Skip to content

ശ്രാവണം – ഭാഗം 10

Shraavanam Novel Aksharathalukal

” ജിഷ്ണുവേട്ടാ ……”

” ങും …….”

” ഞാനിടയ്ക്ക് അനഘ ചേച്ചിയെ പോയി കണ്ടോട്ടെ … ഇവിടുന്ന് ഇത്തിരിയല്ലേയുള്ളു … പാവം ഇന്നെന്നെ കണ്ടപ്പോ ആ മുഖത്ത് എന്തൊരു സന്തോഷായിരുന്നു …. ” അവന്റെ നെഞ്ചിലെ രോമക്കാടുകളിൽ വിരലോടിച്ചു കിടന്ന് അവൾ ചോദിച്ചു ….

” പൊയ്ക്കോ … ലാസ്റ്റ് അവർക്ക് ശല്ല്യം ആകരുത് …..” അവൻ ചിരിച്ചു….

” എന്നു വച്ചാൽ ഞാൻ വരുന്നതും , എന്റെ പ്രസൻസും എല്ലാർക്കും ശല്ല്യാണ്ന്ന് ല്ലേ ……?” അവൾ ചുണ്ടു കൂർപ്പിച്ച് കവിൾ വീർപ്പിച്ച് ചോദിച്ചു …

ജിഷ്ണുവിന് ചിരി വന്നെങ്കിലും അവനത് അടക്കിപിടിച്ചു … അവൾ പരിഭവിക്കുന്നത് കാണാൻ അവന് വലിയ ഇഷ്ടമാണ് …

” എന്താ ഒന്നും പറയാത്തെ … ജിഷ്ണുവേട്ടന് ഞാൻ ശല്ല്യാരിക്കും ല്ലേ …..”

അവൻ ഒന്നും മിണ്ടാതെ അവൾടെ മുഖത്ത് നോക്കി ചിരിയടക്കി കിടന്നു …

അവൻ മിണ്ടാത്തത് കണ്ടപ്പോൾ അവൾക്ക് അരിശം വർദ്ധിച്ചു ..

” പോ …….” അവന്റെ നെഞ്ചത്തു ഒരുന്തു കൊടുത്തിട്ട് അവൾ തിരിഞ്ഞു കിടന്നു …

ഇത്തിരി നേരം കൂടി അവനത് നോക്കി കിടന്നിട്ട് , പിന്നിലൂടെ ചെന്ന് കെട്ടിപ്പിടിച്ചു …

അവൾ കൈയെടുത്തു മാറ്റി …

” അച്ചോടാ .. ഏട്ടന്റെ മുത്ത് പിണങ്ങിയോ …. ” അവൻ കൊഞ്ചി …

” വേണ്ട … എന്നെ വിട് …..” അവൾ പരിഭവം നടിച്ചു …

അവൻ ചിരിച്ചു കൊണ്ട് , അവളെ തനിക്കഭിമുഖം കൊണ്ടു വന്നു .. പിന്നെ അധരങ്ങൾ കവർന്നെടുത്തു ..

* * * * * * * * * * * * * *

നാലഞ്ചു ദിവസങ്ങൾക്കു ശേഷം മറ്റൊരു പ്രഭാതം …

ഫോൺ നിർത്താതെ ശബ്ദിക്കുന്നത് കേട്ടാണ് ജിഷ്ണു കണ്ണ് തുറന്നത് … തൊട്ടടുത്ത് ശ്രാവന്തി ഗാഢ നിദ്രയിലായിരുന്നു …

അവൻ കൈയെത്തിച്ച് ഫോണെടുത്ത് നോക്കി …

ഗണേഷ് കാളിംഗ് ….

തിരുവനന്തപുരത്ത് വർക്ക് ചെയ്തിരുന്നപ്പോൾ ഉണ്ടായിരുന്ന കൊളീഗ് ആണ് … ഓർമ്മകൾ നഷ്ടപ്പെട്ടു പോയപ്പോഴും അവരൊക്കെ ഇങ്ങോട്ട് വന്ന് കണ്ട് സംസാരിച്ച് , തന്നെ കൂടെ നിർത്തിയതാണ് …

” ഹായ് ഗണേഷ് ….” ജിഷ്ണു ഉടക്കച്ചടവോടെ അഭിവാദ്യം ചെയ്തു …

” നീ ഉറക്കമായിരുന്നോ ….?” ഗണേഷിന്റെ ചോദ്യം വന്നു …

” യെസ് ….. ഒരു ട്രിപ്പ് ഉണ്ടായിരുന്നു മൂന്നാറിന് . … കഴിഞ്ഞിട്ട് ഇന്നലെ രാത്രിയാ എത്തിയത് ….” അവൻ പറഞ്ഞു ..

“ഓ … നിന്റെ ഹണിമൂൺ ഡെയ്സ് ആണല്ലോ ഇത് …….” ഗണേഷിന്റെ ചിരി കേട്ടു …..

ജിഷ്ണു ചിരിച്ചു …

” ആ ഞാൻ വിളിച്ച കാര്യം പറയാം … വരുന്ന സൺഡേ എന്റെ മോൾടെ രണ്ടാം പിറന്നാൾ ആണ് … പാർട്ടിയുണ്ട് … അതിഥികൾ നീയും നിന്റെ വൈഫും മാത്രമാണ് .. മാര്യേജ് കഴിഞ്ഞിട്ട് നിന്നെ വിളിച്ചില്ല , കണ്ടില്ലാന്നൊക്കെ സജ്ന പരാതിയായിരുന്നു … എന്തായാലും അതങ്ങ് തീർത്തേക്കാം … ഈ സൺഡേ നമ്മൾ രണ്ട് ഫാമിലിയും കൂടി അടിച്ചു പൊളിക്കുന്നു …. ഓക്കെയല്ലേ? ” ഗണേഷ് ചോദിച്ചിട്ട് …

” ഓക്കെ അളിയാ .. പിന്നെ ലൊക്കേഷൻ അയച്ചേക്കണം .. എനിക്കറിയില്ല നിന്റെ വീട് ….”

ഗണേഷ് നെടുവീർപ്പയക്കുന്നത് ജിഷ്ണു ഫോണിലൂടെ കേട്ടു …

” പണ്ട് നമ്മൾ എത്ര കൂടിയതാടാ ഇവിടെ … എന്തെല്ലാമായിരുന്നു … ഹ്മ് ഞാൻ അയച്ചേക്കാം ….” ഗണേഷ് പറഞ്ഞു …

” ഒക്കെ …..”

” വൈഫിനോട് പ്രത്യേകം പറയണേ ….” ഗണേഷ് ഓർമിപ്പിച്ചു …

” പറയാം ….”

കോൾ കട്ട് ചെയ്തിട്ട് ജിഷ്ണു സമയം നോക്കി … 9. 15 … അവൻ ശ്രാവിയെ നോക്കി … അവൾ നല്ല ഉറക്കമാണ് …

അവനവളുടെ നെറ്റിയിൽ കൈവച്ച് നോക്കി … മൂന്നാറിൽ നിന്ന് മടങ്ങുമ്പോൾ അവൾക്ക് നേർത്ത പനിയുണ്ടായിരുന്നു … ഇപ്പോഴും ചെറു ചൂടുണ്ട് …

ജിഷ്ണു പുതപ്പു മാറ്റി എഴുന്നേറ്റു .. ഫ്രഷ് ആയി താഴെ ചെന്നു …

ലതിക കിച്ചണിലായിരുന്നു … ജയചന്ദ്രനെ കണ്ടില്ല …

” ആ എണീറ്റോ … യാത്ര കഴിഞ്ഞു വന്നു കിടന്നോണ്ടാ അമ്മ വിളിക്കാതിരുന്നത് ….” ഒരു കപ്പ് ചായ ജിഷ്ണുവിന് കൊടുത്തു കൊണ്ട് ലതിക പറഞ്ഞു ….

ജിഷ്ണു കപ്പ് വാങ്ങി , ഒന്ന് മൊത്തി ….

” മോളെണീറ്റില്ലെ …..?”

” അവൾടെ ചായ ഇങ്ങ് തന്നേക്ക് അമ്മേ … ഞാൻ കൊണ്ട് പോയി കൊടുക്കാം … അവൾക്ക് ചെറിയൊരു പനിപോലെ .. റെസ്റ്റ് എടുക്കട്ടെ … “

“അയ്യോ .. തണുപ്പ് പിടിക്കാഞ്ഞിട്ടാവും മോനെ … “

” ങും……. അച്ഛനെവിടെ …? “

” അച്ഛൻ ലതയുടെ അവിടേക്ക് പോയി … കല്യാണം ഇങ്ങായില്ലേ … അവിടെന്തോ പണിയൊക്കെയുണ്ട് …..”

” ങും…… “

” നീയിന്ന് ലീവല്ലേ …. “

” ഹാഫ് ഡേ … ഉച്ചക്ക് പോകണം …..”

” കഴിക്കാനെടുക്കട്ടെ ….?”

” അമ്മ അവൾടെ ടീ എടുക്ക് … ഞാൻ കൊടുത്തിട്ട് വരാം … ബ്രേക്ക് ഫാസ്റ്റ് ഒന്നിച്ചു കഴിക്കാം ഞങ്ങൾ ….”

ലതിക ഒരു കപ്പിൽ ടീ എടുത്ത് സ്ലാബിൽ വെച്ചു …

ജിഷ്ണു ചായ കുടിച്ച് തീർത്തിട്ട് , ശ്രാവന്തിയുടെ ചായയുമായി മുകളിലെത്തി …

” ശ്രാവീ … എണീറ്റെ ….” ജിഷ്ണു അവളെ കുലുക്കി വിളിച്ചു …

” ഇച്ചിരിക്കൂടി കിടന്നോട്ടെ ജിഷ്ണുവേട്ടാ … പ്ലീസ് …. ” അവൾ ചിണുങ്ങി …

” ടീ കുടിച്ചിട്ട് കിടന്നോ … ” അവൻ നിർബന്ധിച്ച് അവളെ എഴുന്നേൽപ്പിച്ചു …

* * * * * * * * *

ഉച്ചയ്ക്ക് , ജിഷ്ണു ഓഫീസിലേക്ക് പോകാൻ റെഡിയാകുമ്പോൾ ശ്രാവന്തി അവന്റെയടുത്തേക്ക് വന്നു …

” ജിഷ്ണുവേട്ടാ …..”

” ങും …… “

” ഞാനൊന്ന് അനഘേച്ചിയെ പോയി കണ്ടോട്ടെ … ? ജിഷ്ണുവേട്ടൻ ഇനി സന്ധ്യക്കല്ലേ എത്തൂ … അതിനു മുന്നേ ഞാനിങ്ങ് വന്നോളാം …..”

” പൊയ്ക്കോ …..” അവൻ അനുവാദം നൽകി ….

അവൾ പുഞ്ചിരിച്ചു …

” തനെങ്ങനെ പോകും … “

” ഓട്ടോക്ക് പൊയ്ക്കോളാം … ഇച്ചിരിയല്ലേയുള്ളു ഇവിടുന്ന് …”

” എന്നാൽ പിന്നെ എന്റെ കൂടെ പോര് … ഞാൻ ടൗണിൽ വിടാം … “

” ഓക്കെ ……” അവൾ ഹാപ്പിയായി …

” പെട്ടന്ന് വേണേ .. എനിക്കിറങ്ങാറായി ….” ഡ്രസ് ചെയ്യാൻ പോകുന്ന ശ്രാവന്തിയെ നോക്കി അവൻ വിളിച്ചു പറഞ്ഞു …

” ദേ വന്നു ജിഷ്ണുവേട്ടാ ….”

* * * * * * * * * *

ശ്രാവന്തിയെ ജിഷ്ണു ടൗണിൽ ഇറക്കി ..

” താനെങ്ങനെ പോകും ….?”

” ഇനി ഇച്ചിരിയല്ലേയുള്ളു … ഞാൻ നടന്നോളാം ജിഷ്ണുവേട്ടാ ….”

” വെറുതെ വെയില് കൊണ്ട് , പനി കൂട്ടണ്ട … ” അവൻ ഓർമിപ്പിച്ചു …

” എനിക്ക് കുഴപ്പോന്നുല്ല ജിഷ്ണുവേട്ടാ … ജിഷ്ണുവേട്ടൻ ലേറ്റാക്കാണ്ട് വിട്ടോ … ഞാൻ നടന്നു പൊയ്ക്കോളാം … “

” ശരി …..”

അവളെ അവിടെ വിട്ട് അവൻ ഓടിച്ച് പോയി … അവൻ കണ്ണിൽ നിന്ന് മറയുന്നത് വരെ നോക്കി നിന്നിട്ട് അവൾ റോഡ് ക്രോസ് ചെയ്തു … ഉദയാ നഗറിലേക്ക് നടന്നു …

* * * * * * * * * * *

ഗേറ്റ് തുറന്നു വരുന്ന ആളെ കണ്ട് പ്രവീണ അത്ഭുതം കൂറി …

” ആഹാ …. ശ്രാവി മോളൊ … കയറി വാ …” അവർ സന്തോഷത്തോടെ അവളെ ക്ഷണിച്ചു ….

അപ്പോഴേക്കും ആദിത്യനും സിറ്റൗട്ടിലേക്ക് വന്നു …

” ആദിയേട്ടൻ ഉണ്ടാരുന്നോ ഇവിടെ … ഡ്യൂട്ടിയില്ലേ ഇന്ന് ….” അവൾ ചോദിച്ചു ..

” കഴിക്കാൻ വന്നതാ .. ഇനി നാല് മണിക്ക് പോകണം …..” അവൻ പറഞ്ഞു …

” മോള് ഫുഡ് കഴിച്ചോ ….?” പ്രവീണ ചോദിച്ചു …

” കഴിച്ചിട്ടാ ആന്റി ഇറങ്ങിയേ …. “

” ശ്രാവന്തി ഇന്ന് പോയില്ലേ ….?” ആദിത്യൻ ആരാഞ്ഞു …

” ഇല്ല ആദിയേട്ടാ .. ഞങ്ങളൊരു ട്രിപ്പ് കഴിഞ്ഞ് ഇന്നലെ രണ്ട് മണിക്കാ എത്തിയെ .. ജിഷ്ണുവേട്ടനും ഹാഫ് ഡേ ലീവായിരുന്നു … എന്നെയിപ്പോ ഇവിടെ വിട്ടിട്ടാ ഓഫീസിൽ പോയത് … “

” സത്യം പറഞ്ഞാൽ , ഞാൻ ജിഷ്ണുവിനെ വിളിക്കാനിരിക്കുകയായിരുന്നു .. തന്നെ ഇടയ്ക്കിങ്ങോട്ടു കൊണ്ടു വരാൻ പറയാൻ .. ” ആദിത്യൻ പറഞ്ഞു ..

അവൾ ചോദ്യഭാവത്തിൽ ആദിത്യനെ നോക്കി …

” താൻ വന്നു പോയെപ്പിന്നെ അനഘക്ക് നല്ല ചെയ്ഞ്ചസ് ഉണ്ട് .. ഇടയ്ക്കിടക്ക് കണ്ണ് തുറന്നു , ഡോറിലേക്ക് നോക്കി കിടക്കും .. എന്തോ പറയാൻ ശ്രമിക്കുന്നുണ്ട് … താൻ വന്നു പോയതിൽ പിന്നെയാ അങ്ങനെ … “

ശ്രാവന്തിയുടെ മുഖം തിളങ്ങി …

” ചേച്ചിയെ കാണാനാ ഞാൻ വന്നത് …..” അവൾ പറഞ്ഞു …

” കണ്ടോമ്മേ …. നമ്മളെയൊന്നും കാണണ്ട എന്നാ ഇവളി പറഞ്ഞത് … ” ആദിത്യൻ പറഞ്ഞപ്പോൾ പ്രവീണയും ശ്രാവന്തിയും ചിരിച്ചു …

” ശ്രാവന്തി വാ … ഞാൻ കൂടി വരാം … അനഘയെ ഒന്ന് വന്ന് കണ്ടേ … ” അവൻ വിളിച്ചു …

ശ്രാവന്തി ആദിക്കൊപ്പം മുകളിലേക്ക് ചെന്നു … മുന്നേ ആദിയാണ് റൂമിൽ കയറിയത് …

” അനഘാ …..” അവൻ വിളിച്ചു …

അവൾ മെല്ലെ കണ്ണ് ചിമ്മി തുറന്നു …. പിന്നെ പതിയെ മുഖം തിരിച്ചു …

” ദേ ….ഇതാരാ വന്നേന്ന് നോക്കിയേ …..” ആദിത്യൻ പറഞ്ഞിട്ട് , വാതിൽക്കൽ നിന്ന് അകത്തേക്ക് , അനഘയുടെ മുഖം വ്യക്തമായി കാണാൻ കഴിയുന്ന പാകത്തിൽ നിന്നു …

ശ്രാവന്തി മെല്ലെ റൂമിലേക്ക് കയറിച്ചെന്നു …

അവളെ കണ്ട മാത്രയിൽ അനഘയുടെ നിർജീവമായ കണ്ണുകളിൽ ജീവൻ വയ്ക്കുന്നത് ആദിത്യൻ വ്യക്തമായി കണ്ടു …

ഒരേ സമയം സന്തോഷവും നിരാശയും പ്രതീക്ഷയും അവനെ പൊതിഞ്ഞു …

ഒരു പക്ഷെ , ശ്രാവന്തി ഈ വീട്ടിലുണ്ടായിരുന്നുവെങ്കിൽ ചിലപ്പോ പഴയ അനഘയെ തന്നെ തങ്ങൾക്ക് തിരിച്ചു കിട്ടിയേനെ .. കൈയെത്തും ദൂരത്ത് വച്ചാ തനിക്ക് ശ്രാവന്തിയെ നഷ്ടമായത് ..

ശ്രാവന്തി ചെന്ന് അനഘയുടെ അരികിലിരുന്നു …

അനഘ തന്റെ വിരലുകൾ കൊണ്ട് ശ്രാവന്തിയുടെ കൈയിൽ തെരുപ്പിടിച്ചു .. പിന്നെ ആദിത്യന്റെ മുഖത്തേക്ക് നോക്കി ..

അടുത്തേക്ക് വരാൻ കണ്ണുകൾ കൊണ്ട് ആംഗ്യം കാട്ടി …

ആദിത്യൻ വന്ന് ശ്രാവന്തിയിരിക്കുന്നതിന് അടുത്തായി നിന്നു …

അനഘ അവരെയിരുവരെയും കണ്ണെടുക്കാതെ നോക്കി കിടന്നു … ആ കണ്ണുകളിൽ ഒരു തുള്ളി വെള്ളം പൊടിഞ്ഞപ്പോൾ അവൾ നോട്ടം മാറ്റിക്കളഞ്ഞു …

അവളുടെ കണ്ണുകൾ കാണാനാഗ്രഹിച്ച കാഴ്ചയായിരുന്നു അതെന്ന് ആദിത്യന് മനസിലായി .. തന്റെ ഹൃദയത്തിലെ മുറിപ്പാടിന്റെ ആഴം അനഘക്ക് നന്നായി അറിയാം … അവൾ കാരണമാണ് , ശ്രാവന്തിയെ തനിക്ക് നഷ്ടപ്പെട്ടതെന്ന കുറ്റബോധം അവൻ അനഘയുടെ കണ്ണിൽ നിന്ന് വായിച്ചെടുത്തു …

ആദിത്യൻ മുന്നോട്ടാഞ്ഞ് ,അനഘയുടെ നെറ്റിയിൽ തലോടി .. സാരമില്ലെന്നൊരർത്ഥം ആ തലോടലിനുണ്ടായിരുന്നു ..

അപ്പോഴേക്കും പ്രവീണ , ചിന്തു മോനെയും എടുത്തു കൊണ്ട് അങ്ങോട്ടു വന്നു …

” മാ …..” അനഘയെ നോക്കി ചിന്തു മോൻ വിളിച്ചു …

പ്രവീണ ചിന്തു മോനെ അനഘയുടെ അരികിലായി ഇരുത്തി … അവന്റെ കുഞ്ഞിക്കണ്ണുകൾ പരതി പരതി വന്ന് ശ്രാവന്തിയുടെ മുഖത്ത് തങ്ങി ….

അവൻ ശ്രാവന്തിയെ തന്നെ ഉറ്റു നോക്കി .. ആ മുഖം അവന് അപരിചിതമാണ് …

ശ്രാവന്തി പെട്ടന്ന് അവനെ കൈകളിൽ കോരിയെടുത്ത് തന്റെ മടിയിൽ വച്ചു …

” എന്താടാ ചക്കരെ … അറിയോ ” ശ്രാവന്തി അവനെ കൊഞ്ചിക്കാൻ ശ്രമിച്ചു …

അവൻ കുറേ സമയം ശ്രാവന്തിയെ മിഴിച്ചു നോക്കി …. പിന്നെ എക്കി വലിച്ച് ചിരിച്ചു … ശ്രാവന്തിയിലെ മാതൃത്വത്തെ പോലും ഉണർത്താൻ പോന്ന നിഷ്കളങ്കമായൊരു ചിരി …

അധിക സമയം വേണ്ടി വന്നില്ല അവന് ശ്രാവന്തിയോട് ഇണങ്ങാൻ …

ശ്രാവന്തിയോടൊപ്പം എല്ലാവരും അനഘയുടെ റൂമിൽ തന്നെ ചിലവഴിച്ചു … അനഘയിൽ പുത്തനൊരുണർവ് പ്രകടമായി തുടങ്ങിയിരുന്നു …

” അന്ന് ഞാൻ ചോദിക്കാൻ വിട്ടു … നിങ്ങളന്നെന്താ ഹോസ്പിറ്റലിൽ വന്നത് .. ?” ആദിത്യൻ പെട്ടന്ന് ഓർത്തപോലെ ശ്രാവന്തിയോട് ചോദിച്ചു …

ശ്രാവന്തിയൊന്ന് ഞെട്ടി … പിന്നെ ഒരു പ്രത്യാശയോടെ ആദിത്യന്റെ മുഖത്തേക്ക് നോക്കി ..

ആദിയേട്ടനോട് വിവരം പറയുന്നതിൽ തെറ്റില്ലെന്ന് ശ്രാവന്തിക്ക് തോന്നി … ജിഷ്ണുവേട്ടനെ ചികിത്സിക്കുന്ന അതേ ഹോസ്പിറ്റലിലാണ് ആദിയേട്ടൻ വർക്ക് ചെയ്യുന്നത് … താൻ പറഞ്ഞില്ലെങ്കിൽ പോലും ആദിയേട്ടന് വിവരങ്ങൾ അറിയാൻ സാധിക്കും ..

നാളെ എന്തെങ്കിലും ഒരാവശ്യം വന്നാൽ ആദിയേട്ടന്റെ സഹായം ആവശ്യമായി വന്നേക്കാം ..

” ഒത്തിരി കാര്യങ്ങൾ പറയാനുണ്ട് ആദിയേട്ടാ …..” മടിയിലിരുന്ന് കളിക്കുന്ന ചിന്തു മോനെ ചേർത്തു പിടിച്ചു കൊണ്ട് ശ്രാവന്തി പറഞ്ഞു …

ആദിയുടെയും പ്രവീണയുടെയും കൂടാതെ , ആകാംഷയോടെ രണ്ട് കണ്ണുകൾ കൂടി അവളെ വീക്ഷിച്ചു .. അനഘയുടെ …

ശ്രാവന്തി ഉള്ള സത്യങ്ങൾ അവരോട് തുറന്നു പറഞ്ഞു …

” എന്നാലും ഇതൊരു ചതിയായിപ്പോയി .. വിവാഹത്തിനു മുൻപേ എല്ലാം തുറന്നു പറയേണ്ടതായിരുന്നില്ലേ …. ” എല്ലാം കേട്ട് കഴിഞ്ഞപ്പോൾ പ്രവീണ ദേഷ്യത്തോടെ പറഞ്ഞു ..

” ജിഷ്ണുവേട്ടൻ തെറ്റ്കാരനല്ല ആന്റി .. ഒക്കെ മുന്നേ പറഞ്ഞൂന്ന് കരുതി ഏട്ടൻ … ” ശ്രാവന്തി പ്രവീണയുടെ മുഖത്തേക്ക് നോക്കി ..

അവളുടെ ഭർത്താവിനെ കുറ്റപ്പെടുത്തിയത് അവൾക്കിഷ്ടമായില്ലെന്ന് ആ വാക്കുകളിൽ നിന്ന് പ്രവീണയ്ക്കും ആദിക്കും മനസിലായി ..

” ഉദയേട്ടനും ചന്ദ്രിയും ഇതറിഞ്ഞോ ….?” പ്രവീണ ചോദിച്ചു ..

” ഇല്ല … ഞാൻ പറഞ്ഞിട്ടില്ല .. പറഞ്ഞാൽ അവർക്ക് സഹിക്കാൻ പറ്റില്ല …. സാവധാനം പറയാം …”

” നിന്നെ സ്നേഹിക്കുന്ന ആർക്കും സഹിക്കാൻ കഴിയില്ല മോളെ ഇത് .. ആദിയുടെ പെണ്ണായിട്ട് മനസിൽ കണ്ടിരുന്നതാ നിന്നെ ഈ കുടുംബത്തിൽ .. പ്രശ്നങ്ങൾക്കിടയിൽ ഞങ്ങൾ അൽപം വൈകിപ്പോയി … എങ്കിലും നിനക്ക് നല്ലൊരു ജീവിതം കിട്ടിയല്ലോ എന്ന സമാധാനത്തിലായിരുന്നു ഇതുവരെ .. ഇതിപ്പോ മനസമാധാനം പോയി …. ” പ്രവീണ മനസിലുള്ളത് തുറന്നു പറഞ്ഞു …

” ജിഷ്ണുവേട്ടന് എന്നോട് സ്നേഹമാണ് ആൻറി ….” അവൾ ജിഷ്ണുവിനെ ന്യായീകരിച്ചു …

” സ്നേഹമില്ലെന്ന് ഞാൻ പറഞ്ഞില്ല മോളെ … എന്തായാലും അവനൊരു ഭൂതകാലമുണ്ടെന്നത് സത്യമാണ് .. പക്ഷെ ആ കാലം എന്തായിരുന്നുവെന്ന് നമുക്കാർക്കും നിശ്ചയമില്ല … അവന്റെ വീട്ടുകാർ എല്ലാ സത്യങ്ങളും അറിഞ്ഞു കൊള്ളണമെന്നുമില്ല … മോളിവിടുത്തെ കാര്യം തന്നെ ഓർത്തുനോക്കിയേ .. അന്നത്തെയാ പകലിൽ ഇവളൊരു കയറിനറ്റത്ത് കിടന്ന് പിടയുന്നത് വരെ , ഇവളെ കുറിച്ച് നമുക്ക് അഭിമാനവും പ്രതീക്ഷയുമായിരുന്നു … നിമിഷങ്ങൾ കൊണ്ടല്ലെ എല്ലാം തല തിരിഞ്ഞത് .. അന്നുവരെ ബഹുമാനിച്ചവർ പോലും ഞങ്ങളെ കണ്ട് മുഖം തിരിച്ചു … ആരും മുഖത്തേക്ക് കാർക്കിച്ച് തുപ്പിയില്ലെന്നേയുള്ളു .. അത്രത്തോളം അപമാനം ഞങ്ങൾ സഹിച്ചിട്ടുണ്ട് .. വീട്ടുകാരറിയാത്ത എന്തെല്ലാം രഹസ്യങ്ങൾ നിങ്ങൾ കുട്ടികൾ മനസിലൊളുപ്പിച്ച് നടക്കും … ” പ്രവീണ അനുഭവങ്ങളുടെ വെളിച്ചത്തിൽ കണ്ണു തുടച്ചു ..

അവരോട് ഒന്നും പറയേണ്ടിയിരുന്നില്ലെന്ന് ശ്രാവന്തിക്ക് തോന്നി ..

” ഇനിയിപ്പോ കഴിഞ്ഞതിനെ കുറിച്ച് കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല … നടക്കാനുള്ളത് നടന്നു …താൻ കോൺഫിഡന്റായാൽ മതി ശ്രാവന്തി .. കേട്ടിടത്തോളം ജിഷ്ണുവിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ല .. വേണമെങ്കിൽ ജിഷ്ണുവിന്റെ ഡോക്ടേർസിനോട് ഞാനൊന്നു സംസാരിച്ചേക്കാം … ” അതുവരെ നിശബ്ദനായിരുന്ന ആദിത്യൻ ശ്രാവന്തിയെ സമാധാനിപ്പിക്കും വിധത്തിൽ പറഞ്ഞു ..

” ആദിയേട്ടൻ സംസാരിച്ചാൽ നന്നായിരുന്നു … ” അവൾ പറഞ്ഞു …

” സംസാരിക്കാം ….” അവൻ ഉറപ്പുകൊടുത്തു ….

ശ്രാവന്തിയുടെ കൈയിൽ ഒരു സ്പർശമറിഞപ്പോൾ അവൾ നോക്കി … അനഘയാണ് …. തന്റെ വലം കൈകൊണ്ട് അവളുടെ വിരലുകൾ കോർത്തിരുന്നു … ആ കണ്ണുകൾ നിറഞ്ഞൊഴുകി ..

കുറ്റബോധമാണ് അവളുടെ കണ്ണീരായി ഒഴുകുന്നതെന്ന് ആദിത്യനും പ്രവീണക്കും മനസിലായി ..

ശ്രാവന്തി സാരമില്ലെന്ന അർത്ഥത്തിൽ ആ കവിളിൽ തലോടി …

കുറേ സമയങ്ങൾ കൂടി അവിടെ ചിലവഴിച്ചിട്ട് , അവരോട് യാത്ര പറഞ്ഞ് അവളിറങ്ങി …

” ശ്രാവന്തി ഇടയ്ക്ക് വരണം …. അവൾക്ക് സന്തോഷമാകും …… ” ആദിത്യൻ ഓർമിപ്പിച്ചു ….

” വരാം ആദിയേട്ടാ …. ” അവൾ വാക്ക് പറഞ്ഞു …

” മോനെ , അവൾടെ ജീവിതം എന്താകും … കുഴപ്പമുണ്ടാകുമോ ….?” ശ്രാവന്തി പോയി കഴിഞ്ഞപ്പോൾ പ്രവീണ ആശങ്കയോടെ മകനോട് ആരാഞ്ഞു ..

” നമുക്കെങ്ങനെ പ്രെഡിക്ട് ചെയ്യാൻ കഴിയും അമ്മേ … അവന്റെ ഭൂതകാലം മറന്നു പോയത് അവനല്ലേ … ഇനിയൊരിക്കലും ഓർത്തെടുക്കില്ലെന്ന് യാതൊരു ഉറപ്പുമില്ല … അവൻ അന്ന് എങ്ങനെ ജീവിച്ചു , ആരെയൊക്കെ കണ്ടു എന്നൊക്കെ ഇപ്പോ ദെവത്തിനു മാത്രമേ അറിയൂ … എന്നെങ്കിലുമൊരിക്കൽ അതവൻ ഓർത്തെടുത്താൽ , ശ്രാവന്തിയെ ഒരു തരത്തിലും ബാധിക്കരുത് എന്ന് പ്രാർത്ഥിക്കാനല്ലേ നമുക്കിപ്പോ പറ്റൂ ….” അവന്റെ വാക്കുകളിൽ നിസഹായതയുണ്ടായിരുന്നു ..

എന്തുകൊണ്ടോ പ്രവീണക്ക് ഒരു ഭയം തോന്നി ……

* * * * * * * * * * * * * * * * *

ആദിത്യൻ തന്റെ റൂമിൽ വന്ന് ഡോറടച്ച് ചെയറിലേക്കിരുന്നു … കുറേ സമയം അവൻ , പിന്നിലേക്ക് മലർന്നു മുകളിൽ കറങ്ങുന്ന ഫാനിലേക്ക് നോക്കി കിടന്നു ..

പിന്നെ എഴുന്നേറ്റ് പോയി കബോർഡ് തുറന്ന് , പഴയൊരു ആൽബം കൈയിലെടുത്തു തിരികെ വന്ന് ചെയറിലിരുന്നു …

അതിന്റെ താളുകൾ ഒരോന്നായി മറിയുമ്പോൾ അവന്റെ ഹൃദയം വേദനിച്ചു …

താനും അനഘയും ശ്രാവന്തിയും ശിവയും ചേർന്നുള്ള ഗ്രൂപ്പ് ഫോട്ടോ , അനഘയും ശ്രാവിയും ചേർന്നു നിൽക്കുന്ന ഫോട്ടോ , മൂന്നു പെൺകുട്ടികളും ഒരുമിച്ചിരുന്ന് പൂക്കളം നിർമ്മിക്കുന്നതും , അവരോരോടുത്തരും ഊഞ്ഞാലാടുന്നതുമായ ഫോട്ടോസ് .. തന്റെ മടിയിലിരിക്കുന്ന കുഞ്ഞു ശിവ ..

കൂട്ടത്തിൽ അവനേറ്റവും പ്രിയപ്പെട്ട ഒരു ഫോട്ടോയുണ്ട് .. അവനത് ആൽബത്തിൽ നിന്നിളക്കി വച്ചിട്ടുണ്ടായിരുന്നു … എത്രയോ രാത്രികൾ ആ ഫോട്ടോ നോക്കി ഉറങ്ങാതെ ,ആവോളം രാത്രിയാസ്വദിച്ച് കിടന്നിരുന്നു ….

അവനാ ഫോട്ടോക്ക് മീതെ മെല്ലെ തഴുകി …

പച്ച പട്ടുപാവാടയുടുത്ത് ഊഞ്ഞാലാടുന്ന ശ്രാവന്തി … പിന്നിൽ നിന്ന് അവളെ ഊയലാട്ടുന്ന താൻ … ആയത്തിലാടി പോകുന്ന അവളുടെ , മുല്ലപ്പൂ ചൂടിയ വാർമുടിയുടെ അഗ്രം തന്റെ ഷർട്ടിനു മീതെ ചിതറി കിടക്കുന്നു …

ഇന്നും ആ മുല്ലപ്പൂവിന്റെയും കാച്ചെണ്ണയുടെയും ഗന്ധം അവന്റെ നാസികയിലെത്താറുണ്ട് ..

അവൻ അവിടെയിരുന്നു കൊണ്ട് തന്നെ കൈയെത്തിച്ച് മ്യൂസിക് പ്ലേയർ ഓണാക്കി .. ശേഷം ആ ഫോട്ടോ കൈയിലെടുത്തു … ചെയറിൽ പിന്നിലേക്ക് ചാരിക്കിടന്ന് ഫോട്ടോ മുഖത്തിന് നേർക്കു കൊണ്ട് വന്ന് അവളുടെ മഷിയെഴുതിയ കണ്ണുകളിലേക്ക് നോക്കിക്കിടന്നു …

” ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ

മുകുളമായി നീയെന്റെ മുന്നിൽ നിന്നു ..

തരള കപോലങ്ങൾ നുള്ളി നോവിക്കാതെ തഴുകാതെ ഞാൻ നോക്കി നിന്നു …. “

എന്നും എല്ലായിപ്പോഴും അവളെ തന്നിലേക്ക് മാത്രം ചേർത്തു വയ്ക്കുന്ന പാട്ട് , വരികളിലങ്ങോളമിങ്ങോളം അവൾ മാത്രം നിറഞ്ഞു നിൽക്കുന്ന പാട്ട് … ആ ഗാനം വീണ്ടും ആ മുറിയിൽ നിറഞ്ഞു നിന്നു ..

ഇനിയെത്ര തന്നെ നീ എന്നിൽ നിന്നകന്നു പോയാലും , ആരുടെ സ്വന്തമായിരുന്നാലും ഈ പട്ടുപാവാടക്കാരി എന്റേത് മാത്രമായിരിക്കും …

എന്നെന്നും എന്റെ മാത്രമായിരിക്കും …

അവന്റെ അടഞ്ഞ കൺപീലിക്കിടയിൽ ഒരു തുള്ളി നീർക്കണം പെയ്യാൻ മടിച്ചു നിന്നു …

**************

” എങ്കിലും ആദിത്യനെപ്പോലെ ഒരു ചെറുപ്പക്കാരന്റെ പ്രപ്പോസൽ ഉണ്ടായിരുന്നെങ്കിൽ എന്തിനായിരുന്നു മറ്റൊന്ന് നിങ്ങൾ നോക്കിയത് ….” പിറ്റേന്ന് ഓഫീസിലെ ഭക്ഷണ മുറിയിൽ വച്ച് , വിശേഷങ്ങളൊക്കെ കേട്ടപ്പോൾ സീനത്ത് ചോദിച്ചു …

” അവർ ഞാൻ പ്ലസ് ടു വിന് പഠിക്കുമ്പോൾ അവിടുന്നു പോയി ഇത്താ … ഇപ്പോ തന്നെ ആറേഴ് കൊല്ലം കഴിഞ്ഞു … ” ശ്രാവന്തി പറഞ്ഞു …

” എന്നാലും വിശ്വനാഥൻ സാറിന്റെ മകനല്ലേ … ഇവിടെ വന്നിട്ട് ബാർ കൗൺസിലിൽ അന്വേഷിച്ചാൽ തന്നെ അദ്ദേഹം ഇവിടെ വരുന്ന ഡേറ്റ് കിട്ടുമായിരുന്നല്ലോ … ” സീനത്ത് ചോദിച്ചു …

” സുപ്രീം കോടതി വക്കീലാണെന്നായിരുന്നു എന്റെ ഓർമ … അതു കൊണ്ട് അങ്കിൾ ഇവിടെ വരുമെന്ന് ഞാൻ കരുതിയിരുന്നില്ല … “

” സുപ്രീം കോർട്ട് വക്കീലാണെങ്കിലും ഇവിടെയും എൻറോൾ ചെയ്യാൻ ചാൻസ് കൂടുതലാണ് ….. അല്ലെങ്കിൽ ഒരിക്കലെങ്കിലും എന്നോടൊന്നു സൂചിപ്പിക്കാമായിരുന്നു …” സീനത്തിന് വലിയ നിരാശ തോന്നി ..

” അതൊക്കെ അന്നത്തെ പ്രായത്തിൽ ,ഒരോന്നൊക്കെ പറയുന്നതായിരുന്നെന്നാ ഞാനും കരുതിയേ … ഇന്നലെ ആന്റി പറഞ്ഞപ്പോഴാ അവരൊക്കെ സീരിയസായി കണ്ടിരുന്ന കാര്യമാന്ന് അറിഞ്ഞത് … ” ശ്രാവന്തി പറഞ്ഞു …

” ഛെ … എന്നാലും … എടുപിടീന്ന് ഈ വിവാഹം വേണ്ടിയിരുന്നില്ല .. കുറച്ച് വെയ്റ്റ് ചെയ്യാമായിരുന്നു …. “

” ജിഷ്ണുവേട്ടനെ കിട്ടിയത് തെറ്റായി പോയീന്നാണോ ഇത്ത പറയുന്നേ … ” ശ്രാവന്തി സീനത്തിനെ നോക്കി ..

” ഞാനങ്ങനെയേ പറയൂ ശ്രാവി … ഞാനീ കോടതിയിൽ വരാൻ തുടങ്ങിയിട്ട് കൊല്ലം ആറേഴായി … ഒരുപാട് ജീവിതങ്ങൾ കണ്ടിട്ടുണ്ട് … കണ്ടും കേട്ടും മടുത്തു .. അതു കൊണ്ട് തന്നെ ,കുടിച്ച വെള്ളത്തിൽ പോലും ആരെയും വിശ്വസിക്കാൻ തോന്നില്ല … കുറച്ചു കൂടി എക്സ്പീരിയൻസ് ആകട്ടെ നിനക്കും മനസിലാകും .. നീ ജീവിച്ചു തുടങ്ങിയിട്ടേയുള്ളു .. ഇനി എത്ര കാലം മുന്നോട്ട് പോകാനുണ്ട് .. കുറ്റവും കുറവുമൊക്കെ പരസ്പരം പറഞ്ഞ് , അറിഞ്ഞു കൊണ്ട് തുടങ്ങുന്ന ജീവിതങ്ങളിൽ വരെ എന്തെല്ലാം സംഭവിക്കുന്നു .. അപ്പോഴാ ഇവിടെ കഴിഞ്ഞ കാലം പോലും ഓർമയില്ലാതെ ….” സീനത്ത് അറുത്തു മുറിച്ച് പറഞ്ഞു …

ശ്രാവന്തിക്ക് വല്ലാതെ തോന്നി .. കേട്ടവരെല്ലാം ജിഷ്ണുവേട്ടനെ കുറ്റപ്പെടുത്തുന്നു .. പാവം ജിഷ്ണുവേട്ടൻ .. ആ നെഞ്ചിലെ സ്നേഹത്തിന്റെ ആഴം തനിക്കല്ലേ അറിയൂ .. തനിക്കൊരു ചെറിയ പനി വന്നപ്പോൾ പോലും കുട്ടികളെ നോക്കുന്ന പോലെ പിന്നാലെ നടന്ന് മരുന്ന് കഴിപ്പിച്ചു ..

അവൾക്കെന്തോ ആ സംഭാഷണം ദീർഘിപ്പിക്കാൻ തോന്നിയില്ല .. അതു കൊണ്ട് മറ്റൊരു വിഷയമെടുത്തിട്ടു …

****************** **

ഞായറാഴ്ച …

രാവിലെ തന്നെ ജിഷ്ണുവും ശ്രാവന്തിയും കൂടി തിരുവനന്തപുരത്തേക്ക് പോകുവാൻ റെഡിയായി .. തലേ ദിവസം മാളിൽ നിന്നു വാങ്ങിയ ഗിഫ്റ്റ് പാക്കറ്റ് ,ബാക്ക് സീറ്റിൽ ഭദ്രമായി ശ്രാവന്തി വച്ചു …

” ഇറങ്ങട്ടെ അമ്മേ ….?” ശ്രാവന്തി ലതികയോട് യാത്ര ചോദിച്ചു …

” ചെല്ല് മോളെ …. നിങ്ങൾ തിരിച്ചു വരുമ്പോൾ , ഒന്ന് വിളിച്ചേക്ക് … ഞങ്ങൾ ലതയുടെ അങ്ങോട്ട് പോകും .. ഞങ്ങളിങ്ങ് എത്തിയിട്ടില്ലെങ്കിൽ നിങ്ങളങ്ങോട്ട് വാ .. നമുക്കൊന്നിച്ച് തിരിച്ചു വരാം … ” ലതിക ഓർമിപ്പിച്ചു …

” ശരിയമ്മേ …..” അവൾ സമ്മതിച്ചു …

ജിഷ്ണുവിന്റെ കാർ ഗേറ്റ് കടന്നു പോകുന്നത് നോക്കി ലതികയും ജയചന്ദ്രനും സിറ്റൗട്ടിൽ നിന്നു ….

* * * * * * * * * * *

പതിനൊന്ന് മണിയോടടുത്തു , അവർ തിരുവനന്തപുരത്ത് എത്തിയപ്പോൾ … ലൊക്കേഷൻ ഗണേഷ് അയച്ചു കൊടുത്തത് വച്ച് അവൻ കാറോടിച്ചു ..

പേരൂർക്കട നിന്ന് വഴയില റോഡ് വഴി , കാറോടിക്കുമ്പോൾ അവന്റെ ഓർമകളിൽ ഒരു ചലനമുണ്ടായി …

അടുത്ത കാലത്തൊന്നും ആ ഭാഗത്തേക്ക് വരാതിരുന്നിട്ട് കൂടി എവിടെയോ സുപരിചിതമായ വഴികൾ … എന്തൊക്കെയോ ഓർമകൾ പുറത്തു വരാൻ മടിച്ച് ആ വഴികളിൽ പതിയിരിക്കുന്നത് പോലെ …

മുൻപ് , പത്താം ക്ലാസ് വരെ പഠിച്ച സ്കൂളിലേക്ക് യാത്ര ചെയ്തപ്പോൾ മാത്രമായിരുന്നു ഇതുപോലൊരു അനുഭവമുണ്ടായത് …

ആ യാത്രയവസാനിക്കുമ്പോൾ , സ്കൂളിന്റെ പേര് , ഹെഡ്മാസ്റ്റർ , ഒന്ന് രണ്ട് സഹപാഠികൾ , അദ്ധ്യാപകർ അങ്ങനെ കുറേയോർമകൾ താൻ തിരിച്ചു പിടിച്ചിരുന്നു …

ഇപ്പോൾ , അതുപോലെ , അല്ലെങ്കിൽ അതിനേക്കാൾ കൂടുതലായി തനിക്കി വഴി സുപരിചിതമാകുന്നു .. ഇലകളും പൂക്കളും പോലും തന്നെ മാടി വിളിക്കുന്ന പോലെ …

വഴയില റോഡിലേക്ക് കാർ തിരിച്ചത് , ലൊക്കേഷൻ മാപ്പ് നോക്കിയായിരുന്നെങ്കിൽ , ചർച്ച് റോഡ് കയറി , ബോസ്കോ നഗറിലേക്ക് കാർ തിരിഞ്ഞത് യാന്ത്രികമായിട്ടായിരുന്നു …

കാറിറങ്ങി ചെല്ലുമ്പോൾ , ഗേറ്റിന് പുറത്തിറങ്ങി ഗണേഷ് അവരെ നോക്കി നിൽപ്പുണ്ടായിരുന്നു …

ജിഷ്ണുവിന് തല പെരുക്കുന്ന പോലെ തോന്നി … അവന്റെ നെറ്റി വിയർത്തു , ചെന്നിയിലൂടെ വിയർപ്പൊഴുകി …

ഗണേഷ് ഗേറ്റ് തുറന്നു വച്ചിട്ടുണ്ടായിരുന്നു .. ജിഷ്ണു കാർ അകത്തേക്ക് കയറ്റി നിർത്തി …

അവന്റെ നെഞ്ചിടിപ്പ് വർദ്ധിച്ചിരുന്നു .. ആ മുറ്റത്തിന്റെ കോണിലായി നിർമിച്ചിട്ടുള്ള ഫിഷ് ടാങ്കിനു നേർക്ക് അവൻ യാന്ത്രികമായി നോക്കി .. അതിൽ വിടർന്ന താമരപ്പൂക്കളുണ്ടെന്ന് , അതിനുൾ വശം കാണാതെ തന്നെ ജിഷ്ണുവിന് തോന്നി …

അത് സത്യവുമായിരുന്നു ….

ജിഷ്ണു , ടിഷ്യൂ പേപ്പർ എടുത്തു മുഖം തുടച്ചു കൊണ്ട് ശ്രാവന്തിയോട് ഇറങ്ങാനാവശ്യപ്പെട്ടു ..

ശേഷം അവനും ഇറങ്ങി .. ഇറങ്ങിയ പാടെ ജിഷ്ണുവിന്റെ നോട്ടം വീണത് , തൊട്ടടുത്ത ഇരുനില വീടിന്റെ ബാൽക്കണിയിലേക്കാണ് …

അവനങ്ങോട്ട് തന്നെ നോക്കി നിൽക്കുന്നത് , ഗണേഷും , അവരെ സ്വീകരിക്കാൻ അകത്ത് നിന്ന് ഇറങ്ങി വന്ന സജ്നയും കണ്ടു … അവർ മുഖത്തോട് മുഖം നോക്കി …

ജിഷ്ണു അപ്പോഴും ആ ബാൽക്കണിയിൽ നിന്ന് നോട്ടം പിൻവലിച്ചിരുന്നില്ല ….

( തുടരും )

അമൃത അജയൻ

അമ്മൂട്ടി

 

 

അമൃത അജയൻ ന്റെ മറ്റു നോവലുകൾ

ചന്ദ്രനുദിക്കുന്ന ദിക്കിൽ

ഈ സായാഹ്നം നമുക്കായി മാത്രം

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!