താഴമ്പൂ പൂക്കുന്ന
താഴ്‌വരയിൽ
മാസ്മര ഗന്ധം പടർത്തി
മന്ദസമീരരനണയവേ
എൻ കിനാവിനു കൂട്ടായ് സ്വർഗ്ഗീയസന്ധ്യയും
വന്നണഞ്ഞു.
രോഹിതവർണ്ണപ്പകി-
ട്ടാർന്നോരാ കതിരോനും ചക്രവാളസീമയിലായ്
സന്ധ്യാ വന്ദനം ചൊല്ലി
പിരിയും ശ്രാവണകാലം.
കനക കിരീടം ചൂടിയെത്തുന്ന സായന്തനങ്ങൾക്കെന്തു
സുഗന്ധം.
തിരുനെറ്റിയിൽ
ചാരുകാന്തം ചാർത്തി,
എള്ളെണ്ണ മണം നിറയും മുറ്റത്തെ തുളസിത്തറയൊന്നിൽ
മൺചിരാതുകൾ തിരിതെളിച്ചു.
ഭക്തി നിറയ്ക്കുമാ കർപ്പൂരഗന്ധവും മന്ത്രധ്വനികളും മമ ഹൃത്തിൽ മധുവൂറും കനവുകളായ്.
കാശ്മീരച്ചാർത്തണിഞ്ഞൊരീ
സന്ധ്യാ ഹൃദയത്തിലായ്
കൂടണയാൻ വെമ്പുന്നു
ക്രൗഞ്ച പക്ഷികൾ.
അഹസ്സിന്റെ അധിപനാം
ദിനകരദേവനും
ചുവന്നു തുടുത്തൊരാ
ചക്രവാളസീമയിലമരാൻ
നിർവൃതി പൂകി നിൽക്കെ
നിന്നാത്മനൊമ്പരം
ഞാനറിയുന്നു സന്ധ്യേ…
സാനന്ദത്തോടെ യാത്രാമംഗളമോതുക
നിൻ മൂകമാം ഭാഷയിൽ.
നിറക്കൂട്ടുകൾ ചാലിച്ചു ഭൂഗോളമാകെ നിത്യം
ചന്ദനം ചാർത്തുന്ന
വർണ്ണമോഹന സന്ധ്യേ…
നിൻ മിഴിക്കോണിലെന്തേ
ഭീതി തൻ നിഴൽപ്പാടുകൾ പടരുന്നു.
ആതപത്തിൻ തർഷവും
വാസരത്തിൻ ഗദ്ഗദവും
നിന്നിലലിഞ്ഞു ചേർന്നുവോ…
മൗനം നിറയും നിൻ
മിഴിമൊട്ടുകളിനിയും വിടരാത്തതെന്തേ?
വാടിത്തളർന്നൊരു
ചെമ്പനീർപ്പൂവിനു ചൈതന്യം
പകരുന്ന സന്ധ്യേ.
നിൻ മുഗ്ദ്ധ സൗന്ദര്യം നുകരുവാനായ്,
ഇരവിന്റെ മഞ്ചലിലേറി-
യണയുന്നുവോ
നിശാസുരഭികൾ.
ഈറൻ മിഴികളിൽ
കദന ഭാരത്താൽ
നീലക്കടലിരമ്പുന്നുവോ…
നിന്നധരത്തിലെ പുഞ്ചിരി
പൂത്തിരി പൂക്കളെല്ലാം മാഞ്ഞുവല്ലോ..
നിൻ നിറം കെടുത്തുവാനാ-
യണഞ്ഞുവല്ലോ അരൂപിയാം
നിഴൽക്കോമരങ്ങൾ.
നിൻ സന്ധ്യാരാഗച്ചെപ്പുകൾ
കവരാൻ അങ്ങകലെയായ്
കരാള നിഴലുകൾ പതിയിരിപ്പൂ.
വിടപറയാൻ നേരമായ്..
അടങ്ങാത്ത വ്യസനവും
പേറി ഞാനിരിക്കെ…
പോയ് വരാമെന്നൊരു
വാക്കുമോതിടാതെ..
എന്നന്തരംഗവീചിയിൽ
അടരുന്നവേദന മാത്രം
നിറച്ചു നീ
ഘോര തമസ്സിൻ വീഥിയിലായ്
മറഞ്ഞതെന്തേ?
ഇരുൾ വീണ നിൻ വഴിത്താരയിൽ
ഇത്തിരി വെട്ടം തെളിക്കുവാൻ
പോലും ഞാനിന്നശക്തയല്ലോ..
ധ്വാന്തത്തിലമരും നിന്നാത്മാവിൻ തേങ്ങലുകൾ
എൻ ഹൃദന്തത്തിൽ
വിഷാദധൂളികൾ പടർത്തുന്നു.
പകലിരവുകൾക്കിടയിലെ
സന്ധ്യ പോൽ
ജനിമൃതികൾക്കു മദ്ധ്യേയീ ജീവിതയാത്രയുമെത്ര
ക്ഷണികം…
രഞ്ജി എസ്.