പുനർജ്ജന്മം ഭാഗം 18

  • by

4928 Views

പുനർജ്ജന്മം Malayalam novel

ഈറൻ മാറിയ ശേഷം അമ്മു അവന്റെ അടുത്തേക്ക് വന്നു പറഞ്ഞു,
“കിച്ചാ…
ഇങ്ങട് വായോ അമ്മു പറയട്ടെ ”
“മ്മ് ”
“വേളി കഴിച്ചുന്നു വെച്ച് ആർക്കും കുഞ്ഞാവ വരില്യ ”
“വേണ്ട !
ന്റെ അമ്മ പറഞ്ഞുല്ലോ വേളി കഴിഞ്ഞുച്ചാൽ കുഞ്ഞാവ പിറക്കുംന്നു
കിച്ചനോട് അമ്മ നുണ പാറയില്ല്യ ”
“ഓ …..
നീയും നിന്റെ ഒരു അമ്മയും. അമ്മ പറഞ്ഞതും വെച്ച് ഇരുന്നോളൂട്ടോ
ഇങ്ങനെയുമുണ്ടോ?
വിഡ്ഢിത്തങ്ങളും കൊണ്ട് നടക്കാ വഴക്കിടാനായി
നീയ് പോയേ, ഇക്ക് നേരല്ല്യ നിന്നോട് വഴക്കിടാൻ ”
“ടി….. ”
” മ്മ്മ് ? ന്താ? ”
“നീയ് ന്താ ഇപ്പൊ പറഞ്ഞേ? ”
“ന്ത്? ”
“കിച്ചന്റെ അമ്മയെ പറഞ്ഞു
പിന്നെ കിച്ചനെ നീയ് ന്നും വിളിച്ചു ”
“അതെയോ?
കണക്കായി പോയി ”
“കിച്ചന്റെ അമ്മയെ പറയണ്ട. കിച്ചന് ഇഷ്ടല്ല.
ന്റെ അമ്മേ പറഞ്ഞാലുണ്ടല്ലോ നിക്ക് ദേഷ്യം വരും ”
“അതെയോ?
ഒന്ന് പോടാ ചെക്കാ ”
“കിച്ചൻ പോവാ
ഇനി അമ്മുന്റെ കൂട്ടില്യ ”
“ആ പൊയ്ക്കോളൂ ”
“കിച്ചൻ പോവാ….. ന്ന് ”
“അലറണ്ടാ
ഇക്ക് ചെവി കേൾക്കാം ഇപ്പൊ
പിണങ്ങി പോണോർക്ക് അങ്ങട് പൊയ്ക്കൂടേ? എന്തിനേ ഇങ്ങനെ അലറുന്നെ? ”
കിച്ചന് ദേഷ്യവും സങ്കടവും സഹിക്കാനാവാണ്ട് അമ്മുനെ തന്നെ തുറിച്ചു നോക്കി നിന്നു അല്പനേരം
“ന്തേയ്‌ പോണില്ല്യേ? ”
“ഹ്മ്മ് ”
അവൻ ദേഷ്യത്തോടെ അവളുടെ മുറിയിൽ നിന്നു പുറത്തേക്കു പോയി. കിച്ചന്റെ ഭാവ വെത്യാസം കണ്ട് സാവിത്രി ചോദിച്ചു,
“വീണ്ടും പിണങ്ങിയോ രണ്ടാളും? ഇപ്പൊ എന്തേയ് ഇണ്ടായേ? ”
“ഒന്നുല്ല്യ ”
“ഒന്നുല്യാണ്ടാണോ ഈ മുഖം ഇങ്ങനെ ചോറ് പത്രം കമഴ്ത്തി വെച്ച പോലെ?
എന്തേയ്?
അച്ഛ ശകാരിച്ചുവോ കിച്ചനെ? അതോ തല്ലിയോ? ”
“ഇല്ല്യാ ”
“പിന്നെന്തേ ന്റെ കുട്ടീടെ മുഖം ഇങ്ങനെ കടന്നൽ കൊത്തിയ പോലെ?
അമ്മു വഴക്കിട്ടുവോ? ”
“സാവിത്രി കുട്ടി…. ”
“എന്തോ….. ”
“അമ്മുനോട് കിച്ചൻ ഇനി മിണ്ടില്ല്യാ
വഴക്കാ ”
“ഹ്മ്മ്
അപ്പൊ അതന്നെ കാര്യം
ആട്ടെ ന്തിനേ അമ്മുനോട് പിണങ്ങിയെ? ”
“അമ്മു കിച്ചന്റെ അമ്മേ പറഞ്ഞു
പിന്നെ
കിച്ചനെ നീയ് ന്നും വിളിച്ചു. ന്നിട്ടേ ന്നോട് പോടാ ചെക്കാ ന്നും പറഞ്ഞു ”
“എന്തിനേ? ”
“ഒരു കാര്യോം ഇല്ല്യാണ്ടാ സാവിത്രി കുട്ട്യേ ”
“ഉവ്വോ? ”
“ആ…
സാവിത്രി കുട്ടി അമ്മുനോട് ചോദിക്യോ ഇപ്പൊ തന്നെ? ”
“ചോദിക്കാം ട്ടോ
അമ്മു ന്തിനേ അമ്മായിയെ പറഞ്ഞുന്നു, ”
“ആ
പിന്നെ മറ്റേ കാര്യം കൂടെ ചോദിക്യ
കിച്ചനെ നീയ് ന്നു വിളിച്ചതും, പോടാ വിളിച്ചതും ഒക്കെ ചോദിക്കണംട്ടോ ”
“ഓ…. അതൊക്കെ ചോദിക്കാല്ലോ ”
“ഇപ്പൊ തന്നെ ചോദിക്കണം ”
“ഇപ്പൊ തന്നെ ചോദിക്കാംട്ടോ
സാവിത്രിക്കുട്ടി ഈ തുണി ഒന്ന് അയയിൽ ഇട്ടോട്ടെ ”
“ആ ”
പതിവ് പോലെ അമ്മുനോട് ചോദിക്കാൻ സാവിത്രിയേയും കൂട്ടി കിച്ചൻ അമ്മുന്റെ മുറിയിലേക്ക് പോയി
“അമ്മുട്ട്യേ….
നീയ് ന്തിനേ കിച്ചനോട് വഴക്കിട്ടെ? നീയ് അമ്മായിയെ കുറ്റപ്പെടുത്തി സംസാരിച്ചുവോ? ”
“മറ്റേ കാര്യം കൂടെ ചോദിക്കു സാവിത്രി കുട്ട്യേ ”
“ആ ചോദിക്കാം,
അമ്മുവേ…
കിച്ചനെ നീയ് ന്ന് സംബോധന ചെയ്തുവോ? പോടാ എന്ന് വിളിച്ചുവോ? ”
“ഓപ്പോൾ ഇതിൽ ഇടപെടേണ്ട
ഇവനേ… ബുദ്ധി കൂടിയതിന്റെ കുഴപ്പാ ”
“ന്തിനേ ന്റെ കുട്ട്യേ അവനെ പിണക്കുന്നേ?
കുട്ടി അല്ലേ അവൻ? ”
“എല്ലാപേരും കൂടെ കുട്ടി ആക്കി വെച്ചോളൂ അവനെ. അധികം താമസിയാണ്ട് കുട്ടി ആയിക്കോളും കുട്ടിക്ക് ”
“ന്താ അമ്മു? ”
“എയ് ഒന്നുല്ല്യ ഓപ്പോളേ
കിച്ചനേ… കുട്ടി ആണെന്ന് പറഞ്ഞതാ ”
“ആ ”
സാവിത്രി രണ്ടുപേരോടുമായി പറഞ്ഞു,
“അതേയ് രണ്ടാളും വഴക്കിടരുത്ട്ടോ. അതുപോലെ തന്നെ കിച്ചനെ നീ ന്ന് വിളിക്കരുത്ട്ടോ അമ്മുവേ ”
ഇത്രയും പറഞ്ഞ ശേഷം സാവിത്രി മുറിയിൽ നിന്നു പുറത്ത് പോയി. കിച്ചനാട്ടെ വിജയിച്ച ഭാവത്തോടെ അമ്മുനെ അൽപനേരം തല ഉയർത്തി നോക്കി നിന്നു
“മ്മ്?
എന്തേ ബുദ്ധിമാൻ ഇങ്ങനെ തുറിച്ചു നോക്കുന്നെ? ”
“സാവിത്രി കുട്ടി പറഞ്ഞുച്ചാലും കിച്ചൻ ഇനി കൂടില്യ നിന്നോട്
അഹങ്കാരി ”
“നീയ് കൂടണ്ടാട്ടോ
ആ പിന്നേ, ന്താച്ചാലും നീ ഇനി ന്നോട് കൂടില്യ.
അപ്പൊ സന്ധ്യക്ക്‌ കാവിൽ വരണം. ഒക്കെ നമുക്ക് അവിടെ വെച്ച് അവസാനിപ്പിക്കാം
ന്തേയ്‌? ”
“കിച്ചൻ വരില്ല്യ ”
“നീ വരും ”
“കിച്ചനെ നീ ന്ന് വിളിക്കണ്ട. നിക്ക് ഇഷ്ടല്ല അങ്ങനെ വിളിക്കുന്നത്‌ ”
“ഉവ്വോ?
അപ്പോഴേ… ബുദ്ധിമാൻ കാവിൽ വരൂട്ടോ
ശേഷം അവിടെ ”
“ഇല്ല്യാ ”
“നീയ് വരും.
ഇല്യാച്ചാൽ അറിയാല്ലോ ഈ അമ്മുനെ നിനക്ക്, ഇത് നീയ് കെട്ടിയതാണെന്നു എല്ലാപേരും അറിയും. അച്ഛ അറിയും. പിന്നേ ന്താ ഇണ്ടാവാന്ന് അറിയാല്ലോ ”
“കിച്ചൻ വരാം ”
“ആ
നല്ല കുട്ടി ”
സന്ധ്യക്ക്‌ വിളക്ക് വെക്കാനായി അമ്മു കാവിലേക്കു പോയി. വിളക്ക് വെച്ച ശേഷം അവൾ അവനെയും പ്രതീക്ഷിച്ചു അവിടെ ആൽചുവട്ടിൽ ഇരുന്നു. അന്നും മഴ ചാറുന്നുണ്ടായിരുന്നു. കുറച്ചു സമയം കഴിഞ്ഞു കിച്ചൻ ദൂരേ നിന്നു നടന്നു വരുന്നത് കണ്ടപ്പോഴാണ് അവൾക്കു സന്തോഷമായതു. അവൻ നടന്നു അവളുടെ അടുത്തെത്തിയതും അവൾ ചുറ്റിയിരുന്ന നേര്യതിന്റെ അറ്റം പിടിച്ച് അവന്റെ തല തുവർത്തൻ തുടങ്ങിയതും അവൻ പറഞ്ഞു,
“വേണ്ട ”
“ഹ്മ്മ്
വേണ്ടേൽ വേണ്ട. അവിടെ നിന്നോളൂ ദുർവാശിയും കൊണ്ട് ”
“കിച്ചനെ ന്തിനേ വരാൻ പറഞ്ഞേ? ”
“നിന്നെ കാണുവാനും, പിന്നേ നിന്റെ വിഡ്ഢിത്തങ്ങൾ എഴുന്നള്ളിപ്പ് കേൾക്കുവാനും.
എന്തേയ്? ”
“നിക്ക് പോണം ”
“എങ്ങട്?
ഇപ്പൊ എങ്ങടും പോണില്ല്യ നീയ്
എന്തേ നിനക്ക്? ഓരോ വിഡ്ഢിത്തങ്ങളും എഴുന്നള്ളിച്ചു നടക്കാ അവൻ ”
“കിച്ചൻ കൂട്ടില്ല്യ അമ്മുനോട് ”
“അതെയോ?
ശെരി ആയ്ക്കോട്ടെ.
നീ ന്നോട് കൂട്ടില്ല്യല്ലോ?
കഴിഞ്ഞ ദിവസം ഞാൻ തന്നതൊക്കെ ഇക്ക് തിരിച്ചു കിട്ടണം ഇപ്പൊ. ന്നോട് മിണ്ടാത്ത ഒരാൾക്ക് ഞാൻ ന്തിനേ ന്റെ സാധനം ഒക്കെ സൂക്ഷിക്കാൻ കൊടുക്കണം? അതുകൊണ്ട് ഇക്ക് ന്റേതെല്ലാം തിരിച്ചു കിട്ടണം ”
“കിച്ചന് ഒന്നും തന്നിട്ടില്ല്യാ നീ.
ന്റെ കയ്യിൽ ഒന്നുല്ല്യാ ”
“ദേ നുണ പറഞ്ഞാലുണ്ടല്ലോ, ഈ രണ്ടു പൂച്ചക്കണ്ണും ഞാൻ കുത്തി പൊട്ടിക്കും.
മനസ്സിലായോ നിനക്ക്?
കഴിഞ്ഞ ദിവസം ഞാൻ മൂന്നു ഉമ്മ തന്നിരുന്നു. അതിനു മുൻപ് തന്നതൊക്കെ പോട്ടെന്നു വെക്കാം. നഷ്ടം ഇക്ക് തന്ന്യാ. ന്നാലും സാരല്ല്യ. കഴിഞ്ഞ ദിവസം ഞാൻ തന്ന മൂന്നു ഉമ്മയും ഇക്കും ഇപ്പൊ തിരിച്ചു വേണം ”
“ഉമ്മ
ഉമ്മ
ഉമ്മ
ഇന്നാ നിന്റെ മൂന്നു ഉമ്മയും. നിക്ക് വേണ്ട ”
“ആയ്ക്കോട്ടെ
അപ്പൊ ഇക്ക് തന്നതും ഞാൻ സൂക്ഷിക്കേണ്ട കാര്യം ഇല്ല്യല്ലോ. ഇക്ക് എങ്ങും വേണ്ട നിന്റെ ഉമ്മ. ഇങ്ങട് വായോ ഇത് കൂടെ കൊണ്ട് പൊയ്ക്കോളൂ ”
അവൾ അവനെ ചേർത്ത് പിടിച്ച് അവന്റെ കഴുത്തിൽ ചുണ്ടമർത്തി. ആദ്യത്തെ ഉമ്മയിൽ തന്നെ അവൻ പോലും അറിയാതെ അവന്റെ നാവ് വിളിച്ചു,
“അമ്മു…. ”
“എന്തേയ്? ”
“ഒന്നുല്ല്യ ”
“പിന്നെന്തിനേ വിളിച്ചേ? ”
“ഒന്നുല്ല്യ ”
“പറയ്‌ കിച്ചാ
ന്തിനേ വിളിച്ചേ? ”
“അറിയില്ല്യ ”
“കിച്ചാ…. ”
“മ്മ്മ് ”
“ഇക്ക് പറ്റില്യാ ഇങ്ങനെ പിണങ്ങി ഇരിക്കാൻ “

“ഇക്ക് പറ്റില്യാ കിച്ചാ..
ഇങ്ങനെ പിണങ്ങി ഇരിക്കാൻ ”
“കിച്ചനും ഒത്തിരി ഇഷ്ടാ അമ്മുനെ.
പക്ഷേ… ”
“മ്മ്മ്? എന്തേയ്
ഒരു പക്ഷേ? ”
“അമ്മ പറഞ്ഞുല്ലോ, വേളി കഴിഞ്ഞുച്ചാൽ കുഞ്ഞാവ വരുംന്ന് ”
“തുടങ്ങി വീണ്ടും
ഇനി ഇക്ക് ദേഷ്യം വരുംട്ടോ കിച്ചാ
ത്ര പറഞ്ഞാലും തലയിൽ കയറില്ല്യാച്ചാൽ ന്താ ചെയ്യാ? ”
“കിച്ചനെ വഴക്ക് പറയല്ലേ അമ്മു
നിക്ക് സങ്കടാവും അമ്മു വഴക്ക് പറഞ്ഞാൽ ”
“അതെയോ?
ഇല്യാട്ടോ അമ്മു വഴക്ക് പാറയില്ല്യ ”
“ആ…
അമ്മു… ”
“എന്തോ,.. ”
“എയ് ഒന്നുല്ല്യ ”
“പറയ്‌…
എന്തേയ്? ”
“ഒന്നുല്ല്യ അമ്മു ”
“പിന്നേ ന്തിനേ വിളിച്ചേ?
ഉമ്മ വേണോ? ”
“മ്മ്മ് ”
“അത് അങ്ങട് ചോദിച്ചാൽ പോരേ? ന്റെ കിച്ചന് അല്ലാണ്ട് വേറെ ആർക്കാ അമ്മു ഉമ്മ കൊടുക്കാ?
ഈ അമ്മുന്റെ ഉമ്മ മാത്രല്ല, അമ്മുന്റെ എല്ലാം കിച്ചനുള്ളതാ ”
“എല്ലാം ന്ന് പറഞ്ഞാൽ….? ”
“എല്ലാം ന്ന് പറഞ്ഞാൽ എല്ലാം
അതൊരു താളത്തിനു അങ്ങട് പറഞ്ഞൂന്നേയുള്ളു. ഇനി അതിൽ പിടിച്ച് തൂങ്ങണ്ട ”
“അതെയോ? ”
“അതേല്ലോ ന്റെ നമ്പൂരിയേ
അതേ… നന്നേ ഇരുട്ടി. കോലോത്തു അന്വഷിക്കിണ്ടാവും, നമുക്ക് പോകണ്ടേ? ”
“മ്മ് പോകാം
അമ്മു…. ”
“എന്തോ..”
“നാളെ ശിവരാത്രിയാ
അമ്മു ഉറക്കളക്കിണ്ടോ? ”
“മ്മ് ”
“നാളെ കിച്ചനോടേ… ശിവന്റെ അമ്പലത്തിൽ ചെല്ലാൻ പറഞ്ഞിരിക്കുണു. അവിടുത്തെ കീഴ് ശാന്തി നമ്മുടെ സുഹൃത്താണെ
തരപ്പെട്ടുച്ചാൽ ഒന്ന് അത്രടം പോണം ”
“മ്മ് പോയി വായോ ”
സംസാരിച്ചു കൊണ്ട് നടന്ന കാരണം അവർ തറവാട്ടിൽ എത്തിയതേ അറിഞ്ഞില്ല. മുറ്റത്തു എത്തിയതും അവൾ അവന്റെ കൈ വിടുവിച്ചു. അവൾ വേഗം നടന്നു അകത്തേക്ക് കയറിയപ്പോഴാണ് അവൻ പിന്നിൽ നിന്നു വിളിച്ചത്.
“അമ്മു… ”
അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി ചോദിച്ചു
“എന്തേയ് കിച്ചാ ”
“എവിടെ ആ താലി? ”
അവൾ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു,
“എന്തേയ് ഇപ്പൊ അത് ഓർക്കാൻ? ”
“വെറുതെ
വെറുതെ ചോദിച്ചതാ
അത് കണ്ടില്ല്യ അതുകൊണ്ട് ചോദിച്ചതാ ”
“മ്മ്മ്
അത് എവിടെയും മാറ്റിയിട്ടില്യാട്ടോ. ദേ ഇവിടെ ന്റെ നെഞ്ചിൽ ഈ ഹൃദയത്തോട് പറ്റി ചേർന്നു തന്നെ കിടപ്പുണ്ട്. അത് ഇവിടുന്നു മാറ്റണോച്ചാൽ ഈ അമ്മുന്റെ ശ്വാസം നിലയ്ക്കണം.
ഇനി അമ്മു പൊയ്ക്കോട്ടേ? ”
“ആ ”
അവൾ അകത്തേക്ക് പോയി. അമ്മുനെ കണ്ടതും സാവിത്രി ചോദിച്ചു,
“കാവിൽ വിളക്ക് വെക്കാനെന്നും പറഞ്ഞു പോയിട്ട് എത്ര നേരായി ന്റെ കുട്ട്യേ? എവിടാർന്നു നീയ് ഇത്ര നേരം? ”
“വിളക്ക് വെച്ച് തൊഴുതു മടങ്ങിയപ്പോഴേക്കും ഇച്ചിരി വൈകി പോയി ഓപ്പോളേ ”
“അപ്പടി ഇഴ ജന്തുക്കളാണേ…
കാവിലുള്ളത് മാത്രല്ലേ പുറത്തുള്ളതും ഇണ്ടാവും. ഇരുട്ട് വീഴും മുൻപ് വിളക്ക് വെച്ച് വന്നൂടെ ന്റെ കുട്ട്യേ. പ്രാർത്ഥനയും നാമജപവും ഒക്കെ ഇവിടെ ഇരുന്നും ആവാല്ലോ ”
“ഉവ്വ് ഓപ്പോളേ
നാളെ മുതൽ നേരത്തേ വിളക്ക് വെക്കാം ”
“ആ
അല്ലാ നേരം ഇത്ര ആയിട്ടും കിച്ചനെ കണ്ടില്ല്യല്ലോ
നീയ് കണ്ടുവോ അമ്മുവേ? ”
“ഇല്ല്യാ ഓപ്പോളേ.
ഞാൻ കണ്ടില്ല്യ അവനെ ”
അവൾ പെട്ടെന്ന് പറഞ്ഞൊപ്പിച്ചു സ്വന്തം മുറിയിലേക്ക് കയറി. അപ്പോൾ തന്നെ കിച്ചൻ പടികൾ കയറി വരുന്നത് സാവിത്രി കണ്ടു
“ഹാ എത്തിയോ?
എവിടാർന്നു നീയ് ഇതുവരെ? ”
“കിച്ചൻ കാവിലുണ്ടാർന്നുല്ലോ സാവിത്രി കുട്ട്യേ ”
“കാവിലോ? ”
“ആ ”
“ന്നിട്ട് അമ്മുനെ കണ്ടില്ല്യേ കിച്ചൻ? ”
“ഉവ്വ് കണ്ടു
കിച്ചനും അമ്മുഉം കൂടെ അല്ലേ കാവിൽ നിന്നു ഇങ്ങട് വന്നെ. കുറേനേരം കിച്ചനോട് മിണ്ടിയിട്ടല്ലേ അമ്മു ഇങ്ങട് വന്നെ ”
“അതെയോ? ”
“ആ ”
“ന്നിട്ടേന്തേ ആ കുട്ടി അങ്ങനെ പറഞ്ഞേ?
കിച്ചനെ കണ്ടിട്ടേ ഇല്ല്യാന്നു ”
“അമ്മു അങ്ങനെ ആണോ സാവിത്രി കുട്ട്യേ പറഞ്ഞേ? ”
“ഉവ്വ് ”
“അമ്മു അങ്ങനെ പറഞ്ഞുച്ചാൽ ചിലപ്പോൾ അതാവും ശെരി. കിച്ചനെ കണ്ടിട്ടുണ്ടാവില്യ ”
“അപ്പോ നീയ് പറഞ്ഞതോ
നിങ്ങൾ സംസാരിച്ചു,
ഒരുമിച്ചാ ഇങ്ങട് വന്നേ എന്നൊക്കെ ”
“അതേ…..
പക്ഷെ അമ്മു ഇങ്ങനെ അല്ലേ പറഞ്ഞേ
അപ്പോ അതാ നേര് ”
“ഹ്മ്മ്
രണ്ടാളും കൂടെ പറ്റിക്യാ ന്നെ ല്ല്യേ?
പോയി ശുദ്ധി ആയി വന്നോളൂ. അത്താഴം എടുത്തു വെയ്ക്കാം അമ്മായി അന്വഷിച്ചു. വേഗം പോന്നോള്ട്ടോ ”
“ആ ”
കുളി കഴിഞ്ഞു ഊട്ടുപുരയിലേക്കു പോയി അത്താഴം ഉണ്ട ശേഷം അവൻ മുറിയിലേക്ക് പോയി പതിവ് പോലെ എഴുതി തുടങ്ങി
“എന്നെന്നുമെന്നെ പിരിയാതെ നീ
പിരിയാതെ നീ സ്വന്തമേ
കണ്ണോരമെന്നും മറയാതെ നീ
മറയാതെ നീ വർണ്ണമേ
നീ നനയ്ക്കും തോപ്പിൽ ഞാനാ
മോഹമുള്ള പൂവായിടാം
ജീവനിൽ ഞാൻ കോരാമിളം
ആമ്പലിലെ സ്നേഹാമൃതം
നിത്യമായി മുന്നിൽ ചേരാം
മണ്ണിൽ ഞാൻ കണ്ണേ ”
എഴുതി കഴിഞ്ഞു പുസ്തകം മടക്കി വെച്ച ശേഷം കിച്ചൻ കിടക്കയിലേക്ക് പോയി കിടന്നു. പിറ്റേന്ന് രാവിലെ എഴുന്നേറ്റു കുളി കഴിഞ്ഞു അമ്പലത്തിൽ പോയി നട തുറന്ന് പൂജാ കാര്യങ്ങൾ ഒക്കെ ചെയ്തു. ഉച്ച പൂജ കഴിഞ്ഞു നട അടച്ച ശേഷം അവൻ ശിവന്റെ അമ്പലത്തിലേക്ക് പോയി. ശിവരാത്രിയോട് അനുബന്ധിച്ചു അവിടെ കിച്ചന്റെ കച്ചേരി ഉണ്ട്. മണ്ഡപത്തിൽ കയറി ഇരുന്നു അവൻ പാടാൻ തുടങ്ങി,
“ഭോ ശംഭോ ശിവ ശംഭോ സ്വയംഭോ
ഗംഗാധര ശങ്കര കരുണാകരാ
മാമവ ഭവ സാഗര താരക
നിർഗുണ പരബ്രഹ്മ സ്വരൂപാ
ഗമ ഗമ ഭൂതാ പ്രപഞ്ച രഹിതാ
നിജഗുണ നിഹിത നിതാന്ത അനന്ത
ആനന്ദ അതിശയ അക്ഷയലിംഗാ
മതന്ഗ മുനിവര വന്ദിത ഈശാ
സർവ്വ ദിഗംബരവേഷ്ടിതവേശാ
നിത്യ നിരഞ്ജന നൃത്യ നടേശാ
ഈശാ സബേശ സർവേശാ ”
പാടി കഴിഞ്ഞാപ്പോൾ അന്നത്തെ അന്നദാനത്തിൽ പങ്കെടുക്കണമെന്ന് അമ്പലത്തിലെ പാരാവാഹികളുടെ ആഗ്രഹ പ്രകാരം കിച്ചനും അവരുടെ ഒപ്പം കൂടി.
ഭക്ഷണം വിളമ്പാനും അവൻ കൂടി. അമ്പലത്തിലെ അന്നദാനം ആയതു കൊണ്ട് എല്ലാ ജാതിയിൽ പെട്ടന്ന് ആൾക്കാരും ഇണ്ടാർന്നു ഭക്ഷണം കഴിക്കാൻ. അവിടെ ഭക്ഷണം വിളമ്പികൊണ്ട് നിൽക്കുമ്പോഴാണ് കിച്ചൻ അത് കണ്ടത്
ദൂരേ നിന്നും വല്യമ്മാമ തന്നെ വീക്ഷിക്കുന്നു. ഒപ്പം അദേഹത്തിന്റെ സുഹൃത്തുക്കളിൽ ചിലരും ഉണ്ട്.അവൻ അറിയാണ്ട് പറഞ്ഞു പോയി..
“യ്യോ വല്യമ്മാമ !”

(തുടരും )

Read complete പുനർജ്ജന്മം Malayalam novel online here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply