്തിലും.
ചേലയഴിച്ചെറിഞ്ഞയെൻ പുത്രനെ കൊല്ലുവാൻ
നിൻ കണ്ണുനീർതുള്ളിയൊന്നിതുതന്നെ ആയുധം.
പെണ്ണിനെ പാഴായി കണ്ടവർക്കെന്നും പാഠമാകുമാ-
വാർമുടിക്കെട്ടൊന്നഴിക്കു നീ വീണ്ടും, ഈയമ്മ
തലോടി വാസനിക്കട്ടെയെന്മകൻ ചുടു-
നിണബന്ധിതമാം നിൻ കേശഭാരം”.
“കുരു സ്ത്രീകളെ, വിധവകളെ വാവിട്ടലറി
കരഞ്ഞു തീർക്കു നിങ്ങൾതൻ വ്യഥ,
അല്ലെങ്കിലക്കണ്ണിലെ തീയാൽ അരുണനും ചുട്ടു-
പൊള്ളും, അവനിയും നശിച്ചിടും വൃഥാ.
പതുക്കെക്കിടത്തുക മടിത്തട്ടിലാദേഹങ്ങൾ
വിശിഖങ്ങൾ ഊരി കൊടുക്കു നിൻപതികളെ
വിശറിയാകട്ടെ നിങ്ങൾ തൻ ഉത്തരീയങ്ങൾ
വിണ്ടലം പൂകട്ടെ വീരന്മാർ നൂനം .
ജീവിതമിവിടെ തീരില്ല മഹിളാമണികളേ
ജീവനുള്ളിടത്തോളം കാലം, കൺതുറന്നിരിക്കു.
അബലകളല്ല നിങ്ങൾ, സതിയുമാചരിക്കല്ലേ
വെട്ടിത്തെളിച്ചു തേടണം നിങ്ങൾതൻ പുതുവഴി”.
“വല്ലഭാ, ധൃതഃ, ശതപുത്രർക്കഹ്വയം ചൊല്ലി വിളിച്ചാദിനം
മന്ദാക്ഷിയായി ചാരത്തിരുന്നനേരം,
മക്കളെ ചൂണ്ടിയങ്ങോതിയില്ലേയിവർ നൂറല്ലോ,
നമുക്ക് കണ്ണെന്നും തുണയെന്നും.
അന്ധരായിരിക്കുമ്പോഴും പുത്രരെ നമ്മൾ ഗന്ധത്താല-
റിഞ്ഞിരുന്നില്ലേ സ്വരത്തിലും പിന്നെ ചലനത്തിലും.
മാറിമാറി ചുരത്തിയെൻ മുലകളാമക്കൾക്കായി
ഇപ്പോളാമാറിടം നിറയുന്നു ചോരയാൽ.
‘കൺകെട്ടൊന്നഴിക്കമ്മേ കാണട്ടെ നീലനേത്രങ്ങൾ
ചുംബനപ്പൂക്കളാലർച്ചന ചെയ്തിടാം ഞങ്ങൾ’
എന്നുചൊല്ലിയെൻപിന്നിലൂടെവന്നാ കുഞ്ഞു –
പൈതങ്ങളെ ശകാരിച്ചതങ്ങോർക്കുന്നോ നാഥാ?
കഷ്ടമായിപ്പോയോ പരമേശ്വരാ, കാണിക്ക-
യാകാമായിരുന്നെന്നക്ഷികൾ പുത്രർക്ക്
നഷ്ടപ്പെടില്ലായിരുന്നെൻ മനമിപ്പോളൊതുന്നു
മക്കളെൻ കണിയായിരുന്നെങ്കിൽ സത്യം.
‘തനയർ മതിയില്ലേ നൂറെണ്ണം നമ്മുക്കെന്തിനീ രാജ്യ’-
മെന്നോതിയില്ലേ മന്നവാ നിന്നോടു നിത്യം.
എന്നിട്ടും വെട്ടിപ്പിടിക്കാൻ പോയതാ കിടക്കുന്നു
മൃത്തിൽനൂറും പൊലിഞ്ഞയ്യോ, മൃതമായങ്ങിനെ”.
“മാധവാ, നീയെവിടെ, ഞാൻ കാണുന്നീലയല്ലോ
അറിയാം നീയെൻ ചാരത്തിരുന്നു പുഞ്ചിരിക്കുന്നോ?
കണ്ടില്ലേ നീയിക്കാഴ്ചകൾ, ഇതും നിൻ കുസൃതിയോ കൃഷ്ണാ
പണ്ട് വൃന്ദാവനംപോലുള്ളൊരുദ്യാനം കുരുക്ഷേത്രം.
ഇപ്പോഴോ, ചെന്താമരക്കൂട്ടം ചവിട്ടിമെതിച്ചപോൽ നിണ-
മണിഞ്ഞുകിടക്കുന്നവരതത്രയും ജീവനും, സർവവും.
മറന്നുപോയോ ഞാനുമൊരമ്മയെന്ന സത്യം, കണ്ണാ
എൻ ശാപമേൽക്കുമെന്നതു നിർണയം.
മാതൃത്വം സത്യമെങ്കിൽ, ധർമ്മമല്ല ജയിച്ചതെങ്കിൽ
മണ്ണോടടുക്കട്ടെ യദുകുലം, അധർമ്മത്തിനായി
പൊരുതി മരിച്ചുവീഴുന്നതായിക്കാണട്ടെ നിൻമുന്നിൽ
വെറും മൂന്നു പതിറ്റാണ്ടുകൾക്കപ്പുറം, ഋതം.
.
അയ്യോ, ഞാനിതെന്തേ ചെയ്തു പുത്രദുഃഖത്താലെ-
ന്നോടു പൊറുത്തിടു, അറിയാതെയെൻ ശാപമേറ്റല്ലോ കൃഷ്ണാ.
നിൻ കാൽ തൊട്ടു വന്ദിച്ചു കണ്ണീരാൽ കേഴുന്നുയീയമ്മ
ഞാനൊരു മൂഢ, ക്ഷമിക്കുക ഭഗവാനെ.
പുത്രർ മരിച്ചാലുള്ള ദുഃഖം അത്രമേലുണ്ട്, അറിയുക
മാനവനായാലും, മന്നവനായാലും, അമ്മയല്ലേ ഞാനും.
കൺകെട്ടഴിച്ചു കളയട്ടെ, എൻ കണ്ണുകൾക്കിനി-
യെന്നും തിമിരം, വെളിച്ചമണഞ്ഞില്ലേ നാഥാ.
മക്കൾ മരിച്ച ജരഠരായെന്തിന് വേപതപൂണ്ടു കഴിയണം.
പുൽകണം കാനനം, രാജ്യവും ഭാരവും വേണ്ട നമുക്കിനി
ദർഭ വിരിച്ചെനിക്കുറങ്ങണം ശാന്തമായി, വല്ലഭാ
കൂടെയുണ്ടാകുമെൻ പൊൻമക്കളും കൂട്ടിനായി”.
അമ്മേ മാപ്പ്, അമ്മേ മാപ്പ് ജന്മജന്മാന്തരങ്ങളിൽ
നിന്നെയും ശുശ്രുഷിച്ചിരിക്കുന്നതല്ലേയെൻ പുണ്യം.
ആനന്ദലബ്ദിക്കായൊരുമകനും തേടേണ്ട, തായേ
നിൻ പാദങ്ങളെസേവിച്ചാലതുമതി, സത്യം.
സുധേഷ് ചിത്തിര