Site icon Aksharathalukal

ഭാഗ്യ – 5

bhagya

വാതിലിൽ ശക്തിയിൽ മുട്ടുന്ന ശബ്ദം കേട്ടാണ് ഭാഗ്യ ഉണർന്നത്………… മയങ്ങിപ്പോയിരുന്നുവെന്ന് അപ്പോഴാണ്  മനസ്സിലായത്……….. ഫോട്ടോ എടുത്തു പില്ലോയുടെ അടിയിലേക്ക് ഒളിപ്പിച്ചു……….. ജിത്തുവാണ്………… അവൻ ഭാഗ്യയുടെ കൈതട്ടി മാറ്റി അകത്തേക്കു കയറി………….. ചുറ്റിനും നോക്കി……………. ഇനി ഇവിടെയും ആരെയെങ്കിലും വിളിച്ചു കയറ്റിയിട്ടുണ്ടോ……… അതാണോ തുറക്കാൻ ഇത്ര താമസം…………. ചോദ്യം കേട്ടപ്പോൾ ഭാഗ്യ വല്ലാതെയായി……….. വന്ന ദേഷ്യത്തിന് മുഖമടച്ചു ഒരടിയായിരുന്നു മറുപടി………..

കാര്യമറിയാതെ ഒരാളെയും ക്രൂശിക്കരുത്………. വന്നു വന്ന് എന്തു തോന്നിവാസവും പറയാമെന്നായോ നിനക്ക്………

അത് ശരി………അപ്പോൾ തോന്നിവാസം കാട്ടിയതും നാട്ടുകാർ പിടിച്ചതും ഒക്കെ എന്നെ ആണല്ലോ………..അല്ലേ……. കവിൾ പൊത്തിപ്പിടിച്ച് ജിത്തു ദേഷ്യത്തിൽ പറഞ്ഞു…………. നീ കാട്ടിക്കൂട്ടിയതിനൊക്കെ ഞാനാണ് ഇങ്ങനെയൊരു അടി തരേണ്ടത്…………അത് തരാതിരിക്കുന്നത് നീയൊരു പെണ്ണ് ആയതുകൊണ്ടു മാത്രമാണ്…………..

ഞാൻ ഒരു പെണ്ണ് തന്നെയാണ്……….. ധൈര്യമുണ്ടെങ്കിൽ നീയൊന്ന് അടിച്ചു നോക്കടാ ………..ഭാഗ്യ മുന്നോട്ട് വന്നു പറഞ്ഞു………

ഇത്രയൊക്കെ നടന്നിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ല……..അന്നും ഇന്നും തന്നിഷ്ടം മാത്രം……….വെറുതെയല്ല നീ ഇങ്ങനെ കിടന്നു അനുഭവിക്കുന്നത്…….. ബാലുവേട്ടനോട് നീ ഇങ്ങനെ ചെയ്തെങ്കിൽ ഹരി കിടപ്പിലായപ്പോൾ നീ എന്തെല്ലാം ചെയ്തിട്ടുണ്ടാവും………… പൈസ കിട്ടുന്നതുകൊണ്ട് ചിലപ്പോൾ അവൻ എല്ലാം കണ്ണടച്ച് കാണും…… അല്ലേ………..അടി കിട്ടിയ ദേഷ്യത്തിൽ ജിത്തു വായിൽ വന്നതൊക്കെയും പറഞ്ഞു…………….

ഭാഗ്യയ്ക്ക് ഏറെ വിഷമം വന്നത് അച്ഛനുമമ്മയും അതെല്ലാം കേട്ട് നിന്നതല്ലാതെ മറുത്തൊന്നും പറഞ്ഞില്ല എന്നോർത്തായിരുന്നു…………………. ഞാൻ ഇവരുടെ തന്നെ മകളല്ലേ………….. എന്തു തെറ്റു ചെയ്താലും മകൾ അല്ലാതാവുന്നില്ലല്ലോ………..

ഇനി നീ ഹരിയേട്ടനെ കുറിച്ച് ഒരക്ഷരം പറഞ്ഞാൽ അടി ആയിരിക്കില്ല തരുന്നത്…………… കുത്തിക്കീറിക്കളയും ഞാൻ നായേ ………. മര്യാദയില്ലാതെ അവൻ ഇവൻ എന്നൊക്കെ പറഞ്ഞാൽ നാവരിയും ഞാൻ……. ഓർത്തോ…………. ഭാഗ്യയുടെ മുഖം കണ്ടപ്പോൾ ജിത്തുവൊന്നു പതറി……. അവളതിനും മടിക്കില്ലെന്ന് തോന്നി………. ഹരിയേട്ടനെക്കുറിച്ച് മര്യാദയില്ലാതെ പറഞ്ഞപ്പോൾ ഭാഗ്യ ഭദ്രയായി മാറി…………കേട്ടിട്ടില്ലേ. സംരക്ഷിക്കേണ്ടി വരുമ്പോൾ അമ്മയാകുവാനും സംഹരിക്കേണ്ടി വരുമ്പോൾ ദുർഗ്ഗയാകുവാനും പെണ്ണിന് കഴിയുമെന്ന് ……….എല്ലാവർക്കും മുന്നിൽ കൂടി ഡൈനിംഗ് ടേബിളിൽ പോയിരുന്നു ആരെയുമൊന്ന് നോക്കാതെ ഭക്ഷണം എടുത്തു കഴിച്ചു…………. ജിത്തു ചാടിത്തുള്ളി അവരുടെ മുറിയിലേക്കും പോയി………..

ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രം ഭാഗ്യ മുറിക്ക് വെളിയിൽ വരും………… അല്ലാത്തപ്പോൾ മുഴുവൻ സമയവും മുറിയിൽ അടച്ചിരുന്നു……….. ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് അന്വേഷിക്കാൻ  പോലും ബാലുവോ മക്കളോ ഒന്ന് വിളിച്ചു പോലുമില്ല ഇതേവരെ……… ഭാഗ്യയ്ക്ക് അതിലൊരു വേദനയും തോന്നിയതുമില്ല…,.. തന്നെ ആവശ്യമുള്ള ആരുംതന്നെ ആ വീട്ടിലില്ല……….

കുറച്ചുദിവസമായി വീട്ടിൽ ഗൂഢാലോചന നടക്കുന്നുണ്ട്…….. തന്നെ കാണുമ്പോൾ സംസാരം നിർത്തുക….ഫോണിൽകൂടി ആരോടൊക്കെയോ ദൂരെ മാറി നിന്ന് സംസാരിക്കുക……….. കാര്യം എന്താണെന്ന് ആദ്യം മനസ്സിലായില്ല………. തന്നെ ഇവിടെ നിന്നും മാറ്റാനുള്ള ആലോചന ആണെന്ന് പിന്നീടാണ് മനസ്സിലായത് ……. ഭർത്താവിന് വേണ്ട..വീട്ടുകാർക്കും വേണ്ട…നാട്ടിലോട്ട് ഇറങ്ങാനും വയ്യ.. അപ്പോൾ പിന്നെ നാടുകടത്തുകയല്ലേ വഴിയുള്ളൂ………….. അച്ഛന്റെ പെങ്ങന്മാരുടെ മക്കളെല്ലാം അബ്രോഡിലാണ് അവർക്കിടയിലേക്കാവും……….. വീട്ടുകാരുടെ പെരുമാറ്റം ഇങ്ങനെ…… അപ്പോൾ പിന്നെ ബന്ധുക്കൾ എങ്ങനെയാവും…………. ജിത്തുവിനാണ് ധൃതി കൂടുതൽ തന്നെയിവിടെനിന്നും ഓടിക്കാൻ………………..

ജിത്തുവിന്റെ ഭാര്യവീട്ടുകാർ വന്ന ഒരു ദിവസം ………വന്നതല്ല വിളിച്ചു വരുത്തിയതാണ്…………..തന്റെ മുഖത്ത് നോക്കാതെ കാര്യം അച്ഛൻ തുറന്നു പറഞ്ഞപ്പോൾ പോകില്ലെന്ന് തറപ്പിച്ചു പറയാൻ ഭാഗ്യക്ക് മടിയുണ്ടായിരുന്നില്ല ……………

പിന്നെ നിങ്ങളുടെ കൂടെ ഇവിടെ നിന്ന് ഞങ്ങൾ കൂടി നാണംകെട്ട് ജീവിക്കണമെന്നാണോ……….. വളർന്നു വരുന്ന മക്കളുണ്ടിവിടെ….. ആരെങ്കിലും ചോദിച്ചാൽ ഞങ്ങൾക്ക് അറിയില്ലെന്നെങ്കിലും പറഞ്ഞു രക്ഷപെടാം…..,…..പറഞ്ഞത് ജിത്തുവിന്റെ ഭാര്യയാണ് ……….. കുറച്ചു ദിവസമായി കുത്തുവാക്കുകൾ അവളുടെ നാവിൽ നിന്നും വീഴുന്നുണ്ട് ചെറുതായിട്ടും വലുതായിട്ടും ………. ഭർത്താവിന്റെ വീട്ടുകാരെ ഒന്നു കൊച്ചാക്കാൻ കിട്ടിയ അവസരം അവളും അവളുടെ വീട്ടുകാരും പാഴാക്കിയില്ല………….അവർക്കുമുന്നിൽ ചെറുതായതിന്റെ ദേഷ്യം അച്ഛനും അമ്മയ്ക്കും നന്നായിട്ട് ഉണ്ടായിരുന്നു…………… നിങ്ങൾ കാരണം എന്റെ ജീവിതം കൂടി നശിക്കുകയാണ്ന്ന് ജിത്തു മുഖത്തുനോക്കി പറഞ്ഞു………… അവർക്കു മുന്നിൽ പറഞ്ഞു ജയിക്കാൻ തന്നെക്കൊണ്ട് സാധിക്കില്ലെന്ന് ഭാഗ്യയ്ക്കറിയാമായിരുന്നു…………….

എന്ത് തീരുമാനമെടുത്താലും അതുടനെ തന്നെ വേണം എന്ന് മനസ്സ് പറയുന്നു…….. ഇല്ലെങ്കിൽ അടിച്ചിറക്കിയാലോ ജിത്തു…….. അതിനും മടിയില്ല അവന്……….ബന്ധങ്ങളും രക്തബന്ധവും എല്ലാം വെറുതെയാ……… എത്രയൊക്കെ സ്നേഹം വാരിക്കോരി കൊടുത്താലും ആർക്കും ആരെയും മുഴുവനായും മനസ്സിലാക്കാൻ സാധിക്കില്ല………. അത് അനിയനായാലും മകനായാലും മകളായാലും…….. ഉറങ്ങാതെ മുറിയിലിരുന്ന് ആലോചിച്ചു………..

എത്രയൊക്കെ ചിന്തിച്ചിട്ടും മുന്നോട്ടെന്തെന്ന് ഭാഗ്യക്ക് ഒരു എത്തും പിടിയും കിട്ടിയില്ല…….. എന്തായാലും ഇവിടെ ആരുടേയും മുന്നിൽ ഇനി താഴില്ലെന്ന് ഉറപ്പിച്ചു………..ഒരു പിടിവള്ളിയും ഇല്ലാതെങ്ങനാ……… ഹരിയേട്ടന്റെ അച്ഛനെ കൂടെ കൂട്ടണം………….അച്ഛൻ മനസ്സിലാക്കില്ലേ തന്നെ…….. മനസ്സിലാക്കും…….. കാരണം അത് തന്റെ ഹരിയേട്ടന്റെ അച്ഛനാണ് ……… അച്ഛനൊപ്പം തീരുമാനിക്കാം മുന്നോട്ട് എന്തെന്ന്………..കുറച്ചു ഡ്രെസ്സും ഹരിയേട്ടന്റെ ഫോട്ടോയുമെടുത്തു  ബാഗിലാക്കി വെച്ചു……………ഞാൻ കാരണം ആരും നാണംകെടേണ്ട……… ഈ നാണക്കേട് താൻ തന്നെ അനുഭവിച്ചോളാം…………..

രാവിലെ കുളിയൊക്കെ കഴിഞ്ഞു പോകാൻ തയ്യാറായപ്പോഴാണ് വെളിയിൽ ജിത്തുവിന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടത്……………വെളിയിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ എല്ലാവരും തന്നെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു…….. കുറച്ചു ദിവസമായി എല്ലാവരുടെയും നോട്ടം ഇങ്ങനെ ഒക്കെ തന്നെയാണ്……. അതുകൊണ്ട് പുതുമ തോന്നിയില്ല………… വെളിയിൽ ജിത്തു ഒരാളുടെ ഷർട്ടിൽ പിടിച്ചു വെളിയിലേക്ക് വലിക്കുന്നുണ്ട്……….. ആരും ഇത് കണ്ടിട്ട് ഒന്നു പിടിച്ചു മാറ്റുന്നില്ല……….. അവർക്കരികിലേക്ക് ചെന്നപ്പോഴാണ് ഭാഗ്യ അയാളെ ശരിക്കും കാണുന്നത്…….. അന്ന് മുറിയിൽ തന്റെ കൂടെ ഉണ്ടായിരുന്നയാൾ…………അന്ന് ഒരു വട്ടമേ ആമുഖം കണ്ടുള്ളു………. അതും കണ്ണിൽ അപേക്ഷയോടെ അനുവിനെ പേര് പറയരുത് എന്ന് അപേക്ഷിച്ചപ്പോൾ………………. തന്നെ ആയാളും കണ്ടു………….പക്ഷേ ഒന്നും പറയാൻ ജിത്തു സമ്മതിക്കുന്നില്ല….

അകത്തുകയറി പോകുന്നുണ്ടോ ഒന്ന്…………ഇവിടെയും കൂടി വേണ്ടാതീനം കാണിക്കാൻ ആണോ രണ്ടിന്റെയും ഉദ്ദേശം…………….ഈ വീട്ടിൽ ഞാനതിനു സമ്മതിക്കില്ല…………….

ജിത്തൂ………അയാളെ വിട്………. വിടാൻ………. ജിത്തുവിനെ കൈ അയാളുടെ ഷർട്ടിൽ നിന്നും ബലമായി പിടിച്ചു മാറ്റി………….അത് തീരെ ഇഷ്ടമായില്ല ജിത്തുവിന്……….. വീണ്ടും അയാളെ പിടിച്ചു തള്ളി…. ഇറങ്ങിപ്പോകാൻ പറഞ്ഞു…………..

ഞാൻ വന്നത് ഇവരോട് സംസാരിക്കാൻ ആണെങ്കിൽ സംസാരിച്ചിട്ടേ പോകൂ……….അയാൾ ഉറച്ചു പറഞ്ഞു…….

ഓഹോ…….. ഇപ്പോൾ കാര്യങ്ങൾ ഇതുവരെ ആയോ………. പരസ്യമായിട്ടാണോ ഇപ്പോൾ എല്ലാം…….. നടക്കട്ടെ………. പക്ഷേ അതാ ഗേറ്റ്ന് അപ്പുറം മതി…………. ജിത്തു ചവിട്ടിതുള്ളി അകത്തേക്ക് പോയി…………. അകത്തേക്ക് പോകാനൊരുങ്ങിയ ഭാഗ്യയോട് അയാൾ പറഞ്ഞു………… എനിക്കൊന്നു സംസാരിക്കണം………

അയാൾ പറയുന്നത് വക വെയ്ക്കാതെ ഭാഗ്യ അകത്തേക്ക് നടന്നു……………

ഭാഗിമ്മേ……….

മുൻപോട്ട് നടക്കാനാവാതെ ഭാഗ്യ നിന്നുപോയി……….. ഭാഗി…….. ഭാഗിമ്മ…………… മനസ്സിൽ ഉരുവിട്ടു…….. നോക്കാതിരിക്കാനായില്ല ഭാഗ്യയ്ക്ക്………

എനിക്കൊന്നു സംസാരിക്കണം………… കുറച്ചു സമയം മാത്രം മതി…………. ഒരുപാട് അന്വേഷിച്ചു……….. ഭാഗിമ്മ എവിടെയെന്നു………….. ഞാൻ പറയുന്നതൊന്നു കേൾക്കാൻ ക്ഷമ കാണിക്കണം……… ആരോടും കെഞ്ചിയും മാപ്പു പറഞ്ഞും ശീലമില്ല എനിക്ക്………….. പക്ഷേ……… ഭാഗിമ്മയോട് ക്ഷമ ചോദിക്കണമെന്ന് തോന്നി……….. ഞാൻ ഇമ്മാനുവൽ…….. അന്ന്………. അന്ന് ഞാനവിടെ വന്നത് അനുവിനെ കാണാനാണ്…………. അവളാണെന്ന് കരുതിയാണ് ഉപദ്രവിച്ചതും…………. ഞാനറിഞ്ഞില്ല അത് ഭാഗിമ്മ ആണെന്ന്……… അന്നത്തെ ദേഷ്യത്തിന് അത് തിരിച്ചറിയാൻ കഴിഞ്ഞില്ല…,………

അവിടെ ഞാൻ വരുന്നത് അത് ആദ്യമായിട്ടല്ല…………… അയാളുടെ മുഖം താണു……………. ഭാഗ്യ അയാൾ പറയുന്നത് കേൾക്കാൻ ക്ഷമയോടെ നിന്നു കൊടുത്തു ……………അയാൾ പറയാൻ ഒന്നു മടിച്ചു………..

അനു പറഞ്ഞിരുന്ന അവളുടെ അമ്മയുടെ രൂപം ഇങ്ങനെ ആയിരുന്നില്ല………….. പറഞ്ഞതിൽ നിന്ന് നേരെ വിപരീതമാണെന്ന്  അന്ന് മകളെ സംരക്ഷിക്കാൻ മൗനം പാലിച്ചത് കണ്ടപ്പോൾ മനസ്സിലായി…………… എന്തിനാണ് സ്വയം ഏറ്റെടുത്തത്………. അനു എല്ലാം അറിഞ്ഞിട്ടും ഒന്നും പറയാതിരുന്നതല്ലേ……… നന്ദിയില്ലാത്ത മകൾക്കു വേണ്ടി സ്വന്തം ജീവിതം കളഞ്ഞില്ലേ…….. ആരുമില്ലാതായില്ലേ ഇപ്പോ ……. ഇവിടെ വന്നപ്പോൾ ഭാഗിമ്മയുടെ അവസ്ഥ ശരിക്കും മനസ്സിലായി………..ഇവിടെ ഉള്ളവരോടെങ്കിലും സത്യം പറഞ്ഞു കൂടെ…………

ഞാൻ എത്ര ആവർത്തിച്ചു പറഞ്ഞാലും ആരെങ്കിലും എന്നെ വിശ്വസിക്കുമെന്ന് തോന്നുന്നുണ്ടോ……… ഇനിയത് ഇമ്മാനുവൽ പറഞ്ഞാൽ പോലും ആരും വിശ്വസിക്കില്ല……….. തെറ്റ് മറയ്ക്കാൻ കാട്ടിക്കൂട്ടുന്നതാണെന്നെ പറയൂ……… അല്ലെങ്കിലും അനു സമ്മതിച്ചു തരുമെന്ന് വിശ്വസിക്കുന്നുണ്ടോ…………. വീണ്ടും എന്തിനാണ് നാണംകെടുന്നത്………….. ഇനി വയ്യ,……….. സാരമില്ല………… ഞാൻ സഹിച്ചോളാം………… പൊക്കോളൂ…….. ഇവിടെ അധികനേരം നിൽക്കണ്ട………… ജിത്തു ബഹളം വെക്കും………….. പറഞ്ഞു തീരും മുന്നേ ഭാഗ്യയ്ക്ക് മുന്നിലേക്ക് ബാഗ് വന്നു വീണു………….

അച്ഛാ……….. ഇവൾ വീണ്ടും എല്ലാവരെയും മണ്ടരാക്കുകയാണ്……….. നോക്ക് ബാഗൊക്കെ പാക്ക് ചെയ്തു റെഡി ആയിട്ടായിരുന്നു ഇരുപ്പ്…………. അപ്പോൾ വിളിച്ചു വരുത്തിയതാണ് ഇവനെ…………….. ജിത്തു ദേഷ്യത്തിൽ പറഞ്ഞു……..

ഭാഗ്യ മെല്ലെപ്പോയി ബാഗെടുത്തു ജിത്തുവിനരികിലേക്ക് നടന്നു………….. പേടിക്കേണ്ട ജിത്തൂ…………. നിന്റെയീ ഭയം ഞാനിവിടെ ഉള്ളതുകൊണ്ടുള്ള നാണക്കേട് കാരണമല്ലെന്ന് എനിക്ക് നന്നായിട്ടറിയാം …………. അച്ഛന്റെ ഒരു സ്വത്തും എനിക്ക് ആവശ്യമില്ല……….. അവകാശം പറഞ്ഞു വരികയുമില്ല………. അമ്മയേക്കാളേറെ നിന്നെ എടുത്തതും കൊഞ്ചിച്ചതും ഞാനല്ലേ……… നിന്റെ മാറ്റം എനിക്കറിയാം……………. ഞാൻ പോകാനിരുന്നത് തന്നെയാണ്………. അത് പക്ഷേ ഇയാൾക്കൊപ്പമല്ല………….

എന്നെ ഒന്നു കാണണമെന്ന് പറഞ്ഞു ഒരു പാവം വന്നിരുന്നില്ലേ ഇവിടെ………….. ഹരിയേട്ടന്റെ അച്ഛൻ…………….. അദ്ദേഹത്തിന്റെ അടുത്തേക്കാണ് എന്റെ പോക്ക്……. എന്നെ ഒന്നു കാണണമെന്ന് മാത്രമല്ലേ അച്ഛൻ ആവശ്യപ്പെട്ടുള്ളു…………… എന്നോടത് പറഞ്ഞില്ലെന്നു മാത്രമല്ല അദ്ദേഹത്തിന്റെ കയ്യിൽ കുറച്ചു നോട്ട് ചുരുട്ടി വെച്ചു കൊടുക്കുകയും ചെയ്തു………… ആ പൈസ ഇപ്പോൾ എന്റെ കയ്യിലുണ്ട്…….. കണ്ടുമുട്ടിയപ്പോൾ അതെന്നെ എല്പിച്ചിരുന്നു…………നിങ്ങളുടെ പിച്ച…………. ഈ വീട്ടിൽ നിന്നും അത് മാത്രേ ഞാൻ എടുക്കുന്നുള്ളു……….. ഈ കാണുന്ന സ്റ്റാറ്റസും പത്രാസുമൊക്കെ മനുഷ്യത്വത്തിന്റെയും താഴെയാണെന്ന് എന്നെങ്കിലും തിരിച്ചറിയും……….. ഓർത്തോ……….. എല്ലാവരെയും ഒന്നു നോക്കിയിട്ട് ഭാഗ്യ അയാളെയും കടന്നു നടന്നു പോയി …………

ഇമ്മാനുവൽ ഭാഗ്യയുടെ ബാഗിൽ പിടിച്ചു…………. എവിടേക്കാണെങ്കിലും ഞാൻ കൊണ്ടുവിടാം……… മറ്റുള്ളവർക്ക് മുന്നിലൂടെ തനിച്ചു നടക്കാനുള്ള ധൈര്യം ഇപ്പോളീ മനസ്സിനായിട്ടില്ല…………. ആളുകൾക്ക് കടിച്ചു കീറാൻ ഞാൻ ഇട്ടുകൊടുക്കില്ല………,.എന്നെ വിശ്വാസമുണ്ടെങ്കിൽ മാത്രം ഭാഗിമ്മയ്ക്ക് എന്റെ കൂടെ വരാം…………… അയാൾ പോയി കാറിന്റെ ഡോർ തുറന്നു പിടിച്ചു………….. ഭാഗിമ്മ യ്ക്കു വേണ്ടി………….

ഓടി വരാം…….

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

5/5 - (1 vote)
Exit mobile version