Site icon Aksharathalukal

ശ്രാവണം – ഭാഗം 4

Shraavanam Novel Aksharathalukal

അടുത്ത ബന്ധുക്കളെല്ലാവരും രണ്ട് ദിവസം മുന്നേ തന്നെ എത്തിച്ചേർന്നു … എല്ലാവരും ആഹ്ലാദത്തിലായിരുന്നു … പുത്തൻ വസ്ത്രങ്ങളുടെ മണവും , മൈലാഞ്ചി ഗന്ധവും എല്ലാം ചേർന്ന് വിവാഹാഘോഷങ്ങൾക്ക് തുടക്കമിട്ടു … എല്ലാറ്റിനും ചുക്കാൻ പിടിച്ച് ശിവാനി മുന്നിലുണ്ടായിരുന്നു ..

എല്ലാ മുഖങ്ങളിലെയും സന്തോഷം അവൾക്ക് മാത്രം ഇല്ലായിരുന്നു … ഉള്ളിന്റെയുള്ളിലെവിടെയോ പറയാനാകാത്ത ഒരു വിങ്ങൽ …

ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല മറ്റൊരാളുടെ ഭാര്യയായി ജീവിക്കുന്നതിനെ കുറിച്ച് … സ്വപ്നങ്ങളെല്ലാം പ്രണവിനെ ചുറ്റിപ്പറ്റിയായിരുന്നു … അവന്റെ കൂടെ കതിർമണ്ഡപത്തിലിരിക്കുന്നത് , അവന്റെ താലി കഴുത്തിലേറ്റ് വാങ്ങുന്ന നിമിഷം , സീമന്തരേഖയിൽ അവൻ ചാർത്തി തരുന്ന സിന്ദൂരം … അവന്റെ കൈപിടിച്ച് , വലം കാൽ വച്ച് കയറുന്ന ഞങ്ങളുടെ ജീവിതം … അവനൊപ്പമുള്ള ആദ്യരാത്രിയുടെ അനുഭൂതികൾ .. അവന്റെയൊപ്പമുള്ള മധുവിധു നാളുകൾ … അവന്റെ കുഞ്ഞുങ്ങൾ .. അങ്ങനെ സ്വപ്നങ്ങളെല്ലാം നെയ്തു കൂട്ടിയത് അവനിലൂടെയാണ് …

ഇപ്പോൾ അവന്റെ സ്ഥാനത്ത് എല്ലായിടത്തും മറ്റൊരാളെ സങ്കൽപ്പിക്കേണ്ടി വരുന്നു … വെറും സങ്കൽപമല്ല .. വരും ദിവസങ്ങളിൽ തന്റെ ജീവിതത്തിൽ സംഭവിക്കുന്ന യാഥാർത്ഥ്യം …. അറിയാതെ അവളുടെ ഉടൽ വിറച്ചു ….

” ചേച്ചി …. ബ്യൂട്ടീഷൻ എത്തി ….” ശിവയുടെ ശബ്ദം അവളെ ഓർമകളിൽ നിന്നുണർത്തി …

താഴെ ഹാൽദി ആഘോഷങ്ങൾക്കുള്ള ഒരുക്കം പൊടിപൊടിക്കുകയാണ് …

വീട് മുഴുവൻ ജമന്തിയും ബന്തിയും ഹാരങ്ങൾ കൊണ്ട് അലങ്കരിച്ചു … മഞ്ഞ തോരണങ്ങൾ … മഞ്ഞ കർട്ടനുകൾ ..

രണ്ട് വലിയ ട്രോളി ബാഗ് ഉന്തിക്കൊണ്ട് ബ്യൂട്ടിഷൻസ് കയറി വന്ന് …. അവൾ അവർക്കൊപ്പം റൂമിലേക്ക് ചെന്നു … ആ വാതിൽ അടഞ്ഞു …..

* * * * * * * * * * * *

പാട്ടും നൃത്തവും മധുരസൽക്കാരങ്ങളുമായി ഹാൽദി രാവ് അവസാനിച്ചു ….

ശ്രാവന്തിക്ക് എങ്ങനെയെങ്കിലും റൂമിൽ എത്തിയാൽ മതിയെന്നേ ഉണ്ടായിരുന്നുള്ളു …

ഒരു വിധം എല്ലാവരിൽ നിന്നും രക്ഷപെട്ട് റൂമിൽ എത്തി വാതിലടച്ചതും അവൾ പൊട്ടിക്കരഞ്ഞു … എത്ര നന്നായി താൻ അഭിനയിക്കാനും പഠിച്ചു …

ഹാൽദിക്ക് ജിഷ്ണുവും വന്നിരുന്നു … അവന്റെയടുത്ത് നിൽക്കുമ്പോഴും , നാളെ തന്റെ കഴുത്തിൽ താലി കെട്ടേണ്ടവനാണ് കൂടെ നിൽക്കുന്നതെന്ന യാതൊരു വികാരവും തനിക്കില്ലായിരുന്നു ….

അവൾ പ്രണവിനെ കുറിച്ചോർത്തു … അവനടുത്ത് വരുമ്പോൾ തന്നിലേക്ക് പടരുന്ന ചൂട് …. ഒരു നിമിഷം മാത്രം ദൈർഘ്യമുള്ള ഹഗ് , അത്ര മാത്രമുള്ള ചുംബനം … അതൊന്നും ഒരിക്കലും അവസാനിക്കരുതേ എന്നാഗ്രഹിച്ചു പോകും … ആ അനുഭൂതിയൊന്നും എത്ര രാത്രികൾ കഴിഞ്ഞാലും മാഞ്ഞു പോകില്ലായിരുന്നു …

വസ്ത്രങ്ങളഴിച്ചിട്ട് , അവൾ ബാത്ത് റൂമിലേക്ക് കയറി ഷവർ ഓണാക്കി അതിന്റെ ചുവട്ടിൽ നിന്നു .. പ്രണയ നഷ്ടത്തിന്റെ തീച്ചൂളയിലെരിയുന്ന തന്റെയുള്ളിലെ താപമകറ്റാൻ ഹിമാലയസാനുക്കളിലെ തണുത്തുറഞ്ഞ ജലത്തിനു പോലും കഴിയില്ലെന്നറിയാമായിരുന്നിട്ടും അവൾ അങ്ങനെ കണ്ണുകളടച്ചു നനഞ്ഞു കുതിർന്നു നിന്നു …

ഡോറിൽ ആരോ മുട്ടി വിളിക്കുന്നത് കേട്ടാണ് അവൾ കണ്ണു തുറന്നത് ….

” ചേച്ചീ ….. ഇതെന്തെടുക്കുവാ … എത്ര നേരായി കയറിയിട്ട് ……” പുറത്ത് ശിവയുടെ ഒച്ച കേട്ടു …..

അവളുടെ ശ്വാസഗതി ഉയർന്നു താഴ്ന്നു …

എത്ര സമയമായി താനിവിടെ നിൽക്കാൻ തുടങ്ങിയിട്ട് … തറയിൽ വെള്ളം തളം കെട്ടി തുടങ്ങിയിരുന്നു … അവൾ ഷവർ ഓഫ് ചെയ്തു …..

” ശിവാ ….. നീ റൂം അടച്ച് പുറത്ത് പോ … അല്ലെങ്കിൽ കബോർഡിൽ നിന്ന് ഒരു ഡ്രസ് എടുത്തുതാ …. ” അവൾ വിളിച്ചു പറഞ്ഞു …

” ഓ … ഈ ചേച്ചീ ………”

അവളെന്തൊക്കെയോ പിറുപിറുക്കുന്നത് ശ്രാവന്തി കേട്ടു …

ഒരു ഗൗണും ടവ്വലും എടുത്തു കൊടുത്തിട്ട് ശിവ താഴേക്ക് പോയി ….

മുടി ടവ്വൽ കൊണ്ട് ചുറ്റി വച്ച് , ഗൗൺ ധരിച്ച് അവൾ പുറത്ത് വന്നു …

കുറേ സമയം കണ്ണാടിയിൽ നോക്കി നിന്നു ….

മാറണം……. മറ്റെല്ലാം മറക്കണം … നാളെ മുതൽ താൻ മറ്റൊരാളുടേതാണ് … അവൾ സ്വയം പറഞ്ഞു ….

” നിന്നെ വേണ്ടാതെ , നിഷ്കരുണം തള്ളിക്കളഞ്ഞ് മറ്റൊരു വിവാഹം കഴിച്ച് ജീവിക്കുന്നവനെ നീയിനിയും എന്തിന് മനസിൽ വയ്ക്കണം ശ്രാവന്തി … ” കണ്ണാടിയിലെ പ്രതിരൂപം അവളോട് ചോദിച്ചു …

അവൾ വന്ന് ബെഡിലിരുന്നു … ജിഷ്ണുവിനെ ഉൾക്കൊള്ളാനുള്ള മനസ് ഉണ്ടാക്കിയെടുത്തേ പറ്റൂ …

നാളെ മുതൽ അവനൊപ്പം ആരംഭിക്കുന്ന ജീവിതമാണ് …. എല്ലാ അർത്ഥത്തിലും ….

അവളുടെ നെഞ്ചിടിപ്പ് ഏറി വന്നു …

എല്ലാവരുടെയും ജീവിതത്തിലെ മധുര സ്വപ്നങ്ങളുടെ വിവാഹപൂർവ്വ രാത്രി അവൾക്ക് നോവുകളുടെ സംഗമ രാത്രിയായിരുന്നു …

* * * * * * * * * * * * * *

കമനീയമായി അലങ്കരിച്ച സൗപർണ്ണിക കൺവെൻഷൻ സെൻററിലേക്ക് ആളുകളെത്തി തുടങ്ങി …

റോസപ്പൂക്കളും ലൈറ്റുകളും മറ്റ് അലങ്കാര പുഷ്പങ്ങളും കൊണ്ട് കതിർ മണ്ഡപം അലങ്കരിച്ചിരുന്നു ….

കൃത്യം ഒൻപതരയോടെ വരനും കൂട്ടരും എത്തിച്ചേർന്നു … അവരെ സ്വീകരിച്ചാനയിച്ച് മണ്ഡപത്തിലെത്തിച്ചു ..

പത്തേകാലോടെ വധുവിനെ , താലപ്പൊലിയുടെ അകമ്പടിയോടെ മണ്ഡപത്തിലേക്ക് ആനയിച്ചു … റാവിഷിംഗ് റെഡ് കളർ കാഞ്ചിപുരം പട്ട് സാരിയായിരുന്നു ശ്രാവന്തിയണിഞ്ഞിരുന്നത് …

അച്ഛന്റെയും അമ്മയുടെയും മറ്റ് മുതിർന്ന ബന്ധുക്കളുടെയും അനുഗ്രഹം വാങ്ങി കതിർമണ്ഡപത്തിലേക്ക് വലംകാൽ വയ്ക്കുമ്പോൾ അവളുടെ മുഖം ശാന്തമായിരുന്നു …

  1. 25 ഓടെ പൂജിച്ച താലി , ജിഷ്ണു ശ്രാവന്തിയുടെ കഴുത്തിലണിയിച്ചു … ഇരുവരും പരസ്പരം ഹാരമണിയിച്ചു … ജിഷ്ണുവിന്റെ വിവാഹ പുടവ അവൾ കൈനീട്ടി വാങ്ങി … ചന്ദ്രികയുടെ കണ്ണിൽ അനന്ത കണ്ണീർ പൊടിഞ്ഞു ….

പിന്നീട് ഫോട്ടോ എടുപ്പും , ജിഷ്ണുവിന്റെ സുഹൃത്തുക്കളുടെ വക ശിങ്കാരിമേളവും മറ്റുമായി വിവാഹം പൊടി പൊടിച്ചു … ശ്രാവന്തി കഴിഞ്ഞാൽ ശിവാനി തന്നെയായിരുന്നു താരം …

പന്ത്രണ്ടരയോടെ വധുവിനെ യാത്രയാക്കുന്ന ചടങ്ങ് ആരംഭിച്ചു … ചന്ദ്രിക അവളെ ചേർത്തണച്ച് നെറ്റിയിൽ ചുംബിച്ചു … അച്ഛന്റെ മുഖത്ത് നോക്കിയതും അവൾ തേങ്ങിപ്പോയി . .. പരിസരം മറന്ന് ആ കണ്ണുകളും നിറഞ്ഞു ..

കാറിൽ ജിഷ്ണുവിന്റെ അരികിലിരിക്കുമ്പോൾ , അവൾക്ക് പുതിയൊരു സുരക്ഷിതത്വം അനുഭവപ്പെട്ടു… ഒരു പക്ഷെ പ്രണവിൽ നിന്നു പോലും ഒരിക്കലും കിട്ടിയിട്ടില്ലാത്തൊരു സുരക്ഷിതത്വം ..

രണ്ട് മണിക്കൂർ യാത്രയുണ്ടായിരുന്നു ആഡിറ്റോറിയത്തിൽ നിന്ന് ജിഷ്ണുവിന്റെ വീട്ടിലേക്ക് ….

റെസിഡൻസിൽ എത്തിയപ്പോൾ , ജിഷ്ണുവിന്റെ സുഹൃത്തുക്കൾ അവർക്കായി ഒരുക്കിയ വരവേൽപ്പ് ഉണ്ടായിരുന്നു …

സുഹൃത്തുക്കൾ ആഘോഷത്തോടെ ഇരുവരെയും വീട്ടിലെത്തിച്ചു … അവിടെ കത്തിച്ച നിലവിളക്കും ,ആരതിയുമായി ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും കാത്ത് നിൽപ്പുണ്ടായിരുന്നു …

ശ്രാവന്തി നിലവിളക്ക് വാങ്ങി , വലം കാൽ വച്ച് വീട്ടിലേക്ക് കയറി .. പിന്നീട് ബന്ധുക്കളുടേയും അയൽപക്കകാരുടേയും പരിചയപ്പെടലുകളായിരുന്നു …

ജയചന്ദ്രന്റെ ഇളയ സഹോദരിയുടെ ഇരട്ട പെൺകുട്ടികൾ ശ്രാവന്തിയുമായി പെട്ടന്നടുത്തു .. നിളയും വിന്ധ്യയും .. ഇരുവരും ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥിനികളാണ് ….

രാവിലെ മുതൽ സർവ്വാഭരണ വിഭൂഷിതയായി നിൽക്കുന്നതിനാൽ ശ്രാവന്തി വല്ലാതെ ക്ഷീണിച്ചിരുന്നു ….

”ഈ ഡ്രസ് ഒക്കെ ചെയ്ഞ്ച് ചെയ്താൽ നന്നായിരുന്നു …. ” അവൾ നിളയോട് പറഞ്ഞു …

” ചേച്ചി വാ … ഇനിയിതിട്ട് നിൽക്കേണ്ട ആവശ്യം ഇല്ലല്ലോ .. “

അപ്പോഴും ബന്ധുക്കളോരോടുത്തരായി വന്ന് പരിചയപ്പെട്ടുകൊണ്ടിരുന്നു … ഇടയ്ക്ക് ഒന്ന് രണ്ട് വട്ടം ജിഷ്ണു അവൾക്കടുത്ത് വന്നിരുന്നു …

നിള പോയി ലതികയെ കൂട്ടിക്കൊണ്ട് വന്നു …

” മോള് പോയി , ഡ്രസ് മാറ്റി ഒന്ന് ഫ്രഷായി വാ …….” ലതിക തന്നെ ആ സിറ്റുവേഷൻ മാനേജ് ചെയ്തു …

നിളയും വിന്ധ്യയും കൂടി അവളെ ,മുകൾ നിലയിലേക്ക് കൊണ്ട് പോയി ….

ആഭരണങ്ങൾ അഴിച്ചു മാറ്റാനും സാരി പിന്നുകൾ ഇളക്കി എടുക്കാനും നിളയും വിന്ധ്യയും കൂടെ തന്നെ നിന്നു … അവരെ കാണുമ്പോൾ അവൾക്ക് ശിവാനിയെയാണ് ഓർമ വന്നത് … രണ്ട് കുസൃതിക്കുട്ടികൾ … പ്രായത്തിന്റെ പ്രസരിപ്പ് അവരിൽ പ്രകടമായിരുന്നു …

താനും ദിവസങ്ങൾ മുന്നേ വരെ ഇങ്ങനെയൊക്കെ ആയിരുന്നെന്ന് അവളോർത്തു … അമ്മയോടും ശിവയോടും വഴക്കടിക്കും , പ്രണവിനോട് കുറുമ്പ് പറയും …..

എത്ര പെട്ടന്നാണ് താൻ നിശബ്ദയായത് … നെഞ്ചിനുള്ളിൽ ആരും കാണാതെ ഒളിപ്പിച്ചു വച്ചിരിക്കുന്നത് തേങ്ങലുകളാണ് …

അപ്പോഴേക്കും റൂമിലേക്ക് നന്ദന കയറി വന്നു … നന്ദന ലതയുടെ മൂത്ത മകളാണ് … നന്ദനയാണ് ശ്രാവന്തിയുടെ നാത്തൂനായി നിന്നത് ..

” സോറി ശ്രാവന്തി , മോൻ വലിയ വാശിയിലായിരുന്നു .. അവനെ പാല് കൊടുത്ത് ഉറക്കാൻ പോയതാ ഞാൻ … ” നന്ദന പറഞ്ഞപ്പോൾ ശ്രാവന്തി പുഞ്ചിരിച്ചു …

അവൾ തന്നെ കബോർഡ് തുറന്നു രണ്ട് ഗ്രൗൺ എടുത്തു കാണിച്ചു …

” ഇതിൽ ഏതിടുന്നു ഇപ്പോൾ …? “

അവൾ പീക്കോക്ക് നിറത്തിലുള്ള ഗൗൺ തിരഞ്ഞെടുത്തു …

മറ്റേ ഗൗൺ കബോർഡിലേക്ക് വച്ചിട്ട് , വലിയൊരു ടെക്സ്റ്റെൽസ് കവർ തൊട്ടു കാണിച്ചു …

” ഇത് നാളെ റിസപ്ഷനുള്ള ലഹങ്കയാണ് … എന്റെ സെലക്ഷനാ കേട്ടോ …. നോക്കിയിട്ട് അഭിപ്രായം പറയണം … ” നന്ദന ചിരിച്ചു …

അവൾ ചിരിയോടെ തലയാട്ടി …

” ഞാനൊന്നു ഫ്രഷാകട്ടെ ചേച്ചി … ” ശ്രാവന്തി പറഞ്ഞു ..

” ങും … ചെല്ല് …. ഞാൻ വെയ്റ്റ് ചെയ്യാം … “

അവൾ ഫ്രഷായി വന്നപ്പോൾ നന്ദനയും നിളയും വിന്ധ്യയും കൂടി തന്നെയാണ് ഒരുക്കിയത് …

” കുറച്ച് മുന്നേ ആയിരുന്നെങ്കിൽ , ശ്രാവന്തി ഞങ്ങടെ വീട്ടിലേക്കാ വരേണ്ടിയിരുന്നത് … എന്റെ അനിയന് വേണ്ടി ശ്രാവന്തിയെ എന്റെ അമ്മയാ ആലോചിച്ചത് … അന്ന് നിങ്ങൾ റെസ്പോണ്ട് ചെയ്യാത്തത് കൊണ്ട് അവന് വേറൊന്ന് ഫിക്സായി .. അടുത്ത മാസം 22 ന് അവന്റെ വിവാഹമാണ് … എന്ന് വച്ച് ജിഷ്ണു എന്റെ അനിയൻ അല്ല എന്നല്ല കേട്ടോ പറഞ്ഞത് … അവനും നീരജും എനിക്ക് ഒരുപോലെയാണ് ……” നന്ദന പറഞ്ഞു ..

ശ്രാവന്തിക്ക് അത് പുതിയ അറിവായിരുന്നു ..

നേരത്തേ വന്ന പ്രപ്പോസൽ ആണെന്നായിരുന്നു അവളുടെ അച്ഛനും അമ്മയും പറഞ്ഞത് ..

” വാ … താഴേക്ക് പോകാം … ” അവർ എഴുന്നേറ്റതും ജിഷ്ണു റൂമിലേക്ക് കയറി വന്നു ….

അവൻ ശ്രാവന്തിയെ കണ്ണെടുക്കാതെ നോക്കി … ആ ഡ്രസ് അവൾക്ക് നന്നായി ഇണങ്ങുന്നുണ്ടായിരുന്നു …

” മതിയെടാ പെങ്കൊച്ചിനെ നോക്കി , വെള്ളമിറക്കുന്നത് …….” നന്ദന അങ്ങനെ പറഞ്ഞപ്പോൾ ശ്രാവന്തി ഒന്ന് ചൂളി ….

നിളയും വിന്ധ്യയും അത് കേട്ട് വാ പൊത്തി ചിരിച്ചു …

” ചേച്ചി ഇനി ഇവിടെ തന്നല്ലെ ഉള്ളത് ജിഷ്ണൂട്ടാ …..” അവരും അവനെ കളിയാക്കി ….

അവൻ ചിരിച്ചു കൊണ്ട് നിന്നു …

” ഒരു സെൽഫി എടുക്കാം … :” പറഞ്ഞു കൊണ്ട് അവൻ ഫോണെടുത്തു …

” ചേച്ചി മാത്രം മതിയോ … അതോ ഞങ്ങളും വേണോ ….?”

” എല്ലാരും വാ …..”

അവരഞ്ച് പേരും ചേർന്നു നിന്ന് രണ്ട് മൂന്ന് സെൽഫി എടുത്തു ..

” ഇനി നിങ്ങളെടുക്ക് … ഞാൻ പോകുന്നു … പെട്ടന്ന് താഴേക്ക് വന്നേക്കണേ …” പറഞ്ഞു കൊണ്ട് നന്ദന നടന്നു …

” ഞങ്ങളും പോവാ .. കട്ടുറുമ്പാകാതെ … രണ്ടാളും കൂടി സെൽഫിയൊക്കെ എടുത്തിട്ട് താഴേക്ക് വാ ….” പറഞ്ഞിട്ട് നിളയും വിന്ധ്യയും പുറത്തേക്കോടി …

” നിളാ … നിൽക്ക് ….. ഒരുമിച്ച് പോകാം ” ശ്രാവന്തി പിന്നിൽ നിന്ന് വിളിച്ചെങ്കിലും ആ രണ്ട് കുറുമ്പികളും അപ്പോഴേക്കും ഓടി മറഞ്ഞു …

ജിഷ്ണു പെട്ടന്ന് ശ്രാവന്തിയെ ചേർത്തു പിടിച്ചു ചുംബിച്ചു … ചുണ്ടിനും കവിളിനും ഇടയിലായി അവന്റെ ആദ്യ ചുംബനം തീമഴ പോലെ അവളിലേക്ക് പെയ്തിറങ്ങി …

അപ്രതീക്ഷിതമായ ചുംബനത്തിൽ ശ്രാവന്തിയൊന്ന് പതറി … സ്തംഭിച്ചു നിന്നു ശ്രാവന്തി …

” ടിങ് …. ടോങ് ….. കണ്ടേ കണ്ടേ …..”

പെട്ടന്ന് വാതിൽക്കൽ രണ്ട് തലകൾ പ്രത്യക്ഷപ്പെട്ടു …

ശ്രാവന്തിയാകെ വിളറി വെളുത്തു .. ഇത്തവണ ജിഷ്ണുവിനും ചമ്മൽ തോന്നി ….

” ഹായ് ആക്രാന്ത് കുമാർ സിങ് …. ഈ ചേച്ചിയെ ഞങ്ങൾ കൊണ്ട് പോയ്ക്കോട്ടെ … “

ജിഷ്ണു ഒരു ചമ്മിയ ചിരി ചിരിച്ചു …

നിളക്കും വിന്ധ്യക്കും ഒപ്പം പോകുമ്പോഴും അവൾ ആ ചുംബനമാണ് ഓർത്തത് …

തന്റെ ഭർത്താവ് , കഴുത്തിൽ താലി കെട്ടിയ പുരുഷൻ ആദ്യമായി തന്നെ ചുംബിച്ചിരിക്കുന്നു … അയാൾക്ക് അതിനുള്ള അവകാശമുണ്ട് ..

അവൾ കണ്ണുകൾ ഇറുക്കിയടച്ചു ..

അപ്പോഴും അവളിൽ അവന്റെ ചുടു ചുംബനം ചുട്ടുപഴുത്തു കൊണ്ടിരുന്നു ….

* * * * * * * * * * *

രാത്രി ….!

ലതികയാണ് ശ്രാവന്തിയുടെ കൈയിലേക്ക് പാൽഗ്ലാസ് കൊടുത്തത് … നന്ദനയും ഒപ്പം ഉണ്ടായിരുന്നു ….

നന്ദന അവളെ കൂട്ടിക്കൊണ്ട് മണിയറയിലേക്ക് നടന്നു …

” ഇനി ഞാൻ പോട്ടെ …. “

വാതിൽക്കലെത്തിയപ്പോൾ നന്ദന പറഞ്ഞു …

” ങും…..” അവൾ മെല്ലെ ചലിപ്പിച്ചു …

” വിഷ് യു എ വണ്ടർഫുൾ നൈറ്റ് ….” നന്ദന അവളെ ആശംസിച്ചിട്ട് തിരിഞ്ഞു നടന്നു …

ശ്രാവന്തിക്ക് ഒരു വല്ലായ്മ തോന്നി ….

അവൾ ബെഡ് റൂമിലേക്ക് കടന്നു .. വല്ലാതെ അത്ഭുതപ്പെട്ടു പോയി ….

അവളുടെ കണ്ണുകൾ ജിഷ്ണുവിനെ തിരഞ്ഞെങ്കിലും കണ്ടില്ല …

അവൾ പാൽ ഗ്ലാസ് ടേബിളിൽ വച്ചിട്ട് , മണിയറ ആകമാനം നോക്കി …

വൈകിട്ട് താൻ കണ്ടതുപോലെയല്ല … ബെഡിൽ ക്രീം കളറിൽ ചുവന്ന ബോർഡറുകളുള്ള ബെഡ്ഷീറ്റ് വിരിച്ചിരിക്കുന്നു … അതിനു മുകളിലായി മുല്ലപ്പൂക്കളും ചുവന്ന പനിനീർ ഇതളുകളും വിരിച്ചിരിക്കുന്നു …

നാസാരാർദ്രങ്ങളെ തൊട്ടുണർത്തുന്ന അഭൗമമായൊരു ഗന്ധം അവിടെയാകെ നിറഞ്ഞു നിന്നു ….

ഇതൊക്കെയാര് , എപ്പോൾ ചെയ്തു … അവൾ വിസ്മയിച്ചു …

പെട്ടന്ന് പിന്നിൽ നിന്നാരോ അവളെ മുറുകെ പിടിച്ചു … ഇടുപ്പിലൂടെ കൈകടത്തി അവളെ ചേർത്തണച്ചു … ഒപ്പം അനാവൃതമായ പിൻകഴുത്തിൽ ഒരു ചുടുനിശ്വാസം അവളറിഞ്ഞു …

( തുടരും )

അമൃത അജയൻ

അമ്മൂട്ടി

 

 

അമൃത അജയൻ ന്റെ മറ്റു നോവലുകൾ

ചന്ദ്രനുദിക്കുന്ന ദിക്കിൽ

ഈ സായാഹ്നം നമുക്കായി മാത്രം

4.4/5 - (5 votes)
Exit mobile version