Skip to content

ശ്രാവണം – ഭാഗം 13 (അവസാന ഭാഗം)

Shraavanam Novel Aksharathalukal

കാർ ആദിത്യന്റെ വീട്ടുമുറ്റത്തേക്ക് ചെന്നു നിന്നു … വിശ്വനാഥൻ ഊണു കഴിഞ്ഞ് സിറ്റൗട്ടിൽ വന്നിരിക്കുകയായിരുന്നു …. വന്നിറങ്ങിയ അഥിതികളെ കണ്ട് വിശ്വനാഥൻ അമ്പരന്നു .. അയാൾക്ക് സന്തോഷം അടക്കാനായില്ല …

അയാൾ അകത്തേക്ക് നോക്കി പ്രവീണയെ വിളിച്ചിട്ട് ഓടിയിറങ്ങി വന്നു … വന്നപാടെ ഉദയനെ അയാൾ കെട്ടിപ്പിടിച്ചു …

” ഉദയാ ……….” വിശ്വനാഥന്റെ ശബ്ദം നേർത്തു പോയി ….

ജിഷ്ണു നോക്കി കാണുകയായിരുന്നു അവർക്കിടയിലെ ഊഷ്മളമായ ബന്ധം …

തൊട്ടുപിന്നാലെ പ്രവീണയും ഇറങ്ങി വന്നു ..

” ചന്ദ്രീ ….” പ്രവീണയുടെ കണ്ണുകൾ നിറഞ്ഞു …

പ്രവീണ ചെന്ന് ശിവയെ പിടിച്ച് മുന്നിൽ നിർത്തി …

” എന്റെ മോള് വളർന്നു വലിയ പെണ്ണായല്ലോ … അന്ന് പിരിയുമ്പോ ദേ ഇത്രേ ഉണ്ടായിരുന്നുള്ളു …. “

ശിവ നാണിച്ചു ചിരിച്ചു …

” കയറി വാ … വാ മോനേ ….” വിശ്വനാഥൻ എല്ലാവരെയും കൂട്ടികൊണ്ട് അകത്തേക്ക് കയറി …

” ആദിയേട്ടനെവിടെ …..? ” ശിവ ശ്രാവന്തിയുടെ ചെവിയിൽ ചോദിച്ചു ..

ശ്രാവന്തി ഒന്നും മിണ്ടിയില്ല ..

ഉദയനും ചന്ദ്രികയും ശിവയും ആദ്യം പോയത് അനഘയുടെ അടുത്തേക്കാണ് .. ചന്ദ്രിക അനഘയുടെ അടുത്തിരുന്ന് നെറ്റിയിൽ തലോടി ഉമ്മ

വച്ചു .. അവരുടെ കണ്ണിൽ വെള്ളം നിറഞ്ഞു …

എല്ലായ്പ്പോഴും ഓടിച്ചാടി നടന്നിരുന്ന അനഘ അവരുടെ കൺമുന്നിൽ നിറഞ്ഞു നിന്നു …

പ്രവീണ പിന്നാലെ ചിന്തു മോനെ എടുത്തു കൊണ്ട് കയറി വന്നു …

ചന്ദ്രിക അവനെ കൈയിൽ വാങ്ങി ഓമനിച്ചു … അവൻ ശ്രാവന്തിയെ നോക്കി മോണകാട്ടി ചിരിച്ചു .. അവളെ അവന് മുൻപേ പരിചയമുണ്ട് ..

” ആദിമോനെവിടെ ….?” ചന്ദ്രിക ചോദിച്ചു ..

” അവൻ ഹോസ്പിറ്റലിലാണ് .. ഞാൻ വിളിച്ചിരുന്നു നിങ്ങൾ വന്ന വിവരം പറയാൻ .. അവനിങ്ങോട്ട് വരുന്നെന്ന് പറഞ്ഞു … ” പ്രവീണ പറഞ്ഞു …

അനഘ ശിവയെ നോക്കി കണ്ണു കൊണ്ട് അടുത്തേക്ക് വിളിച്ചു … ശിവ ഓടിച്ചെന്ന് അനഘയുടെ അടുത്തിരുന്നു ..

അനഘ അവളെ നോക്കി നേർത്ത പുഞ്ചിരിയോടെ കിടന്നു … ശിവ എഴുന്നേറ്റ് ചെന്ന് ചിന്തു മോനെ കൈയിൽ വാങ്ങി അനഘയുടെ അടുത്ത് വന്നിരുന്നു കളിപ്പിച്ചു …

ശ്രാവന്തിയും അവർക്കൊപ്പം കൂടി . … എന്നോ മുറിഞ്ഞു പോയൊരു മാമ്പഴക്കാലത്തിന്റെ പുന:സമാഗമം പോലെയായിരുന്നു ആ കൂടിച്ചേരൽ ..

ചന്ദ്രികയും പ്രവീണയും അത് നോക്കി നിന്നിട്ട് താഴേക്കിറങ്ങിപ്പോന്നു .. കുറേ കഴിഞ്ഞപ്പോൾ ആദിത്യന്റെ ബൈക്ക് മുറ്റത്ത് വന്ന് നിന്നു …

അവൻ ഹാളിലേക്ക് കയറി വന്നു ..

” ഉദയനങ്കിൾ …….” അവൻ ഓടി വന്ന് ഉദയന്റെ കരം കവർന്നു .. ജിഷ്ണുവിനും ഹസ്ഥ ദാനം നൽകി …

കിച്ചണിൽ ചെന്ന് ചന്ദ്രികയെ കണ്ടു സംസാരിച്ചു ..

” ശിവാ ……” ഹാളിലേക്ക് വന്ന് ,ചന്ദ്രിക മുകളിലേക്ക് നോക്കി വിളിച്ചു …

” എന്താമ്മേ ………”

” ഇങ്ങ് വാ … ഇതാരാന്ന് നോക്ക് ……”

കുറച്ചു കഴിഞ്ഞപ്പോൾ ശിവയും പിന്നാലെ ചിന്തു മോനെയും കൊണ്ട് ശ്രാവന്തിയും ഇറങ്ങി വന്നു …

” ഹലോ …. അറിയോ …..” ആദിത്യൻ ശിവയ്ക്ക് നേരെ കൈനീട്ടി …

അവൾ നാണിച്ച് നാണിച്ച് അവന് ഷേക്ക് ഹാന്റ് നൽകി …

ആ സമയം ജിഷ്ണുവും അങ്ങോട്ടു വന്നു …

” അയ്യോ .. വന്നപ്പോ മുതൽ ആദിയേട്ടനെ തിരക്കുവാ …. എന്നിട്ടിപ്പോ കണ്ട് കഴിഞ്ഞപ്പോ എന്തൊരു നാണം ….” ശ്രാവന്തി പറഞ്ഞിട്ട് നോക്കിയത് ജിഷ്ണുവിന്റെ മുഖത്തേക്കായിരുന്നു ..

അവൻ ശ്രാവന്തിയെ നോക്കി ഒരു പ്രത്യേക ഭാവത്തിൽ ചിരിച്ചു ..

അയാളെ കാണുമ്പോൾ അവളുടെ കണ്ണുകൾക്ക് എന്തൊരു തിളക്കം ..

ആദിത്യൻ ചിരിച്ചു കൊണ്ട് ജിഷ്ണുവിന്റെ നേർക്ക് തിരിഞ്ഞു …

” കേട്ടോ ജിഷ്ണു …. പണ്ട് ശിവ ഏറ്റവും കൂടുതൽ വഴക്കിടുന്നത് എന്നോടാരുന്നു .. ഞാൻ വല്ലപ്പോഴും ഹോസ്റ്റലിൽ നിന്നു വരുമ്പോ എല്ലാവർക്കും എന്നോടാണ് സ്നേഹമെന്നായിരുന്നു ഈ കുശുമ്പിയുടെ പരാതി ….”

ജിഷ്ണു ചിരിച്ചു …

” അതങ്ങനല്ല ചേട്ടാ .. ഈ ആദിയേട്ടൻ ഹോസ്റ്റലീന്ന് വെരുമ്പോ ചേച്ചിക്ക് ഇഷ്ടമുള്ള പക്ക് വടയേ കൊണ്ടുവരുള്ളു .. എനിക്കിഷ്ടമുള്ള രസഗുള കൊണ്ട് വരില്ലാർന്നു… അതിനാ ഞാൻ പിണങ്ങുന്നേ …. ” ശിവ ചാടി തുള്ളി ജിഷ്ണുവിന്റെ അടുത്തു വന്നു കൈയിൽ തൂങ്ങി പറഞ്ഞു …

” അതിവളുടെ വേറൊരു പിണക്കം … അവിടെ കിട്ടുന്നതല്ലേ കൊണ്ടു വരാൻ പറ്റൂ ….”

ജിഷ്ണു ശ്രാവന്തിയെ നോക്കി വീണ്ടും ചിരിച്ചു ..

ശ്രാവന്തിയുടെ നെഞ്ച് വിറച്ചു ..

” നിങ്ങൾ പഴയ കഥകളൊക്കെ പറയ് .. കേൾക്കാൻ നല്ല രസമുണ്ട് … ” ശ്രാവന്തിയുടെ നേർക്ക് മിഴിയയച്ചു കൊണ്ട് ജിഷ്ണു പറഞ്ഞു ..

ശ്രാവന്തിക്ക് എങ്ങനെയെങ്കിലും അവിടുന്ന് പോയാൽ മതിയെന്നായി …

* * * * * * * * * * * *

രാത്രി ബെഡ് റൂമിൽ അവൻ , പകൽ നടന്നതിനെ കുറിച്ചൊന്നും ശ്രാവന്തിയോട് സംസാരിച്ചതേയില്ല …

പതിവു പോലെ ഇരുവരും ഉറങ്ങാൻ കിടന്നു …

ജിഷ്ണുവിന്റെ കരവലയത്തിനുള്ളിൽ അമരുമ്പോൾ അവൾ സംശയിച്ചു ..

ഇനി ഒക്കെ തന്റെ തോന്നലുകളായിരുന്നോ …..

* * * * * * * * * * * * *

അവരൊരു യാത്രയിലായിരുന്നു …

മഞ്ഞു പൊതിഞ്ഞു നിന്ന തേയില തോട്ടങ്ങൾക്കു നടുവിലൂടെ ജിഷ്ണുവും ശ്രാവന്തിയും കയറ്റം കയറി …

ചുറ്റിനുമുള്ള മനോഹര ചിത്രങ്ങൾ ക്യാമറയിലൊപ്പിയെടുക്കുന്നുണ്ടായിരുന്നു ജിഷ്ണു …

ശ്രാവന്തി അവന്റെ കൈകളിൽ ചുറ്റിപ്പിടിച്ചിരുന്നു …

കയറ്റം കയറി അവർ മലയുടെ മുനമ്പത്തെത്തി … ശ്രാവന്തി ജിഷ്ണുവിനെ ഗാഢമായി അശ്ലേഷിച്ച് ചുണ്ടുകൾ കവർന്നു ..

ശ്രാവന്തിയുമായി ദീർഘ ചുംബനത്തിലേർപ്പെട്ടു നിന്ന ജിഷ്ണു കണ്ടു , പിന്നാലെ മല കയറി വരുന്ന ആദിത്യനെ …

അവന്റെ ചുണ്ടിൽ ഒരു ഗൂഢസ്മിതമുണ്ടായിരുന്നു ..

ശ്രാവന്തിയെ മാറ്റാൻ ശ്രമിച്ചെങ്കിലും , അവൾ ബലമായി ജിഷ്ണുവിനെ ചുംബിച്ചു കൊണ്ടേയിരുന്നു … ജിഷ്ണു പിന്നിലേക്ക് പിന്നിലേക്ക് നീങ്ങി ..

” ശ്രാവി ഞാൻ വീഴും …….”

അവളത് വക വയ്ക്കാതെ അവനെ ചുംബിച്ചു കൊണ്ടേയിരുന്നു ..

മലയുടെ മുനമ്പിൽ ജിഷ്ണുവിന്റെ കാൽപാദങ്ങൾ എത്തിയിരുന്നു … താഴെ അഗാഥമായ കൊക്ക ..

ആദിത്യൻ മല കയറി മുകളിലെത്തിയിരുന്നു .. അവന്റെ ഗൂഢസ്മിതമിപ്പോൾ ക്രൂരമായൊരു ചിരിക്ക് വഴിമാറി …

അടുത്ത നിമിഷം ശ്രാവന്തി ജിഷ്ണുവിനെ ഉന്തി താഴേക്ക് തള്ളിയിട്ടു …

ജിഷ്ണു ബെഡിൽ കിടന്ന് ഒന്ന് വെട്ടിത്തിരിഞ്ഞു … ഒരു പഞ്ഞിത്തുണ്ട് പോലെ താഴേക്ക് പോകവേ , ആദിത്യന്റെ നെഞ്ചിൽ ചേർന്ന് നിന്നു ആർത്തു ചിരിക്കുന്ന ശ്രാവന്തിയെ ജിഷ്ണു കണ്ടു …

നിലത്തേക്ക് പതിച്ചതും ഒരു വെട്ടലോടെ ജിഷ്ണു കണ്ണു തുറന്നു … അവന്റെ നെഞ്ച് ക്രമാതീതമായി മിടിച്ചു …

അവൻ തലചരിച്ച് ശ്രാവന്തിയെ നോക്കി … തൊട്ടരികിൽ അവൾ ഉറങ്ങിക്കിടപ്പുണ്ട് .. ജിഷ്ണു വേർത്തു കുളിച്ചു … പിന്നീട് അവന് ഉറങ്ങാൻ കഴിഞ്ഞില്ല …

********************

പിറ്റേന്ന് ഞായറാഴ്ച …

ജിഷ്ണുവും ശ്രാവന്തിയും ജയചന്ദ്രനും ലതികയുമൊരുമിച്ച് ലതയുടെ വീട്ടിൽ പോയി … കല്യാണത്തിന് ഇനി ദിവസങ്ങളെ ബാക്കിയുള്ളു …

വിവാഹ വീട്ടിൽ , സഹായിച്ചും മറ്റും , ഒരവധി ദിനം കൂടി വിരസമായി കടന്നു പോയി ……

**********************

തിങ്കളാഴ്ച ഉച്ചതിരിഞ്ഞപ്പോൾ ശ്രാവന്തി ജിഷ്ണുവിന്റെ ഫോണിലേക്ക് വിളിച്ചു ..

” ജിഷ്ണുവേട്ടാ ഞാനിന്ന് അൽപം ലേറ്റാകും … “

” എന്തു പറ്റി ..?”

” നാളെ ഓച്ചിറ കേസിന്റെ വിചാരണയുണ്ട് .. കേസ് പഠിക്കാനുണ്ട് ജിഷ്ണുവേട്ടാ ……” അവൾ പറഞ്ഞു

” ങും …. ശരി ….” തിരക്കുകളിലായിരുന്നത് കൊണ്ട് ഇരുവരും പെട്ടന്ന് തന്നെ ഫോൺ കട്ട് ചെയ്തു …

ഇടയ്ക്ക് ജിഷ്ണു ശ്രാവന്തിയെ കുറിച്ച് ഓർത്തു … അവളുടെ ഒഫീസിൽ എത്ര പേരുണ്ട് .. അഡ്വ. സെബാസ്റ്റ്യൻ പോളിന്റെ ജൂനിയർ ആണ് അവൾ .. മറ്റാരൊക്കെയാണ് അവിടെയുള്ളത് .. പുരുഷന്മാരാണോ സ്ത്രീകളാണോ ഉള്ളത് … ഇടയ്ക്ക് എപ്പോഴോ ഒരു സീനത്തിനെ കുറിച്ച് ശ്രാവന്തി പറഞ്ഞത് ജിഷ്ണു ഓർത്തു …

അഞ്ച് മണിയാകാറായപ്പോൾ ജിഷ്ണു ശ്രാവന്തിയെ ഫോണിൽ വിളിച്ചു ..

” തനെപ്പോ ഇറങ്ങും…. ?”

” ഒരു മണിക്കൂറെങ്കിലും കഴിയാതെ പറ്റില്ല ജിഷ്ണുവേട്ടാ .. ഞാനിന്ന് നല്ലോണം വൈകും .. വലിയ കേസാണ് .. ഒരു പാട് കോളിളക്കം സൃഷ്ടിച്ച പോക്സോ കേസ് … നന്നായി ഹാർഡ് വർക്ക് ചെയ്താലേ പറ്റൂ … “

” ങും .. കൂടെയാരുണ്ട് …? “

”സെബാസ്റ്റ്യൻ സർ ……”

” വേറെയാരുമില്ലേ…. ?”

” ഇല്ല … ഞാനാ സാറിന്റെ കൂടെ കോർട്ടിൽ അപ്പിയർ ചെയ്യുന്നേ …. “

” ആ ഓഫീസിൽ വേറാരുണ്ട് ….?”

“ഞാനും സെബാസ്റ്റ്യൻ സാറും .. ആ പിന്നെ രാമേട്ടനും .. സാറിന്റെ ഗുമസ്തൻ … “

” അയാൾ കേസ് പഠിക്കാൻ ഉണ്ടാവില്ലല്ലോ ….”

ശ്രാവന്തിക്ക് അപകടം മണത്തു … അവന്റെ ചോദ്യങ്ങളിൽ എന്തോ ഒരു കൊനഷ്ടുണ്ട് ..

” എന്താ ജിഷ്ണുവേട്ടാ ഇങ്ങനെയൊക്കെ ചോദിക്കുന്നേ ….?”

“ഹേയ് ഞാനറിയാൻ വേണ്ടി ചോദിച്ചതാ … നീയെപ്പോ വരും തിരിച്ച് …? “

” അറിയില്ല ജിഷ്ണുവേട്ടാ … ഇവിടുന്ന് ഇറങ്ങീട്ട് … ബസ് കിട്ടി വേണ്ടേ വരാൻ … ” അവൾ പറഞ്ഞു …

” ങും …… എന്നെ വിളിച്ചാൽ മതി ….” അവൻ പറഞ്ഞിട്ട് കോൾ കട്ട് ചെയ്തു …

ശ്രാവന്തി ഫോണും പിടിച്ച് നിന്നു … ജിഷ്ണുവേട്ടന്റെ വാക്കുകളിലെല്ലാം മറ്റെന്തോ ധ്വനിയുള്ളത് പോലെ ..

ഇതുവരെ ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ …

* * * * * * * * * * * * * * * *

” ശ്രാവന്തി എങ്ങനെ പോകും ….” ഇറങ്ങാൻ നേരം സെബാസ്റ്റ്യൻ പോൾ ചോദിച്ചു ..

” ബസിന് ……” അവൾ ഇറങ്ങാനുള്ള തിടുക്കത്തോടെ പറഞ്ഞു …

” ലേറ്റാകില്ലേ എത്താൻ …. ഞാൻ ഡ്രോപ്പ് ചെയ്യാം .. ഞാനും അങ്ങോട്ടാണല്ലോ …”

” കുഴപ്പമില്ല സർ ..ഞാൻ പൊയ്ക്കോളാം ….”

” ഇയാള് വാ കുട്ടി .. ബസ് കിട്ടി അവിടെയെത്തുമ്പോ രണ്ട് മണിക്കൂർ പിടിക്കും … വീട്ടിലെത്തിയിട്ട് കേസ് ഒന്നുകൂടി നന്നായി ബൈഹാർട്ട് ചെയ്യണം .. വെറുതെ ടൈം കളയണ്ട … വാ…..”

ശ്രാവന്തിക്ക് പിന്നെ എതിർക്കാൻ കഴിഞ്ഞില്ല … അവൾ സെബാസ്റ്റ്യൻ പോളിന്റെ കാറിൽ കയറി …

* * * * * * * * * *

ഏഴ് മണിയാകാറായപ്പോൾ ശ്രാവന്തി വിളിച്ചു …

” ജിഷ്ണുവേട്ടാ … ടൗണിലേക്ക് വാ ….”

” ടൗണിലോ …. സ്റ്റാൻഡിൽ വരണ്ടെ…”

” വേണ്ട … എന്നെ സെബാസ്റ്റ്യൻ സാറാ ഡ്രോപ്പ് ചെയ്യുന്നേ …..”

” ഓ ……” അവൻ ഒന്നും പറയാതെ കാൾ കട്ട് ചെയ്തു കളഞ്ഞു …

സെബാസ്റ്റ്യൻ പോൾ അടുത്തുള്ളതിനാൽ അവൾക്ക് തിരിച്ചു വിളിക്കാൻ മടി തോന്നി …

ടൗണിലിറങ്ങിയിട്ട് വിളിക്കാമെന്ന് കരുതി അവളിരുന്നു …

ജിഷ്ണുവേട്ടന് എന്താണ് പെട്ടന്നിങ്ങനെയൊരു മാറ്റമെന്ന് അവൾക്കെത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല …

* * * * * * * * * *

ശ്രാവന്തി ടൗണിൽ വന്നിറങ്ങുമ്പോൾ ജിഷ്ണു അവളെ കാത്ത് അവിടെയുണ്ടായിരുന്നു …

സെബാസ്റ്റ്യൻ പോളിന്റെ കാറിന്റെ മുൻ സീറ്റിൽ നിന്ന് ശ്രാവന്തി ഇറങ്ങുന്നത് ജിഷ്ണു കണ്ടു …

ഇറങ്ങിയിട്ട് , കുനിഞ്ഞ് അകത്തേക്ക് നോക്കി അവളെന്തോ പറഞ്ഞു … ശേഷം സെബാസ്റ്റ്യൻ പോൾ കാറോടിച്ചു പോയി …

ശ്രാവന്തി റോഡ് വക്കിലേക്ക് മാറി നിന്ന് ജിഷ്ണുവിനെ വിളിക്കാൻ ഫോണെടുത്തു …

സൂപ്പർ മാർക്കറ്റിന്റെ അടുത്തായി കാർ പാർക്ക് ചെയ്തിരുന്ന ജിഷ്ണുവിന് , വെയ്റ്റിംഗ് ഷെഡിന് മുന്നിലായി നിൽക്കുന്ന ശ്രാവന്തിയെ കാണാമായിരുന്നു ..

ശ്രാവന്തിയുടെ നോട്ടം വീട്ടിൽ നിന്ന് ടൗണിലേക്ക് വരുന്ന റോഡിലേക്കായിരുന്നു ..

അവൻ മുന്നേ വന്ന് , കാർ തിരിച്ചിട്ട് കാത്തു കിടക്കുന്നത് അവളറിഞ്ഞില്ല …

അവൾ ഫോണിൽ എന്തോ ചെയ്യുന്നത് കണ്ടതും ,ജിഷ്ണു വേഗം തന്റെ ഫോൺ ഫ്ലെറ്റ് മോഡിലാക്കി … ശേഷം സീറ്റിലേക്ക് ചാരി , സ്റ്റിയറിംഗിൽ വിരൽ കൊണ്ട് തട്ടിക്കൊണ്ട് അവളെ തന്നെ നോക്കിയിരുന്നു … ഒരു പ്രത്യേകതരം ഉന്മാദത്തോടെ …

ശ്രാവന്തി എത്ര വിളിച്ചിട്ടും ജിഷ്ണു ഫോണെടുത്തില്ല … പിന്നീടെപ്പേഴോ അവൻ ഫോണിന്റെ ഫ്ലൈറ്റ് മോഡ് മാറ്റി … കാർ അവൾക്കു മുന്നിൽ കൊണ്ടു വന്നു നിർത്തി …

കാറിലേക്ക് കയറിയ ശ്രാവന്തിയോട് ജിഷ്ണു ഒന്നും ചോദിച്ചില്ല .. അവന്റെ നിശബ്ദത നിമിഷങ്ങളെ കൊല്ലാൻ പോന്നതായിരുന്നു …

വീട്ടിലെത്തിയിട്ടും ജിഷ്ണു , ശ്രാവന്തിയോട് അധികമൊന്നും സംസാരിച്ചില്ല .. ഫ്രഷായ ശേഷം താഴെ പോയി ഭക്ഷണം കഴിച്ചു ,തിരികെ ബെഡ് റൂമിലേക്ക് വന്ന ശ്രാവന്തി കണ്ടത് , ബെഡിൽ അഴിച്ചിട്ട തന്റെ വസ്ത്രം മണത്തു നോക്കുന്ന ജിഷ്ണുവിനെയാണ് ..

* * * * * * * * * * * * * * * *

ഒന്നര വർഷങ്ങൾക്ക് ശേഷം …

കോടതി കഴിഞ്ഞ് , ശ്രാവന്തി ഓഫീസിലേക്ക് വന്നു വാട്ടർ ബോട്ടിൽ തുറന്നു കുറച്ചു വെള്ളം കുടിച്ചു …

” മാഡം ഒരാൾ കാണാൻ വന്നിട്ടുണ്ട് … വെയ്റ്റിംഗ് ആണ് … ” ശ്രാവന്തിയുടെ ജൂനിയറായ മേഘ അങ്ങോട്ട് വന്നു പറഞ്ഞു …

ഇന്നിപ്പോൾ ശ്രാവന്തി സ്വന്തമായി ഒരോഫീസ് തുടങ്ങിയിട്ടുണ്ട് .. മേഘ , വികാസ് എന്നീ രണ്ടു ജൂനിയേർസും അവൾക്കൊപ്പമുണ്ട് ..

” ആരാ ക്ലയന്റാണോ ….?” ശ്രാവന്തി ചോദിച്ചു ..

” അല്ല … മാഡത്തിന്റെ …….” അവൾ ഒന്നു നിർത്തി ….

ശ്രാവന്തി ഒന്നാലോചിച്ചിട്ട് പുറത്തേക്കിറങ്ങി ചെന്നു …. അവിടെ വിസിറ്റേർസിനുള്ള ചെയറിൽ ജിഷ്ണു ഇരിപ്പുണ്ടായിരുന്നു ….

അവൾ നടന്ന് അവന്റെയടുത്ത് ചെന്നു …

ശ്രാവന്തിയെ കണ്ടപ്പോൾ അവൻ ചിരിക്കാൻ ശ്രമിച്ചു .. അവന്റെ കണ്ണുകളിൽ വിഷാദമുണ്ടായിരുന്നു … നഷ്ടബോധത്തിന്റെ ഏങ്ങലുകൾ അവന്റെ കണ്ണിൽ കാണാമായിരുന്നു ..

” എന്താ …..?” നിർവികാരയായി അവൾ ചോദിച്ചു …

അവൻ അവളുടെ മുഖത്തേക്ക് നോക്കി .. പിന്നെ എഴുന്നേറ്റ് അടുത്ത് വന്ന് നിന്നു ..

” എനിക്ക് നിന്നോട് അൽപ നേരം സംസാരിക്കണം … “

” പറഞ്ഞോളു …..”

” നമുക്ക് എങ്ങോട്ടെങ്കിലും മാറിയിരിക്കാം ….” അവന്റെ സ്വരത്തിൽ യാചനയുണ്ടായിരുന്നു ..

അവൾ ഒന്നും മിണ്ടിയില്ല ..

” വരൂ … ഓഫീസ് റൂമിലിരിക്കാം … ” കുറേ നേരത്തെ മൗനം വെടിഞ്ഞ് അവൾ വിളിച്ചു .. …

അവൻ ഒന്നും പറയാതെ കൂടെ ചെന്നു ..

ഓഫീസിൽ അവരിരുവരും മുഖാമുഖമിരുന്നു .. ശ്രാവന്തിയുടെ കണ്ണുകൾക്ക് ഇന്നൊരു ദൃഢതയുണ്ട് ..

അവളവന്റെ മുഖത്തേക്ക് സാകൂതം നോക്കി .. അവന് പറയാനുള്ളത് കേൾക്കുവാനുള്ള ഒരു കേൾവിക്കാരിയായി

അവളിരുന്നു …

” ശ്രാവന്തീ …. നാളെ കഴിഞ്ഞാൽ കോടതി വിധി വരും ….” അവൻ പറഞ്ഞു ..

അവൾ മെല്ലെ തല കുലുക്കി …

” എന്റെ തെറ്റുകൾ എനിക്ക് മനസിലായിട്ടുണ്ട് .. നീയൊന്നു മനസു വച്ചാൽ നമുക്ക് ഒരു നല്ല ജീവിതമുണ്ടാകും…. ” അവന്റെ വാക്കുകളിൽ ഒരു നീറ്റലുണ്ടായിരുന്നു ..

” വാട്ട് യു മീൻ …? നിങ്ങളുടെ കൂടെ നിങ്ങളുടെ ചതിയും വഞ്ചനയും എല്ലാം പൊറുത്ത് ജീവിക്കുന്നത് നല്ല ജീവിതവും , ഞാനെന്റെ തീരുമാനങ്ങളിൽ ജീവിക്കുന്നത് മോശം ജീവിതവും എന്നാണോ ..? “

” തർക്കിക്കാൻ ഞാനില്ല .. എനിക്ക് നീ കൂടിയുള്ളതാണ് എന്റെ ജീവിതം .. അല്ലാത്തത് … ” അവൻ പൂർത്തിയാക്കാതെ വിട്ടു ..

” എന്റെ ലൈഫ് ഒരു പരീക്ഷണ വസ്തുവല്ല .. ഇനി വയ്യ എനിക്ക് .. നിങ്ങളെന്നോട് ചെയ്തതിനൊന്നും യാതൊരു ജസ്റ്റിഫിക്കേഷനുമില്ല … “

” അറിയാം … ഞാനെന്നെ ന്യായീകരിക്കില്ല … എന്റെ തെറ്റുകൾ എനിക്കിപ്പോൾ മനസിലായിട്ടുണ്ട് .. എന്നോട് ക്ഷമിക്ക് ശ്രാവന്തി ..ഒരിക്കൽക്കൂടി ….” ജിഷ്ണുവിന്റെ തൊണ്ടയിടറി …

” ക്ഷമിക്കണം … എന്തൊക്കെയാ ഞാൻ ക്ഷമിക്കേണ്ടത് … ? സത്യങ്ങൾ മറച്ചു വച്ച് എന്നെ വിവാഹം ചെയ്തതോ ….? നിങ്ങൾ മറ്റൊരുത്തിയുടെ ഭർത്താവായി കുറേ കാലം ഒന്നിച്ചു ജീവിച്ചതോ? അതെല്ലാം ഓർമ വന്നിട്ടും എന്നോട് ഒളിച്ചു വച്ചതോ അതോ ആ സ്ത്രീയെപ്പോലെയാണ് ഞാനുമെന്ന് കരുതി എന്നെ സംശയിച്ച് ദ്രോഹിച്ചതോ …? അതോ എന്റെ അടിവയറ്റിൽ വച്ച് എന്റെ കുഞ്ഞിനെ തൊഴിച്ച് ചോരയായിട്ട് ഒഴുക്കി കളഞ്ഞതോ …. ഇതിലേതൊക്കെയാ ഞാൻ മറക്കേണ്ടത് ..? “

ജിഷ്ണുവിന് ഉത്തരമില്ലായിരുന്നു … അവന്റെ കണ്ണുകളിൽ ഒരു ജലാശയമുണ്ടായിരുന്നു ….

” നിങ്ങൾ ജീവിതത്തിലേക്ക് ക്ഷണിക്കാൻ വന്നത് പഴയ ശ്രാവന്തിയെയാണ് … ആ ശ്രാവന്തി ഇന്നില്ല .. അവൾ മരിച്ചു കഴിഞ്ഞു .. നിങ്ങൾ തന്നെയാണ് അവളെ കൊന്നത് .. ഓർക്കുന്നുണ്ടോ നിങ്ങൾ .. അന്ന് ഞാനെന്റെ സീനിയറിന്റെ കൂടെ കാറിൽ വന്ന ദിവസം , ബെഡ് റൂമിൽ ഞാനഴിച്ചിട്ട എന്റെ വസ്ത്രമെടുത്ത് നിങ്ങൾ മണത്തു നോക്കിയ ആ രാത്രി .. അന്ന് ഞാൻ മരിച്ചു …. ” എത്ര നിയന്ത്രിച്ചിട്ടും അവളുടെ തൊണ്ടയിടറി …

ജിഷ്ണു ഉമിനീരിറക്കി …

ആ നശിച്ച ദിവസങ്ങൾ .. ഞാനെന്നെ തന്നെ കൈവിട്ട ദിവസങ്ങൾ …

ഒരു നിഴൽ ചിത്രം പോലെ ശ്രാവന്തിയുടെ മനസിലേക്ക് ഓരോ ഓർമകളും ഓടി വന്നു ..

ആദിയേട്ടൻ , ഋഷി സർ , സഹപ്രവർത്തകർ , എന്നോ ഒരിക്കൽ ജീവിതത്തിൽ വന്നു പോയ പ്രണവ് …. ജിഷ്ണുവിന്റെ മനസിൽ തന്റെ കാമുകന്മാരായി എത്ര പുരുഷന്മാർ …

താൻ ഓഫീസിലെക്ക് പോയി കഴിയുമ്പോൾ താനറിയാതെ പിൻതുടരുക , ബാഗും വസ്ത്രങ്ങളും പരിശോധിക്കുക … അതിനിടയിൽ താൻ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ മുതൽ ആ കുഞ്ഞിനെ താൻ പോലുമറിയാതെ ഇല്ലാതാക്കാൻ നടത്തിയ ശ്രമങ്ങൾ … അവളെ ഇന്നും ഭയപ്പെടുത്തുന്ന ഓർമയായിരുന്നു അത് … ആ രാത്രികളിൽ ഒരു ദിവസം പോലും റസ്റ്റ് തരാതെ നടത്തിയ വേഴ്ചകൾ .. മൂന്നാം മാസം .. ആ രാത്രി .. വസ്ത്രങ്ങളഴിച്ച് അയാൾ തന്നിൽ പടരുന്ന നിമിഷങ്ങൾക്ക് വേണ്ടി കാത്ത് കിടക്കുമ്പോൾ , അടി വയറിന് താഴെ കാൽമുട്ട് കയറ്റി ഇടിച്ച് തന്റെ കുഞ്ഞിനെ ചോരയായി ഒഴുക്കി ഒരു തരം ഉന്മാദത്തോടെ അത് നോക്കിയിരുന്ന ജിഷ്ണു .. തന്റെ നിലവിളി കേട്ട് ഓടി വന്നവർക്കു മുന്നിൽ കതക് തുറക്കാതെ ബെഡിലൂടെ തറയിലേക്കൊഴുകുന്ന ചോരക്കണങ്ങൾ നോക്കിയിരുന്ന് കിതച്ച ജിഷ്ണു ..

ചോര വാർന്ന് മരിക്കാറായപ്പോളാണ് തന്നെ ആശുപത്രിയിലെത്തിച്ചത് ..

” വയ്യ…. വയ്യ …. ഇനി വയ്യ…… ” നെറ്റിയിൽ കൈ താങ്ങി അവൾ അവന്റെ മുന്നിലിരുന്ന് പുലമ്പി …

ആശുപത്രി കിടക്കയിൽ വച്ചാണ് ജിഷ്ണുവിന്റെ ഭൂതകാലമുൾപ്പെടെ അവളെല്ലാമറിഞ്ഞത് … ആദിത്യൻ വഴി ..ജിഷ്ണുവിന്റെ ഡോക്ടർ പറഞ്ഞിട്ട് ..

ആശുപത്രി വിട്ടത് അച്ഛനുമമ്മയ്ക്കുമൊപ്പമായിരുന്നു .. ഡൈവോർസിനപ്പുറത്തേക്ക് ഒരു സൊല്യൂഷനും താനും അച്ഛനും അമ്മയും തയ്യാറല്ലായിരുന്നു …

ആ സമയത്ത് ജിഷ്ണു പൂർണമായും സൈക്കാർട്ടിസ്റ്റിന്റെ ചികിത്സക്ക് വിധേയനായി … പിന്നെയും എട്ടൊൻപത് മാസം വൈകിയാണ് ഡിവോർസിന് ഫയൽ ചെയ്തത് ..

ജിഷ്ണു കോടതിയിൽ ഡിവോർസിനെ എതിർത്തു .. പലവട്ടം എല്ലാം ക്ഷമിക്കണമെന്ന അപേക്ഷയുമായി വന്നു .. ഇപ്പോൾ കോടതി വിധി തനിക്കനുകൂലമാകുമെന്ന് അവന് ഉറപ്പുണ്ട് .. അതിനാണ് ഈ വരവും ..

” ഇപ്പോഴും നിങ്ങളുടെ ജീവിതത്തിൽ മറഞ്ഞു കിടക്കുന്ന ഓർമകളുണ്ടെന്ന് എനിക്കറിയാം .. നിങ്ങളുടെ ഡോക്ടർ തന്നെ അതൊക്കെ സമ്മതിച്ചിട്ടുണ്ട് … ഇനിയും എന്നെ കൊല്ലാനും , സംശയിക്കാനും പോന്ന ഭൂതകാലം നിങ്ങളിൽ മറഞ്ഞു കിടപ്പുണ്ടാവാം .. ഇനിയൊരു പരീക്ഷണത്തിന് എനിക്ക് വയ്യ .. എന്നെ വിട്ടേക്ക് …” അവൾ അവന്റെ മുന്നിൽ കൈകൂപ്പി …

ജിഷ്ണുവിന്റെ നെഞ്ച് പൊട്ടി .. അവളെ കൂടാതെ ജീവിക്കാൻ അവനു വയ്യായിരുന്നു ..

” തെറ്റ് ഞങ്ങൾക്കും സംഭവിച്ചിട്ടുണ്ട് .. നിങ്ങളെ കുറിച്ച് ഞങ്ങളുടെ അന്വേഷണങ്ങളിലൊന്നും പഴയതെല്ലാം മറന്നു പോയൊരാളാണ് ജിഷ്ണുവെന്ന് അറിയാൻ കഴിഞ്ഞില്ല .. അങ്ങനെയാരും പറഞ്ഞില്ല .. അധികമാർക്കും അതൊന്നും അറിയില്ലായിരുന്നല്ലോ … ഒരാക്സിഡന്റ് സംഭവിച്ചിരുന്നു എന്ന് ആരോ അച്ഛനോട് പറഞ്ഞിരുന്നു .. അതൊക്കെ സാധാരണമല്ലെ എന്ന് കരുതി അച്ഛൻ വിട്ടു കളഞ്ഞു .. ഇന്നും എന്റെ അച്ഛന് അതോർത്താ സങ്കടം …. പിന്നെ നിങ്ങൾ കഴിഞ്ഞതെല്ലാം മറന്നു പോയത് മറച്ചു വച്ചാണ് എന്നെ വിവാഹം ചെയ്തതെന്നറിഞ്ഞ നിമിഷം .. എല്ലാവരെയും അറിയിച്ച് ആ പടിയിറങ്ങേണ്ടതായിരുന്നു ഞാൻ … അവിടെയായിരുന്നു എനിക്ക് പിഴച്ചു പോയത് ..” ശ്രാവന്തിയുടെ തൊണ്ടയിടറി ..

” ശ്രാവന്തി …. ഇനിയൊരിക്കലും ഞാനതൊന്നും ആവർത്തിക്കില്ല …. ഞാൻ പൊന്നുപോലെ നോക്കിക്കോളാം നിന്നെ …”

” പൊന്നുപോലെ നോക്കിക്കോളാം … നമ്മളൊന്നിച്ചു ജീവിച്ച കാലത്ത് ഒരുപാട് വട്ടം നിങ്ങളിത് എന്നോട് പറഞ്ഞിട്ടുണ്ട് …. എന്നിട്ടോ ?” ശ്രാവന്തി പുച്ഛത്തോടെ ചോദിച്ചു ..

” ശ്രാവന്തീ … ” അവൻ നിസഹായതയോടെ വിളിച്ചു .. ..

” ഒന്ന് ചോദിച്ചോട്ടെ , നിങ്ങളെന്നോട് ചെയ്തതൊക്കെ ഞാനായിരുന്നു ചെയ്തിരുന്നതെങ്കിലോ …? കള്ളം പറഞ്ഞ് വിവാഹം ചെയ്തത് , വിവാഹത്തിനു മുൻപ് ഒരാളുടെ കൂടെ ഭാര്യയായിട്ട് ജീവിച്ചത് ഒക്കെ .. ഞാനായിരുന്നു ചെയ്തിരുന്നതെങ്കിലോ ? നിങ്ങളും നിങ്ങടെ വീട്ടുകാരും സമൂഹവും ആരും ഇതുപോലെ ക്ഷമിക്കാൻ നിങ്ങളോട് പറയില്ല … എന്നെ വലിച്ചു കീറി കൊന്നേക്കാൻ പറയുമായിരിക്കും ….. ” അവൾ അവഞ്ജയോടെ പറഞ്ഞു …

ജിഷ്ണു മിണ്ടിയില്ല …

” ഇക്കാര്യം പറഞ്ഞ് ഇനിയിവിടെ ഇരിക്കണ്ട .. ” അവളുടെ വാക്കുകൾ ഉറച്ചതായിരുന്നു …

” വിധി എനിക്കനുകൂലമാകുന്നതിനെ കുറിച്ച് ശ്രാവന്തി ചിന്തിച്ചിട്ടുണ്ടോ …? ” ജിഷ്ണു അവസാന ശ്രമം എന്ന പോലെ ചോദിച്ചു …

” എങ്കിലും ഞാൻ നിങ്ങടെ കൂടെ വരില്ല .. എന്റെ ഇഷ്ടത്തിന് എനിക്കിഷ്ടമുള്ള സ്ഥലത്ത് ഞാൻ ജീവിക്കും .. ” ശ്രാവന്തി ഒട്ടും ആലോചിക്കാതെ മറുപടി പറഞ്ഞു ..

ജിഷ്ണുവിന്റെ മുഖം കുനിഞ്ഞു .. അവൻ മെല്ലെ എഴുന്നേറ്റു …

” ഇനിയൊരിക്കലും നമ്മൾ കാണാതിരിക്കട്ടെ …..” അവൾ പറഞ്ഞു …

ജിഷ്ണുവിന്റെ നെഞ്ച് വിങ്ങി .. അവന് മനസിലായി .. എത്രകണ്ട് അവൾ തന്നെ സ്നേഹിച്ചിരുന്നുവോ അത്രകണ്ട് അവളിന്ന് തന്നെ വെറുക്കുന്നു …

ഒരു നേർരേഖ പോലെ അവൻ അകന്നു പോകുന്നത് നിറഞ്ഞു തുളുമ്പിയ കണ്ണാലെ ശ്രാവന്തി കണ്ടു …

* * * * * * * * *

കോടതി വിധി ശ്രാവന്തിക്ക് അനുകൂലമായി തന്നെ വന്നു .. എത്രയൊക്കെ നിയന്ത്രിച്ചിരുന്നിട്ടും അവളുടെ ഹൃദയം അറിയാതെ വിങ്ങി … തനിക്കൊപ്പം ഇനിയവനില്ല .. ഒരിക്കൽ എല്ലാമെല്ലാമായിരുന്നവൻ ഇനി തന്റെയാരുമല്ല … കണ്ണുനീരടർന്നെങ്കിലും ഇതാണ് ശരിയെന്ന് അവളുടെ മനസ് പറഞ്ഞു …

**************

നാല് മാസങ്ങൾക്ക് ശേഷം ..

അതൊരു ഞായറാഴ്ചയായിരുന്നു ..

ഉച്ചയോടെ ശ്രാവന്തിയുടെ വീടിന് മുന്നിൽ ഒരു കാർ വന്നു നിന്നു ..

ആദ്യമിറങ്ങിയത് വിശ്വനാഥനായിരുന്നു .. പിൻസീറ്റിൽ നിന്ന് പ്രവീണയും ചിന്തു മോനും .. ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങിയ ആദിത്യൻ പിന്നിലേക്ക് പോയി ഡിക്കി തുറന്ന് ഒരു വീൽചെയർ എടുത്തു കൊണ്ട് വന്നു ഡോറിനടുത്ത് നിവർത്തി വച്ചു .. പിന്നെ അകത്തു നിന്ന് അനഘയെ എടുത്ത് അതിലേക്ക് ഇരുത്തി ..

അപ്പോഴേക്കും ഉദയനും ചന്ദ്രികയും അവരെ സ്വീകരിക്കാനിറങ്ങി വന്നിരുന്നു .. പിന്നാലെ ശിവയും ശ്രാവന്തിയും … അവരെ കണ്ടതും ചിന്തു മോൻ പ്രവീണയുടെ കൈവിട്ട് ഓടിച്ചെന്നു .. ശ്രാവന്തിയവനെ വാരിയെടുത്തു ഉമ്മ

വച്ചു .. പിന്നെ അവനെ ശിവയെ ഏൽപ്പിച്ചിട്ടു അവൾ ചെന്ന് അനഘയുടെ വീൽചെയറിന്റെ പിടിയിൽ പിടിച്ചു .. ആദിത്യൻ മാറിക്കൊടുത്തു ..

എല്ലാവരും അകത്തേക്ക് കയറി ..

” രണ്ട് ദിവസമായി ഇവൾക്കൊരേ വാശി … ഇങ്ങോട്ട് വരണമെന്ന് … ” വിശ്വനാഥൻ അനഘയെ നോക്കി പറഞ്ഞു ..

” അല്ലെങ്കിലും എന്റെ മോൾക്കല്ലെ ഞങ്ങളെ കാണണമെന്ന് തോന്നു .. ” ചന്ദ്രിക അനഘയുടെ ശിരസിൽ തലോടിക്കൊണ്ട് പരിഭവം പറഞ്ഞു ..

പ്രവീണ ചിരിച്ചു കൊണ്ട് വന്ന് ചന്ദ്രികയുടെ കൈ പിടിച്ചു ..

” നീ പരിഭവിക്കണ്ട ചന്ദ്രീ .. ചിലപ്പോ നമ്മളൊക്കെ ഇനിയൊരു കുടുംബം ആകും .. നിങ്ങളു കൂടി മനസു വച്ചാൽ … ” പ്രവീണ ചിരിയോടെ പറഞ്ഞു ..

ചന്ദ്രിക മനസിലാകാതെ പ്രവീണയെ നോക്കി .. പ്രവീണ വിശ്വനാഥനെ നോക്കി കണ്ണ് കാണിച്ചു …

” ഉദയാ ഞങ്ങളൊരു വിവാഹാലോചനയുമായിട്ടാണ് വന്നത് .. ഒരു കാലത്ത് നമ്മൾ രണ്ട് കുടുംബങ്ങളും നടന്നു കാണാനാഗ്രഹിച്ചിരുന്ന ഒരു ബന്ധം .. ഇന്നും എന്റെ മോൻ കാത്തിരിക്കുന്ന പെണ്ണ് ഈ വീട്ടിലുണ്ട് … ” വിശ്വനാഥന്റെ കണ്ണ് ശ്രാവന്തിയുടെ നേർക്ക് നീണ്ടു …

ഒപ്പം മറ്റുളളവരുടെയും …

അവളുടെ നെഞ്ചിൽ പെരുമ്പറ കൊട്ടി .. കാലുകളിൽ ഒരു തരിപ്പ് … അവൾ ആദിത്യന് നേർക്ക് നോക്കി … അവൻ പ്രതീക്ഷയോടെ അവളെ നോക്കിയിരുന്നു ..

ഇനിയും .. ഇനിയുമൊരു വേഷം … ശ്രാവന്തി പെട്ടന്ന് അവിടെ നിന്ന് പിന്തിരിഞ്ഞ് മുകളിലേക്കോടി …

ബാൽക്കണിയിലെ കൈവരിയിൽ കൈയൂന്നി അവൾ പൊട്ടിക്കരഞ്ഞു .. അവളുടെ മനസിൽ ജിഷ്ണുവിന്റെ മുഖമായിരുന്നു .. അവന്റെ പല പല മുഖങ്ങൾ , സ്നേഹിച്ചത് , പരിഭവിച്ചത് , സംശയിച്ചത് ., ഉപദ്രവിച്ചത് .. അങ്ങനെയോരോ മുഖങ്ങൾ …

തൊട്ടരികിൽ ഒരു നിശ്വാസമറിഞ്ഞപ്പോൾ അവൾ തിരിഞ്ഞു നോക്കി ..

ആദിത്യൻ ….!

” ശ്രാവന്തി ….” അവൻ വിളിച്ചു ..

” ഇനി .. ഇനി എനിക്ക് വയ്യ ആദിയേട്ടാ … മതിയായി … എന്നെ നിർബന്ധിക്കണ്ട … ” അവൾ പറഞ്ഞു ..

ആദിത്യന്റെ മുഖം വാടി ….

” എന്നെ നീ അങ്ങനെയാണോ മനസിലാക്കിയിരിക്കുന്നെ …? ” അവൻ വേദനയോടെ ചോദിച്ചു ..

” അതല്ല ആദിയേട്ടാ … എനിക്കറിയാം … ഇക്കഴിഞ്ഞ രണ്ട് വർഷം ആദിയേട്ടനെന്നെ എത്രമാത്രം സപ്പോർട്ട് ചെയ്തുവെന്ന് .. ഒരു പക്ഷെ ആദിയേട്ടനും അനഘ ചേച്ചിയും അങ്കിളും ആന്റിയുമൊന്നുമില്ലായിരുന്നെങ്കിൽ ഞാൻ തകർന്നു തരിപ്പണമായേനെ .. ആ നന്ദിയും കടപ്പാടും ഒക്കെ വാക്കുകളിൽ തീരില്ല ആദിയേട്ടാ ….”

” നന്ദിയും കടപ്പാടും പറയാനാണെങ്കിൽ ഞങ്ങൾക്കങ്ങോട്ടുമില്ലേ ശ്രാവി … നിങ്ങളൊക്കെ വന്നേ പിന്നെയാ എന്റെ അനഘ ആ കിടക്കയിൽ നിന്ന് ഒന്നെഴുന്നേറ്റത് .. ഒരു വീൽചെയറിലേക്കെങ്കിലും മാറാൻ കഴിഞ്ഞത് .. ആ വിഷാദത്തിൽ നിന്ന് റിക്കവറായി തുടങ്ങിയത് .. അതൊക്കെ എത്ര കൂട്ടിയാലും കിഴിച്ചാലും ടാലിയാകാതെ ബാക്കി നിൽക്കുന്ന ഒന്നുണ്ടല്ലോ ശ്രാവന്തി . … ഒരിക്കൽ നമ്മൾ തമ്മിൽ പറയാതെ പോയൊരിഷ്ടം…. അതാണ് ഞാൻ തിരിച്ചു ചോദിക്കുന്നത് .. ഇന്നും മറ്റൊരു വിവാഹത്തിന് പ്രേരിപ്പിക്കാതെ എന്നെ പിന്നോട്ടടിക്കുന്ന ഒരു പാവാടക്കാരിയുണ്ട് മനസിൽ .. ഇവിടെ നീയൊരു നോ പറഞ്ഞാൽ , പിന്നെ ഞാൻ ശല്യമാകില്ല നിനക്ക് .. എപ്പോഴെങ്കിലും മറ്റൊരു വിവാഹവും കഴിക്കും … പക്ഷെ അപ്പോഴും നീയൊരു നോവായി അവശേഷിക്കും .. ചിലപ്പോ നിനക്കും റിഗ്രറ്റ് തോന്നും .. അന്ന് പക്ഷെ തിരിച്ചെടുക്കാൻ പറ്റാതെ ആയി പോയേക്കും .. അതു കൊണ്ട് ഒന്നുകൂടി ആലോചിക്ക് .. “

ശ്രാവന്തി മൗനമായി ..

” ഒരു സുഹൃത്തായി പോലും ആദിത്യന് നിന്റെയരികിൽ വരാൻ കഴിയാത്ത ഒരു നാളെയുണ്ടായാൽ .. ? ഇനിയും നമുക്ക് നമ്മളെ വിധിക്ക് വിട്ടുകൊടുക്കണോ ..?”

അവന്റെ ആ ചോദ്യം അവളുടെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് പെയ്തിറങ്ങി …

* * * * * * * *

കോളിംഗ് ബെൽ ശബ്ദിച്ചപ്പോൾ ലതിക ചെന്ന് വാതിൽ തുറന്നു .. വാതിൽ പടിയിൽ ചാരി ജിഷ്ണു നിൽപ്പുണ്ടായിരുന്നു .. താടിവളർന്നു അവന്റെ നെഞ്ചിൽ മുട്ടിക്കിടന്നു .. മദ്യത്തിന്റെ രൂക്ഷഗന്ധം ലതികയുടെ മുഖത്തടിച്ചു ..

അവർ വാതിൽക്കൽ നിന്ന് മാറി നിന്നു .. ഇതെല്ലാമിപ്പോൾ പതിവാണ് ..

അവൻ ആടിയാടി അകത്തേക്ക് നടന്നു ..

പിന്നെ തിരിഞ്ഞു നിന്നു …

” അറിഞ്ഞോ … ഇന്നവളുടെ കല്യാണമായിരുന്നു …..” അവൻ കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞു കൊണ്ട് അടുത്തു കിടന്ന ചെയറിൽ ആഞ്ഞ് തൊഴിച്ചു .. പിന്നെ സോഫയിലേക്ക് മറിഞ്ഞു വീണു ..

” അവൾ പോവും .. അവളവനെ കിടത്തിയുറക്കിയിട്ട് പോകും .. എന്നെ ചതിച്ച പോലെ ……” അവൻ പുലമ്പിക്കൊണ്ടിരുന്നു …

ലതിക കണ്ണീരോടെ അത് നോക്കി നിന്നു ..

* * ** ** ** *

ആദ്യരാത്രി , മണിയറയിലേക്ക് ശ്രാവന്തിയെ പറഞ്ഞു വിട്ടിട്ട് അനഘ വീൽചെയറുരുട്ടി തന്റെ മുറിയിലേക്ക് വന്നു .. ബെഡിൽ ചിന്തു മോൻ ഉറക്കത്തിലായിരുന്നു ..

കുറേ സമയം അവളത് നോക്കിയിരുന്നു ..

തൊട്ടടുത്ത മുറിയിൽ നിന്ന് ഒരു നേർത്ത സംഗീതം അവളുടെ കാതുകളെ പൊതിഞ്ഞു ..

” ഓരോ ദലവും വിടരും മാത്രകൾ ഓരോ വരയായി … വർണ്ണമായി ..

ഒരു മൺ ചുമരിന്റെ നെറുകയിൽ നിന്നെ ഞാൻ ഒരു പൊൻ തിടമ്പായെടുത്തു വച്ചു ..

ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ മുകുളമായി ….”

അവളുടെ ചുണ്ടിൽ നേർത്തൊരു ചിരി വിടർന്നു ..

വീൽ ചെയറുരുട്ടി അവൾ തന്റെ ജാലകത്തിനരികെ ചെന്നു .. അധികമൊന്നും തുറന്നിട്ടില്ലാത്ത ആ ജനാല അവൾ മെല്ലെ തുറന്നു …

പുറത്തെ ഇരുളിനും നിലാവിനും ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു .. ആകാശത്ത് ശ്രാവണ ചന്ദ്രിക ചിരിതൂകി നിന്നു … അതിനരികിലായി ഒരു കുഞ്ഞ് നക്ഷത്രം … അത് തന്റെ ഏബലാണെന്ന് അവൾക്ക് തോന്നി .. അവനുമിന്ന് സന്തോഷമായിട്ടുണ്ടാവും .. തന്റെ ദുഃഖങ്ങളെല്ലാം അവന്റെത് കൂടിയായിരുന്നല്ലോ .. അത് പോലെ സന്തോഷങ്ങളും …

അവൾ ജനൽ കമ്പിയിലേക്ക് മുഖം ചേർത്തു വച്ചു …

‘ എബീ … എനിക്കിന്ന് ഒരുപാട് സന്തോഷമുള്ള ദിവസമാണ് .. ഇനി എനിക്ക് സമാധാനമായി നിന്റെ അരികിലേക്ക് വരാം …. നമ്മുടെ മോനിനി തനിച്ചാകില്ല … ‘

ഒരു നേർത്ത കാറ്റ് വന്ന് അവളുടെ നെറുകയിൽ തഴുകിക്കൊണ്ടേയിരുന്നു …

അവൾ മെല്ലെ മിഴി പൂട്ടി .. ആ ശ്രാവണ രാത്രി പ്രണയാതുരമായി ചിരിച്ചു …

*  സത്യം മറച്ചു വച്ചു വിവാഹം ചെയ്യുന്നത് ക്രൂരതയാണ് , ക്രൈമാണ് അതാണായാലും പെണ്ണായാലും ..   കല്യാണം കഴിഞ്ഞ് തേനേ പാലേ വിളിച്ചതുകൊണ്ടൊന്നും കുറ്റം കുറ്റമല്ലാതാകില്ല .. അതിനെ ഗ്ലോറിഫൈ ചെയ്യുന്ന എഴുത്തുകൾ കണ്ടിട്ടുണ്ട് ..   അങ്ങനെയുള്ളവരോടാണ് ദേ ഇങ്ങനെയും സംഭവിക്കാം .. 

* നൂറു കള്ളം പറഞ്ഞാലും ഒരു കല്യാണം നടക്കണം എന്ന് പഴഞ്ചൊല്ല് ഉണ്ടാക്കിയവനെയൊക്കെ മുക്കാലിൽ കെട്ടിയിട്ടടിക്കണം എന്നാണ് എൻ്റെയൊരിത് ..

* ഇത് ശ്രാവന്തിയുടെയും ജിഷ്ണുവിന്റെയും പ്രണയകഥയാണ് എന്ന് കരുതി വായിച്ചവർ ക്ഷമിക്കുക .. എന്റെ കഥകൾ വായിച്ചിട്ടുള്ളവർക്ക് അറിയാം ഞാൻ വെറും പ്രേമം എഴുതി പൊലിപ്പിക്കാറില്ല എന്ന് ..    അവർ എന്തെങ്കിലും നടക്കുമെന്ന് പ്രതീക്ഷിച്ചു തന്നെയാണ് വായിച്ചതെന്ന് എനിക്കുറപ്പുണ്ട് ..  

* പെട്ടന്നവസാനിപ്പിച്ചതല്ല .. ജിഷ്ണുവിന്റെ ക്രൂരതകൾ പല പല പാർട്ടായി എഴുതാൻ താത്പര്യമില്ലായിരുന്നു .. ജിഷ്ണുവിന് സംശയരോഗമാണ് എന്ന് നിങ്ങൾക്ക് മനസിലാകണം .. അത്രേയുള്ളു .. സ്ത്രീകൾക്കു നേരെയുള്ള അക്രമം എഴുതി പൊലിപ്പിച്ച് ലൈക്കും കമന്റും വാങ്ങാൻ ഉദ്ദേശിച്ചിരുന്നില്ല ..

* ജിഷ്ണുവിന് സംശയരോഗം വരാനുള്ള സാഹചര്യങ്ങൾ ഏറെയായിരുന്നു ..  ഒരിക്കൽ ഒരു മെൻ്റൽ ഷോക്ക് ഉണ്ടായതും , അന്ന് ഫെയ്സ് ചെയ്ത പ്രശ്നവും എല്ലാം …   ഓർമകളൊക്കെ തിരിച്ചു പിടിച്ച് , ചികിത്സയൊക്കെ പൂർത്തിയാക്കി സാവധാനം ചെയ്യേണ്ട ഒന്നാണ് വിവാഹം .. മറ്റൊരാളെ ലൈഫിലേക്ക് കൊണ്ട് വന്ന് ദ്രോഹിക്കുന്നതല്ല വിവാഹം …

* ശ്രാവന്തിക്ക് ക്ഷമിക്കാമായിരുന്നു എന്ന് പറയുന്നവരോട് … കാലകാലങ്ങളിൽ ക്ഷമിച്ചിട്ടുള്ള പല ശ്രാവന്തിമാരും ഒരു കയറിനറ്റത്തോ അഗ്നിയിലോ തീർന്നിട്ടുണ്ട് .. അത് കൊണ്ട് പെണ്ണുങ്ങളേ നിങ്ങൾ നിങ്ങളെ സ്നേഹിക്കാൻ പഠിക്കു .. ഇതൊക്കെ തിരിച്ചായിരുന്നെങ്കിൽ എന്താകുമായിരുന്നു എന്ന് ചിന്തിക്കൂ ..

* ആദിത്യനെപ്പോലെയുള്ളവരും നമുക്കിടയിലുണ്ട് … പ്രണവിന് പണി കൊടുത്തില്ല എന്ന് അഭിപ്രായമുള്ളവരോട് .. ഒരിക്കൽ തേച്ചിട്ടു പോയവനെ തിരഞ്ഞുപിടിച്ച് പണി കൊടുക്കുന്ന ക്ലിചേ ലൈൻ നമ്മുടെ രീതിയല്ല.. ..

ദപ്പോ ശരി ….  ഇനിയും കാണാം ….

ഞാൻ എന്റെ കാഴ്ചപ്പാടിലൂടെയാണ് കാര്യങ്ങൾ കാണാൻ ശ്രമിച്ചത് .. നിങ്ങളുടെയൊക്കെ അഭിപ്രായങ്ങൾ എന്തായാലും താഴെ പറയുക …    പൊങ്കാല അടുപ്പും കൂട്ടിയിട്ടുണ്ട്  ട്ടൊ

( അവസാനിച്ചു )

സസ്നേഹം

അമ്മൂട്ടി

അമൃത അജയൻ

 

 

അമൃത അജയൻ ന്റെ മറ്റു നോവലുകൾ

ചന്ദ്രനുദിക്കുന്ന ദിക്കിൽ

ഈ സായാഹ്നം നമുക്കായി മാത്രം

4.4/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “ശ്രാവണം – ഭാഗം 13 (അവസാന ഭാഗം)”

  1. നല്ലൊരു സ്റ്റോറി തന്നെയായിരുന്നു ഇതും..ആരെങ്കിലും ഒന്ന് marichinthikkan oruvatamegilum ശ്രമിക്കും.good msg also …

Leave a Reply

Don`t copy text!