Site icon Aksharathalukal

മനമറിയാതെ – Part 18

manamariyathe-novel

മനമറിയാതെ…

Part: 18

✍️ F_B_L

[തുടരുന്നു…]

“വേണ്ട ഇക്കാ… സന പറഞ്ഞതാണ് ശെരി. ഞാൻ അവൾക്കൊരു പ്രശ്നമാണ്. അതുകൊണ്ട് ഞാൻ മാറിത്തരാം” അക്കു പുഞ്ചിരിച്ചുകൊണ്ടുതന്നെയാണ് അതുപറഞ്ഞത്.

“മോനെ അക്കു… അവൾ അറിവില്ലായ്മകൊണ്ട് പറയുകയാണ്. നീ അതൊന്നും കാര്യമാക്കരുത്”
നൗഷാദ്ക്ക അപേക്ഷയുമായി ആക്കുവിന്റെ കൈകളിൽ പിടിച്ചു.

“സാരല്ല ഇക്കാ. അവൾ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ, എനിക്ക് കുഴപ്പമൊന്നുമില്ല. എനിക്ക് മനസ്സിലാകും എന്തുകൊണ്ടാണ് ഇവളിങ്ങനെയൊക്കെ പറയുന്നതെന്ന്. എന്നാലും ഒന്ന് ഇക്ക മകൾക്ക് പറഞ്ഞുകൊടുക്കണം. നിങ്ങളെ പറഞ്ഞുമയാക്കിയോ, വഞ്ചിച്ചോ നിങ്ങളുടെ സംരംബത്തിൽ ഞാൻ പങ്കുകാരനായിട്ടില്ല എന്ന്”
അക്കു നൗഷാദ്ക്കയുടെ കൈവിടുവിച്ചു.

“ഞാനിവിടെ ഉണ്ടായിരുന്ന ഇത്രയും വർഷത്തിനിടക്ക് എന്റേഭാഗത്തുനിന്നും സംഭവിച്ചുപോയ ഒരുതെറ്റ് നീയെനിക്ക് പറഞ്ഞുതരണം സനാ… അല്ലാതെ വെറുതെയിങ്ങനെ എന്റെ കാരണംകൊണ്ട് കല്യാണംമുടങ്ങി എന്നൊന്നും നീ പറയരുത്” അക്കു സനയോട് പറഞ്ഞു.

പക്ഷെ അക്കുവിന്റെ ആ ചോദ്യത്തിന് സനക്ക് മറുപടിയൊന്നും ഉണ്ടായിരുന്നില്ല.

“ഒന്നും പറയാനില്ലേ നിനക്ക്…?”
എന്ന് സനയോട് ചോദിച്ച് അക്കു നൗഷാദ്ക്കയോട് ബിലാലിന്റെ നമ്പർ ചോദിച്ചുവാങ്ങി അതിലേക്ക് വിളിച്ചു.

“ഹലോ ബിലാലെ ഞാൻ അക്ബറാണ്”
അക്കു ഫോണിൽ സംസാരിച്ചുതുടങ്ങി.

“ആ അക്കു… പറ”

“ഞാനൊരുകാര്യം അറിയാൻവേണ്ടിയാണ് വിളിച്ചത്. നീയെന്തോ സനയുമായുള്ള വിവാഹത്തിൽനിന്ന് പിന്മാറി എന്നറിഞ്ഞു, എന്താ കാരണം”

“അതിന് കാരണക്കാരൻ നീയല്ലേ” എന്നായിരുന്നു ബിലാലിന്റെ മറുപടി.

“ഇവിടെ സനയും പറഞ്ഞു ഞാനാണ് കാരണക്കാരാണെന്ന്, ഞാൻ എന്തുചെയ്തിട്ടാണ് എന്ന് അവൾ പറയുന്നില്ല”

“അവൾ പറയില്ല അക്കു. നീയൊരുകാര്യം ആലോചിച്ചുനോക്ക്. സനയുടെ വീട്ടിൽ വർഷങ്ങളായി താമസിച്ചുവരുന്ന നീയുമായി സന മറ്റേതെങ്കിലും തരത്തിൽ വല്ല ബന്ധവുമുണ്ടായിരുന്നോ എന്ന് ഞങ്ങൾക്ക് അറിയില്ലല്ലോ. അവളെപ്പറ്റി അന്വേഷിച്ചപ്പോൾ നിന്റെകൂടെ പലവട്ടം പുറത്തുവെച്ച് അവളെ കണ്ടതായി എന്നോട് പലരുംപറഞ്ഞു”

“ബിലാലെ നിങ്ങളുദ്ദേശിക്കുന്നപോലെ ഞങ്ങൾതമ്മിൽ ഒന്നുമില്ല. എല്ലാം കെട്ടുകഥകളാണ്”

“ആയിരിക്കാം. എന്നാലും… നിങ്ങളിനി ആ വീട്ടിലുണ്ടെങ്കിൽ എന്റെ തീരുമാനത്തിൽ മാറ്റമൊന്നും ഉണ്ടാകാൻപോകുന്നില്ല”

“ശെരി. ഇന്നുമുതൽ, ഈ നിമിഷംമുതൽ ഞാനും സനയും തമ്മിൽകാണില്ല. എന്റെ കാരണംകൊണ്ട് പാവം അവളുടെ ജീവിതം ഇല്ലാതാകരുത്. എന്റെ പേരുപറഞ്ഞ് നീയവളെ ഉപേക്ഷിക്കരുത്”

“ഞാൻ പറഞ്ഞില്ലേ അക്കു… എനിക്കവളെ എന്നല്ല, നീയാവീട്ടിലുണ്ടെങ്കിൽ എനിക്കാ കുടുംബത്തിൽനിന്നും ഒരു പെണ്ണുവേണ്ട” ഫോണിലൂടെ ബിലാലിന്റെ ഉറച്ച വാക്കുകൾ അക്കുവിന്റെ കാതുകളിലെത്തി.

ഫോൺ കട്ടാക്കി കസേരയിലിരുന്ന ബാഗെടുത്ത് അക്കു തോളിലിട്ടു.
“ഇക്കാ ഞാൻ വർക്ഷോപ്പിൽ ഉണ്ടാകും”
എന്ന് നൗഷാദ്ക്കയോട് പറഞ്ഞ് അക്കു ഫാത്തിമതാത്തയുടെ മുന്നിലെത്തിയപ്പോൾ അവന്റെ കണ്ണുനിറഞ്ഞു.
“ഒരുപാട് വെച്ചുവിളമ്പി തന്നിട്ടുണ്ട് ഈ കൈകൊണ്ട് എനിക്ക്. അതുമറന്ന് ഞാൻ നിങ്ങളുടെ മകളോട് ഒരുതെറ്റും ചെയ്തിട്ടില്ല. മുൻപൊരിക്കൽ ഇവിടുന്ന് പോവുമ്പോ തിരിച്ചുവരുമെന്ന് പറഞ്ഞത് ഓർമയില്ലേ. ഇന്നിനി ഈ പടിയിറങ്ങിയാൽ ഒരിക്കലും ഞാൻ ഇങ്ങോട്ട് കയറിവരില്ല. എന്നും ഉണ്ടാകും എന്റെ മനസ്സിൽ നിങ്ങളൊക്കെ” അക്കു ഫാത്തിമതാത്തയുടെ കൈകളിൽ പിടിച്ചുകൊണ്ട് പറഞ്ഞു.

“സനാ… അറിഞ്ഞോ അറിയാതെയോ വല്ലത്തെറ്റും നിന്നോട് ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ നീ ക്ഷണിക്കണം എന്നോട്” അവൻ സനക്കുമുന്നിൽ കൈകൂപ്പി.

അത്രയുംനനേരം വീറോടെയും വാശിയോടെയും സംസാരിച്ചുനിന്ന സനക്ക് അക്കുവിന്റെ നിറഞ്ഞ കണ്ണുകൾകണ്ടതും അവളുടെ കണ്ണുകളിലും നനവ്‌പടർന്നു.

എല്ലാം മനപ്പൂർവ്വം കെട്ടിച്ചമച്ച നാടകമായിരുന്നു എന്ന് സനക്ക് പറയണമെന്നുണ്ടായിരുന്നു. പക്ഷെ എന്തെങ്കിലും പറയാനൊരുങ്ങുന്നമുൻപ് അക്കു പടിയിറങ്ങി.

അക്കു പോയതിൽപിന്നെ നൗഷാദ്ക്കയും ഫാത്തിമ താത്തയും സനയോട് എന്തെങ്കിലും ചോദിക്കുവാനോ പറയുവാനോ തയ്യാറായില്ല.

വർക്ഷോപ്പിലെത്തിയ അക്കു ബാഗ് ഒരു കാറിന്റെ മുകളിൽവെച്ച് തൊട്ടപ്പുറത്തുള്ള ശിവേട്ടന്റെ ചായക്കടയിലേക്ക് നടന്നു.

“ശിവേട്ടാ ചായവേണം”

“എന്താ അക്കു, ഇന്ന് നേരത്തെയാണല്ലോ”

“ഇന്ന് കുറച്ച് തിരക്കുണ്ട്. അതാണ് നേരത്തെ വന്നത്”

കട്ടനും വാങ്ങിക്കുടിച്ച് അക്കു നേരെ വർക്ഷോപ്പിലേക്ക് നടന്നു.
ഡ്രെസ്സൊക്കെ മാറി വർക്കിങ് ഡ്രെസ്സും എടുത്തിട്ട് മറ്റുള്ളവരൊക്കെ എത്തുന്നമുൻപ് അക്കു ജോലി ആരംഭിച്ചു.

സഹപ്രവർത്തകർ ഓരോരുത്തരായി എത്തിതുടങ്ങി.
പതിവില്ലാതെ നേരത്തെത്തന്നെ ജോലിതുടങ്ങിയ അക്കുവിനെക്കണ്ട അവർക്കൊക്കെയും ഉള്ളിൽ സംശയം തോന്നി.

ഒടുവിലായി നൗഷാദ്ക്കയും എത്തിയപ്പോഴാണ് എല്ലാവരും ആ സത്യമറിഞ്ഞത്.

“വേണ്ട ഇക്കാ… ഈ വർക്ഷോപ്പിൽ നിങ്ങളുടെയൊക്കെകൂടെ എന്റെ അവസാനത്തെ ദിവസമാണ്. ഇന്ന് വൈകാതെ ഞാൻ തിരിച്ചുപോകും എന്റെ നാട്ടിലേക്ക്” അക്കു അത് പറഞ്ഞതും നൗഷാദ്ക്കയും ജോലിക്കാരും ഒന്നുഞെട്ടി.

“ടാ മോനെ. അവളെന്തെങ്കിലും പറഞ്ഞെന്നുവെച്ച് എല്ലാം ഉപേക്ഷിച്ച് നീ എന്തിനാ പോകുന്നത്. നിനക്ക് താമസിക്കാൻ റൂം ഞാൻ ശെരിയാക്കിത്തരാം. നീ എന്റെകൂടെ ഇവിടെവേണം”

“വേണ്ട ഇക്കാ… ഇത്രക്കും ആയസ്ഥിതിക്ക് ഇനി ഞാനിവിടെ തുടരുന്നത് വെറുതെയാണ്. സനയുടെ കുറച്ചുനാളായിട്ടുള്ള പ്രവർത്തികൾ കണ്ടപ്പോഴേ എനിക്ക് തോന്നിയിരുന്നു വൈകാതെ ഇവിടം ഉപേക്ഷിക്കേണ്ടിവരുമെന്ന്. ഇന്നലെ നാട്ടിലൊരു പൂട്ടിക്കിടക്കുന്ന വർക്ഷോപ്പ് പോയികണ്ടിരുന്നു. ഇനിയുള്ളകാലം അവിടെ തുടരാനാ ഞാൻ ഉദ്ദേശിക്കുന്നത്”

“അക്കു നിന്റെ തീരുമാനം അങ്ങനെയാണെങ്കിൽ ഞാൻ നിന്നെ തടയുന്നില്ല. എന്നാലും ഒരു അപേക്ഷയുണ്ട്, സിനാന്റെ വിയോഗത്തിൽ വേദനിച്ചിരുന്ന ഫാത്തിമ മനസ്സുതുറന്ന് ചിരിച്ചത് നീ വന്നപ്പോഴാണ്. നിന്നെ അവൾക്ക് അത്രക്ക് ഇഷ്ടമാണ്. അങ്ങനെയുള്ള ഞങ്ങളെയൊക്കെ വിട്ട് എന്നെന്നേക്കുമായി നീ പോകുന്നു എന്നുപറയുമ്പോൾ ഞങ്ങൾക്കത് സഹിക്കാൻ കഴിയുന്നില്ല. പോകരുത് എന്നുപറയാൻ ഞങ്ങൾക്ക് അവകാശമോ അധികാരമോ ഇല്ലാ എന്നറിയാം, എന്നാലും…”

“ശെരിയാണ് ഇക്കാ… എന്നാലും നിങ്ങളുടെ മകളുടെമനസ്സിൽ എന്നോട് ദേഷ്യമാണ്, വെറുപ്പാണ്. അതൊരുപക്ഷെ ഞാൻ മറ്റൊരാളെ വിവാഹംകഴിക്കുന്നതുകൊണ്ടായിരിക്കും. അതൊന്നും ഇനി മാറ്റിക്കുറിക്കുവാൻ എനിക്ക് കഴിയില്ല. സനക്ക് എന്നോടുള്ള ദേഷ്യവും വാശിയും എന്നുപോകുന്നോ അന്നല്ലാതെ ഞാനാവീട്ടിലേക്ക് വരില്ല”
അക്കുവിന്റെ വാക്കുകൾ ഉറച്ചതായിരുന്നു.

ഉള്ളിൽ സങ്കടക്കടൽ ആർത്തിരമ്പുമ്പോഴും അക്കു പുഞ്ചിരിച്ചുകൊണ്ട് മറ്റുള്ളവരുടെ മുന്നിൽ ജോലിചെയ്തു.

________________________________

അന്ന് കോളേജിൽപോകാതെ സന വീട്ടിൽത്തന്നെ സമയം ചിലവഴിച്ചു.
കുറേനേരം വെറുതെയിരുന്ന സന ഉമ്മയുടെ അടുത്തേക്ക് നടന്നു.

അടുക്കളയിൽ പാത്രങ്ങളോട് മല്ലിടുമ്പോഴും ഫാത്തിമതാത്തയുടെ മിഴികളിൽ നനവുണ്ടായിരുന്നു.

“ഉമ്മാ ഞാൻ സഹായിക്കണോ” ചോദ്യവുമായി സന എത്തിയതും

“മിണ്ടാതെ മാറിപ്പൊയ്ക്കോ നീ… ഇത്രയും കാലം നിന്നോടൊപ്പം കൂട്ടുകൂടി, നിനക്കുവേണ്ടതൊക്കെ നിന്റെവാപ്പയെക്കാൾ കൂടുതൽ ചെയ്തുതന്ന അവനോടുതന്നെ നീയിന്ന് അങ്ങനെ പറഞ്ഞല്ലോ സനാ. അവൻ നിന്നോട് എന്തുതെറ്റ് ചെയ്തിട്ടാ നീ ഇങ്ങനെയൊക്കെ, അവനിവിടെ താമസിക്കുന്നത് നിനക്കിഷ്ടമല്ലായിരുന്നു എങ്കിൽ നിനക്കത് ഞങ്ങളോട് പറയാമായിരുന്നു. ഈയിടെയായി ഓരോരോ കാരണങ്ങളുണ്ടാക്കി നീയവനെ കുറ്റപ്പെടുത്തുമ്പോൾ ഞങ്ങളൊരിക്കലും അറിഞ്ഞില്ല നിന്റെയുള്ളിൽ ഇത്രയും വലിയ വിഷമാണ് ഉള്ളതെന്ന്. നീ പറഞ്ഞില്ലേ നിന്റെ ഉപ്പയെ പറഞ്ഞ്‌പറ്റിച്ച് അക്കു വർക്ഷോപ്പിൽ പങ്കുകാരനായി എന്ന്, അക്കു പങ്കുകാരൻ ആയിട്ടുണ്ടെങ്കിൽ അത് നിന്റെ ഉപ്പ നിർബന്ധിച്ചിട്ടാ. അതൊന്നും നിനക്കറിയില്ല. പറയാനുള്ളതൊക്കെയും യാതൊരു ദയയും കാണിക്കാതെ നീയവനോട് പറഞ്ഞില്ലേ, അവന്റെ മനസ്സ് എന്തുമാത്രം വിഷമിച്ചിട്ടുണ്ടാകും എന്ന് നീ ചിന്തിച്ചിട്ടുണ്ടോ…? ഇല്ലല്ലോ… അവന്റെഭാഗത്തുനിന്ന് ഒന്ന് ചിന്തിച്ചുനോക്ക് നീ ചെയ്തത് ശെരിയാണോ തെറ്റാണോ എന്ന്”
അത്രയുംനേരം പിടിച്ചുനിർത്തിയ ദേഷ്യംമുഴുവൻ ഫാത്തിമതാത്ത വാക്കിലൂടെ സനക്കുമുന്നിൽ അഴിച്ചുവിട്ടു.

ഉമ്മയുടെ വാക്കുകൾക്ക് യാതൊരുവിലയും കൽപിക്കാതെ
“സഹായിക്കണ്ടെങ്കിൽ അതുപറഞ്ഞപോരെ” എന്നുപറഞ്ഞ് സന വീണ്ടും റൂമിലേക്ക് പോയി.

ബെഡിലേക്കുവീണ സന ഫോണെടുത്ത് ബിലാലിനെ വിളിച്ചു.

“എന്തായി സനാ” ബിലാലിന്റെ ചോദ്യമെത്തി.

“സക്സസ്… ആ ശല്യം തീർന്നു. ഇപ്പൊ ഒരു സമാധാനമുണ്ട്” ഒരുപാട് ആശ്വാസത്തോടെ സന പറഞ്ഞു.

“സനാ… നിന്റെ ഉപ്പ വിളിച്ചിരുന്നു. അക്കു ആരാണെന്നും എന്താണെന്നും എനിക്ക് നന്നായിട്ട് പറഞ്ഞുതന്നു. എല്ലാംകേട്ടപ്പോൾ ഒന്നും വേണ്ടായിരുന്നു എന്ന് തോന്നുകയാ”

“അടിപൊളി… അപ്പൊ നിങ്ങളും ആ അക്കൂന്റെ കൂടെയാണോ, ഞാൻ ഒറ്റ അല്ലെ”
സങ്കടത്തോടെ സന ചോദിച്ചു.

“അങ്ങനെയല്ല സനാ, അക്കു… അവനൊരു പാവമാണ്. വളരെ മാന്യമായിത്തന്നെയാണ് എന്നോട് സംസാരിച്ചതും. നിനക്കുവേണ്ടി ആക്കുചെയ്ത നന്മകളൊക്കെ പറഞ്ഞുകേട്ടപ്പോൾ എനിക്കും അവനോട് ഒരു അടുപ്പംതോന്നി. മാറ്റാരോക്കെ പറഞ്ഞാലും നീയവനെ അങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു. നിന്റെവാക്കുകൾ കേട്ട് ഞാനും അവനെ എന്തൊക്കെയോ പറഞ്ഞു”

“സത്യത്തിൽ അക്കുക്ക ആളൊരു സാധുവാണ്. സ്നേഹിക്കാൻമാത്രമേ അറിയൂ…” സന മനസ്സുതുറന്നു.

“പിന്നെ എന്തിനാ നീ അവനെ ഇങ്ങനെ കുറ്റപ്പെടുത്തിയത്”

“അത് വേറൊന്നുമല്ല. അക്കുക്ക എന്നെ സ്നേഹിച്ചത് വെറുമൊരു ടൈംപാസിന് ആണെന്നറിഞ്ഞപ്പോൾ എനിക്ക് ദേഷ്യംതോന്നി”

“ആ സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു. ഇനി പറഞ്ഞിട്ട് കാര്യമില്ല. അക്കു ഇനി വീട്ടിലേക്ക് വരില്ലല്ലോ”

“ഇല്ലായിരിക്കും”

“കളിച്ച നാടകത്തിൽ നീ ജയിച്ചില്ലേ”

മറുപടിയായി സനയൊന്ന് മൂളി.

“എങ്കിൽ നിനക്കുതെറ്റി സനാ. നീ തോറ്റുപോയി സനാ. നീയവനോട് അകൽച്ച കാണിച്ചുതുടങ്ങിയപ്പോഴേ അക്കു കരുതിയിരിക്കുന്നതാണ് ഈ നിമിഷങ്ങൾ. ഇന്നലെ നാട്ടിലായിരുന്ന അക്കു നാട്ടിലൊരു വർക്ഷോപ്പ് തുടങ്ങാനുള്ള സ്ഥലത്തിന് അഡ്വാൻസ് കൊടുത്തിട്ടാ അവൻ തിരികെവന്നത്. അതൊന്നും നീ അറിഞ്ഞിട്ടില്ലല്ലോ. ഇപ്പൊ കഴിഞ്ഞുപോകുന്ന രംഗങ്ങളൊക്കെ ആദ്യമേ അക്കു മനസ്സിൽ കണ്ടതാണ്. അതുകൊണ്ടാണല്ലോ നിങ്ങളുടെ വീട്ടിൽനിന്ന് ഇറങ്ങിയതിന് പിന്നാലെ എല്ലാവരെയും ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നത്”

സനക്ക് അവളുടെ കാതുക്കളെ വിശ്വസിക്കാനായില്ല.
“ഇക്കയെന്താ പാഞ്ഞത്, അക്കുക്ക നാട്ടിലേക്ക് പോവുകയാണെന്നോ” സംശയത്തോടെ സന ചോദിച്ചു.

“അതെ സനാ… അക്കു സത്യമുള്ളവനാണ്, നിനക്കും നിന്റെകുടുംബത്തിനും പേരുദോഷം ഉണ്ടാക്കാൻ അക്കുവിന് താല്പര്യമില്ലാന്ന്. അതുകൊണ്ട് അവൻ പോവുകയാണെന്ന്. നിന്നോട് പറയണ്ട എന്ന് നിന്റെ ഉപ്പ പറഞ്ഞതാണ്. പക്ഷെ പറയാതിരിക്കാൻ കഴിയുന്നില്ല. പിന്നെ നീ ഒന്ന് കുറ്റപ്പെടുത്തിയാലോ തള്ളിപ്പറഞ്ഞാലോ അവന്റെ ജീവിതം അതോടെ തീർന്നു എന്നുനീകരുതരുത്. അവനെക്കാതിരിക്കുന്ന ഒരുപാട് ജീവിതങ്ങൾ അവന്റെ നാട്ടിലുണ്ട്.

അതുകേട്ടതും സന ഫോൺ ബെഡിലേക്കിട്ട് അടുക്കളയിലേക്ക് ഓടി.

“ഉമ്മാ നിങ്ങളറിഞ്ഞോ… അക്കുക്ക നമ്മളെവിട്ട് പോവുകയാണെന്ന്” സനയുടെ കൈകാലുകൾ വിറക്കാൻതുടങ്ങി.

“ആ എന്നോട് ഉപ്പ വിളിച്ചുപറഞ്ഞു, അക്കു ഇന്ന് പോകുമെന്ന്” ഫാത്തിമതാത്ത സങ്കടങ്ങൾ ഉള്ളിലൊളിപ്പിച്ച് സനയോട് പറഞ്ഞു.

“ഉമ്മാ… ഇക്കയോട് പോവണ്ടാന്ന്പറ”
സന ഉമ്മയുടെ കൈകളിൽ പിടിച്ച് കണ്ണുനിറച്ചു.

“അവൻ പോകേണ്ടവനാണ്. വാക്കിനുവിലകൽപ്പിക്കുന്നവനാണ് അക്കു. അറിഞ്ഞുകൊണ്ട് നമ്മളോട് ആരോടും അവനൊരു ദ്രോഹവും ചെയ്തിട്ടില്ല. എന്നിട്ടും നീയവന് കൊടുത്തത് സങ്കടമാണ്. അവനിനി ഇവിടെ തുടരില്ല. നിന്റെ ഉപ്പ കാലുപിടിച്ചിട്ടുപോലും അവന്റെ മനസ്സ് അലിഞ്ഞിട്ടില്ല. നിന്റെ കുത്തുവാക്കുകൾ കാരണം ആ മനസ്സ് അത്രക്ക് തകർന്നിട്ടുണ്ട്” ഫാത്തിമതാത്ത മറ്റാരെയും കാണിക്കാതെ മറച്ചുപിടിച്ച കണ്ണുനീര് പ്രത്യക്ഷപ്പെട്ടു.

“ഉമ്മാ എനിക്ക് ഇക്കയെ കാണണം. ഞാൻ പറയാം പോവരുതെന്ന്. എനിക്ക് തെറ്റുപറ്റിയതാണെന്ന് ഞാൻ പറയാം ഇക്കയോട്” സന അടുക്കളയിൽനിന്നും നിറമിഴികളുമായി പുറത്തേക്കിറങ്ങി.

ഉച്ചയോടടുക്കുന്ന സമയത്ത് റോഡിലൂടെ പലരും പലധിക്കിലേക്ക് തിരക്കിട്ട് പായുമ്പോൾ അതിനിടയിൽ ഒരാളായി സനയും തിരക്കിട്ട് നടന്നു.
ലക്ഷ്യം വർക്ഷോപ്പ് ആയിരുന്നു. ഇടക്കൊക്കെ നിറഞ്ഞുവരുന്ന കണ്ണുകളെ തുടച്ചുമാറ്റി സന മുന്നോട്ട് നടന്നു.
പത്തുമിനിറ്റിനുശേഷം സന നൗഷാദ്ക്കയുടെ വർക്ഷോപ്പിന് മുന്നിലെത്തിയപ്പോൾ കണ്ടത്
ബുള്ളറ്റിന്റെ പുറകിലെ സീറ്റിൽ ബാഗുവെവെച്ചുകെട്ടുന്ന അക്കുവിനെയാണ്.

ഗേറ്റിന്പുറത്തുനിന്ന സന ശരവേഗത്തിൽ അക്കുവിന്റെ അരികിലെത്തി.
“ഇക്കാ…” പതിഞ്ഞസ്വരത്തിൽ സന അക്കുവിനെ വിളിച്ചു.
അക്കുവിനെയും സനയെയും ശ്രദ്ധിച്ച് വർക്ഷോപ്പിലെ ജോലിക്കാർ അപ്പുറത്ത് നിൽക്കുന്നുണ്ടായിരുന്നു.

അക്കുവിനരികിൽ സനയെ കണ്ടപ്പോൾ നൗഷാദ്ക്ക അവർക്കരികിലേക്ക് നടന്നടുത്തു.

“ഇക്കാ എന്നോട് ക്ഷമിക്കണം. ഞാൻ കാരണം നിങ്ങൾ എല്ലാവരെയുംവിട്ട് ഇവിടുന്ന് പോവരുത്, ഞാൻ കാലുപിടിക്കാം” സന ആക്കുവിന്റെ കാലുകളെ ലക്ഷ്യമാക്കി കുനിഞ്ഞതും അക്കു അവളെ തടഞ്ഞു.

“വേണ്ട സനാ, എനിക്ക് നിന്നോട് ദേഷ്യമൊന്നുമില്ല. ഇന്നല്ലങ്കിൽ നാളെ എന്തായാലും ഞാൻ ഇവിടംവിട്ട് പോകേണ്ടവനാണ്”

“അതായിരിക്കാം… എന്നാലും പെട്ടെന്നിങ്ങനെ പോകാനുള്ള തീരുമാനം, അത് എന്റെ കാരണത്താലല്ലേ…? ഞാൻ പറഞ്ഞതൊക്കെയും ഒരുപാട് കൂടിപ്പോയെന്ന് എനിക്ക് നന്നായിട്ടറിയാം. നിങ്ങളിവിടെനിന്ന് പോയാൽ എനിക്ക് സമാധാനം ഉണ്ടാവില്ല. നിങ്ങളെ സ്നേഹിച്ച ഇവിടെയുള്ളവരും എന്റെ വീട്ടിലുള്ളവരും എന്നെ ശപിക്കും”
സനയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.

“ഇല്ല സനാ. നിന്നെ ആരും കുറ്റപ്പെടുത്തില്ല” അക്കു സനയോട് പറഞ്ഞ് നൗഷാദ്ക്കയുടെ കയ്യിൽ പിടിച്ചു.

“ഞാൻ ഇടക്ക് വരും ഇക്കാ… താത്തയോട് ഒരു യാത്രപോലും പറയാതെയാണ് ഞാൻ പോകുന്നത്. എന്നാലും താത്തയോട് ഇക്ക പറയണം, പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും എന്റെ വരവെന്ന്” അക്കുവിന്റെ കണ്ണിലും നനവ്‌പടർന്നു.

“അപ്പൊ എല്ലാവരോടും ഇനി വൈകിക്കുന്നില്ല. ഇറങ്ങുകയാണ്. ഞാൻ ഇടക്ക് വരാം” അക്കു എല്ലാവരോടുമായി കുറച്ച് ഉറക്കെ യാത്രപറഞ്ഞു.

നിറമിഴികളോടെ നിൽക്കുന്ന നൗഷാദ്ക്കയുടെ മുഖത്തേക്ക് പിന്നീടൊരിക്കൽകൂടി നോക്കുവാൻ അക്കുവിന് കഴിഞ്ഞില്ല.
പോകാനൊരുങ്ങിനിൽക്കുന്ന ബുള്ളറ്റിലേക്ക് കയറി അക്കു വണ്ടി സ്റ്റാർട്ട്‌ ചെയ്തതും സനയുടെ തേങ്ങൽ അവിടമാകെ പരന്നു.

വർക്ഷോപ്പിന്റെ ഗേറ്റുകടന്ന് അക്കുവിന്റെ ബുള്ളറ്റ്പോയതും നൗഷാദ്ക്ക കേടായിക്കിടന്ന ഒരു കാറിന്റെ ബോണറ്റിലേക്ക് ചാരിനിന്നു.
അരികിലായി സനയും.

“സമാധാനമായില്ലേ സനാ നിനക്കിപ്പോ… ഇനിയൊരിക്കലും നിന്റെ ജീവിധത്തിലേക്ക് ആ പോയവൻ കടന്നുവരില്ല. ആറുവർഷം നിന്റെ ആഗ്രഹങ്ങളൊക്കെയും എന്നെക്കാൾ കൂടുതലായി സാധിപ്പിച്ചുതന്ന അവനെ ഒരൊറ്റദിവസംകൊണ്ട് നീ ഒന്നിനും പറ്റാത്തവനാക്കിയില്ലേ സനാ. ആഘോഷിക്ക് മോളെ നീ ആഘോഷിക്ക്. ഒരു ചെറുപ്പക്കാരന്റെ മനസ്സ് വേദനിപ്പിച്ചിട്ട് അതിൽ നിനക്ക് ആനന്ദം കണ്ടെത്താൻ കഴിയുമെങ്കിൽ ആയിക്കോ…” നൗഷാദ്ക്കയുടെ ശബ്ദമിടറി.

_______________________________

ബുള്ളറ്റിലേറി മുൻപെപ്പോഴോ ചേക്കേറിയ കൊച്ചി എന്ന മഹാനഗരത്തെ ഉപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങുമ്പോൾ അക്കുവിന്റെ കണ്ണുനിറഞ്ഞു.
ഒന്നുമില്ലാത്തവനായി കൊച്ചിയിലെത്തിയ അക്കു തിരികെ പോകുമ്പോൾ ഒരുപാട് ബന്ധങ്ങളുടെ ഒരുപാട് നല്ലയോർമ്മകൾ അവന്റെ കൂടെയുണ്ട്.

 

തുടരും…]

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

F_B_L ന്റെ മറ്റു നോവലുകൾ

അകലെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (2 votes)
Exit mobile version