“ഉമ്മൂസെ… നല്ലപണിയിലാണല്ലോ. കുഞ്ഞോളെന്ത്യേ”
“അവളവിടെയുണ്ട്. അലക്കാനുള്ള തുണിയൊക്കെ എടുക്കാൻ പോയിരിക്കുകയാ. നീ വല്ലതും കഴിച്ചോ മോളെ”
“ആ ഉമ്മൂസെ. വീട്ടിൽ നല്ല പത്തിരിയും ബീഫും. അപ്പൊ കഴിച്ചിട്ടാ വന്നത്”
“കട്ടൻ വേണോ മോളെ നിനക്ക്”
“ഇപ്പൊ വേണ്ട ഉമ്മൂസെ. പിന്നെ മതി ഞാൻ കുഞ്ഞോളെ അടുത്ത് പോയിട്ട് വരാം”
പരിജയപ്പെടുത്താൻ മറന്നു. ഇതാണ് ജുമാന. ജുമി എന്നാണ് വിളിപ്പേര്. കുഞ്ഞോള് എന്ന് പറയപ്പെടുന്ന അഫീഫ ജുമിയുടെ ഉറ്റസുഹൃത്താണ്. ചെറുപ്പം മുതലേ ഒന്നിച്ചാണ് സ്കൂളിലും മദ്രസയിലുമൊക്കെ. ജുമിയുടെ വീടിനപ്പുറത്തുള്ള വീടാണ് ഈ കുഞ്ഞോളുടെ വീടും. സ്വന്തം വീടുപോലെതന്നെ കുഞ്ഞോളെ വീടിന്റെ ഓരോ മുക്കും മൂലയും ജുമിക്ക് പരിചിതമാണ്.
ബാക്കിയെല്ലാം വഴിയേ മനസ്സിലാകും.
ജുമി അടുക്കളയിൽനിന്നും കുഞ്ഞോളുടെ മുറിയിലേക്ക് നടന്നു.
ബെഡിൽ മൊബൈലും നോക്കിയിരിക്കുന്ന കുഞ്ഞോളെ കണ്ടതും ജുമി പുറകിലൂടെചെന്ന്
“ഠോ…” എന്ന് ശബ്ദമുണ്ടാക്കിയതും കുഞ്ഞോള് ഞെട്ടി തിരിഞ്ഞുനോക്കി.
“കുരിപ്പേ നീയായിരുന്നോ… ആകെ പേടിച്ച് പണ്ടാരടങ്ങിപോയി”
കയ്യിലെ മൊബൈൽ പുറകിലേക്ക് പിടിച്ച് കുഞ്ഞോള് പറഞ്ഞു.
“ഞാൻ തന്നെയാ… അല്ലാ എന്താണ് മൈബൈലിൽ ആയിരുന്നല്ലോ… എന്താണ് ഞാനറിയാതെ വല്ല ചുറ്റിക്കളിയുമുണ്ടോ കുഞ്ഞോളെ”
“പടച്ചോനാണെ അതൊന്നുമല്ല. ചുമ്മാതിങ്ങനെ…”
“ശെരി, ഇന്നെപ്പോഴാ മാമന്റെ വീട്ടിലേക്ക് പോകുന്നത്”
“ഉപ്പാക്ക് ഇന്ന് ഒഴിവില്ലാന്ന്. നാളെ പോവാമെന്നാ പറയുന്നത്”
“ഇന്ന് പോയാലിനി എന്നാ തിരിച്ച്. ഞാനിവിടെ പോസ്റ്റാണ് അത് മറക്കരുത്”
“ഇല്ലമുത്തേ, ഇക്കാടെ കല്യാണം കഴിഞ്ഞാൽ ഉടനെ ഉടനെ തിരിച്ചുവരും. രണ്ടോ മൂന്നോ ദിവസം അത്രയൊള്ളു. നീ വരുന്നോ ഞങ്ങളുടെ കൂടെ”
“ഹാ നല്ലകാര്യമായി. ഞാനൊന്നുല്ല. നീ പോയിട്ട് വായോ” ജുമി അങ്ങനെ പറഞ്ഞെങ്കിലും ഉറ്റ സുഹൃത്ത് പോകുന്നതിലും ഇനിയുള്ള ദിവസങ്ങളിൽ തനിച്ചാകുന്നതിലും അവൾക്ക് അതിയായ സങ്കടം ഉണ്ടായിരുന്നു. കൂടെപ്പിറപ്പ് ഇല്ലാത്ത സങ്കടം അവളറിയുന്നുണ്ടെങ്കിൽ അത് കുഞ്ഞോള് ഇല്ലാത്തപ്പോഴാണ്.
“എന്താ ജുമീ നീ ആലോചിക്കുന്നത്. ഞാൻ ഇന്ന് നിന്റെ ഉമ്മയോടും ഉപ്പയോടും പറയാം. അവര് സമ്മതിക്കും. അപ്പൊ നീ വരില്ലേ”
“ഞാനില്ല. അതും കോഴിക്കോട് എനിക്കൊന്നും വയ്യ അത്രദൂരം കാറിലിരിക്കാൻ”
“ജാടയിടാതെ നീ വന്നേ. നമുക്ക് അലക്കിക്കൊണ്ട് ബാക്കി സംസാരിക്കാം”
കുഞ്ഞോള് കൂട്ടിയിട്ട തുണികളൊക്കെ വാരിക്കൂട്ടി പുറത്തേക്ക് നടന്നു.
അവളുടെ പുറകിലായി ജുമിയും.
കുറച്ച് സമയങ്ങൾക്ക് ശേഷം അലക്കലും വിരിക്കലും എല്ലാംകഴിഞ്ഞ് രണ്ടുപേരും അകത്തേക്ക് കടന്നു.
കുഞ്ഞോള് കുളിക്കാൻ കയറിയപ്പോൾ ജുമി ടേബിളിലിരുന്ന ആൽബമെടുത്തു.
പലവട്ടം കണ്ടതാണെങ്കിലും അത് കാണുമ്പോൾ അവൾക്ക് നല്ല സന്തോഷം തോന്നാറുണ്ട്.
“എന്താ മോളെ, നീയിത് എത്രാമത്തെതവണയാണ് നോക്കുന്നത്. മതിയായില്ലേ നിനക്കിതുവരെ” കുളികഴിഞ്ഞ് മുടിയിൽ ഈറനുമായിവന്ന കുഞ്ഞോള് ചോദിച്ചു.
“എന്താണെന്നറിയില്ല കുഞ്ഞോളെ. ഇതിങ്ങനെ നോക്കുമ്പോൾ സന്തോഷത്തോടുകൂടിയുള്ള നമ്മളുടെ ഓരോ നിമിഷങ്ങളും ഓർമ്മവരും”
“നല്ല രസമായിരുന്നു അല്ലെ നമ്മുടെ കുട്ടിക്കാലം. കഴിഞ്ഞ അഞ്ചാറുവർഷമായി ഇക്ക കൂടെയില്ലാത്തതാണ് എനിക്കിപ്പോ ഏറെ സങ്കടം. വന്നാൽമതിയായിരുന്നു” കുഞ്ഞോളുടെ കണ്ണ് നിറയാൻതുടങ്ങിയതും
“വരും കുഞ്ഞോളെ അക്കുക്ക. നീ വിഷമിക്കാതെ”
“വരാതെ എവിടെപ്പോവാൻ അല്ലെ ജുമീ. ഇതിനൊക്കെ കാരണം ഉപ്പയുടെ വാശിയല്ലേ.”
അക്കു… അക്ബർ എന്നാണ് മുഴുവൻ പേര്. എന്നാലും നാട്ടുകാരും വീട്ടുകാരും ഒരേസ്വരത്തിൽ വിളിക്കുന്നത് അക്കു എന്നാണ്. അവനാളൊരു കില്ലാടിയാണ്. എങ്കിലും കൂട്ടുകാർക്ക് ഒരാവശ്യംവന്നാൽ കൂടെയുണ്ടാകും…
Aryalakshmi –
Super story…….