Site icon Aksharathalukal

പുനർജ്ജന്മം ഭാഗം 15

പുനർജ്ജന്മം Malayalam novel

അത്താഴം ഉണ്ട് കഴിഞ്ഞു കിച്ചൻ സ്വന്തം മുറിയിലേക്ക് പോയി. കോവിലകത്തു എല്ലാപേരും ഉറങ്ങിയെന്നു ഉറപ്പ് വരുത്തിയ ശേഷം കിച്ചൻ മെല്ലെ കിടക്കയിൽ നിന്നു എഴുന്നേറ്റു വാതിൽ തുറന്നിറങ്ങി കാവിലേക്കു നടന്നു. അപ്പോഴും മഴ ചാറുന്നുണ്ടായിരുന്നു. അവൻ കാവ് കടന്ന് അമ്പലത്തിൽ എത്തിയപ്പോൾ അവിടെ അമ്മു കാത്തു നിൽപ്പുണ്ടായിരുന്നു.
അവൾ പതിവിലും സുന്ദരി ആയതുപോലെ തോന്നി അവന്. അവനെ കണ്ടതും ഒരു ദീർഘ നിശ്വാസത്തോടെ അവൾ പറഞ്ഞു,
“ഹ്മ്മ്
ഇക്ക് നന്നേ സംശയാർന്നുട്ടോ, കിച്ചനെ കാണുന്ന വരേയും. കിച്ചൻ വരുമൊന്നേയ്, ”
“അമ്മു….
കിച്ചനേ മഴ നനഞ്ഞിട്ടാ വന്നെ ദേ കണ്ടുവോ, കിച്ചനേ മഴ നനഞ്ഞുച്ചാൽ കിച്ചന്റെ അമ്മയ്ക്കാ വയ്യായി വരും. അതാ ന്റെ പേടിയേ ”
“ഹ്മ്മ്
അതേയ്, ഇന്ന് മഴ കൊണ്ടുന്നു വെച്ചു നിന്റെ അമ്മക്ക് വയ്യായ്ക വന്നുച്ചാൽ ഞാൻ കൊണ്ട് പൊയ്ക്കോളാം നിന്റെ അമ്മയെ വൈദ്യരുടെ അടുത്ത്. എന്തേയ്? ”
“ആ അത് മതി ”
“ഹ്മ്മ് ”
“അമ്മു… ”
“മ്മ് ”
“അമ്മു.. ”
“മ്മ്മ് ”
“അമ്മു…. ”
“ഹാ എന്താ കിച്ചാ? ”
“ഇങ്ങനെ ആണോ വിളി കേൾക്കാ? ”
“ഓ അതാണോ? ”
“ആ ”
“ശെരി വിളിക്കു ”
“അമ്മു.. ”
“എന്തോ…..
മതിയോ? ”
“ആ ”
“ഇനി പറയു എന്തേ നേരത്തെ വിളിച്ചേ? ”
“അതോ.. അത്…
ഇന്ന് അമ്മു പതിവിലും സുന്ദരി ആയിരിക്കുണു ”
“അതെയോ? ”
“ആ ”
അവൻ കയ്യിൽ മുറുകെ പിടിച്ചിരുന്ന താലി എടുത്തു അവളുടെ മുന്നിലേക്ക്‌ കാട്ടി പറഞ്ഞു,
“ഈ ആകാശത്തിൽ അങ്ങിങ്ങായി തെളിഞ്ഞു നിൽക്കുന്ന നക്ഷത്രങ്ങളെയും, ഒരു ചാറ്റൽ മഴയായ് നമ്മെ അനുഗ്രഹിക്കാനെത്തിയ പ്രകൃതിയെയും, ഓർമവെച്ച നാൾമുതൽ ഞാൻ പാദ സേവ ചെയ്യുന്ന ന്റെ ഭഗവാനേയും, നമ്മുടെ മുന്നിലെ ഈ കെടാവിളക്കിൽ ജ്വലിച്ചു നിൽക്കുന്ന അഗ്നിയേയും സാക്ഷി നിർത്തി കൊണ്ട് കിച്ചൻ അമ്മുന്റെ കഴുത്തിൽ താലി ചാർത്തുന്നു. ”
അവളുടെ കഴുത്തിൽ താലി ചാർത്തിയ ശേഷം അവളെ തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു അവളുടെ നെറുകയിൽ ഒരു ഉമ്മ നൽകി കൊണ്ട് അവൻ പറഞ്ഞു,
“അമ്മു…
ഇത് ആരും കാണരുത്ട്ടോ, അമ്മുന്റെ കഴുത്തിലെ ഈ താലി.
വല്യമ്മാമ അറിഞ്ഞാൽ കൊന്നു കളയും നമ്മൾ രണ്ടാളെയും ”
“കിച്ചന് പേടിയുണ്ടോ? ”
“പിന്നെ പേടിക്കാതെ? ബോധം തീരെ ഇല്ല്യേ
നിന്റെ അച്ചക്കു ”
“ന്നാ പിന്നെ ഒരു കാര്യം അങ്ങട് ചെയ്യാം. ന്തേയ്‌? ”
“ന്ത്? ”
“ഞാനേ ഇതങ്ങട് അഴിച്ചു വെച്ചാലോ? അപ്പൊ ആരും കാണില്ല്യാല്ലോ ”
“അതിലെങ്ങാനും തൊട്ടാൽ, കൊന്നു കളയും നിന്നേ ഞാൻ ”
“ഹ ഹ കൊള്ളാല്ലോ നമ്പൂരി ”
“മ്മ്മ്? എന്തേയ്? ”
“എയ് ഒന്നുല്യാ ”
“പിന്നെന്തേ അമ്മു ചിരിച്ചേ? ”
“വെറുതെ ചിരിച്ചതാണേ ന്റെ നമ്പൂരിയേ ”
“അതെയോ? ”
“അതേല്ലോ ”
“ആ ”
“കിച്ചാ… ”
“മ്മ്മ് ”
“നമ്മളെ പോലെ നമ്മൾ മാത്രാ
ല്ല്യേ? ”
“അതെന്തേ അമ്മു? ”
“അതോ, അത്…..
നിന്നെ അറിയുവാൻ കാത്തു
നിന്നു ഞാൻ മൂകമായി
നിന്നിൽ പൂക്കുവാൻ
മാത്രമെത്തുന്ന വല്ലി ഞാൻ ”
“ആഹാ
ന്നാലേ….
ഏതോ ഹൃദയ മർമരം
ഏഴാം യാമ വേളയിൽ
ആർദ്രമായ് രാഗ തരളമായ്
മീട്ടുന്നു ഞാനീ ശ്രുതി ”
“ഈ രാത്രിയിൽ നീ മാത്രമറിയാൻ
എൻ മോഹവും ആത്മതാപങ്ങളും ”
“അതെയോ? ”
“മ്മ്മ് ”
“അമ്മു….
രാത്രിയുടെ അവസാനത്തെ യാമവും കഴിഞ്ഞിരിക്കുണു. പുലരാൻ അതികം ഇല്ല ഇനി. നമുക്ക് മടങ്ങണ്ടേ? ”
“മ്മ്മ് മടങ്ങണം.
അല്പനേരം കൂടെ ഇങ്ങനെ ഇരിക്കാം നമുക്ക്, ന്നിട്ട് മടങ്ങാം ”
“കിച്ചന് നട തുറക്കണ്ടേ അമ്മു… ”
“മ്മ്, ന്നാ വായോ നമുക്ക് മടങ്ങാം ”
“ആ ”
അവർ രണ്ടുപേരും ചന്ദന മരത്തിന്റെ ചുവട്ടിൽ നിന്നു എഴുന്നേറ്റു. നടക്കാൻ തിരിയുമ്പോൾ അവൾ പെട്ടെന്ന് അവന്റെ കയ്യിൽ പിടിച്ചു നിർത്തി,
“നിൽക്കു.. എന്തേയ് ഇത്ര തിടുക്കം?
ഒരു ഉമ്മ തന്നിട്ട് പോയാൽ മതി ”
“അയ്യോ.. ഉമ്മയോ? ”
“അതേല്ലോ ”
“അമ്മു…. ”
“മ്മ്മ് ?”
“അതേയ് ..
കിച്ചൻ ഉമ്മ വെച്ചാലേ ആരേലും നമ്മളെ കണ്ടാലോ, വല്യമ്മാമ കണ്ടാലോ ”
“പിന്നേ….. ഇവിടിപ്പോ കരക്കാർ എല്ലാം ഉണ്ടെല്ലോ നീയ് ഉമ്മ വെക്കുന്നത് നോക്കാൻ.
ഹോ, ന്റെ ഒരു യോഗേ…, ഒരു ഉമ്മ ക്ക്‌ വേണ്ടി ഇവനോട് ഇരക്കേണ്ട ഗതികേടാണുല്ലോ ന്റെ കൃഷ്ണാ…… ”
“കിച്ചനെ വഴക്ക് പറയല്ലേ അമ്മു… കിച്ചൻ ഉമ്മ തരാം ”
“അയ്യോ… വേണ്ട പൊന്നേ…
നീയ് തന്നെ വെച്ചോ നിന്റെ ഉമ്മ. ഇക്ക് വേണ്ട ”
“അങ്ങനെ പറയല്ലേ അമ്മു. കിച്ചൻ തരാം ”
“വേണ്ടാന്ന് പറഞ്ഞില്ല്യേ നിന്നോട് ”
“മ്മ് ”
“ആ വേഗം നടന്നോള്ട്ടോ, പുലരാറായിരിക്കുണു ”
“മ്മ് ”
“എന്തേ?”
“മ്മ് ”
“ഹ്മ്മ്മ് തുടങ്ങി, മ്മ് പറയാൻ ”
“മ്മ് ”
“ഹ്മ്മ്
എന്തിനേ ഇപ്പൊ പിണങ്ങി നിൽക്കുന്നെ? ഉമ്മ വേണ്ടാന്ന് പറഞ്ഞിട്ടാ? ”
“മ്മ് ”
“അയ്യേ.. അത് അമ്മു വെറുതെ പറഞ്ഞതല്ലേ, ന്റെ കിച്ചൻ അല്ലാണ്ട് വേറെ ആരാ ന്നെ ഉമ്മ വെയ്ക്കാ? ”
“സത്യം? ”
“മ്മ്മ്
സത്യം ”
“ആ ”
അവൾ അവനെ ചേർത്ത് പിടിച്ചു അവന്റെ നെറ്റിയിൽ ഒരു ഉമ്മ വെച്ചു.
അവർ ഉടനെ തന്നെ കോവിലകത്തേക്കു മടങ്ങി. അവർ എത്തിയപ്പോൾ ആരും ഉണർന്നിട്ടില്ലാ എന്ന് മനസ്സിലായി. അവൾ പെട്ടെന്ന് മുറിയിലേക്ക് കയറി അവൻ കുളത്തിലേക്കും.
കുളി കഴിഞ്ഞു കിച്ചൻ അമ്പലത്തിലേക്ക് തന്നെ തിരിച്ചു പോയി നട തുറന്നു പൂജ ഒക്കെ കഴിഞ്ഞു ഉച്ചക്ക് ദീപാരാധന കഴിഞ്ഞ് നട അടച്ച് കോവിലകത്തേക്കു മടങ്ങി. വന്ന പാടേ അമ്മയോട് ചോദിച്ചു,
“അമ്മേ….
അമ്മേ.. ”
“എന്തിനേ ന്റെ കുട്ട്യേ ഇങ്ങനെ വിളിച്ചു കൂവുന്നേ? ”
“അമ്മേ… അമ്മുനെ കണ്ടുവോ? ”
“പടിഞ്ഞാറ്റിലെ ആ കുട്ടി വന്നാർന്നേ, ”
“ആര്? ലക്ഷ്മികുട്ടിയോ? ”
“ഉവ്വ്
അതിനോട് മിണ്ടിയും പറഞ്ഞും കടവിൽ ഇരിക്കുന്നത് കണ്ടാർന്നു ”
“ആ… കിച്ചൻ അങ്ങട് പോയി കണ്ടോളാംട്ടോ ”
“എന്തിനേ?
ഉണ്ണി എന്തിനേ പെൺകുട്ട്യോൾ സംസാരിക്കുന്നടത്തു പോണം? ”
“എന്തേ അമ്മേ കിച്ചൻ അങ്ങട് പോയാൽ?
അമ്മുന്റെയും ലക്ഷ്മികുട്ടിടെയും അടുത്തല്ലേ കിച്ചൻ പോണെ, പിന്നെന്തേ അമ്മേ? ”
“അതേയ്…,
അമ്മേട ഉണ്ണി ഇങ്ങട് വായോ, അമ്മേട അടുത്ത് വായോ
അമ്മ ഒരു കൂട്ടം പറയട്ടെ ”
“ന്താ അമ്മേ? ”
“അമ്മേട കുട്ടി വലുതായില്ല്യേ? ഇനി പഴയ പോലെ പെൺകുട്ട്യോളോട് കൂട്ട് കൂടാനൊന്നും പാടില്ല്യ ”
“അതെന്തേ അമ്മേ? ”
“അങ്ങനെ പോയാൽ പെൺകുട്ട്യോൾക്ക്‌ ഒരു വിലയും ഇണ്ടാവില്യാ ആൺകുട്ട്യോളെ. അത്രന്നെ ”
“അതെയോ അമ്മേ? ”
“അതേല്ലോ കുട്ടാ..
അതുകൊണ്ട് അമ്മേട ഉണ്ണി ഇനി പെൺകുട്ട്യോളുമായി അധികം ചങ്ങാത്തം ഒന്നും വേണ്ടാട്ടോ ”
“ആ.. കിച്ചൻ ഇനി മിണ്ടില്ല്യാ അമ്മേ പെൺകുട്ട്യോളോട് ”
“ആ നല്ലത്‌ ”
ഇത്രയും പറഞ്ഞു കൊണ്ട് അമ്മ അകത്തേക്ക് പോയി. കിച്ചൻ ആട്ടെ അൽപനേരം എന്തോ ആലോചിച്ചു കൊണ്ട് അവിടെ തന്നെ നിന്നു.
കുളക്കടവിലെ കൽപ്പടിയിൽ അമ്മുഉം ലക്ഷ്മികുട്ടിയും സംസാരിക്കുകയാണ്.
“വേണ്ടായിരുന്നു അമ്മു..
ഇത്ര പെട്ടെന്ന് ഇങ്ങനെ ഒരു എടുത്തുചാട്ടം കാട്ടണ്ടാർന്നു നിങ്ങൾ രണ്ടാളും. ഇതിപ്പോ ഇവിടെ ആർക്കേലും അറിയോ? ”
അമ്മു മുഖം താഴ്ത്തി ഇരിക്കുവായിരുന്നു. ലക്ഷ്മിയുടെ ചോദ്യത്തിന് അവൾ ‘ഇല്ല ‘ എന്ന് തലയാട്ടി.
“ഇത് നിന്റെ അച്ഛ അറിഞ്ഞുച്ചാൽ ന്താ ഇണ്ടാവാന്ന് ഞാൻ പറയാണ്ട് തന്നെ നിനക്ക് അറിയില്ല്യേ? വെറുതെ ആ പാവത്തിനെ തല്ലു കൊള്ളിക്കാനായിട്ടു ”
“ഇക്ക് കിച്ചൻ വേണം. കിച്ചൻ ഇല്ല്യാണ്ട് പറ്റില്ല്യ.
നിനക്ക് അറിയുന്നതല്ലേ എല്ലാം? ന്നിട്ടും ന്നോട് ഇങ്ങനെ ഒക്കെ പറയാ? ”
“ഒക്കെ ശെരി തന്നെ അമ്മു. ഇക്ക് അറിയാം നിങ്ങൾ തമ്മിൽ എങ്ങിന്യാന്ന്. എന്നാൽ അതുകൊണ്ട് കാര്യമുണ്ടോ? ഈ കോലോത്തു ആർക്കേലും അറിയോ നിങ്ങൾ തമ്മിലെ അടുപ്പം? ”
“അതിപ്പോ അറിയാൻ? കിച്ചൻ അമ്മുന്റെയാ
അമ്മു കിച്ചന്റെയും ”
“അതെയോ?
ന്നിട്ട് എന്തേ ഈ കഴുത്തിൽ കിടക്കുന്ന താലി മറ്റുള്ളവരിൽ നിന്നും മറച്ചു വെക്കണം?
നിന്റെ കിച്ചൻ കെട്ടിയ താലിയല്ലേ?
എന്തേയ് നീയൊന്നും മിണ്ടാത്തെ? ഉത്തരം ഇല്ല്യാ ല്ലേ? ”
“ഉണ്ട് ”
“ന്ത്? ”
“കിച്ചനെ ന്നിൽ നിന്നു അകറ്റാൻ ഒരു ശക്തിക്കും കഴിയില്ല്യ. മരണത്തിനു പോലും “

“ഒക്കെ ശെരി തന്നെ അമ്മു, നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാന്ന് ഇക്ക് അറിയാം. ന്നാ അത് ഇവിടെ മറ്റാർക്കും അറിയില്ല്യ. ന്തിന്, നിന്റെ ഓപ്പോൾക്കു കൂടി അറിയില്ല്യ. എന്തേ ശെരിയല്ലേ ഞാൻ പറഞ്ഞെ? ”
“മ്മ് ”
“ഇത് പുറത്തു അറിയുമ്പോ ന്താ ഇണ്ടാവാ? ആരേലും നിങ്ങൾക്കൊപ്പം നിൽക്കുവോ ഒരു വാക്കു കൊണ്ടെങ്കിലും? ഇല്ല്യാ.
ഇക്ക് അറിയാം നീയ് പിരി കയറ്റാണ്ട് കിച്ചൻ എടുത്തു ചാടില്ല്യാന്ന് ”
“ഇക്ക് പറ്റില്യാ ”
“ന്ത്? ”
“കിച്ചൻ ഇല്ല്യാണ്ട് ഇക്ക് പറ്റില്യാ. അത്രന്നെ ”
“ന്റെ അമ്മു നീയ് 24 മണിക്കൂറും ഇതന്നെ ഇങ്ങനെ ഉരുവിട്ടു ഇരുന്നിട്ട് ന്താ കാര്യം കുട്ട്യേ? ഞാൻ ഇപ്പൊ വന്ന ശേഷം നീയ് ഏഴാമത്തെ തവണയാ ഈ വാക്കു പറയുന്നെ ‘ ഇക്ക് പറ്റില്യാ, ഇക്ക് പറ്റില്യാന്നു.
നേരം ഒരുപാടായി ഞാൻ പോവാ, മുത്തശ്ശി ഒറ്റയ്ക്കേയുള്ളു. നാളെ വരാം ഞാൻ ”
“മ്മ്മ് ”
ലക്ഷ്മി പടിയിൽ നിന്നും എഴുന്നേറ്റു പടികൾ കയറി, പെട്ടെന്ന് എന്തോ ഓർത്തപോലെ തിരിഞ്ഞു നിന്നു അമ്മുനെ വിളിച്ചു,
“അമ്മു… ”
“എന്തേ? ”
“അല്ലാ, നിങ്ങൾ തമ്മിൽ അരുതാത്തതൊന്നും നടന്നിട്ടില്ല്യല്ലോ ല്ലേ? ”
ഇല്ല എന്ന് അമ്മു തലയാട്ടി.
അത് കണ്ടതും ലക്ഷ്മിക്ക് അല്പം സമാധാനമായി. അവൾ ഒരിക്കലും കരുതിയതല്ല അമ്മു ഇത്ര പെട്ടെന്ന് ഇങ്ങനെ ഒരു അവിവേകം കാട്ടുമെന്നു. അതും തന്നോട് പറയാതെ അമ്മു അങ്ങനെ ഒരു തീരുമാനത്തിൽ എത്തില്ല എന്നായിരുന്നു ലക്ഷ്മിയുടെ ധാരണ. എന്നാൽ തന്റെ കണക്കുകൂട്ടലുകൾ അപ്പാടെ തെറ്റിച്ചു കൊണ്ട് അമ്മു വേളി നടന്ന ശേഷം ആണ് തന്നോട് പറഞ്ഞത്. ഇനി അവർ ഒന്നിക്കരുത്, അത് മാത്രേ ഉള്ളൂ ഒരു പോംവഴി.
“നീയ് എന്തേ ആലോചിക്കുന്നേ? ”
അമ്മുന്റെ ചോദ്യം കേട്ടാണ് ലക്ഷ്മി ചിന്തയിൽ നിന്ന് ഉണർന്നത്
“എയ് ഒന്നുല്ല്യ
അമ്മു…
വേളി കഴിഞ്ഞുന്നു നിനക്കും കിച്ചനും മാത്രേ അറിയൂ. ”
“മ്മ് ”
“ഞാൻ പറഞ്ഞു വരുന്നത് ന്താന്നു നിനക്ക് മനസ്സിലായോ? ”
“മ്മ്മ് ”
“അരുതാത്തതെന്തേലും നടന്നുച്ചാൽ ആരും കിച്ചനെ പാറയില്ല്യ. നിന്നെ മാത്രേ പറയു കാരണം കിച്ചന്റെ സ്വഭാവം അറിയാം എല്ലാപേർക്കും.
കിച്ചനോട് പറയുന്ന കാര്യങ്ങൾ മാത്രേ കിച്ചൻ ചെയ്യുന്നു എല്ലാപേർക്കും അറിയാം. പറയാത്തത് ഒന്നും അവന് അറിയില്ല്യ, ചെയ്യില്ല്യ. അപ്പൊ അവിടെ മോശക്കാരി ആവാ നീയാ. അത് മറക്കണ്ടാ നീയ് ”
“ആര് പറഞ്ഞു കിച്ചന് ഒന്നും അറിയില്യാന്നു? ”
“ആര് പറയണം, കിച്ചനെ കുറിച്ച് ന്നോട്? നിക്ക് അറിയാം. വെറുതെ ഓരോന്ന് പഠിപ്പിക്കണ്ടാട്ടൊ അമ്മു. തല്ലു കൊള്ളിക്കണ്ട ആ പാവത്തിനെ. ഞാൻ പോവാ, നാളെ വരാം ”
എന്ന് പറഞ്ഞു അവൾ കുളക്കടവിൽ നിന്ന് പോയി. അമ്മു അല്പനേരം കൂടെ അവിടെ ഇരുന്നു ലക്ഷ്മി പറഞ്ഞതൊക്കെ ആലോചിച്ചു. അവൾ മനസ്സിൽ ഓർത്തു,
“ലക്ഷ്മി പറഞ്ഞതൊക്കെ ശെരിയാ, തന്റെ പിടിവാശിക്കു വഴങ്ങിയാ കിച്ചൻ വേളിക്ക്‌ സമ്മതിച്ചത്. ലക്ഷ്മി പറഞ്ഞത് പോലെ കിച്ചന് എന്തും പറഞ്ഞു കൊടുത്താൽ മാത്രേ അറിയൂ. അത് എല്ലാപേർക്കും അറിയുന്ന കാര്യാ ”
ഒരു ദീർഘ നിശ്വാസത്തോടെ അവൾ കടവിൽ നിന്ന് മടങ്ങി. ഇടനാഴിയിലൂടെ നടക്കുമ്പോഴാണ് കിച്ചന്റെ മുറിയുടെ ജനാലയിലൂടെ നോക്കുമ്പോൾ കസേരയിൽ അവൻ ഇരുന്നു എന്തോ എഴുതുന്നത് കണ്ടത്. അവൾ പുഞ്ചിരിച്ചു കൊണ്ട് അവന്റെ മുറിയിലേക്ക് ചെന്നു
“എപ്പോഴാ വന്നെ? എന്തേയ് വന്നിട്ട് വിളിക്കാഞ്ഞേ? ”
“ന്തിനാ വിളിക്കുന്നെ? ”
“അതെന്തേ? എന്നും വന്നാലുടൻ ന്റെ അടുത്തേക്ക് വരുന്നതല്ലേ കിച്ചൻ? അതുകൊണ്ട് ചോദിച്ചതാ
എന്തേയ് മുഖത്തു ഒരു ഗൗരവം? എന്തേയ് കിച്ചാ?
അമ്മുനോട് പറയ്‌ ”
“അത്…
കിച്ചൻ ഇനി മിണ്ടില്ല്യാ ”
“ആരോട്? ”
“ആരോടും ”
“എന്നോടും? ”
“ആ….
അമ്മുനോടും മിണ്ടില്ല്യാ ”
“കാരണം? ”
“വല്യ കുട്ടി ആയാലേ … പെൺകുട്ട്യോളോട് മിണ്ടാൻ പാടില്ല്യാത്രേ. അങ്ങനെ മിണ്ടിയാലേ പെങ്കുട്ട്യോൾക്ക് ആൺകുട്ട്യോളെ ഒരു വിലയും ഇണ്ടാവില്യാത്രേ ”
“ഓഹോ
ഇതിപ്പോ ആരാ ഓതി തന്നെ ഈ തലയിൽ? ”
“കിച്ചന്റെ അമ്മ പറഞ്ഞു, ഇനി പെൺകുട്ട്യോളോട് കൂട്ട് വേണ്ടാന്ന്
വല്യമ്മാമയും പറഞ്ഞിരിക്കുണു ”
“മ്മ്മ് ”
“അതുകൊണ്ട് അമ്മു ഇനി ന്നോട് കൂട്ട് കൂടാൻ ഒന്നും വരണ്ടാട്ടോ ”
“മ്മ് ശെരി.
ഞാൻ ഇനി നിന്നോട് മിണ്ടാൻ വരുന്നില്ല്യ. അങ്ങനെ കൂട്ട് കൂടാൻ വാറണ്ടിരിക്കണംച്ചാൽ നീ കെട്ടിയ ഈ താലി നീ തന്നെ അഴിച്ചെടുക്കു. ങ്കിൽ ഞാൻ കൂട്ട് കൂടാൻ വരില്യ. എന്തേ? ”
“അയ്യോ.. ”
“മ്മ്? എന്തേയ്?
എന്തേ നീ അയ്യോ പറഞ്ഞെ? ”
“ഒന്നുല്യാ ”
“പിന്നെന്തേ അയ്യോ പറഞ്ഞെ? ”
“ന്തിനേ ഇപ്പൊ അത് അഴിക്കുന്നേ? ”
“ഹാ നീ ഇനി ന്നോട് കൂട്ട് കൂടില്ല്യല്ലോ
ഞാൻ നിന്നോട് കൂട്ട് കൂടേണ്ടന്നും നീ കുറച്ചു മുന്നേ ന്നോട് പാടി. അപ്പൊ പിന്നെ ഞാൻ എന്തിനേ ഇതിങ്ങനെ അലങ്കാരമായി കൊണ്ട് നടക്കണം? നീ തന്നെ അഴിച്ചെടുക്കാ അപ്പൊ ഞാൻ നിന്നോട് മിണ്ടാൻ വരില്യ. എന്തേയ്? ”
“വേണ്ട ”
“ന്ത് വേണ്ടാന്ന്? ”
“അത് അഴിക്കണ്ട ”
“ന്ത്കൊണ്ട്? ”
“അഴിക്കണ്ട അമ്മു ”
“അതാ ചോദിച്ചെ ന്തുകൊണ്ടെന്നു? ”
“കിച്ചന് പറ്റില്യ
കിച്ചന് പറ്റില്യ അത് അഴിച്ചെടുക്കാൻ ”
“കാരണം? ”
“നിക്ക് സങ്കടാ ”
“അവരും ഇവരും പറയുന്ന കേട്ടു, മേലിൽ ന്നോട് ഇതുപോലെ വേഷംകെട്ടും പറഞ്ഞു വന്നാലുണ്ടല്ലോ ന്റെ കയ്യിൽ നിന്ന് വാങ്ങും നീയ്.
നിനക്ക് മറ്റുള്ളവർ പറയുന്ന കാര്യങ്ങളാ വേദ വാക്യം. നിനക്ക് സ്വന്തമായി ചിന്താ ശേഷി ഇല്ല്യേ?
അവിടെ ഇരുന്നോളൂട്ടോ ആരേലും പറഞ്ഞു തരുന്ന കാര്യങ്ങൾ കേട്ടും ചിന്തിച്ചും. ഞാൻ പോവാ ”
“അമ്മു പോവല്ലേ
പോവല്ലേ അമ്മു, കിച്ചൻ മിണ്ടാം. ”
“നീ മിണ്ടണ്ട ”
“അങ്ങനെ പറയല്ലേ അമ്മു, അമ്മ പറഞ്ഞിട്ടല്ലേ? വല്യമ്മാമ പറഞ്ഞിട്ടല്ലേ? ”
“നാളെ അവരൊക്കെ പറയും ന്നെ മറ്റൊരാൾക്ക്‌ വേളി ചെയ്തു കൊടുക്കാൻ. നീ അത് ചെയ്യോ?
ചെയ്യൊന്നു? ”
“ഇല്ല്യ ”
“അങ്ങട് മാറാ, ഞാൻ പോട്ടെ ”
“വേണ്ട
അമ്മു പോകല്ലേ,
കിച്ചൻ ഇനി അങ്ങനൊന്നും പാറയില്ല്യ. സത്യം
കിച്ചനോട് പിണങ്ങല്ലേ അമ്മു ”
“മ്മ് ”
“അമ്മു… ”
“മ്മ്മ് ”
“കിച്ചനോട് പിണങ്ങിന്നു വെച്ചു, ഈ താലി അഴിക്കരുത്ട്ടോ. കിച്ചന് സങ്കടാ ”
“മ്മ് അഴിക്കില്യ ”
“കിച്ചൻ പറഞ്ഞുച്ചാൽ കൂടി അഴിക്കരുത്ട്ടോ ”
“ഇല്ല്യ
കിച്ചൻ പറഞ്ഞുച്ചാൽ എന്നല്ല ഭഗവാൻ പറഞ്ഞാൽ കൂടി അഴിക്കില്ല്യ ഈ അമ്മു.
അത് പോരെ? ”
“ഹാ അത് മതി ”
അമ്മുന്റെ വാക്കുകൾ കിച്ചന് സന്തോഷമായി. അവൻ അവളുടെ അടുത്തേക്ക് അല്പം കൂടെ ചേർന്നു നിന്നു.
“അമ്മു… ”
“മ്മ്മ്മ് ”
“കിച്ചനേ…. ”
“മ്മ്… കിച്ചന്….? ”
“കിച്ചന് ഉമ്മ വേണം ”
“അതെയോ? ”
“മ്മ്മ് ”
“അല്ലാ, ഇന്നലെ കിച്ചൻ പറഞ്ഞത് പോലെ ആരേലും കണ്ടാലോ ഞാൻ ഉമ്മ വെക്കുന്നത് ”
“ആരും കാണില്ല്യ ”
“ഓഹോ നിനക്ക് അങ്ങട് കിട്ടാൻ ഉള്ളതാണുച്ചാൽ ആരും കാണില്ല്യ. ഇക്ക് ഇങ്ങട് ഒരു ഉമ്മ ചോദിച്ചാൽ കരക്കാർ മുഴുവൻ കാണും ല്ല്യേ? കൊള്ളാല്ലോ നീയ് ”
“ഹ ഹ ഹ”
“ചിരിക്യാ നീയ്?
ഇങ്ങട് വായോ, എവിടാ ഉമ്മ വേണ്ടേ ന്റെ കിച്ചന്? ”
“എവിടാ തരാ? ”
അവൻ ചൂണ്ടു വിരൽ കൊണ്ട് ഓരോ ഇടം തൊട്ടു കാട്ടി മുഖം മുഴുവൻ. അവിടൊക്കെയും അവൾ ഉമ്മ കൊണ്ട് മൂടി. ഉമ്മയുടെ അളവ് കൂടുംതോറും അവൻ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു.
“അമ്മു… ”
“എന്തോ…”
“ഇപ്പൊ കിച്ചൻ ഒരു ഉമ്മ വെച്ചോട്ടെ? ”
“ആഹാ ഇതെന്തേ ഇപ്പൊ ഇങ്ങനെ
പതിവില്ലാത്ത ചോദ്യം”
“വെച്ചോട്ടെ? ”
“തായോ ”
“ഉമ്മ
ന്റെ അമ്മുന്റെ നെറ്റിക്ക് ”
എന്ന് പറഞ്ഞ് അവൻ അവളുടെ നെറ്റിയിൽ അമർത്തി ഉമ്മ വെച്ചു.
അപ്പോഴാ ഉമ്മറത്ത് നിന്നു വല്യമ്മാമേടെ വിളി,
“കിച്ചാ…. ”
“യ്യോ വല്യമ്മാമ ”
എന്ന് പറഞ്ഞ് അവൻ അവളിൽ നിന്നു അകന്നു മാറി, വേഗം തന്നെ ഉമ്മറത്തേക്ക് ചെന്നു. അവിടെ ചാരുകസേരയിൽ വിശറിയുമായി വീശി വീശി നീണ്ടു നിവർന്നു ഇരിക്കുവാ അദ്ദേഹം.
“കിച്ചനെ വിളിച്ചുവോ വല്യമ്മാമേ ”
“ഉവ്വ് ”
“നാം ഒരു കച്ചേരി ഏറ്റിരുന്നെ. അന്നേക്ക് മറ്റൊരിടം പോകേണ്ടത് കൊണ്ട് നീയ് ചെയ്യണം ”
“ഉവ്വോ വല്യമ്മാമേ? ”
“മ്മ്മ് ”
“എവിടാ വല്യമ്മാമേ കച്ചേരി? ”
“അത് ഒക്കെ സമയം ആവുമ്പോ നാം പറയും. അന്നേരം അങ്ങട് പോയി ചെയ്യാ. ഇപ്പൊ കേൾക്കട്ടെ എങ്ങിനെ ഇണ്ടെന്ന്‌. ന്റെ പേര് കളയോ ന്ന് അറിയണോല്ലോ ”
“ആ
രഘു വംശ സുധാംബുദ്ധി ചന്ദ്രശ്രീ
രാമരാമരാജേശ്വര
അകമേഖമാ രുതശ്രീകരാ
അസുരേശ മൃഗേന്ദ്ര ജഗന്നാഥ
ജമദഗ്നിജ ഗർവകണ്ഠനാ
ജയ രുദ്രാദി വിസ്മിതാ വന്ദന
കമലാപ്താ നവ്യ മണ്ഡനാ
അഗണിതത്ഭുത ശൗര്യ
ശ്രീ വെങ്കടേശ “

(തുടരും )

Read complete പുനർജ്ജന്മം Malayalam novel online here

3.8/5 - (5 votes)
Exit mobile version