സജ്ന അമ്പരന്ന് നിന്നു … ജിഷ്ണുവിന്റെ മുഖത്ത് ഒരു പ്രത്യേക ഭാവമായിരുന്നു …
” കയറിവാ ജിഷ്ണു …….” സജ്ന വിളിച്ചു ..
” ഗണേശ് ?” അവൻ ചോദ്യഭാവത്തിൽ നോക്കി ..
” എഴുന്നേറ്റില്ല …….”
” വിളിക്കവനെ ……” വാതിൽപ്പടിയിൽ കൈ താങ്ങി ജിഷ്ണു നിന്നു ….
സജ്ന അവനെ നോക്കിയിട്ട് ,വേഗം അകത്തേക്ക് നടന്നു …
അവൾ തിരിച്ചു വരുമ്പോൾ ജിഷ്ണു സിറ്റൗട്ടിലെ ചെയറിൽ തല കുനിച്ച് ഇരിക്കുകയാണ് … കൈവിരലുകൾ മുടിയിഴകൾക്കിടയിൽ കടത്തി പിന്നി വലിക്കുന്നു…
സജ്ന അത് നോക്കി വാതിൽക്കൽ തന്നെ നിന്നു ..
ഷർട്ടിന്റെ ബട്ടനുകൾ ഇട്ടു കൊണ്ട് റൂമിൽ നിന്നിറങ്ങി വരുന്ന ഗണേശിനെ പരിഭ്രമത്തോടെ സജ്ന നോക്കി …
കിച്ചണിൽ പോയി രണ്ട് ചായ എടുക്കാൻ അവൻ സജ്നയോട് ആംഗ്യത്തിൽ പറഞ്ഞു … അവൾ ജിഷ്ണുവിനെ ഒന്ന് നോക്കിയിട്ട് കിച്ചണിലേക്ക് പോയി ..
” ജിഷ്ണൂ ……” ഗണേശ് സിറ്റൗട്ടിലേക്ക് കടക്കവെ വിളിച്ചു …
അവൻ മുഖം വലിച്ചുയർത്തി … ഒരു പ്രത്യേക ഭാവത്തിൽ ഗണേശിനെ നോക്കി ..
അവന്റെ മുഖം കണ്ടപ്പോൾ ഗണേശിന് ഒരു ഭയം തോന്നാതിരുന്നില്ല …
എങ്കിലും അത് മറച്ചുകൊണ്ട് അവൻ ജിഷ്ണുവിനെ നേരിട്ടു …
” എന്താടാ … എന്താ പ്രശ്നം …..”
അവൻ പെട്ടന്ന് ,ചെയർ പിന്നിലേക്ക് തള്ളി ചാടി എഴുന്നേറ്റു …
” എനിക്ക് ഓർമ വന്നു … നീലിമ എന്റെ ആരായിരുന്നുവെന്നും ഞാനവൾക്ക് ആരായിരുന്നു എന്നും …..” അവന്റെ ശബ്ദം വല്ലാതെ നനഞ്ഞു പോയി …
ഗണേഷ് നടുങ്ങി വിറച്ച് നിന്നു …
” ജിഷ്ണു ……” അവൻ വാക്കുകൾക്കായി പരതി …
” വേണ്ട …. ഒരു വാക്ക് … ഒരു വാക്ക് നിനക്കെപ്പോഴെങ്കിലും എന്നോട് പറയാമായിരുന്നില്ലെ …. നിങ്ങൾക്കാർക്കെങ്കിലും … ” അവൻ ഭ്രാന്തനെപ്പോലെ അലറി ..
ഗണേശ് മുഖം കുനിച്ചു …
” എന്റെ വിവാഹത്തിന് മുൻപ് എപ്പോഴെങ്കിലും നിനക്ക് പറയാമായിരുന്നില്ലെ , ഞാനൊരു വിവാഹം കഴിച്ചതായിരുന്നു എന്ന്… എനിക്കൊരു ഭാര്യയുണ്ടായിരുന്നു എന്ന് … “
ഹാളിലേക്ക് ചായയുമായി വന്ന സജ്ന ജിഷ്ണുവിന്റെ വാക്കുകൾ കേട്ട് സ്തംബ്ധയായി നിന്നു …
റബ്ബേ………! അവൾ ഉള്ളാലെ വിളിച്ചു …
” എന്താടാ ഒന്നും മിണ്ടാത്തത് … നിന്റെ നാവിറങ്ങി പോയോ …..?” ജിഷ്ണു ഗണേഷിന്റെ ഷർട്ടിന് കുത്തിപ്പിടിച്ചു ..
” വിടടാ …… ” ഗണേശ് അവന്റെ കൈ വലിച്ചെറിഞ്ഞു …
” നിന്നെ സംബന്ധിച്ച് അതൊരു അടഞ്ഞ അദ്ധ്യായമായിരുന്നു .. അത് കൊണ്ട് പറഞ്ഞില്ല .. പഴയ നിന്നെ ഞങ്ങൾക്ക് ആവശ്യമില്ല .. ആ ജിഷ്ണുവിനെ ഇനിയും കാണാൻ വയ്യാത്തത് കൊണ്ട് പറഞ്ഞില്ല ….. അത്ര തന്നെ.. “
” നോ ….. നോ …. ന്യായീകരിക്കരുത് … ഈ ചെയ്തതിന് ഒറ്റ വാക്കേയുള്ളു … ചതി … കൊടും ചതി …..” അവൻ ഗണേഷ് നു നേരെ വിരൽ ചൂണ്ടി …
” എന്ത് ചതി .. നിന്നെ കാത്ത് അവളിരുപ്പുണ്ടോ .. ഓർമയുണ്ടോ നിനക്ക് പഴയതെല്ലാം …. എങ്ങനെ നീയാ ആക്സിഡന്റ് വരെ എത്തിയെന്ന് നീ ഓർത്തെടുത്തോ ….?” ഗണേഷ് അവനെ നോക്കി പരിഹസിക്കും പോലെ ചോദിച്ചു …
ജിഷ്ണു വല്ലാതെ ഗണേഷിനെ നോക്കി .. അവന്റെ കണ്ണുകൾ തുരുതുരെ ചിമ്മിയടഞ്ഞു … ഇനിയുമെന്തൊക്കെയോ ഓർക്കാൻ ബാക്കിയുണ്ടെന്ന പോലെ …
” എന്റെ പെണ്ണ് എവിടെ ….?” ജിഷ്ണുവിന്റെ ശബ്ദം കല്ല് പോലെ ഉറച്ചതായിരുന്നു …
” ശ്രാവന്തി നിന്റെ വീട്ടിൽ കാണും…… ” ഗണേഷ് കൂസാതെ പറഞ്ഞു …
ജിഷ്ണുവിന്റെ മുഖം ചുവന്നു ….
” ഇനിയുമെന്നെ വിഢ്ഡിയാക്കരുത് ഗണേഷ് … എന്റെ നിയന്ത്രണം വിട്ട് നിൽക്കാ …..”
” അപ്പോ എന്റെ ഊഹം ശരി തന്നെ … നീയെല്ലാം ഓർത്തെടുത്തിട്ടില്ല … ആദ്യം നീ സംഭവിച്ചതെല്ലാം ഓർത്തെടുക്ക് …..”
” ഗണേഷ് നീ പറയുന്നുണ്ടോ …..” ജിഷ്ണു അടുത്ത് കിടന്ന ചെയറിൽ ആഞ്ഞ് തൊഴിച്ചു …
” പറയാനെനിക്ക് മനസില്ല .. നീ തന്നെ സംഭച്ചതെല്ലാം പൊടി തട്ടിയെടുക്ക് … ഓർമിക്കാൻ ഞാൻ നിനക്കൊരു മരുന്ന് തരാം ….” അത്രയും പറഞ്ഞിട്ട് ഗണേശ് അകത്തേക്ക് പോയി …
കൈയിൽ ഫോണുമായിട്ടാണ് തിരികെ വന്നത് …. ഫോണിലെന്തോ തിരഞ്ഞ് അവൻ ജിഷ്ണുവിന്റെ നേർക്ക് പിടിച്ചു കൊടുത്തു ….
” ഓർമയുണ്ടോ …….?”
ജിഷ്ണു അതിലേക്ക് നോക്കി … അവന്റെ കലങ്ങിയ കണ്ണുകളിലെ തിരയിളക്കം ഗണേഷ് കണ്ടു …
ജിഷ്ണുവിന് തന്റെ തല പൊട്ടിപ്പിളരുന്ന പോലെ തോന്നി … തലയോട്ടിയിലാരോ കൂടം കൊണ്ടടിക്കുന്ന പോലെ .. ആയിരം നരിച്ചീറുകൾ ഒരുമിച്ച് വന്ന് തന്റെ തലച്ചോർ കൊത്തിപ്പറിക്കുന്ന പോലെ …
അവന്റെ ഓർമകളുടെ സഞ്ചാരം പിറകിലേക്ക് കുതിച്ചു പാഞ്ഞു….
* * * * * * * * * * * * * * * *
” ജീഷ്ണു…. മീറ്റ് മിസ്.നീലിമ പി നായർ .. പ്രോജക്ട് വർക്കിനു വേണ്ടി വന്ന കുട്ടിയാണ് … സീ , നീലിമ മാത്രേയുള്ളു .. അവൾടെ കൂടെയുള്ളവരൊക്കെ പ്രോജക്ട് കഴിഞ്ഞു പോയി … ഇവളൊരു ആക്സിഡന്റ് പറ്റി റെസ്റ്റിലായിരുന്നു .. ജിഷ്ണുവിന്റെ ടീമിലാ .. ഒന്ന് ശ്രദ്ധിച്ചോണം .. ഹെൽപ്പ് ചെയ്യണം .. നമ്മുടെ വൈശാഖ് സർ ന്റെ സിസ്റ്റർ ഇൻ ലോയാണ്….. സർ ന്റെ പ്രത്യേക റെക്കമെന്റേഷനുണ്ട് ജിഷ്ണുവിനെ തന്നെ ഏൽപ്പിക്കണമെന്ന് .” ഒരു എനർജി പ്രോജക്ടിന്റെ അവസാന വട്ട തിരക്കുകളിലായിരുന്ന ജിഷ്ണുവിന്റെ അടുത്തേക്ക് മേഘ്ന , നീലിമയെ കൂട്ടി വന്നു കൊണ്ട് പറഞ്ഞു ..
നീലിമ …
ആദ്യനോട്ടത്തിൽ തന്നെ അവളുടെ വെള്ളാരം കണ്ണുകളും , നേർത്ത വര പോലെയുള്ള വയലറ്റ് ചുണ്ടുകളും ജിഷ്ണുവിനെ ആകർഷിച്ചു …
താൻ പൂർത്തിയാക്കി കൊണ്ടിരുന്ന പ്രോജക്റ്റിൽ , വളരെ വൈസായൊരു സജഷൻ തന്നു കൊണ്ടാണ് ആദ്യ ദിവസം തന്നെ തന്റെ ശ്രദ്ധയവൾ പിടിച്ചു പറ്റിയത് …
ഒരു സ്റ്റുഡന്റ് എന്നതിനപ്പുറത്തേക്ക് , ജിഷ്ണുവിന് അവളോടൊരു അടുപ്പം തോന്നാൻ അധിക സമയം വേണ്ടി വന്നില്ല ..
ആ ദിവസങ്ങൾ അവനേറെ പ്രിയപ്പെട്ടതായി മാറുകയായിരുന്നു ..
മനസിലെ ഇഷ്ടം പറയാൻ വയ്യ .. തന്റെ എംഡി യുടെ സിസ്റ്ററിൻലോ .. ആ കുട്ടിക്ക് അതിഷ്ടമായില്ലെങ്കിൽ , എങ്ങാനും മുകളിലേക്ക് കംപ്ലയിന്റ് പോയാൽ തന്റെ കഥ കഴിഞ്ഞു …
ഒരു ദിവസം അവൻ കണ്ടത് കമ്പ്യൂട്ടറിൽ നോക്കിയിരുന്ന് കണ്ണു തുടയ്ക്കുന്ന നീലിമയെ ആണ് … ആദ്യം കരുതിയത് കണ്ണിനെന്തെങ്കിലും പ്രശ്നമുണ്ടാവും എന്നായിരുന്നു … പക്ഷെ പിന്നെ തോന്നി … അതങ്ങനെയല്ല … അവളെ എന്തോ പ്രശ്നം അലട്ടുന്നുണ്ടെന്ന് …
അവനടുത്ത് ചെന്ന് കാര്യമന്വേഷിച്ചു .. ആദ്യമൊന്നും പറയാൻ കൂട്ടാക്കിയില്ലെങ്കിലും പിന്നീട് അവൾ പറഞ്ഞു ..
നാളെ കഴിഞ്ഞ് അവളുടെ പ്രോജക്ട് തീർന്ന് പോവുകയാണെന്ന് … ഇത്രയും ദിവസം, ഇവിടെ അവൾക്കേറെ പ്രിയപ്പെട്ടതായിരുന്നെന്ന് .. ഇവിടെയുള്ളവരെ വിട്ട് പോകാൻ വയ്യെന്ന് …
അപ്പോഴും അവർക്കിടയിൽ പറയാത്തതായി എന്തോ ഒന്ന് ബാക്കി നിന്നു …
ജിഷ്ണുവിന്റെ നെഞ്ചിലും ഒരു ഭാരം അനുഭവപ്പെട്ടു .. നാളെ കഴിഞ്ഞ് അവൾ വരില്ലെന്നത് അവനെ വല്ലാതെ മുറിപ്പെടുത്തി കൊണ്ടിരുന്നു ..
ഓഫീസിലെ അവൾക്ക് അടുപ്പമുള്ള സ്റ്റാഫുകൾക്ക് അവളെന്തൊക്കെയോ കുഞ്ഞു കുഞ്ഞു ഗിഫ്റ്റുകൾ സമ്മാനിച്ചു ..
” ഇത്രയും ദിവസം ഹെൽപ്പ് ചെയ്തതിന് എനിക്ക് ഗിഫ്റ്റൊന്നുമില്ലേ … ” ക്യാബിനിൽ , റെക്കോർഡ്സ് സൈൻ ചെയ്യിക്കാൻ വന്നപ്പോൾ തമാശ രൂപേണേ ജിഷ്ണു ചോദിച്ചു ..
അവളതിന് മറുപടി നൽകിയത് അവന്റെ കവിളിൽ തന്റെ ചുണ്ടുകൾ കൊണ്ടാണ് ..
റെക്കോർഡ്സ് എടുത്ത് , ക്യാബിനു പുറത്തേക്ക് നടന്നിട്ട് ഗ്ലാസ് ഡോറിനരികിൽ നിന്ന് അവളൊരിക്കൽ കൂടി തിരിഞ്ഞു നോക്കി .. ആ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു ..
അതുവരെയുള്ള അവളുടെ കണ്ണീർ തനിക്കുള്ളതായിരുന്നെന്ന് ആ നിമിഷം ജിഷ്ണുവിന് മനസിലായി .. അവന്റെ സന്തോഷം ഉന്നതങ്ങളിലായിരുന്നു ..
അന്ന് വൈകുന്നേരം , പുറത്തു വച്ചു സംസാരിക്കാൻ വരുമോ എന്ന അവന്റെ ചോദ്യത്തിന് , ഒരു പാട് നാളായി ആ വിളിക്ക് കാതോർത്തിരിക്കുന്ന പെണ്ണിന്റെ മുഖത്തെ സന്തോഷമായിരുന്നു മറുപടി ..
പരസ്പരം മനസു തുറന്ന് തങ്ങളുടെ ഇഷ്ടം പങ്കിട്ടു കൊണ്ടാണ് അന്നവർ പിരിഞ്ഞത് .. അവൾ ഓഫീസിൽ നിന്ന് സന്തോഷത്തോടെയാണ് യാത്രയായതും ..
അവൾ പോയിയെങ്കിലും അവർക്കിടയിലെ ബന്ധം ദൃഢമായിരുന്നു .. എല്ലാ ദിവസവും വിളിക്കും … വീക്കെന്റുകളിൽ തമ്മിൽ കാണും …
അവളുടെ കോഴ്സ് കംപ്ലീറ്റായി കഴിഞ്ഞ് , വൈശാഖ് സാറിന്റെ ചരടു വലിയിൽ വൈകാതെ തന്നെ അവൾ തിരിച്ച് ഓഫീസിലേക്ക് വന്നു …
അധികമാരുമറിയാതെ അവരുടെ പ്രണയം തളിർത്തു കൊണ്ടിരുന്നു … വൈശാഖ് സർ പ്രമോഷനോട് കൂടി , വിദേശത്തേക്ക് പോയതോടെയാണ് അവർക്കിടയിലെ പ്രണയം പരസ്യമായത് .. പിന്നീട് അവരുടെ ദിവസങ്ങളായിരുന്നു …
പക്ഷെ വളരെ പെട്ടന്ന് തന്നെ നീലിമയുടെ വീട്ടിൽ വിഷയമറിഞ്ഞു .. സാമ്പത്തികമായി ജിഷ്ണുവിനേക്കാൾ ഒരു പാട് ഉയർന്ന കുടുംബത്തിലേതായിരുന്നു നീലിമ … രണ്ട് സർക്കാരുദ്യോഗസ്ഥരുടെ , എഞ്ചിനിയറായ മകന് അവളെ വിവാഹം ചെയ്ത് കൊടുക്കാൻ പരമ്പരാഗത ബിസിനസ് കുടുംബമായ നീലിമയുടെ കുടുംബത്തിന് സമ്മതമല്ലായിരുന്നു ..
അവർ എതിർത്തു .. കമ്പനിയിൽ നിന്ന് നീലിമയെ റിസൈൻ ചെയ്യിച്ചു …
അവളെയൊന്ന് കോൺടാക്ട് ചെയ്യാൻ പോലുമാകാതെ ജിഷ്ണുവിന് പിൻവാങ്ങേണ്ടി വന്നു …
പക്ഷെ ഒരു ദിവസം സന്ധ്യക്ക് , ഒരു ബാഗുമായി അവൻ താമസിച്ചിരുന്ന സ്ഥലത്തേക്ക് അവൾ കയറി വന്നു … ഇനിയൊരു മടക്കമില്ലെന്ന് അവനെ ചുറ്റിപ്പിടിച്ച് അവൾ പറഞ്ഞു …
പിറ്റേന്ന് തന്നെ സുഹൃത്തുക്കൾ ചേർന്ന് , രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹം നടത്തി … നീലിമയൊത്തുള്ള ജിഷ്ണുവിന്റെ ആദ്യരാത്രി ഗണേഷിന്റെ വീട്ടിൽ വച്ചായിരുന്നു ..
തൊട്ടടുത്ത് റെന്റിന് കൊടുക്കുന്ന വീടിന്റെ മുകൾ നില , ഗണേഷ് തന്നെയാണ് ജിഷ്ണുവിന് റെഡിയാക്കി കൊടുത്തത് ..
ജിഷ്ണുവിന്റെ വീട്ടിൽ വിവരങ്ങൾ അറിയിക്കുക എന്നതായിരുന്നു മറ്റൊരു കടമ്പ .. ഒരു പ്രണയമായിരുന്നുവെങ്കിൽ ഒരു പ്രശ്നവുമില്ലാതെ വീട്ടിൽ അവതരിപ്പിക്കാമായിരുന്നു .. ഇതിപ്പോ വിവാഹം കഴിഞ്ഞിട്ട് ചെന്നാൽ അമ്മയും അച്ഛനും ആട്ടിയിറക്കി വിടും .. സാവധാനം വീട്ടിൽ അവതരിപ്പിക്കാമെന്ന് അവർ തീരുമാനമെടുത്തു …
എന്താവശ്യത്തിനും ഒരു കൈയ്യകലത്തിൽ പരിചാരകരുള്ള സുഖലോലുപമായ ജീവിതത്തിൽ നിന്നും , വാടക വീടിന്റെ ഒറ്റ നിലയിൽ , ഒരാളുടെ മാത്രം അഞ്ചക്ക ശമ്പളത്തിലൊതുങ്ങിയ ജീവിതത്തിലേക്ക് പറിച്ചു നടുകയായിരുന്നു നീലിമയുടെ ജീവിതം …
ആദ്യമൊക്കെ അതൊരു ആവേശമായിരുന്നുവെങ്കിലും പിന്നെ പിന്നെ ചെറിയ ചെറിയ പ്രശ്നങ്ങൾ തല പൊക്കി തുടങ്ങി ..
ജിഷ്ണുവിനൊപ്പം കമ്പനിയിൽ തിരിച്ചു കയറാൻ അവൾ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി .. വൈശാഖ് കമ്പനിയിലില്ലെങ്കിലും അയാളുടെ അവിടുത്തെ ഹോൾഡ് വലുതായിരുന്നു … നീലിമക്ക് കമ്പനിയിൽ തിരിച്ചു കയറാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല , ജിഷ്ണുവിന് ജോലി സംബന്ധമായ പല പ്രശ്‌നങ്ങളും നേരിടേണ്ടി വന്നു …
അതിനിടയിൽ കുറേ ശ്രമിച്ചതിന്റെ ഭലമായി ടെക്നോയിലെ മറ്റൊരു കമ്പനിയിൽ നീലിമ കയറി …
തട്ടിയും മുട്ടിയും മൂന്നു മാസം കഴിച്ചു കൂട്ടി … ജിഷ്ണുവിന്റെ കമ്പനിയിലെ പ്രശ്നങ്ങൾ അവനെ വല്ലാതെ ഉലച്ചിരുന്നു … ആ മാസം അവന്റെ സാലറി തന്നെ തടഞ്ഞു വച്ചു …
നീലിമയാഗ്രഹിച്ചത് പോലെ വീക്കെന്റുകൾ യാത്ര ചെയ്ത് തീർക്കാനും , രാത്രികളിൽ ബൈക്കിൽ ആർത്തുല്ലസിച്ചു നടക്കാനുമൊന്നും കഴിഞ്ഞില്ല … ഓഫീസ് വീട് , വീട് ഓഫീസ് അതിലേക്ക് ചുരുങ്ങിയിരുന്നു അവരുടെ ജീവിതം ..
ആ കമ്പനിയിൽ നിന്ന് റിസൈൻ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു പിന്നീട് ജിഷ്ണു .. അവനാകെ തകർന്നു പോയിരുന്നു … അതിനിടയിൽ അവളുടെ പിടിവാശികൾ അവൻ അവഗണിച്ചു …
അവർക്കിടയിലെ വഴക്ക് തീർക്കുന്നത് ഗണേഷും സജ്നയുമായിരുന്നു …
പതിയെ പതിയെ , പരാതികളുമായി ഗണേഷിന്റെയും സജ്നയുടെയും അടുത്തേക്കുള്ള നീലിമയുടെ വരവുകൾ നിലച്ചു …
ജിഷ്ണുവും നീലിമയും .. ഒരേ വീട്ടിൽ ഭാര്യാഭർത്താക്കന്മാരായി ചടങ്ങു പോലെ ജീവിതം മുന്നോട്ടു നീക്കി …
പിന്നെയും ഒന്നര മാസം കൂടി കടന്നു പോയി … അന്ന് ആ ദിവസം … അവന് ഏറ്റവും സന്തോഷമുള്ള ദിവസമായിരുന്നു .. തടഞ്ഞുവച്ച സാലറി റിലീസ് ചെയ്തു കിട്ടി , ആ കമ്പനിയിൽ നിന്ന് റിസൈൻ ചെയ്തു …
സുഹൃത്ത് വഴി മറ്റൊരു കമ്പനിയിലേക്ക് ഉള്ള മാറ്റം ഏതാണ്ട് ഉറപ്പ് തന്നെയായിരുന്നു .. പേപ്പറുകൾ ശരിയാകാനുള്ള താമസമേയുള്ളു …
സന്തോഷത്തോടെ അന്നവൻ സുഹൃത്തുക്കളോട് യാത്ര പറഞ്ഞു ..
” ഇനി വേണം എനിക്ക് ജീവിച്ചു തുടങ്ങാൻ .. പാവം എന്റെ നീലു .. അവൾ ഞാൻ കാരണം ഒരുപാട് വിഷമിക്കുന്നുണ്ട് … കഴിഞ്ഞതൊക്കെ കഴിഞ്ഞു .. ഇനി അവളെയെനിക്ക് പൊന്നു പോലെ നോക്കണം .. അവളാഗ്രഹിച്ചിരുന്ന പോലെ .. കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങളേ അവൾക്കുള്ളു .. അതെല്ലാം നടത്തിക്കൊടുക്കണം .. ഞാനിപ്പോ വീട്ടിലേക്ക് പോകുവാ .. വൈകിട്ട് എന്റെ വീട്ടിലാ ഡിന്നർ … എല്ലാവരും വന്നോണം .. പിന്നെ നീലുവിനെ കണ്ടാൽ ഒന്നും പറയണ്ട .. അവളോട് പറയാതെയാ ഞാൻ പോകുന്നേ ..അവള് വരുമ്പോ ഒരു സർപ്രൈസ് ആയിക്കോട്ടെ … ” അവൻ സന്തോഷത്തോടെ പറഞ്ഞു …
പാർട്ടിക്കുള്ള സാധനങ്ങളെല്ലാം വാങ്ങി , ഡിന്നറിനുള്ള ഫ്രൈഡ് റൈസിനും ചിക്കനും ആവശ്യമായ സാധനങ്ങൾ , ഷാംപെയ്നുകൾ , കേക്ക് .. എല്ലാം വാങ്ങി അവൻ വീട്ടിലേക്ക് ചെന്നു ..
സ്പെയർ കീ ഉപയോഗിച്ച് ,ഡോർ തുറന്ന് അകത്തു കയറിയ അവന്റെ നോട്ടം തന്റെ ബെഡ് റൂമിലെ പാതി ചാരിയ വാതിൽക്കലേക്കാണ് നീണ്ടു പോയത് ..
അവനെ നടുക്കിക്കൊണ്ട് അവിടെ നിന്നുയർന്ന സീൽക്കാരങ്ങൾ .. പാതിയടഞ്ഞ വാതിലിനിടയിലൂടെ , തമ്മിൽ പിണഞ്ഞു കിടക്കുന്ന നാല് നഗ്നമായ കാലുകൾ അവൻ കണ്ടു …
കൈയ്യിലിരുന്ന കിറ്റുകൾ നിലംപതിച്ചു …
ഓഫീസിൽ നിന്നെത്തിയ പാടെ വൈകിട്ടത്തെ ഡിന്നറിന് വേണ്ടി , സഹായിക്കാൻ സജ്നയും ഗണേഷും ജിഷ്ണുവിന്റെ വീട്ടിലേക്ക് ചെന്നു …
തുറന്നു കിടന്ന വാതിലിലൂടെ അകത്ത് ചെന്നവർ കണ്ടത് , തന്റെ ബെഡ് റൂമിന്റെ അടഞ്ഞ വാതിലിനു മുന്നിൽ , നിലത്ത് എല്ലാം തകർന്നവനെ പോലെ ഇരിക്കുന്ന ജിഷ്ണുവിനെയാണ് … തൊട്ടു മുന്നിൽ അരിയും ചിക്കനും വെജിറ്റബിൾസും കേക്കുമെല്ലാം ചിതറി കിടപ്പുണ്ട് …
” എന്താടാ ……”
ഗണേഷിന്റെ ചോദ്യത്തിന് കൈയ്യിൽ മുറുക്കി പിടിച്ചിരുന്ന കീ അവൻ നിലത്തേക്കെറിഞ്ഞു …
ജിഷ്ണുവിനെ പിടിച്ചു മാറ്റി , കീയെടുത്ത് റൂം തുറന്ന ഗണേഷും സജ്നയും കണ്ടത് നീലിമയെയും അവൾക്കൊപ്പം മറ്റൊരു ചെറുപ്പക്കാരനേയുമാണ് ….. അവളുടെ കമ്പനിയിലെ സിഇഒ ..
അവന്റെ മുഖം ഒരു പ്രകമ്പനത്തോടെ ജിഷ്ണു വീണ്ടും വീണ്ടും ഗണേഷിന്റെ കൈയിലിരുന്ന ഫോൺ സ്ക്രീനിൽ കണ്ടു …
അന്ന് തടയാൻ ശ്രമിച്ച ഗണേഷിനെ തള്ളി മാറ്റി , ബൈക്കെടുത്തു പോയി മൂക്കു മുട്ടെ കുടിച്ചു … ജീവിതത്തിലാദ്യമായി ..
ബാറിൽ നിന്നിറങ്ങി , ലക്ഷ്യമില്ലാതെ ബൈക്കോടിച്ചു , റോഡിലെ ഡിവൈഡറിൽ ഇടിച്ച് തെന്നി തെറിച്ച് മൂന്നോ നാലോ മലക്കം മറിഞ്ഞ് ബൈക്കും അവനും റോഡിന്റെ രണ്ടറ്റങ്ങളിലായി വീണു ..
ആശുപത്രിയിൽ നിന്ന് സ്വബോധത്തിലേക്ക് വരുമ്പോൾ പഴയ ഓർമകളൊന്നും അവനില്ലായിരുന്നു ..
ജിഷ്ണുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി …
ഗണേഷ് അവനെ ആശ്വസിപ്പിക്കാനെന്ന വണ്ണം തോളിൽ സ്പർശിച്ചു ..
ഒരു ഫയൽ അവന്റെ നേരെ നീട്ടി ..
ജിഷ്ണു ഗണേഷിനെ നോക്കി …
” ദാ … നിന്റെ വിവാഹം നടന്നതിന്റെ പേപ്പറുകളാണ് … ആറ് മാസത്തെ വാലിഡിറ്റിയേ വിവാഹത്തിനുണ്ടായിരുന്നുള്ളു … തുടർന്ന് അത് നിലനിർത്താനുള്ളതൊന്നും നിങ്ങൾ ചെയ്തിരുന്നില്ലല്ലോ … ഇന്നിത് വെറും കടലാസുകളാണ് … വെറും കടലാസ് .. ജീവിതത്തിനും മരണത്തിനുമിടയിൽ നിന്ന് തിരിച്ചു വന്ന നിന്നോട് ഇതൊന്നും പറയാൻ ഞങ്ങൾക്ക് ഒരു താത്പര്യവുമില്ലായ്രുന്നു … വേണ്ടാ എന്ന് ഞങ്ങൾ സുഹൃത്തുക്കൾ തന്നെ എടുത്ത തീരുമാനമാണ് … നിന്റെ വീട്ടിലും അറിയിച്ചില്ല …. “
” അവളിപ്പോ …? ” ജിഷ്ണു ചോദിച്ചു ..
” അവളെ അവളുടെ വീട്ടുകാര് വന്ന് കൊണ്ടുപോയി … ഇപ്പോ വിവാഹമുറപ്പിച്ചിരിക്കുവാ …”
ജിഷ്ണു ഗണേഷിന്റെ മുഖത്തേക്ക് നോക്കി ..
” ഇവിടുന്ന് പോയേ പിന്നെ , പൂനൈയിലോ മറ്റോ ബന്ധുവിന്റെ അടുത്തായിരുന്നു .. ഇപ്പഴാ തിരിച്ചു വന്നത് .. അവരുടെ കമ്പനിയിലെ പുതിയ യങ് ആൻഡ് എലിജിബിൾ ആയ ബിസിനസ് ഓർഗനൈസറുമായിട്ട് .. അവരുടെ ബിസിനസിന്റെ നട്ടെല്ല് തന്നെ ആ ചെറുപ്പക്കാരനാ .. ഇപ്പോ ഗൾഫിലോ മറ്റോ രണ്ട് ഷോറൂമുകൂടി തുറക്കാൻ പോകുന്നെന്ന് കേട്ടു .. അടുത്ത മാസമോ മറ്റോ ആണ് വിവാഹം … “
ജിഷ്ണു മിണ്ടാതിരുന്നു …
” നീയതൊക്കെ മറന്നേക്ക് .. ഒരിക്കലും നീ തിരിച്ചു പിടിക്കരുതെന്ന് ഞാനാഗ്രഹിച്ച കാര്യങ്ങളാ ഇതൊക്കെ ….”
ജിഷ്ണു ചെയറിലേക്ക് ചാരിക്കിടന്നു …
” ജിഷ്ണു … നീ ശ്രാവന്തിയെ വിളിക്ക് … ഇന്നലെയും , ദാ ഇപ്പോഴും ആ കുട്ടി എന്നെ വിളിച്ചു നീ ഇവിടെ വന്നോന്നറിയാൻ … ഞാൻ ഇല്ലന്നാ പറഞ്ഞെ .. നീ തന്നെ വിളിച്ച് അവളെ സമാധാനിപ്പിക്ക് .. അതിനെ സങ്കടപ്പെടുത്തരുത് .. ഒരീശ്വരന്മാരും പൊറുക്കില്ല നിന്നോട് .. അത്ര വലിയൊരു ചതി അതിനോട് ഇപ്പോ തന്നെ ചെയ്തിട്ടുണ്ട് … ” സജ്ന പറഞ്ഞു ..
ജിഷ്ണുവിന്റെ നെഞ്ച് നീറി … ശ്രാവന്തിയുടെ നിറഞ്ഞ കണ്ണുകൾ അവന്റെ കണ്മുന്നിൽ തെളിഞ്ഞു …
അവൻ ഫോണെടുത്തു കൊണ്ട് എഴുന്നേറ്റു …
* * ** * * * *
ഗണേഷിന്റെ വീട്ടിൽ നിന്ന് ഫ്രഷായി വൈകുന്നേരത്തോടെയാണ് ജിഷ്ണു തിരുവനന്തപുരത്തു നിന്ന് തിരിച്ചത് ..
ശ്രാവന്തിയോട് കഴിഞ്ഞതൊന്നും പറയണ്ട എന്നായിരുന്നു ഗണേഷും സജ്നയും ഉപദേശിച്ചത് …
നീലിമ എന്ന അദ്ധ്യായം തന്നെ അടഞ്ഞതാണ് … ഇത് ജിഷ്ണു ജയചന്ദ്രന്റെ രണ്ടാം ജന്മം .. ശ്രാവന്തിയുടെ ഭർത്താവായ ജിഷ്ണു …
രാത്രിയോടെ ജിഷ്ണുവിന്റെ കാർ ഗേറ്റ് കടന്ന് വന്നു …
സിറ്റൗട്ടിൽ തന്നെ ശ്രാവന്തി ഉണ്ടായിരുന്നു … അവളുടെ മുഖം മ്ലാനമായിരുന്നു ..
തന്നോടുള്ള പരിഭവം അവനാ കണ്ണുകളിൽ കണ്ടു …
” നീയിതെന്ത് പോക്കാടാ പോയത് …. ഈ കൊച്ച് എന്ത് മാത്രം കരഞ്ഞു … ” ലതികയും ജയചന്ദ്രനും അവനെ വളഞ്ഞു ..
അവരോടെന്തൊക്കെയോ പറഞ്ഞു അവൻ ശ്രാവന്തിയേയും കൂട്ടി തടിതപ്പി ..
റൂമിലെത്തിയിട്ടും ശ്രാവന്തി ഒന്നും മിണ്ടിയില്ല …
ജിഷ്ണു ഡോർ അടച്ചിട്ട് അവളുടെ അടുത്ത് വന്നു ..
കണ്ണുകൾ നിറഞ്ഞു തുളുമ്പിയെങ്കിലും അവളവനെ നോക്കാതെ മുഖം തിരിച്ചു …
ജിഷ്ണു അവളുടെ താടി തുമ്പിൽ തൊട്ടു …
” വേണ്ട … ” അവൾ അവന്റെ കൈയെടുത്തു മാറ്റിയതോടൊപ്പം ഏങ്ങി കരഞ്ഞു …
” പഴയ ജിഷ്ണുവേട്ടനല്ല രണ്ട് ദിവസമായിട്ട് എന്റെ മുന്നിൽ … എനിക്കുറപ്പാ … ട്രിവൻട്രത്ത് പോയേപ്പിന്നെ ജിഷ്ണുവേട്ടൻ ഒരു പാട് മാറി .. പറ എന്നോട് എന്താന്ന് …. പറ …..” അവൾ പൊട്ടിക്കരഞ്ഞു …
അവൻ പെട്ടന്ന് അവളെ കെട്ടിപ്പിടിച്ചു .. പിന്നെ ആ നെറ്റിയിലും കവിളിലും മുഖത്തുമെല്ലാം തുരു തുരെ ചുംബിച്ചു …
” നിന്റെ ജിഷ്ണുവേട്ടൻ തന്നെയാ ഇത് … നിന്റെ മാത്രം … ” അവൻ അവളുടെ കാതിൽ മന്ത്രിച്ചു …
” എന്തിനാ എന്നെ വേദനിപ്പിച്ചേ …..” അവളവന്റെ നെഞ്ചിൽ ചേർന്നു നിന്നു ചോദിച്ചു ….
” സോറി … “
അവളവന്റെ മുഖത്തേക്ക് നോക്കി …
” എന്തിനാ വീണ്ടും ട്രിവാൻട്രത്ത് പോയെ .. ഓഫീസിലെ ആവശ്യമല്ലെന്ന് നിക്ക് അറിയാം …..” അവളവന്റെ ഷർട്ടിന്റെ ബട്ടണുകൾ അഴിച്ചു കൊണ്ട് ചോദിച്ചു …
” അന്നവിടെ ചെന്നപ്പോ എന്തോ കുറേ ഓർമകളൊക്കെ ഡിസ്റ്റർബ് ചെയ്തു … ഒക്കെ പോട്ടെ …. അതൊന്നും നമുക്കാവശ്യമില്ല ……” അവൻ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് പറഞ്ഞു …
” ഓർമകളോ …..” അവൾ വേവലാതിയോടെ അവനെ നോക്കി ..
” ഒന്നൂല്ലടോ … വെറുതേ ഓരോ തോന്നലുകൾ .. അതൊക്കെ പോയി … നമുക്ക് നമ്മുടെ കുഞ്ഞു ലോകം മതി … നീയും ഞാനും മാത്രമുള്ള നമ്മുടെ ലോകം ….” അവന്റെ കൈകൾ അവളെ ഇറുകെ പുണർന്നു ..
* * * * * * * * * * * *
അർദ്ധരാത്രിയിലെപ്പോഴോ , ശ്രാവന്തിയെ വാരി ചുറ്റിക്കിടന്ന ജിഷ്ണു ഏതോ ദുഃസ്വപ്നത്താൽ കണ്ണു തുറന്നു…
ഏതോ പുരുഷനൊപ്പം ചേർന്നു നിന്ന് തന്നെ നോക്കി അട്ടഹസിക്കുന്ന നീലിമ …
അവൻ കണ്ണുകൾ ഇറുക്കെയടച്ച് ശ്രാവന്തിയെ ചേർത്തു പിടിച്ചു ….
* * * * * * * * * * *
പിറ്റേ ദിവസം വൈകുന്നേരം ശ്രാവന്തിയെ ബസ് സ്റ്റാന്റിൽ നിന്ന് കൂട്ടി വരുമ്പോൾ ജിഷ്ണു പറഞ്ഞു ..
” നമുക്കൊരു സിനിമക്ക് പോകാം … “
” ഇപ്പഴോ …..?”
” വീട്ടിൽ പോയിട്ട് വരാം .. 8 മണിയുടെ ഷോയ്ക്ക് …”
” ഓക്കെ …”
വീട്ടിൽ വന്ന് ഭക്ഷണമൊക്കെ കഴിച്ചിട്ട് അവർ സിനിമക്ക് പോകാനിറങ്ങി …
” ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടോ ജിഷ്ണുവേട്ടാ …? ” കാറിലിരിക്കുമ്പോൾ അവൾ ചോദിച്ചു ..
” ഇല്ല ……”
” നമുക്ക് ടോവിനോടെ മൂവിക്ക് കയറിയാൽ മതി ….” അവൾ പറഞ്ഞു ..
” അതെന്താ .. താൻ ടോവിനോ ഫാനാണോ ..?”
” എനിക്കിഷ്ടാ…. ” അവൾ ചിരിച്ചു …
” ശരി .. അതിനു തന്നെ കയറിക്കളയാം … “
” നമ്മുടെ ആദിയേട്ടന് ടോവിനോയുടെ കട്ടുണ്ട് .. ശ്രദ്ധിച്ചിട്ടുണ്ടോ ….” അവൾ ചോദിച്ചു …
” ഇല്ല …..”
അവൾ പുറം കാഴ്ചകളിലേക്ക് മിഴിയയച്ചിരുന്നു …
” തനിക്ക് ആദിത്യനെ പ്രപ്പോസ് ചെയ്തിരുന്നു അല്ലെ … “
” അതങ്ങനെ സ്ട്രോങ് ഒന്നുമല്ലാരുന്നു .. പണ്ടങ്ങനെ അനഘ ചേച്ചി പറയുമായിരുന്നു … “
” അതെന്താ .. നിങ്ങൾ തമ്മിൽ ഇഷ്ടത്തിലായിരുന്നോ ….?”
ശ്രാവന്തി ഞെട്ടലോടെ ജിഷ്ണുവിനെ നോക്കി …
” താൻ ബേജാറാകണ്ട .. ഞാൻ വെറുതെ ചോദിച്ചതാ … ടീനേജിൽ അതൊക്കെ പതിവല്ലേ …. “
” ഇല്ലായിരുന്നു .. അങ്ങനെയൊന്നും ഒരിക്കലും പറഞ്ഞിട്ടു കൂടിയില്ല …. “
” ങും …. അനഘക്ക് അങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കിൽ തന്നെ ആദിത്യനായിരുന്നേനെ വിവാഹം ചെയ്യുന്നത് .. അല്ലെ … “
” ആ … എനിക്കറിയില്ല …. ” അവൾ മുഖം വീർപ്പിച്ചു … അവൾക്കെന്തോ ആ സംസാരം തുടരാൻ താത്പര്യം തോന്നിയില്ല …
ജിഷ്ണു തീയറ്ററിന്റെ പാർക്കിംഗിലേക്ക് കാർ കയറ്റി നിർത്തി …
* * * * * * * * * * * *
ആ രാത്രിയും ഉറക്കത്തിൽ ജിഷ്ണുവിനെ ദുഃസ്വപ്നങ്ങൾ വിടാതെ പിടിമുറുക്കി …
രാത്രി താനും നീലിമയും കെട്ടിപ്പിടിച്ചു കിടക്കുന്നു … ഇടയ്ക്കെപ്പോഴോ ഉണർന്ന ജിഷ്ണു കാണുന്ന കാഴ്ച , തന്റെ തൊട്ടരികിൽ മറ്റൊരു പുരുഷനുമായി രമിക്കുന്ന നീലിമ ..
അവൻ ഒരലർച്ചയോടെ ഞെട്ടിയുണർന്നു ..
ജിഷ്ണുവിന്റെ നിലവിളി കേട്ടാണ് ശ്രാവന്തി കണ്ണു തുറന്നത് .. ബെഡിൽ എഴുന്നേറ്റിരുന്നു കിതയ്ക്കുന്ന ജിഷ്ണു …
അവൾ വേഗം എഴുന്നേറ്റു …
” എന്താ ജിഷ്ണുവേട്ടാ ….?”
” ഒന്നൂല്ല …….” അവൻ മുഖം അമർത്തി തുടച്ചു …
” ഇതെന്താ വേർത്തൊലിക്കുന്നേ … ” അവളവന്റെ നെഞ്ചിലും കഴുത്തിലും തലോടിക്കൊണ്ട് ചോദിച്ചു …
” ഒന്നൂല്ല …. ” അവൻ പറഞ്ഞു ..
” വെള്ളം വേണോ …..” അവൾ ചോദിച്ചു ..
” ങും ….”
അവളപ്പോൾ തന്നെ ബെഡിൽ നിന്ന് ഊർന്നിറങ്ങി , മേശമേലിരുന്ന ജഗ് എടുത്തു കൊണ്ട് വന്ന് അവന് കൊടുത്തു ..
അവൻ ഒറ്റ വലിക്ക് , കുറേ വെള്ളം കുടിച്ചു …
അവൾ അവനെ തന്നെ നോക്കി നിന്നു ..
വെള്ളം കുടിച്ചു കഴിഞ്ഞ് അവൻ ജഗ് തിരികെ കൊടുത്തു ..
അവൾ ജഗ് മേശയിൽ വച്ചിട്ട് , തിരികെ വന്ന് അവന്റെയരികിൽ ഇരുന്നു …
” എന്താ ജിഷ്ണുവേട്ടാ … സ്വപ്നം കണ്ടതാണോ …. “
” ങും ….”
” സാരമില്ല … കിടന്നോ …..” അവൾ അവനെ പിടിച്ചു കിടത്തി …. എന്നിട്ട് അരികിൽ കൈകുത്തി കിടന്ന് അവന്റെ നെറ്റിയിൽ തലോടി ചുംബിച്ചു .. ഒരു കൊച്ചു കുട്ടിയെ പോലെ അവനവളുടെ മാറോടണഞ്ഞു കിടന്നു …
****************
പിറ്റേന്ന് സെക്കന്റ് സാറ്റർഡേയായിരുന്നു .. ജിഷ്ണുവിനും ശ്രാവന്തിക്കും ഓഫീസില്ല.. ഇരുവരും അൽപ്പം വൈകിയാണ് എഴുന്നേറ്റത് ….
ബ്രേക്ക് ഫാസ്റ്റ് കഴിച്ചിരിക്കുമ്പോൾ , ശ്രാവന്തിയുടെ ഫോണിലേക്ക് അമ്മയുടെ കാൾ വന്നു …
അവർ അങ്ങോട്ട് വരികയാണെന്ന് പറഞ്ഞു .. ശ്രാവന്തിക്ക് ഉത്സാഹമായി ..
അവൾ വേഗം കിച്ചണിൽ ചെന്ന് ലതികയോട് പറഞ്ഞു …
” അമ്മേ … അവിടുന്ന് അമ്മ വിളിച്ചിരുന്നു .. അവരിങ്ങോട്ട് വരുവാ ….”
” അതേയോ …. ഞാനിന്നലെയും കൂടി ഓർത്തതെയുള്ളു അവരിങ്ങോട്ട് വന്നിട്ട് കുറച്ചായല്ലോന്ന് …. ” ലതിക പറഞ്ഞിട്ട് ഉമ്മറത്തേക്ക് ചെന്നു ..
ജയചന്ദ്രൻ പറമ്പിൽ , മൺവെട്ടി കൊണ്ട് വാഴയ്ക്ക് കുഴിയെടുക്കുകയായിരുന്നു …
ലതിക അങ്ങോട്ട് ചെന്നു …
” ജയേട്ടാ …. മോൾടെ വീട്ടിൽ നിന്ന് വിളിച്ചിരുന്നു … അവരിങ്ങോട്ട് വരുന്നുണ്ട് … ജയേട്ടനൊന്ന് മാർക്കറ്റിൽ പോയി വാ … ചിക്കൻ വാങ്ങണം .. “
ജയചന്ദ്രൻ അപ്പോൾ തന്നെ വീട്ടിലേക്ക് കയറി വന്നു …
* * * * * * * * * *
പതിനൊന്ന് മണിയോടെ ഉദയനും ചന്ദ്രികയും ശിവയുമെത്തി ..
ശിവ സ്വാതന്ത്യത്തോടെ ചാടിക്കയറി വന്നു …
” എന്റെ ഒരേയൊരു ചേട്ടന് സുഖം തന്നെയാണോ … ആകെയങ്ങ് ക്ഷീണിച്ചു പോയല്ലോ … ചേട്ടനുള്ളതും കൂടി എന്റെ ചേച്ചിയാണോ തട്ടുന്നേ … ” അവളോടി ചെന്ന് ജിഷ്ണുവിന്റെ തോളത്ത് കൈയിട്ടു കൊണ്ട് , ചന്ദ്രികയുടെ കൈപിടിച്ചു കയറി വരുന്ന ശ്രാവന്തിയെ നോക്കി ആക്കിച്ചിരിച്ചു കൊണ്ട് ചോദിച്ചു ..
ജിഷ്ണുവും മറ്റുള്ളവരും അത് കേട്ട് ചിരിച്ചു .. വിവാഹം കഴിഞ്ഞതിൽ പിന്നെ ശ്രാവന്തി ഒരൽപം തടിച്ചിട്ടുണ്ടായിരുന്നു .. അവളതിന് കളിയാക്കിയതാണെന്ന് എല്ലാവർക്കും മനസിലായി ..
” എന്നാലും മോളെ , ഈ വയസായ ഞാനും എന്റെ ഭാര്യേം ഇവിടെ തടി വടി പോലെ നിന്നിട്ട് , നീ നിന്റെ ചേട്ടനോട് മാത്രം സുഖവിവരം അന്വേഷിച്ചത് മോശമായിപ്പോയി ……” ജയചന്ദ്രൻ ശിവാനിയെ നോക്കി പരിഭവിച്ചു ..
” അതൊണ്ടല്ലോ അങ്കിളേ , ഇതെനിക്ക് ആറ്റു നോറ്റിരുന്നു കിട്ടിയ എന്റെ ഒരേയൊരു ചേട്ടനല്ലേ … അതിന്റെ കാര്യം ഞാനല്ലാതെ വേറാരാ അന്വേഷിക്കാ ….” അവളുടെ ഉരുളക്ക് ഉപ്പേരി പോലുള്ള മറുപടി ഉടൻ വന്നു …
” ശ്രാവന്തി … ഞാനാ പിന്നാംപുറത്ത് കുറച്ച് മൈദ മാവ് കലക്കി വച്ചിട്ടുണ്ട് . .. ഇങ്ങെടുത്തിട്ട് വന്നേ .. ഇവളുടെ വായിലൊട്ടിച്ചു വയ്ക്കട്ടെ ….” ജിഷ്ണു വിളിച്ചു പറഞ്ഞു ..
ഉദയൻ അത് കേട്ട് പൊട്ടിച്ചിരിച്ചു ..
” ആഹാ … അതെന്റെ വായിലൊട്ടിക്കാൻ കലക്കിയതാണോ അതോ ചേട്ടന് ഇന്നത്തെ കാടി തികയാത്തത് കൊണ്ട് കലക്കിയതിന്റെ ബാക്കിയാണോ …? “
അവളുടെ ചോദ്യം കേട്ട് ജിഷ്ണുവിന്റെ കിളി പോയി …
ശ്രാവന്തി അവനെ നോക്കി ചിരിച്ചു കാണിച്ചു ..
” നിങ്ങള് കയറി വാ … ഈ രണ്ടെണ്ണത്തിന്റെ വഴക്ക് കഴിഞ്ഞിട്ട് അകത്ത് കയറാമെന്ന് വച്ചാ നടക്കാൻ പോണില്ല …. ” ലതിക ചിരിച്ചു കൊണ്ട് അവരെ അകത്തേക്ക് ക്ഷണിച്ചു …
ഉദയനും ജയചന്ദ്രനും ജീഷ്ണുവും ഹാളിലേക്കിരുന്നു .. ശ്രാവന്തിയും ലതികയും ചന്ദ്രികയും കിച്ചണിലേക്ക് പോയി …
” ഇപ്പോ ഞാൻ പോസ്റ്റായോ …. ” ഹാളിൽ നിന്ന് വട്ടം കറങ്ങിക്കൊണ്ട് ശിവ ചോദിച്ചു …
” ഇങ്ങ് വാ ഇവിടെ വന്നിരി …..” ജിഷ്ണു അവളെ വിളിച്ച് അടുത്തിരുത്തി …
* * * * * * * * * *
ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഊണിന് ശേഷം ഉദയൻ ജിഷ്ണുവിന്റെ അടുത്തേക്ക് വന്നു ..
” മോനെ , ഞങ്ങൾക്ക് വിശ്വനാഥന്റെ വീട് വരെയൊന്ന് പോകണം .. നിങ്ങൾ കൂടി വരുന്നെങ്കിൽ വാ ….”
ജിഷ്ണു മനസിലാകാതെ നോക്കി ..
” ആദിയേട്ടന്റെ വീട്ടിലേക്ക് പോകുന്ന കാര്യമാ ജിഷ്ണുവേട്ടാ അച്ഛൻ പറഞ്ഞത് …” പിന്നാലെ ചന്ദ്രികയ്ക്കൊപ്പം അങ്ങോട്ട് വന്നു കൊണ്ട് ശ്രാവന്തി പറഞ്ഞു ..
” ഓ ….” ജിഷ്ണുവിന്റെ മുഖത്ത് ചെറിയൊരു വാട്ടമുണ്ടായി …
” ഞങ്ങൾക്ക് സ്ഥലമത്ര പിടിയില്ല … നിങ്ങള് കൂടി വന്നാൽ … “
” അതിനെന്താ … ഞങ്ങൾ വരാമച്ഛാ .. .” ജിഷ്ണു പറഞ്ഞു …
” ശ്രാവന്തി … നീയും റെഡിയാക് .. അങ്ങോട്ട് പോകാൻ കിട്ടുന്ന ചാൻസ് അല്ലേ …കളയണ്ട …..”
ശ്രാവന്തി ജിഷ്ണുവിനെ നോക്കി .. അവനാ പറഞ്ഞതിൽ എന്തോ ഒരു സ്‌പെല്ലിംഗ് മിസ്റ്റേക് ശ്രാവന്തിക്ക് ഫീൽ ചെയ്തു …
ഉദയനും ചന്ദ്രികയും ജിഷ്ണുവിനെ നോക്കി .. ചന്ദ്രികയ്ക്കും അവൻ പറഞ്ഞതിൽ ഒരു വല്ലായ്മ തോന്നി ..
” ഞങ്ങൾക്ക് രണ്ടാൾക്കും ഓഫീസുള്ളതല്ലേ അച്ഛാ .. അങ്ങനെ ഒരിടത്തും പോകാൻ ടൈം കിട്ടില്ല .. അവിടത്തെ കുട്ടിക്കാണെങ്കിൽ ഇവളെ കാണുമ്പോ നല്ല ചെയ്ഞ്ചസ് ആണെന്നാ ആദിത്യൻ പറയുന്നേ .. അപ്പോ പിന്നെ ഇത് പോലെ വീണു കിട്ടുമ്പോളല്ലേ പോകാൻ പറ്റൂ …”
അവൻ പറഞ്ഞപ്പോൾ ഉദയനും ചന്ദ്രികയും ആശ്വാസത്തോടെ ചിരിച്ചു …
പക്ഷെ ശ്രാവന്തിക്ക് അപ്പോഴും ജിഷ്ണു പറഞ്ഞതിൽ മറ്റെന്തോ ഉണ്ടെന്ന് തന്നെ തോന്നി …
ജിഷ്ണുവിന്റെ കാറിലാണ് എല്ലാവരും അങ്ങോട്ട് തിരിച്ചത് …
മുൻവശത്ത് ജിഷ്ണുവും ഉദയനും ഇരുന്നു .. പിന്നിൽ ശ്രാവന്തിയും ,ശിവയും ചന്ദ്രികയും …
” ആദിയേട്ടനെന്നെ കാണുമ്പോ ഞെട്ടും ….” ശിവ പറഞ്ഞു ..
” അതെന്തിനാ നിന്നെ കണ്ട് അവൻ ഞെട്ടുന്നേ … ?” ഉദയൻ കളിയാക്കി ചോദിച്ചു ..
” അവര് അവിടുന്ന് പോകുമ്പോ ഞാനിത്തിരിയല്ലേ ഉണ്ടായിരുന്നൊള്ളു .. ഇപ്പോ ഇത്രേം പൊങ്ങിയില്ലേ …” അവൾ പറയുന്നത് കേട്ടപ്പോൾ ശ്രാവന്തിക്ക് ചിരി വന്നു …
” ശ്രാവി വിളിച്ചു പറഞ്ഞപ്പോ മുതൽ നെഞ്ചിൽ ഒരു ഭാരം എടുത്തു വച്ച പോലെയായിരുന്നു .. ഇവര് രണ്ടും അവര് രണ്ടും ഞങ്ങൾക്ക് ഒരു പോലെ തന്നെയായിരുന്നു .. സ്വന്തം മക്കള് തന്നായിരുന്നു അവരും … ” ചന്ദ്രിക പറഞ്ഞു ..
” നിങ്ങളൊരു വീടുപോലെ കഴിഞ്ഞതാ .. അല്ലേമ്മേ ….” ജിഷ്ണു ഡ്രൈവിംഗിനിടയിലും എടുത്തു ചോദിച്ചു ..
ശ്രാവന്തിയുടെ നെഞ്ച് വിറച്ചു .. അവന്റെ ചോദ്യങ്ങളിലെല്ലാം ഒരു മുനയുണ്ടെന്ന് ശ്രാവന്തിക്ക് തോന്നി …
” ആണോന്നോ … ചിലപ്പോഴൊക്കെ ഞങ്ങൾ നാലാളും ഏതേലും ഒരു വീട്ടിൽ ഒരു റൂമിൽ കിടന്ന് ഉറങ്ങീട്ടുണ്ട് .. അന്നൊക്കെ ആദിയേട്ടൻ ഹോസ്റ്റലീന്ന് വരുന്നത് ഒരു ആഘോഷമാരുന്നു .. ” ശിവയത് ഏറ്റു പിടിച്ചു …
ശ്രാവന്തിയിരുന്ന് ഉരുകി …
ശിവ ജിഷ്ണുവിനോട് അങ്ങനെ പറയേണ്ടിയിരുന്നില്ലെന്ന് ചന്ദ്രികക്കും തോന്നി .. ഒരേ മുറിയിൽ കിടന്നു എന്നൊക്കെ പറഞ്ഞാൽ അവനിനി തെറ്റിദ്ധരിച്ചെങ്കിലോ .. ശ്രാവന്തി അന്ന് തീരെ ചെറിയ കുട്ടിയൊന്നുമായിരുന്നില്ലല്ലോ .. ചന്ദ്രിക ശിവയുടെ തുടയിൽ ചെറുതായിട്ടൊന്നു നുള്ളി …..
” അന്നിവരൊക്കെ കുട്ടികളല്ലായിരുന്നോ …” ചന്ദ്രിക പെട്ടന്ന് പറഞ്ഞു ..
” ആ ശ്രാവന്തി പറഞ്ഞിരുന്നു …. പ്ലസ്ടുവിനോ മറ്റോ ആയതേ ഉണ്ടായിരുന്നുള്ളു എന്ന് … “
ജിഷ്ണുവിന്റെ സ്വരത്തിൽ ഒരു പരിഹാസമുള്ളത് പോലെ ശ്രാവന്തിക്ക് തോന്നി ..
” ചേച്ചി എട്ടിൽ പഠിക്കുമ്പോ ആരുന്നു അവര് നമ്മുടെ വീട്ടിൽ താമസിക്കാൻ വന്നത് .. ചേച്ചി പ്ലസ്ടു കഴിയാറായപ്പോ പോയി ….” ശിവ ഉടൻ പറഞ്ഞു ..
ജിഷ്ണുവിന്റെ കാർ ആദിത്യന്റെ വീട്ടിലേക്കുള്ള വഴിയിലേക്കിറങ്ങി ..
എന്ത് കൊണ്ടോ .. അവർക്കൊപ്പം വരേണ്ടിയിരുന്നില്ലെന്ന് ശ്രാവന്തിക്ക് ആ നിമിഷം തോന്നി …
( തുടരും )
അമൃത അജയൻ
അമ്മൂട്ടി
അമൃത അജയൻ ന്റെ മറ്റു നോവലുകൾ
Title: Read Online Malayalam Novel Shraavanam written by Amrutha Ajayan
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission