ഭാരതപര്യടനം | Bharathaparyadanam Book Review
ആധുനികകാലത്ത് കേരളം ജന്മം നൽകിയ സംസ്‌കൃതപണ്ഡിതരിൽ അഗ്രേസരനാണ് കുട്ടികൃഷ്ണ മാരാര്. കേരളകലാമണ്ഡലത്തിലെ സാഹിത്യാചാര്യൻ, മാതൃഭൂമിയിലെ പ്രൂഫ് റീഡർ എന്നീ നിലകളിൽ പ്രവൃത്തിയെടുത്ത മാരാർ അക്കാലത്തെ എണ്ണം പറഞ്ഞ സാഹിത്യവിമർശകൻ കൂടിയായിരുന്നു. ‘ഭാരതപര്യടനം’ എന്ന ഈ കൃതി പോലും മഹാഭാരതത്തിന്റെ ഒരു വിമർശനപഠനമാണ്. മഹാസാഗരതുല്യമായ ഭാരതത്തിലെ വിവിധ കഥാപാത്രങ്ങളേയും സന്ദർഭങ്ങളേയും മുൻനിർത്തി നിരവധി സാഹിത്യരചനകൾ ഉണ്ടായിട്ടുണ്ട്. ഖാണ്ഡേക്കറുടെ യയാതിയും, ശിവജി സാവന്തിന്റെ മൃത്യുഞ്ജയ്‌യും മുതൽ മലയാളത്തിലെ ഇനി ഞാൻ ഉറങ്ങട്ടെ, രണ്ടാമൂഴം എന്നിവ വരെ നീണ്ടുകിടക്കുന്ന ആ സർഗ്ഗസപര്യക്ക് വഴികാട്ടിയായത് 1950-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതിയാണ്. എന്റെ കയ്യിലുള്ളത് ഇതിന്റെ അറുപത്തിയൊന്നാമത്തെ പതിപ്പാണ്. സാഹിത്യകേരളം എത്ര ആവേശത്തോടെയാണ് ഈ പുസ്തകത്തെ സ്വീകരിച്ചതെന്ന് ഇതിൽനിന്നു വ്യക്തമാണല്ലോ. മാരാർ കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഭാരതകഥയുടെ ഉപാഖ്യാനം ഏതു കാലത്തും പ്രസക്തവും അനുയോജ്യവുമാണെന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് ഈ രചന.
തുടർച്ചയായി, കഥാതന്തു മുറിയാതെയുള്ള ആഖ്യാനശൈലിയല്ല മാരാർ ഇവിടെ അവലംബിച്ചിരിക്കുന്നത്. ഈ പുസ്തകം കൈകാര്യം ചെയ്യുന്ന ഒരാൾക്കും ഭാരതകഥ അറിയാതിരിക്കില്ലല്ലോ. ഇതൊരു രാജ്യം ചുറ്റിയുള്ള യാത്രാവിവരണമാണെന്ന് കുട്ടിക്കാലത്ത് തെറ്റിദ്ധരിച്ചിരുന്ന ചിലരുണ്ടെങ്കിലും അവരുടെ പര്യടനം ഏതാനും പേജുകൾക്കപ്പുറത്തേക്ക് പ്രവേശിക്കുകയില്ല. സാവന്തിനും പി. കെ. ബാലകൃഷ്ണനും നായകകഥാപാത്രമായ കർണ്ണൻ ഇവിടെയും ദുരന്തം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട ഒരു ബലിമൃഗമാണ്. മാരാർ പലപ്പോഴും കർണ്ണന്റെ അന്തർദൃഷ്ടിയിലൂടെ സാഹചര്യങ്ങളെ വിലയിരുത്താൻ ശ്രമിക്കുന്നുണ്ട്. ദുര്യോധനനോടുള്ള കലർപ്പില്ലാത്ത കൂറു മാത്രമാണ് കർണ്ണനെ വിശ്വസ്തനായ ഒരു സുഹൃത്ത് എന്ന നിലയിൽ അന്യൂനനാക്കുന്നത്. കുട്ടികളായ കൗരവ-പാണ്ഡവരുടെ ആയുധവിദ്യാ പ്രദർശനത്തിനിടയിൽ അർജ്ജുനനെ വെല്ലുവിളിച്ച കർണ്ണൻ തന്റെ കുലവും വംശമഹിമയും വെളിപ്പെടുത്താനാവശ്യപ്പെട്ടതോടെ തളർന്നിരുന്നുപോയല്ലോ. അന്ന് തൽക്ഷണം ദുര്യോധനൻ അയാളെ അംഗരാജ്യത്തിന്റെ അധിപനായി ഉയർത്തി പാണ്ഡവർക്കൊപ്പമെത്തിച്ചു. ഇതിനുള്ള നന്ദിയായാണ് കർണ്ണൻ ജീവിതാവസാനം വരെ ദുര്യോധനന്റെ നിഴലായി കൂടെ നിന്നത്. ഇന്ദ്രൻ സമ്മാനിച്ച ഏകപുരുഷഘാതിനി എന്ന തടുക്കാനാവാത്ത ആയുധം പോലും കുരുക്ഷേത്രത്തിൽ കൗരവപക്ഷത്ത് വൻനാശം വിതച്ച ഘടോൽക്കചനെതിരെ ഉപയോഗിച്ചത് ദുര്യോധനനോടുള്ള ഈ വിധേയത്വം മൂലമാണ്. കർണ്ണൻ അത് അർജ്ജുനനെ നേരിടുമ്പോൾ ഉപയോഗിക്കാനായി വെച്ചിരിക്കുകയായിരുന്നുവല്ലോ.
കുരുക്ഷേത്രയുദ്ധം ധർമ്മയുദ്ധമാണെന്നാണ് വെപ്പ്. എന്നാൽ മാതൃകാപരമായി തുടങ്ങിയ ഈ യുദ്ധം ക്രമേണ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളുമൊക്കെ തെറ്റിച്ച് വെറും സംഘട്ടനമായി തരംതാഴുന്നതിന്റെ നിരവധി ഉദാഹരണങ്ങളും അതിന്റെ ദാർശനിക അവലോകനവും ഈ കൃതിയിൽ കാണാം. പാണ്ഡവരും കൃഷ്ണനും അനീതി പലയിടത്തും നഗ്നമായ രീതിയിൽത്തന്നെ ഉപയോഗിക്കുന്നുണ്ട്. തനിക്കു ചേർന്നവരോട് മാത്രമേ യുദ്ധം ചെയ്യാവൂ എന്ന നിബന്ധനയുമായി തുടങ്ങിയ സംഗരത്തിൽ ഭീഷ്മരെ നേരിടുവാൻ ശിഖണ്ഡിയെ നിയോഗിക്കുമ്പോൾ ആരംഭിക്കുകയായി കൊടുംചതിയുടെ ഇരുളിലേക്കുള്ള പ്രയാണം. അശ്വത്ഥാമാവ് കൊല്ലപ്പെട്ടു എന്ന വ്യാജവാർത്തയിലൂടെ ദ്രോണരെ, താഴ്‌ന്നുപോയ രഥചക്രം ഉയർത്തുന്നതിനിടെ കർണ്ണനെ, നിയമവിരുദ്ധമായി തുടയിലടിച്ച് ദുര്യോധനനെ – അങ്ങനെ, എല്ലാ കൗരവപ്രമുഖരേയും നിലംപരിശാക്കിയതിനു പിന്നിൽ അനീതിയുടെ കറ പുരണ്ടിരിക്കുന്നതായി കാണാം. തീർത്തും പ്രായോഗികമായ തത്വോപദേശത്തിലൂടെ കൃഷ്ണൻ പാണ്ഡവരെ ഇതിനു സജ്ജരാക്കുന്നതും മാരാർ കാട്ടിത്തരുന്നു. സ്വധർമ്മമനുഷ്ഠിക്കുന്ന മനുഷ്യന് ആനുഷംഗികമായി വല്ല അനീതിയും ചെയ്യാതെ കഴിയില്ലെന്നുവരും, അത് വകവെക്കാനില്ല എന്നാണദ്ദേഹം അവരെ ഉപദേശിക്കുന്നത്.
ഗ്രന്ഥകാരൻ ഗാന്ധിയൻ ആദർശങ്ങളോടു പുലർത്തുന്ന നിസ്സീമമായ സ്നേഹാദരങ്ങൾ നിരവധി തവണ ഈ കൃതിയിൽ വെളിവാക്കപ്പെടുന്നു. അജ്ഞാതവാസത്തിനുശേഷം പാണ്ഡവർക്ക് അർദ്ധരാജ്യം തേടിക്കൊണ്ടുള്ള കൃഷ്ണദൂതിനെ മാരാർ താരതമ്യപ്പെടുത്തുന്നത് സ്വാതന്ത്ര്യത്തിനോടടുത്ത ആഴ്ചകളിൽ ബംഗ്ലാദേശിൽ ആളിക്കത്തിയ ഹിന്ദുവിരുദ്ധ കലാപം തണുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഗാന്ധിജി നവഖാലിയിൽ നടത്തിയ സന്ദർശനവുമായാണ്. കൃഷ്ണൻ ദ്വാപരയുഗമഹാത്മാവാണെങ്കിൽ ഗാന്ധിജി കലിയുഗമഹാത്മാവാണ്. ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിക്കുന്നത് സ്വാതന്ത്ര്യത്തിന് മൂന്നു വർഷങ്ങൾക്കു ശേഷമാണ്. ലക്ഷക്കണക്കിനാളുകളുടെ മരണത്തിനു കാരണമായ വർഗീയലഹളകൾ ഭാരതമനസ്സാക്ഷിയെ എത്ര ആഴത്തിൽ മുറിവേൽപ്പിച്ചിരുന്നു എന്നതിന്റെ ക്രിയാസാക്ഷ്യമാണ് മാരാരുടെ ഈ വരികൾ.
വിദ്യാർത്ഥികളുടെ പതിപ്പായതുകൊണ്ടാണോ എന്നറിഞ്ഞില്ല, ഗീതാദ്ധ്യയനത്തെക്കുറിച്ച് ഒന്നുംതന്നെ ഇതിൽ കാണുന്നില്ല. നിരവധി മൂലസംസ്കൃത ശ്ലോകങ്ങൾ അർത്ഥസഹിതം നൽകിയിരിക്കുന്നത് സംസ്കൃതഭാഷയുടെ വാഗ്പ്രപഞ്ചത്തെ വായനക്കാർക്ക് പരിചയപ്പെടുത്തും. ഓരോ അദ്ധ്യായത്തിനൊടുവിലും ലോകമാർഗ്ഗത്തേയും പൊതുതത്വങ്ങളേയും അടിസ്ഥാനമാക്കിയ ഏതാനും ശ്ലോകങ്ങളും നൽകിയിരിക്കുന്നു. മാരാരുടെ ഭാഷ കറയറ്റതും സ്വാഭാവികമായിത്തന്നെ സംസ്കൃതാതിപ്രസരമുള്ളതുമാണ്. ‘കുരജാംഗലപ്രജകൾ’ (പേജ് 59) എന്ന പ്രയോഗത്തിന്റെ ആശയമെന്തെന്ന് ഇപ്പോഴും യാതൊരു നിശ്ചയവുമില്ല. അത്തരം നിരവധി പദങ്ങളുമായി വായനക്കാർ ഇതിൽ ബന്ധം പുലർത്തും. മഹാഭാരതത്തിന്റെ കേന്ദ്രആശയം ജീവിതവൈരാഗ്യമല്ലെന്നും സർവനാശം വരുത്തിയ മഹായുദ്ധത്തിന്റെ അലയൊലികൾക്കപ്പുറം അത് സ്നേഹസാരമാണെന്നും മാരാർ സ്ഥാപിക്കുന്നു.
പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
Sajith Kumar
ഭാരതപര്യടനം | Bharathaparyadanam Summary
കുട്ടികൃഷ്ണമാരാരുടെ ഏറെ ചർച്ചയും വിവാദവും ഉണ്ടാക്കിയ കൃതിയാണ് ഭാരതപര്യടനം.1948 ലാണ് ഈ കൃതി പുറത്തിറങ്ങുന്നത്. മഹാഭാരതത്തിലെ പ്രധാനപ്പെട്ട കഥാസന്ദർഭങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുകയാണ് കൃതി. അമാനുഷർ എന്നു കരുതുന്ന കഥാപാത്രങ്ങളെ മനുഷ്യരായി അവതരിപ്പിച്ചു കൊണ്ട് അവരുടെശക്തി ദൗർബല്യങ്ങൾ മാരാർ തുറന്നു കാണിക്കുന്നു. ഇതിൽ കർണ്ണന്റെ കഥാപാത്ര സൃഷ്ടിയും വിശകലനവും ഏറെ പ്രഖ്യാതമാണ്. ധർമ്മബോധം, ആസ്തിക്യബോധം, യുക്തിബോധം, സൗന്ദര്യബോധം ഇവയുടെ പശ്ചാത്തലത്തിലാണ് ഈ പുനർവായന. കഥാപാത്രപഠനങ്ങളാണ് ഇതിലുള്ളത്. കഥാപാത്രത്തിന്റെ പശ്ചാത്തലത്തിലൂടെ ഇതിവൃത്തം, ഭാവശില്പം, കാവ്യാത്മകമായ രസം ഇവയിലേക്ക് വീക്ഷണങ്ങളെത്തുന്നു.
About the Author
കേരളത്തിലെ പ്രമുഖ സാഹിത്യവിമർശകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്നു തൃപ്രങ്ങോട് കിഴക്കേ മാരാത്ത് കുട്ടികൃഷ്ണ മാരാർ (ജനനം: ജൂൺ 14, 1900; മരണം: ഏപ്രിൽ 6, 1973). കരിക്കാട്ട് മാരാത്ത് കൃഷ്ണമാരാരുടേയും തൃപ്രങ്ങോട്ട് കിഴക്കേമാരാത്ത് ലക്ഷ്മി മാരസ്യാരുടേയും പുത്രനായാണ് ജനിച്ചത്. കൊല്ലവർഷം 1100-ൽ (1924-25) തൃക്കാവിൽ കിഴക്കേ മാരത്ത് നാരായണിക്കുട്ടി മാരസ്യാരെ വിവാഹം ചെയ്തു. കുലവിദ്യയിലായിരുന്നു ആദ്യ അഭ്യസനം. 1923-ൽ പട്ടാമ്പി സംസ്കൃത കോളേജിൽ നിന്ന് സാഹിത്യശിരോമണി പരീക്ഷ ഒന്നാമനായി വിജയിച്ചു.
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Reviews
There are no reviews yet.