വാക്കുകളിൽ തീരാതെ

2812 Views

aksharathalukal-malayalam-poem

വാക്കുകളിൽ തീരാതെ ..

ഏതോ വസന്തത്തിൽ വിരിഞ്ഞ പൂവേ നിന്നെ
യിന്നുമീ മൺതരിയോർമിച്ചീടുന്നുവെങ്കിൽ
കാലത്തു പൊഴിയുന്ന മഞ്ഞുതുള്ളികളിലവനുടെ
ഓർമ്മകൾ നനവാർന്നതായി മാറുകിൽ
ഇന്നുമെന്നുമവൻ കാത്തിരിക്കുന്നുവോ
പുതിയൊരു ജന്മം ജനിച്ചു നീ ചേരുവാൻ

ആയിരം പാദങ്ങൾ പതിഞ്ഞു മായ്‌കിലും
ആയിരം മഴ പെയ്തു തോർന്നുവെങ്കിലും
ഇന്നുമാനെഞ്ചിൽ നിറഞ്ഞു നിൽക്കുന്നു
നിന്നന്ത്യശ്വാസത്തിന്നുഷ്ണവും താളവും

നൂറു വർണങ്ങളിൽ നൂറു സുഗന്ധങ്ങളിലാ
യിരം പൂക്കൾ നിറഞ്ഞു നിന്നീടവേ
ഒരു കോണിൽ കിന്നരം ചൊല്ലി നിന്ന നിന്നെ
കണ്ടതുമറിഞ്ഞതും നീയറിഞ്ഞുവോ?

പകൽ മാഞ്ഞു നിൻ മുഖം കണ്ണിൽ മറയുമ്പോൾ
ഉള്ളിൽ നിറച്ചതൊരായിരം വർണങ്ങൾ
കുഞ്ഞിളം തെന്നലാൽ തഴുകിയുണരുമ്പോൾ
ഉള്ളിൽ നിറഞ്ഞതൊരായിരം വർണങ്ങൾ

കളി ചൊല്ലാൻ വന്നൊരു വണ്ടിനെ കണ്ടു
നിൻ മിഴി നിറഞ്ഞിറ്റതോ അവൻ്റെ കണ്ണു നീർ
ഉള്ളു പൊള്ളിച്ചത് കത്തുന്ന വെയിലല്ല
പാതി മിഴികളാൽ വാടിയ നിൻമുഖം

കാറ്റിൽ പറന്നു മറഞ്ഞു പോകേണ്ടവൻ
ക്ഷണികമായൊരു മേൽവിലാസത്തിലായി
സ്വപ്നങ്ങളാലൊരു കൂടു മെനഞ്ഞതോ
എന്നെന്നും നിന്നുടെ പുഞ്ചിരി കാണുവാൻ

ഒരു നാളിൽ തോരാതെ പെയ്തൊരു മഴയത്ത്
ഞെട്ടറ്റു നിന്നുടലുതിർന്നു വീഴുമ്പോൾ
ഹൃദയം പിളർന്നവനേറ്റു വാങ്ങിയത്
ദേഹമല്ലല്ലോ കൊതിച്ചതു ദേഹിയെ.

മാറത്തടക്കി പിടിക്കാൻ കൊതിച്ചിവൻ
നെഞ്ചുപൊട്ടിക്കരയുവാൻ ‘വിധിച്ചവൻ’
ജീവനില്ലാത്ത മൺതരികൾക്ക്
മരിക്കുവാനായി കഴിയുന്നതെങ്ങനെ..

തീരാത്ത മഴയത്തു നീയൊലിച്ചുപോയചേതന-
വനുടെ കണ്ണീരുമൊലിച്ചു പോയി
കുത്തിയൊലിച്ചൊഴുകിയൊരൊഴുക്കിനാ-
ലൊരുളളം പിടഞ്ഞതും കേൾക്കാതലിഞ്ഞുപോയി

പെയ്തൊഴിഞ്ഞ മരച്ചില്ലകൾ പെയ്യിച്ചു
മങ്ങലേൽക്കാതെ നിൻ ഭൂതകാല വർണത്തെ
മാറും ഋതുക്കൾ മായാതെ ശേഷിപ്പിച്ചു
നിൻ നിഴലായിടം കൂടി ശൂന്യത മാത്രമായി

എങ്കിലുമിന്നുമീ വാർമഴവില്ലിലും
നെഞ്ചിൽ ചിതറും വളപൊട്ടിൻ ചില്ലിലും
നെഞ്ചിൽകുരുക്കും പുൽക്കൊടിയിലും നീയെങ്കിൽ
ഇനി വരും വസന്തത്തിൽ വിരിയുമോ പൂവേ നീ
നിർജീവസ്വപ്നത്തിന്നർത്ഥമായീടുവാൻ…

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply