രാത്രിയുടെ മൂന്നാം യാമത്തിലാണ് നീലിമലക്കാവിൽ നിന്നും വെളിച്ചപ്പാടിന്റെ ചിലമ്പൊലി മുഴങ്ങിയത്..
കാളീശ്വരത്തുകാരുടെ ഇടനെഞ്ചിലേക്കാണ് ആ ശബ്ദം അലയടിച്ചെത്തിയത്..
വർഷങ്ങൾക്ക് ശേഷം വീണ്ടും…
അടച്ചിട്ടിരുന്ന കോവിലിനുള്ളിൽ നിന്നും മണിയൊച്ചകൾ കൂടി ഉയർന്നതോടെ കാളീശ്വരം ഉണർന്നു കഴിഞ്ഞിരുന്നു.. എങ്കിലും ഉയരുന്ന നെഞ്ചിടിപ്പുകൾക്കൊപ്പം ശ്വാസം പിടിച്ചു നിൽക്കാനേ ഉറക്കം വിട്ടുണർന്നവർക്കായുള്ളൂ..
വർഷങ്ങളായി അടഞ്ഞു കിടക്കുന്ന കോവിൽ…ശാപമോക്ഷം കാത്തെന്നതുപോലെ ദേവീശില..
കോവിലിനടുത്തുള്ള കരിങ്കൽ മണ്ഡപത്തിലെ പടുകൂറ്റൻ കാലഭൈരവ പ്രതിമയുടെ ഇടംകാലിലൂടെ ഇഴഞ്ഞിറങ്ങിയ വെള്ളിനാഗത്തിന്റെ കരിനീലമിഴികൾ തിളങ്ങുന്നുണ്ടായിരുന്നു..
കാടുപിടിച്ചു കിടന്നിരുന്ന കോവിലിനു പുറകിലെ അരയാൽ മരത്തിന്റെ ശിഖരം വലിയ ശബ്ദത്തോടെ നിലം പതിച്ചു..
അതിനൊപ്പം ഒരലർച്ചയോടെ കുഞ്ഞിക്കണ്ണൻ വെളിച്ചപ്പാടും കോവിലിന്റെ പടികളിലേക്ക് മുഖമടിച്ചു വീണിരുന്നു.. ഭയം കൊണ്ട് പുറത്തേക്കുന്തിയ കണ്ണുകളിൽ നിന്നും അപ്പോഴും ആ നിഴൽ മാറിയിരുന്നില്ല.. ആ രൂപവും.. കണ്ണുകളിൽ പ്രതികാരാഗ്നി അലയടിച്ചിരുന്ന അവളുടെ മനം മയക്കുന്ന പുഞ്ചിരിയായിരുന്നു വെളിച്ചപ്പാടിന്റെ അവസാനകാഴ്ച്ച….
നിറയെ പായൽ മൂടിക്കിടന്നിരുന്ന കുളത്തിൽ അവശേഷിച്ചിരുന്ന വെള്ളാമ്പൽ തണ്ടുകൾ വല്ലാതൊന്ന് ആടിയുലഞ്ഞു..പിന്നെ പതിയെ ശാന്തമായി..
തെല്ലകലെ കാളിയാർ മഠത്തിലെ അറവാതിൽ തുറന്നു പുറത്തേക്കിറങ്ങിയെങ്കിലും ശ്രീദേവിയമ്മ കോണിപ്പടികൾക്ക് താഴെ അറച്ചു നിന്നു…
പിന്നെ ഒരു നെടുവീർപ്പോടെ തിരിഞ്ഞു നടന്നു.. തളത്തിലെ, തുറന്നിട്ട കിളിവാതിലൂടെ അവരുടെ നോട്ടമെത്തിയത് ഇരുട്ട് കട്ട പിടിച്ചു കിടക്കുന്ന നാഗത്താൻ കാവിലേക്കാണ്..
ഒരാന്തലോടെ അവർ ഓർത്തു.. ഇന്ന് അമാവാസിയാണ്…ആയില്യം നാൾ …
“ന്റെ ദേവി ഇനിയും ദുരന്തങ്ങൾ കാളീശ്വരത്തുകാരെ തേടി വരല്ലേ… നീ തന്നെ തുണ..”
കാളിയാർ മഠത്തിലെ,നാഗത്താൻ കാവിലെ, ആകാശം മുട്ടെ പടർന്നു പന്തലിച്ചു കിടന്നിരുന്ന മരങ്ങൾക്കിടയിലൂടെ, ഏഴിലം പാല പൂത്ത മായിക സുഗന്ധം അങ്ങ് നീലിമലക്കാവിലോളം ചെന്നെത്തിയിരുന്നു..
കാളിയാർ മഠത്തിലെ മുകൾ നിലയിലെ മട്ടുപ്പാവിൽ കിടന്നുറങ്ങിയിരുന്ന ആൾ മാത്രം അപ്പോഴും ഗാഢനിദ്രയിലായിരുന്നു..
ആദിത്യൻ.. കാളിയാർമഠത്തിലെ ഇളമുറതമ്പുരാൻ…
ആദിത്യന്റെ സ്വപ്നത്തിൽ അപ്പോഴും ആ നീലമിഴികളായിരുന്നു.. അതിൽ നിറഞ്ഞിരുന്നത് പ്രണയഭാവമായിരുന്നു.. അയാൾക്ക് ചുറ്റും അപ്പോഴും പാലപ്പൂവിന്റെ മണമുണ്ടായിരുന്നു..
Title: Read Online Malayalam Novel Neelamizhikal second part of popular novel Nagamanikyam written by Sooryakanthi
KRISHNADAS –
Excellent
Neethu 💝 –
Super 🥰👏👌
Asha –
👌👌👌👌
leya –
nice