വാര്യത്ത് കെട്ട്

1330 Views

aksharathalukal-malayalam-kathakal

കറുപ്പും  വെളുപ്പും  കല്ലുകൾ ഇടകലർത്തി  പതിച്ച  സർക്കാർ മെഡിക്കൽ  കോളേജിന്റെ  വെളിയിൽ  നാലുവരിപ്പാതയുടെ  തിരക്കിനുമപ്പുറം ഇരുട്ട്  മൂടിക്കിടക്കുന്ന  പാഴ്പറമ്പിൽ  ഭൂതകാലത്തിന്റെ  പ്രേതം  കണക്കിനെ   ഒരു  കെട്ടിടമുണ്ട്. പഴഞ്ചൻ തച്ചിലുള്ള   കെട്ടിടത്തിന്റെ  പൂമുഖത്ത്  തിരക്കുള്ള വഴിയിലേക്ക്  ഉറ്റുനോക്കി  ഇരിക്കുന്ന  പേകോലത്തിന്റെ  കണ്ണുകളിൽ   കൊല്ലുന്ന നിർവികാരത. ശോഷിച്ചുപോയ  നെഞ്ചിൽ അസ്ഥികൾ  തെളിഞ്ഞു  കാണുന്നിടത്ത്  മിടിപ്പുള്ളതിനാൽ   ജീവനുണ്ടെന്നു കരുതാം. മെഡിക്കൽ കോളേജിന്റെ  പുറത്തുള്ള  ഹൈടെക് l ശൗചാലയത്തിന്റെ  ആഡംബരത്തിൽ  മനംപിരട്ടൽ  അസഹനീയമാകുമ്പോൾ  ചിലർ പാഴ്പറമ്പിലേക്കു  കടക്കാറുണ്ട്.  ഇരുട്ടിൽ തുറിച്ചുനോക്കുന്ന  അസ്ഥിപഞ്ജരം  പതിയെ  ചുണ്ടുകൾ കോടി  വികൃതമായി  ചിരിക്കാൻ  ശ്രമിക്കുമ്പോൾ  ഭയപ്പെട്ട്  അലറിവിളിച്ചു ഓടും. എല്ലിച്ച  രൂപം   സാവധാനത്തിൽ  എഴുന്നേറ്റ്  സകല  ഉഉർജ്ജവും  സംഭരിച്ചു  ഇടിമുഴക്കം പോലെ   ആർത്തട്ടഹസിക്കും.  വായുവിലങ്ങനെ  ചുറ്റിത്തിരിഞ്ഞു  അലിഞ്ഞില്ലാതാകുമ്പോൾ   അസ്ഥിപഞ്ജരത്തിന്റെ  ഭാവം  ദയനീയമാകും. കണ്ണുനീർ  വറ്റിപ്പോയിരുന്നില്ലയെങ്കിൽ   ഉള്ളുരുകി  കരയുന്ന  രൂപമാകും  കാണുക.
‘വാര്യത്തെ  അനിയന്റെ  പ്രേതം! ‘
കവലയിൽ  കൊച്ചുവർത്താനക്കാർ വാര്യത്തെ  പാഴ്പറമ്പിൽ നോക്കി  പിറുപിറുക്കും. കഥകൾ   മെനെഞ്ഞെടുക്കാൻ   നാട്ടുകാർ  മിടുക്കരാണല്ലോ!!  വാര്യത്തെ  പറമ്പിൽ   കാലുകുത്തിയാൽ  ചോര  തുപ്പി  ചാവും.  അനിയൻ  തമ്പുരാന്റെ   ആത്മാവ്  തക്കം  പാർത്തിരിക്കുകയാണ്. മെഡിക്കൽ  കോളേജ്  വന്നപ്പോൾ  വാര്യത്തെ  പാരമ്പര്യം  വിട്ടുകളഞ്ഞു   നാട്ടുകാർ  വിഷചികിത്സ മാറ്റി. കൈതകുന്നിലെ  ശാപം  മെഡിക്കൽ കോളെജിന്റെ  വരവോടെ  നാട്ടാർക്ക്  പ്രശ്നമല്ലാതായി.  പ്രശ്നമായത് പക്ഷേ   വാര്യത്തുകാർക്കാണ്.
പണ്ട്  ചരൽകുന്ന് മുഴുവൻ  പറങ്കി  മാവുകളായിരുന്നുന്നു.   നരച്ച  കുന്നുകളിൽ ഏക്കറുകളോളം  കുഞ്ഞന്മാവുകൾ   കൂനി  നിൽക്കും. കുംഭത്തിൽ   വിളറിയ ചുവന്ന  പറങ്കിമാങ്ങകൾ നാടിന്റെ  വിശപ്പകറ്റാൻ  പോന്നതായിരുന്നു. കുടകിലെ   ചിന്നപ്പ  ഗൗഡയുടെ   പെരുവയറും  മടികുത്തും   വീർക്കുന്നതും ഇക്കാലം തന്നെ .  പണ്ട്  ഒരു  കുംഭത്തിൽ തന്നെയായിരുന്നു സഖാവ് ഗോവിന്ദനെയുംകൊണ്ട്  വാര്യത്തെ  അനിയൻ വൈദ്യരെ   കാണാൻ  ചെന്നത്,  നാലോ  അഞ്ചോ  പതിറ്റാണ്ടുകൾക്ക്  മുമ്പ്.  വിഷം  തീണ്ടിയതായിരുന്നു. ഉഗ്രവിഷം.പാർട്ടി  എക്സിക്യൂട്ടീവ് കഴിഞ്ഞ്  മടങ്ങുംവഴി കൈതക്കടിന്റവിടെവെച്ചു  വെള്ളിക്കട്ടനാണ്  തീണ്ടിയത്. കടിച്ചമാത്രയിൽ  ഗോവിന്ദേട്ടൻ  പാമ്പിന്റെ  തലക്കൊന്നുകൂടി  ചവിട്ടി.   പാമ്പും വിട്ടുകൊടുത്തില്ല വൃത്തിക്ക്  ഒരെണ്ണംകൂടി കൊടുത്തു.  കൈതക്കാടിലേക്ക്  എവെർഡി  ടോർച്ചുതെളിച്ചു   വിളിച്ചു പറഞ്ഞു

” വിഷം  തീണ്ടിന്നാണ്  തോന്നുന്നെതെടാ  പിള്ളേരേ ”
അതിനിടത്തിൽ  മരണവെപ്രാളത്തോടെ  കൈതക്കാട്ടിലേക്കു  നൂഴ്ന്നിറങ്ങുകയിരുന്ന  പാമ്പിന്റെ  വാലിൽ  തൂക്കിയെടുത്തുകഴിഞ്ഞിരുന്നു. കടിച്ചയിനം  പിടികിട്ടിയതിനാൽ  രക്ഷയായി  എന്നാണല്ലോ  നാട്ടുനടപ്പ്. അതുകൊണ്ട്  ധൈര്യമായി. കേട്ടറിവിന്റll
അടിസ്ഥാനത്തിൽ   അത്യാവശ്യം  പ്രാഥമിക നടപടികൾ  കൊടുക്കാനും   കവലയിൽനിന്നും  സൈമന്റെ  ജീപ്പ്  വിളിച്ചുകൊണ്ടു  വരാനും   ഞാനും   മേക്കലാത്തെ  രാജനും   ഉത്സാഹിച്ചു.

സൈമൺന്റെ   ജീപ്പിന്റെ  മുൻസീറ്റിൽ ചാരി   സഖാവിരുന്നു. പിന്നിൽ  ഞാനും  രാജനും  വെള്ളികെട്ടന്റെ   ജഡവും.  ജീവനുള്ളതോ  ജഡവോ ,  ഭയം  പാമ്പിനോടാണ്. അതുകൊണ്ട്  സഖാവിനെ  ശ്രദ്ധിക്കുന്നതിനേക്കാൾ  നിലത്തു  ചുരുണ്ട്  കിടക്കുന്ന വെള്ളിക്കട്ടന്റെ  പ്രേതത്തെയായിരുന്നു.
” അനിയൻ  തമ്പുരാന്  കടിച്ചയിനം  വേണാനില്ലാട്ടാ. മന്ത്രോം തന്ത്രോമറിയുന്നവനാ.  കടിച്ച  ഇനത്തിനെ  വിളിച്ചുവരുത്തി  വിഷം  തിരിച്ചെടുപ്പിക്കും. എത്തിക്കിട്ടിയാൽ  മാത്രം  മതി. ”
വെള്ളിക്കട്ടന്റെ  ചുരുണ്ടുപോയ  ദേഹം  നോക്കി രാജൻ  ആരോടെന്നില്ലാതെ  പറഞ്ഞു.  അവന്റെ  ആത്മവിശ്വാസം  സ്ഫുരിക്കുന്ന  വക്കുകൾ  വെറുതെ   വായുവിൽ  കുറച്ചു നിമിഷം  തങ്ങിനിന്നു. പിന്നെ  വലിയ നിശ്ശബ്ദതയിലേക്ക്  അലിഞ്ഞുചേർന്നു.
വാര്യത്തെത്തുന്നതിനു  മുന്നേ  ഗോവിന്ദേട്ടൻ  മയങ്ങി പോയിരുന്നു. മുഖം  നീലിച്ചു,  കൈകൾ  കോച്ചി,  വെള്ളിക്കട്ടന്റെ കൊടിയ   വിഷം  പ്രവർത്തിച്ചു  തുടങ്ങിയിരുന്നു. സഖാവിന്റെ  വായിൽ നിന്ന്  നുരയും  പതയും  വരുന്നതുവരേക്കും   രാജൻ  വാര്യത്തെ  അനിയൻ  തമ്പുരാനെ  പ്രകീർത്തിച്ചു കൊണ്ടിരുന്നു. കഥകൾ   അപ്രകാരമായിരുന്നല്ലോ.
വാര്യത്തെ  പൂമുഖത്ത്  സഖാവിനെ  കിടത്തിയിട്ട്  ഞങ്ങൾ  പുറത്തേക്ക്  നടന്നു..  വാര്യത്തെ  രീതി  അങ്ങനാരുന്നു. തീണ്ടൽ  ജാതിക്കാർ  തീണ്ടാപ്പാടകലെത്തന്നെയാണ്. ലോകം  മാറിയതോ കാലം കൊഴിഞ്ഞതോ  അറിയാതെ ജീർണിച്ച  നാലുകെട്ടിനുള്ളിലെ  ഇരുട്ടിനുള്ളിൽ   സ്വയം  തലക്കപ്പെട്ട  ജന്മങ്ങളാണ്  അവിടെ. ഒന്നുനോക്കിയാൽ  നിഷ്കളങ്കർ.  ആരുടെയൊക്കെയോ  ആജ്ഞവൃത്തിക്ക്  വഴങ്ങേണ്ടത്  ദൈവഹിതമാണെന്നു  ആഴത്തിൽ വിശ്വസിക്കുന്നവർ. ലോകത്തിന്റെ  നന്മയും  സൗന്ദര്യവും  നിഷേധിക്കപ്പെട്ടവർ.
പാവങ്ങൾ !!!
പറങ്കിqമാവിനിടയിലൂടെ  ആയിരം  നക്ഷത്രകുഞ്ഞുങ്ങളെ  വിഴുങ്ങിയ  ഒരു ഭീമൻ കരിവീരൻ  ആർത്തുലച്ചു  പെയ്തു.  ആർത്തിയോടെ  ഭൂമിയിലേക്ക്‌  കുത്തി  വീഴുന്ന  കുളിരിനെ  ഉള്ളംകൈയ്യിൽ  ഏറ്റുവാങ്ങിക്കൊണ്ട്  പറഞ്ഞു
“കുംഭത്തിൽ  പെയ്താൽ  കുപ്പയിലും  മാണിക്കമെന്നാണ്  ”
കുംഭത്തിൽ  പെയ്ത  മഴയോ  വാര്യത്തെ  അനിയൻ  വൈദ്യനോ,  എന്തുതന്നെയായാലും സഖാവ്  ഗോവിന്ദൻ  രക്ഷപെട്ടു. കുംഭത്തിലെ  മഴയെന്നു  വിശ്വസിക്കാനാണ്  എനിക്ക്  താല്പര്യം.  രാജൻ  പക്ഷേ  സമ്മതിച്ചു  തരില്ലായിരിക്കും. വാര്യത്തെ  അനിയൻ  തമ്പുരാനെ  ആദ്യമായി  കണ്ടത്  അന്നാണ്.  പിന്നീട്  കാലങ്ങൾക്കു  ശേഷം lസർക്കാർ  മെഡിക്കൽകോളേജിന്റെ  ശിലാസ്ഥാപനത്തിന്റെന്നു  രണ്ടാമത്  കാണുകയുണ്ടായി.  നാടിന്റെ  അഭിമാന സംഭരംഭത്തിന്  തുടക്കം  കുറിക്കുമ്പോൾ    വെളിനാടിന്റെ സുഖശീളിമയിൽ  ഇരിക്കാൻ  എനിക്കെങ്ങനെ  കഴിയും. കത്തിയെരിയുന്ന  മണൽക്കാട്ടിലെ  ചൂടിൽനിന്നും   നാടിന്റെ  പച്ചപ്പിലേക്ക്  കാലെടുത്തുവെക്കാൻ  ഇതിലും വലിയ  മുഹൂർത്തം  വേറെയുണ്ടാവില്ല.
മെഡിക്കൽ  കോളേജിന്  ശിലയിട്ടുകൊണ്ട്   ഗോവിന്ദേട്ടന്റെ  പ്രസംഗത്തിനിടയിൽ  ഉയരമുള്ള   മാവിന്റെ ചുവട്ടിൽ  നിൽക്കുന്ന  അനിയൻതമ്പുരാനെ  ഞാൻ കണ്ടിരുന്നു .മുഖം  വക്രിച്ചുപിടിച്ചു  ഗോവിന്ദേട്ടനെ  നോക്കുന്നതുകണ്ടപ്പോൾ  ഇരയെ  കണ്ട  വെള്ളിക്കട്ടന്റെ  ഭാവമായിരുന്നു അയാൾക്ക്. ചൊടിയുടെ  കോണിൽ  വക്രിച്ച ഒരു ചിരിയുണ്ടായിരുന്നു. ഒന്നുമൊന്നും  വാര്യത്തെ   അനിയനെ  ബാധിക്കുന്നതല്ലായെന്നുള്ള  അമിതാത്മിശ്വാസത്തിന്റെ  നെറുകയിലായിരുന്നിരിക്കണം  അയാൾ.

പിന്നെ കാലകൾക്കുശേഷം  രാജന്റെ  മരണവാർത്തയുടെ കൂടെയും  വാര്യത്തെ  തമ്പുരാനെപ്പറ്റി  കേട്ടു.  രാജന്  കൈതക്കാടിനടുത്തു വെച്ച്  വിഷം  തീണ്ടിയപ്പോൾ അനിയൻ  തമ്പുരാന്റ അടുത്താണ് എത്തിച്ചത്. മെഡിക്കൽ  കോളേജിൽ  പോകാൻ  രാജൻ  കൂട്ടാക്കിയില്ലത്രേ. അതിന്റെ  കാരണം  സഖാക്കൾക്കെല്ലാവർക്കും  അജ്ഞാതമാണെങ്കിലും  സംഭവം  എനിക്ക്  ഊഹിക്കാൻ  കഴിഞ്ഞു .  തീണ്ടിയ  ഇനത്തെ  കിട്ടാതായപ്പോൾ  രാജന്റെ  വിശ്വാസം  അനിയൻ  തമ്പുരാനിൽ  എത്തി നിന്നു. കേട്ടുപഴകിയ  പഴങ്കഥകൾക്ക്   ജീവൻ  തന്നെ  പകരം  കൊടുക്കേണ്ടിവന്നു  അവന്.  രാജന്റെ  അകാലവിയോഗത്തിൽ  സഖാക്കൾ  പ്രതിക്ഷേതിച്ചപ്പോൾ  ഗോവിന്ദേട്ടൻ തന്നെ  ഇടപെട്ട് വാര്യത്തെ  വിഷചികിത്സ വിലക്കി. വാര്യത്തെ  അനിയൻ തമ്പുരാൻ  കുറച്ചുനാൾ  ഇരുമ്പഴിക്കുപിന്നിൽ   ഏകാന്തവാസം  നയിക്കേണ്ടിയുംവന്നു.
അനിയൻ  തമ്പുരാനിൽ  എത്തിനിൽക്കുന്ന  വാര്യത്തിന്റെ  പ്രൗഢി അങ്ങനെയാണ്  അവസാനിച്ചത്.  വാര്യത്ത്കെട്ട്  ജീർണിച്ചു.  ഇഴജന്തുക്കൾ  ആദ്യമായി   തൊടിയിലും  മുറ്റത്തും  സ്വൈര്യവിഹാരം നടത്തി. പുതുതലമുറകൾ  വാര്യത്ത്കെട്ട് വിട്ട്  ജീവനും  കൊണ്ടോടി പോയി. അനിയൻ  തമ്പുരാൻ  ഒറ്റക്കായി.  ആളും  ആരവവുമില്ലാതെയായി.  അയാൾ  ശോഷിച്ചു. നാട്  അയാളെ  മറന്നു . എല്ലിച്ചു  പേകോലമായ  അനിയൻതമ്പുരാന്റെ  മുന്നിൽ  വന്ന്  ഇഴജന്തുക്കൾ  പരിഹസിച്ചു. ഒന്നും  കണ്ടില്ല  കേട്ടില്ലായെന്ന ഭാവത്തിൽ  അനിയൻ  തമ്പുരാൻ  പൂമുഖത്തു  ഇരിപ്പായി.  ആളുകളും ആരവങ്ങളുമില്ലാതെ   വാര്യത്തെ  കെട്ടിനുള്ളിൽ   ഒറ്റപ്പെട്ടു.

ഗോവിന്ദേട്ടന്  മറവിരോഗം  കലശലായപ്പോളാണ്  ജോലിത്തിരക്കുകളൊക്കെ  അവധിക്ക് വെച്ച്   ഞാൻ  നാട്ടിൽ  വന്നത്.  ആയുസിലുടനീളം   മനുഷ്യമ്മാരെ  കാണുന്നതും അറിയുന്നതുമാണ്  ജീവിതമെന്ന്  കരുതിയിരുന്ന  സഖാവ്  ഇന്ന്  സ്വയം മനസിലാക്കാൻ    കഴിയാത്ത അവസ്ഥയിൽ  മെഡിക്കൽ കോളേജ്  ആശുപത്രിയിൽ  വി ഐ  പി  മുറിയിൽ   ലോകത്തിന്റെ  കപട  മുഖത്തേക്ക്   നിർവികാരമായി നോക്കികിടക്കുന്നു. ചുറ്റിനും കൂടിനിക്കുന്നവരുടെ  മുഖത്തേക്ക്  നോക്കി ചിലപ്പോൾ  വിളറിയ  ഒരു  ചിരി  പാസാക്കും. ജീവന്റെ  തെളിവായി  ഗോവിന്ദേട്ടൻ  വെളിവാക്കുന്നത്  ഒരു ചിരിമാത്രം . അങ്ങനെയാണ് എന്റെ   അവധിയുടെ  കാലാവധികൾ  അനിശ്ചിതമായി  നീണ്ടുപോയത്.  ഗോവിന്ദേട്ടനെ  അടുത്തറിഞ്ഞ  ആർക്കും  പെട്ടന്ന്  മടങ്ങിപോകാൻ  കഴിയില്ല. മനുഷ്യൻ  എന്ന്‌  വിളിക്കാൻ  പോകുന്ന  എന്തെങ്കിലും  ഒരു  സവിശേഷതയുള്ളവന്  ഗോവിന്ദേട്ടനെ  മറക്കാനൊക്കില്ല. അതുകൊണ്ടുതന്നെ  കക്ഷി, രാഷ്‌ട്രീയ  ജാതി മത വിശ്വാസമില്ലാതെ  ആളുകൾ  സഖാവിനു  ചുറ്റുമുണ്ടാകും. വിവരങ്ങൾ  തിരക്കും,   നല്ലവാർത്തകൾ  പ്രതീക്ഷിച്ചു  ദിവസവും  എത്തും , പ്രാർത്ഥനകളിൽ  ഓർക്കും . ഒരു നാട്  മുഴുവൻ  ഗോവിന്ദേട്ടന്റടുത്ത് വന്നിട്ടും ഒരാൾ  മാത്രം  ഒഴിഞ്ഞുനിന്നു.
വാര്യത്തെ  അനിയൻ  വൈദ്യൻ !

കൈതകുന്ന്  മൊട്ടയായിട്ട്  കാലമെത്രയായികാണും?   കൈതകുന്നിന്റെ  നെറുകയിൽനിന്ന്  ആദ്യകിരണത്തിന്റെ   വിസ്മയം  കണ്ട്  മടങ്ങുംവഴി  ഞാൻ  ഗോവിന്ദേട്ടന്റെ അടുത്ത്  പോയി. ആളൊഴിഞ്ഞു  കിടന്ന വരാന്തയിലെ  തണുപ്പിലൂടെ    ഗോവിന്ദേട്ടന്റെ  മുറിയിലെത്തിയപ്പോൾ    ആരും  ഉണർന്നിരുന്നില്ല. ചാരികിടന്ന  വാതിൽ   ഞാൻ  തള്ളി  തുറന്നത്   ഒരു  അത്ഭുതത്തിലേക്കായിരുന്നു. ഗോവിന്ദേട്ടന്റെ  മുറിയിൽ  വാര്യത്തെ  വിഷഹാരിയിരിക്കുന്നു.  എന്റെ  സാന്നിധ്യമറിയാതെ  പരസ്പരം  കണ്ണുകളിൽ  നോക്കി  കാലങ്ങളുടെ   കഥ  പറയുകയാണ്.  ഒരു  വഴിയിലൂടെ  ഒരുമിച്ച്  നടന്നവരായിരുന്നു  വാര്യത്തെ  അനിയനും   കാര്യസ്ഥന്റെ  മകൻ  ഗോവിന്ദൻ  നമ്പ്യാരും.   ഒരു  ഘട്ടത്തിൽ  വഴി  രണ്ടായി  പിരിഞ്ഞപ്പോൾ   അകന്നു  നടന്നു.  നിഴൽ പോലെ  അവ്യക്തമായി  പരസ്പരം  ചിലതൊക്കെ  അറിയുന്നുണ്ടായിരുന്നെങ്കിലും  അവർ  രണ്ടുവഴിയിലെ  യാത്രക്കാരായി  തുടർന്നു.   ഒടുവിൽ    വയ്യാണ്ടായി  താങ്ങുവേണ്ടിവന്നപ്പോൾ  ഗോവിന്ദേട്ടന്റെ  പഴയ  സതീർത്യൻ  തേടി  വന്നിരിക്കുന്നു. വർഷങ്ങൾക്ക്  ശേഷം  അനിയൻതമ്പുരാന്റെ  കണ്ണുകൾ ചുരന്നു. കൂട്ടുകാരന്റെ   കരം  കവർന്ന്  അസ്ഥികൾ  തെളിഞ്ഞുകാണുന്ന  നെഞ്ചോട്  അനിയൻ  ചേർത്തുവെച്ചു.
“പോകാറായി  ഗോയിന്നാ.. ”  അനിയൻ  തമ്പുരാന്റെ  ശബ്ദം  ചിലമ്പിച്ചിരുന്നു.
പുറത്ത്  അപ്രതീക്ഷിതമായി  എന്നെ  കണ്ടെങ്കിലും അതിന്റെ  ഞെട്ടലോ  അമ്പരപ്പോ  പ്രകടമാക്കാതെ   കൂർത്ത  ഒരു  നോട്ടമെറിഞ്ഞു  വേഗത്തിൽ  നടന്നുപോയി.  മുറിയിൽ  ഗോവിന്ദേട്ടൻ  കട്ടിലിനരികിൽ  വെച്ചിരുന്ന  ചെങ്കൊടിയിൽ  തന്നെ  ഉറ്റു നോക്കി  കിടന്നു.  എന്റെ  സാമീപ്യം അറിഞ്ഞപ്പോൾ   കണ്ണുകൾ  നിറഞ്ഞു തുളുമ്പിപ്പോയി. ചിതലരിച്ചു  തിന്ന  ഓർമകളുടെ  ഏടുകൾ  വീണ്ടെടുക്കാൻ  ഗോവിന്ദേട്ടനെ  ഒറ്റക്ക്  വിട്ടിട്ട്  ഞാൻ  വാര്യത്ത്  വക  പാഴ്പറമ്പിലേക്കാണ്  പോയത്. പൂമുഖത്തെ  കസേരയിൽ ഇരുന്നിരുന്ന  അനിയൻതമ്പുരാൻ  എന്നെ  ഭയപ്പെടുത്തിയില്ല,  ആർത്തട്ടഹസിച്ചില്ല  പകരം  അയാൾ  പുഞ്ചിരിച്ചു.  വർഷങ്ങൾക്കു ശേഷം  വാര്യത്തേക്ക്  കയറിവന്ന  അതിഥിയെ    പുഞ്ചിരി  കൊണ്ടല്ലാതെ  മറ്റെങ്ങനെ  സ്വീകരിക്കേണ്ടിയിരുന്നു. ആദ്യമായി അനിയൻ തമ്പുരാനോട്  സഹതാപം തോന്നി. അറച്ചറച്ചു  അടുത്ത്  ചെന്നു  ശോഷിച്ച  കൈകൾ  പിടിച്ചു.  മരണത്തിന്റെ  തണുപ്പ് അപ്പോഴേക്കും ആ  കൈകളിൽ  പടർന്നുകഴിഞ്ഞിരുന്നു.

കടപ്പുറത്തെ  വലിയ  ചുടുകാട്ടിൽ  ഗോവിന്ദേട്ടനടുത്ത്  ഇന്നേവരെ  പാർട്ടിയോട്  കൂറുകാണിക്കാത്ത, പാർട്ടിയുടെ ഭാഷയിൽപറഞ്ഞാൽ  പിന്തിരിപ്പൻ  മൂരാച്ചിയായ   വാര്യത്തെ  അനിയനും  അന്ത്യവിശ്രമം  കൊള്ളുന്നു.

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply