Skip to content

ചെറുകഥ – അയാൾ

aksharathalukal-malayalam-stories

അയാൾ

അയാൾ രാത്രിയിലെ ഉറക്കം ആ പെട്ടിക്കടയുടെ താർപ്പായ വലിച്ചു കെട്ടിയത്തിൻറെ ഓരത്താക്കിയിട്ട് മൂന്ന് നാല് വർഷം കഴിഞ്ഞു. ആദ്യമൊക്കെ കണാരേട്ടൻ കടയടച്ചു പോകുമ്പോൾ അയാളെ അവിടെ കണ്ടാൽ ആട്ടിയോടിച്ചിരുന്നു. പിന്നീട്  പലതവണ അയാളോട് കയർത്തു സംസാരിച്ചെങ്കിലും ഒരു ഫലവും കാണാത്തതിനാൽ ഇന്ന് അയാൾ ആ കടയുടെ ഒരു ഭാഗമായി.

കട തുറക്കാൻ കണാരേട്ടൻ വരുന്നതിനു മുൻപ് തന്നെ കിടന്ന ചാക്കും തുണിയും വരിഞ്ഞു മുറുക്കി കടയുടെ പിന്നിൽ തിരുകി വയ്ക്കും. കടയ്ക്കു ചുറ്റുവട്ടവും അടിച്ചു വൃത്തിയാക്കി  വയ്ക്കും.  നരകയറിയ താടിയും മുടിയും എന്നും രാവിലെ ചീകി മിനുക്കി കുറച്ചു ദൂരെ മാറിയിരിക്കും. ചിലപ്പോൾ അയാൾ വെറുതെ പിറു പിറുത്ത് കൊണ്ടിരിക്കും. പതിവ് വഴിപോക്കരെ നോക്കി വെറുതെ ചിരിക്കും. അപരിചിതരെ കണ്ടാൽ അവർനടന്നകലുന്നത് വരെ തുറിച്ചു നോക്കികൊണ്ടിരിക്കും. കുട്ടികളെ കാണുമ്പോൾ മുഖം തിരിച്ചിരിക്കും. വെയിലിൻറെ കാഠിന്യം കൂടിയാൽ മൂടും തട്ടി എങ്ങോട്ടെന്നില്ലാതെ അലയാൻ തുടങ്ങും.

വയസ്സ് അമ്പതിനോടടുത്തുകാണും നല്ല ബലിഷ്ടമായ ശരീരം നാട്ടുകാരുടെ ചോദ്യത്തിനൊന്നും ഇന്നുവരെ ഒരു ഉത്തരവും  കൊടുത്തിട്ടില്ല പിന്നെ പ്രശ്നക്കാരനല്ലാത്തതു കൊണ്ട് ആർക്കും പരാതിയും ഇല്ല.

നേരം വെളുത്തു തുടങ്ങുമ്പോൾ തന്നെ രാധിക കണാരേട്ടൻറെ പീടികയും കടന്നു ദ്രിതിയിൽ ആവഴി നടന്നു പോകും. ടൗണിലേക്കുള്ള ബസ്സ് പിടിക്കാനാണ്. ഒരു തയ്യൽ കട നടത്തുന്നുണ്ട് അൽപ്പം തയ്യൽ പരിശീലനവുമുണ്ട്. ചേട്ടൻ ഒരാളുള്ളത് മുഴുവൻ സമയ രാഷ്ട്രീയക്കാരൻ ആയതിനാൽ കുടുംബ ബാധ്യത രാധികയുടേതാണ്. ഗവണ്മെന്റ് ജോലിയല്ലാതെ സ്വന്തമായി അദ്ധ്വാനിച്ചു നാല് കാശു സമ്പാദിക്കുന്ന സ്ത്രീകളെ  പൊതുവെ നാട്ടുകാർക്ക് ദഹിക്കാറില്ല. അതുകൊണ്ടു തന്നെ അവരെ കളിയാക്കാനും കുറ്റം പറയാനും കിട്ടുന്ന അവസരം പെട്ടിക്കടയിലെ സമയം കൊല്ലികൾ പലപ്പോഴും മുതലാക്കാറുണ്ട്.

പലപ്പോഴും അയാൾ രാധികയുടെ വരവും നോക്കി ഇരിക്കുന്നത് കാണാം. തുടർന്ന് അവൾക്ക് പിറകെ ബസ്സ് സ്റ്റോപ്പ് വരെ അനുഗമിക്കും. ആദ്യമൊക്കെ രാധികയ്ക്ക് ഭയമായിരുന്നു അതുകൊണ്ട് മറ്റാരെങ്കിലും വരുന്നതുവരെ നടത്തം പതിയെയാക്കും. പിന്നീട് ഇത് തുടർന്നപ്പോൾ പലപ്പോഴായ് അയാളെ അവൾ ചീത്ത പറഞ്ഞും ശകാരിച്ചും നോക്കി ഒരു ഫലവും ഉണ്ടായില്ല. ആകെയുള്ളൊരാശ്വാസം ഇതുവരെ അയാളിനിന്നും നോട്ടം കൊണ്ട് പോലും ഒരു ഉപദ്രവവും ഉണ്ടായിട്ടില്ല എന്നുള്ളതാണ്.

അന്ന് കാലത്തെ തുടങ്ങിയ കനത്ത മഴ രാത്രി നന്നേ വൈകിയിട്ടും തോരുന്ന ലക്ഷണം കാണുന്നില്ല. അവസാന ബസ്സും പോയി. പതിവില്ലാതെ അയാൾ ബസ്റ്റോപ്പിൽ തന്നെ ഇരിപ്പുറപ്പിച്ചു. അകലെ ഓരോ വണ്ടിയുടെയും വെളിച്ചം കാണുമ്പോൾ മഴയെ വകവയ്ക്കാതെ അയാൾ റോഡിലേക്കിറങ്ങും. വണ്ടി അവിടെ നിർത്താതെ പോകുമ്പോൾ ദേഷ്യത്തോടെ എന്തൊക്കെയോ പിറു പിറുക്കും. പെട്ടന്ന് അവിടേക്ക്‌ ഒരു ഓട്ടോറിക്ഷ വന്നു നിന്നു അതിൽ നിന്നും രണ്ട് ബംഗാളികളും അവരോടൊപ്പം രാധയും അവിടെ ഇറങ്ങി. ആ ബംഗാളികളെ രാധയ്ക്ക് നല്ല പരിചയമുണ്ട് അവളുടെ വീടിനു കുറച്ചു മാറി വര്ഷങ്ങളായി വാടകയ്ക്ക് താമസിക്കുന്നവരാണ്.  ഇവരെ മൂവരെയും കണ്ടതും അയാൾ എന്തൊക്കെയോ ശബ്ദമുണ്ടാക്കികൊണ്ടിരുന്നു. രാധിക കൈയിലെ ബാഗ് തല്ലാനെന്നപോലെ ഉയർത്തി അയാളെ  ആട്ടിയോടിക്കാൻ ശ്രമിച്ചു. പക്ഷെ എന്തോ കയർത്തു കൊണ്ട് അയാൾ രാധികയുടെ അടുത്തേക്ക് വരുന്നത് കണ്ടു ഒരു ബംഗാളി അയാളെ ആഞ്ഞു തള്ളി. അയാൾ മഴയത്തു വഴിയരികിലെ ചെറിയ വെള്ളകെട്ടിൽ മലർന്നടിച്ചു വീണു.

“ചേച്ചി പേടിക്കേണ്ട നടന്നൊള്ളൂ  …..ഞങ്ങൾ കൂടെയില്ലേ…..” ഒരു ബംഗാളി രാധികയോട്  പറഞ്ഞു. മദ്യത്തിൻറെ ലഹരിയിൽ അയാളുടെ വാക്കുകൾ മുറിഞ്ഞു മുറിഞാണു പുറത്തുവന്നത്. അയാൾ ചെളിയിൽ നിന്നും എഴുനേറ്റ് ബസ്റ്റോപ്പിൽ തന്നെ കുറച്ചു നേരം ഇരുന്നു.  . അവർ മൂവരും പോയ ഇരുട്ടിൻറെ വഴികളിലേക്ക് തന്നെ കണ്ണ് പായിച്ചുകൊണ്ടിരുന്നു.  കുറച്ചു കഴിഞ്ഞു വഴിയിൽ ഒഴുകികൊണ്ടിരുന്ന മഴവെള്ളത്തെ ശക്തിയായ് മെതിച്ചുകൊണ്ട് കണാരേട്ടൻറ് കട ലക്ഷ്യമാക്കി അയാൾ നടന്നു. അയാളുടെ കാലിൽ എന്തോ വള്ളി തടഞ്ഞു. അയാൾ ദേഷ്യത്തോടെ കാൽ ശക്തിയായി കുടഞ്ഞു.

. അയാൾ ആ വസ്തു കയ്യിലെക്കെടുത്തു തിരിച്ചും മറിച്ചും നോക്കി. അതെ ഇത് രാധികയുടെ കൈയിൽ കാണാറുള്ള ബാഗ്ആണ് .  കുറച്ചകലെ മാറിയുള്ള ഇടവഴിയിൽ രാധികയുടെ ഷാൾ ഒരു മുൾച്ചെടിയിൽ തൂങ്ങി നിൽപ്പുണ്ട്. ഇരുട്ട് നിറഞ്ഞ ഇടവഴിയിലൂടെ അയാൾ ആഞ്ഞു നടന്നു. അയാൾ നാലുപാടും കണ്ണോടിച്ചു അൽപ്പം അകലെയായി ഒരു ഞരക്കം കേട്ടു . അയാൾ അവിടേക്ക് കുതിച്ചു. രാധികയുടെ തലയിൽ കല്ലുകൊണ്ടാവാം ശക്തിയായി ഇടിച്ചതാവാം ചോര ഒഴുകി മഴവെള്ളത്തിൽ പടർന്നു കിടക്കുന്നു . ഒരുവൻ അവളുടെ വായ പൊത്തിപിടിച്ചിട്ടുണ്ട്. അയാളെ കണ്ടതും രണ്ടാമൻ ഒരു കയ്യിൽ തടഞ്ഞ ഒരു കമ്പി കഷ്ണം കൊണ്ട് ആഞ്ഞു വീശി. കുതറി മാറിയ അയാൾ മൽപ്പിടിത്തത്തിൽ ബംഗാളിയിൽ  നിന്നും കമ്പികഷ്ണം പിടിച്ചെടുത്തു ശക്തിയായി തലങ്ങും വിലങ്ങും വീശി. രണ്ടു ബംഗാളികളും ചോരയിൽ കുളിച്ചു ജീവന് വേണ്ടി യാചിച്ചു. പക്ഷെ അവർ രണ്ടുപേരുടെയും ചലനമറ്റു വീഴുന്നത് അയാൾ അടിതുടർന്ന്.

പെട്ടന്ന് സ്വബോധം വീണ്ടെടുത്ത പോലെ അയാൾ അടിനിർത്തി രാധികയുടെ അടുത്തേക്ക് ഓടി. അവളെയും കയ്യിൽ കോരിയെടുത്തു റോഡിനെ ലക്ഷ്യമാക്കി ഓടി. അകലെ നിന്നും ഒരു വാഹനത്തിൻറെ വെളിച്ചം കണ്ടതിനാൽ അയാൾ നടുറോഡിൽ നിലയുറപ്പിച്ചു. ആ പരിസര വാസിയുടെ ജീപ്പ് ആയിരുന്നു. അയാൾ അവളെ അതിലേക്ക് ദൃതിയിൽ കിടത്തി ഡ്രൈവറോഡ് വേഗം വിടാൻ ആഗ്യം കാണിച് അയാൾ ഇരുട്ടടിലേക്ക് ഓടി മറഞ്ഞു.

ഡ്രൈവർക്ക് രാധികയെ മനസിലായി. അയാൾ പരിഭ്രമത്തോടെ രാധികയുടെ ചേട്ടനെ മൊബൈലിൽ വിളിച്ചു.

“സുരേഷേ നീ പേടിക്കരുത്  …. നിൻറെ പെങ്ങൾ തലയ്ക്കു മുറിവുപറ്റി എൻ്റെ വണ്ടിയിൽ ബോധമില്ലാതെ കിടക്കുവാ. ഞാൻ വേഗം ഹോസ്പിറ്റലിലേക്ക് പോകുവാ ….നീ പെട്ടന്ന് അവിടെ എത്ത്….”

 

പിന്നൊരു കാര്യം നമ്മുടെ കണാരേട്ടൻറെ കടയിലെ ഉറങ്ങാറുള്ള അയാളില്ലെ ഒരു വട്ടൻ …അയാൾ ഒപ്പിച്ച പണിയാ ….അവളെ വണ്ടിയിൽ തള്ളി അയാൾ എവിടേക്കോ ഓടിപ്പോയി …”

 

സുരേഷ് ചാടിപിടഞ്ഞെഴുനേറ്റ് …മൊബൈലിൽ ആരെയൊക്കെയോ വിളിച്ചു …..”ഞാൻ ഹോസ്പിറ്റലിലേക്ക് പോകുവാ …നിങ്ങൾ നേരെ കണാരേട്ടൻറെ കടയിലേക്ക് ചെല്ല് …അവൻ അവിടെത്തന്നെ കാണും ….കണ്ടാൽ ഞാൻ വരുന്നത് വരെ കാക്കേണ്ട. ജീവൻ ബാക്കി വയ്ക്കരുത് …..വച്ചാൽ അവൻ ജയിലിൽ തടിച്ചു കൊഴുത്തു വേറൊരു ഗോവിന്ദ ചാമിയാകും …..ബാക്കിയെല്ലാം ഞാൻ നോക്കി കൊള്ളും.

കോരിച്ചൊരിയുന്ന മഴയത്ത് കണാരേട്ടൻറെ പെട്ടിക്കട ലക്ഷയമാക്കി ഒരു ജീപ്പിൽ ആയുധങ്ങളുമായി കുറച്ചു ചെറുപ്പക്കാർ വന്നിറങ്ങി ……

എന്തോ പിറുപിറുത്തു കൊണ്ട് അയാൾ പീടിക കോലായിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്. മുന്നിൽ നിൽക്കുന്ന ചെറുപ്പാക്കാരെ അയാൾ ഗൗനിക്കാതെ. സ്വന്തം വസ്ത്രത്തിലെ ചോരക്കറ നോക്കി പിറു പിറക്കുന്നു ഒരു കൈകൊണ്ടു കണ്ണുനീർ തുടച്ചുകളയുന്നു.

കൊല്ലടാ ഈ നായയെ ….പിന്നിൽ നിന്നും ഒരലർച്ച …

അയാൾ പതറിയില്ല ……..

പൊടുന്നനെ തലയ്ക്കു പിറകിലേറ്റ ശക്തിയായ അടിയിൽ അയാൾ കുഴഞ്ഞു വീണു…..

പിന്നീടുള്ള അടികൾ നിസ്സാഹായതയോടെ ……ഏറ്റുവാങ്ങിക്കൊണ്ടിരുന്നു ….കുതറി ഓടുകയായ …എതിർക്കുകയോ ചെയ്തില്ല………

 

Bavith K Meethal

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!