Skip to content

ഭാഗ്യ – 25 (അവസാനഭാഗം)

bhagya

ഭാഗി പൊയ്ക്കഴിഞ്ഞിട്ടും ആ ഞെട്ടലിൽ നിന്നും ഒന്നു മുക്തനാകുവാൻ ദാസന് സമയം കുറേ എടുക്കേണ്ടി വന്നു…… നാവിറങ്ങിപ്പോയ അവസ്ഥ…..

ആ ഒരു ആക്സിഡന്റിൽ അയാൾക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നല്ലേ നമ്മളോട് നിന്റെ അമ്മാവൻ പറഞ്ഞത് നന്ദാ ……… എന്നിട്ടിപ്പോൾ ഞാൻ എന്താടാ ഈ കേൾക്കുന്നത്…….. അതും വിശ്വസിച്ച് ഞാനൊന്നു അയാളെ തിരക്കുക കൂടി ചെയ്തില്ല………ദാസൻ തലയ്ക്കു കയ്യും കൊടുത്ത് നന്ദനരികിലിരുന്നു……..

അയാൾ നമ്മളെ ചതിച്ചതാടാ…….. ഞാൻ അങ്ങനെ കിടക്കുമ്പോൾ ദേവേട്ടൻ ഇതിന്റെ പുറകെ നടക്കില്ലന്ന് അയാൾക്ക് നന്നായിട്ടറിയാം……… നമ്മുടെ അവസ്ഥ അയാൾ മുതലെടുത്തതാണ്……. കൊടുത്തത് മുഴുവൻ അയാൾ മുക്കിയതാ…… അതാണ് പിന്നെയീ വഴിക്കേ കാണാഞ്ഞത്…… ചതിയൻ…

എങ്കിലും നമ്മുടെ ഭാഗിക്ക് ഈ ഗതി വരാൻ ഞാൻ തന്നെ കാരണമായല്ലോ എന്നോർക്കുമ്പോഴാണ്………..അവൾക്കൊരു മറുപടി കൊടുക്കാനോ.. അവൾക്ക് മുന്നിൽ നിൽക്കുവാനോ ഉള്ള യോഗ്യത എനിക്കില്ല….ദാസൻ അസ്വസ്ഥതയോടെ നെറ്റി തിരുമ്മി………..

ദൈവത്തിന്റെ വികൃതി കുറച്ചു കൂടിപ്പോയോന്ന് ഒരു സംശയം ……… നമ്മൾ കാരണം ആരും ഇല്ലാതായ ഭാഗിയേ നമുക്കു മുന്നിൽ തന്നെ കൊണ്ടുവന്നു നിർത്തി ……… ഇമ്മു അതിനൊരു വഴി മാത്രം……..  ദേവേട്ടന്റെ മുൻപിൽ അച്ഛനെയും കൊണ്ടെത്തിച്ചു………ചിലപ്പോൾ നമ്മൾ അറിയാതെ ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ ഒരവസരം തന്നതാവും ……. നന്ദൻ പറഞ്ഞു…

എന്നിട്ട് എന്തിനാടാ…..അവളെ കൂടുതൽ വിഷമത്തിലേക്ക് തള്ളിവിട്ടതല്ലാതെ ഒരാശ്വാസം നമ്മൾ കാരണം ഉണ്ടായോ………. ഇല്ലല്ലോ…ഇനി ഭാഗ്യയെയും അച്ഛനെയും പിരിയുന്ന കാര്യം  ചിന്തിക്കാൻ പോലും സാധിക്കുമോ നമുക്ക് ആർക്കെങ്കിലും ………… ആ സ്നേഹം ഒക്കെ കണ്ടിട്ട് ഒരുപാട് കൊതിച്ചു പോയതാ…………എനിക്ക് വിധിച്ചിട്ടില്ല……… ശാപം പിടിച്ച ജന്മമാ എന്റേത്………

സാരമില്ലടാ ദാസാ ആരൊക്കെ തള്ളിപ്പറഞ്ഞാലും ഞാൻ നിനക്കൊപ്പം ഉണ്ടാവുമെടാ …….. നീയിങ്ങനെ തളരാതെ………. നിനക്ക് ഞാനില്ലേ….. എനിക്ക് നീയും…….. ഇനിയുള്ള കാലവും അതുമതിയെടാ……… ഉള്ളിലെ വേദനയും ആഗ്രഹങ്ങളും മറച്ചുവെച്ച് നന്ദൻ ദാസനെ ആശ്വസിപ്പിച്ചു…………..

                               

കണ്ണടച്ചു കിടക്കുന്ന ഭാഗ്യയുടെ കാലിൽ ആരോ തൊട്ടതു പോലെ തോന്നി…….. ചാടി എഴുന്നേറ്റു നോക്കിയപ്പോൾ ദാസൻ ആയിരുന്നു…….. കാലിൽ മുഖം അമർത്തി വെച്ചിട്ടുണ്ട്………..എന്താ ദാസേട്ടാ ഈ ചെയ്യുന്നത്……….. കാലിൽ നിന്നും ശക്തിയിൽ കയ്യെടുത്തു പിടിച്ചെഴുന്നേൽപ്പിച്ചു ……..അടുത്ത് പിടിച്ചിരുത്തി……….

ഞാൻ മനപ്പൂർവ്വം അല്ല മോളെ…………നിന്നെ വിധവയാക്കുവാൻ ഞാൻ ഒരു കാരണമായല്ലോ എന്ന് ഓർക്കുമ്പോൾ ചങ്ക് പൊട്ടുകയാണ്……… നന്ദന്റെ ആശ്വാസവാക്കുകൾക്ക് പോലും എന്റെ മനസ്സിനെ ഒന്ന് തണുപ്പിക്കാൻ ആവുന്നില്ല …….എന്നോട് ക്ഷമിക്കില്ലേ ഭാഗി………ഞാൻ സ്വാർത്ഥൻ ആയിപോയി മോളേ..മറ്റൊന്നും മുൻപിൽ ഉണ്ടായിരുന്നില്ല…… അബോധാവസ്ഥയിൽ കിടന്ന നന്ദൻ അല്ലാതെ………..  ഞാനറിഞ്ഞിരുന്നില്ല മോളെ ഹരിക്ക് ഞാൻ കാരണം…….. നിങ്ങളുടെ ജീവിതം………. മുഴുമിപ്പിക്കാതെ ദാസൻ ഒരു കുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു……. ഈയൊരു പാപത്തിന് ഞാൻ എങ്ങനെ പരിഹാരം ചെയ്യുമെന്ന് എനിക്കുമറിയില്ല….   ഓരോന്നും പറഞ്ഞു പൊട്ടിക്കരയുന്ന ദാസനെ ആശ്വസിപ്പിക്കുവാനാകാതെ ഭാഗി അടുത്തിരുന്നു………

ഒന്നും വേണ്ടിയിരുന്നില്ല……. ദേവേട്ടൻ പറഞ്ഞതും അങ്ങോട്ട് ചോദിച്ചറിഞ്ഞതുമെല്ലാം മനസ്സിലൊതുക്കി  പോകാനിരുന്നതാണ്……. പക്ഷേ നന്ദൻ തന്നോട് അങ്ങനെയൊരു സ്വാതന്ത്ര്യം എടുത്തപ്പോൾ ദേഷ്യത്തിൽ പറഞ്ഞു പോയതാണ്……. ഒരുപക്ഷേ ദാസേട്ടന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കിലും ഇങ്ങനെ അല്ലേ ചെയ്യുകയുള്ളൂ……. അറിയില്ല……..  മറ്റുള്ളവരുടെതെല്ലാം വെറുമൊരു ജീവനും സ്വന്തമായിട്ടുള്ളവരുടേത് വിലപ്പെട്ട ജീവനും ആണ് എല്ലാ മനുഷ്യർക്കും……… പോകേണ്ടവർ പോയി ജീവിച്ചിരിക്കുന്നവരുടെ സമാധാനം കളയാൻ അത് വെറുതെ കുത്തിപ്പൊക്കേണ്ടിയിരുന്നില്ല…….ഭാഗി സ്വയം ശാസിച്ചു……

എനിക്ക് അത്രയും സന്തോഷമേ വിധിച്ചിരുന്നുള്ളു ദാസേട്ടാ……. എന്റെ ഹരിയേട്ടന് ആയുസ്സും…….. ആ കണ്ണുകളിൽ എന്റെ കൂടെ ജീവിക്കുവാനുള്ള ആഗ്രഹവും കൊതിയും മാത്രമാണുണ്ടായിരുന്നത് ……. അന്ന് ദൈവത്തിനെ ഞാൻ ഒരുപാട് പഴിച്ചിട്ടുണ്ട്….. അത്രയ്ക്കും പാവമായിരുന്നു ഹരിയേട്ടൻ…… സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു സാധു  ……. എന്നിട്ടും എന്തിനാ………… സാരമില്ല…. ഞാൻ തനിച്ചു കഴിയണമെന്നാവും നിയോഗം….      പൊരുത്തപ്പെട്ടു കഴിഞ്ഞു……ഭാഗി കണ്ണുകൾ അമർത്തി തുടച്ചു……..

തെറ്റൊന്നും ചെയ്തിട്ടില്ലെന്നൊരു അഹങ്കാരമുണ്ടായിരുന്നു ഇത്രയും നാൾ……… ഒരാളുടെ ജീവനെടുക്കുക…… സഹോദരിയെ വിധവയാക്കുക……. ഇത്രയും പാപിയാണോ ഞാൻ ഈശ്വരാ……… ദാസൻ മേലേക്ക് നോക്കി ചോദിച്ചു……

അങ്ങനെ ഒന്നും വിചാരിക്കരുത് ദാസേട്ടാ……. ഓരോരുത്തരെയും പടച്ചു വിടുമ്പോൾ അയാളുടെ ആയുസ്സും ജീവിതവും എങ്ങനെയാവുമെന്നും തീരുമാനിച്ചാവും വിടുക….. അപ്പോഴത്തെ വിഷമത്തിന് ഞാൻ എന്തൊക്കെയോ പറഞ്ഞുന്നു വിചാരിച്ച്…….. വിഷമിക്കണ്ട……. ഒരു ഏട്ടനോട് എടുത്ത സ്വാതന്ത്ര്യം ആയിരുന്നു അത്….. അങ്ങനെ വിചാരിച്ചാൽ മതി…….

ആ ഒരു സ്നേഹമുണ്ടെങ്കിൽ എന്റെ കൂടെ നിനക്കിവിടെ നിന്നുകൂടെ……… നിന്നെ ഞാൻ സംരക്ഷിച്ചു കൊള്ളാം പൊന്നുപോലെ……. ചെയ്തു പോയ പാപത്തിനുള്ള പരിഹാരം ചെയ്യാൻ നീയെന്നെ അനുവദിക്കണം ഭാഗീ….. നിന്നൂടെ ഇവിടെ……… ഭാഗിയുടെ കൈ എടുത്തു രണ്ടു കൈക്കുള്ളിലാക്കി പറഞ്ഞു………

ഞാൻ ഇവിടെ നിന്നാൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവുകയെ ഉള്ളൂ…… അത് എല്ലാവർക്കും അറിയാം…… എന്നോടുള്ള സ്നേഹം കൊണ്ട് നിങ്ങൾ എല്ലാം മനഃപൂർവം മറക്കുന്നതല്ലേ അതൊക്കെ…………….കാണാൻ തോന്നുമ്പോൾ ഞാൻ ഓടി വരില്ലേ…….. നന്ദനോട് ഞാൻ സംസാരിച്ചുകൊള്ളാം……ദാസേട്ടൻ പേടിക്കേണ്ട……… മുൻപത്തെ പോലെ ഒന്നുമുണ്ടാവില്ല ആൾക്ക്………  പിന്നെ ദാസേട്ടനെ എൽപ്പിക്കുകയാണ് ഞാൻ അച്ഛനെ ……. നിങ്ങളെയൊക്കെ വിട്ട് എനിക്കൊപ്പം വരുന്നില്ലെന്നാണ് പറയുന്നത്………. മക്കളെയും  കൊച്ചുമകനേയും പിരിയാൻ പറ്റില്ലെന്ന്…….. സത്യമതല്ലെങ്കിലും ഇമ്മു എന്റെയും ഹരിയേട്ടന്റെയും കുഞ്ഞാണെന്നാണ് അച്ഛൻ മനസ്സിനെ പഠിപ്പിച്ചു വെച്ചിരിക്കുന്നത്……… എനിക്കുണ്ടായ നഷ്ടത്തേക്കാൾ വലുതാണ് ആ അച്ഛന്റെ നഷ്ടം……… മകന്റെ അടുത്തു തന്നെ എല്പിച്ചിട്ടാണ് ഞാൻ പോകുന്നത്…….. ഒരിക്കലും അറിയരുത് ഹരിയേട്ടന്റെ കാര്യം……. എങ്ങോട്ടെങ്കിലും പൊയ്ക്കളയും…… ഇനിയൊരു വിഷമം കൂടി താങ്ങില്ല പാവം ………

മുഖം കുനിച്ചിരിക്കുന്ന ദാസന്റെ മുഖം പിടിച്ചുയർത്തി……… പോണം ദാസേട്ടാ….. ഇവിടെ നിൽക്കുംതോറും… നിങ്ങളെയൊക്കെ കാണുമ്പോൾ ഹരിയേട്ടൻ മനസ്സിലങ്ങനെ നിറഞ്ഞു നിൽക്കുവാണ്…….. നിങ്ങളെയൊക്കെ ഞാൻ ചിലപ്പോൾ വെറുത്തു പോകും…… എന്റെ ഇമ്മുവിന് ഞാൻ വേദന കൊടുത്തു പോകുമോന്നു വരെ പേടിയാണ്………. തമ്മിലുള്ള ഈയൊരിഷ്ടത്തോടെ തന്നെ നമുക്ക് പിരിയാം……..

ഞാൻ അനുവിനോട് പറഞ്ഞിട്ടുണ്ട് അങ്ങോട്ടേക്ക് വരുകയാണെന്ന്…….. നാളെ അവർ വരും എന്നെ കൂട്ടാൻ…… എന്നെ സന്തോഷമായിട്ട് തന്നെ പറഞ്ഞയയ്ക്കണം… എനിക്ക് ആരോടും ദേഷ്യമൊന്നുമില്ല ദാസേട്ടാ ……..ഇനിയും അതോർത്തു വിഷമിക്കരുത്…… സമാധാനമായി പോയി കിടന്നോളു……..ദാസേട്ടന്റെ കയ്യിൽ പിടിച്ചു നന്ദന്റെ മുറിയുടെ വെളിയിൽ വരെ കൊണ്ടുവിട്ടു…… ഡോർ തുറന്നു അടയുമ്പോൾ കണ്ടു കണ്ണും തുറന്നു കിടക്കുന്ന നന്ദനെ……. തിരികെ മുറിയിൽ വന്നു കിടക്കുമ്പോഴും ഭാഗിയുടെ മനസ്സിൽ നാളെ ബാലുവിന്റെ വീടിനെയും വീട്ടുകാരെയും ഫേസ് ചെയ്യണമല്ലോ എന്നോർത്തുള്ള വിഷമമായിരുന്നു ……..ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു…..

പക്ഷേ ബാലുവിന്റെ വീട്ടിൽ എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു…… പ്രത്യേകിച്ച് അല്ലുവും അനുവും……… ചെയ്ത തെറ്റുകൾക്കെല്ലാം അമ്മയെ സ്നേഹിച്ചു സ്നേഹിച്ചു പ്രായശ്ചിത്തം ചെയ്യാൻ അനു തീരുമാനിച്ചു കഴിഞ്ഞു………. എത്രയും പെട്ടെന്നു നേരം പുലർന്നാൽ മതിയെന്നേയുണ്ടായിരുന്നുള്ളൂ …….. ബാലുവും മറ്റുള്ളവരുടെ വാക്കുകളെയും എതിർപ്പുകളെയും നേരിടാൻ തയ്യാറെടുത്തു കഴിഞ്ഞു……  ഭാഗ്യ തെറ്റു ചെയ്തിട്ടില്ലെന്ന് അറിഞ്ഞ അന്ന് മുതൽ ആഗ്രഹിച്ചതുമാണ് ഭാഗ്യയെ ഈ വീട്ടിലേക്ക് തിരികെ കൊണ്ടുവരാൻ…….. പക്ഷേ അനു……. അനുവിന്റെ ദേഷ്യം…….. വാശി…………… ഓർത്തപ്പോൾ മനസ്സ് മടുത്തു പോയി……….ഇതിപ്പോൾ അനു തന്നെ ഭാഗ്യയെ തിരിച്ചു കൊണ്ടുവരാൻ മുൻകൈ എടുത്തിരിക്കുന്നു …… ആദ്യം അവളുടെ സ്വാർത്ഥത ആണെന്ന് കരുതി സമ്മതിച്ചില്ല…… ഇനിയും ഭാഗ്യയ്ക്ക് വേദന കൊടുക്കേണ്ടന്ന് കരുതി…….. പക്ഷേ പിന്നീട് അവൾ തെറ്റ് മനസ്സിലാക്കി ക്ഷമ ചോദിച്ചു തിരികെ വിളിക്കയാണെന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി…..

ഭാര്യയായി കുറെയേറെ വർഷം ഈ വീട്ടിൽ ഉണ്ടായിരുന്നയാളാണ്…….. അന്നില്ലാതിരുന്ന ടെൻഷൻ ആണ് ഇപ്പോൾ……. ഒരു വെപ്രാളം……. പേടി……. ഉറങ്ങാൻ കിടക്കുമ്പോഴും ഭാഗ്യയെ ഓർത്തപ്പോൾ…… പഴയതെല്ലാം മനസ്സിലേക്ക് തികട്ടി വന്നപ്പോൾ വല്ലാത്തൊരു അസ്വസ്ഥത തോന്നി…….. ഭാഗ്യയോട് ചെയ്തതെല്ലാം നീതികേട് മാത്രമായിരുന്നുവെന്ന് ആരോ ഉള്ളിരുന്നു പറയുംപോലെ ……..തെറ്റ് തിരുത്താൻ തനിക്ക് വീണ്ടുമൊരവസരം കിട്ടിയിരിക്കുകയാണ്……. തനിക്കു മാത്രമല്ല ഈ വീട്ടിലുള്ള എല്ലാവർക്കും…… പക്ഷേ…… ഇപ്പോഴത്തെ ഭാഗ്യ ആളാകെ മാറി…… എങ്ങനെയാവും മുന്നോട്ടുള്ള ജീവിതമെന്ന് പറയാൻ സാധിക്കില്ല……. ഇവിടെ നിന്നും പോയത് വായിൽ വിരലിട്ടാലും കടിക്കാത്ത പാവം ഭാഗ്യ ആയിരുന്നു പക്ഷേ ഇപ്പോഴുള്ള ഭാഗ്യ എന്തിനേയും ഏതിനേയും എതിരിക്കാൻ കെൽപ്പുള്ളവളാണ് ……. അതാണ്‌ ഒരു ഭയം………

                       

പിറ്റേന്ന് എല്ലാവരും ഉണർന്നിട്ടും ആകെയൊരു മൂകതയായിരുന്നു വീടിന്……… ആരുമൊന്ന് ഭാഗിക്ക് അടുത്തേക്ക് വരുന്നുണ്ടായിരുന്നില്ല…… അച്ഛൻ മാത്രമുണ്ടായിരുന്നു കൂടെ ….. ഭാഗി ചെയ്യുന്നതെന്തും നല്ലതിനാവുമെന്ന് അറിയാം……….. അതുകൊണ്ട് മാത്രമാണ് ചോദിച്ചപ്പോൾ അച്ഛൻ പോകാൻ സമ്മതിച്ചതും……………… എന്തു വിഷമം ഉണ്ടായാലും കേൾക്കാനും പരിഹരിക്കാനും ഇവിടെ അച്ഛനുണ്ടെന്നുള്ളത് മറക്കാൻ പാടില്ലെന്ന്  പറഞ്ഞു ഓർമ്മിപ്പിച്ചു …… എന്റെ ഹരിയുടെ കൂടെ ജീവിക്കാൻ വീണ്ടുമൊരു അവസരം ദൈവം തന്നിരിക്കുകയാണ്……  നന്ദൻ എല്ലാം കൊണ്ടും എന്റെ ഹരിക്കുട്ടൻ തന്നെയാണ്…അവനെയും ദാസനെയും വിട്ടിട്ട് ഞാൻ ഇനി ഒരിടത്തേക്കുമില്ല മോളേ…… നീ എന്നെയോർത്തു വിഷമിക്കേണ്ട…… അച്ഛൻ പറഞ്ഞിട്ട് ഭാഗിയുടെ തലയിൽ കൈവെച്ചു അനുഗ്രഹിച്ചു…….. നിനക്ക് നല്ലതേ വരൂ…. ഇനിയൊരു വിഷമം ഉണ്ടാവാതെ ഇരിക്കട്ടെ എന്റെ മോൾക്ക്…….

താനില്ലാതായാലും ഇവിടെയുള്ളവർ അച്ഛനെ നോക്കുമെന്ന് നന്നായിട്ടറിയാം…… അങ്ങോട്ട്‌ കൂടെ കൊണ്ടുപോകാൻ തനിക്കൊട്ടും ഇഷ്ടമില്ലാഞ്ഞിട്ടാണ്……. എന്താണെന്നറിയില്ല അച്ഛനെ ആ വീട്ടിൽ നിർത്തുന്നതിലും വിശ്വാസമാണ് ഇവിടെ നിർത്തിയിട്ട് പോകാൻ…………….തന്റെ സ്വന്തം വീടായിട്ട് ഇന്നേ വരെ തോന്നിയിട്ടില്ല…… പിന്നെങ്ങനെ അച്ഛനെ അങ്ങോട്ടേക്ക് കൊണ്ടുപോകും….  

ഭക്ഷണം കഴിക്കാനും ആരുമെത്തിയിട്ടില്ല…….. ഓരോരുത്തരെയും വിളിച്ചിരുത്തി വിളമ്പിക്കൊടുത്തു……. ആരുമൊന്ന് പരസ്പരം മിണ്ടാതെ… കഴിക്കുന്നുണ്ടെന്ന് വരുത്തിതീർത്തിട്ട് എഴുന്നേറ്റു പോയി….. ദാസേട്ടൻ ഈ നേരം വരെ മുഖം ഉയർത്തി തന്നെയൊന്നു നോക്കിയിട്ടില്ല……. ഇന്നലെ താൻ പറഞ്ഞതൊന്നും ലവലേശം ആൾക്ക് ഏറ്റിട്ടില്ല………..

അമ്മയുടെ സ്നേഹം അനുഭവിക്കാതെ ഒരു മക്കളും വളരാൻ പാടില്ലെന്ന് പറഞ്ഞാണ് ഇഷ്ടമല്ലെങ്കിലും ദേവേട്ടൻ തന്നെ പറഞ്ഞു വിടുന്നത്……. രാവിലെ തന്നെ രാഖിയും വന്നിട്ടുണ്ട്…… ഇമ്മുവിനൊപ്പമിരുപ്പുണ്ട്….. അത് അങ്ങനെ തന്നെയാവട്ടെ…… അവൾക്ക് ഇമ്മുവിനെ ആശ്വസിപ്പിക്കുവാനാകും……. നന്ദന്റെ മുറിയിലേക്ക് വന്ന ഭാഗിയെ കണ്ടപ്പോൾ തന്നെ ദാസൻ മുറി വിട്ടിറങ്ങി……… ഭാഗിയുടെ കണ്ണു പറിക്കാതെയുള്ള നോട്ടം കണ്ടില്ലെന്നു വെച്ചു………. നന്ദൻ മാത്രം ചിരിയോടെ സ്വീകരിച്ചു…….. എന്നത്തേയും പോലെ തന്നെ അടുത്തിരുന്നു……. എന്തോ ഒരകൽച്ച ഫീൽ ചെയ്തപ്പോൾ ബെഡിലിരുന്ന നന്ദന്റെ കൈയുടെ മേലെ ഭാഗി കൈ വെച്ചു……… നന്ദൻ കുറച്ചൊരു അത്ഭുതത്തോടെ അവളെ നോക്കി……..

നിനക്ക് നല്ല ടെൻഷൻ ഉണ്ടല്ലോ ഭാഗീ…… കയ്യൊക്കെ വിറയ്ക്കുന്നു……. തണുത്തുറഞ്ഞിരിക്കുന്നു…….. നന്ദൻ തന്റെ മറ്റേ കൈ കൊണ്ട് ഭാഗിയുടെ കൈയ്യുടെ മേലെ പതിയെ തട്ടികൊടുത്തു …….

ടെൻഷൻ അല്ല നന്ദാ…… ഇമ്മുവിന്റെയും ദാസേട്ടന്റെയും വിഷമം കാണുമ്പോൾ വല്ലാത്തൊരു വേദന……. എടുത്ത തീരുമാനം മാറ്റേണ്ടി വരുമൊന്നു പേടിയാവുകയാ…..

അതൊന്നുമോർത്തു ഭാഗി വിഷമിക്കേണ്ട…….. പോകേപ്പോകെ എല്ലാം ശരിയാകും….. നീ വിഷമിക്കാതിരുന്നാൽ മാത്രം മതി…….

വെളിയിലൊരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടു…….. അത് ഭാഗിയെ കൂട്ടാൻ ബാലു വന്നതാണെന്ന് നന്ദന് മനസ്സിലായി……….. അത്രയും നേരം പ്രകാശിച്ചിരുന്ന മുഖം വാടി……………. യാത്ര അയയ്ക്കാൻ ഞാൻ വരുന്നില്ല……… ദാസനെ വെറുക്കരുത് ഭാഗീ …….. അവന് നല്ല വിഷമമുണ്ട് നിന്നെ ഫേസ് ചെയ്യാൻ…… ഇന്നലെ ഉറങ്ങീട്ടില്ല പാവം…….

ഭാഗി എല്ലാം സമ്മതിച്ചതുപോലെ തലയാട്ടി……..ആരോടും വെറുപ്പില്ല…… സ്നേഹം മാത്രം……. ഞാൻ പൊയ്ക്കോട്ടെ…… കൈ വലിക്കാൻ നേരം നന്ദൻ ഒന്നുകൂടി പിടി മുറുക്കി……… സ്വൽപ്പനേരം കൂടി ഇരിക്ക് ഭാഗീ…….. നന്ദന്റെ വായിൽനിന്നും അറിയാതെ വീണുപോയി…….. അയാളുടെ നെഞ്ചിടിപ്പ് ഭാഗിക്ക് കേൾക്കാൻ പാകത്തിലായി…….. കണ്ണൊക്കെ ചുമന്നു വന്നു……. ഭാഗിക്ക് ചെറിയൊരു പേടി തോന്നി…….നന്ദനെ അസ്വസ്ഥത വന്നു മൂടുന്നതിന് മുൻപായി ഭാഗി സംസാരിക്കാൻ തുടങ്ങി……..

അച്ഛനെ ഞാൻ എൽപ്പിക്കുവാ……. ഇത് എന്റെ ഹരിക്കുട്ടൻ തന്നെയാന്നാ അച്ഛൻ പറയുന്നത്……. അത് അങ്ങനെ തന്നെയിരിക്കട്ടെ……ഭാഗ്യയ്ക്ക് എന്തെങ്കിലുമൊരു വിഷമം വന്നാൽ ഓടിവരാല്ലോഇങ്ങോട്ടേക്കു……. ഉണ്ടാവില്ലേ ഇങ്ങനെ ആശ്വസിപ്പിക്കുവാൻ എന്നും…… പോകുവാണെന്ന് ഞാൻ പറയുന്നില്ല…… ഇനിയും വരും…….

ഭാഗി എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ നന്ദൻ പറഞ്ഞു……ഭാഗീ നീയെന്തു കരുതുമെന്ന് വിചാരിച്ചു മനസ്സിൽ ഒളിപ്പിച്ചു വെക്കാനാവുന്നില്ല….. തെറ്റാണെങ്കിൽ ക്ഷമിച്ചു കളഞ്ഞേക്ക്…..  മറ്റൊരാളുടെ ഭാര്യ ആയതുകൊണ്ടും അല്ലുവിന്റെ അമ്മ ആയതുകൊണ്ടും നിന്നെ സ്നേഹിക്കാൻ പാടില്ലാന്നില്ലല്ലോ……..എനിക്ക്……ഭാഗി പെട്ടെന്നു നന്ദന്റെ വാ പൊത്തിപ്പിടിച്ചു………

നന്ദാ……. എന്റെ ഇനിയുള്ള ജീവിതം മക്കൾക്ക്‌ വേണ്ടി മാത്രമുള്ളതാണ്….. ഇനിയൊരു കുടുംബജീവിതം എന്നെക്കൊണ്ടാവില്ല…… അത് ബാലു ആണെങ്കിൽ കൂടിയും………. ഞാൻ പോകുന്നത് ഒരു അമ്മയുടെ കടമ നിറവേറ്റാൻ വേണ്ടി മാത്രമാണ്…….നന്ദന്റെ മനസ്സിലെന്താണെന്ന് എനിക്കറിയാം…… എനിക്ക് ഹരിയേട്ടനെ മറന്നൊരു ജീവിതമില്ല…….. അതിനി എത്രകാലം കഴിഞ്ഞാലും അതിനൊരു മാറ്റവുമുണ്ടാവില്ല…….

നന്ദൻ ചെറുതായിട്ടൊന്നു ചിരിച്ചു…..ഭാഗി നന്ദന്റെ കണ്ണുകളിലേക്ക് നോക്കി………. നിറഞ്ഞിരിക്കുന്നു……. കണ്ണുകൾ  പരസ്പരം സംസാരിക്കും പോലെ….ഈ കണ്ണുകളിൽ കാണുന്ന അലിവെന്നെ പിരിയാൻ സമ്മതിക്കാത്തത് പോലെ……. വേറൊന്നിലേക്ക് മിഴികൾ പായിക്കാൻ പറ്റാത്ത വിധം അതിലങ്ങിനെ തമ്മിൽ കുരുങ്ങി കിടന്നു…….. ഭാഗിയുടെ രണ്ടു കൈകളും നന്ദന്റെ മുഖത്തു പൊതിഞ്ഞു പിടിപ്പിച്ചു നന്ദൻ…………. ഭാഗി കണ്ണുകൾ ഇറുക്കിയടച്ചു……… ഹരിയേട്ടന്റെ രൂപം……. അതേ മണം………. തനിക്കു മാത്രം സ്വന്തമായ ലോകം കൈകൾക്കുള്ളിൽ ഇരിക്കും പോലെ തോന്നി ഭാഗിക്ക്……….. നെറ്റിയിലേക്ക് ചുണ്ടുകൾ ചേർക്കുമ്പോൾ ആ രൂപം ചിരിയോടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു…….. എന്റെ സന്തോഷം….. എന്റെ വാശി….. എന്റെ കുറുമ്പ്……. എന്റെ സ്നേഹം….. ഈ എന്നെ…………… മുഴുവനായി സ്നേഹിച്ചവൻ……. എന്റെ ഹരിയേട്ടൻ…………. കണ്ണു നിറഞ്ഞതും അതൊഴുകി നന്ദന്റെ കണ്ണുനീരിൽ ചേരുന്നതും ഒന്നും  രണ്ടാളും അറിഞ്ഞിരുന്നില്ല……….. ഭാഗിയെ നന്ദൻ രണ്ടു കയ്യാലേ ചേർത്തു പിടിച്ചു……… വീണ്ടും വീണ്ടും വരിഞ്ഞു മുറുക്കി നന്ദന്റെ ഹൃദയത്തോട് ചേർത്ത് വെച്ചു …… എന്തിനാണിങ്ങനെ പാതി ജീവൻ തന്നു കിടത്തിയിരിക്കുന്നതെന്ന് പലവട്ടം ചിന്തിച്ചിട്ടുണ്ട്…… ഇന്നതിനു ഒരുത്തരം കിട്ടിയിരിക്കുന്നു……… എന്റെ ഉടമയെ ചേർത്തണയ്‌ക്കാൻ…..എന്റെ ഇണയുടെ കണ്ണുനീരൊപ്പി ആഞ്ഞു പുൽകാൻ………..

കടമയ്ക്കും സ്ഥാനത്തിനും കടപ്പെട്ട് ഒരുപക്ഷേ ഭാഗി ഇനിയൊരിക്കലും  നന്ദനരികിൽ വന്നെന്നിരിക്കില്ല……. നന്ദൻ ഒളിപ്പിച്ചു വെച്ചിരുന്ന സ്നേഹം എത്രമാത്രം ഉണ്ടായിരുന്നുവെന്ന് ആ കൈകളിലെ ശക്തിയിൽ തെളിഞ്ഞു നിന്നു……. അത്രയും മുറുക്കെ ഭാഗിയുടെ ശരീരം തന്റെ ആത്മാവിലേക്ക് ലയിപ്പിക്കാൻ മാത്രം ശക്തിയോടെ……… ഇറുക്കി…… വീണ്ടും വീണ്ടും ഭാഗിയെ മുറുക്കിപ്പിടിച്ചു…………. ഭാഗിക്കു വേണ്ടി നന്ദനെന്ന തന്റെ സ്വന്തം വ്യക്തിത്വത്തെ പൂർണ്ണമായും ഉപേക്ഷിച്ചു ഹരിയെന്ന രൂപത്തെയും വ്യക്തിയെയും ആവാഹിച്ചവൻ നന്ദൻ……… ഭാഗിയുടെ ദീർഘശ്വാസം നന്ദന്റെ ബോധത്തെ തിരികെ കൊണ്ടുവന്നു…… കൈകൾ അയഞ്ഞു……… രണ്ടു ശരീരങ്ങളായി മാറി…….. ഭാഗി കുറച്ചു നീങ്ങി മാറിയിരുന്നു…….

തന്നിൽ നിന്നും നഷ്ടമായ ഹരിയേട്ടനെ വീണ്ടും പുനർജീവിപ്പിക്കുകയായിരുന്നു ഭാഗി……. ഒരിക്കലും ഹരിയേട്ടനിൽ നിന്നുമൊരു മോചനം ആവശ്യമില്ല തനിക്കു……..നന്ദനെന്ന ഒരാളെ രണ്ടാളും മറന്നിരുന്നു……… ഭാഗിയുടെ കയ്യിൽ മുറുക്കി പിടിച്ചു…….. പിടിവിട്ടാൽ നന്ദന്റെ ജീവൻ തന്നെ പോകുമെന്ന് തോന്നി ഭാഗിക്ക്……

ഭാഗിയുടെ ജീവനിൽ കയ്യെത്തി തൊടാൻ മാത്രമുള്ള ശക്തി ഇന്നീ സ്നേഹത്തിനുണ്ട്…… എന്റെ എല്ലാ കടമകളും തീർത്തിട്ട് ഞാൻ വരും……….ഒരിക്കലും നിലയ്ക്കാത്ത ആഗ്രഹത്തോടെ ഈ ഹരിയേട്ടനൊപ്പം ജീവിക്കാൻ ഭാഗി വരും….. അത് എന്നെന്നോ എപ്പോഴെന്നോ എനിക്കറിയില്ല…….. അങ്ങനെ പറയാനാണ് അപ്പോൾ ഭാഗിക്ക് തോന്നിയത്…….

ഒരിക്കൽ കൂടി ആ മുഖം രണ്ടു കൈക്കുള്ളിലാക്കി തന്നോടുള്ള സ്നേഹം നിറച്ചു വെച്ചിരിക്കുന്ന കണ്ണുകളിലേക്ക് അലിവോടെ നോക്കി……. തനിക്കുള്ള മറുപടി ആ കണ്ണുകളിൽ ഉണ്ടായിരുന്നു ……. കൈകൾ തിരിച്ചെടുത്തു ഒന്നും മിണ്ടാതെ…. ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ഭാഗി നടന്നകന്നു……… ഡോർ അടയുമ്പോഴും കണ്ണുകൾ ഭാഗിയുടെ വസ്ത്രത്തിന്റെ തുമ്പു മറയുംവരെ നോക്കി നിന്നു………..

കാത്തിരിക്കും…….. അവൾ വന്നില്ലെങ്കിൽ കൂടി ഈ കാത്തിരിപ്പ് അവസാനിപ്പിക്കില്ല…… ഭാഗി അരികിൽ വന്നു ചേരുമെങ്കിൽ ഹരിയായി ജീവിക്കണമെങ്കിൽ അങ്ങനെ………….. 

ഭാഗി നന്ദന്റെ റൂമിന് വെളിയിൽ ഇറങ്ങുമ്പോൾ കണ്ടു ഒരു കാവലായ് നിൽക്കുന്ന  ദാസനെ……നാളേയ്ക്കുള്ള പ്രതീക്ഷയാണ് നീ നന്ദന് കൊടുത്തത് …….. അറിഞ്ഞു കൊണ്ടാണെങ്കിലും അല്ലെങ്കിലും അത് നന്നായി…….. ദാസൻ മുഖത്തേക്ക് നോക്കാതെ പറഞ്ഞു……

ഇനി യാത്രയില്ല ദാസേട്ടാ ……. ഞാൻ പോകുമ്പോൾ അങ്ങോട്ടേക്ക് വരണ്ട…..  ഭാഗി പറഞ്ഞതിന് ദാസൻ അനുസരണയോടെ തലയാട്ടി…….

അച്ഛനോടും ദേവേട്ടനോടും യാത്ര പറഞ്ഞു……… ഇമ്മുവിനോട് ഒന്നും പറഞ്ഞില്ല……… സംസാരിച്ചാൽ കരഞ്ഞു പോകും………. എന്റെ മകൻ…….. മകന്റെ സ്നേഹം എന്താണെന്ന് മനസ്സിലാക്കി തന്നവൻ…..തന്റെ ഉള്ളിലുള്ള അമ്മയുടെ സ്നേഹവും വാത്സല്യവും പുറത്തെടുപ്പിച്ചവൻ…….. അവനെ ചേർത്തു പിടിച്ചു തിരിച്ചു അവനും……… കണ്ടു നിന്നവരുടെ കണ്ണു നിറഞ്ഞു……… ഒന്നും കാണാൻ സാധിക്കാത്തത് കൊണ്ടാവും ദാസൻ നന്ദന്റെ മുറിയിലേക്ക് പോയി…….. രാഖിയുടെ കവിളിൽ തലോടി……….. കല്യാണത്തിന് ഞാൻ വരും…….. അത്രമാത്രം പറഞ്ഞു………ഒരു വീടിന് മുഴുവൻ വിഷമം സമ്മാനിച്ചിട്ട് അടുത്ത വീടിന് സന്തോഷം പകരാൻ യാത്രയാവുകയാണെന്ന് ഭാഗ്യ ഓർത്തു ……… അനുവും അല്ലുവും ഹാപ്പി ആയിരുന്നു……… അകത്തു കയറാതെ വണ്ടിയിൽ ചാരി നിൽക്കുന്ന ബാലുവിന്റെ മുഖത്തും കാണാനുണ്ട് അതിന്റെ ബാക്കി…… ഒരിക്കൽ കൂടിയൊന്നു തിരിഞ്ഞു നോക്കി……. എല്ലാവരെയും മനസ്സിൽ പതിപ്പിച്ചു……..

ബാലു ഫ്രണ്ട് ഡോർ തുറന്നു പിടിച്ചു….. അത് ശ്രദ്ധിക്കാതെ അനുവിനൊപ്പം ബാക്കിൽ കയറി…….. കാർ നീങ്ങുമ്പോൾ കണ്ടു നന്ദൻ ചെറിയൊരു ചിരിയോടെ ജനലിന്നരികിൽ ഇരിക്കുന്നത് തൊട്ടു പിറകിൽ ദാസേട്ടനും …….. തിരിച്ചു ചിരിച്ചു കാണിക്കാൻ ശക്തിയില്ലായിരുന്നു ഭാഗിക്ക്. അത് വികൃതമായിരിക്കുമെന്ന് ഉറപ്പായിരുന്നു………..

കൂടെ ഇരുന്ന് അനുവും അല്ലുവും കലപിലാന്ന് സംസാരിക്കുന്നുണ്ട്………. ഒന്നിലും ശ്രദ്ധിക്കാൻ കഴിയുന്നില്ല……… ആ വീട്ടിൽ നിന്നും വീട്ടുകാരിൽ നിന്നും മനസ്സ് പറിച്ചെടുക്കാൻ കഴിയുന്നില്ല…….. ഓടിയിറങ്ങി തിരികെ പോയാലോന്ന് വരെ തോന്നിപ്പോകുന്നു……… അപരിചിതർക്കൊപ്പം ഇരിക്കും പോലെ….. ഭാഗി കണ്ണടച്ചു സീറ്റിലേക്ക് ചാരിയിരുന്നു……

അനു കുലുക്കി വിളിച്ചു പറഞ്ഞു വീടെത്തിയെന്ന്………. നരകത്തിലേക്ക് കാലെടുത്തു വെയ്ക്കും പോലെ തോന്നി ഭാഗിക്ക്…….. അത്രയ്ക്കും വെറുത്തു പോയിരുന്നു ഈ വീടും ചുറ്റുപാടും……. അങ്ങോട്ടോ ഇങ്ങോട്ടോ നോക്കാതെ വീടിനുള്ളിലേക്ക് കയറി…. അമ്മ നിലവിളക്കെടുത്തു കയ്യിൽ തന്നപ്പോൾ സ്നേഹത്തോടെ അത് നിരസിച്ചു……

ഞാൻ വീണ്ടും വന്നിരിക്കുന്നത് ഈ വീടിന് മരുമകളായിട്ടല്ല…….. അമ്മയായി മാത്രമാണ്…….. അതുകൊണ്ട് തന്നെ എനിക്കിതു വേണ്ടമ്മേ…..

അമ്മയ്ക്കും തന്നെ മനസ്സിലായതുകൊണ്ടാവും പിന്നീട് നിർബന്ധിച്ചില്ല……. നീട്ടിയ വിളക്ക് തിരിച്ചു കൊണ്ടു വെച്ചു….ആദ്യം കാണാൻ പോയത് അച്ഛനെയാണ്… അമ്മയും വന്നു അരികിലിരുന്നു………. ആ വീട്ടിൽ തന്നെ കുറച്ചെങ്കിലും സ്നേഹിച്ചിട്ടുണ്ടെന്ന് തോന്നിയിട്ടുള്ളത് ഇവർ മാത്രമാണ്…… അവർക്കിടയിൽ ഇരിക്കുമ്പോഴും വല്ലാത്തൊരു ശൂന്യത വന്നു പൊതിയും പോലെ തോന്നി ………

അനുവിന്റെ പാചകമായിരുന്നു ഇന്ന് അത് കണ്ടുകൊണ്ട് അടുത്ത് ഭാഗിയും….. അവൾ പറയുന്നതിനെല്ലാം മറുപടി കൊടുത്തുകൊണ്ട് അല്ലുവും അടുത്തുണ്ട്……. ഇടയ്ക്കിടെ അല്ലേ അമ്മേ….. എന്നു ചോദിക്കുന്നുമുണ്ട്…….. അല്ലു അവന്റെ അമ്മയിലേക്ക് അടുക്കാൻ ശ്രമിക്കുകയാണ്…… അല്ലു ചെയ്യുന്നതെല്ലാം ഓർമ്മപ്പെടുത്തുന്നത് ഇമ്മുവിനെയാണ്……. എല്ലായിടത്തും തന്നെ ചുറ്റിപ്പറ്റി നടക്കുന്ന ഇമ്മുവായിരുന്നു മനസ്സ് നിറയെ…….

ബാലുവും ശ്രദ്ധിക്കുന്നുണ്ടായിരുന്നു ഭാഗ്യയെ……. മുഖത്ത്‌ ആകെ വിഷമമാണ്……. കണ്ണുകൾ അനുവിനും അല്ലുവിനും ഒപ്പമുണ്ടെങ്കിലും മനസ്സ് ഇവിടെയെങ്ങുമല്ല……… തന്നെയൊന്നു ഇതുവരെ ശ്രദ്ധിച്ചിട്ടു കൂടിയില്ല…… ഇങ്ങനെ ഒരാളീ വീട്ടിൽ ഉള്ളതായി പോലുമില്ല……… അമ്മയോട് പറഞ്ഞത് താനും കേട്ടതാണ്……. അതിനർത്ഥമെന്താണ്…….. ഭാഗ്യയോട് ഒന്നു സംസാരിക്കണം…..  പഴയതെല്ലാം മറന്നു പുതിയൊരു ജീവിതം തുടങ്ങാൻ സാധിക്കുമോന്ന് ചോദിക്കണം……. അതിനുള്ള സമയം കാത്തിരുന്നു ബാലു……..

രാത്രിയിൽ തനിച്ചിരിക്കുന്ന ഭാഗ്യയുടെ അടുത്തേക്ക് ബാലു ചെന്നു….. എഴുന്നേറ്റു പോകാൻ തുടങ്ങിയ ഭാഗ്യയോട് ബാലു ചോദിച്ചു………. ഈ വീട്ടിൽ എന്നോട് മാത്രമിങ്ങനെ പിണക്കം കാട്ടുന്നതെന്തിനാ ഭാഗ്യേ……. ഞാൻ നിന്നെ തേടിവന്നു മാപ്പു പറഞ്ഞതല്ലേ…. എന്റെ തെറ്റ് തിരുത്താൻ എനിക്കൊരവസരം തന്നുകൂടെ……..

ഭാഗ്യ മിണ്ടാതെ കേട്ടു നിന്നു……. കുറച്ചു കഴിഞ്ഞപ്പോൾ ബാലു തന്നെ വീണ്ടും സംസാരിച്ചു…….. എനിക്ക് അനുവിന്റെ അമ്മയെ മറക്കാൻ സാധിച്ചിരുന്നില്ല….. നിന്നോട് ചെയ്തതും ശരിയായിരുന്നില്ല……. സമ്മതിച്ചു….. പക്ഷേ നീയും അങ്ങനെ തന്നെ ആയിരുന്നില്ലേ…… ഹരിയേ മറക്കാനോ എന്റെ ഭാര്യ ആയിരിക്കുവാനോ നീയും ശ്രമിച്ചിരുന്നോ……. ഞാൻ തെറ്റു ചെയ്തെങ്കിൽ അതിനു നീയും ഒരു കാരണക്കാരി അല്ലേ……… ബാലു കുറച്ചു നേരം മിണ്ടാതിരുന്നു…. ഭാഗ്യ മറുപടി തരില്ലെന്ന് അറിഞ്ഞപ്പോൾ വീണ്ടും പറഞ്ഞു……..അനു ചെയ്ത തെറ്റിന് ഞാൻ നിന്നോട് മാപ്പു ചോദിച്ചില്ലേ ഭാഗ്യേ …… പഴയതൊന്നും ആവർത്തിക്കാതിരിക്കാൻ ഞാൻ ശ്രമിക്കാം……….എല്ലാം മറന്നു ജീവിച്ചുകൂടെ….. എന്നോട് ക്ഷമിച്ചു കൂടെ…….

ഇനിയീ വീട്ടിലേക്ക് തിരിച്ചു വരരുത് എന്ന് കരുതിയതാണ്……. മക്കളുടെ കാര്യം ഓർത്തതുകൊണ്ട് മാത്രമാണ് ആ ഒരു തീരുമാനം മാറ്റേണ്ടി വന്നത്…… മക്കൾക്ക്‌ വേണ്ടി മാത്രം…… ഭാഗ്യ എടുത്തു പറഞ്ഞു………. ഇനിയും അങ്ങനെ തന്നെയാണ്….എന്നെയീ വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ മുതൽ നിങ്ങൾ എന്നെ സ്നേഹിച്ചിരുന്നെങ്കിൽ ഭാര്യയുടെ സ്ഥാനത്ത് നിന്ന് ഞാനും ഒരുപക്ഷേ തിരിച്ചു സ്നേഹിച്ചിരുന്നിരിക്കും …. നിങ്ങൾ ഭാര്യയുടെ ഓർമ്മയിൽ ജീവിച്ചപ്പോഴും …. ചെറുപ്പം മുതലേ അനു എന്നെ വേദനിപ്പിച്ചപ്പോഴും തനിച്ചാകാൻ തുടങ്ങിയതാ ഞാൻ……എനിക്ക് സന്തോഷം കിട്ടുന്ന ജീവിതം ഞാനും തിരഞ്ഞെടുത്തു..ആർക്കുമൊരു ശല്യമില്ലാതെ…….. ഇനിയങ്ങോട്ടും അങ്ങനെ ജീവിക്കാനാണ് ഇഷ്ടം……… ഭാഗ്യ തീർത്തു പറഞ്ഞിട്ട് അകത്തേക്ക് പോയി…… ഭാഗ്യ പറഞ്ഞതിൽ വിഷമം തോന്നിയെങ്കിലും മക്കൾക്കൊപ്പം ഇനിയെന്നും ഉണ്ടാവുമല്ലോ എന്നോർത്തപ്പോൾ ബാലുവിന് ഒരാശ്വാസം തോന്നി…….

                  

ഒന്ന് ഉറങ്ങെടാ നന്ദാ……. എന്താ നീ ഇങ്ങനെ ആലോചിച്ചിരിക്കുന്നത്……… ഭാഗിയെക്കുറിച്ചാണോ…….എന്തോ ചിന്തയിൽ ഇരിക്കുന്ന നന്ദനോട് ദാസൻ ചോദിച്ചു ………………

വേറെന്താ ആലോചിക്കാനുള്ളത്……. അവളുടെ അഭാവത്തിൽ ഇവിടെ ആർക്കും ഭക്ഷണം പോലുമിറങ്ങിയിട്ടില്ല…… നീ കണ്ടതല്ലേ……. അപ്പോൾഅവിടെ ഭാഗിയുടെ അവസ്ഥ എന്താവും……

ഒന്നുമില്ല…… അവൾ മക്കൾക്കൊപ്പം സന്തോഷമായിട്ടിരുപ്പുണ്ടാകും…… നന്ദനെ ആശ്വസിപ്പിക്കുവാൻ വേണ്ടി ദാസൻ പറഞ്ഞു…….

നന്ദൻ ഇല്ലെന്ന രീതിയിൽ തലയാട്ടി……. അവൾ സന്തോഷിക്കില്ലന്ന് എന്റെ മനസ്സ് പറയുന്നു…… വല്ലാത്തൊരു ജീവിതമാണത്……. സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുണ്ടെങ്കിലും ബന്ധങ്ങളാൽ ചുറ്റപ്പെട്ട് സ്വയം ഹോമിക്കുന്നൊരു ജീവിതം….. എന്നെങ്കിലുമൊരിക്കൽ എല്ലാം ഇട്ടെറിഞ്ഞു വരും ദാസാ അവൾ……. നോക്കിക്കോ……..

ആവശ്യമില്ലാത്ത ആഗ്രഹങ്ങൾ മനസ്സിൽ കൂട്ടി നിറച്ചു ഒടുവിൽ നിരാശപ്പെടേണ്ടി വരരുത് നന്ദാ……. ദാസൻ പറഞ്ഞു….

നന്ദനല്ലടാ…… ഹരി…. ഭാഗിയുടെ ഹരിയേട്ടൻ………. അവൾ വരും……… എന്റെ കണ്ണടയും മുൻപ് അവൾ എന്നെത്തേടി വരും……. എനിക്ക് വിശ്വാസമുണ്ട്…………. വരും……. നന്ദൻ ആരോടെന്നില്ലാതെ പുലമ്പിക്കൊണ്ടേയിരുന്നു………. നന്ദന്റെ വിശ്വാസം വെറുതെയാവില്ലെന്ന് ദാസനും അറിയാമായിരുന്നു……. ഭാഗി പോകുന്നതിന് തൊട്ടു മുൻപ് കണ്ടതാണ് അവരുടെ സ്നേഹം……. അവരു പോലുമറിയാതെ ഹൃദയം തുറന്നു പുറത്തേയ്ക്കൊഴുകിയ സ്നേഹം…….. നന്ദനെന്ന ഹരിയേയും ഹരിയുടെ സ്വന്തം ഭാഗിയെയും……. നന്ദന്റെ ഇനിയുള്ള പ്രതീക്ഷയാണ് ഭാഗി….. അവൾക്കു വേണ്ടി ഇനി ഓരോ ദിവസവും അവൻ ഇരന്നു വാങ്ങും ദൈവത്തിനോട്….. ദാസനും നന്ദന്റെ വാക്കുകൾ ഏറ്റു പിടിച്ചു………. വരും…… ഭാഗി വരും…….. വരണം……

ഒരു കൈ നെറ്റിയുടെ മേലെ വെച്ചു കണ്ണും തുറന്നു കിടക്കുകയായിരുന്നു ഭാഗ്യ …….. കൂടെ കെട്ടിപ്പിടിച്ചു അനു കിടപ്പുണ്ട് അപ്പുറത്ത് അല്ലുവും……. സ്വന്തം ഇഷ്ടത്തിന് വന്നു കിടന്നതാണിവിടെ രണ്ടാളും……….. അനുവിന്റെ കയ്യെടുത്തുമാറ്റി എഴുന്നേറ്റു ജനാലയ്ക്കരികിൽ വന്നിരുന്നു………. ഇമ്മു ഇന്നെന്തെങ്കിലും കഴിച്ചിട്ടുണ്ടാവുമോ…..  ഉറങ്ങിക്കാണുമോ…… വിഷമിക്കുന്നുണ്ടാവുമോ…….. ഒന്നു വിളിക്കാൻ തോന്നിയെങ്കിലും വേണ്ടെന്ന് വച്ചതാണ്………അച്ഛൻ……. ദേവേട്ടൻ……. ദാസേട്ടൻ ഉള്ളതുകൊണ്ട് വല്യ ടെൻഷൻ ഇല്ല……. ദാസേട്ടൻ മനസ്സിലേക്ക് വന്നപ്പോൾ കൂടെ ആ മുഖവും ഓർമ്മയിലെത്തി……. നിലാവിന്റെ ഒരു തുണ്ട് മനസ്സിലേക്ക് വീണപോലെ……. ഒരാശ്വാസം….. അറിയില്ല എന്താണ് ഇന്ന് സംഭവിച്ചതെന്ന്…… നന്ദനിൽ ഹരിയേട്ടനെ കണ്ടതും ഇഷ്ടത്തോടെ ചേർത്തു പിടിച്ചതും ഓർത്തു……. തെറ്റാണോ അത്……. ഭാഗ്യ ചിന്തിച്ചു……..

മറ്റുള്ളവരുടെ കണ്ണിലിത് തെറ്റായിരിക്കും……. ഭർത്താവ് കൂടെയുണ്ടായിട്ടും അന്യനൊരാളെ സ്നേഹിക്കുന്നത്…….. പക്ഷേ……. എന്റെ ശരി ഇതാണ്……. മനസ്സുകൾ തമ്മിൽ കൊരുക്കാൻ സാധിക്കാത്ത ഒരു ബന്ധത്തിനെ വെറുമൊരു താലി കൊണ്ട് കൊരുക്കാനാവുമോ……… ഒരിക്കലുമില്ല………. ഇനിയെന്റെ ഇഷ്ടത്തിന് ഞാൻ ജീവിക്കും………….  ഇത്രയും നേരം മങ്ങിയിരുന്ന മുഖം പതിയെ തെളിഞ്ഞു…….. ചുണ്ടിൽ ചിരി വിടർന്നു………. പതിയെ ചുണ്ടുകൾ ഭേദിച്ചു ആ ശബ്ദം പുറത്തേക്കു വന്നു…….ഒരിക്കൽ ഞാൻ വരും ഹരിയേട്ടാ….. ഭാഗിക്ക് വരാതിരിക്കാനാവില്ല…… അത് ഹരി നന്ദന്റെ ചെവിയിൽ എത്തിച്ചതുപോലെ തോന്നി….. കാരണം ഭാഗിയുടെ ചുണ്ടിൽ വിരിഞ്ഞ ചിരിയുടെ തെളിച്ചം നന്ദന്റെ മുഖത്തും ഉണ്ടായിരുന്നു……..

ഭാഗിയെ നന്ദന് മുന്നിലെത്തിച്ച ദൈവം തന്നെ സമയത്ത് അവരെ ഒന്നിപ്പിക്കട്ടെ……..

അവസാനിപ്പിച്ചു.

ഇതിങ്ങനെ അവസാനിപ്പിക്കാനാണ് ഞാൻ ആഗ്രഹിച്ചത്….. എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല….  എന്റെ ഭാഗി ഇങ്ങനെയാണ്… സാധാരണ ഒരു സ്ത്രീ … ഒരമ്മ…..  ആരെയും വേദനിപ്പിക്കാൻ ആഗ്രഹിക്കാത്ത ഹരിയുടെ സ്വന്തം ഭാഗി….

എല്ലാ കമന്റ്സും ഞാൻ വായിക്കാറുണ്ട്…… ഒരുപാട് സന്തോഷം…. ഈ പ്രോത്സാഹനത്തിന് നിറഞ്ഞ സ്നേഹം മാത്രം….. ലവ് യു ഓൾ

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

5/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഭാഗ്യ – 25 (അവസാനഭാഗം)”

  1. എന്തു ഭംഗിയായിട്ടാണ് ഭാഗിയെ വരച്ചു കാണിച്ചത്..മെല്ലെ ഒഴുകുന്ന ഒരു നദി പോലെ, എത്തിച്ചേരുന്നിടങ്ങളിൽ സ്നേഹത്തിന്റെ ഉറവയുണ്ടാക്കുന്ന ഒരു നായിക.. ഇഷ്ടം…

Leave a Reply

Don`t copy text!