ഒരു സൈക്കിൾ പോയ വഴിയേ

1444 Views

aksharathalukal-malayalam-kathakal

തൊണ്ണൂറുകളുടെ അവസാനപാദത്തിൽ, കരിമ്പ് ഈസ്റ്റ് ഇന്ത്യ കമ്പനിയും, ഏഴാം ക്ലാസ്സിൽ എന്റെ കൂടെ പഠിക്കുന്ന ചാഴിയും തമ്മിൽ ഒപ്പിട്ട,ഒരു സൈക്കിൾ കച്ചവടം.അതാണ്, കഥാബിന്ദു. ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുമായിട്ടുള്ള ഉപമ, ചുമ്മാതല്ല.കാപ്പി, ഏലം, കുരുമുളക് തുടങ്ങിയ നാണ്യവിളകൾ കണ്ടിട്ടാണല്ലോ പഹയന്മാർ,കച്ചോടം എന്നും പറഞ്ഞോണ്ടു വലിഞ്ഞു കയറി വന്നത്.വിളവെടുപ്പ് കഴിഞ്ഞു, നല്ല വില കിട്ടുമ്പോൾ വിക്കാനായി ചാക്കിലാക്കി, വീട്ടിലിരിക്കുന്ന, ഇതേ നാണ്യവിളകൾ കണ്ടിട്ടാണ് നമ്മളും കച്ചോടത്തിനറങ്ങുന്ന ത്. അതെങ്ങനെ എന്നല്ലേ? ഓടപ്പൊളി പ്രയോഗത്തെപ്പറ്റി കേട്ടിട്ടുണ്ടോ.ഉണക്കിയ കുരുമുളക് സൂക്ഷിച്ചു വച്ചിരിക്കുന്ന ചണച്ചാക്കിൽ ഒരു ഓടയുടെ പാളി, തിരുകിയാൽ കറുത്ത പൊന്മണികൾ, ഓരോന്നായി, ആ ഓടപ്പൊളിയിലൂടെ ഊർന്നു അതിനടിയിൽ വച്ചിരിക്കുന്ന സഞ്ചിയിൽ നിപതിക്കും. ഒരു രാത്രി, സമയം കൊടുത്താൽ, ഒരു കിലോയെങ്കിലും മിനിമം നിക്ഷേപം ഉണ്ടാവും. ആ ഓടപ്പൊളിയും സഞ്ചിയും അതിരാവിലെ എടുത്തു മാറ്റി, ഉപകാരസ്മരണക്ക്‌, ചാക്കിനൊരു ധൃതരാഷ്ട്രാലിംഗനം,കൊടുത്ത്,ചാക്കൊന്നു നിവർത്തി വക്കണം.വയറ്റീന്നു പോയത് ചാക്ക് പോലും അറിഞ്ഞിട്ടുണ്ടാവില്ല, പിന്നെയല്ലേ വീട്ടുകാർ.വീട്ടുകാരെ അധികം ബുദ്ധിമുട്ടിക്കാതെ വേണം,നല്ല കുട്ടികൾ വളരാൻ എന്നാണല്ലോ സന്മാർഗപാഠം.അറിഞ്ഞോണ്ട് കാശ് തരുമ്പോളല്ലേ, അവർക്കതൊരു ബുദ്ധിമുട്ടായി തോന്നൂ.ഇതാവുമ്പോ, ഇലക്കും മുള്ളിനും കേടില്ല. അതാണ് ശാസ്ത്രം……. ഇങ്ങനൊരു സാമ്പത്തികശാസ്ത്രം, അറിയാവുന്നത് കൊണ്ടാണ് ഇത്രയും വലിയൊരു ഡീലായിട്ടും, ചാഴി നമ്മളെ തന്നെ സമീപിച്ചത്. അവനാ സൈക്കിൾ, ആറിൽ പഠിക്കുന്ന മൂസയോട് ഇരുപത്തഞ്ചു രൂപക്ക് വാങ്ങീതാണ്. നിലവിൽ, വണ്ടി റണ്ണിംഗ് കണ്ടിഷൻ അല്ല. ടയറിന്റെ ട്യൂബ് മാറ്റണം, പിന്നെ ബ്രേക്കും ഫിറ്റ്‌ ചെയ്യണം.അതിനുള്ള സാമ്പത്തികം, ഇല്ലാത്തത് കൊണ്ടാണ് മനസില്ലാമനസോടെ ഈ വില്പനക്കവൻ, തയ്യാറായത് പോലും…………………………………………………..അക്കാലത്തു, ഞങ്ങളെ സംബന്ധിച്ച്, ഒരു സൈക്കിൾ എന്നത്, ഒരു, അര, ബിഎം ഡബ്ല്യൂ, വോളം വരും. ഷിനോയ് ചേട്ടായി, അല്ലെങ്കിൽ ജിനു ചേട്ടായി, അവരിലാരോ, വളരെ കുറച്ചു കാലത്തേക്ക്, കൊണ്ടു വന്ന ഒരു, ഒരുസൈക്കിൾ മാത്രമാണ് കരിമ്പു നഗരത്തിൽ ഞങ്ങൾ, അതു വരെ കണ്ടിട്ടുള്ളത്.അപ്പോൾ പിന്നെ ഇതൊരു ചില്ലറക്കാര്യമല്ലല്ലോ.ഉടനെ തന്നെ, കൊതുക്, തുണ്ടാപ്പി,തൊമ്മൻ, കോവാലൻ, മൊട്ട,ആന്ദ്രപ്പൻ,സനീഷ്,കുട്ടപ്പൻ, കുഞ്ഞുകണിയാൻ തുടങ്ങിയുള്ള കമ്പനി ഷെയർ ഹോൾഡേഴ്സിന്റെ, മീറ്റിംഗ് വിളിച്ചു ചേർത്തു. ഇങ്ങനൊരു അവസരം ഇനിയില്ല എന്നു പുരോഗമന വാദിയായ അപ്പച്ചി, ഡീൽ ഓർ നോ ഡീൽ എന്നു സുരേഷ് ഗോപി ഫാനായ അസുരൻ, ഡൂ ഓർ ഡൈ എന്ന് കട്ട സഖാവ് മൂസാജി.. പിന്നൊന്നും നോക്കീല്ല. മുപ്പതു വെള്ളിക്കാശിനു,..ശേ, മുപ്പതു ഇന്ത്യൻ റുപ്പിക്കു, കരാർ ഒപ്പിട്ടു…….കുരുമുളക് സീസൺ അല്ലാത്തത് കൊണ്ട്, ഓടപ്പൊളി പ്രയോഗത്തിന് സ്കോപ്പില്ലാരുന്നു. അമ്മയുടെ കയ്യും കാലും പിടിച്ചു,…പത്തിൽ ഡിസ്റ്റിങ്ക്ഷനും, മെഡലും ആ സൈക്കിളിന്റെ നെഞ്ചത്ത് വച്ചു കൊണ്ടുവരും എന്നൊരു പ്രഖ്യാപനോം.പാവം അമ്മ, ആ പ്രാവശ്യത്തെ പശുവിന്പാലിന്റെ പൈസ മിൽമയിൽ നിന്നും കിട്ടിയപ്പോൾ സൈക്കിളിനുള്ള മുപ്പതു രൂപ,എന്റെ പോക്കറ്റിൽ ഇട്ടു തന്നു.അങ്ങനെ,വണ്ടി കയ്യിലെത്തി.ഇനി നന്നാക്കണം.ആ ചിലവ് മാനേജിങ് പാർട്നർ കണിയാൻ, ഏറ്റെടുത്തു. അനക്കംപൊയിലിൽ നിന്നും അഞ്ചു കിലോമീറ്റർ, പുല്ലൂരാംപാറ വരെ, തള്ളിക്കൊണ്ട് പോയിട്ടാണ് സൈക്കിൾ നന്നാക്കുന്നത് (ഇതു തള്ളല്ല കേട്ടോ. അവിടെയാണ് ഏറ്റവും അടുത്ത സൈക്കിൾ ഷോപ്പ് ).തെച്ചിക്കോട്ട് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കുന്ന പോലെയാണ്, നന്നാക്കി, കുട്ടപ്പനാക്കിയ, സൈക്കിൾ ശ്രീമാനെ, കരിമ്പിലെത്തിക്കുന്നത്.പഞ്ചവാദ്യോo തകിലടിയും മനസ്സിൽ ആയിരുന്നുന്നു മാത്രം. അനിയൻസ് പിള്ളാരുടെ വഹ ഒരു സ്വീകരണോം കിട്ടിയെന്നാണോർമ്മ……പിന്നീടങ്ങോട്ട് രാജകീയമായിരുന്നു സ്കൂളിൽ പോക്കും വരവും. കരിമ്പിൽ നിന്ന്, ഒരിറക്കം ഇറങ്ങിയാൽ സ്കൂൾ ആയി. ഇത്ര അടുത്താണോ സ്കൂൾ എന്നാല്ലേ? അല്ല, ഞാൻ പറഞ്ഞ ആ ഇറക്കം ഏകദേശം മൂന്നു കിലോമീറ്ററോളം വരും. തിരിച്ചു വരുമ്പോൾ അതു കയറ്റമാവുമെങ്കിലും ദൂരം ഒട്ടും കുറയത്തില്ല. അങ്ങോട്ട്‌ പോവാൻ, സൈക്കിൾ ചവിട്ടണ്ട ആവശ്യമില്ല, ഇറക്കമല്ലേ.. തിരിച്ചു ചവിട്ടിയാലും കയറില്ല, അമ്മാതിരി കയറ്റം. എന്നിട്ടും ഒട്ടും മെനക്കെടേണ്ടി വന്നില്ല, ഈ കയറ്റം ഡ്രൈവറെ ഇരുത്തി തള്ളിക്കയറ്റാൻ സന്മനസ്സുള്ള ഒരുപാട് ജൂനിയേഴ്സ് മുന്നോട്ട് വന്നിരുന്നു. അവരിലാരെങ്കിലും മടുത്തു എന്നു തോന്നിയാൽ, മുകളിൽ ചെല്ലുമ്പോൾ ഒരു റൗണ്ട് ഓടിക്കാൻ തരാം എന്ന ഒറ്റ വാക്ക് മതി.ആ ആവേശത്തിൽ അര കിലോമീറ്റർ ഒറ്റയടിക്ക് തള്ളി മറിക്കും. മഹാരാജാവ് പല്ലക്കിൽ പോവുന്നത് പോലെ ഞാനും കണിയാനും മാറി മാറി ഈ യാത്ര ആസ്വദിച്ചു വന്നു.അവരേം കൊണ്ട് അങ്ങനെ തള്ളിച്ചതോർക്കുമ്പോൾ,ഇപ്പോൾ സങ്കടം തോന്നുന്നു…കുറ്റബോധം തോന്നിതുടങ്ങിയാൽ, ചെയ്യുന്നതെല്ലാം യന്ത്രികമാവും എന്നാണല്ലോ വെപ്പ്. അതു കൊണ്ട് തല്കാലത്തേന് ആ ബോധമേ വിട………………………………………………………. ഒരു ദിവസം സ്കൂൾ വിട്ട സമയം:രാജുവും രാധയും അപകടത്തിൽ പെടുമ്പോൾ മായാവിയെ വിളിക്കുമ്പോലെ, ചേട്ടായീ …യീ ..യീ ..യി..യി.. എന്നൊരു വിളി അന്തരീക്ഷത്തിൽ അലയടിക്കുന്നു. നോക്കുമ്പോൾ ജൂനിയർ ഗ്രൂപ്പ്‌… സങ്കടത്തോടെ ഓടി വരുന്നു. ചേട്ടായി നമ്മുടെ സൈക്കിൾ അവര് കൊണ്ടോയി. നമ്മൾ പാർക്ക്‌ ചെയ്തിരുന്നടത്തൂന്നു കടത്തിക്കൊണ്ടു പോയി. പൂട്ട് പൊളിക്കാൻ പറ്റാത്ത കൊണ്ട് വേറൊരു വീട്ടിൽ കൊണ്ടു വച്ചിരിക്കുന്നു. വാടാ പിള്ളേരെ, സ്ഥലം കാണിച്ചു താ.. ഇന്നവന്മാര് തീർന്നു.. എന്നും പറഞ്ഞു, ഞാനും കണിയാനും, ഓടി സൈക്കിൾ ഒളിപ്പിച്ചിരിക്കുന്ന വീട്ടിലെത്തി, താക്കോലെടുത്തു പൂട്ട് തുറക്കാൻ തുടങ്ങുവേം, പതുങ്ങിയിരുന്ന മൂസേം ഒരു പതിനഞ്ചോളം ശിങ്കിടികളും നമ്മളെ വളഞ്ഞു.മൂസ പറഞ്ഞു…ഇതെന്റെ സൈക്കിൾ ആണ്. ഇതു ഞാനാർക്കും വിറ്റിട്ടില്ല….അവരുടെ കയ്യിൽ വടിയും, നിലത്താണെങ്കിൽ ആവശ്യത്തിന് കല്ലുകളും.എന്തിനും തയ്യാറുള്ള മുഖഭാവോം. ഞാൻ, കണിയാനെ നോക്കി….ഇപ്പോൾ സൈക്കിൾ മാത്രേ പോയിട്ടുള്ളു.. ഇനിയിവിടെ നിന്നാൽ…. കണ്ണുകൾ കൊണ്ട് അത്രേം സംസാരിച്ച കണിയാൻ, വലതുകാൽ വച്ചു തിരിച്ചു നടന്നു.ഞാൻ പുറകെ….ഇപ്പോൾ അടിപൊട്ടും, നോക്കിക്കോഡാ, എന്ന ഭാവത്തിൽ,നിലയുറപ്പിച്ചിരുന്ന നമ്മുടെ പിള്ളാരും, അതീവ ദുഃഖത്തോടെ ഞങ്ങളെ അനുഗമിച്ചു.അന്ന് ഞങ്ങൾ കരഞ്ഞോണ്ട്, നടന്ന് കയറിയ, കരിമ്പിന്റെ മലയാണ്, പിന്നീട് ബാലികേറാമല എന്നറിയപ്പെട്ടത് ………………………………………..പിന്നെ കുറച്ചു ദിവസങ്ങൾ, എത്ര തിരഞ്ഞിട്ടും ചാഴിയെ കണ്ടു കിട്ടീല്ല.ചേട്ടൻസ് ഗ്രൂപ്പിലെ, കുട്ടനും(എന്റെ ചേട്ടൻ) കുഞ്ഞനും മുത്തും അടങ്ങുന്ന സീനിയർ നയതന്ത്ര പ്രതിനിധികളെ അയച്ച്, ആനക്കാംപൊയിൽ പെരുന്നാളിന്റെ അന്ന് രാത്രി, ഒരു സമാധാന ചർച്ചക്ക് ശ്രമിച്ചെങ്കിലും, എതിർകക്ഷികൾ ചർച്ച ബഹിഷ്കരിച്ചു.ഇനി നേരിട്ട് കേന്ദ്രത്തിൽ പരാതി ബോധിപ്പിക്കുക, അതേ ബാക്കിയുള്ളൂ. പിറ്റേ ദിവസം ഞാനും കണിയാനും മൂസയുടെ വീട്ടിലേക്കു ചെല്ലുന്നു. മുറ്റത്തവന്റെ ഉമ്മയുണ്ടാരുന്നു. ഞങ്ങടെ സങ്കടസ്ഥിതിയിൽ അലിവ് തോന്നിയ ഉമ്മ, മര്യാദക്ക് സൈക്കിൾ തിരിച്ചു കൊടുക്കാൻ ഉത്തരവിടുന്നു. യാതൊരു ഭാവഭേദവുമില്ലാതെ, മൂസ ഞങ്ങളെ വീടിന്റെ പിന്നാമ്പുറത്തേക്കു കൂട്ടികൊണ്ട് പോയി. (ഉമ്മറം കാണിക്കാനല്ല കെട്ടോ),. സൈക്കിൾ അവിടെ ഒരു മാവിൽ കെട്ടിയിട്ടിരിക്കുന്നു. കെട്ടിയിടാൻ ഇതെന്താ ആട്ടിൻകുട്ടിയോ? ഒന്നൂടെ നോക്കി.. യ്…യോ…യ്യോ.. സൈക്കിളിനു പുറകിലത്തെ ടയർ കാണ്മാനില്ല.ചാരി വക്കാൻ സ്റ്റാൻഡ് ഇല്ല, ബ്രേക്ക് ഇല്ല, സീറ്റിന്റെ സ്ഥാനത്തു ഒരു കുന്തക്കോല് പോലത്തെ കമ്പി മാത്രം. അപ്പോൾ അതിലെ ഒരു കൊച്ചു പീപ്പിയൂതിക്കൊണ്ടു പോയി. ആരാ നമ്മളെ കളിയാക്കുന്നെന്നു നോക്കിയപ്പോൾ അതു പീപ്പിയല്ല, നമ്മൾ സൈക്കിളിൽ പിടിപ്പിച്ച ഹോണാരുന്നു.സന്തോഷായില്ലേ, ഉണ്ണിയേട്ടാ.. എന്ന ഭാവത്തിൽ മൂസ ഞങ്ങളെ നോക്കി പല്ലിളിക്കുന്നു.ഇത്തവണ വലതിനു പകരം,ഇടതു കാൽ വച്ചാണ് ഞാനും കണിയാനും തിരിച്ചു നടന്നത് …………………………………………………….ആദ്യം മുങ്ങിയ ചാഴി ഒടുവിൽ പൊങ്ങിയപ്പോളാണ് കാര്യങ്ങളുടെ കിടപ്പ് മനസിലാകുന്നത് :തീറ്റപ്രാന്തനായ, മൂസക്കു ഒരു കൂടു നിറയെ, ചാമ്പങ്ങ കൊടുത്തപ്പോൾ, സന്തോഷം സഹിക്ക വയ്യാതെ മൂസ,ചാഴിക്കു സമ്മാനിച്ചതാണ് ഉപയോഗശൂന്യമെന്നു, മൂസ കരുതിയ നമ്മടെ സൈക്കിൾ.മൂസയതു തിരിച്ചു ചോദിക്കുമെന്ന് ചാഴിയോ, അങ്ങനെ ചെയ്യേണ്ടി വരുമെന്ന് മൂസയോ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. ആയുധം വച്ചു കീഴടങ്ങിയ ചാഴിയെ ഞങ്ങൾ നിഷ്കരുണം വെറുതെ വിട്ടു.അന്ന് തീർന്നതാ തിരുമേനി, സെക്കന്റ് ഹാന്റ് കച്ചോടത്തോടുള്ള കമ്പം……..ശുദ്ധഗതിക്കാരനായ, ചാഴി ഇന്നൊരു കോടീശ്വരൻ ആണ്. ചാഴീം മൂസേം ഞങ്ങടെ കട്ട ഫ്രണ്ട്സും ………………………………………………….ഈ ഫോട്ടോയിൽ കാണുന്നത് എന്റെ പുത്തൻ ബി സ് എ സൈക്കിൾ. ഇതു തട്ടിക്കൊണ്ടു പോവാൻ വരുന്നവന്റെ കൈ ഞാൻ തല്ലിയൊടിക്കും….ങേ.. അതാരപ്പാ..ഓ.. അതിന്റെ മുകളിലിരിക്കുന്ന, റിക്കു ഡാ ……… JJ

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply