കടക്കണം കൗമാരം (കവിത)

5377 Views

കടക്കണം കൗമാരം (കവിത)

എതിർക്കുവാൻ വരുന്നവരെയെല്ലാം വെട്ടിവീഴ്ത്തി

അരിഞ്ഞിടാൻ തോന്നുന്നുവാകൗമാരകാലം

പിടിച്ചുവലിക്കാതെ, അവരില്ലിനി  വീണ്ടുമൊരു

യുദ്ധത്തിനൊരുങ്ങുവാൻ, ശക്തിയേതുമില്ല സത്യം.

 

ചോരപ്പുഴയൊഴുക്കാൻ നേരമില്ലവർക്കിനി,

നാരിയുടെ കണ്ണീരുവീഴ്ത്താനവർക്കിടവുമില്ല

എന്തിനീ ശാപങ്ങൾ ഇനിയും ചുമക്കുന്നു

വെറുതെയീ ജന്മത്തിലവർനിത്യം ഭാരമായ്.

 

അവസാനമില്ലാത്തൊരാ യാത്രയിൽ, കൗമാരം

അടിതെറ്റിവീഴുന്നതെവിടെയെന്നറിയില്ല

അഭയം മരീചികയാകരുതൊരിക്കലും

ഒരു ചെറു തണലിനായി കേഴുന്നിതായവർ.

 

വേരറ്റുപോകുന്ന കൗമാരങ്ങളിൽ പെടാതെ

രക്ഷപ്പെടുവാനുണ്ടാഗ്രഹം, പക്ഷെ നടക്കുമോ

യൗവനത്തിലെത്തി സ്വപ്നങ്ങളിൽ ജീവിക്കാൻ

യുവാക്കളുണ്ടോയീ ഭൂമിയിൽ , അറിയില്ല.

 

പൊലിഞ്ഞുപോവാതിരിക്കാൻ കൂടെ-

യില്ലവർ സതീർത്യരും, മാതാപിതാക്കളും

അറിയില്ല ജീവിതവീഥിയിൽ കൈവിട്ടു

പോകൂന്നതേതൊരാത്മാവും, കണ്ണീരുമായി.

 

നല്ലതിനായി യത്നിക്കേണമെന്നാഗ്രഹിച്ചാലു-

മവർക്കനുവാദം കിട്ടുവാൻ പ്രയാസം, സത്യമായി.

എന്നൊരിക്കലും വീഴാം അവരാപടുകുഴിയിൽ

അറിയാം മോചനമുണ്ട്, അറിയില്ലാരുടെ കരം  പിടിക്കണം.

 

കാണുന്ന നേർവഴികളിലയ്യോ നിറയെ കാരമുള്ളുകൾ

കാലിനു നോവുന്നു ചെറുതായി പിന്നതുവ്രണമായ്

ആത്മമിത്രങ്ങൾ പറയുന്നു വേദന കുറച്ചല്ലേയുള്ളു

നടക്കു, നിനക്ക് ഞാൻ കൈത്താങ്ങാകാം.

 

ശത്രുക്കൾ പറയുന്നു അയ്യോ നിന്റെ പാദങ്ങൾ

അരുണിമയാകും, വേദനയാൽ പുളയും.

നിനക്കീ നേർവഴി നന്നല്ല, ഞാനുമില്ല നിൻകൂടെ

പറയാനാരുമില്ലേ, തിരയാനാവുന്നുമില്ല.

 

വഴി തിരഞ്ഞെടുക്കാനാവാതെയുഴലുന്ന കൗമാരം

ഏതോ ചളിക്കുണ്ടിൽ പൂഴ്ന്നു പിടയുന്നു നിത്യം.

കഷ്ടമാകുന്നല്ലോ ഒന്നുമറിയാതെയവർ നരകിക്കുന്നതു

കാണ്മാൻ ശക്തിയില്ലാതടയുന്നെൻമിഴികൾ.

 

കൈത്താങ്ങാവേണ്ടവരല്ലോ പരിഹസിക്കാനായെത്തുന്നു

ശവത്തെ കാത്തിരിക്കുന്ന കഴുകരെപ്പോലെയെന്നും

ഇല്ല ചോരയില്ലെന്നറിയുമ്പോൾ പറക്കുന്നു

മറ്റൊരു രണാങ്കണത്തിലെ ശവത്തെതിരഞ്ഞവർ.

 

വരില്ലേ, സഹായത്തിനായവരെ കൈകൊടുത്തു-

യർത്തെണീക്കുവാൻ നമുക്കൊരുമിക്കാൻ വേരറ്റുനേരമായി

അവരല്ലോ നമ്മുടെ ഭാവി, ഇപ്പോൾ അനസ്യൂതം

ഒരുക്കണമാവഴികളവർക്കായി വെട്ടിനിരത്തി.

 

വെളിച്ചമായീടുക, വെട്ടിത്തെളിച്ചീടുക

ഞാനുണ്ട് മുന്നിൽ, ഞാനുമുമു മു ണ്ട് മുന്നിൽ

പാടിക്കൊണ്ടോടിവരികയോരോരുത്തരും

വെളിച്ചമുണ്ടതുകണ്ടു കരുതി നടക്കുക.

 

പിൻവെളിച്ചമാകാം എൻ പിന്നിലായി ചലിക്കുക വേഗം

വീഴില്ല, പിടിക്കുന്നു ഞാൻനിൻ കൈകളിൽ

ഭയപ്പെടാതെ ചരിക്കുക, ഇരുട്ടിൽ ഞാൻ വെളിച്ചമാണ്

ആരും തകർക്കില്ല നിൻ ബാല്യവും, കൗമാരവും .

 

നേരിൽ  ഞങ്ങളുണ്ട് കൂടെയെന്നോർക്കുക പിന്നെ

സരണികൾ വെളിച്ചമായിതാ വിളിക്കുന്നു

ഹസ്തപാദങ്ങൾ ഉഴിഞ്ഞിതാ വെച്ചിരിക്കുന്നു

നാളെ നിങ്ങളല്ലോ ഞങ്ങൾക്കു ശക്തിയായി.

 

മനഃശക്തി കൈമുതലായുണ്ടെങ്കിലതുമതി

വീഴ്ചയിൽ കൈത്താങ്ങാകുവാൻ, കൂടെയോ

ഞങ്ങളുമുണ്ടെന്നോർക്കുക, വേണ്ട ശങ്കകൾ

ഒരുമിച്ചു യാത്രയാകാം നിങ്ങളൊരുക്കമെങ്കിൽ.

 

ആരുമേ തകർക്കില്ല നിങ്ങളെയെന്നോർക്കുക

മനസ്സും ശരീരവും പുണ്യമായിക്കരുതണം

എന്നും പവിത്രമാണെന്നുറക്കെ പറയണം

ഇതിനപ്പുറമൊരു സത്യമില്ലെന്നതുമറിയണം.

 

ഇതിഹാസങ്ങളെഴുതിയേക്കാം നിങ്ങളിൽ ചിലർ

ഐക്യവും ശക്തിയുമൊരുമിച്ചാൽ പിന്നെ

ജീവിതം കയ്യിലല്ലേ, അറിയുകയെല്ലാവരും, ആശങ്ക

വേണ്ട,  ഭീതിയെന്നത്   നിങ്ങൾക്കന്യമെമെന്നറിയുക.

 

ജീവനുണ്ടെങ്കിൽ കൂടെയുണ്ട് ജരഠരെന്നാകിലും

അങ്കക്കലിയേറി കളങ്കം പേറാതെ

ജീവിക്കൂ ഒഴുകുന്ന പുഴപോലെ, സ്വാതന്ത്ര്യം

അമൃതെന്നതൊരുമഹാൻ ചൊല്ലിയതോർക്കു കൂട്ടരേ.

 

മായനാദിയാകും കൗമാരം നീന്തിക്കയറിയാൽ

യൗവ്വനമെന്നൊരാഴക്കടലിനെ  നിർഭയം പുണർന്നിടാം

അറിയുക ജീവിതമെന്നതൊരുമഹാസാഗരം

ഞാണിൽക്കളിയറിയണമെന്നതും  നിർണയം.

 

ആദി വേണ്ട ആദ്യമായല്ല നിങ്ങൾ, മുൻപിൽ

പോയവരുണ്ടുപിന്താങ്ങായി,   മുന്നിൽ.

മാനവരല്ലേ, ഭാരതീയരല്ലേ, പിന്നെ നമ്മൾ

പിറന്നത് കേരളത്തിലെന്നോർക്കുക, ഭാഗ്യം

 

ഓർമയില്ലേ, നിങ്ങൾ തൻ ഞരമ്പുകളിലോടും രക്തം

തിളച്ചിടും കേരളമെന്നാരെങ്കിലും ചൊല്ലിയാൽ

താങ്ങാകാം, തണലാകാം, ബലമാകാം പിന്നെ നിങ്ങൾക്കു

പിന്നിൽ ചരിക്കുന്നവർക്കായി വിരിച്ചിടാം നവ പാതകൾ.


സുധേഷ്‌ ചിത്തിര

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply