Skip to content

ശ്രാവണം – ഭാഗം 11

Shraavanam Novel Aksharathalukal

സജ്ന ഇറങ്ങി വന്ന് ശ്രാവന്തിയുടെ കൈ പിടിച്ചു …

” കയറി വാ .. അന്ന് മാര്യേജിന് കണ്ടതേയുള്ളു … ശരിക്കും പരിചയപ്പെടാൻ കൂടി കഴിഞ്ഞില്ല .. മോള് കരഞ്ഞിട്ട് ഞങ്ങൾ പെട്ടന്ന് തിരിച്ചു വന്നാരുന്നേ …. ” സജ്ന പറഞ്ഞു..

” എന്റെ സജീ … അവരെ അകത്ത് കൊണ്ടുപോയിട്ട് സംസാരിക്കാം … “

” വാ വാ ……” ഗണേഷ് പറഞ്ഞതു കേട്ട് അവൾ ചമ്മലോടെ വിളിച്ചു …

ശ്രാവന്തി ഗിഫ്റ്റ് പാക്കറ്റ് കൂടി കൈയ്യിലെടുത്തു കൊണ്ട് അവർക്കൊപ്പം ചെന്നു …

അകത്തേക്ക് നടക്കുമ്പോഴും ജിഷ്ണുവിന്റെ നോട്ടം അയൽ വീടിന്റെ മുകൾ നിലയിലേക്കായിരുന്നു ..

വീടിനകത്ത് കടന്നപ്പോഴും ജിഷ്ണുവിന് എല്ലായിടവും സുപരിചിതമായി അനുഭവപ്പെട്ടു …

ഗതകാലസ്മരണയിൽ ഒരു പൊട്ടിച്ചിരി അവന്റെ കാതുകളെ ഉണർത്തി ..

ജിഷ്ണു അസ്വസ്ഥനാകുന്നത് ഗണേഷ് ശ്രദ്ധിച്ചിരുന്നു … ശ്രാവന്തി അടുത്തുള്ളത് കൊണ്ട് അവൻ കൂടുതൽ ഒന്നും ചോദിച്ചില്ല …

” മോളെവിടെ ….?” ശ്രാവന്തി തിരക്കി

” ആള് ഉറക്കാ … ഉണർന്നിട്ട് കേക്ക് കട്ട് ചെയ്യാം നമുക്ക് …..” സജ്ന ചിരിച്ചു ..

ജിഷ്ണുവിന് എന്തോ ബുദ്ധിമുട്ടുള്ളത് പോലെ ശ്രാവന്തിക്ക് തോന്നി .. ഇത്ര ദൂരം ഡ്രൈവ് ചെയ്തതിന്റെ ക്ഷീണമാകുമെന്ന് അവൾ കരുതി …

സജ്ന അപ്പോഴേക്കും , എല്ലാവർക്കും കൂൾ ഡ്രിങ്ക്സുമായി വന്നു …

ഹാളിനകമെല്ലാം ബർത്ത്ഡേ പാർട്ടിക്ക് വേണ്ടി അലങ്കരിച്ചിരുന്നു …

ചുവരിൽ ‘ ഹാപ്പി ബർത്ത്ഡേ ആല ‘ എന്ന് മനോഹരമായ വർണങ്ങളിൽ എഴുതിയിരുന്നു …

ആല … നല്ല പേര് എന്ന് ശ്രാവന്തി മനസിലോർത്തു ..

ഗണേഷും ജിഷ്ണുവും വിശേഷങ്ങൾ പറഞ്ഞു തുടങ്ങിയിരുന്നു …

” കുക്കിംഗ് കഴിഞ്ഞിട്ടില്ല … ഞാനൊന്നു കിച്ചണിലേക്ക് ചെല്ലട്ടെ …. ” സജ്ന പറഞ്ഞു …

” ഞാനും വരുന്നു …. ” ശ്രാവന്തി കൂടി എഴുന്നേറ്റ് കിച്ചണിലേക്ക് ചെന്നു ..

അത്യാവശ്യം വലിയ കിച്ചണായിരുന്നു അത് … ശ്രാവന്തിക്കതിന്റെ ഇന്റീരിയർ നന്നായി ഇഷ്ടപ്പെട്ടു …

” ഇത് റെന്റിനല്ലല്ലോ …..?” അവൾ സജ്നയോട് ചോദിച്ചു ..

” അല്ല … ഞങ്ങൾ വാങ്ങിയ വീടാണ് … ഇപ്പോ ഒന്നര വർഷം ആയിട്ടേയുള്ളു …. ” സജ്ന പറഞ്ഞു …

ശ്രാവന്തി എല്ലായിടവും ചുറ്റി നടന്നു നോക്കി …

” ഉടനേ എങ്ങാനും ഒരു വീട് വാങ്ങാൻ പ്ലാൻ ഉണ്ടോ …? “

” ഏയ് … ഇത് വരെ അങ്ങനെയൊരു ഡിസ്കഷൻ പോലും ഉണ്ടായിട്ടില്ല …. ” ശ്രാവന്തി പറഞ്ഞു ..

” ജിഷ്ണു ഒറ്റ മകനല്ലേ …. ” സജ്ന ചോദിച്ചു ..

” അതെ ….”

” അപ്പോ പിന്നെ വീട് ധൃതി പിടിച്ച് ഉണ്ടാക്കേണ്ട കാര്യമൊന്നുമില്ല .. ”

ശ്രാവന്തി ചിരിച്ചു …

” ഞങ്ങടെ മാര്യേജ് കഴിഞ്ഞിട്ട് ആറ് വർഷായി .. മാര്യേജെന്ന് പറഞ്ഞാൽ വിപ്ലവമായിരുന്നു … എന്റെ ഉപ്പയും ഉമ്മയും ഒക്കെ ഓർത്തഡോക്സ് ഫാമിലിയാണ് .. ഗണേശിന്റെ ഫാമിലിയും അങ്ങനെ തന്നെ .. ആരും സമ്മതിക്കില്ലാന്ന് വന്നപ്പോ ഞങ്ങൾ രജിസ്റ്റർ മാര്യേജ് ചെയ്തു .. ആരുമില്ലാരുന്നു .. കുറച്ച് ഫ്രണ്ട്സ് മാത്രം ഉണ്ടായിരുന്നു .. രണ്ട് മൂന്നു വർഷം നല്ലോണം സ്ട്രഗിൾ ചെയ്തു … ഇപ്പഴാ പച്ച പിടിച്ചു തുടങ്ങിയേ ….”

സജ്ന എല്ലാം ഓപ്പൺ ആയി പറയുന്ന കൂട്ടത്തിലാണെന്ന് ശ്രാവന്തിക്ക് മനസിലായി .. അവൾ കൗതുകത്തോടെ കേട്ട് നിന്നു …

” സജ്നയും ടെക്നോപാർക്കിലാണോ ..?”

” അതേ … ഇവിടെ വച്ചാ ഗണേശിനെ പരിചയപ്പെട്ടതും ….” അവൾ ചിരിച്ചു ..

” ഇപ്പോ റിലേറ്റിവ്സ് ഒക്കെ എങ്ങനെയാ …? “

” ഒരു മാറ്റോം ഇല്ല … ഒരിക്കൽ ഉമ്മയെ കണ്ടു മാളിൽ വച്ചിട്ട് … മോൾക്ക് നാല് മാസള്ളപ്പോ … ഉമ്മ

ഓടിയടുത്തു വന്നു … പക്ഷെ ഉപ്പ സമ്മതിച്ചില്ല … ന്റെ കുഞ്ഞിനെ ഒന്നെടുക്കാൻ കൂടി … പോകുമ്പോ ഉമ്മ

തിരിഞ്ഞു നോക്കണുണ്ടായിരുന്നു … ആ കണ്ണൊക്കെ നിറഞ്ഞിരുന്നു … ” അത്രയും പറഞ്ഞപ്പോൾ അവൾ ഏങ്ങിപ്പോയി …

“ഏയ് … സാരോല്ല … ഒക്കെ ശരിയാവും … ” ശ്രാവന്തി അവളുടെ അടുത്ത് ചെന്ന് തോളിൽ മെല്ലെ തട്ടി …

അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി …

” അങ്ങനൊരു പ്രതീക്ഷേണ്ടാർന്നു… ഒരു കുഞ്ഞൊക്കെയാകുമ്പോ എല്ലാവരും വരും ന്ന് .. അങ്ങനെ എല്ലാവരും പറയുമായിരുന്നു … പക്ഷെ ആരും വന്നില്ല .. ഇനി പ്രതീക്ഷയില്ല … ” അവൾ വ്യഥയോടെ പറഞ്ഞു ..

ശ്രാവന്തിക്ക് കേട്ട് നിൽക്കാനെ കഴിഞ്ഞുള്ളു ..

” ഞാൻ ബോറാക്കിയല്ലേ ..” അവൾ കണ്ണു തുടച്ച് കൊണ്ട് ചോദിച്ചു …

” ഇല്ല … ഫ്രണ്ട്സിനോടല്ലേ എല്ലാം തുറന്നു പറയാൻ പറ്റുള്ളു … അങ്ങനെ കരുതിയാൽ മതി … “

സജ്ന ശ്രാവന്തിയുടെ കണ്ണിലേക്ക് നോക്കി …

” താങ്ക്സ് ഡാ …” അവൾ ശ്രാവന്തിയുടെ കരം ഗ്രഹിച്ചുകൊണ്ട് പറഞ്ഞു ..

ഗണേഷും ജിഷ്ണുവും ആ സമയം മുകളിലേക്ക് കയറി ….

ഒരുപാട് ചോദ്യങ്ങൾ , സംശയങ്ങൾ എല്ലാം ജിഷ്ണുവിന്റെ നാവിൻ തുമ്പിൽ വന്നു നിന്നു .. പക്ഷെ എന്ത് ചോദിക്കണം , എങ്ങനെ ചോദിക്കണം എന്ന് മാത്രം അവന് പിടി കിട്ടിയില്ല ….

മട്ടുപ്പാവിലേക്കിറങ്ങിയ ജിഷ്ണു വേഗം , അയൽ വീടിന്റെ ഭാഗത്തേക്ക് ചെന്ന് നിന്നു നോക്കി …

കുറേയേറെ അവ്യക്തമായ ചിത്രങ്ങൾ , അവന്റെ തലച്ചോറിൽ മിന്നി മാഞ്ഞു …

” ആ വീട്ടിലാരാ താമസിക്കുന്നേ ….? ” ജിഷ്ണു ചോദിച്ചു ..

ഗണേശ് ജിഷ്ണുവിനെ തന്നെ നോക്കി ..

” താഴെയോ മുകളിലോ …? ” ഗണേശ് ചോദിച്ചു …

” താഴെയും മുകളിലും വേറെ വേറെ ഫാമിലിയാണോ ..?”

” അതെ … അത് റെന്റിന് കൊടുക്കുന്ന വീടാ …”

ജിഷ്ണു കുറേ സമയം വീണ്ടും ആലോചിച്ചു ..

ഗണേശ് വന്നു ജിഷ്ണുവിന്റെ തോളിൽ തൊട്ടു …

” നിന്നെ എന്താടാ അസ്വസ്ഥമാക്കുന്നത് …”

” എനിക്കറിയില്ല …. ” അവൻ നിസഹായതയോടെ പറഞ്ഞു …

ഗണേശ് നെടുവീർപ്പയച്ചു …

” മുകളിലാരാ താമസിക്കുന്നേ …..” ഏറെ നേരം നോക്കി നിന്നിട്ട് ജിഷ്ണു ചോദിച്ചു ..

ഗണേശ് അവനെ പാളി നോക്കി …

” ഇപ്പോ അവിടെ ഒരു ഫാമിലിയാണ് .. “

” അതിനർത്ഥം മുൻപ് മറ്റാരോ ആയിരുന്നു എന്നല്ലേ ….?” ജിഷ്ണു ചോദിച്ചു …

” ങും …… “

” ഞാൻ മുൻപിവിടെ വന്നിട്ടില്ലേ ….?”

” ഉവ്വ് …….”

” അന്ന് അവിടെ ആരായിരുന്നു …? “

ഗണേശിന്റെ കണ്ണുകളിൽ ഒരു നടുക്കമുണ്ടായി …

” അത് …….”

” ഗണേശ് …. വരൂ …. മോളെഴുന്നേറ്റു … നമുക്ക് ചടങ്ങ് തുടങ്ങാം … “

ആ നിമിഷം താഴെ നിന്ന് സജ്നയുടെ ഒച്ച കേട്ടു …

” ദാ വരുന്നു …. ” ഗണേശ് ആശ്വാസത്തോടെ വിളിച്ചു പറഞ്ഞു ..

” ജിഷ്ണു വാ നമുക്ക് താഴേക്ക് പോകാം ….” പറഞ്ഞിട്ട് ഗണേശ് അവിടെ നിന്നും നടന്നു …

അയലത്തെ ബാൽക്കണിയിലേക്ക് ഒരിക്കൽ കൂടി നോക്കിയിട്ട് ജിഷ്ണുവും ഗണേശിന് പിന്നാലെ നടന്നു …

അവർ താഴേക്ക് വരുമ്പോൾ , ആല ശ്രാവന്തിയുടെ കൈയിലായിരുന്നു …

പുത്തനുടുപ്പൊക്കെയിട്ട് സുന്ദരിക്കുട്ടിയായി അവൾ ഗണേശിനെ നോക്കി ചിരിച്ചു …

” ഗണേശ് … വന്നേ … ഇതൊക്കെയൊന്ന് അറേഞ്ച് ചെയ്യാൻ കൂടിയേ ….” സജ്ന വിളിച്ചു …

ശ്രാവന്തിയുടെ കൈയിലിരുന്ന ആലയുടെ കവിളിലൊന്ന് തട്ടിയിട്ട് ഗണേശ് സജ്നയ്ക്കൊപ്പം ചെന്നു …

ശ്രാവന്തി ആലയെ ജിഷ്ണുവിന്റെ അടുത്തേക്ക് കൊണ്ട് ചെന്നു … അവനവളുടെ കുഞ്ഞു കൈ പിടിച്ച് കുലുക്കി …

” അറിയോ …” അവൻ ചോദിച്ചു ..

അവൾ ചിരിച്ച് മയക്കി … ശ്രാവന്തി ആ കവിളത്ത് ഒരുമ്മ കൊടുത്തു ..

” നമുക്കും ഇത് പോലൊരു മോൾ മതി ജിഷ്ണുവേട്ടാ …” അവൾ ജിഷ്ണുവിന് മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞു …

” ആയിക്കോട്ടെ …. ” അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ..

ആലയുടെ ബർത്ത്ഡേ കേക്ക് ടീപ്പോയിൽ റെഡിയാക്കി വച്ചു .. കാൻഡിൽസ് തെളിച്ചു … സജ്നയും ഗണേശും ചേർന്നു കുഞ്ഞ് ആലയുടെ കൈപിടിച്ച് കേക്ക് കട്ട് ചെയ്തു … ചുറ്റിനും നിന്ന് കൈകൊട്ടി ബെർത്ത്ഡേ ജിംഗിൾസ് പാടി ശ്രാവന്തിയും ജിഷ്ണുവും .. ഇടയ്ക്കെപ്പോഴോ ജിഷ്ണുവിന്റെ കൈകൊട്ടലിന്റെ വേഗത കുറഞ്ഞു .. ഏതോ ഓർമകൾ അവനെ ശക്തിയായി പിടിച്ചുലച്ചു ..

ആ ബാൽക്കണിയിൽ ഇത് പോലെ കേക്ക് മുറിച്ചിരുന്നില്ലേ താൻ …. ഉവ്വ് .. മുറിച്ചു … ആർക്കൊപ്പമായിരുന്നു … അവൻ ചിന്തയിലാണ്ടു …

ശ്രാവന്തി , തങ്ങൾ കൊണ്ടു വന്ന ഗിഫ്റ്റ് ആലയ്ക്ക് സമ്മാനിച്ചു ..

എല്ലാവരും അവളുടെ കുഞ്ഞിച്ചുണ്ടിൽ മധുരം പുരട്ടി …

സന്തോഷത്തോടെ കേക്ക് മുറിക്കൽ അവസാനിച്ചു .. പിന്നീട് ഭക്ഷണം കഴിക്കാനായിരുന്നു ..

ഫ്രൈഡ് റൈസും ചിക്കനും ഐസ്ക്രീമും എല്ലാം ടൈനിംഗ് ടേബിളിൽ നിറഞ്ഞു … നാല് പേരും ഒരുമിച്ചാണ് കഴിക്കാനിരുന്നത് .. ആല ഗണേശിന്റെ മടിയിൽ ഇരുന്നു കഴിക്കാനാരംഭിച്ചു ..

ജിഷ്ണുവിന് ഭക്ഷണത്തിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല …

ജിഷൂ…… ജിഷൂ …………

ആരോ അവനു ചുറ്റും നടന്നു വിളിച്ചുകൊണ്ടിരുന്നു …

ആരായിരുന്നു അത് …. അവൻ ഗാഢമായി ചിന്തിച്ചു …

ആ രൂപം , ആ ശബ്ദം അതവൻ ഓർത്തെടുക്കുവാൻ കിണഞ്ഞു ശ്രമിച്ചു …

ഭക്ഷണശേഷം , ജിഷ്ണു വീണ്ടും മുകളിലേക്ക് തന്നെ പോയി … ആ ബാൽക്കണിയിലേക്ക് തന്നെ നോക്കി അവൻ നിന്നു …

യെസ് …. അതൊരു സ്ത്രീയുടെ ശബ്ദം തന്നെയായിരുന്നു .. അവന് ഉറപ്പായി …

ആരായിരുന്നു തന്നെ ജിഷൂ എന്ന് വിളിച്ചിരുന്ന സ്ത്രീ … ആരായിരുന്നു ആ ശബ്ദത്തിന്റെ ഉടമ ….

ജിഷൂ…. ജിഷൂ….

” എടാ … ആ വീട്ടിലൊരു സ്ത്രീയുണ്ടായിരുന്നു … അവരെന്നെ ജിഷൂന്ന് വിളിച്ചിരുന്നു … ശരിയല്ലെ …..” ജിഷ്ണു മുഖം തിരിച്ച് ഗണേശിനെ നോക്കി …

ഗണേഷ് ഉമിനീരിറക്കി …

” ശരിയല്ലെ ….?” ഗണേശ് മിണ്ടാതെ നിൽക്കുന്നത് കണ്ട് ജിഷ്ണു വീണ്ടും ചോദിച്ചു …

” ങും……..” അവന് സമ്മതിക്കേണ്ടി വന്നു …

” ആരായിരുന്നു ആ സ്ത്രീ …? ” ജിഷ്ണു കൗതുകത്തോടെ ചോദിച്ചു …

” നീ തന്നെ ഓർത്തെടുക്ക് .. അതാ നല്ലത് …” ഗണേശ് വല്ലായ്മയോടെ പറഞ്ഞു

ജിഷ്ണു അവനെയൊന്ന് നോക്കിയിട്ട് അങ്ങോട്ടുമിങ്ങോട്ടും നടന്നു … ഇടയ്ക്കിടയ്ക്ക് ആ ബാൽക്കണിയിലേ നോക്കി … എതാണ്ടൊക്കെയോ അവൻ ചിന്തിച്ചു കൂട്ടി …

ജിഷൂ ….. ജിഷൂ …….

ജിഷൂ….. ജിഷൂ……. നീ …

ജിഷൂ…. നീ….ലു ….. നീലു ..

” യെസ്… നീലു…. ഡാ … ആരായിരുന്നെടാ ആ നീലു … എന്നെ ജിഷൂന്ന് വിളിച്ചിരുന്ന , തിരിച്ചു ഞാൻ നീലൂന്ന് വിളിച്ചിരുന്ന സ്ത്രീ .. “

ഗണേശ് ഞെട്ടിത്തരിച്ച് ജിഷ്ണുവിനെ നോക്കി … അവൻ ഓർത്തെടുത്തിരിക്കുന്നു … ഇനി ഏത് നിമിഷവും എല്ലാ ഓർമകളും അവൻ വീണ്ടെടുക്കും … ആർക്കും തടയാനാവില്ല .. കാലത്തിനു പോലും ..

” ഗണേശ് … നീലു … നീലുവാരാ … നീ പറ … ?” അവൻ കെഞ്ചും പോലെ ചോദിച്ചു …

” ഇനിയെന്തിനാടാ കഴിഞ്ഞതൊക്കെ ഓർത്തെടുത്തിട്ട് …”

” എന്റെ ഇന്നലെകളെ എനിക്കറിയണ്ടേടാ… നിങ്ങൾക്കൊക്കെ നിങ്ങളുടെ ഓർമകൾ എത്ര വിലപ്പെട്ടതാണോ അതുപോലെയല്ലേ എനിക്കും …. ” ജിഷ്ണു ചോദിച്ചപ്പോൾ ഗണേശ് ഉത്തരമില്ലാതെ നിന്നു …

ജിഷ്ണു വീണ്ടും ആ ബാൽക്കണിയിലേക്ക് നോക്കി നിന്നു …

” നീലു … നീലു ….. നീലു …. ” അവൻ മന്ത്രിച്ചു ..

” നീ…. ലു …… നീ… ലു … നീലിമ …”

” യെസ് നീലിമ ….. നീലിമ ….” അവൻ ഗണേശിനു നേർക്ക് വിരൽ ചൂണ്ടി ..

” നീലിമ … ശരിയല്ലേ …..”

ഗണേശ് സ്തംഭിച്ചു നിന്നു …

നീലിമ ….. നീലിമ ….

അത് തന്നെ …. അവൻ പലവട്ടം ആലോചിച്ചുറപ്പിച്ചു …

” നമുക്ക് താഴേക്ക് പോകാം ജിഷ്ണു …. ” ഗണേഷ് വന്നു വിളിച്ചു…

” എനിക്ക് കുറച്ചു സമയം ഇവിടെ നിൽക്കണം ….” അവന്റെ ശബ്ദം ഉറച്ചതായിരുന്നു ….

ഗണേഷ് നിശബ്ദനായി …

” ടെക്നോയിലായിരുന്നപ്പോൾ ഞാനെവിടെയാ താമസിച്ചിരുന്നത് … ?” ജിഷ്ണു മുഖം തിരിച്ച് ഗണേഷിനെ നോക്കി ..

” അത് … അവിടെ അടുത്ത് പേയിങ് ഗസ്റ്റായിട്ടായിരുന്നു …..”

” നിങ്ങളോ … ?”

” ഞങ്ങളിവിടെ .. അന്നിവിടെ റെന്റിനായിരുന്നു .. പിന്നെ ഇത് വാങ്ങി … “

” എനിക്ക് ഞാൻ താമസിച്ചിരുന്ന സ്ഥലത്ത് ഒന്ന് പോകണം .. നീ കൂടി വാ ….”

” ഇപ്പഴോ …? ” ഗണേഷ് അമ്പരന്നു ..

” യെസ് …”

” എടാ അത് … അവിടെയിപ്പോ വേറെ ആൾക്കാരാ … അന്ന് നിന്റെ കൂടെയുണ്ടായിരുന്നവർ പോലും അവിടെയില്ല …. “

” അത് സാരമില്ല … എനിക്കൊന്ന് കണ്ടാൽ മതി ….. “

ഗണേഷ് ന് ഒഴിഞ്ഞു മാറാൻ മറ്റ് വഴികളില്ലാതെയായി …..

” വാ … നമുക്ക് വേഗം തിരിച്ചു വരാം ….” ജിഷ്ണു വിളിച്ചു ..

” ശ്രാവന്തിയോട് എന്ത് പറയും … “

” പുറത്തു പോകുന്നൂന്ന്… അവൾക്ക് പ്രശ്നമൊന്നുമുണ്ടാകില്ല .. അത് ഞാൻ നോക്കിക്കോളാം …..” ജിഷ്ണു പറഞ്ഞു …

അവരൊന്നിച്ചു താഴേക്കിറങ്ങി വന്നു ..

ആലയെ കൈയിലെടുത്ത് , മുറ്റത്തെ ഫിഷ് ടാങ്കിനു ചുറ്റും ചുറ്റി നടക്കുകയായിരുന്നു ശ്രാവന്തി … സജ്ന അത് നോക്കി പടിയിലിരിപ്പുണ്ട് … ശ്രാവന്തിയും സജ്നയും ഇടയ്ക്ക് സംസാരിക്കുന്നുണ്ട് …

ജിഷ്ണു ആ കാഴ്ച നോക്കി നിന്നു ..

ജിഷൂ ദേ നോക്ക് , പുതിയ മൊട്ട് വന്നൂട്ടോ …

ജിഷ്ണുവിന്റെ തലച്ചോറിൽ പ്രകമ്പനം കൊണ്ടു .. ആ ഫിഷ് ടാങ്കിലെ താമരപ്പൂക്കളെ ഇഷ്ടപ്പെട്ടിരുന്ന പെൺകുട്ടി … അത് നീലിമയായിരുന്നോ …

അതേ …. അത് നീലിമയാണ് ..

താൻ നീലു എന്ന് വിളിച്ചിരുന്ന , തന്നെ ജിഷൂ എന്ന് വിളിച്ചിരുന്ന , ആ ഫിഷ് ടാങ്കിലെ താമരപ്പൂക്കളെ ഇഷ്ടപ്പെട്ടിരുന്ന നീലിമ …

ഒരു മിന്നായം പോല , രണ്ട് വെള്ളാരം കണ്ണുകൾ അവന്റെ കൺമുന്നിലൂടെ തെളിഞ്ഞ് മാഞ്ഞു പോയി …

” ഞങ്ങളൊന്ന് പുറത്തു പോയിട്ട് വരാം .. ” ജിഷ്ണു മുറ്റത്തേക്കിറങ്ങി പോക്കറ്റിൽ നിന്ന് കാറിന്റെ കീയെടുത്തു കൊണ്ട് പറഞ്ഞു ..

ഗണേഷ് അപ്പോഴേക്കും ഡ്രസ് മാറി വന്നു …

ജിഷ്ണുവിന്റെ കാറിലേക്ക് ഇരുവരും കയറി ..

അവർ പോകുന്നത് നോക്കി ശ്രാവന്തിയും സജ്നയും നിന്നു ….

* * * * * * * * * * *

ജിഷ്ണുവും ഗണേഷും തിരികെ വരുമ്പോൾ അഞ്ച് മണി കഴിഞ്ഞിരുന്നു … ശ്രാവന്തി ഇതിനോടകം പല വട്ടം ജിഷ്ണുവിനെ വിളിച്ചിരുന്നെങ്കിലും അവൻ കാൾ എടുത്തിരുന്നില്ല …

” ജിഷ്ണുവേട്ടാ നമുക്ക് പോകണ്ടേ .. ഒത്തിരി ഡ്രൈവ് ചെയ്യണ്ടേ ഇനി ….” ഗണേഷിനൊപ്പം കയറി വരുന്ന ജിഷ്ണുവിന്റെ അടുത്തേക്ക് ചെന്ന് കൊണ്ട് ശ്രാവന്തി ചോദിച്ചു …

” പോകാം …… ” അവൻ നിർവികാരമായി പറഞ്ഞു …

അവൾക്കെന്തോ വല്ലായ്മ തോന്നി .. അങ്ങോട്ടു പോയ ജിഷ്ണുവല്ല അതെന്ന് അവൾക്ക് തോന്നി .. എങ്കിലും അവരുടെ മുന്നിൽ വച്ച് അവളൊന്നും ചോദിച്ചില്ല ..

” ഞങ്ങളിറങ്ങുവാ ….” ജിഷ്ണു ഗണേഷിന് ഹസ്ഥ ദാനം നൽകി …

ശ്രാവന്തി സജ്നയോട് യാത്ര ചോദിച്ചു .. അവളുടെ കൈയിലിരുന്ന ആലയ്ക്ക് ഉമ്മ

നൽകി …

ഇനി വരുമ്പോൾ ,ഇതുപോലൊരു മണിമുത്ത് തന്റെ മടിയിലും ഉണ്ടാകണെ എന്നവൾ പ്രാർത്ഥിച്ചു …

ഗണേഷും സജ്നയും അവരെ സന്തോഷത്തോടെ യാത്രയാക്കി ..

കാറോടിക്കുമ്പോൾ ജിഷ്ണു അവളോടൊന്നും സംസാരിച്ചില്ല .. ശ്രാവന്തിക്ക് എന്തോ പന്തികേട് തോന്നി .. സാധാരണ അവൻ എന്തെങ്കിലുമൊക്കെ സംസാരിക്കാറുള്ളതാണ് …

” എന്താ ജിഷ്ണുവേട്ടാ ഒരു വല്ലായ്മ …”

” ഒന്നൂല്ല … “

” പിന്നെന്താ ഒന്നും മിണ്ടാത്തെ …? “

” വൈകിയില്ലേ ശ്രാവന്തി .. പെട്ടന്ന് പോകണ്ടെ .. റോഡിലെ തിരക്ക് നീ കണ്ടില്ലേ … ഇത് ട്രിവാൻട്രം ആണ് .. വെഞ്ഞാറമൂടെങ്കിലും കഴിയാതെ ഒരു രക്ഷയും ഇല്ല … “

ശ്രാവന്തി പിന്നെ മിണ്ടിയില്ല …

ജിഷ്ണുവേട്ടന് എന്തോ കാര്യമായിട്ട് പറ്റിയിട്ടുണ്ടെന്ന് അവൾ മനസിലുറപ്പിച്ചു .. അല്ലെങ്കിലിങ്ങനെ ദേഷ്യപ്പെടില്ല .. ഇങ്ങനെയൊന്നും പറയുകയുമില്ല …

പന്തളത്ത് കാറൊതുക്കി അവർ ഹോട്ടലിൽ കയറി ഫുഡ് കഴിച്ചു …

അപ്പോഴും അവന്റെ നിശബ്ദത ശ്രാവന്തിയെ വേദനിപ്പിച്ചു ..

” ജിഷ്ണുവേട്ടനും ഗണേഷേട്ടനും കൂടി പുറത്തു പോയിട്ട് ആരെയെങ്കിലും കണ്ടോ ..?” അവൾ ചോദിച്ചു …

” ഇല്ല …..”

” പിന്നെന്തിനാ പോയെ … “

” പറഞ്ഞതല്ലേ നിന്നോട് .. ഒന്ന് ചുറ്റാൻ പോയതാ .. ഒന്നുമല്ലെങ്കിലും ഞാൻ ഒന്നൊന്നര വർഷം ജീവിച്ച സ്ഥലമല്ലേ അത് ….” അവൻ നീരസത്തോടെ പറഞ്ഞു ..

ശ്രാവന്തിക്ക് സങ്കടം വന്നു .. അവന്റെ ശബ്ദത്തിൽ അവൾക്ക് കിട്ടുന്ന കരുതലിപ്പോൾ പറഞ്ഞ വാക്കുകളിലില്ല …

അവൾ കഴിച്ചത് മതിയാക്കി എഴുന്നേറ്റ് പോയി കൈകഴുകി … അവൾ ഭക്ഷണം പകുതിയോളം ബാക്കി വച്ച പ്ലേറ്റിലേക്ക് അവൻ നോക്കി … എന്നിട്ടും ഒന്നും പറയാതെ അവൻ കഴിച്ച് തീർത്ത് എഴുന്നേറ്റു …

കാറിലവൾ നിശബ്ദമായി ഇരുന്നു … അവനോട് ഒന്നും തന്നെ ചോദിക്കുകയോ പറയുകയോ ചെയ്തില്ല …

” ജിഷ്ണുവേട്ടാ , ഇവിടെത്തുമ്പോ അമ്മയെ വിളിക്കാൻ പറഞ്ഞിട്ടുണ്ടായിരുന്നു …. ” വീടെത്താറായപ്പോൾ ശ്രാവന്തി അവനെ ഓർമിപ്പിച്ചു ..

” വിളിച്ചു നോക്കിയേ … “

അവൾ ഫോണെടുത്ത് ലതികയെ വിളിച്ചു … അവർ വീട്ടിലുണ്ടെന്ന് ലതിക പറഞ്ഞു ..

” അമ്മേം അച്ഛനും വീട്ടിലുണ്ട് ജിഷ്ണുവേട്ടാ …” അവൾ പറഞ്ഞു …

അവൻ കാർ നേരെ വീട്ടിലേക്ക് വിട്ടു ….

ലതിക ഗേറ്റ് തുറന്നു വച്ചിട്ടുണ്ടായിരുന്നു … കാർ ഗേറ്റ് കടന്ന് പേർച്ചിലേക്ക് കയറിയപ്പോൾ ലതിക തന്നെ പോയി ഗേറ്റടച്ചു …

” എന്ത് പറ്റി നിങ്ങളിത്രേം വൈകിയത് …? ” ലതിക ചോദിച്ചു …

” കുറേ ആയില്ലേ ഞാനവിടെയൊക്കെ പോയിട്ട് .. ജസ്റ്റ് ഒന്ന് കറങ്ങി .. പിന്നെ അവിടുന്ന് ഇവിടെ വരെ ഡ്രൈവ് ചെയ്യണ്ടേ … ” ജിഷ്ണു പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി പോയി …

ശ്രാവന്തി അവനെയൊന്ന് നോക്കിയിട്ട് പിന്നാലെ കയറിച്ചെന്നു …

ശ്രാവന്തി റൂമിൽ വരുമ്പോൾ ജിഷ്ണു ബെഡിൽ മലർന്നു കിടപ്പുണ്ടായിരുന്നു .. വസ്ത്രം പോലും മറ്റാതെ …

സാധാരണ പുറത്തു പോയി വന്നാൽ , ആ വസ്ത്രം മാറ്റി ഫ്രഷ് ആയിട്ടേ അവൻ ബെഡിൽ കയറാറുള്ളു …

ജിഷ്ണുവേട്ടനെന്തിനാണ് പതിവ് ചിട്ടകളൊക്കെ തെറ്റിക്കുന്നത് .. അതിനു മാത്രം എന്ത് സംഭവിച്ചു …

അവൾ ചെന്ന് ബെഡിലിരുന്നു ..

” ഡ്രെസ് മാറ്റുന്നില്ലേ … ” അവളവന്റെ നെഞ്ചിൽ കൈവച്ച് ചോദിച്ചു ..

” ങും …..” അവൻ മൂളി …

എങ്കിലും അവൻ എഴുന്നേൽക്കുകയോ വസ്ത്രം മാറുകയോ ചെയ്തില്ല ..

അവൾ നിർബന്ധിക്കാൻ പോയില്ല … കൂടുതൽ പറഞ്ഞാൽ അവൻ ദേഷ്യപ്പെടുമെന്ന് അവൾക്ക് തോന്നി …

അവളെഴുന്നേറ്റ് പോയി ഡ്രസ് മാറി വന്നു … പിറ്റേന്ന് രണ്ട് പേർക്കും ഓഫീസിലിടാനുള്ള വസ്ത്രങ്ങൾ അയൺ ചെയ്തു വച്ചു ..

ഇടയ്ക്കെപ്പോഴോ ജിഷ്ണു എഴുന്നേറ്റ് പോയി ഡ്രസ് മാറ്റി വന്നു കിടന്നു …

ശ്രാവന്തിയും ലൈറ്റ് ഓഫ് ചെയ്ത് അവന്റെയരികിൽ വന്ന് കിടന്നു …

പതിവുപോലെ അവന്റെ കൈകൾ അവളെ തേടി ചെന്നില്ല .. അവൾക്കൊന്നു പൊട്ടിക്കരയാൻ തോന്നി .. എല്ലാ അർത്ഥത്തിലും ഭാര്യ ഭർത്താക്കന്മാരായി ജീവിച്ചു തുടങ്ങിയതിൽ പിന്നെ ആദ്യമായാണ് അവന്റെ നെഞ്ചിന്റെ ചൂടേൽക്കാതെ , അവന്റെ ചുടു ചുംബനങ്ങളില്ലാതെ അവൾ ഉറങ്ങാൻ കിടക്കുന്നത് …

അവളുടെ കൺകോണിലൂടെ കണ്ണുനീരൊഴുകി … കരച്ചിലിന്റെ ചീളുകൾ പുറത്തു വരാതിരിക്കാൻ അവൾ അടക്കിപ്പിടിച്ചു കിടന്നു …

* * * * * * * * * * * *

പാതി മയക്കത്തിലെപ്പോഴോ അവൾ മെല്ലെ കണ്ണു തുറന്നു … അവൾ സൈഡിലേക്ക് മുഖം തിരിച്ചു നോക്കി … ഒരു നടുക്കത്തോടെ അവൾ പിടഞ്ഞെഴുന്നേറ്റു …

ജിഷ്ണു കിടന്നിടം ശൂന്യമായിരുന്നു .. അവൾ ചുറ്റും നോക്കി … എങ്ങോട്ടു പോയി ….

റൂമിൽ ഫാൻസി ലൈറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളു … അവൾ മെല്ലെ പാദങ്ങൾ നിലത്ത് ചവിട്ടി ..

ബാത്ത്റൂം പുറത്ത് നിന്ന് തന്നെ ലോക്ക് ചെയ്തിട്ടുണ്ട് … അവളുടെ നെഞ്ചിടിപ്പ് വർദ്ധിച്ചു …

റൂമിന്റെ ഡോർ തുറന്നു കിടക്കുന്നത് ശ്രാവന്തി കണ്ടു … അവൾ ശബ്ദം കേൾപ്പിക്കാതെ നടന്നു പുറത്തിറങ്ങി…

എങ്ങോട്ടാവും ജിഷ്ണുവേട്ടൻ പോയിട്ടുണ്ടാവുക … ഒരൂഹത്തിൽ അവൾ ടെറസിലേക്ക് നടന്നു … ഊഹം തെറ്റിയില്ല .. ടെറസിലേക്കുള്ള ഡോർ തുറന്നു കിടപ്പുണ്ടായിരുന്നു …

അവൾ പതിയെ അങ്ങോട്ടു ചെന്നു … ടെറസിൽ ഒരു ചെയറെടുത്തിട്ട് ആകാശത്തേക്ക് മിഴിനട്ട് ചാരിക്കിടക്കുകയായിരുന്നു ജിഷ്ണു …

” എന്താ ജിഷ്ണുവേട്ടാ ഇത് ….” അവൾ അവന്റെയടുത്തേക്ക് ചെന്നു …

അവൻ തല ചരിച്ച് നോക്കി …

” താനുറങ്ങിയില്ലേ ……”

” ഞാനിപ്പോ ഉണർന്നതാ … നോക്കിയപ്പോ ജിഷ്ണുവേട്ടനെ കാണണില്ല … “

” എനിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല … അപ്പോ എണീറ്റ് വന്ന് ഇവിടെയിരുന്നു …. ” അവൻ പറഞ്ഞു …

” എന്താ ജിഷ്ണുവേട്ടാ ഇങ്ങനെയൊക്കെ … ഇതൊന്നും പതിവില്ലാത്ത ശീലങ്ങളാണല്ലോ ….” അവൾ മനസിന്റെ വേവ് മറച്ചു വച്ചില്ല …

” ആരു പറഞ്ഞു … ഞാനിടയ്ക്കൊക്കെ ഇങ്ങനെ വന്നിരിക്കാറുണ്ട് ….”

” ഞാൻ വന്നേപിന്നെ ആദ്യായിട്ടാ …” അവളുടെ തൊണ്ടയിടറി …

” താൻ പോയി കിടന്നോ …” അവൻ പറഞ്ഞു ..

” ജിഷ്ണുവേട്ടൻ എഴുന്നേറ്റ് വാ ……”

” ഞാൻ കുറച്ചു കൂടി ഇവിടെയിരിക്കട്ടെ … താൻ പോയി കിടക്ക് ….” അവൻ പറഞ്ഞു ..

” എങ്കിൽ ഞാനും ഇവിടെയിരിക്കും ….. ” പറഞ്ഞു കൊണ്ട് , അവന്റെ ചെയറിനരികിലായി നിലത്തേക്ക് അവളിരുന്നു …

” ഇത് വലിയ ശല്ല്യമായല്ലോ …..” അവൻ അവളുടെ നേരെ പൊട്ടിത്തെറിച്ചു …

ശ്രാവന്തി നടുങ്ങിപ്പോയി .. അവൾ വാ പൊത്തി പൊട്ടിക്കരഞ്ഞു …

” ജിഷ്ണുവേട്ടന് ഞാൻ ശല്ല്യായി ല്ലേ ..” അവൾ വിങ്ങിപ്പൊട്ടി …

അവൻ പെട്ടന്നെഴുന്നേറ്റ് വന്ന് അവളെ പിടിച്ചെഴുന്നേൽപ്പിച്ചു … ആ മുഖത്തേക്ക് നോക്കിയപ്പോൾ അവന് സഹതാപം തോന്നി …

പറഞ്ഞതിത്തിരി കടന്നു പോയെന്ന് അവന് തന്നെ തോന്നിയിരുന്നു …

” സോറി …..” അവൻ അവളുടെ കവിളിൽ തട്ടി …

അവൾ വിതുമ്പിക്കൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു …

അവനവളെ ചേർത്തു പിടിച്ചു കൊണ്ട് ബെഡ് റൂമിലേക്ക് നടന്നു … അവളെ കിടത്തി അവനും അരികിൽ കിടന്നു …

അവൾ കൈയെടുത്ത് അവനെ ചുറ്റിപ്പിടിച്ചു ഒരാശ്രയമെന്നോണം … അവനവളെ തന്നിലേക്കണച്ചു പിടിച്ച് കിടന്നു …

* * * * * * * * * *

പിറ്റേന്ന് ഓഫീസിൽ വന്നിട്ടും ജിഷ്ണുവിന് ഒന്നിലും ശ്രദ്ധിക്കാൻ തോന്നിയില്ല … അറ്റൻഡർ കൊണ്ടു വച്ചിട്ടു പോയ ചായ തണുത്തു …

” സർ , ചായ തണുത്തു ….” കപ്പ് തിരികെയെടുക്കാൻ വന്ന രാവുണ്ണി പറഞ്ഞു …

” താനത് കളഞ്ഞേക്ക് ….” ജിഷ്ണു പറഞ്ഞു …

” വേറെ ചായ കൊണ്ടു വരാം സർ …..” അയാൾ പറഞ്ഞു ….

” വേണ്ട ……..”

രാവുണ്ണി പോയിക്കഴിഞ്ഞ് ജിഷ്ണു സീറ്റിൽ നിന്നെഴുന്നേറ്റു … അന്നേ ദിവസം ലീവെഴുതി കൊടുത്തിട്ട് അവൻ ഓഫീസിൽ നിന്നിറങ്ങി നേരെ ബീച്ചിലേക്ക് പോയി …

ഇന്നലെ മുതൽ മനസിലൊരു കടലിരമ്പുന്നുണ്ട് ….

തിരമാലകളിലേക്ക് നോക്കിയിരിക്കെ അവന്റെ കൺമുന്നിൽ പലപല ചിത്രങ്ങൾ തെളിഞ്ഞു … അക്കൂട്ടത്തിലെവിടെയോ ഒരു കടലുണ്ടായിരുന്നു …

കാലുകളിൽ ചിത്രം വരച്ചു മടങ്ങിയ തിരമാലകൾ … അതിനു പിന്നാലെ ,തന്റെ കൈവിട്ടോടിയ വെള്ളാരം കണ്ണുള്ള പെൺകുട്ടി ….

അവനൊരു നടുക്കത്തോടെ മുഖമുയർത്തി നോക്കി … ആ തിരമാലകളിൽ രണ്ടു വെള്ളാരം കണ്ണുകൾ അവൻ കണ്ടു …

എങ്ങുമുറയ്ക്കാത്ത ചിന്തകൾ … ഓർമകൾ …. അവൻ തലമുടി പിന്നി വലിച്ചു ..

ആരായിരുന്നു എനിക്ക് നീ ….. ? എവിടെയാണ് നീയിന്ന് …? ആ ചോദ്യങ്ങൾ അവനെ മഥിച്ചു കൊണ്ടിരുന്നു …

ഇടയ്ക്ക് രണ്ട് തവണ ശ്രാവന്തി വിളിച്ചപ്പോൾ താൻ ഓഫീസിലാണെന്ന് അവൻ കള്ളം പറഞ്ഞു …

കടൽ … അഗാഥമായ രഹസ്യങ്ങളുടെ നിഗൂഢതകൾ പേറിയ സാഗര നീലിമ … നീയെന്നോട് എന്ത് രഹസ്യമാണ് പറയാൻ ശ്രമിക്കുന്നത് …

ഏതോ കടലിനും തിരമാലകൾക്കും തന്നോട് എന്തൊക്കെയോ പറയാനുണ്ടെന്ന് അവന് തോന്നി ….

അവൻ അങ്ങോട്ടുമിങ്ങോട്ടും നടന്നു .. ഒടുവിൽ അവൻ ഫോണെടുത്ത് ശ്രാവന്തിയെ വിളിച്ചു …

രണ്ടാമത്തെ റിങ്ങിന് അവൾ ഫോണെടുത്തു …

” ഞാൻ ട്രിവാൻട്രത്തേക്ക് പോകുവാ … ” അവളെന്തെങ്കിലും ചോദിക്കും മുന്നേ അവൻ പറഞ്ഞു …

” ഇപ്പോഴോ …? എന്തിന് …? “

” ഓഫീസിലെ ആവശ്യത്തിന് .. ചിലപ്പോ നാളയെ എത്തൂ …..”

” എന്താവശ്യം …..” അവൾക്കത് വിശ്വാസം തോന്നിയില്ല …

” ശ്രാവന്തി … ഒരാത്യാവശ്യമാണെന്ന് ഞാൻ പറഞ്ഞു … വരുമ്പോ ലേറ്റാകും … അല്ലെങ്കിൽ നാളെ എത്തും … വെറുതെ വിളിച്ചു ശല്യം ചെയ്യരുത് ….” അത്രയും പറഞ്ഞിട്ട് മറുപടിക്ക് കാത്തു നിൽക്കാതെ അവൻ കാൾ കട്ട് ചെയ്തു .. ശേഷം സ്വിച്ച്ഡ് ഓഫ് ചെയ്തു വച്ചു …

പിന്നെ കാറിലേക്ക് കയറി …

* * * * * * * * * * * * * * * * *

സന്ധ്യ നേരത്ത് അവൻ ശംഖുമുഖം ബീച്ചിൽ അലഞ്ഞു നടന്നു .. കൈവരിയിലിരുന്ന് കടലിന്റെ വിദൂരതയിലേക്ക് നോക്കി …

ഓർമകൾക്ക് നിറം വച്ചു തുടങ്ങുന്നത് അവനറിയുന്നുണ്ടായിരുന്നു … സൂര്യാസ്തമനം കണ്ട് യാത്രികരെല്ലാം മടങ്ങി തുടങ്ങി … പക്ഷെ അവൻ മാത്രം മടങ്ങിയില്ല …. അവൻ മണൽത്തരികളിൽ ചവിട്ടി കടലിനടുത്തേക്ക് നടന്നു .. വെയിലിന്റെ താപമേറ്റ് പൊള്ളിക്കിടന്ന മണലിൽ നിന്ന് ചൂടാറി തുടങ്ങിയിരുന്നു … അവൻ ആ മണലിലേക്കിരുന്നു …. പിന്നെ മണൽ തരികൾക്ക് മേൽ നീലിമ എന്നെഴുതി അതിനു മീതെ കിടന്നു …

* * * * * * * * * * * * * * *

ലതികയോടും ജയചന്ദ്രനോടും ജിഷ്ണു പറഞ്ഞത് പോലെയേ ശ്രാവന്തി പറഞ്ഞുള്ളു …

ബെഡ് റൂമിൽ അവൾ കാൽമുട്ടിലേക്ക് തല ചായ്ച്ചിരുന്ന് ഏങ്ങലടിച്ചു …

എത്ര വിളിച്ചിട്ടും ജിഷ്ണുവിന്റെ ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു … എവിടെയാണ് ഒന്നന്വേഷിക്കുക … ആരോടാണ് തിരക്കുക …

പെട്ടന്ന് അവൾക്ക് സജ്നയെ ഓർമ വന്നു ..

അവൾ സജ്നയുടെ നമ്പറെടുത്ത് വിളിച്ചു … റിങ്ങ് തീരാറായപ്പോൾ സജ്ന ഫോണെടുത്തു …

കുശലാന്വേഷണങ്ങൾക്കിടയിൽ , തഞ്ചത്തിൽ ജിഷ്ണു ഓഫീസാവശ്യത്തിന് ട്രിവാൻട്രത്ത് വന്നിട്ടുണ്ടെന്ന് ശ്രാവന്തി പറഞ്ഞു …

അവളുടെ സംസാരത്തിൽ നിന്ന് ജിഷ്ണു അവിടെ എത്തിയിട്ടില്ലെന്ന് ശ്രാവന്തിക്ക് മനസിലായി …

ഫോൺ വച്ചിട്ട് അവളെഴുന്നേറ്റ് ജനാലയ്ക്കരികിൽ ചെന്നു നിന്നു … പുറത്തെ പൊള്ളുന്ന നിലാവിലേക്ക് വേദനയോടെ നോക്കി കണ്ണുനീർ വാർത്തു …

* * * * * * * * *

രാവിലെ , മോളുണരും മുന്നേ ഗണേഷിനും അവൾക്കും ഓഫീസിൽ പോകാനുള്ള തിരക്കുകളിലായിരുന്നു സജ്ന .. മോളെ ഡേ കെയറിൽ ആക്കിയിട്ടാണ് അവരിരുവരും ഓഫീസിൽ പോകുന്നത് …

കഷ്ടിച്ച് ആറു മണിയായിട്ടുണ്ടാകും … പുറത്തെ കോളിംഗ് ബെൽ മുഴങ്ങിയപ്പോൾ സജ്ന നെറ്റി ചുളിച്ചു …

ആരാണിത്ര രാവിലെ …

ഗ്യാസിന്റെ ഫ്ലെയിം ഓഫ് ചെയ്തിട്ട് അവൾ മുൻവശത്തേക്ക് ചെന്ന് ഡോർ തുറന്നു …

അഥിതിയെ കണ്ട് അവൾ അമ്പരന്നു ..

ജിഷ്ണു ……

എവിടെയോ അലഞ്ഞ് തിരിഞ്ഞ് കയറി വന്നതാണെന്ന് ആ നിൽപ്പിൽ നിന്ന് വ്യക്തമായിരുന്നു .. പാറിപ്പറന്ന മുടിയും , ഇൻസേർട്ട് ചെയ്യാത്ത ഷർട്ടും … അവളവനെ ആപാദചൂഡം നോക്കി …

( തുടരും )

അമൃത അജയൻ

അമ്മൂട്ടി

 

 

അമൃത അജയൻ ന്റെ മറ്റു നോവലുകൾ

ചന്ദ്രനുദിക്കുന്ന ദിക്കിൽ

ഈ സായാഹ്നം നമുക്കായി മാത്രം

4/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!