മഴ (അബു വാഫി, പാലത്തുങ്കര)

3363 Views

മഴ
======
മഴ പെയ്തുവെന്നാൽ
പാടത്തും പറമ്പത്തും
പറവകൾക്കും ജലജീവികൾക്കും
ഇഴ ജന്തുക്കൾക്കും
കല്യാണ മേളമായി.

വയലുകൾ പച്ചപ്പുടവയണിഞ്ഞും
തോടുകൾ നിറഞ്ഞ് കവിഞ്ഞും
വാദ്യമേളങ്ങളോടെ
ഒഴുകിത്തുടങ്ങും.

നിറഞ്ഞ് തെളിഞ്ഞ് കണ്ണാടി പോലെ ചമഞ്ഞ് നിൽക്കുന്ന കുളത്തിൽ,
പതുക്കെ കാലെടുത്ത് വെക്കുമ്പോൾ,
വീണ്ടും കലങ്ങുന്ന വെള്ളം
മനസ്സിനെ നൊമ്പരപ്പെടുത്തും.
കലക്കമില്ലാതെ തെളിവാർന്ന് നിന്ന്
പുഞ്ചിരിച്ച് പൂരിതമായ പൊയ്കയെ
അഴുക്കാക്കാൻ അനിഷ്ടമാണ്.

വരമ്പുകൾ അങ്ങിങ്ങായി
ചെളി പിടിച്ച് നമ്മെ വഴുതി വീഴ്ത്തി
ചിരിച്ചു കൊണ്ടിരിക്കും.
തവളകൾ തുള്ളിച്ചാടി
പൊക്രയിട്ടു കൊണ്ടിരിക്കും.
അട്ടയും നീർക്കോലിയും
നീന്തിത്തുടിച്ച് ഉല്ലസിക്കും.

മഴ നനഞ്ഞ കൊക്കുകളും കാക്കകളും
ചിറകുകൾ കുടഞ്ഞ്
ചിറവക്കത്തെ തെങ്ങിന് മുകളിൽ
വരിവരിയായി ഇരിക്കും.

ആവി പറക്കുന്ന കട്ടൻ കാപ്പിയും
ചുണ്ടിൽ നുണഞ്ഞ്
ചെറു നിശ്വാസമായി,
മുറ്റത്ത് തങ്ങി നിൽക്കുന്ന
വെള്ളക്കെട്ടുകളിൽ,
ഒരു കടലാസ് തോണിയിട്ട്
കുളിരിനെ വാരിപ്പുണർന്ന്
ഞാനുമുറക്കെ പാട്ടു പാടും.
മഴയുടെ സംഗീതത്തിൽ അലിഞ്ഞ്
എന്റെ ഗാനങ്ങൾ നൃത്തം ചെയ്യും.

(അബു വാഫി, പാലത്തുങ്കര)

3/5 - (1 vote)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply