മനമറിയാതെ – Part 22

1292 Views

manamariyathe-novel

മനമറിയാതെ…

Part: 22

✍️  F_B_L

[തുടരുന്നു…]

“ആ ഈ പരിപാടി കഴിഞ്ഞു. ഇവിടെയാണ്‌ കലാശക്കൊട്ട്. ഇന്നത്തോടെ ഇവനും ഇവനെ വളർത്താനാറിയാത്ത ഇവന്റെ വാപ്പയും നന്നാവും. ഇല്ലെങ്കിൽ ഞാൻ നന്നാക്കും. അതുകൂടി കഴിഞ്ഞിട്ടേ ഇനി ഇവിടുന്ന് ഇറങ്ങുകയൊള്ളു”

ആ മാളികവീടിന്റെ മുന്നിൽ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു അക്കു.
ജീപ്പിൽ തളർന്നുകിടക്കുന്ന ബാസിക്ക് കൂട്ടിനായി വിഷ്ണുവും ജീപ്പിലിരുന്നു.

“ആരാ… എന്തുവേണം” എന്ന സ്ത്രീശബ്ദം കേട്ടതും അക്കു തിരിഞ്ഞുനോക്കി.

“താത്താ ഞാൻ അക്ബർ. സ്നേഹമുള്ളവരൊക്കെ അക്കു എന്നാണ് വിളിക്കുന്നത്. ആണുങ്ങളാരും ഇല്ലേ ഇവിടെ…?”
അക്കു ആ സ്ത്രീയോട് ചോദിച്ചു.

“ഇക്കയുണ്ട് ഞാൻ വിളിക്കാം” എന്നുപറഞ്ഞ് ആ സ്ത്രീ വീടിനകത്തുകയറി.

ഏതാനും നിമിഷങ്ങൾക്കുശേഷം ബാസിത്തിന്റെ ഉപ്പ എന്നുതോന്നിക്കുന്ന ഒരാൾ പുറത്തേക്കുവന്ന്
“ആരാ മനസ്സിലായില്ല”

“ഇതല്ലേ ബാസിതിന്റെ വീട്”
അക്കു സൗമ്യമായി ചോദിച്ചു.

“അതേ… നീയെതാ..?”
അയാളുടെ ചോദ്യത്തിൽ കുറച്ച് ഗൗരവം ഉണ്ടായിരുന്നു.

“വീട്ടിൽ വരുന്നവരെ പുറത്തുനിർത്തി സംസാരിക്കുന്നത് മര്യാദയല്ലല്ലോ ഇക്കാ” അക്കു ഒരു പുഞ്ചിരിയോടെ പറഞ്ഞ് വലതുകാലുവെച്ച് അയാളെ മറികടന്ന് അകത്തേക്കുകയറി നിരന്നുകിടന്ന സോഫയിലേക്ക് ഇരുന്നു.

“താത്താ ചായ വേണ്ട. തണുത്ത വെള്ളമുണ്ടെങ്കിൽ കുറച്ചാവാം” കാലിനുമുകളിൽ കാലുകയറ്റിവെച്ച് അക്കു മുഖത്തെ പുഞ്ചിരിവിടാതെ പറഞ്ഞു.

അതുകേട്ട് പാവം ആ താത്ത അടുക്കള ലക്ഷ്യമാക്കി നടന്നതും
“നീ ഏതാടാ ചെക്കാ…”
എന്ന ആ മനുഷ്യന്റെ ദേഷ്യത്തോടെയുള്ള ചോദ്യമെത്തി.

“ഹാ ചൂടാവാതെ. ഞാൻ ആദ്യം എന്റെയുള്ളൊന്ന് തണുപ്പിക്കട്ടെ”

അപ്പോഴേക്കും വെള്ളവുമായി താത്തയെത്തി.

“നിങ്ങളാണോ ബാസിത്തിന്റെ ഉമ്മ” വെള്ളം വാങ്ങാവേ അക്കു ചോദിച്ചതും
“അതേ” എന്ന മറുപടി താത്തയിൽനിന്നുവന്നു.

“അപ്പൊ നിങ്ങളായിരിക്കും അവന്റെ ഉപ്പ അല്ലെ…” അക്കു വെള്ളംകുടിച്ചുകൊണ്ട് ചോദിച്ചു.

“അതേ ഞാൻതന്നെയാണ് അവന്റെ ഉപ്പ. എന്തെ എന്തെങ്കിലും പ്രശ്നമുണ്ടോ നിനക്ക്. വീട്ടിൽകയറിവന്ന് തോന്നിവാസം കാണിക്കരുത്. പുറത്തിറങ്ങ്” ബാസിത്തിന്റെ ഉപ്പ കലിപ്പിലാണ്.

പക്ഷെ പുറമെ പുഞ്ചിരിച്ചുനിൽക്കുന്ന അക്കുവിന്റെ ഉള്ളിൽ അയാളെക്കാൾ വലിയ കനലെരിയുന്നുണ്ടെന്ന് അയാൾക്കറിയില്ലല്ലോ…
അക്കു കയ്യിലുള്ള ക്ലാസ്സ്‌ താത്തയെ തിരിച്ചേൽപ്പിച്ചു.

“അപ്പൊ ഇക്കാ… നിങ്ങളെ ഞാൻ വെറുതെ പ്രശറാക്കുന്നില്ല. ഞാൻ അക്കു. കുറച്ചപ്പുറത്താണ് വീട്” അക്കു ഒട്ടും ദേദ്യമില്ലാതെ പറഞ്ഞുതുടങ്ങി.
“നിങ്ങളുടെ മകനായ ബാസിതിനെ എനിക്കൊന്ന് കൈവെക്കേണ്ടിവന്നു”
“എടാ അവനെയിങ്ങുകൊണ്ടുവാ” എന്ന് ഉറക്കെപറഞ്ഞതും വിഷ്ണുവും റാഷിയും ചേർന്ന് ബാസിതിനെ അവന്റെ ഉപ്പയുടെ മുന്നിലെത്തിച്ചു.

“മോനെ ബാസി…” ബാസിതിന്റെ ഉമ്മ അവന്റെ അരികിലേക്ക് ഓടിയെത്തിയപ്പോൾ അവന്റെ ഉപ്പ അരിശംപൂണ്ട് അക്കുവിന്റെ അരികിലേക്ക് പാഞ്ഞടുത്തു.
ആയാളുടെ കൈകൾ അക്കുവിന്റെ കോളറിൽ പിടുത്തമിട്ടു.
“എന്തിനാടാ നായെ നീ എന്റെമകനെ തല്ലിയത്. ഇനി നീ ഇവിടെനിന്ന് പുറത്തുപോകില്ല” അയാൾ ദേശത്തോടെ പറഞ്ഞു.

“ഹാ കയ്യെടുക്ക് കാക്കാ… നിങ്ങൾക്ക് എന്റെ ഉപ്പയുടെ പ്രായമുണ്ടെന്ന് അറിയാം. അതുകൊണ്ടാണ് മാന്യമായി ഞാൻ സംസാരിച്ചുതുടങ്ങിയത്. പ്രായത്തെ മാനിക്കുന്ന എന്നെക്കൊണ്ട് ഒന്നും ചെയ്യിക്കരുത്” അക്കുവിന്റെ കോളറിൽ പിടിച്ച അയാളുടെ കൈ അക്കു എടുത്തുമാറ്റി.

“നിങ്ങൾക്ക് അറിയേണ്ടത് ഞാനെന്തിനാ നിങ്ങളുടെ മകനെ തല്ലിയത് എന്നല്ലേ… പറയാം”
അക്കു അയാളിൽനിന്നും രണ്ടടി മാറിനിന്നു.

അപ്പോഴേക്കും മാളികവീടിന്റെ കോണിപ്പടിയിറങ്ങി ഒരു പെൺകുട്ടി ഇറങ്ങിവന്നു.

“നിങ്ങളുടെ പുന്നാരമകൻ ഒരു തെറ്റുചെയ്തു. അതിനുള്ള ഒരു ശിക്ഷ ഞാൻ കൊടുത്തു”

“ടാ അവനെ ഉപദേശിക്കാനും ശിക്ഷിക്കാനും നീയാണോ എന്റെമകനെ വളർത്തുന്നത്”

“അത് ന്യായമായ ചോദ്യമാണ്. നിങ്ങളുടെ മകന് പിച്ചിച്ചീന്താൻ വേണ്ടിയല്ല ഞാൻ എന്റെ പ്രിയപ്പെട്ടവരെ കോളേജിലേക്ക് അയക്കുന്നത്”

“കോളേജാവുമ്പോൾ പിള്ളേർതമ്മിൽ പ്രശ്നങ്ങളുണ്ടാകും. അത് അവിടെ തീരണം. വീട്ടിൽ കയറിവന്ന് തോന്നിവാസം കാണിക്കരുത്”

“അതിന് ഞാനൊന്നും കാണിച്ചില്ലല്ലോ ഇക്കാ. കാണിക്കാൻ പോകുന്നല്ലെയൊള്ളു. നിങ്ങളുടെ മകന്റെ പ്രവർത്തികൾകാരണം കോളേജിൽ നിന്നും ഇന്നലെ കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറിവന്ന ഒരുപെൺകുട്ടിയുണ്ട്”

“ദേ… ഇല്ലാത്തത് പറയരുത്. എന്റെ മകൻ പെൺകുട്ടികളോട് ഒരുതെറ്റും ചെയ്യില്ല”

“അത് നിങ്ങളുടെ വിശ്വസം. എന്നാൽ കേട്ടോളു മകന്റെ ലീലാവലാസം. കോളേജിൽ പുതുതായി ഈ വർഷം പഠിക്കാൻ തുടങ്ങിയ ഞാൻ കെട്ടാൻപോകുന്ന പെണ്ണിനെ ക്ലാസ്സ്‌ തുടങ്ങിയ അന്നുതൊട്ട് ശല്യം ചെയ്യുകയാണ് നിങ്ങളുടെ പുന്നാരപുത്രൻ. ഒരിക്കൽ നല്ലരീതിയിൽ പറഞ്ഞുകൊടുത്തു. പക്ഷെ അന്നിവൻ എന്നോട് പറഞ്ഞത് ഇവന്റെ വാപ്പയായ നിങ്ങൾപോലും ഇവനെ ഉപദേശിക്കാറില്ല എന്നാണ്. കോളേജിന്റെ മുന്നിലിട്ട് അന്നെനിക്ക് ഇവനെ തല്ലേണ്ടിവന്നു. നന്നാകുമെന്ന് കരുതിയ എനിക്കുതെറ്റി.
ഇന്നലെ കോളേജ് ലൈബ്രറിയിൽവെച്ച് ഇവൻ എന്റെ പെണ്ണിനെ…” അക്കുവിന്റെ ശബ്ദമിടറി.

“ടാ അക്കു…” റാഷി അക്കുവിന്റെ അരികിലെത്തി.

“മാറിനിക്ക് റാഷി” അക്കു റാഷിയെ മാറ്റിനിർത്തി ബാസിതിന്റെ ഉപ്പയുടെ മുന്നിൽച്ചെന്നുനിന്നു.
“ഇവനിന്നലെ എന്റെ ജുമിയുടെ മുഖത്തടിച്ചു. ഉടുത്ത വസ്ത്രം അലിച്ചുകീറി. ഇന്നലെ വന്നുകയറിയ ആ സമയംതൊട്ട് കരച്ചിലായിരുന്നു എന്റെ ജുമി. രാത്രി ശരീരവും മനസ്സും ഒരുപോലെ വേദനിച്ച് ഒരുപോള കണ്ണടച്ചിട്ടില്ല എന്റെ ജുമി. ഒരു ഉറുമ്പിനെപോലും വേദനിപ്പിക്കാത്ത എന്റെ ജുമിയുടെ ശരീരത്തെ നിങ്ങളുടെ മകൻ കവർന്നെടുത്തു. പറയാൻ മടിയുണ്ട്, അറപ്പുണ്ട്, വെറുപ്പുണ്ട്.. എന്നാലും പറയാതിരിക്കാൻ കഴിയില്ല. ഞാൻ കെട്ടാനാഗ്രഹിച്ച പെണ്ണിനെ ഈ പുന്നാരമോൻ നശിപ്പിച്ചു”

അത് കേട്ടതും റാഷിയും വിഷ്ണുവും ഒരുപോലെ ഞെട്ടി.

അക്കുവിന്റെ കണ്ണുകൾ നിറഞ്ഞു.
“എന്റെ പെണ്ണിന്റെ സ്വസ്ഥമായ ജീവിതത്തെ ഇല്ലാതാക്കിയ ഈ നല്ലതന്തക്കുപിറക്കാത്ത ഈ പൂമോനോട് ഞാൻ ക്ഷമിക്കണമായിരുന്നോ. കൊല്ലാതെ വിടുന്നത് കൊല്ലാൻ പേടിച്ചിട്ടല്ല. എന്റെ ജുമി കാണണം ഇവനെ. പക്ഷെ ഒന്ന് നിങ്ങളോർത്തോളൂ… ഇന്ന് മനസ്സിന്റെ സമനിലതെറ്റി ആശുപത്രികിടക്കയിൽ കിടക്കുന്ന എന്റെജുമിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ഒരിക്കൽക്കൂടി ഇവിടെവരും. മജ്ജയും മാംസവുമുള്ള രണ്ടു സ്ത്രീ ജന്മങ്ങൾ ഇവിടെയുമില്ലേ. പകരം ചോദിക്കും ഞാൻ”
അക്കുവിന്റെ കത്തിനിന്ന കണ്ണുകളിൽനിന്നും കണ്ണുനീർഒലിച്ചിറങ്ങി.

“ആവശ്യപ്പെടുന്നതൊക്കെ ചെയ്തുകൊടുക്കുമ്പോൾ മകനെവിടെപോകുന്നു എന്തുചെയ്യുന്നു എന്നെങ്കിലും ഒരു രക്ഷിതാവെന്ന രീതിയിൽ നിങ്ങൾ അന്വേഷിക്കണമായിരുന്നു. അല്ലാതെ പേ പിടിച്ച പട്ടിയെ കെട്ടഴിച്ചുവിട്ട് നാട്ടുകാരെ നെഞ്ചത്തേക്ക് പറഞ്ഞയച്ചാൽ ദേ ഇതായിരിക്കും അവസ്ഥ. എന്റെ ജുമിയെ തൊട്ടകൈ ഓടിയാൻ ഒരിഞ്ച് ഗ്യാപ് ബാക്കിയുണ്ടാകില്ല. ഇനി ഇവൻ കെട്ടുന്ന പെണ്ണിന്റെ നേരെപോലും അവൻ ഒന്നിനും പോകില്ല. അതിന് ഇനിയവനുപറ്റില്ല. അവന്റെ അവസാനത്തെ ആഗ്രഹാമായിരുന്നു എന്റെ ജുമി. ഇനിയിവന് അങ്ങനെ ഒരു ആഗ്രഹം ഉണ്ടാകില്ല. ആഗ്രഹിച്ചിട്ട് കാര്യമില്ല”
“വൈകിക്കാതെ ആശുപത്രിയിൽ എത്തിച്ചാൽ ഭാഗ്യമുണ്ടെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ മകനെ തിരികെകിട്ടും”

ബാസിത്തിന്റെ ഉപ്പാക്ക് മറുപടിയൊന്നും പറയാൻ കഴിഞ്ഞില്ല.

അക്കു അയാളെ തള്ളിമാറ്റി പുറത്തേക്ക് നടന്നു.

“ദേ കാക്കാ… ഒരിക്കൽക്കൂടി ആ പോയവൻ ഈ പടികടന്നുവരാതിരിക്കാൻ പ്രാർത്ഥിച്ചോളു” അക്കുവിന് പുറകെ പുറത്തേക്കിറങ്ങവേ റാഷി പാഞ്ഞപ്പോൾ
നിലത്ത് കിടക്കുന്ന ബാസിത്തിന്റെ നെഞ്ചിൽ ചവിട്ടി വിഷ്ണുവും പുറത്തേക്കിറങ്ങി.

“ആരെങ്കിലും വണ്ടിയെടുക്ക്”

അക്കു പറഞ്ഞപ്പോൾ വിഷ്ണു വണ്ടിയെടുത്ത് ആ മാളികവീടിന്റെ ഗേറ്റുകടന്ന് പുറത്തിറങ്ങി.

“ഹോസ്പിറ്റലിലേക്ക് പോട്ടെ വണ്ടി. എനിക്ക് എന്റെ ജുമിയെ കാണണം. എനിക്ക് അവളോട് പറയണം അവൾ പേടിക്കുന്നവന്റെ ശല്യം ഇനിയുണ്ടാകില്ല എന്ന്” വണ്ടിയിലിരുന്ന് അക്കു പറഞ്ഞു.

“ടാ അക്കു നീ ബാസിതിന്റെ ഉപ്പയോട് പറഞ്ഞതൊക്കെ സത്യമാണോ…?” വിഷ്ണു അക്കുവിനോട് ചോദിച്ചു.

“നിങ്ങൾ കേട്ടതൊക്കെ സത്യമാണ്” എന്ന് അക്കു പറഞ്ഞതും പിന്നീടവർ ഒന്നും സംസാരിച്ചില്ല.

ഹോസ്പിറ്റലിലെത്തിയ അവർ അക്കുവിനെയുംകൊണ്ട് ഡോക്ടറുടെ റൂമിലേക്കാണ് ആദ്യം കയറിയത്.

കയ്യിലേറ്റ മുറിവിൽ മരുന്നൊക്കെ വെച്ചുകെട്ടി പുറത്തിറങ്ങാൻ നേരം ജുമിയെ പരിശോധിച്ച ഡോക്ടറെ അക്കുകണ്ടു.

“ഡോക്ടർ ജുമിക്ക് എങ്ങനെയുണ്ട്”

“അക്കു അല്ലെ. ഞാൻ നിങ്ങളെ വിളിപ്പിക്കാൻ നിൽക്കുകയായിരുന്നു” ഡോക്ടറുടെ മറുപടിയെത്തി.

“ഡോക്ടർ അവൾക്ക് എന്തെങ്കിലും..”
തകർന്നുനിൽക്കുന്ന അക്കു വീണ്ടും വീണ്ടും തകരുന്നപോലെ അവനുതോന്നി.

“വരൂ മിസ്റ്റർ അക്കു. നമുക്ക് അകത്തേക്കിരിക്കാം”

“പറഞ്ഞിരുന്നല്ലോ ഞാൻ ജുമാനയുടെ അവസ്ഥ. പനി ഇപ്പൊ കുറവുണ്ട്. അത് പെട്ടെന്ന് മാറും. പക്ഷെ മനസ്സിനേറ്റ മുറിവ് പെട്ടെന്ന് മാറില്ല. ഞാൻ എന്റെയൊരു സുഹൃത്തായ ഡോക്ടർ വിശ്വനുമായി   ജമിയുടെകാര്യം ഡിസ്‌കസ് ചെയ്തു. അദ്ദേഹം പറയുന്നത് മരുന്നുകൊണ്ട് മാറില്ല എന്നാണ്”

“അപ്പൊ എന്റെ ജുമി…”

“ടെൻഷനാവാതെ അക്കു. വിശ്വൻ പറയുന്നത് എന്താണെന്നുവെച്ചാൽ ഒരുപക്ഷെ ജുമാന ആഗ്രഹിച്ച ജീവിതം നഷ്ടപ്പെടുമോ എന്ന പേടികൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചത് എന്നാണ്. ജുമാന ആഗ്രഹിച്ച ജീവിതം അവൾക്ക് തിരികെകിട്ടിയാൽ, അത് ജുമാന അറിഞ്ഞാൽ നിങ്ങൾക്ക് നിങ്ങളുടെ ജുമാനയെ തിരിച്ചുകിട്ടും”

“ഡോക്ടർ പറഞ്ഞുവരുന്നത് അവളെ ഉപേക്ഷിക്കരുത് എന്നല്ലേ…?”

“എല്ലാം നിങ്ങളുടെ ഇഷ്ടമാണ് അക്കു. എന്നാലും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് ജുമാന നിങ്ങളുമായുള്ള ജീവിതമാണ് ആഗ്രഹിച്ചത് എന്നാണ്. അതുകൊണ്ട് പറയുകയാണ് വെറുതെ കൂടെനിൽക്കണം എന്നല്ല ജുമിയെ വിവാഹംകഴിച്ച് കൂടെനിർത്തണം എന്നാണ്. അതിന് നിങ്ങൾക്ക് കഴിയില്ലേ അക്കു…?”

“എന്റെ ജുമിക്ക് ഇതല്ല, ഇനിയേത് അവസ്ഥയായാലും ഞാനെന്നും അവളുടെ കൂടെയുണ്ടാകും. എന്റെ അവസാനംവരെ. അവളുടെ അസുഖം മാറാൻ അവളെ വിവാഹംകഴിക്കണം എന്നാണ് ഡോക്ടർ പറയുന്നതെങ്കിൽ ഞാനതിന് ഒരുക്കമാണ്”

ഡോക്ടറുടെ ഒരുപാട്‌നേരത്തെ നിർദ്ദേശങ്ങളെല്ലാം കേട്ട് അക്കു റൂമിൽനിന്നും പുറത്തിറങ്ങി ഐ സി യൂന്റെ മുന്നിലേക്ക് നടന്നു.

“നിങ്ങൾ വീട്ടിലേക്ക് പൊയ്ക്കോ” അക്കു റാഷിയെയും വിഷ്ണുവിനെയും അവരുടെ വീട്ടിലേക്ക് പറഞ്ഞയച്ചു.

ഇരുമ്പുകസേരയിൽ അങ്ങിങ്ങായി ഇരിക്കുന്ന അക്കുവിന്റെയും ജുമിയുടെയും കുടുംബാങ്കങ്ങൾ.
അവർക്കിടയിലേക്ക് നടന്നുചെല്ലുമ്പോൾ കയ്യിലെ വെച്ചുകെട്ടിയ മുറിവ് അക്കു മറന്നിരുന്നു.

അക്കുവിന്റെ മനസ്സുനിറയെ അകത്തുകിടക്കുന്ന അവന്റെ ജുമിയും അവളുടെ അവസ്ഥയും പോരാത്തതിന് ഡോക്ടർനൽകിയ നിർദ്ദേശങ്ങളുമായിരുന്നു.

“ഇക്കാ ഇതെന്തുപറ്റി കൈക്ക്. ആ ബാസിത്തുമായി വഴക്കിട്ടോ” അക്കുവിന്റെ കൈപിടിച്ച് കുഞ്ഞോള് ചോദിച്ചപ്പോൾ അക്കു അവൾക്കൊരു പുഞ്ചിരിനൽകി.

പക്ഷെ ഉപ്പമാരുടെ ചോദ്യങ്ങൾക്കുമുന്നിൽ അക്കുവിന് പുഞ്ചിരിച്ചുനിൽക്കാൻ ആയില്ല.

കഴിഞ്ഞ ഏതാനും മണിക്കൂറുകളിൽ നടന്നതൊക്കെ അക്കു അവർക്കുമുന്നിൽ വെളിപ്പെടുത്തി.

“പിന്നേ ഇവിടെയിങ്ങനെ എല്ലാവരും എന്തിനാ നിൽക്കുന്നത്. വീട്ടിൽ പൊയ്ക്കൂടേ” എന്ന് അക്കു അവരോട് ചോദിച്ചു.

“മോളിവിടെ കിടക്കുമ്പോ ഞങ്ങളെങ്ങനെയാ പോവുന്നത്” എന്ന് അബ്‌ദുക്ക.

“ന്റുപ്പാ… ഇവിടെ നിന്നതുകൊണ്ട് ഒരുകാര്യവും ഇല്ല. എല്ലാവരും വീട്ടിൽപോവാൻ നോക്ക്. നാളെ കാലത്ത് വന്നാമതി. നിങ്ങളാരും ഒന്നും കഴിച്ചിട്ടുമില്ലല്ലോ. ഇന്ന് രാത്രിയിൽ ഞാനിവിടെ നിൽക്കാം. റൂമിലേക്ക് മാറ്റുമ്പോഴല്ലേ ഉമ്മാ നിങ്ങളെയൊക്കെ ആവശ്യം. ഇപ്പൊ എല്ലാവരും വീട്ടിൽപോയി ഭക്ഷണമൊക്കെ കഴിച്ച് കിടക്കാൻ നോക്ക്”

അക്കു ഒരുപാട് നിർബന്ധിച്ചപ്പോൾ എല്ലാവരും പോകാനൊരുങ്ങി.

ആ ഐ സി യൂന്റെ മുന്നിലെ ഇരുമ്പുകസേരയിൽ അക്കുമാത്രം അവശേഷിച്ചു.

അപ്പോഴാണ് അകത്തുനിന്നും സിസ്റ്റർ വന്നത്.

“ജുമാന കണ്ണുതുറന്നു” സിസ്റ്റർ പറഞ്ഞതും അക്കു ചാടിയെണീറ്റ് സിസ്റ്ററുടെ അടുത്തേക്ക് നടന്നു.

“എനിക്കൊന്ന് കാണാൻ…”
അക്കു ചോദിച്ചു.

“വരൂ”
സിസ്റ്ററുടെ പുറകെ അക്കു ആ റൂമിനകത്തേക്ക് പ്രവേശിച്ചു.

കണ്ണടച്ച് കിടക്കുന്ന ജുമിയുടെ അരികിലായി അക്കു കസേരയിൽ ഇരുന്നു.
അക്കുവിന്റെ വലതുകരം ജുമിയുടെ നെറ്റിയിൽ മൃദുവായി തലോടിയതും ജുമി ഒരു ഞെട്ടലോടെ ഒന്ന് ചലിച്ചു.

“ജുമീ…” അക്കു പതിയെ വിളിച്ചു.

“ബാസിത്…” ഇടറിയ ജുമിയുടെ ശബ്ദം കേട്ടതും അക്കുവിന്റെ നെഞ്ചുപിടച്ചു.

“അവനെ വിട്. ഇപ്പൊ നിന്റെ അരികിൽ ഞാനല്ലേ”

“എന്നെ തൊടരുത്. എനിക്ക് പേടിയാണ് നിങ്ങളെ. എന്നിലെ അവശേഷിക്കുന്ന ജീവനുംകൂടി എടുക്കാനാണോ നിങ്ങളിവിടെ വന്നത്. പ്ലീസ് എന്നെ ഉപദ്രവിക്കരുത്. എനിക്ക് എന്റെ ഇക്കയുടെകൂടെ ജീവിക്കണം” ഇടറിയ ശബ്ദത്തോടെ കണ്ണുതുറക്കാതെ ജുമി പറഞ്ഞു.

“ജുമീ ഇത് ഞാനാപെണ്ണെ. നിന്റെ അക്കു”

“വേണ്ട… എനിക്ക് പേടിയാണ്. പ്ലീസ് എന്നെ ഉപദ്രവിക്കരുത്”

“ജുമീ നീയൊന്ന് കണ്ണുതുറക്ക് പെണ്ണെ” എന്ന് അക്കു പറഞ്ഞെങ്കിലും ജുമി പിന്നീടെന്തെങ്കിലും പറയുന്നതോ, കണ്ണുതുറക്കുന്നതോ അക്കുവിന് കാണാൻ കഴിഞ്ഞില്ല.

“ജുമീ… കണ്ണുതുറക്ക് പെണ്ണെ. ആരാണെന്ന് ഒന്ന് നോക്ക്. നിന്റെ ഇക്കയാടാ” അവൻ വീണ്ടും പറഞ്ഞു.
പക്ഷെ ജുമിയിൽ ഒരു അനക്കംപോലും അക്കുവിന് കാണാൻ കഴിഞ്ഞില്ല.

നിരാശയോടെ അക്കു അവളുടെ നെറ്റിയിൽനിന്നും കൈ പിൻവലിച്ച്, കോർത്തുപിടിച്ച ജുമിയുടെ കരത്തെ സ്വാതന്ത്രമാക്കി എഴുനെൽകാൻ ശ്രമിച്ചതും അക്കുവിന്റെ കരം ജുമി മുറുകെപിടിച്ചു.

“അവനിനിയും വരും, എന്നെ ഇനിയും ഉപദ്രവിക്കും” എന്ന് ജുമിയുടെ ചുണ്ടുകൾ മൊഴിഞ്ഞു.
ജുമി മുറുകെപിടിച്ച കരം അയഞ്ഞു.

നിരാശയോടെ അക്കു എഴുനേറ്റ് അവിടെനിന്നും പുറത്തിറങ്ങി.
നിറഞ്ഞുവന്ന കണ്ണുനീരിനെ തുടച്ചുമാറ്റി അക്കു പുറത്തുള്ള കസേരയിലേക്ക് ഇരുന്നു.

ഈ സമയം മറ്റൊരു ഹോസ്പിറ്റലിൽ…

“ഇത് ഒരു ആക്‌സിഡന്റ് ആണെന്ന് വിശ്വസിക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്. ആരോ മനഃപൂർവ്വം ചെയ്തതാണ്. അത് ചെയ്ത ടെസ്റ്റുകളിൽനിന്ന് വളരെ വ്യക്തമാണ്. കയ്യിൽമാത്രം മൂന്ന്ഭാഗത്തായി പൊട്ടലുണ്ട്. അതിനേക്കാൾ ഗുരുതരമായ മറ്റൊരു പ്രശ്‌നമുണ്ട്” ബാസിതിനെ പരിശോധിച്ച ഡോക്ടർ ബാസിതിന്റെ ഉപ്പായോട് പറഞ്ഞു.

“എന്താ ഡോക്ടർ”

“ജനനേന്ദ്രിയം തകർന്നിട്ടുണ്ട്. ഞരമ്പുകൾപോലും തളർന്നുപോയിട്ടുണ്ട്. അതാണ് അവനിലെ ഏറ്റവും ഗുരുതരമായ പ്രശ്നം”

“മാറ്റിയെടുക്കാൻ കഴിയില്ലേ ഡോക്ടർ”

“ശ്രമിക്കാം. ഉറപ്പോന്നും നൽകാൻ ഞങ്ങൾക്കാവില്ല. എങ്കിലും പരമാവധി ഞങ്ങൾ ശ്രമിക്കാം. ബാക്കിയെല്ലാം ദൈവത്തിന്റെ കൈകളിലാണ്”
“പിന്നെ അടിപിടിയാണെങ്കിൽ ഞങ്ങൾക്കുതന്നെ കേസാക്കാം. ഇത്രയും സീരിയസായ സ്ഥിതിക്ക് നിയമപരമായി നമുക്ക് മുന്നോട്ട് പൊയ്ക്കൂടേ” എന്നകൂടി ഡോക്ടർ പറഞ്ഞപ്പോൾ

“വേണ്ട. കേസും വക്കാണവും ഒന്നും വേണ്ട. ഇത് അവനുവിധിച്ചതാണ്. അവന് കിട്ടേണ്ടതുതന്നെയാണ് ഇതൊക്കെ. അതുകൊണ്ട് ഞങ്ങൾക്ക് പരാതിയില്ല. കഴിയുമെങ്കിൽ ഡോക്ടർ അവനെ രക്ഷപ്പെടുത്തണം”
ബാസിതിന്റെ ഉപ്പാക്ക് കൂടുതലായി ഒന്നും പറയാനില്ലായിരുന്നു.

“ഇക്കാ… അതുതന്നെയാണ് നല്ലത്. ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിച്ചതുകൊണ്ടല്ലേ നമ്മുടെ മകന് ഇങ്ങനെയൊക്കെ സംഭവിച്ചത്. ഇതിന്റെപേരിൽ ഇനിയും പ്രശ്നങ്ങളുണ്ടായാൽ…” ഡോക്ടർ പോയപ്പോൾ ബാസിതിന്റെ ഉമ്മ അയാളോട് പറഞ്ഞു.

“ഇക്ക ഇല്ലാതാക്കിയ ആ പെൺകുട്ടിയെ നമുക്കൊന്ന്പോയി കാണണ്ടേ ഉപ്പാ” ബാസിതിന്റെ അനിയത്തിയുടെ ചോദ്യമെത്തി.

“പോണം, കാണണം എന്നൊക്കെയുണ്ട്. പക്ഷെ ആ പെൺകുട്ടിയെയും അവളുടെ കുടുംബത്തെയും ഞാനെങ്ങനെ സമാധാനിപ്പിക്കും. ഞാനവരോട് എന്തുപറയും. എന്റെ മകനാണ് അവരുടെ മകളെ നശിപ്പിച്ചതെന്ന് ഞാനെങ്ങനെ അവരോട് പറയും. എനിക്ക് കഴിയില്ല മോളെ…”

[തുടരും…]

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

F_B_L ന്റെ മറ്റു നോവലുകൾ

അകലെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply