മനമറിയാതെ…
Part: 23
✍️ F_B_L
[തുടരുന്നു…]“പോണം, കാണണം എന്നൊക്കെയുണ്ട്. പക്ഷെ ആ പെൺകുട്ടിയെയും അവളുടെ കുടുംബത്തെയും ഞാനെങ്ങനെ സമാധാനിപ്പിക്കും. ഞാനവരോട് എന്തുപറയും. എന്റെ മകനാണ് അവരുടെ മകളെ നശിപ്പിച്ചതെന്ന് ഞാനെങ്ങനെ അവരോട് പറയും. എനിക്ക് കഴിയില്ല മോളെ…”
_________________________
ആശുപത്രിയിലെ ആ വരാന്തയിൽ തനിച്ചിരുന്നപ്പോൾ ജുമിയോടൊപ്പമുള്ള സുന്ദരമായ നിമിഷങ്ങൾ ഓരോന്നായി അവന്റെ മനസ്സിലേക്ക് ഓടിതെത്തി.
മറ്റൊരാളെ ഇഷ്ടമാണെന്ന് അവളോട്‌പറഞ്ഞപ്പോൾ അവളുടെ കണ്ണുനിറഞ്ഞതും, ഒടുക്കം അവളെത്തന്നെ കേട്ടാമെന്നുപറഞ്ഞപ്പോൾ ആ കണ്ണുകൾ തിളങ്ങിയതും, പരസഹായമില്ലാതെ എഴുനേറ്റ് നടക്കാൻ കഴിയാത്ത അവസ്ഥയിൽ അവനെയും ചേർത്തുപിടിച്ച് നടന്നതും, അങ്ങനെ കഴിഞ്ഞുപോയ ഓരോ സംഭവങ്ങളും ഓർത്തപ്പോൾ അക്കൂന്റെ കണ്ണുകളിൽ നനവ്‌പടർന്നു.
“ഇല്ല… ജുമി ഇല്ലാതെ എനിക്ക് പറ്റില്ല. എനിക്കുവേണം അവളെ. ജീവൻ പോകുന്നവരെ എന്റെകൂടെത്തന്നെ ഉണ്ടാവും എന്റെജുമി” അക്കു അവനോടുതന്നെ പറഞ്ഞു.
ഏറെനേരം ഓരോന്നും ആലോചിച്ച് അവനെപ്പോഴോ ഉറക്കത്തിലേക്ക് വീണു.
“മോനെ അക്കു…”
മജീദ്ക്ക തൊട്ടുവിളിച്ചപ്പോഴാണ് അക്കു കണ്ണുതുറന്നത്.
അക്കു കണ്ണുതുറന്ന് ചുറ്റുംനോക്കി. മജീദ്ക്കയും റസിയാത്തയും അക്കുവിന്റെ മുന്നിൽ നിൽക്കുന്നത് കണ്ടപ്പോൾ
“രണ്ടാളും എത്തിയോ. ഞാനൊന്ന് ഉറങ്ങിപ്പോയി” എന്ന് കണ്ണുതിരുമ്മിക്കൊണ്ട് അക്കു പറഞ്ഞു.
“നിനക്ക് നല്ല ക്ഷീണമുണ്ട് അക്കു. വല്ലതും കഴിച്ചോ മോനെ നീ” റസിയാത്തയായിരുന്നു.
ആ ചോദ്യം കേട്ടപ്പോഴാണ് അവനും അതിനെപ്പറ്റി ആലോചിക്കുന്നത്.
ഇന്നലെ എപ്പോഴോ കുടിച്ചൊരു കട്ടൻ, അതിനപ്പുറം മറ്റൊന്നുമില്ല.
“ഇല്ല കഴിക്കണം. സമയമുണ്ടല്ലോ” എന്ന് ചിന്തയിൽനിന്ന് ഉണർന്ന് അക്കു പറഞ്ഞു.
“മരുന്നൊക്കെ കഴിക്കാനുള്ളതല്ലേ മോനെ. വീട്ടിൽപോയി ഒന്ന് കുളിച്ച് ഭക്ഷണമൊക്കെകഴിച്ചിട്ട് വായോ” ഇന്നലെ നിർബന്ധിച്ച് അക്കു അവരെ പറഞ്ഞയച്ചപോലെ ഇന്ന് അവർ അക്കുവിനെ പറഞ്ഞയക്കാൻ ഒരുങ്ങുകയാണ്.
“ആ ഉമ്മാ. ജുമിയെ ഇന്ന് റൂമിലേക്ക് മാറ്റാമെന്ന് പറഞ്ഞിട്ടുണ്ട് ഡോക്ടർ. അപ്പൊ അവളെകണ്ടിട്ട് പോവാം വീട്ടിലേക്ക്”
“അതിനൊക്കെ സമയമുണ്ടല്ലോ അക്കു. നീ പോയിട്ട് വായോ” എന്ന് മജീദ്ക്ക വീണ്ടും പറഞ്ഞപ്പോൾ അക്കു എഴുനേറ്റു.
“ശെരി. പിന്നെ… ജുമിക്ക് കുഴപ്പൊന്നുല്ല. രണ്ടാളും ഇവിടെയിരുന്ന് ടെൻഷൻ അടിക്കേണ്ട. ഞാൻ പോയിട്ട് പെട്ടെന്നുവരാം” അക്കു അവർക്കൊരു ആശ്വാസവാക്കുനൽകി നടന്നു.
“റസിയാ… അക്കുവിന്റെ മനസ്സുമാറിയിട്ടില്ലെങ്കിൽ, ഇനി അക്കു ജുമിയെ സ്വീകരിക്കുമെങ്കിൽ നമ്മുടെ ജുമിയുടെ ഭാഗ്യമാണ് ആ പോകുന്നത്. അവനെപ്പോലെ ഈ ഭൂമിയിൽ അവനെമാത്രമേ ഞാൻ കണ്ടിട്ടുള്ളു” മജീദ്ക്ക റസിയതയോട് പറഞ്ഞു.
നിമിഷങ്ങൾ ഓരോന്നായി കടന്നുപോയി.
ഡോക്ടർ വന്നു. ജുമിയെ റൂമിലേക്ക് മാറ്റി.
പണിയൊക്കെ നന്നായിട്ട് കുറഞ്ഞിട്ടുണ്ട് എങ്കിലും ജുമിയുടെ മുഖത്തൊരു തിളക്കം ഇല്ലായിരുന്നു.
“മോളെ ജുമീ…” കണ്ണടച്ചുകിടക്കുന്ന ജുമിയെ റസിയാത്ത സ്നേഹത്തോടെ വിളിച്ചു.
കണ്ണുതുറന്ന ജുമിയുടെ മുഖത്തെവെപ്രാളം ആ ഉമ്മ കണ്ടു.
“ഇക്ക വന്നില്ലല്ലേ… ഇനി വരില്ലായിരിക്കും അല്ലെ” ജുമി ഇടറിയ ശബ്ദത്തോടെ ചോദിച്ചു. കൂടെ ആ മിഴികളും നിറഞ്ഞു.
“ഇന്നലെ രാത്രിമുഴുവൻ അക്കു ഇവിടെ ഉണ്ടായിരുന്നു. ഞങ്ങളാണ് അക്കുവിനെ വീട്ടിലേക്ക് പറഞ്ഞയച്ചത്. അവനിപ്പോ വരും” മജീദ്ക്ക മകളെ അശ്വസിപ്പിച്ചു.
“ഇല്ല… ഇക്കാക്ക് എന്നോട് വെറുപ്പായിരിക്കും, ഇക്കയിനി എന്റെയടുത്ത് വരില്ല. എനിക്ക് എന്നെയും ഇക്കയെയും നഷ്ടമായി” ആ കട്ടിലിൽകിടന്ന് ജുമി കരയാൻതുടങ്ങി.
മകളുടെ കണ്ണീരിനുമുന്നിൽ പതറിപ്പോയ ആ ഉമ്മയും വാപ്പയും എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്നസമയത്താണ് ജുമിയെ പരിശോധിക്കുന്ന ഡോക്ടറും കൂടെ മറ്റൊരാളും ആ റൂമിലേക്ക് കയറിവന്നത്.
“ഇക്കാ… ഇത് ഡോക്ടർ വിശ്വൻ. എന്റെ സുഹൃത്താണ്. ജുമാനയുടെ അവസ്ഥ പറഞ്ഞപ്പോൾ ഒന്ന് കാണാൻ വന്നതാണ്”
ജുമിയെ പരിശോധിക്കുന്ന ഡോക്ടർ പറഞ്ഞു.
ഡോക്ടർ വിശ്വൻ ജുമിയെ ഒന്ന് ശ്രദ്ധിച്ചു.
കണ്ണടച്ചാണ് കിടക്കുന്നത് എങ്കിലും ചുണ്ടുകൾ എന്തോ മൊഴിയുന്നുണ്ട്. ഒലിച്ചിറങ്ങിയ കണ്ണുനീരിന്റെ നാനവുണ്ട്.
ഡോക്ടർ ജുമിയുടെ ബെഡിനരികിലായി സ്ഥാനമുറപ്പിച്ച് അവൾ മൊഴിയുന്ന വാക്കുകളെ ശ്രദ്ധിച്ചു.
“ഇക്ക… ഇക്കാക്ക് എന്നെയിനി വേണ്ടിവരില്ല. മറ്റൊരുത്തൻ തൊട്ട ശരീരത്തോട് ഇക്കാക്ക് വെറുപ്പായിരിക്കും” അങ്ങനെ ജുമി പലതും ഉരുവിട്ടുകൊണ്ടിരുന്നു.
ഡോക്ടർ അവളെ വിളിച്ചെഴുനേൽപ്പിച്ചു.
“മോളെന്തിനെയാ പേടിക്കുന്നത്” എന്ന് ഡോക്ടർ ജുമിയോട് ചോദിച്ചു.
“ബാസിത്… അക്കുക്കയെ എനിക്ക് നഷ്ടമാവും” എന്ന് ജുമിയുടെ ചുണ്ടുകൾ മൊഴിഞ്ഞു.
കുറച്ചുനേരം ജുമിയോട് സംസാരിച്ച് ഡോക്ടർ വിശ്വൻ മജീദ്ക്കയുടെ അടുത്തേക്ക് ചെന്നു.
“പേടിക്കേണ്ട കാര്യമൊന്നുല്ല. പേടിയും സങ്കടവും അതാണിപ്പോ നിങ്ങളുടെ മകളിൽ കാണാനുള്ളത്. ബാസിത് ആരാ…?” ഡോക്ടറുടെ ചോദ്യമെത്തി.
“അത്… മോളെ ഈ അവസ്ഥയിലേക്ക് തള്ളിവിട്ടവനാണ്” എന്ന് മജീദ്ക്ക.
“ഓക്കെ… ആ വ്യക്തിയെ മകൾ നന്നായിട്ട് പേടിക്കുന്നുണ്ട്. അതിനപ്പുറവും അക്കു എന്ന വ്യകതിയെ നഷ്ടമാകുമോ എന്ന പേടിയും ഈ കുട്ടിക്കുണ്ട്. ആരാണീ അക്കു”
“എന്റെ സുഹൃത്തിന്റെ മകനാണ്. അവനുമായുള്ള ജുമിയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്”
അത് കേട്ടപ്പോൾ ഡോക്ടറോന്ന് മൂളി.
“അക്കുവിനെ ജുമി ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്, സ്നേഹിക്കുന്നുണ്ട്. ജുമിയുടെ ഈ അവസ്ഥയിൽ അവനെ നഷ്ടപ്പെടുമോ എന്ന പേടിയും സങ്കടവും ജുമിയെ വല്ലാതെ വേട്ടയാടുന്നുണ്ട്. ജുമിയെ കൂടുതൽ മാനസികമായി തളരാൻ അനുവദിക്കാതെ പഴയപോലെ തിരിച്ചുകിട്ടാൻ ഒരുവഴിയേ മുന്നിലൊള്ളൂ.
മരുന്നുകൊണ്ടൊന്നും മനസ്സിനേറ്റ മുറിവ് മാറില്ല.
അതുകൊണ്ട് അക്കുവിനോട് സംസാരിച്ച് ജുമിയുമായുള്ള വിവാഹം എത്രയും പെട്ടെന്ന് നടത്തണം. അക്കു സമ്മതിക്കുമോ എന്നൊന്നും അറിയില്ല. എന്നാലും അതല്ലാതെ മറ്റുമാർഗമില്ല. അക്കു ജുമാനയെ l ഉപേക്ഷിച്ചില്ല, കൂടെയുണ്ട് എന്ന് ജുമി മനസ്സിലാക്കുന്ന നിമിഷം ജുമിയുടെ ഈ അവസ്ഥ മാറും” എന്ന് ഡോക്ടർ വിശ്വൻ പറഞ്ഞുനിന്നപ്പോഴാണ്, ഇതൊക്കെ കേട്ടുകൊണ്ട് അക്കു ആ റൂമിനകത്തേക്ക് കയറിവന്നത്.
“മോനെ അക്കു” അക്കുവിനെ കണ്ട മജീദ്ക്ക അക്കുവിനെ ദയനീയമായി നോക്കി.
ആ മുഖത്തെ സങ്കടം അക്കുവിനെ തളർത്തി. എങ്കിലും…
“ഉപ്പ എന്തിനാ സങ്കടപ്പെടുന്നത്. എനിക്ക് സമ്മതമാണ്. ഈ അവസ്ഥയുടെ കാരണംകൊണ്ട് ജുമിയെ ഉപേക്ഷിക്കാൻ ഞാൻ തയ്യാറല്ല” എന്ന് അക്കു പറഞ്ഞപ്പോൾ മജീദ്ക്കയും റസിയാത്തയും കൂടെ ഡോക്ടർമാരുടെയും മുഖത്ത് പുഞ്ചിരിവിടർന്നു.
“നിങ്ങളെ തളർത്താനേ ഇതൊക്കെ ചെയ്തവർക്ക് കഴിഞ്ഞൊള്ളൂ… തകർക്കാൻ അവർക്കായില്ല. അക്കൂ, നിങ്ങളുണ്ടെങ്കിലേ നിങ്ങളുടെ ജുമിയെ തിരികെ കിട്ടൂ. മനസ്സിലെ ഭാരം ഇറക്കിവെക്കാൻ നിങ്ങൾ കൂടെയുണ്ടെങ്കിലേ ഈ കുട്ടിക്ക് സന്തോഷത്തോടെ ജീവിക്കാനാവൂ. എല്ലാമറിഞ്ഞിട്ടും നിങ്ങൾ വിവാഹത്തിന് തയ്യാറായില്ലേ… നിങ്ങളുടെ കൂടെ എന്നും ഈശ്വരൻ ഉണ്ടാകും. നിങ്ങൾക്ക് എന്നും നല്ലതേ വരൂ”
എന്ന് ഡോക്ടർ വിശ്വൻ അക്കുവിനോട് പറഞ്ഞു.
_____________________________
ഓപ്പറേഷനോക്കെ കഴിഞ്ഞ് കിടക്കുകയായിരുന്നു ബാസിത്.
“ഉപ്പാ… എന്നോട് ക്ഷമിക്കണം. ഞാൻ…” ഒന്ന് അനങ്ങാനാവാതെ കിടക്കുകയായിരുന്നരെങ്കിലും ഉപ്പയെ കണ്ടപ്പോൾ ബാസിത് പറഞ്ഞു.
“എന്തിന് ഞാൻ നിന്നോട് ക്ഷമിക്കണം. നിന്റെയുള്ളിലെ ദുഷിച്ച മനസ്സുകാരണം മറ്റൊരു ആശുപത്രിയിൽ കിടക്കുന്ന ഒരു പെൺകുട്ടിയില്ലേ, ആ കുട്ടിയോടാണ് നീ ക്ഷമ ചോദിക്കേണ്ടത്. നിന്നോട് ക്ഷമിക്കേണ്ടത് ആ കുട്ടിയാണ്. അവളുടെ കുടുംബമാണ്” മകന്റെ അവസ്ഥയിൽ വേദനിക്കാതെയാണ് ആ ഉപ്പ അതുപറഞ്ഞത്
“ഉപ്പാ ഞാൻ…”
“വേണ്ട… നീയൊന്നും പറയണ്ട. തെറ്റുപറ്റിയത് എനിക്കാണ്. ആവശ്യത്തിലധികം സ്വാതന്ത്ര്യം ഞാൻ നിനക്കുതന്നപ്പോൾ നീയത് എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നെന്നിക്ക് നോക്കാൻ കഴിഞ്ഞില്ല. കോളേജ് ആവുമ്പോ അടിപിടിയൊക്കെ സാധാരണയാണ് എന്നുതന്നെയാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. പക്ഷെ വീട്ടിൽനിന്നും പഠിക്കാനായി അവിടെയെത്തുന്ന പെൺകുട്ടികളെ വഴിതെറ്റിച്ച് നടക്കൽ നിനക്കൊരു ഹോബിയാണെന്ന് അറിയാൻ വൈകിപ്പോയി. ഇത്രയും കാലത്തിനിടക്ക് നീ നശിപ്പിച്ച പെൺകുട്ടികളുടെ ശാപമാണ് നിനക്കിപ്പോ കിട്ടിയിരികുന്നത്. കിട്ടിയതുകൊണ്ട് തൃപ്തിപ്പെട്ട് ഇനിയുള്ളകാലം നല്ലമനുഷ്യനായി ജീവിക്കാൻ നീ തയ്യാറാണെങ്കിൽ ആശുപത്രി വിടുമ്പോൾ നിനക്ക് വീട്ടിലേക്കുവരാം. അതല്ല ഇനിയും ഇതുപോലെ നാട്ടുകാരാക്കൊണ്ട് കൈവെപ്പിക്കാനാണ് ഉദ്ദേശമെങ്കിൽ നീ ഞങ്ങൾക്കിടയിൽ വേണമെന്നില്ല.
ആ ചെക്കന് നിന്നെ കൊല്ലാതിരിക്കാൻ തോന്നിയതിന് നീയും അവനോട് നന്ദി പറയണം”
ഉപ്പയുടെ ഓരോ വാക്കുകളും ബാസിതിന്റെ നെഞ്ചിൽ പതിഞ്ഞു.
ഒരിക്കലും ഉപദേശിച്ചിട്ടില്ലാത്ത ഉപ്പ ഈ അവസ്ഥയിൽ അശ്വസിപ്പിക്കാതെ കുറ്റപ്പെടുടുത്തിയപ്പോൾ അവനും കുറ്റബോധം തോന്നി.
“ശെരിയാണ് ഉപ്പ പറഞ്ഞതൊക്കെയും. ആവശ്യത്തിലധികമായി സ്നേഹവും കൂടെ പണവും നൽകിയപ്പോൾ ഞാൻ എന്നെത്തന്നെ മറന്നു. ചെയ്തതൊക്കെയും തെറ്റായ കാര്യങ്ങൾ മാത്രമാണ്. ഇപ്പോൾ എനിക്കതിൽ കുറ്റബോധമുണ്ട്. ഞാൻ എല്ലാവരോടും ക്ഷമ ചോദിക്കാം. നന്ദി പറയാം”
“നേരത്തേതന്നെ ഉപദേശിക്കാൻ നിന്റെ തെറ്റുകൾ ഞാൻ കാണുന്നില്ലായിരുന്നു. വീട്ടിൽ നല്ലപുള്ള ചമഞ്ഞപ്പോൾ ഞങ്ങളൊക്കെ കരുതിയത് കോളേജിലെ അടിപിടിയല്ലാതെ മറ്റൊരു കുരുത്തക്കേടും നീ ചെയ്യുന്നില്ല എന്നായിരുന്നു. കണ്ണടച്ച് ഞങ്ങൾ നിന്നെ വിശ്വസിച്ചിരുന്നു. എല്ലാം തെറ്റായിരുന്നു എന്ന് വീട്ടിൽകയറിവന്ന് ഒരു ചെറുപ്പക്കാരൻ പറഞ്ഞപ്പോഴാണ് മനസ്സിലായത്.
ഒരുകാര്യം ഞാൻ നിന്നെ ഓർമിപ്പിക്കാം. നിന്റെ ഇനിയുള്ള ജീവിതംകൊണ്ട് നിനക്കൊരു പ്രയോജനവും ഇല്ല. അതുകൊണ്ട് ആശുപത്രിയിൽ കിടക്കുന്ന ആ പെൺകുട്ടിയുടെ നല്ലജീവിധത്തിനുവേണ്ടി നിന്റെ അവശേക്കുന്ന ജീവൻവെച്ച് പടച്ചവനോട് തേടിക്കോ. ആ പെൺകുട്ടിയെ അവന് നഷ്ടമായാൽ കണക്കുചോദിക്കാൻ അവൻ വീട്ടിൽവരും. ആ പെൺകുട്ടി ഇപ്പോഴാനുഭവിക്കുന്ന വേദന എന്താണെന്ന് നിന്റെ അനിയത്തിയിലൂടെ നിനക്ക് അവൻ കാണിച്ചുതരും” എന്നുകൂടി ആ ഉപ്പ പറഞ്ഞപ്പോൾ ബാസിത് തകർന്നുപോയി.
കൂടുതലെന്തെങ്കിലും പറയുവാൻ ബാസിതിന് കഴിഞ്ഞില്ല.
വേദനകൊണ്ട് ഒന്ന് അനങ്ങാനാവാതെ കിടന്നപ്പോൾ ബാസിത് ചെയ്തുപോയ സകല തെറ്റും ഏറ്റുപറഞ്ഞ് പടച്ചവന്റെ മുന്നിൽ മാപ്പിനായി കേണപേക്ഷിച്ചു.
_________________________________
ദിവസങ്ങൾ ഓരോന്നായി കടന്നുപോയി.
ജുമിയുടെ പനിയൊക്കെ മാറി ഹോസ്പിറ്റൽ വാസമൊക്കെ അവസാനിപ്പിച്ച് വീട്ടിലെത്തി.
പഴയപോലെ കരച്ചിലൊന്നും ഇല്ലെങ്കിലും പഴയതിനേക്കാൾ അവളൊതുങ്ങിപ്പോയി.
ഇരുപത്തിനാലുമണിക്കൂറും ആ റൂമിനകത്ത്, കഴിഞ്ഞുപോയ സംഭവങ്ങളോർത്ത് മാറ്റാരോടും കൂടുതലായി സംസാരിക്കാതെ അവൾ ദിവസങ്ങൾ തള്ളിനീക്കി.
ഫോണിലൂടെ അക്കുവിനോടുപോലും ജുമി സംസാരിക്കാതെയായി.
കൂടെ നിഴലായി നടന്ന കുഞ്ഞോള് വീട്ടിൽവന്നാൽപോലും ജുമി മൗനമായി ഇരിപ്പായി.
എല്ലാം കണ്ടും അറിഞ്ഞും പതിയെപതിയെ തകരുകയായിരുന്നു മജീദ്ക്കയും റസിയാത്തയും.
“അബ്‌ദുവിനോട് സംസാരിക്കണം. എത്രയും പെട്ടെന്ന് ആ ഡോക്ടർ പറഞ്ഞപോലെ ജുമിയുടെ വിവാഹം നടത്തണം” മജീദ്ക്ക തീരുമാനെടുത്തു.
ഈ കഴിഞ്ഞുപോയ ദിവസത്തിനകം അക്കു വർക്ഷോപ്പിൽ ജോലിതുടങ്ങിയിരുന്നു.
പതിവുപോലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തുന്ന അക്കുവിനെയുംകാത്ത് മജീദ്ക്ക് ആ വീട്ടിലുണ്ടായിരുന്നു.
“എന്താണ് ഉപ്പാ ഇവിടെ… ജുമിക്ക് എന്തെങ്കിലും…?”
അക്കു സംശയത്തോടെ ചോദിച്ചു.
“ഇല്ല മോനെ. പ്രത്യേകിച്ച് കുഴപ്പമൊന്നും ഇല്ല. എന്നത്തേയും പോലെ ഉണ്ണുന്നു ഉറങ്ങുന്നു. ആ റൂമിൽനിന്ന് പുറത്തിറങ്ങാൻ പോലും ജുമി പേടിക്കുന്നുണ്ട്”
“അതൊക്കെ ശെരിയാവുമെന്നല്ലേ ഉപ്പാ ഡോക്ടർ പറഞ്ഞത്. ടെൻഷനാവാതെ”
അക്കു മജീദ്ക്കയെ സമാധാനിപ്പിച്ചു.
“എങ്ങനെ സങ്കടപ്പെടാതിരിക്കും. ഞങ്ങൾക്ക് ആകെയുള്ള പെൺതരിയാണ് ജുമി. ആ ജുമി ഇങ്ങനെ നരകിച്ചുജീവിക്കുന്നതുകാണുമ്പോൾ സങ്കടപ്പെടാനല്ലാതെ മറ്റൊന്നിനും എനിക്കാവുന്നില്ല മോനെ”
“ബാസിത്തിനെ ഓർത്ത് പേടിക്കണ്ട, എന്നും ഞാൻ കൂടെയുണ്ട് എന്ന് പലവട്ടം ഞാൻ പറഞ്ഞില്ലേ ഉപ്പാ. എന്നിട്ടും അവൾ മാറുന്നില്ല. ഇനി ഡോക്ടർ പറഞ്ഞപോലെ കല്യാണം അല്ലാതെ മറ്റു മാർഗമൊന്നുമില്ല” എന്ന് അക്കു പറഞ്ഞതും
“അതെ.. അതിനെപ്പറ്റി പറയാനാണ് ഞാൻ വന്നത്” എന്ന് മജീദ്ക്ക.
“ഞാൻ നിന്റെ തീരുമാനം അറിഞ്ഞിട്ട് തീരുമാനിക്കാം എന്നുകരുതിയാ ഇവനോട് ഒന്നും പറയാതിരുന്നത്” എന്ന് അബ്‌ദുക്കയും.
“ആളും ആരവങ്ങളും ഒന്നും വേണ്ട അക്കു. ബന്ധുക്കളെവിളിച്ച് നമുക്ക് ഇതങ്ങോട്ട് നടത്തിയാലോ” എന്ന് അയിഷാത്തയുടെ ചോദ്യം വന്നതും
“വേണ്ട. ആളും ആരവങ്ങളും അങ്ങനെ എല്ലാം വേണം. നാടും നാട്ടുകാരുടെയും മുന്നിൽവെച്ച് എനിക്കവളെ നിക്കാഹ് ചെയ്യണം. എനിക്കവളുടെ പിറന്നാൾ എന്നാണെന്ന് അറിയില്ല. പതിനെട്ട് തികഞ്ഞാൽ കല്യാണം. ബാക്കിയെല്ലാം നിങ്ങൾക്കുവിട്ടുതന്നു” എന്ന് അക്കു.
“അടുത്തമാസം പതിനാലിന് ജുമിക്ക് പതിനെട്ട് തികയും” എന്ന് മജീദ്ക്ക പറഞ്ഞതും അബ്‌ദുക്ക എഴുനേറ്റ് കലണ്ടറിലേക്ക് നോക്കി.
“പതിനാലെന്ന് പറയുമ്പോ വെള്ളിയാഴ്ച. പതിനഞ്ചിനോ പതിനാറിനോ നടത്താം. എന്തെ മജീദെ…?” അബ്‌ദുക്ക ചോദിച്ചു.
“എങ്കിൽ ഞായറാഴ്ച. അടുത്തമാസം പതിനഞ്ചിന് നടത്താം. അന്നാവുമ്പോ അക്കൂന്റെ ആഗ്രഹംപോലെ എല്ലാവരും ഉണ്ടാവും” എന്ന് മജീദ്ക്കയും പറഞ്ഞതോടെ വിവാഹത്തിയായുള്ള ഒരുക്കങ്ങൾ തുടങ്ങി.
സഹായത്തിനായി വേറെ രണ്ടുപേർ ഉള്ളതുകൊണ്ട് വർക്ഷോപ്പ് എന്നും തുറന്നുപ്രവർത്തിക്കുന്നുണ്ട്. അവരവിടെ ഉള്ളതുകൊണ്ട് അക്കു കല്യാണത്തിനായുള്ള തിരക്കിലായി.
ക്ഷണക്കത്തടിക്കലും കല്യാണം വിളിയും തകൃധിയായി നടന്നു.
കല്യാണത്തിന് ഒരാഴ്ചകൂടിയേ ബാക്കിയൊള്ളു. എന്നിട്ടും ജുമിയിൽ മാറ്റങ്ങളൊന്നും കണ്ടില്ല. എന്നത്തേയുംപോലെ ആ റൂമിനകത്ത് ആ കട്ടിലിൽ തുറന്നിട്ട ജനാലിലൂടെ പുറത്തേക്കുനോക്കി ആ ഇരിപ്പുതന്നെയാണ്.
“ഇക്കാ… ഫോണിൽ സംസാരിക്കുന്നില്ല എന്നല്ലെയൊള്ളു. ഇക്കാക്ക് അവളെയൊന്ന് പോയികണ്ടൂടെ…?” എന്ന് കുഞ്ഞോള് ചോദിച്ചപ്പോൾ അക്കു ജുമിയുടെ വീട്ടിലേക്ക് നടന്നു.
അടഞ്ഞുകിടന്ന വാതിലിൽ അക്കു തട്ടിയപ്പോൾ വാതിൽതുറന്നത് റസിയാത്ത ആയിരുന്നു.
“ഉമ്മാ… ഉപ്പ ഇല്ലേ…?” അക്കു ചോദിച്ചു.
“ഇല്ല. ഏതോ കൂട്ടുകാരനെ ക്ഷണിക്കാൻ പോയിരിക്കുകയാ. മോൻ കയറിയിരിക്ക്”
“ആ ഉമ്മാ. ജുമി ഇപ്പോഴും റൂമിനകത്താണോ…?” എന്ന് അക്കു ചോദിച്ചപ്പോൾ ആ ഉമ്മയുടെ കണ്ണുനിറഞ്ഞു.
“ഞാനൊന്ന് അവളെ കണ്ടോട്ടെ…?” എന്ന് അക്കു ചോദിച്ചപ്പോൾ
“എന്തിനാ മോനെ നീ സമ്മതം ചോദിക്കുന്നത്. നീ പോയി കണ്ടോളു. ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം” എന്ന് നിറഞ്ഞമിഴികൾ തുടച്ച് റസിയാത്ത പറഞ്ഞു.
അക്കു ചാരിയിട്ട വാതിൽ പതിയെതുറന്ന് റൂമിൽകയറിയപ്പോൾ കണ്ടത് അഴിച്ചിട്ട മുടിയുമായി മുട്ടുകാലിൽ മുഖംവെച്ച് കട്ടിലിലിരിക്കുന്ന ജുമിയെയാണ്.
കളിച്ചുചിരിച്ച് നടന്ന ജുമിയുടെ ആ ഇരിപ്പ് അക്കുവിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
അക്കു നടന്നുച്ചെന്ന് അവളുടെ അരികിലായി ഇരുന്ന് പാറിപ്പറക്കുന്ന മുടിയിൽ മൃദുവായി തലോടിക്കൊണ്ട് പതിയെ വിളിച്ചു.
“ജുമീ…”
[തുടരും…]
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
F_B_L ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക