Skip to content

ശ്രാവണം – ഭാഗം 9

Shraavanam Novel Aksharathalukal

” ജിഷ്ണു എന്തു ചെയ്യുന്നു ….?”

” KSEB ൽ ആണ് .. എക്‌സിക്യൂട്ടിവ് എഞ്ചിനിയർ …..”

” ഓ നൈസ് … ആം ഡോക്ടർ ആദിത്യൻ മേനോൻ … പീഡിയാട്രീഷൻ ആണ് … ഇവിടെയാ വർക്ക് ചെയ്യുന്നേ …. “

” ഇവിടെ അടുത്താണോ താമസം …….?”

“അതെ … ഒരു ഫൈവ് മിനിറ്റ് ഡ്രൈവ് .. ആക്ച്വലി ഞാൻ ഡ്യൂട്ടിക്ക് വന്നതാ … ഇല്ലായിരുന്നെങ്കിൽ രണ്ടാളെയും കൊണ്ട് പോയി അച്ഛന്റെയും അമ്മയുടെയും മുന്നിൽ നിർത്തിയിട്ടേ ബാക്കി കാര്യമുണ്ടായിരുന്നുള്ളു. …..” ആദിത്യൻ പറഞ്ഞു …

ജിഷ്ണുവും ശ്രാവന്തിയും ചിരിച്ചു …

” അല്ല .. നീയിപ്പോ എന്ത് ചെയ്യുന്നു ശ്രാവി ….?” ആദിത്യൻ ശ്രാവന്തിയെ നോക്കി ….

” അഡ്വക്കേറ്റാണ് ……..”

” വൗ …. വെരി നൈസ് …. അപ്പോ അന്ന് വെറുതെ പറഞ്ഞതല്ല … പഠിച്ച് അഡ്വക്കേറ്റ് ആകുമെന്ന് .. അച്ഛന് ഇതൊരു സർപ്രൈസ് ആയിരിക്കും …. അച്ഛന്റെ വക്കീൽ കോട്ടെടുത്ത് വച്ച് നീ കൊറെ കളിച്ചതല്ലേ ……”

ശ്രാവന്തി ചമ്മലോടെ ചിരിച്ചു …

” നമ്മുടെ കുഞ്ഞാവി എന്ത് പറയുന്നു … ” ആദിത്യൻ ശിവയെ കുറിച്ച് ചോദിച്ചു …

” അവളിപ്പോ പ്ലസ്റ്റൂ ആയി .. “

” പിള്ളേരൊക്കെ വളർന്നുല്ലേ … “

ആദിത്യൻ സ്വാതന്ത്യത്തോടെ ശ്രാവന്തിയോട് സംസാരിക്കുന്നത് ജിഷ്ണു ശ്രദ്ധിച്ചു …

ആ സമയം ജിഷ്ണുവിന് ഒരു ഫോൺ വന്നു …

” നിങ്ങൾ സംസാരിക്ക് … ഞാനിപ്പോ വരാം … ” ഫോൺ എടുത്തുകൊണ്ട് ജിഷ്ണു അവരോട് പറഞ്ഞിട്ട് അൽപം മാറി നിന്നു …

” ചേച്ചിയിപ്പോ എവിടെയാ … …..?”

” അവൾ വീട്ടിലുണ്ട് …..”

” മര്യേജ് കഴിഞ്ഞോ …..”

ആദിത്യന്റെ മുഖം മ്ലാനമായി …

ശ്രാവന്തിയത് ശ്രദ്ധിച്ചു …..

” അവൾ …… അവൾ ഒന്നര വർഷായി കിടപ്പിലാ ……” അവൻ വിഷാദം കലർന്നൊരു പുഞ്ചിരിയോടെ പറഞ്ഞു .

ശ്രാവന്തി അമ്പരന്നു ….

” അയ്യോ …. എന്ത് പറ്റിയതാ …….”

” ഒരു സൂയിസൈഡ് അറ്റംപ്റ്റ് … പക്ഷെ ഞാൻ കണ്ടു … ജീവൻ മാത്രം പോയില്ല … തളർന്നു കിടപ്പാ .. ” അവന്റെ കണ്ണുകളിൽ ഒരു തുള്ളി നീർ പൊടിഞ്ഞു ….

ശ്രാവന്തി മിഴിച്ചു നിന്നു …. കുറേ സമയത്തേക്ക് അവൾക്ക് ശബ്ദം പോലും പുറത്തേക്ക് വന്നില്ല …

അപ്പോഴേക്കും ജിഷ്ണു അവർക്കടുത്തേക്ക് വന്നു …. ശ്രാവന്തിയുടെ മുഖം വല്ലാതിരിക്കുന്നത് ജിഷ്ണു ശ്രദ്ധിച്ചു ….

” എന്നാൽ പോകാം നമുക്ക് ….?” ജിഷ്ണു ചോദിച്ചു …

ശ്രാവന്തി തലയാട്ടി …

പോകാൻ നേരം ജിഷ്ണുവിന്റെ നമ്പർ ആദിത്യൻ വാങ്ങി …

” രണ്ടാളും വീട്ടിലേക്ക് വരണം .. അക്കാര്യത്തിൽ ഒരു കോംപ്രമൈസും ഇല്ല .. ” ആദിത്യൻ പറഞ്ഞു ..

ജിഷ്ണുവും ശ്രാവന്തിയും സമ്മതത്തോടെ ചിരിച്ചു …

ആദിത്യനോടു യാത്ര പറഞ്ഞു ഇരുവരും പാർക്കിംഗിലേക്ക് നടന്നു ..

അവർ പോകുന്നത് നോക്കി നിന്നിട്ട് ആദിത്യൻ തന്റെ ഡ്യൂട്ടികളിലേക്ക് ഊളിയിട്ടു ….

കാറിലിരിക്കുമ്പോൾ ശ്രാവന്തിയുടെ മുഖം ജിഷ്ണു ശ്രദ്ധിച്ചു …

” എന്തു പറ്റി തന്റെ മുഖത്തൊരു വാട്ടം ….”

” ജിഷ്ണുവേട്ടാ ആദിയേട്ടന് ഒരു അനുജത്തിയിണ്ട് .. എന്നെക്കാൾ മൂത്തതാ … അനഘ … ആ ചേച്ചി സൂയിസൈഡ് അറ്റംപ്റ്റ് നടത്തി .. ഇപ്പോ തളർന്നു കിടക്കാത്രേ ……..”

” ഓ … സാഡ് ….”

ജിഷ്ണു ഡ്രൈവിംഗിനിടയിലും അവളുടെ മുഖത്തേക്ക് പാളി നോക്കി ….

” എന്തിനാ സൂയിസൈഡ് അറ്റംപ്റ്റ് നടത്തിയേ ….?”

” അതൊന്നും ചോദിക്കാൻ തോന്നിയില്ല .. ഞാൻ ഷോക്ക്ഡ് ആയി പോയി … എന്റെ മനസിൽ ഇപ്പോഴും ചേച്ചീടെ ആ പഴയ രൂപം ണ്ട് … എന്തൊരു സ്മാർട്ടായിരുന്നു … ചേച്ചി അങ്ങനെ ചെയ്യാൻ ശ്രമിച്ചു എന്നു പോലും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല .. ” അവൾ അമ്പരപ്പ് വിടാതെ പറഞ്ഞു …

” ചില സാഹചര്യങ്ങളിൽ മനുഷ്യന്റെ നില വിട്ട് പോകും ….”

” എന്നാലും ……….”

” നീ ഇത് പോലെ എത്ര വിഷയങ്ങൾ ഫേസ് ചെയ്യുന്നതാ .. ആ നീ ഇങ്ങനെ ഡെസ്പ് ആയാലോ ….?” ജിഷ്ണു ചോദിച്ചു …

” ശരിയാ ജിഷ്ണുവേട്ടാ … ക്ലയൻസിന്റെ കൂട്ടത്തിൽ ആത്മഹത്യ ശ്രമം നടത്തിയവരും , അതിനു പ്രേരണ കൊടുത്തിട്ടുള്ളവരും ഒക്കെയുണ്ട് … എന്നാലും അടുത്തറിയുന്നവർക്ക് ഇങ്ങനെ വരുമ്പോ .. അതാ.. .”

അവൾക്കാ വിഷയം വല്ലാതെ ഫീലിയിട്ടുണ്ടെന്ന് ജിഷ്ണുവിന് മനസിലായി …

” ഇതാ തന്റെ ആറ്റിറ്റ്യൂഡെങ്കിൽ എങ്ങനെ ആ വീട്ടിൽ പോയി ആ കുട്ടിയെ കാണും …? ” ജിഷ്ണു ചോദിച്ചു …

” ആറ്റിറ്റ്യൂഡ് എന്തായാലും എനിക്ക് പോയി കാണണം ജിഷ്ണുവേട്ടാ …. പാവം ചേച്ചി ….” അവളുടെ തൊണ്ടയിടറി …

ജിഷ്ണു നെടുവീർപ്പിട്ടു …

” നമുക്കൊരു മൂവി കണ്ടിട്ട് പോയാലോ … തന്റെയീ മൂടൊക്കെയൊന്നു മാറട്ടെ …. “

ജിഷ്ണു പറഞ്ഞപ്പോൾ അവനെ വിഷമിപ്പിക്കേണ്ടന്ന് കരുതി അവൾ എതിർത്തില്ല …

അവളുടെ ഓർമകൾ ഭൂതകാലത്തിൽ കുരുങ്ങിക്കിടന്നു ….

” യുവർ ഓണർ … ഈ വീട്ടിൽ എന്റെ കക്ഷി അനഘക്ക് വേണ്ടി ചിക്കനോ മട്ടണോ ബീഫോ ഉണ്ടാക്കാതെ , സഹോദരൻ ആദിത്യൻ ലീവിന് വരുമ്പോൾ മാത്രം ഉണ്ടാക്കുന്നത് , എന്റെ കക്ഷിയോടുള്ള കടുത്ത അനീതിയും നീതി നിഷേധവും തികഞ്ഞ സ്ത്രീവിരുദ്ധതയുമാണെന്ന് തെളിഞ്ഞിട്ടുണ്ട് .. ആയതിനാൽ , എന്റെ കക്ഷിക്ക് അനുകൂലമായൊരു നടപടി ഈ കോടതി കൈക്കൊള്ളുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ……..” കിച്ചണിലിരുന്ന് ചിക്കൻ കട്ട് ചെയ്യുന്ന അനഘയുടെ അമ്മ പ്രവീണയുടെ മുന്നിലാണ് ഈ പ്രകടനം …

ഊറിച്ചിരിച്ചു കൊണ്ട് , ശ്രാവന്തിയുടെ പ്രകടനം നോക്കി പ്രവീണയിരിക്കും …

” അമ്മേ ദേ അച്ഛൻ വരുന്നു ……” പിന്നിൽ നിന്ന് ആദിത്യൻ വിളിച്ചു പറയുമ്പോൾ കേട്ടപാതി കേൾക്കാത്ത പാതി , കോട്ടും ഊരിപ്പിടിച്ച് താനോടും പിന്നാലെ അനഘ ചേച്ചിയും … കോട്ട് യാഥാസ്ഥാനത്ത് തൂക്കിയിട്ട് ഹാളിൽ വന്ന് ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ താനും അനഘ ചേച്ചിയും ഇരിക്കും …

കിച്ചണിൽ പ്രവീണയുടെയും ആദിത്യന്റെയും പൊട്ടിച്ചിരി കേൾക്കുമ്പോളാണ് , വിശ്വനാഥൻ വരുന്നു എന്ന് പറഞ്ഞ് കബളിപ്പിച്ചതാണെന്ന് മനസിലാകുന്നത് ….

” എടോ താനേത് ലോകത്താ ….” ജിഷ്ണു തൊട്ട് വിളിച്ചപ്പോൾ അവൾ പകച്ച് ചുറ്റും നോക്കി …

കാർ തീയറ്ററിന്റെ പാർക്കിംഗ് ഏരിയയിൽ ആയിരുന്നു …

” എന്തൊരാലോചനയാടോ ഇത് … ” ജിഷ്ണു അവളെ തന്നെ നോക്കി ചോദിച്ചു ….

” ഒന്നൂല്ല ജിഷ്ണുവേട്ടാ ……” അവൾ ചിരിക്കാൻ ശ്രമിച്ചു …

” ഹ്മ് …………” അവനൊന്ന് മൂളിക്കൊണ്ട് അവളെ നോക്കി തലയാട്ടി …

” വാ ഇറങ്ങ് ……”

അവൾ ഒന്നും പറയാതെ കൂടെയിറങ്ങിച്ചെന്നു …..

സിനിമ കാണുമ്പോഴും അവളുടെ മനസ് അതിലൊന്നുമായിരുന്നില്ല …

* * * * * * * * * * * * * *

തീയറ്ററിൽ നിന്നിറങ്ങിയിട്ട് അവർ ബീച്ചിൽ പോയി കുറേ സമയം ചിലവഴിച്ചു …

അപ്പോഴേക്കും അവളുടെ പ്രസരിപ്പ് തിരിച്ചെത്തിയിരുന്നു …

ജിഷ്ണുവിന്റെ തോളിൽ ചാരി , കടലിലേക്ക് നോക്കി അവളിരുന്നു …

” എത്ര പെട്ടന്നാല്ലേ ജിഷ്ണുവേട്ടാ ആളുകളുടെ മനസൊക്കെ മാറുന്നേ …? ” അവൾ അവന്റെ കണ്ണിലേക്ക് നോക്കി …

” താനാ വിഷയം വിട്ടില്ലേ …. “

” എടയ്ക്കിടക്ക് മനസ്സിലേക്ക് വരുവാ …..”

”നീ അത് തന്നെ ഓർത്തിരുന്നിട്ടാ … ഇനി എന്നെക്കുറിച്ചോർക്ക് ….” അവൻ അവളുടെ മൂക്കിൻ തുമ്പിൽ മൃദുവായി ചുംബിച്ചു ….

അവൾ പുഞ്ചിരിച്ചിട്ട് , അവന്റെ തോളിൽ നിന്ന് മുഖം അൽപ്പമുയർത്തി അവനെ നോക്കി …

” ജിഷ്ണുവേട്ടനെ കുറിച്ച് ഞാനെന്തിനാ ഓർക്കണെ … എന്റെയുള്ളിൽ തന്നെ കുടികൊള്ളുന്ന ആളെ ……”

അവൻ ആർദ്രമായി അവളെ നോക്കി … മുന്നിലുള്ള കടൽ അവളുടെ കണ്ണുകളിലാണെന്ന് അവന് തോന്നി …

” നമുക്കൊരു ഹണിമൂൺ ട്രിപ്പ് പോയാലോ …? “

” എങ്ങ്ടാ ജിഷ്ണുവേട്ടാ …..”

” താൻ പറ …….. തനിക്കെവിടെ പോകണം ….”

” ജിഷ്ണുവേട്ടന് ഏറ്റവും പ്രിയപ്പെട്ട സ്ഥലത്താ നിക്ക് പോകേണ്ടെ … അതാ എനിക്കു ഏറ്റവും ഇഷ്ടള്ള സ്ഥലം … “

” ഉറപ്പാണോ ….?” അവൻ ചോദിച്ചു …

” ങും …………” അവൾ പറഞ്ഞു ..

” നമുക്ക് മൂന്നാറിന് വിട്ടാലോ ….?”

” അവിടെയാണോ ജിഷ്ണുവേട്ടന് ഏറ്റവും ഇഷ്ടം …..?”

” അവിടെയും ഇഷ്ടാണ് … വേറെയും ഒരുപാടിഷ്ടങ്ങളുണ്ട് … സോ തുടക്കം അവിടുന്നാകാം ….. ഇടയ്ക്കിടക്ക് നമ്മളൊരുമിച്ച് , ആ സ്ഥലങ്ങളോരോന്നായി കാണാൻ പോകുന്നു .. അങ്ങനെയങ്ങനെ നമ്മുടെയീ ജീവിതയാത്രയവസാനിക്കുന്ന കാലം നിന്നെ ഈ ലോകത്തിന്റെ ഏറിയ പങ്കും ഞാൻ കാണിച്ചിരിക്കും ….”

” ശരിക്കും ….?” അവൾ വിശ്വാസം വരാതെ അവനെ നോക്കി …

” ഗോഡ് പ്രോമിസ് … ” അവനവളുടെ കൈപിടിച്ചു ….

അവളവന്റെ താടിക്കു കീഴേ തലവയ്ച്ചിരുന്നു ….

” ഒന്നുറപ്പാ …. ഏത് ലോകത്ത് പോയാലും , എത്ര സുന്ദര ഭൂമിയായാലും ആ സൗന്ദര്യം എന്റെ പെണ്ണിന്റെ കണ്ണിലെനിക്ക് കാണാൻ കഴിയും …. ” അവൻ അവളുടെ കാതിൽ പറഞ്ഞു …

” പോകാം ജിഷ്ണുവേട്ടാ …..” അവൾ പെട്ടന്ന് ചോദിച്ചു …

” എന്തേ …. എന്തു പറ്റി …..”

” ഇപ്പോ വേണനിക്ക് ജിഷ്ണുവേട്ടനെ … എനിക്ക് മാത്രായിട്ട് ….” .

അവനവളെ ചേർത്തു പിടിച്ചു … പിന്നെ എഴുന്നേറ്റ് കൽപ്പടവ് കയറി , പൂഴി മണ്ണിലൂടെ നടന്നകന്നു …

ദൂരെ കടലിന്റെ മാറിൽ ചുവപ്പ് കലർന്നു തുടങ്ങിയിരുന്നു … പ്രണയാതുരനായ പകലവൻ കടലിലേക്ക് മുങ്ങിത്താണു അവളിലെ പ്രണയത്തിന്റെ ആഴങ്ങൾ തേടി ……..

* * * * * * * * * * * * * * *

മൂന്നാല് ദിവസങ്ങൾ കടന്നു പോയി …

ആ വീക്കെന്റിൽ അവരിരുവരും മൂന്നാറിലേക്ക് പോകാൻ പ്ലാനിട്ടിട്ടുണ്ടായിരുന്നു …

” വീട്ടിലെത്തിയിട്ട് വേഗം റെഡിയാക് കേട്ടോ …. നമുക്കൊരു സ്ഥലത്ത് പോകാനുണ്ട് ….”

ബുധനാഴ്ച വൈകിട്ട് , ശ്രാവന്തിയെ ബസ് സ്റ്റാന്റിൽ നിന്ന് കൂട്ടിക്കൊണ്ട് വരും വഴി കാറിലിരുന്ന് ജിഷ്ണു പറഞ്ഞു …

” എങ്ങോട്ടാ ജിഷ്ണുവേട്ടാ ….?”

” ആദിത്യൻ വിളിച്ചിരുന്നു … അയാളിന്ന് ഫ്രീയാണത്രെ .. അയാളുടെ ഫാദറും … നമ്മൾ ഫ്രീയാണെങ്കിൽ അങ്ങോട്ട് ചെല്ലാൻ …. ചെല്ലാമെന്ന് ഞാൻ വാക്ക് കൊടുത്തു …..” അവൻ പറഞ്ഞു …

അവൾ മൂളി …

അനഘയെ കാണുന്നതോർത്തപ്പോൾ അവൾക്ക് നേരിയ വിഷമം തോന്നി ….

വീട്ടിലെത്തി , ഫ്രഷായി ചായ കുടി കഴിഞ്ഞിട്ട് , ഇരുവരും പോകാൻ റെഡിയായി …

ജയചന്ദ്രനോടും ലതികയോടും യാത്ര പറഞ്ഞ് അവരിറങ്ങി ..

ആദിത്യൻ ജിഷ്ണുവിന് ലൊക്കേഷൻ അയച്ചു കൊടുത്തിട്ടുണ്ടായിരുന്നു ….

ജിഷ്ണു കാർ റോഡിലേക്കിറക്കി ….

ആദിത്യൻ പറഞ്ഞതനുസരിച്ച് , ഹിമ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ റോഡിലേക്ക് ജിഷ്ണു വണ്ടി വിട്ടു …

ഏതാണ്ട് അര മണിക്കൂർ കഴിഞ്ഞപ്പോൾ , ഉദയ നഗർ എന്ന റസിഡൻസിലേക്ക് അവരെത്തി … ജിഷ്ണു കാർ അങ്ങോട്ടിറക്കി , സ്പീഡ് കുറച്ച് ഡ്രൈവ് ചെയ്തു … ഇരുട്ട് വീണു തുടങ്ങിയിരുന്നു … വഴി വിളക്കുകൾ കണ്ണ് മിഴിച്ച് തുടങ്ങിയിരുന്നു …

കുറച്ച് മുന്നോട്ട് ചെന്നപ്പോൾ തന്നെ കണ്ടു , റോഡിൽ അവരെ പ്രതീക്ഷിച്ച് നിൽക്കുന്ന ആദിത്യനെ …

ജിഷ്ണു കാർ പതിയെ സ്ലോ ചെയ്തു …

കാർ ഗേറ്റ് കടന്ന് മുറ്റത്തു ചെന്നു …   സിറ്റൗട്ടിൽ വിശ്വനാഥനും പ്രവീണയും കൂടിയുണ്ടായിരുന്നു …

കാറിൽ നിന്നിറങ്ങിയതും , ആദിത്യൻ ജിഷ്ണുവിന് കൈകൊടുത്തു … പ്രവീണ ഇറങ്ങി വന്ന് ശ്രാവന്തിയേ ചേർത്തു പിടിച്ചു …

വിശ്വനാഥനും കുടുംബവും സന്തോഷത്തോടെയാണ് അവരെ സ്വീകരിച്ചത് ….

പ്രവീണ അപ്പോൾ തന്നെ എല്ലാവർക്കും ജ്യൂസുമായി വന്നു … ശ്രാവന്തിയുടെ കണ്ണുകൾ തിരഞ്ഞത് അനഘയെ ആയിരുന്നു …

വിശ്വനാഥനും , ആദിത്യനും ജിഷ്ണുവും സംസാരത്തിലേർപ്പെട്ടപ്പോൾ പ്രവീണ ശ്രാവന്തിയെ കൂട്ടി അകത്തേക്ക് നടന്നു …

” ആന്റി ….. അനഘേച്ചി ……”

” മോളിലാ മോളെ റൂം … വാ കാണിച്ചു തരാം …..”

അവൾ ചെന്ന് ജിഷ്ണുവിനെക്കൂടി വിളിച്ചു …

പ്രവീണയ്ക്കൊപ്പം അവരിരുവരും മുകളിലേക്ക് കയറിച്ചെന്നു .. നീല വിരി വകഞ്ഞു മാറ്റി , വിശാലമായൊരു റൂമിലേക്കാണ് അവർ ചെന്നത് …

പുതപ്പിനിടയിൽ എല്ലിച്ചൊരു രൂപത്തെ ശ്രാവന്തി കണ്ടു … അവളുടെ നെഞ്ച് പൊട്ടിപ്പോയി ….

എത്ര സുന്ദരിയായിരുന്നു … എത്ര പ്രസരിപ്പോടെ ഓടി നടന്നവളായിരുന്നു …

” മോളെ ….” പ്രവീണ വിളിച്ചപ്പോൾ അവൾ മെല്ലെ തല ചരിച്ചു …

ശ്രാവന്തിയുടെ മുഖത്തേക്ക് ആ നോട്ടം പതിഞ്ഞു … എന്നോ എപ്പോഴോ കിരണങ്ങൾ അസ്തമിച്ചു പോയ ആ കണ്ണുകളിൽ ഒരു നറുനിലാവ് തെളിഞ്ഞത് പ്രവീണ കണ്ടു ..

” പറഞ്ഞിരുന്നു അവളോട് നിങ്ങൾ വരുന്ന വിവരം …. അപ്പോഴേ പ്രതീക്ഷിച്ച് കിടക്കാ …” പ്രവീണ പറഞ്ഞു …

ശ്രാവന്തി വാടിയൊരു ചിരി ചിരിച്ചു … പിന്നെ നടന്ന് അവളുടെ അരികിൽ ചെന്നിരുന്നു …

അനഘ എന്തൊക്കെയോ പറയാൻ ശ്രമിച്ചുവെങ്കിലും അവളുടെ തൊണ്ടക്കുഴിയിൽ നിന്ന് ശബ്ദം പുറത്ത് വന്നില്ല ….

ഇടയ്ക്ക് അവളുടെ കണ്ണുകൾ ജിഷ്ണുവിന്റെ മുഖത്തേക്കും പതിഞ്ഞു …

ശ്രാവന്തി അനഘയുടെ കൈ കവർന്നെടുത്തു … അറിയാതൊരു തുള്ളി അവളുടെ കണ്ണുകളിൽ നിറഞ്ഞു …

” ഞാൻ താഴെയുണ്ടാവും ….” അൽപ നേരത്തിന് ശേഷം ജിഷ്ണു ശ്രാവന്തിയെ തൊട്ടു പറഞ്ഞു … പിന്നെ പ്രവീണയെ നോക്കി താഴേക്ക് പോകുന്നെന്ന് ആംഗ്യം കാണിച്ചു ….

അവനിറങ്ങിപ്പോകുന്നത് കണ്ടു കൊണ്ട് അനഘ കിടന്നു …

” ഒന്നര വർഷമായി എന്റെ കുഞ്ഞ് …..” പ്രവീണയുടെ തൊണ്ടയിടറി ..

അനഘയുടെ കൺകോണിലൂടെ കണ്ണുനീരൊഴുകുന്നത് ശ്രാവന്തി കണ്ടു …

അവൾ കൈയെത്തിച്ച് , ആ കണ്ണുനീരൊപ്പി …

അരുതെന്ന് തല ചലിപ്പിച്ചു ….

” വാ മോളെ …. ഇനി ഭക്ഷണം കഴിക്കാം ….” പ്രവീണ വിളിച്ചു ..

” ആന്റി ചെല്ല് … ഞാനിത്തിരി നേരം കൂടി ഇവിടെയിരുന്നോട്ടെ …. ” ശ്രാവന്തി പറഞ്ഞു …

പ്രവീണ പിന്നെ നിർബന്ധിച്ചില്ല …

അനഘ ശ്രാവന്തിയുടെ കൈപിടിച്ചു .. അവളുടെ നെഞ്ചിലേക്ക് വച്ചു .. പിന്നെ മുകളിലെ കറങ്ങുന്ന ഫാനിലേക്ക് നോക്കി കിടന്നു …

കുറേ സമയത്തിന് ശേഷം , അനഘ തന്നെ ശ്രാവന്തിയോട് ഭക്ഷണം കഴിക്കാൻ ചെല്ലാൻ ആഗ്യം കാട്ടി …

ഒരിക്കൽ കൂടി അനഘയുടെ കരം ഗ്രഹിച്ചിട്ട് , ശ്രാവന്തി മുറി വിട്ടിറങ്ങി …

ചപ്പാത്തിയും മട്ടൺ കറിയുമായിരുന്നു അവർക്ക് വേണ്ടി തയ്യാറാക്കിയിരുന്നത് ..

ഭക്ഷണത്തിന് ശേഷം പ്രവീണയ്ക്കൊപ്പം കിച്ചണിലിരിക്കുമ്പോൾ ശ്രാവന്തിയുടെ ചിന്ത അനഘയെ കുറിച്ചായിരുന്നു .. അനഘ ചേച്ചി എന്തിനായിരുന്നു ഇങ്ങനെ ചെയ്തത് …

” ആന്റി ……” ശ്രാവന്തി വിളിച്ചു …

സിങ്കിൽ കിടന്ന പാത്രങ്ങൾ മോറിക്കൊണ്ട് പ്രവീണ അവളെ നോക്കി …

” ഞാനൊരു കാര്യം ചോദിക്കട്ടെ ….?”

” എന്താ മോളെ ….?”

” ചേച്ചിയെന്തിനാ ഇങ്ങനെ …? ” അവൾക്ക് ചോദിച്ചു മുഴുപ്പിക്കാൻ കഴിഞ്ഞില്ല … ഒരിടർച്ച അവളുടെ ശബ്ദത്തെ ഉലച്ചു കളഞ്ഞു ..

പ്രവീണയുടെ മുഖം മ്ലാനമായി …

അവർ പാത്രം കഴുകുന്നത് നിർത്തി , പൈപ്പ് തുറന്ന് കൈകഴുകി.. ടവ്വലെടുത്തു കൈ തുടച്ചു കൊണ്ട് ശ്രാവന്തിയുടെ അരികിൽ വന്നു …

” ചേച്ചി ഇങ്ങനെ ചെയ്യൂന്ന് നിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല … അതിനു മാത്രം ന്താ ചേച്ചീടെ ജീവിതത്തിൽ സംഭവിച്ചത്……? . ” ശ്രാവന്തിയുടെ ശബ്ദത്തിൽ വേദന നിറഞ്ഞു നിന്നു …

” അവൾ എഞ്ചിനിയറിംഗ് കഴിഞ്ഞ് , ചെന്നൈയിൽ വർക്ക് ചെയ്തോണ്ടിരുന്നതാ … അവിടെ വച്ച് ഒരു കൃസ്ത്യാനി പയ്യനുമായി ഇഷ്ടത്തിലായി … ഞങ്ങൾക്കൊന്നും അറിയില്ലായിരുന്നു .. അറിഞ്ഞാൽ വിശ്വേട്ടൻ സമ്മതിക്കില്ലാന്ന് അവൾക്കറിയാരുന്നു … അവരവിടെ കുറച്ച് നാൾ ഒന്നിച്ചു ജീവിച്ചു … എന്നിട്ട് നാട്ടിൽ വന്ന് രണ്ട് വീട്ടുകാരോടും എല്ലാം പറയാനായിരുന്നു പ്ലാൻ … അതിനു വേണ്ടി അവൾ മുന്നേ നാട്ടിലേക്ക് വന്നു .. അവൻ രണ്ടു മൂന്നു ദിവസം കഴിഞ്ഞും … പക്ഷെ വിധി മറ്റൊന്നായിരുന്നു .. വരുന്ന വഴിക്ക് ആക്സിഡന്റിൽ അവൻ മരിച്ചു … ” പ്രവീണയുടെ തൊണ്ടയിടറി ..

” അവന്റെ വരവും കാത്തിരുന്ന എന്റെ കുഞ്ഞിനെ തേടിയെത്തിയത് അവന്റെ മരണവാർത്തയായിരുന്നു …. അപ്പോഴും ഞങ്ങൾക്കിതൊന്നും അറിയില്ലായിരുന്നു .. നേരം വണ്ണം ഭക്ഷണം കഴിക്കില്ല , എന്തിന് നിത്യ കർമ്മങ്ങൾ ചെയ്യാൻ പോലും അവൾക്ക് മടിയായി … ചോദിച്ചപ്പോഴൊക്കെ പറഞ്ഞത് , അവളുടെ റൂം മേറ്റ് മരിച്ചു പോയി എന്നാ … ഇനി അവളില്ലാത്ത റൂമിലേക്ക് തിരിച്ച് ചെന്ന് കയറാൻ വയ്യാന്ന് പറഞ്ഞു .. ചെന്നെയിലെ ജോലി വിടുകയാണെന്നും … ഇനി നാട്ടിൽ മതിയെന്ന് ഞങ്ങളും പറഞ്ഞു .. അവളാ ഷോക്കിൽ നിന്ന് റിക്കവറാകട്ടെയെന്ന് കരുതി ഞങ്ങളും കൂടുതൽ ശല്യം ചെയ്തില്ല … പിന്നൊരു ദിവസം , ഞാനും വിശ്വേട്ടനും കൂടി ഒരു വിവാഹത്തിന് പോകാനിരുന്ന ദിവസം , അവൾ പതിവില്ലാതെ രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ച് വൃത്തിയായി , ഞങ്ങൾക്ക് ചായയൊക്കെയിട്ട് തന്ന് യാത്രയാക്കി .. പക്ഷെ തലേന്നത്തെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് , രാവിലെ എത്തിയ ആദി , ഡോർ തുറന്ന് വന്നപ്പോ കണ്ടത് ഫാനിൽ കെട്ടിയ സാരിത്തുമ്പത്ത് കിടന്ന് പിടയണ എന്റെ കുഞ്ഞിന്നെയാ …..” പ്രവീണ പൊട്ടിക്കരഞ്ഞു ..

” ആന്റി …..” ശ്രാവന്തി ദുഃഖത്തോടെ വിളിച്ചു .. അവൾക്കും കരച്ചിൽ വന്നിരുന്നു ..

” ഗർഭിണിയായിരുന്നു അവൾ … രണ്ട് മാസം …… ” പ്രവീണയുടെ ശബ്ദം മരവിച്ചത് പോലെ കേട്ടു ..

ശ്രാവന്തി അമ്പരപ്പോടെ പ്രവീണയെ നോക്കി ..

” ഒന്നുകിൽ അവളെ പ്രസവിക്കാൻ അനുവദിക്കണം അല്ലെങ്കിൽ മരിക്കാൻ വിടണം എന്നാ അവളന്ന് ആദിയോട് ആവശ്യപ്പെട്ടത് ….. “

” എന്നിട്ട് ….. ചേച്ചി പ്രസവിച്ചോ .?”

” പ്രസവിച്ചു ……”

ശ്രാവന്തി അവിശ്വസനീയതയോടെ പ്രവീണയെ നോക്കി ..

” പ്രസവത്തോടെയാ അവർ തളർന്നു പോയത് …….”

ശ്രാവന്തിക്ക് ഒന്നും വിശ്വസിക്കാനായില്ല … ഒരു കുഞ്ഞിന്റെ അമ്മയായിരുന്നോ അനഘ ചേച്ചി … എന്നിട്ട് ആ കുഞ്ഞെവിടെ …?

” മോള് വാ …. ” പ്രവീണ അവളെ കൈ പിടിച്ചു കൊണ്ട് നടന്നു … താഴെ ഒരു മുറിയുടെ ഡോർ തുറന്ന് അകത്തേക്ക് കയറി …

അവിടെ ബെഡിൽ , സുന്ദരനായൊരു ആൺകുഞ്ഞ് വിരൽ കുടിച്ച് ഉറങ്ങിക്കിടപ്പുണ്ടായിരുന്നു …

ഇത്രേം സമയം ഈ വീട്ടിലുണ്ടായിട്ടും ഇങ്ങനെയൊരാൾ ഈ വീട്ടിലുണ്ടെന്ന് അറിഞ്ഞതേയില്ല … ഒരു സൂചന പോലും കിട്ടിയില്ല …

ശ്രാവന്തി ആ കുഞ്ഞിനെ തന്നെ നോക്കി നിന്നു …

” എട്ട് മാസമായി അവന് ……” പ്രവീണ പറഞ്ഞു …

” ഒന്നര വർഷമായി കിടപ്പിലാണ് ചേച്ചിയെന്ന് ആദിയേട്ടൻ പറഞ്ഞപ്പോ ഞാൻ ഇത്രയൊന്നും പ്രതീഷിച്ചില്ല …. “

” കിടപ്പിലായിട്ട് 8 മാസമായി … ഇവന്റെ പ്രസവത്തോടെയാ ശരീരം തളർന്നത് … അവളുടെ ജീവിതത്തിന്റെ താളം തെറ്റിയിട്ട് ഒന്നര വർഷവും ………” പ്രവീണയുടെ ശബ്ദം ഉറഞ്ഞു പോയിരുന്നു …

” എന്തെല്ലാം സ്വപ്നങ്ങളായിരുന്നു അവൾക്ക് … പ്രശ്നങ്ങളൊന്നും ഇല്ലായ്രുന്നുവെങ്കിൽ മോളിപ്പോ ഈ കുടുംബത്തിലേക്ക് വരേണ്ടതായിരുന്നു .. ഓർമയില്ലേ … അന്നേ അനഘ പറയുമായിരുന്നത് , നീയാണ് ആദിയുടെ പെണ്ണെന്ന് …….”

ശ്രാവന്തി നിശബ്ദയായി …

അവളൊന്നും മറന്നിട്ടില്ലായിരുന്നു .. അനഘ ചേച്ചിയുടെ വാക്കുകളിലൂടെ , എപ്പോഴൊക്കെയോ ആദിയേട്ടനോട് ഒരിഷ്ടം നാമ്പിട്ടിട്ടുണ്ട് … കൗമാരത്തിന്റെ കുഞ്ഞ് കുഞ്ഞ് മോഹങ്ങൾക്കിടയിൽ ആകാശം കാണാത്ത മയിൽപ്പീലി പോലെ ആദിയുണ്ടായിരുന്നു …

അവർ ആ വീട്ടിൽ നിന്ന് , യാത്ര പറഞ്ഞിറങ്ങുമ്പോൾ കണ്ണു നിറഞ്ഞതും നെഞ്ച് വിങ്ങിയതും വിരഹത്താലായിരുന്നു .. പിന്നീട് കോളേജ് പഠനവും മറ്റു തിരക്കുകളുമായപ്പോൾ ഓർമകളുടെ കൂട്ടത്തിൽ ക്ലാവ് പിടിച്ചൊരു വിളക്കായി ആ മോഹമൊതുങ്ങി …

എങ്കിലും കണ്ണുകൾ ഓരോ ആൾത്തിരക്കിലും തേടിയിട്ടുണ്ട് അവനെ .. പ്രണവിനെ കണ്ടു മുട്ടിയ നാൾ വരെ …..

” നാട്ടുകാരും ബന്ധുക്കളും എല്ലാം പുച്ഛിച്ചു തള്ളി …. അതുവരെ അടുപ്പത്തിലിരുന്ന പലരും വരാതായി ഞങ്ങളെ കാണാൻ … അവഗണന സഹിക്കാണ്ടായപ്ലാ , എന്റെ നാട്ടിൽ നിന്ന് വിറ്റ് പെറുക്കി ഇങ്ങോട്ട് വന്നത് .. ഇവിടെ ആർക്കും ഞങ്ങളെ കുറിച്ച് വലിയ അറിവൊന്നും ഇല്ല .. ഇങ്ങനെയൊക്കെ ആകുന്നതിന് മുൻപ് വരെയും അനഘ പറയുമായിരുന്നു , ആലപ്പുഴ വന്ന് മോളെ കാണണമെന്ന് .. കല്യാണം പറഞ്ഞു വയ്ക്കണമെന്ന് ഒക്കെ … ഒന്നും നടന്നില്ല …..” പ്രവീണയിൽ നിന്ന് ഒരേങ്ങൽ തെറിച്ചു വീണു …

ശ്രാവന്തി കേട്ട് നിന്നു …

ഒന്നര വർഷം മുൻപ് ….. ഒരു പക്ഷെ ഇവർ തന്നെ തേടി വന്നിരുന്നുവെങ്കിൽ … തന്റെ ജീവിതവും മറ്റൊന്നായേനേ … പ്രണവ് എന്നൊരധ്യായം തന്നെ തന്റെ ജീവിതത്തിലുണ്ടാകില്ലായിരുന്നു … എല്ലാം വിധി ….. കാലം കരുതി വച്ച നിയോഗം ഇതായിരുന്നു …. ഇതുപോലെ കണ്ടു മുട്ടാൻ …

അവൾ നെടുവീർപ്പുതിർത്തു …

കുഞ്ഞിന്റെ കാൽത്തളയിട്ട കാലിൽ , ശ്രാവന്തി മെല്ലെ തലോടി …

പിന്നെ പ്രവീണയ്‌ക്കൊപ്പം മുറി വിട്ടിറങ്ങി …

” പോകാം നമുക്ക് …….” ജിഷ്ണു വന്ന് ചോദിച്ചപ്പോൾ ശ്രാവന്തി തല കുലുക്കി ..

” അനഘ ചേച്ചിയോട് പറഞ്ഞിട്ട് വരാം ….” അവൾ ജിഷ്ണുവിനോട് പറഞ്ഞിട്ട് മുകളിലേക്ക് കയറി ചെന്നു ..

കാൽപ്പെരുമാറ്റം കേട്ടപ്പോൾ അനഘ മെല്ലെ തല തിരിച്ചു നോക്കി .. ആ വരണ്ട ചുണ്ടുകളിൽ ഒരു ചെറു ചിരി വിടർന്നു …

ശ്രാവന്തി ചെന്ന് അനഘയുടെ അടുത്തിരുന്ന് ആ മുഖത്തേക്ക് ഉറ്റു നോക്കി ……

സ്ത്രീയാണവൾ … ഒരു കുഞ്ഞിന്റെയമ്മ …

അതും മരിച്ചു പോയ കാമുകന്റെ കുഞ്ഞിനെ , ഒരു താലിയുടെ പോലും സുരക്ഷിതത്വമില്ലാതെ പ്രസവിക്കാൻ ധൈര്യം കാട്ടിയവൾ …

താനോ ….. എന്നോ ചില ഓർമകൾ പൊലിഞ്ഞു പോയതിന്റെ പേരിൽ , സ്വന്തം ഭർത്താവിന്റെ കുഞ്ഞിനെ പ്രസവിക്കാൻ ഭയന്ന് ഗുളിക ,ഹാന്റ് ബാഗിൽ തിരുകി നടക്കുന്നു ..

അവൾക്ക് സ്വയം പുച്ഛം തോന്നി ….

ശ്രാവന്തി കുനിഞ്ഞ് അനഘയുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു …

” താങ്ക്സ് …….” അവൾ അനഘയുടെ കണ്ണിൽ നോക്കി പറഞ്ഞു …

അവളെന്തിനാണ് തന്നോട് താങ്ക്സ് പറഞ്ഞതെന്ന് അനഘക്ക് മനസിലായില്ല .. ചോദിക്കാനവൾക്ക് കഴിഞ്ഞതുമില്ല ..

ശ്രാവന്തി മുറിവിട്ടിറങ്ങിയിട്ടും അനഘ അത് തന്നെയോർത്തു കിടന്നു …

* * * * * * * * * * * *

തിരികെയുള്ള യാത്രയിൽ ശ്രാവന്തി നിശബ്ദയായിരുന്നു ..

” എന്ത് പറ്റിയെടോ ഭാര്യേ … മിണ്ടാട്ടമില്ലല്ലോ ….” ജിഷ്ണു ചോദിച്ചു ..

” ഒന്നൂല്ല ജിഷ്ണുവേട്ട… “

” അതല്ല ..എന്തോ ഉണ്ട് … “

” അനഘ ചേച്ചിക്ക് എന്താ സംഭവിച്ചതെന്ന് ജിഷ്ണുവേട്ടനറിയോ …? ” അവൾ ചോദിച്ചു ..

” ഏയ് … ഞാനതൊന്നും ചോദിച്ചില്ല … താൻ ചോദിച്ചോ ?…”

” ങും …… ” അവൾ മൂളി …

ഉണ്ടായ സംഭവങ്ങളെല്ലാം അവൾ വള്ളി പുള്ളി വിടാതെ ജിഷ്ണുവിനോട് പറഞ്ഞു ….

” ഈ ആദി തന്നെ കെട്ടേണ്ടവനായിരുന്നു അല്ലെ … ?” ഇടയ്ക്ക് ജിഷ്ണു ചോദിച്ചു ..

അവൾ ഞെട്ടലോടെ അവനെ നോക്കി .. ആ കാര്യം മാത്രം മറച്ചു വച്ചാണ് അവൾ സംസാരിച്ചത് … എന്നിട്ടും അവനെങ്ങനെ ..?

” അതെന്താ ജിഷ്ണുവേട്ടാ അങ്ങനെ ചോദിച്ചേ ….?”

” വിശ്വനങ്കിളും ആദിത്യനും പറഞ്ഞു , അവർക്ക് എന്തോ ഫാമിലി ഇഷ്യൂസ് ഉണ്ടായില്ലായിരുന്നുവെങ്കിൽ എനിക്ക് തന്നെ കിട്ടില്ലാരുന്നു എന്ന് .. അവർ ശരിക്കും തന്നെ പെണ്ണ് ചോദിക്കാൻ പോകാനിരുന്നതാ .. അപ്പഴാ കക്ഷി നമ്മളെ ഹോസ്പിറ്റലിൽ വച്ച് കണ്ടത് …..” ജിഷ്ണു പറഞ്ഞിട്ട് ചിരിച്ചു …

ശ്രാവന്തിയും പുഞ്ചിരിച്ചു …

തനിക്കൊരു നഷ്ടബോധം തോന്നുന്നുണ്ടോ … ? കുറേക്കൂടി കാത്തിരിക്കാമായിരുന്നെന്ന് ….

അവൾ സ്വയം ചോദിച്ചു ..

* * * * * * * * *

രാത്രി …!

കിടക്കാൻ നേരം , ജിഷ്ണു ഡ്രായർ തുറക്കുന്നത് കണ്ട് ശ്രാവന്തി ചെന്ന് അവന്റെ കൈയിൽ പിടിച്ചു …

അവൻ അവളുടെ കണ്ണിലേക്ക് നോക്കി …

” വേണ്ട ജിഷ്ണുവേട്ടാ … ഇനിയത് വേണ്ട … “

” അപ്പോ … ?”

” നമ്മുടെ കുഞ്ഞിന് നമ്മുടെ അടുത്തേക്ക് എപ്പോ വരാൻ തോന്നിയാലും വന്നോട്ടെ .. നമുക്ക് തടയണ്ട … ” പറഞ്ഞിട്ട് അവൾ അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു നിന്നു …

( തുടരും )

അമൃത അജയൻ

അമ്മൂട്ടി

 

 

അമൃത അജയൻ ന്റെ മറ്റു നോവലുകൾ

ചന്ദ്രനുദിക്കുന്ന ദിക്കിൽ

ഈ സായാഹ്നം നമുക്കായി മാത്രം

3.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!