വിശപ്പ്
ഏകാന്തതയെ ഞാൻ വല്ലാതെ പ്രണയിച്ചുതുടങ്ങിയിരിക്കുന്നു.ഒറ്റപ്പെടൽ എനിക്ക് ഒരു ലഹരിയായിത്തീർന്നിരിക്കുന്നു.ഈ പുസ്തകങ്ങൾക്കിടയിൽ അരണ്ട വെളിച്ചത്തിൽ ഞാൻ ആനന്ദം കണ്ടെത്തി.പുസ്തകങ്ങളിലൂടെ ഒരു ചിതലിനെപ്പോലെ ഞാൻ അരിച്ചിറങ്ങി.ഓരോ ഞരമ്പിലും വായിക്കുന്ന കഥകൾ ലഹരിയായ് പടർന്നു.ഓരോ കഥാപാത്രങ്ങളും ഞാനായി മാറുകയായിരുന്നു.എനിക്ക് ഞാനാവുന്നതിനെക്കാൾ പ്രിയം അതായിരുന്നു.
എൻ്റെ പേരുപോലും ഞാൻ മറന്നുപോയിരുന്നു.
“തുളസി”…….
ജനാലക്കപ്പുറം ഇരുളിലും നീണ്ടുനിൽക്കുന്ന തുളസിക്കതിരുകളാണ് എൻ്റെ പേരിനെക്കുറിച്ച് അവബോധമുണർത്തിയത്.വായന എനിക്ക് ലഹരിയല്ല,വിശപ്പായി മാറുകയായിരുന്നു.ജീവൻ്റെ അടിസ്ഥാനം തന്നെ അക്ഷരങ്ങളായിമാറി.ഈ മുറിയും പുസ്തകങ്ങളുമാണിന്നെൻ്റെ ലോകം.ജനാലക്കപ്പുറത്തുള്ള കാഴ്ച്ചകളും എനിക്ക് കൂട്ടായി.
നിദ്ര എന്നെ തലോടുന്നത് അപൂർവമായായിരുന്നു.പല രാത്രികളിലും എൻ്റെ കണ്ണീർ തലയിണയുമായി ലയിച്ചു.ചിലപ്പോളൊക്കെ ഡയറിയുടെ വെളുത്ത താളുകളിൽ ഞാനെൻ്റെ ചുവന്ന മഷിയുള്ള തൂലികയാൽ ഭ്രാന്തൻ ചിന്തകൾ എഴുതിച്ചേർത്തു.മേശയിൽ അവ്യക്തമായ ചില ചിത്രങ്ങൾ കോറിയിട്ടു.അമ്മ കുറെ നാൾ എനിക്ക് വേണ്ടി കണ്ണീരൊഴുക്കി.അമ്മയുടെ പശ്ചാത്താപമാവാം അതിനാധാരം…ഇപ്പോൾ അവരുടെ മുഖത്ത് പഴയ കണ്ണീർച്ചാലുകളുടെ അവ്യക്തമായ പാടുകൾ പോലും ശേഷിക്കുന്നില്ല. വ്യർത്ഥമാണെന്നു തോന്നിയിട്ടാവാം കണ്ണീർച്ചാലുകൾ മാഞ്ഞു പോയത്.ചേച്ചിയുടെ മുഖത്ത് പുച്ഛം മാത്രം…
സൗഹൃദങ്ങളൊക്കെ തുരുമ്പെടുത്തിരുന്നു.വായാടിയായ സുഹൃത്തുക്കളെ ജീവനുതുല്യം സ്നേഹിക്കുന്ന ഞാൻ ഇടക്കെപ്പോഴോ മരിച്ചിരുന്നു.സംസാരിക്കാതായപ്പോൾ തുളസി അഹങ്കാരിയായെന്നു പലരും പറഞ്ഞു.തൻ്റേടിയായിരുന്ന പതിനേഴുകാരിയെ എല്ലാവരുംകൂടി കൊന്നതല്ലേ?ജീവനോടെ കുഴിച്ചുമൂടിയതല്ലേ?
അമ്മയുടെ കുഞ്ഞാങ്ങളയുടെ കഴുകൻകണ്ണുകൾ എന്നെ പിന്തുടർന്നിരുന്നു. ബാല്യത്തിൽത്തന്നെ അച്ഛനെ നഷ്ടമായ ഞാൻ അയാളുടെ വാത്സല്യം ആഗ്രഹിച്ചിരുന്നു.അത് പരിധിവിട്ടപ്പോൾ എൻ്റെ
മഞ്ഞപ്പട്ടുപ്പാവാടയാകെ ചെഞ്ചോരത്തുള്ളികൾ പടർന്നു.അയാളുടെ ഇരപിടിയൻ കൈകൾ ഒരു രാത്രിയാകെ എന്നിലിഴഞ്ഞുനടന്നു.നഖങ്ങൾ എൻ്റെ ശരീരത്തിൽ ആഴ്ന്നിറങ്ങി.എൻ്റെ എതിർപ്പുകളും ഏങ്ങലടികളും പുറത്തുവന്നില്ല.അനന്തമായ ഇരുളിൽ എൻ്റെ തേങ്ങലുകൾ അലിഞ്ഞുചേർന്നു.സത്യം തുറന്നുപറഞ്ഞപ്പോൾ തറവാടിൻ്റെ അന്തസ്,അഭിമാനം എന്നൊക്കെപ്പറഞ്ഞ് എല്ലാവരുംകൂടി എന്നെ തളച്ചിട്ടു.അയാൾ എന്നെ കളങ്കപ്പെടുത്തി എന്നതിനപ്പുറം എന്നെ തളർത്തിയത് ഇത് മറച്ചുവെക്കാൻ എൻ്റെ വായ്മൂടിക്കെട്ടിയ ഉറ്റവരാണ്.
കുഞ്ഞമ്മാവൻ്റെ മൃഗീയത പുറത്ത് വരുമെന്നായപ്പോൾ എല്ലാവരുംകൂടി ഈ പുസ്തകങ്ങൾക്കിടയിൽ എന്നെ തളച്ചിട്ടു.ആദ്യം എനിക്കിതൊരു തടവറയായിരുന്നു.എങ്കിലും പതിയെ ഈ അരണ്ടവെളിച്ചത്തിലുള്ള വായനയെ പ്രണയിച്ചുതുടങ്ങി.അക്ഷരങ്ങളിൽ വേരൂന്നി.ഓരോ പുസ്തകങ്ങളും എനിക്കോരോ ജന്മങ്ങളുടെ അനുഭൂതി സമ്മാനിച്ചു.പുസ്തകങ്ങളുടെ ഗന്ധം ഞാനാവോളമാസ്വദിച്ചു.വായിച്ച പുസ്തകങ്ങളിലൂടെ ഞാൻ വീണ്ടും വീണ്ടും സഞ്ചരിച്ചു.രാത്രി യക്ഷിയെപ്പോലെ കൂവിവിളിക്കുന്ന ഞാൻ അനേകം മനശാസ്ത്രജ്ഞരുടെ മുന്നിൽ പ്രദർശനവസ്തുവായി.
നാട്ടുകാരുടെ ‘ഭ്രാന്തി’ എന്നുള്ള വിളി ആദ്യമൊക്കെ അസഹ്യമായിരുന്നു.പിന്നീട് അത് ഒരു ആവേശമായിത്തീർന്നു.എൻ്റെ മുറിക്കെതിർവശത്തുള്ള ഇടവഴിയിലൂടെ രമേശേട്ടൻ പുതുപ്പെണ്ണിൻ്റെ കൈപിടിച്ച് നടന്നപ്പോൾ എന്തിനോ കണ്ണുകൾ നിറഞ്ഞൊഴുകി.അയാളും ദയനീയമായി എന്നെത്തന്നെ ഉറ്റുനോക്കിയപ്പോൾ ഞാൻ ജനലഴിളിൽപ്പിടിച്ച് ഒന്നു കുലുങ്ങിച്ചിരിച്ചു.
ഭ്രാന്തിയുടെ ചിരി…
അയാളുടെ കണ്ണിൽ ബാക്കിയുണ്ടായിരുന്ന വറ്റാത്ത പ്രണയം എന്നെ ഒരു ഉന്മാദിനിയാക്കി.
ഇന്നെൻ്റെ ചേച്ചിയുടെ വിവാഹമായിരുന്നു.കടുകെണ്ണ താളിച്ച കണ്ണിമാങ്ങയച്ചാറും കുത്തരിക്കഞ്ഞിയും ആസ്വദിച്ചുകഴിച്ചു.കുഞ്ഞമ്മാവാൻ കോലായിലെ ചാരുകസേരയിൽ അമർന്നിരുന്നപ്പോൾ കസേര പോലും മുറുമുറുത്തിരുന്നു.
“ദേവ്യേ,മൂത്തവളെ എങ്ങനെയോ കെട്ടിച്ചയച്ചു.ഈ ഭ്രാന്തിയെ എന്ത് ചെയ്യും?എൻ്റെ കയ്യീന്നു പറ്റിയ ഒരു അബദ്ധം.ഇങ്ങനാവുമെന്ന് വിചാരിച്ചില്ല.”
അമ്മ മുഖംകുനിച്ച് നേര്യതുകൊണ്ട് കണ്ണീരൊപ്പി…കുറച്ചുനേരം മൗനം തളംകെട്ടിനിന്നു.
”തുളസീ…”
അമ്മയുടെ ഏങ്ങലടികൾ ഇരുളിലും മുഴങ്ങിക്കേട്ടു.എൻ്റെ വെളുത്ത നേര്യതാകെ ചോര പടർന്നിരുന്നു.നിലത്ത് കിടക്കുന്ന നിലവിളക്ക് കാവിയിട്ട നിലമാകെ ചുവന്ന നിറത്തിലൊരു ചിത്രം വരച്ചു.ആ ചിത്രം പിഴുതെറിഞ്ഞിട്ടും വേലിയിൽ പൂവിട്ട ചുവന്ന ചെമ്പരത്തിയെ അനുസ്മരിപ്പിച്ചു.
എനിക്ക് വിശക്കുന്നു.അരണ്ട വെളിച്ചത്തിലേക്ക് ഞാൻ വീണ്ടും കടന്നുചെന്നു.
വിശപ്പ്….വിശപ്പ്…വിശപ്പ്…
പുസ്തകങ്ങളിലൂടെ എൻ്റെ കണ്ണുകൾ ചൂഴ്ന്നിറങ്ങി.കഥകളിലുള്ള ജീവിതങ്ങൾക്കപ്പുറം ഞാൻ പുനർജ്ജനിയാഗ്രഹിക്കുന്നു.
ഡയറിയെടുത്ത് പുതിയൊരു താളിൽ ഇങ്ങനെ എഴുതിച്ചേർത്തു…..
‘തുളസിയുടെ പുനർജ്ജന്മം…
ജനലരികിലെ ഉണങ്ങിത്തുടങ്ങിയ തുളസിച്ചെടി വീണ്ടും തളിരണിഞ്ഞു…
……….
വായനയ്ക്ക് നന്ദി…
തെറ്റുകൾ ഉണ്ടാവും….
ക്ഷമിക്കുക….
©_Krishnapriya