മജീദിനും റസിയക്കും മക്കൾ മൂന്ന്.
മൂത്തവൻ അനസ് പിന്നെ അജ്മൽ അതിനും താഴെ അഫ്‌റ.
മജീദ് ഗൾഫിലായിരുന്നു. അവിടെ ബിസിനസ് ആയിരുന്നു പുള്ളിക്ക്. അതുകൊണ്ടുതന്നെ നാട്ടിൽ ആവശ്യത്തിന് സമ്പാദ്യമൊക്കെയുണ്ട്.
മൂത്തമകൻ അനസ് എൻജിനീയറാ. കെട്ടൊക്കെ കഴിഞ്ഞു. ഭാര്യ സഹല. മൂന്നാമത്തെ മകൾ അഫ്‌റാക്ക് ജോലിയോട് വലിയ താല്പര്യമൊന്നും ഇല്ല. എങ്കിക്കും അഫ്‌റയുടെ ഭർത്താവ് അക്കൗണ്ടന്റാണ്.
നിങ്ങളിപ്പോ വിചാരിക്കുന്നുണ്ടാവും നടുവിലത്തെ പുത്രനെ പരിചയപ്പെടുത്തിയില്ലല്ലോ എന്ന്. വലിയ വിദ്യാഭ്യാസമൊന്നും ഇല്ലാത്ത തല്ലിപ്പൊളിയാണ് അജ്മൽ എന്നാണ് പൊതുവെ വീട്ടിലുള്ളവരുടെ അഭിപ്രായം. അതുകൊണ്ടാണ് അവനെ അവസാനം പരിചയപ്പെടുത്തിയത്.
അപ്പൊ നമുക്ക് കഥയിലേക്ക് കടക്കാം.
പള്ളിയിൽ സുബ്ഹിബാങ്കിന്റെ ഈരടി കാതിൽമുഴങ്ങുമ്പോ അങ്ങാടിയിലെ ചായക്കടയിൽ രാവുണ്ണിച്ചേട്ടൻ പിടിപ്പത് പണിയിലാണ്. അങ്ങാടിയുണരുംമുൻപ് അങ്ങാടിയിലെത്തുന്ന ആദ്യത്തെ വ്യക്തിയാണ് രാവുണ്ണിച്ചേട്ടൻ. അങ്ങാടിയുടെ സ്വന്തം രാവുണ്ണ്യേട്ടൻ. അതിനുപുറകിലായാണ് പാലും പത്രമൊക്കെ. അവർക്കുപുറകിലായി ഓരോരുത്തരും അങ്ങാടിയിലെത്തും.
“രാവുണ്ണ്യേട്ടാ ഒരു കട്ടൻ”
“എവിടെന്നാ മോനെ ഈ നേരത്ത് ബസ്സുമായിട്ട്. ഓട്ടംവല്ലതും”
“ആ ചേട്ടോ കഴിഞ്ഞുവരുന്ന വഴിയാണ്. കോളേജിന്ന് ഒരു ടൂർ.”
കട്ടൻ ഊതിക്കുടിച്ച് അവനിരുന്നപ്പോഴാണ് ബുള്ളറ്റിന്റെ ശബ്ദം കേട്ടത്.
തിരിഞ്ഞുനിക്കിയപ്പോ ഉപ്പ.
“പടച്ചോനെ ഉപ്പ” എന്നും പറഞ്ഞ് അവനവിടെന്ന് എഴുനേറ്റ് പൈസയും കൊടുത്ത് വണ്ടിയിൽ കയറി നേരെ വീട്ടിലേക്ക് വിട്ടു.
Reviews
There are no reviews yet.