Skip to content

ഒരു മാനിക്വിൻ കഥ
Novel details

4.3/5 - (151 votes)

ഒരു മാനിക്വിൻ കഥ

1 – സൈനികന്റെ തിരിച്ചുവരവ്

സർവീസിൽ നിന്ന് പിരിഞ്ഞു വീട്ടിലെത്തുന്ന പട്ടാളക്കാരന്റെ ജീവിതം ഒരു പൂക്കുറ്റി പോലെയാണ്. വർണാഭമായ നിറങ്ങളും എരിഞ്ഞു പൊട്ടുന്ന ശബ്ദങ്ങളുമായി കത്തി ഉയരുന്ന പൂക്കുറ്റി. മസാലയിൽ പൊതിഞ്ഞു, എണ്ണയിൽ വറുത്തെടുത്ത കോഴിക്കാലുകളും, പട്ടാളക്കാരുടെ ഇഷ്ടസാധനമായ കുള്ളൻ കറുത്ത ഉരുളൻ കുപ്പിയും, എരുവ് ചാലിച്ച ധീരകഥകളും, അത്ഭുതം ഭാവിച്ചു വായ് പൊളിച്ചിരിക്കുന്ന കേൾവിക്കാരുമുള്ള ഒരു പൂക്കുറ്റി ജീവിതം.

സുകു തിരിച്ചെത്തിയിട്ട് മൂന്ന് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. അടുത്ത ടൗണിലെ ബസ് സ്റ്റാൻഡ് പോലെയായി ദിവസങ്ങൾ..

പകൽ, ഉത്സവത്തിന്റെ ആരവം ….

വൈകുന്നേരം, കച്ചവടക്കാരുടെയും യാത്രക്കാരുടെയും ഒഴിഞ്ഞു പോക്കൽ..

രാത്രി, നാളെയുടെ ആകുലതകളെ ഇരുട്ടിൽ ഒളിപ്പിച്ച മൂകത

അജയനെയും രഘുവിനെയും കെട്ടിപ്പിടിച്ചു മയങ്ങുന്ന ജാനകിയുടെ മുഖത്തു ആശങ്കകൾ നിഴലെടുത്തു കിടക്കുന്നു

ക്രമേണ കറുത്ത ഉരുളൻ കുപ്പികൾ പിന്നാമ്പുറത്തേക്കു കുപ്പയിൽ പോയി ഉറങ്ങി

ധീരകഥകൾക്ക് എരുവും പുളിയും കുറഞ്ഞു

കേൾവിക്കാർ പുതിയ പ്രവാസികളെ തിരക്കിപ്പോയി

അരിപ്പാത്രത്തിന്റെ മൂട്ടിൽ അളവ് ഗ്ലാസ് മുട്ടിത്തുടങ്ങിയപ്പോൾ, ജാനകി ഇടയ്ക്കിടെ ചോദിക്കാൻ തുടങ്ങി

“ഇങ്ങനെ പോയാൽ എങ്ങനാ ?”

“കുട്ട്യോളൊക്കെ വളന്നു വര്വാ ..”

പുറത്തെ ഇരുട്ടിൽ മാനത്തു കറുത്ത മേഘങ്ങൾ ഉരുണ്ടു കയറുന്നതു ആരും കണ്ടില്ല. ഒന്നും അറിയാതെ അജയനും രഘുവും അവരുടെ നോട്ടുപുസ്തകങ്ങളിൽ തല വെച്ച് ഗൃഹപാഠം ചെയ്തുകൊണ്ടിരുന്നു.

സുകു സിഗരറ്റിൽ തീ കൊളുത്തി ആഞ്ഞു വലിച്ചു

സർവീസ് ഇരുപത് വര്ഷം തികച്ചു പെൻഷൻ വാങ്ങി പിരിയണമെന്നു തന്നെയാണ് താനും ആഗ്രഹിച്ചത്.

കഷ്ട്ടപാടുണ്ടെങ്കിലും ഒരു നല്ല സ്ക്വാഡിലാണെങ്കിൽ എല്ലാത്തിനും ഒരു രസമുണ്ട്.. രാജ്പുത്താനാ റൈഫിൾസിൽ നല്ല കാലമായിരുന്നു. ഒരു സിപോയ് ആയി കയറി പ്രൊമോഷൻ കിട്ടി ആക്ടിങ് ലാൻസ് നായിക് ദഫേഡാർ വരെ ആയി..

ഹവിൽദാർ മാറി വരുമ്പോൾ പുതിയ ആളുടെ ഇഷ്ടാനിഷ്ടങ്ങൾക്കു നമ്മൾ ഒത്തുപോകേണ്ടിവരും

പിന്നെ കഷ്ടകാലം തുടങ്ങി. ആസ്തമ കൂടി ശ്രീനഗറിൽ ആശുപത്രിയിലായി.

സിയാച്ചിനിലേക്ക് പോകുന്നെന്നൊക്കെ കേട്ടപ്പോൾ ഉള്ളു കിടുങ്ങിപ്പോയി. പിന്നാലെ നൈബ് സുബേദാർക്കും തന്നോടു ഇഷ്ടക്കേട് തോന്നിയതിന്റെയും പ്രശ്നങ്ങൾ ഡ്യൂട്ടിയിൽ വരാൻ തുടങ്ങിയപ്പോഴേക്കും മനസ്സ് മടുത്തു.

ശ്രീനഗറിൽ നിന്ന് ഛത്തിസ്ഗർഹിലേക്ക് പോയപ്പോൾ ആദ്യം ആശ്വാസമായിരുന്നു; സ്ഥിതി പക്ഷെ വറചട്ടിയിൽനിന്ന് തീയിലേക്ക് വീണതുപോലായി. നാട്ടിൽ വന്നു ഉള്ളതും കൊണ്ട് ജീവിക്കാം എന്നെ കരുതിയുള്ളൂ.. പെൻഷൻ നോക്കി അഞ്ചു വര്ഷം കൂടി തള്ളി നോക്കാൻ പറ്റുമായിരുന്നില്ല.

ഈ വിഴുപ്പലക്കി ജാനുവിനെ സങ്കടപ്പെടുത്തേണ്ടന്നു കരുതി ഒക്കെ ഉള്ളിൽ പിടിച്ചു വെച്ചു. എന്നാലും അവളുടെ ചോദ്യങ്ങൾ കൂടി കൂടി വന്നപ്പോൾ ഇരിക്കപ്പൊറുതിയില്ലാതെ അയാൾ അടുത്ത കവലയിലെ കലുങ്കിലേക്കു മൂട് മാറ്റി.

കലുങ്കിനു ചൂടു പിടിക്കുമ്പോൾ ആരെങ്കിലും അടുത്തുള്ള കണ്ടത്തിലേക്ക് വിളിക്കും .. അമ്പതു വർഷംമുമ്പ് നെൽകൃഷി ചെയ്തിരുന്ന കണ്ടം ഇപ്പോൾ ആണാണോ പെണ്ണാണോ എന്നുറപ്പില്ലാത്തതുപോലെ മലർന്നുകിടക്കുന്നു.

കൃഷിയുണ്ട്; എന്നാൽ തരിശുണ്ട്

വാഴയുണ്ട്; എന്നാൽ നെല്ലില്ല

തെങ്ങുണ്ട്; എന്നാൽ കരിമ്പില്ല

ആ കണ്ടത്തിന്റെ കിഴക്കേ അതിരിൽ ഒരു തോട് ഒഴുകുന്നു. ഗ്രാമത്തിന്റെ അഴുക്കുകൾ ഒഴുക്കി ഏതോ ഒരു ആറിലും, പിന്നെ കടലിലും കളയുന്ന ഒരു പാവം തോട്. ഒൻപതു മാസം ഒഴുകുകയും മൂന്നു മാസം വിശ്രമിക്കുകയും ചെയ്യുന്ന ഒരു സന്തുഷ്ട ജീവിതമായിരുന്നു ആ തോടിന്റെത്.

കൈതക്കാടുകളുടെ മറവിൽ ശൗചം ചെയ്യുന്ന പുരുഷന്മാരും അതിനു താഴെ തുണിയലക്കുന്ന തീണ്ടാരികളും പിന്നെ പല്ലുതേച്ചു കുപ്ലിച്ചു കുളിച്ചു മിടുക്കരാവുന്ന ചിലരും കൂടിയ ഒരു ജനാവലി ആ തോടിനെ ആശ്രയിച്ചിരുന്നു.

തോടിന്റെ ഓരത്തെ വാഴക്കൂട്ടങ്ങൾക്കിടയിൽ ഗാർഹിക പീഡനത്തിൽ നിന്നും ഒളിച്ചോടിയ പുരുഷന്മാർ ഒത്തുകൂടി. പരസ്നേഹികളായ ചിലരെങ്കിലും എല്ലാ നാട്ടിലും ഉണ്ടാവുമല്ലോ. അങ്ങനെയുള്ളവരുടെ പ്രോത്സാഹനത്താൽ സുകുവും കലുങ്കിൽ നിന്ന് കണ്ടത്തിലേക്ക് എത്തിപ്പെട്ടു

കുറെ ചീട്ടുകളി

അല്പം മദ്യസേവ

മനുഷ്യർക്ക് കളിസ്ഥലങ്ങളില്ലാത്ത ഗ്രാമങ്ങളാണ് നമ്മുടേത്. സ്കൂൾ മൈതാനങ്ങളൊഴിച്ചാൽ ബാക്കിയൊക്കെ കപ്പയിട്ടും, റബ്ബറു വെച്ചും പ്രായോഗികമായി ചിന്തിക്കുന്ന സാക്ഷര കേരളത്തിലെ ബുദ്ധിമാന്മാർക് കളിസ്ഥലങ്ങൾ അപ്രധാനങ്ങളായ വിഷയങ്ങളാണ്. അതുകൊണ്ടു തന്നെയാണ് വാഴച്ചോട്ടിലും, റബ്ബർതോട്ടത്തിലും വട്ടമിട്ടിരിക്കുവാൻ ആളെ കിട്ടുന്നത്. സുകു അവരുടെ കൂടെ ചേർന്നു.

പുതിയ എസ് ഐ ചാർജ് എടുക്കുന്ന മാസത്തിൽ മാത്രം , പുതുപ്പെണ്ണിന്റെ മിടുമിടുക്കു പോലെ പോലീസുകാർ കടുംവെട്ടിൽ മരണം കാത്തു നിൽക്കുന്ന വയസ്സൻ റബ്ബർ മരങ്ങൾക്കിടയിലൂടെ ചില ഓട്ടപ്രദർശനമൊക്കെ നടത്തും. പിന്നീട് നിരുപദ്രവകരായ നാട്ടുകാരെ നിയമ പാലകർ വെറുതെ വിടും…

 

മുഴുവൻ ഭാഗങ്ങളും വായിക്കുക

4.3/5 - (151 votes)
ഒരു മാനിക്വിൻ കഥ

Novel details Writer: എബി  ചാക്സ് Part: 8 Category: Fiction

URL: https://www.aksharathalukal.in/product/oru-maniquin-kadha

Author: Aby Chacs

Editor's Rating:
4.1

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Reviews

There are no reviews yet.

Be the first to review “ഒരു മാനിക്വിൻ കഥ”

Your email address will not be published.

Don`t copy text!