Skip to content

സ്നേഹ കടൽ | Malayalam Story

malayalam story pdf
തളർന്ന് കിടക്കുന്ന അമ്മയെ എഴുന്നേൽപ്പിച്ചു നെഞ്ചോട് ചേർത്ത് ഇരുത്തി കഞ്ഞി കൊടുത്തു കൊണ്ടിരിക്കുമ്പോഴാണ് വിഷ്ണുവിന്റെ ഫോൺ ശബ്‌ദിച്ചത്. വിഷ്ണു അമ്മയുടെ മുഖം തുടച്ച് അമ്മയെ ചുമരോട് ചാരി ഇരുത്തി ഫോണിൽ ആരാണെന്ന് നോക്കി. നമ്പർ മാത്രമേ ഒള്ളൂ. പേരില്ല വിഷ്ണു ഫോൺ അറ്റൻറു ചെയ്തു.
“ഹാലോ”
“ഞാനാണ് അനിൽ”
“അനിൽ എവിടയാടാ നീ കണ്ടിട്ട് കുറേ നാളായല്ലോ. നീ നമ്പർ മാറ്റിയോ. എങ്ങനെ പോകുന്നു നിന്റെ ഡോക്‌ടർ പണിയൊക്കെ. രോഗികളെ ഒക്കെ കിട്ടുന്നുണ്ടോ”.
“ആ തരക്കേടില്ല കേരളത്തിലെ ആളുകൾക്ക് രോഗങ്ങൾക്ക് പഞ്ഞ മില്ലാത്തത് കൊണ്ട് രോഗികൾക്കൊന്നും ഒരു കുറവും ഇല്ല. ആട്ടെ എനിക്ക് നിന്നെ ഒന്ന് കാണണം ഇന്ന് തന്നെ ഒരു സീരിയസ് മാറ്റർ സംസാരിക്കാനുണ്ട്”.
“എന്ത് സീരിയസ് കാര്യം. പറഞ്ഞോ?”
“പറയാം. പിന്നെ നീ ഇപ്പൊ വീട്ടിലാണോ?”.
“അതേ.. ഞാനിപ്പോ എപ്പോഴും വീട്ടിലാണല്ലോ. നീ ഇങ്ങോട്ട് വരുന്നോ ?.
“ഞാനിതാ വരുന്നു”.
“എന്നാ ശരി പെട്ടന്ന് വാ”. അതും പറഞ്ഞ് വിഷ്ണു ഫോൺ വച്ചു വീണ്ടും അമ്മയുടെ അടുത്തോട്ട് പോയി. അമ്മയെ വീണ്ടും തോളിൽ ചാരി കിടത്തി. ബാക്കി കഞ്ഞിയും അമ്മക്ക് കോരികൊടുത്തു. കഞ്ഞി കൊടുത്തതിന് ശേഷം മരുന്നും കൊടുത്ത് അമ്മയെ താങ്ങി പിടിച്ച് വീൽചെയറിൽ ഇരുത്തി ബാത്റൂമിലോട്ട് കൊണ്ട് പോയി. എന്നിട്ട് അടുക്കളയിൽ നിന്നും ചൂട് വെള്ളം കൊണ്ട് വന്ന് അതിൽ പച്ചവെള്ളവും ചേർത്ത് ചൂട് പാകമാക്കി. എന്നിട്ട് അമ്മയുടെ ഡ്രസ്സ് മാറ്റി കുളിപ്പിച്ചു. അപ്പോഴെല്ലാം അമ്മയുടെ കണ്ണ് നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു. വിഷ്ണു ആ കണ്ണീർ തുടച്ചു കൊണ്ട് ദേഹം മുഴുവൻ തുടച്ചു വൃത്തിയാക്കി ഡ്രസ്സ് മാറ്റി വീണ്ടും കട്ടിലിൽ കൊണ്ടുവന്ന് ഇരുത്തി. അമ്മയുടെ മുടിയെല്ലാം ചീകി ഒതുക്കി പിന്നെ കട്ടിലിൽ കിടത്തി അപ്പോഴും അമ്മയുടെ കണ്ണ് നിറഞ്ഞു തന്നെ നിൽക്കുകയായിരുന്നു. അത് കണ്ട വിഷ്ണു ആ കണ്ണീര്‌ തുടച്ചു കൊണ്ട് പറഞ്ഞു.
“ആഹാ തീർന്നില്ലേ ഈ കണ്ണീരിന്റെ വരവ്. എന്റെ ചുന്ദരി കുട്ടി എന്തിനാ കരയുന്നത്. എന്റെ ബുദ്ധിമുട്ടുകൾ ആലോചിച്ചിട്ടാണോ. ഈ മോന് സന്തോഷമല്ലേ ഒള്ളൂ എന്റെ അമ്മയെ നോക്കാൻ. അമ്മയെന്നെ ഒരു പാട് കുളിപ്പിച്ചിട്ടില്ലേ ചെറുപ്പത്തിൽ. അത് പോലെ ഞാനിപ്പോ എന്റെ അമ്മയെയും കുളിപ്പിക്കുന്നു. ഒരു മകന്റെ കടമയാണ് അമ്മയെ പരിപാലിക്കാ എന്ന് പറയുന്നത്. ഈ മോനുണ്ടാവില്ലേ എന്നും അമ്മയുടെ കൂടെ. കരയണ്ട ട്ടോ. അയ്യോ ഞാനെന്റെ പൊന്നും കുടത്തിന് ചന്ദനം തൊട്ട് തന്നിട്ടില്ലല്ലോ. ഇപ്പൊ തൊട്ട് തരാം”.
വിഷ്ണു അമ്മയുടെ നെറ്റിയിൽ ചന്ദനം തൊട്ടു കൊടുത്തു. അത് തൊട്ട് കൊടുക്കുമ്പോൾ അവന്റെ കണ്ണും നിറഞ്ഞിരുന്നു.
ഇപ്പോഴാണ് എന്റെ അമ്മ മേലേ പറമ്പിൽ ഭവാനി തമ്പുരാട്ടി ആയത്.
അപ്പോഴാണ് മുറ്റത്ത് ഒരു കാറ് വന്ന് നിന്നത് വിഷ്ണു ഉമ്മറത്തോട്ട് പോയി അനിലായിരുന്നു അത് അനിലിനെ കണ്ടതും വിഷ്ണു പറഞ്ഞു.
“നീ ആകെ മാറിയല്ലോ. ഇപ്പൊ കണ്ടാ ഒരു ഡോക്ടറുടെ ലുക്കൊക്കെ ഉണ്ട്”
“നീയും ആകെ മാറി. ആട്ടെ അമ്മക്കിപ്പോ എങ്ങനെയുണ്ട്”.
“ഒരു മാറ്റവും ഇല്ല” പഴയ പോലെ തന്നെ. സംസാരിക്കില്ല കയ്യും കാലും അനങ്ങില്ല. ജീവനുണ്ട് എന്ന് അറിയുന്നത്. ആ രണ്ട് കണ്ണുകൾ നിറയുമ്പോഴാണ്. നിനക്ക് അമ്മയെ കാണേണ്ട”. വിഷ്ണു അനിലിനെയും കൂട്ടി അമ്മയുടെ അടുത്തോട്ട് പോയി. വിഷ്ണു അമ്മയുടെ തലയിൽ തലോടി കൊണ്ട് ചോദിച്ചു.
“നമുക്ക് ഒന്നും കൂടി ബെറ്ററായ ഏതെങ്കിലും ഹോസ്പിറ്റലിലോട്ട് കൊണ്ടുപോയാലോ”.
“ഞാനീ കേരളത്തിൽ ഇനി ഒരു ഹോസ്പിറ്റലിലും കൊണ്ട് പോകാൻ ബാക്കിയില്ല. എല്ലാവരും പറയുന്നത് മനസ്സിനും ശരീരത്തിനും പെട്ടന്ന് വന്ന ഷോക്കാണ് ഇതിന് കാരണം എന്ന്. നിനക്ക് അറയാവുന്നതല്ലേ എല്ലാം. ശരിയാണല്ലോ അത്രയും വലിയ ഷോക്കാണല്ലോ ഇവിടെ സംഭവിച്ചത്. എന്ത് കൊണ്ടോ ദൈവം എന്നെ മാത്രം ഒന്നും ചെയ്തില്ല. ഇതെല്ലാം കണ്ട് അനുഭവിക്കട്ടെ എന്ന് വിചാരിച്ചു കാണും”.
ഒരു നേടുവീർപ്പോടെ വിഷമത്തോടെ പറഞ്ഞു. ഞങ്ങൾ അമ്മയുടെ അടുത്ത് നിന്ന് മാറി ഉമ്മറത്തിരുന്നു.
“നീയെന്താ കാണണം എന്ന് പറഞ്ഞത് ?”.
“അത് പിന്നെ നീ ദേഷ്യപ്പെടുകയും സങ്കട പെടുകയും ചെയ്യരുത്. എല്ലാം സമാധാനത്തോടെ കേട്ടിട്ട് എന്റെ കൂടെ വരണം ഇപ്പൊ”
“നീ വളച്ചു കെട്ടാതെ കാര്യം പറ. എന്താ കാര്യം?”
“ഞാൻ നിന്റെ പെങ്ങൾ അമ്മുവിനെ കണ്ടിരുന്നു. അവളിപ്പോൾ എന്റെ ഹോസ്പിറ്റലിൽ ഉണ്ട് ഒരു ആക്സിഡന്റിൽ പെട്ട് സീരിയസ് കണ്ടീഷനിൽ”.
അത് കേട്ട വിഷ്ണു ഒന്ന് ഞെട്ടി. അവന്റെ കണ്ണിൽ തീ ജ്വാല കത്തി പടർന്നു. പിന്നെ ആ തീ ജ്വാല രണ്ട് തുള്ളി കണ്ണീരായി ആ കണ്ണിൽ നിറഞ്ഞു നിന്നു. അവൻ ഇരിക്കുന്ന കസേരയിൽ നിന്നും ചാടി എണീറ്റ്‌ പറഞ്ഞു.
“എനിക്ക് അവളുടെ ഒരു കാര്യവും കേൾക്കേണ്ട. നീ ഇനി അവളെ പറ്റി ഒന്നും പറയുകയും വേണ്ട”.
“അങ്ങനെ ഒഴിവാക്കാൻ പറ്റുമോ നിനക്കാവളെ”.
“നിനക്കറിയാമോ അവൾ കാരണമാ എന്റെ അമ്മ ജീവച്ഛവം പോലെ ആയത്.. ഈ ഭൂമിൽ ഒരു സഹോദരനും സ്നേഹിക്കാത്ത പോലെയാണ് ഞാൻ അവളെ സ്നേഹിച്ചത്.. അവൾ എനിക്ക് പെങ്ങളല്ലായിരുന്നു മകളായിരുന്നു.. എന്റെ ഈ തോളിലിട്ടാണ് ഞാനവളെ വളർത്തിയത്.. അവളുടെ കണ്ണ് നിറയാൻ ഞാൻ സമ്മതിച്ചിട്ടില്ല.. അവൾ ആഗ്രഹിച്ചതെല്ലാം ഞാൻ അവൾക്ക് നേടി കൊടുത്തിട്ടുണ്ട്.. ആ അവളാണ് എന്റെ ചങ്കിൽ കുത്തി എവിടുന്നോ കണ്ട ഒരുത്തന്റെ കൂടെ ഇറങ്ങി പോയത്.. അവൾ ഇറങ്ങി പോയന്ന് തളർന്ന് വീണതാണ് അമ്മ. പിന്നെ ഇന്നേ വരെ മിണ്ടിയിട്ടില്ല അനങ്ങിയിട്ടില്ല. നിനക്കറിയില്ല അനിൽ ഞാൻ അനുഭവിച്ച വേദന. അവളുടെ സന്തോഷം അത് മാത്രമേ ഉണ്ടായിരുന്നൊള്ളു എനിക്ക് ഏത് സമയത്തും. എന്നിട്ട് ആ അവളാണ് എന്നോട് ഇത് ചെയ്തത്. എനിക്ക് അവളെ കാണണ്ട അനിൽ കാണണ്ട”
അത് പറഞ്ഞു തീർന്നപ്പോഴേക്കും വിഷ്ണു പൊട്ടി കരഞ്ഞു. അത് കണ്ട അനിൽ അവനെ ചേർത്ത് പിടിച്ചു സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു.
“അതൊക്കെ എനിക്കറിയാവുന്ന കാര്യമല്ലേ നീ അതെല്ലാം മറക്കണം.. എന്നിട്ട് എന്റെ കൂടെ വരണം നീ.. ഇപ്പൊ.. വന്നിട്ടില്ലങ്കിൽ പിന്നെ ചിലപ്പോ അവളെ നിനക്ക് കാണാൻ പറ്റിയില്ലാന്ന് വരും.. അവൾ എന്ത് ചെയ്താലും നിനക്ക് ഒഴിവാക്കാൻ പറ്റുമോ അവളെ.. അവൾ നിന്റെ കുഞ്ഞു പെങ്ങളല്ലേ.. അത്രക്കും സീരിയസ്സാണ് അവൾക്ക്”.
“അത്രക്കും സീരിയസ്സാണോ എന്റെ അമ്മുവിന്.. ഞാൻ വരാം. നീ ഇരിക്ക്. ഞാനിപ്പോ വരാം” അത് പറയുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു.
വിഷ്ണു അപ്പുറത്തെ വീട്ടിലെ ജമീല താത്തയെ വിളിച്ചു അമ്മയുടെ അടുത്താക്കി. അനിലിന്റെ കൂടെ യാത്രയായി. യാത്രക്കിടയിൽ വിഷ്ണു അനിലിനോട് ചോദിച്ചു.
“എന്താണ് എന്റെ മോൾക്ക്‌ പറ്റിയെ ?. എങ്ങനെയാണ് അവൾക്ക് ആക്സിഡന്റ് ഉണ്ടായത് ?. അവളുടെ ഭർത്താവിന് പരിക്ക് വല്ലതും ഉണ്ടോ ?”.
അവൻ വിഷമത്താലെ ഇടറുന്ന ശബ്ദത്താലെ ചോദിച്ചു.

 

“അവൾ ഒറ്റക്കായിരുന്നു. ഭർത്താവൊന്നും ഉണ്ടായിരുന്നില്ല. ഒരു കാറാണ് ഇടിച്ചത്. ഹോസ്പിറ്റലിൽ കൊണ്ട് വന്ന ആളുകൾ പറഞ്ഞത് അവൾ ആ കാറിന്റെ മുന്നിലേക്ക് എടുത്തു ചാടിയതെന്നാണ്.. ഇപ്പൊ icu ലാണ്.. തലക്കാണ് പരിക്ക് ഒരു മേജർ ഓപ്പറേഷൻ വേണ്ടിവരും..
“ഈശ്വരാ ഓപ്പറേഷനോ. അതിനാത്രം പരിക്കുണ്ടോ എന്റെ കുട്ടിക്ക്. ഞാൻ പൊന്നു പോലെ നോക്കിയ എന്റെ മോളാ. അവൻ വെപ്രാളത്തേടെ പറഞ്ഞു അത് പറയുമ്പോൾ വിഷ്ണുവിന്റെ കണ്ണ് നിറഞ്ഞു തുളുമ്പിയിരുന്നു. അവളോടുള്ള ദേഷ്യം എല്ലാം അവൻ മറന്നിരുന്നു.
വിഷ്ണു കരഞ്ഞു കൊണ്ട് കാറിന്റെ സീറ്റിൽ ചാരി കിടന്നു. അവന്റെ ചിന്ത ഒരു വർഷം പിന്നോട്ട് പോയി …………………..
കടം കയറി വീട് ജപ്തി ചെയ്തപ്പോൾ ഹൃദയം പൊട്ടിയാണ് അച്ഛൻ മരിച്ചത്. അച്ഛനെ ദഹിപ്പിച്ച ശേഷം. എട്ടും പൊട്ടും തിരിയാത്ത അമ്മുവിനെയും എടുത്ത് അമ്മയുടെ കയ്യും പിടിച്ച് ആ വീട്ടിൽ നിന്നും പടിയിറങ്ങുമ്പോൾ വിഷ്ണുവിന് പ്രായം 15 ആയിരുന്നു. അമ്മയുടെ കാതിലെയും കയ്യിലെയും ആഭരണങ്ങൾ വിറ്റ് കിട്ടിയ പണം കൊണ്ട് ഒരു കൊച്ചു വീട് വാടകക്കെടുത്തു അമ്മയെയും അമ്മുവിനെയും അതിലാക്കി. ഹോട്ടലിൽ എച്ചിൽ പാത്രം കഴുകിയും കൊറിയിൽ കല്ലൊടച്ചും ആ ചെറു പ്രായത്തിൽ തന്നെ വിധിയെ അവൻ തോൽപ്പിച്ചു തുടങ്ങിയിരുന്നു. സ്വന്തം വിയർപ്പിൽ നിന്നും കിട്ടുന്ന ചെറിയ സമ്പാദ്യം സ്വരുക്കൂട്ടി വെച്ച് ഒരു കൊച്ചു വീട് വാങ്ങുമ്പോൾ വിഷ്ണുവിന് പ്രായം 19 ആയിരുന്നു.
പിന്നീട് അവിടന്നങ്ങോട്ട് പണം ഉണ്ടാക്കാനുള്ള പരക്കം പാച്ചിലായിരുന്നു നഷ്ട്ട പെട്ടതെല്ലാം തിരിച്ചു പിടിക്കണം എന്ന വാശിയോടെ.

 

അമ്മുവിനെ ആദ്യാക്ഷരം കുറിക്കാൻ സ്കൂളിൽ കൊണ്ട് ചെന്നാക്കുമ്പോൾ അവളുടെ മുഖത്ത് ഭയങ്കര സന്തോഷ മായിരുന്നു. അവളെ ഒന്നാം ക്‌ളാസിൽ ഇരുത്തിയപ്പോൾ. ഞാൻ എന്റെ പത്താം ക്ലാസോടെ മുടങ്ങി പോയ പഠനത്തെ കുറിച്ചാണ് ഓർത്തത്‌ പഠിക്കാൻ ഭയങ്കര ആഗ്രഹമായിരുന്നു.. എനിക്ക്. കടം കയറി എല്ലാം നഷ്ട്ടപെട്ട എന്റെ ഗതി എന്റെ പെങ്ങൾക്ക് ഉണ്ടാവാൻ പാടില്ല. എന്ന് ഞാൻ മനസ്സിൽ പ്രതിജ്ഞ ചെയ്തു പിന്നീട് എന്റെ സ്വപ്നങ്ങളല്ലാം അവളെ കുറിച്ചായിരുന്നു. എനിക്ക് അനുഭവിക്കാൻ പറ്റാത്ത സുഖങ്ങളെല്ലാം എന്റെ മോള് അനുഭവിക്കണം. അവൾ എപ്പോഴും സന്തോഷവതിയായിരിക്കണം. ഇത് മാത്രമേ എന്റെ മനസ്സിൽ ഉണ്ടായിരുന്നൊള്ളു.
എന്റെ കഠിനാധ്വാനം കൊണ്ടും മനക്കരുത്തുംകൊണ്ടും പണം ഒരുപാട് ഞാൻ സമ്പാദിച്ചു. എന്റെ വളർച്ചക്കനുസരിച്ചു എന്റെ വീടും വലുതായി എല്ലാം നേടുമ്പോഴും എന്റെ മനസ്സിൽ ഒറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്റെ അമ്മയും അമ്മുവും സുഖമായി ജീവിക്കണം എന്ന്.

 

എന്റെ ആഗ്രഹം പോലെ എന്റെ മോള് നന്നായി പഠിച്ചു. എല്ലാ ക്ലാസ്സുകളും അവൾ ഹൈ മാർക്കോടെ വിജയം കൈ വരിച്ചപ്പോൾ ഞാൻ ഒരു പാട് അഭിമാനിച്ചിരുന്നു.എന്റെ അനുജത്തിയെ കുറിച്ച്. അവളുടെ ചേട്ടനായതിനെ കുറിച്ച്. അവൾ ഡിഗ്രി അവസാന വർഷം പഠിക്കുന്ന സമയത്ത്. ഒരു വിഷുവിന്റെ തലേ ദിവസം.
രാത്രി തന്നെ ‘അമ്മ നാളെ രാവിലെ കണികാണുവാനുള്ള എല്ലാ പച്ചക്കറികളും പഴവർഗങ്ങളും കൊന്നപ്പൂവും പിന്നെ കള്ള കൃഷ്ണനെയും എല്ലാം റെഡിയാക്കി പൂജാമുറിയിൽ വെച്ചു. രാവിലെ ‘അമ്മ ഞങ്ങളെ രണ്ടാളെയും വിളിച്ചുണർത്തി കണ്ണടച്ചു പിടിച്ചു ഭഗവാന്റെ മുന്നിൽ കൊണ്ട് നിർത്തി കണ്ണ് തുറക്കാൻ പറഞ്ഞു. ഞാൻ കണ്ണ് തുറന്ന് ഭഗവാനെ നോക്കി തൊഴുതു. അപ്പോഴും അമ്മു കണ്ണ് അടച്ചു പിടിച്ചിരിക്കുക ആയിരുന്നു. അവൾ എന്റെ മുഖത്ത് നോക്കി കണ്ണ് തുറന്നപ്പോൾ ഞാൻ പറഞ്ഞു.
“ഇവിടയല്ല മോളേ കണിയൊരുക്കിയത് അവിടെയാണ് അങ്ങോട്ട്‌ നോക്ക്”.
“അതനിക്കറിയാം.. എന്റെ ദൈവം ചേട്ടനാണ്.. എനിക്ക് ചേട്ടനെ കണി കണ്ടാൽ മതി”. അതും പറഞ്ഞു അവൾ നെഞ്ചോട് ചേർന്ന് നിന്നപ്പോൾ എന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. ഞാൻ അവളുടെ നെറുകയിൽ ചുംബിച്ചു.
“‘അമ്മ ഞങ്ങൾക്ക് രണ്ടാൾക്കും വിഷു കൈനീട്ടം തന്നു. അടുത്തത് എന്റെ ഊഴമായിരുന്നു. ഞാൻ അമ്മക്കും അമ്മുവിനും കൈനീട്ടം കൊടുത്തു. രണ്ടാളെയും ചേർത്തു പിടിച്ചു. ഓരോ മുത്തവും കൊടുത്തു.
“ഏട്ടാ നൂറ്റൊന്ന് രൂപ മാത്രമേ ഒള്ളൂ. വേറെ ഒന്നും ഇല്ലേ ?”
“വേറെ എന്തോന്ന്”-°?.
“അല്ല.. എല്ലാ വിഷുവിനും ഇങ്ങനെ അല്ല വേറെയും പല സമ്മാനങ്ങളും ഏട്ടൻ വാങ്ങി തന്നിരുന്നു.
“നേരം ഒന്ന് വെളുക്കട്ടെ എന്നിട്ട് നിനക്ക് എന്ത് വേണമെങ്കിലും വാങ്ങി തരാം.. എനിക്ക് വാങ്ങി തരാൻ നീ മാത്രമല്ലേ ഒള്ളൂ.. അല്ലെ അമ്മേ”.
അത് കേട്ട ‘അമ്മ പറഞ്ഞു.
“നീ ഇങ്ങനെ അവൾ പറയുന്ന ഓരോന്നും വാങ്ങിച്ചു കൊടുത്തോ.. ഒരു പെണ്കുട്ടിയാണ് അവൾ അത് മറക്കണ്ടാ”.
‘അമ്മ ഉപദേശം തുടങ്ങി. അത് കേട്ട അമ്മു പറഞ്ഞു.
“ഈ അമ്മക്ക് കുശുമ്പാ.. എനിക്ക് ഏട്ടനല്ലാതെ പിന്നെ ആരാ വാങ്ങിത്തരാ.. ഞാൻ ഏട്ടന്റെ കുഞ്ഞു പെങ്ങളല്ലേ”.
“മതി രണ്ടാളും തല്ല് കൂടിയത്.. ഇന്ന് വിഷുവാണ് രണ്ടാളും കൂടി തല്ല് കൂടി അതിന്റെ സുഖം കളയല്ലേ.. നിങ്ങൾക്ക് രണ്ടാൾക്കും എന്ത് വേണമെങ്കിലും വാങ്ങിച്ചു തരാം.. നേരം ഒന്ന് വെളുത്തോട്ടെ ആട്ടെ മോൾക്കെന്താ വേണ്ടേ സമ്മാനമായിട്ട്.. ഏട്ടന്റെ വകയായിട്ട്”.
“ഞാൻ എന്ത് പറഞ്ഞാലും വാങ്ങി തരോ?”.. അവൾ കൊഞ്ചി കൊണ്ട് ചോദിച്ചു.
“വാങ്ങി തരാം. മോള് ചോദിച്ചോ?”.
“ഞാൻ ചോദിക്കും”. അവൾ കുസൃതിയോടെ പറഞ്ഞു.
“നീ ധൈര്യമായിട്ടു ചോദിക്കടീ. ഏട്ടനല്ലേ പറയുന്നത്”.
ഞങ്ങളുടെ സംസാരം കേട്ട് ‘അമ്മ ഞങ്ങളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
“എനിക്കൊരു സ്‌കൂട്ടർ വേണം. വാങ്ങിത്തരോ”. അത് കേട്ട ‘അമ്മ ഇടയിൽ കയറി പറഞ്ഞു.
“സ്‌കൂട്ടറോ അതൊന്നും വേണ്ട . പെണ്ണിന്റെ ഒരു ആഗ്രഹം സ്‌കൂട്ടറെ.. നീ ഒരു പെണ്കുട്ടിയാണ് അല്ലാതെ ആണ്കുട്ടിയല്ല.. സ്‌കൂട്ടറും കൊണ്ട് നടക്കാൻ”.
“അതെന്താ പെണ്കുട്ടികള് സ്‌കൂട്ടർ ഓടിച്ചാൽ.. ഒരു പാട് പെണ്കുട്ടികള് സ്‌കൂട്ടർ ഓടിക്കുന്നുണ്ടല്ലോ.. ‘അമ്മ പുറത്ത് ഇറങ്ങി നോക്ക്.. എനിക്ക് സ്‌കൂട്ടർ വേണം”.. അവൾ വാശി പിടിച്ചു.
“നീ എന്ത് പറഞ്ഞിട്ടും കാര്യമില്ല. നിനക്ക് സ്‌കൂട്ടർ വാങ്ങിച്ചു തരില്ല”.
അത് കേട്ട അവൾ കണ്ണ് നിറച്ചു. എന്നിട്ട് എന്റെ മുന്നിൽ വന്നു പറഞ്ഞു
“ഏട്ടനല്ലേ പറഞ്ഞത് ഞാൻ എന്ത് ചോദിച്ചാലും വാങ്ങിച്ചു തരാമന്ന്. എന്നിട്ട് എന്നെ പറ്റിക്കുകയാണോ”
അത് കേട്ട എനിക്ക് വിഷമമായി ഞാൻ അവളുടെ കണ്ണീര്‌ തുടച്ചു പറഞ്ഞു
“ഏട്ടൻ വാങ്ങിച്ചു തരാം 2 ദിവസം കഴിയട്ടെ”.
അത് കേട്ട അവൾ തുള്ളിച്ചാടി എന്റെ കവിളിൽ ഉമ്മ വച്ചു കൊണ്ട് പറഞ്ഞു. “എന്റെ പുന്നാര ഏട്ടൻ”. എന്നിട്ട് അമ്മയുടെ നേരെ കൊഞ്ഞനം കുത്തികൊണ്ട് ഓടി റൂമിലോട്ട് പോയി. അത് കണ്ട ‘അമ്മ ദേഷ്യത്തോടെ എന്റെ നേരെ നോക്കി പറഞ്ഞു.
“എന്റെ വാക്കിന് ഇവിടെ ഒരു വിലയും ഇല്ലേ വിഷ്ണൂ. നീ അവൾക്ക് സ്‌കൂട്ടർ വാങ്ങി കൊടുക്കാൻ പോകാണോ ?”.
“‘അമ്മ എതിരോന്നും പറയരുത്.. അവളുടെ സന്തോഷമല്ലേ നമുക്ക് വലുത്.. വാങ്ങിച്ചു കൊടുക്കാം അമ്മേ.. ഞാൻ നോക്കിക്കോളാം ‘അമ്മ പേടിക്കണ്ട.. വാങ്ങിച്ചു കൊടുത്തിട്ടില്ലങ്കിൽ കരഞ്ഞു മുഖം വീർപ്പിച്ചു നടക്കും. എനിക്കത് കാണാൻ വയ്യ”.
വാങ്ങിച്ചു കൊടുത്ത സ്‌കൂട്ടറുമായി അവൾ കോളേജിലോട്ട് പോകുമ്പോൾ എനിക്ക് ഉള്ളിൽ ഒരു ഭയമുണ്ടായിരുന്നു എന്റെ മോൾക്ക്‌ എന്തെങ്കിലും അപകടം സംഭവിക്കുമോ എന്ന്. ആ ഇടക്കാണ് അനിൽ ഒരു ദിവസം എന്നെ കാണാൻ വന്നത്.. എന്നോട് എന്തോ സംസാരിക്കാൻ ഉണ്ടന്നും പറഞ്ഞു. കാര്യം തിരക്കിയപ്പോൾ. അവൻ പറഞ്ഞു. അമ്മു കോളേജിലുള്ള ഒരു പയ്യനുമായി ഇഷ്ടത്തിലാണെന്നും അവർ രണ്ടാളും ഒരുമിച്ചു ബൈക്കിൽ പോകുന്നത് അവൻ കണ്ടന്നും പറഞ്ഞു. അത് കേട്ട ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. അത് അവളുടെ കൂടെ പഠിക്കുന്ന ഏതെങ്കിലും ഫ്രണ്ട്‌സായിരിക്കും. എന്റെ അമ്മുവിനെ എനിക്കറിയാം. അവൾ അങ്ങനെ ഒരു ഇഷ്ട്ടം ഉണ്ടങ്കിൽ എന്നോട് തുറന്ന് പറയും എന്ന്. എന്റെ മോള് അങ്ങനെ ഒരു തെറ്റ് ചെയ്യില്ലാ എന്നും പറഞ്ഞു ഞാനത് നിസ്സാരമായി തള്ളി. ആ ഇടക്കാണ് അവൾക്ക് നല്ല ഒരു വിവാഹ ആലോചന വന്നത്. ചെറുക്കന്റെ വീട്ടുകാർ നല്ല ആസ്തി ഉള്ള കുടുംബമായിരുന്നു. അവർക്ക് അമ്മുവിനെ മാത്രം മതി വേറെ ഒന്നും വേണ്ടാ എന്നും പറഞ്ഞു. ചെറുക്കനും കാണാനും തെറ്റില്ല. വില്ലേജ് ഓഫീസറാണ് ചെറുക്കൻ എന്ന് അറിഞ്ഞപ്പോൾ എനിക്ക് എന്ത് കൊണ്ടും നല്ല കാര്യമായിട്ട് തോന്നി. അമ്മക്കും സമ്മതമായിരുന്നു. ഇനി അമ്മുവിന്റെ സമ്മതം മാത്രം അറിഞ്ഞാൽ മതി. അന്ന് കേളേജ് വിട്ടു വന്ന അവളോട്‌ ഞാൻ കാര്യം അവതരിപ്പിച്ചു.
“എനിക്ക് പഠിക്കണം ഏട്ടാ. ഇപ്പൊ എനിക്ക് വിവാഹം വേണ്ട”.
“മോള് പടിച്ചോ വിവാഹം കഴിഞ്ഞാൽ അവർക്ക് നിന്നെ പഠിപ്പിക്കാൻ സമ്മതമാണ്”
“അമ്മയും ഏട്ടനും എന്ത് പറഞ്ഞിട്ടും കാര്യമില്ല എനിക്കിപ്പോ വിവാഹം വേണ്ട എനിക്ക് പഠിക്കണം അവൾ വാശിയോടെ പറഞ്ഞു”.
അപ്പോഴാണ് അനിൽ അന്ന് പറഞ്ഞ കാര്യം എനിക്ക് ഓർമ വന്നത് ഞാൻ തെല്ല് ഭയത്താലെ വിഷമത്തോടെ അവളെ ചേർത്ത് പിടിച്ചു ചോദിച്ചു.
“നിനക്ക് ആരോടെങ്കിലും ഇഷ്ട്ട മുണ്ടോ ഉണ്ടങ്കിൽ ഏട്ടനോട് തുറന്ന് പറ”.
അത് കേട്ട അവൾ തെല്ലും പതറാതെ എന്നോട് പറഞ്ഞു.
“എനിക്ക് അങ്ങനെ ആരോടും ഇഷ്ട്ടമൊന്നും ഇല്ല”. ഏട്ടനന്താ അങ്ങനെ ചോദിച്ചെ”
“ഒന്നും ഇല്ല വെറുതെ ചോദിച്ചെന്നെ ഒള്ളൂ.. മോൾക്ക്‌ അങ്ങനെ ഒന്നും ഉണ്ടാവില്ല എന്ന് ഏട്ടന് അറിയാം.. അങ്ങനെ എങ്കിൽ എന്റെ മോള് ഈ വിവാഹത്തിന് സമ്മതിക്കണം.. വിവാഹം പെട്ടന്ന് നടത്തണ്ട ഒരു ആറ് മാസം കഴിഞ്ഞിട്ട് നടത്തിയാൽ മതി.. നിനക്ക് സമ്മതമാണെങ്കിൽ അവർ നിന്നെ കാണാൻ നാളെ വരും.. അമ്മയോടും ഏട്ടനോടും മോൾക്ക്‌ ഇഷ്ടമുണ്ടങ്കിൽ മോള് ഈ വിവാഹത്തിന് സമ്മതിക്കണം..
എന്റെ ആ വാക്കുകൾക്ക് മുന്നിൽ അവൾ മനസ്സല്ലാ മനസ്സോടെ സമ്മതം മൂളി. അത് കേട്ട എനിക്ക് സന്തോഷ മായി ഞാൻ അവളെ ചേർത്ത് പിടിച്ചു അവളുടെ നെറുകയിൽ ചുംബിച്ചു. ഇത് കണ്ടുനിന്ന അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. ഞാൻ അപ്പോൾ തന്നെ ഞങ്ങൾക്ക് സമ്മതമാണന്ന് അവരെ അറിയിച്ചു. അന്ന് എനിക്ക് എന്തന്നില്ലാത്ത സന്തോഷം തോന്നി ഞാൻ എന്റെ പെങ്ങളുടെ വിവാഹം നടത്താൻ പോകുന്നു. അന്ന് രാത്രി ഞാൻ അവളുടെ വിവാഹത്തെ പറ്റി ഒരു പാട് സ്വപ്നങ്ങൾ കണ്ടു.
“പിറ്റേ ദിവസം രാവിലെ അവൾ അണിഞ്ഞൊരുങ്ങി പുറത്തോട്ടു വന്നപ്പോൾ ഞാൻ ചോദിച്ചു.
“മോളെവിടേക്കാ പോകുന്നേ ?”
“ഞാൻ എന്റെ കൂട്ടുകാരി സുമയെ കണ്ടിട്ട് വരാം”
“അവർ കുറച്ചു കഴിഞ്ഞാൽ വരും അപ്പോഴാണോ നീ പുറത്ത് പോകുന്നേ ?”
“ഞാൻ പെട്ടെന്ന് വരാം ഏട്ടാ അവർ എത്തുന്നതിന് മുമ്പ് ഞാൻ എത്താം”.
“എന്നാ ശരി പെട്ടന്ന് പോയിട്ട് വാ”
അത് കേട്ട അവൾ എന്റെയും അമ്മയുടെയും കാൽ തൊട്ട് വന്ദിച്ചു. അത് കണ്ട ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു.

 

“മോൾ കൂട്ടു കാരിയുടെ വീട്ടിൽ പോകുന്നതിന് വേണ്ടിയാണോ ഇപ്പൊ അനുഗ്രഹം വാങ്ങിച്ചത്”. അത് കേട്ട അവൾ വിഷമത്തോടെ കണ്ണ് നിറച്ചു കൊണ്ട് എന്നോട് പറഞ്ഞു.
“ഇന്ന് എന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം നടക്കാൻ പോകുകയല്ലെ. അതിനാണ് അനുഗ്രഹം വാങ്ങിച്ചതെന്ന്. എനിക്ക് അനുഗ്രഹം വാങ്ങിക്കാൻ എന്റെ അമ്മയും ചേട്ടനും അല്ലെ ഒള്ളൂ എന്ന്.
അത് കേട്ട എന്റെ കണ്ണ് നിറഞ്ഞു. അവൾ മുറ്റത്തേക്ക് ഇറങ്ങി നടന്നു. അത് കണ്ട ഞാൻ ചോദിച്ചു.
“നീ സ്‌കൂട്ടർ എടുക്കുന്നില്ലേ. മറന്നു പോയോ ?”.
“ഇല്ല എടുക്കുന്നില്ല ഞാൻ ഒരു ഓട്ടോയിൽ പൊക്കോളാം”
അത് കേട്ട ഞാൻ മനസ്സിൽ പ്രാർത്തിച്ചു ഈശ്വരാ കാത്തു കൊള്ളണേ എന്റെ മോളേ എന്ന്.
ചെറുക്കനും വീട്ടുകാരും വന്നിട്ടും അമ്മു വന്നിട്ടുണ്ടായിരുന്നില്ല. ഞാൻ ആകെ പേടിച്ചു ഇവൾ ഇത് ഇവിടെ പോയി എന്ന് ആലോചിച്ച്. അവസാനം ചെറുക്കനും വീട്ടുകാരും ഉള്ളിലുള്ള നീരസം പുറത്ത് കാണിക്കാതെ എന്നോട് പറഞ്ഞു അവർ പിന്നൊരിക്കൽ വരാമെന്ന്. അത് കേട്ട എനിക്ക് വിഷമമായി. ഞാൻ പേടിച്ച മനസ്സാലെ അവളുടെ കൂട്ടുകാരി സുമയെ ഫോൺ വിളിച്ചു ചോദിച്ചു അമ്മു അവിടെ ഇല്ലേ എന്ന്. അപ്പോൾ അവൾ പറഞ്ഞത് അമ്മു അങ്ങോട്ട്‌ വന്നിട്ടില്ലല്ലോ എന്നാണ്. അത് കേട്ട എനിക്ക് പേടിയായി. ഞാൻ അനിലിനെ വിളിച്ചു നടന്ന കാര്യ മെല്ലാം പറഞ്ഞു. അവൻ അപ്പോൾ തന്നെ വീട്ടിലോട്ട്‌ വന്നു. അപ്പോഴേക്കും അമ്മുവിനെ കാണാത്ത വിഷമത്തിൽ ‘അമ്മ കരച്ചിലും നിലവിളിയും തുടങ്ങിയിരുന്നു. ഞാനും അനിലും അമ്മുവിനെ തിരഞ്ഞു ഇറങ്ങി. അന്ന്വേശിക്കാവുന്ന സ്ഥലത്തെല്ലാം അന്ന്വേഷിച്ചു അമ്മുവിനെ ഞങ്ങൾക്ക് കണ്ടത്താൻ സാധിച്ചില്ല. എന്റെ മോൾക്ക്‌ എന്തെങ്കിലും അപകടം സംഭവിച്ചു കാണുമോ എന്നായിരുന്നു എന്റെ പേടി. അപ്പോഴാണ് അനിൽ അന്ന് പറഞ്ഞ കാര്യം എനിക്ക് ഓർമ വന്നത്. അനിൽ കണ്ടു എന്ന് പറയുന്ന പയ്യന്റെ വീട്ടിലോട്ട്‌ ഞാനും അനിലും പോയി ഞങ്ങൾ അവിടെ എത്തിയതും അവർ വിറളി വെളുത്ത മുഖത്താലെ ഞങ്ങളുടെ എടുത്തേക്ക് വന്നു. അവർ കരഞ്ഞു കൊണ്ട് ഞങ്ങളുടെ നേരെ ഒരു എഴുത്ത്‌ നീട്ടി ഞാൻ അത് വാങ്ങി വായിച്ചു.
അച്ഛനും അമ്മയും എന്നോട് പൊറുക്കണം എനിക്ക് ഒരു പെണ്കുട്ടിയെ ഇഷ്ട്ടമാണ്. നിങ്ങൾ ഈ വിവാഹത്തിന് സമ്മതിക്കില്ലെന്ന് അറിയാവുന്നത് കൊണ്ടാണ്. നിങ്ങളോട് പറയാഞ്ഞത്. അവളുടെ വീട്ടുകാരും ഈ വിവാഹത്തിന് സമ്മതിക്കില്ല. അത് കൊണ്ട് ഞങ്ങൾ ഈ നാട് വിട്ട് പോകാൻ തീരുമാനിച്ചു ഞങ്ങളെ രണ്ടാളെയും അനുഗ്രഹിക്കണം. ഞങ്ങളെ ശഭിക്കരുത് അന്ന്വേഷിക്കുകയും ചെയ്യരുത്. എന്ന് സ്നേഹത്തോടെ മിഥുൻ. വായിച്ചു തീർന്നതും അവന്റെ അച്ഛൻ എന്റെ നേരെ കൈ കൂപ്പി പറഞ്ഞു.
“ഞങ്ങൾക്ക് അറിയില്ലായിരുന്നു മോനെ അവന് ഇങ്ങനെ ഒരു ഇഷ്ട്ടമുള്ള കാര്യം. അറിഞ്ഞിരുന്നെങ്കിൽ ഞാൻ തന്നെ ഈ കാര്യം മോനെ അറിയിക്കുമായിരുന്നു.. എന്റെ മോൻ ചെയ്ത തെറ്റിന് ക്ഷമിക്കണം എന്ന് മാത്രമേ ഈ അച്ഛന് ഇപ്പൊ പറയാൻ പറ്റൂ”.
ആ അച്ഛന്റെ വിറയാർന്ന വാക്കുകൾക്ക് മുന്നിൽ ഞാൻ അക്ഷരാർത്ഥത്തിൽ തളർന്നു. ഞാൻ അദ്ദേഹത്തിന്റെ തോളിൽ തട്ടി സമാധാനിപ്പിച്ചു. പാതി ചത്ത മനസ്സും കരഞ്ഞു കലങ്ങിയ കണ്ണുമായി തിരിച്ചു പോന്നു. ഒന്ന് പൊട്ടിക്കാരയാൻ പോലും പറ്റാതെ. എന്റെ പ്രദീക്ഷകളെല്ലാം തകരുന്ന പോലെ എനിക്ക് തോന്നി. വീട്ടിലെത്തിയതും ‘അമ്മ എന്റെ അടുത്തോട്ട് ഓടി വന്നു കരഞ്ഞു കൊണ്ട് ചോദിച്ചു. എന്റെ മോള് എവിടടാ എന്ന്. ഞാൻ അമ്മയെ നെഞ്ചോട് ചേർത്തു പിടിച്ചു കരഞ്ഞു കൊണ്ട് നടന്ന കാര്യമെല്ലാം പറഞ്ഞു. അത് കേട്ട ‘അമ്മ തളർന്ന് നിലത്ത് വീണു. ഞാൻ അമ്മയെയും എടുത്ത് ഹോസ്പ്പിട്ടലിലോട്ടു പോയി. കൂടെ അനിലും ഉണ്ടായിരുന്നു. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാതെ ആയി. ഞാൻ അമ്മയെ നെഞ്ചോട് ചേർത്തു പൊട്ടിക്കരഞ്ഞു. ഒറ്റ ദിവസം കൊണ്ട് ഞാൻ അനാഥനായ പോലെ എനിക്ക് തോന്നി. ജീവിതത്തിനോട് പടവെട്ടി സമ്പാദിച്ചതെല്ലാം വെറുതെയായി. എനിക്ക് ജീവിതം മടുത്തു തുടങ്ങി. എല്ലാ ദിവസവും അമ്മുവിന്റെ കുസൃതിയും പൊട്ടിച്ചിരിയും മാത്രം കേട്ടിരുന്ന എന്റെ വീട് ശ്മശാനം പോലെ ആയി. ഇതല്ലാം അനുഭവിക്കാൻ ഞാൻ എന്ത് പാപമാണ് ചെയ്തത് എന്ന് ചിന്തിച്ചു. അന്ന് തളർന്ന് വീണ ‘അമ്മ പിന്നെ മിണ്ടിയിട്ടില്ല അനങ്ങിയിട്ടില്ല. അമ്മു ഇല്ലാത്ത വീട്ടിൽ ഒരു വീർപ്പുമുട്ടലായിരുന്നു എപ്പോഴും എനിക്ക്. വല്ലാത്ത വിഷമം വരുമ്പോൾ ഞാൻ അവളുടെ മുറിയിൽ പോയി ഇരിക്കും. അവളുടെ ഫോട്ടോയിൽ നോക്കി ഞാൻ പലവട്ടം ചോദിച്ചിട്ടുണ്ട്. ഏട്ടന്റെ മോള് എന്തിനാ ഏട്ടനെ വിട്ട് പോയത്. ഏട്ടനോട് പറയുകയാണെങ്കിൽ ഏട്ടൻ സാധിച്ചു തരില്ലായിരുന്നോ നിന്റെ ഇഷ്ട്ടം. ഏട്ടനെ മോള് ആരും ഇല്ലാത്ത ഒരു അനാഥനാക്കിയില്ലേ എന്ന്…………
“വിഷ്ണൂ ഹോസ്പിറ്റൽ എത്തി ഇറങ്”. അനിലിന്റെ വാക്കുകൾ വിഷ്ണുവിനെ ചിന്തയിൽ നിന്നും ഉണർത്തി.
“അനിൽ വിഷ്ണുവിനെയും കൊണ്ട് icu വിന്റെ മുന്നിലോട്ട് പോയി. icu അടുക്കുംതോറും വിഷ്ണുവിന്റെ നെഞ്ചു പട പടാന്ന് പിടച്ചു. Icu വിന്റെ ഗ്ലാസിലൂടെ വിഷ്ണു കണ്ടു അമ്മുവിനെ തലയിലും ദേഹത്തും എല്ലാം പ്ലാസ്റ്റർ ചുറ്റി കിടക്കുന്ന അവന്റെ അമ്മുവിനെ. അത് കണ്ട അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പാൻ തുടങ്ങി. ഒരു പൊട്ടി കടച്ചിലോടെ അവൻ അനിലിന്റെ തോളിൽ വീണു.
“ഞാൻ എങ്ങനെ നോക്കിയ എന്റെ മോളാടാ ഇപ്പൊ കണ്ടില്ലേ കിടക്കുന്നത്. ഞാൻ ഇത് എങ്ങനെ സഹിക്കും ഈശ്വരാ. എനിക്കെന്റെ മോളെ കാണണം”.
“കാണാം നീ കരയാതെ. ഞാനില്ലേ ഇവിടെ നീ ഒന്നും കൊണ്ടും പേടിക്കണ്ട വാ”
അനിൽ വിഷ്ണുവിനെയും കൊണ്ട് icu വിന്റെ അകതൊട്ടു പോയി. വിഷ്ണു അമ്മുവിന്റെ തലയിൽ തലോടി അപ്പോൾ അവന്റെ കണ്ണിൽ നിന്നും കണ്ണ് നീർ അടർന്ന് അവളുടെ ദേഹത്ത് വീണുകൊണ്ടിരുന്നു. അവൻ അവളുടെ നെറുകയിൽ ചുംബിച്ചു അതൊന്നും അമ്മു അറിയുന്നുണ്ടായിരുന്നില്ല. അവൾ അബോധാവസ്ഥയിലായിരുന്നു. അപ്പോഴാണ് ഒരു സിസ്റ്റർ ഒരു ബാഗ് വിഷ്ണുവിന്റെ കയ്യിൽ കൊടുത്തത് അത് അമ്മുവിന്റെ ആണെന്നും പറഞ്ഞു കൊണ്ട്. അനിൽ വിഷ്ണുവിനെയും കൊണ്ട് പുറത്ത് വന്നു. വിഷ്ണുവിനെ ഒരു കസേരയിൽ ഇരുത്തി കൊണ്ട് പറഞ്ഞു
“നാളെ രാവിലെയാണ് അമ്മുവിന്റെ സർജറി. അത് കഴിഞ്ഞിട്ടേ എന്തങ്കിലും പറയാൻ പറ്റൂ.
വിഷ്ണു കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു. “അനിൽ എന്റെ മോളേ എവിടെയാണ് ഞാൻ കൊണ്ട് പോകേണ്ടത്.. എവിടെ വേണമെങ്കിലും ഞാൻ കൊണ്ട് പോകാം. എനിക്കെന്റെ മോളെ പഴയപോലെ തിരിച്ചു കിട്ടിയാൽ മതി.. എന്റെ എല്ലാം വിറ്റിട്ടാണെങ്കിലും ഞാൻ ചികിൽസിക്കാം.. എനിക്ക് എന്റെ മോളേ മാത്രം തിരിച്ചു കിട്ടിയാൽ മതി”.
“എവിടെ കൊണ്ട് പോയാലും ഇവിടന്ന് കിട്ടുന്ന അതേ ട്രീറ്റ് മെന്റ് തന്നെ അവിടെയും കിട്ടൂ. നീ ഓപ്രെഷനുള്ള ആ പേപ്പറിൽ എല്ലാം ഒന്ന് ഒപ്പിട്ട് കോട്.. നമുക്ക് പ്രാർത്ഥിക്കാം നമ്മുടെ അമ്മുവിനെ തിരിച്ചു കിട്ടാൻ”.
വിഷ്ണു ഓപ്രെഷനുള്ള പേപ്പറിലെല്ലാം ഒപ്പിട്ട് കൊടുത്തു എന്നിട്ട് അനിലിന്റെ തോളിൽ പിടിച്ചു പൊട്ടി കരഞ്ഞു. കൊണ്ട് പറഞ്ഞു. “തിരിച്ചു തന്നേക്കണേഡാ എന്റെ മോളേ എനിക്ക് അവളെല്ലാതെ വേറെ ആരും ഇല്ല എന്ന്”
ജമീല താത്തയെ വിളിച്ചു കാര്യങ്ങളെല്ലാം വിഷ്ണു പറഞ്ഞു. അമ്മയെ അറിയിക്കണ്ടാ എന്നും പറഞ്ഞു. അമ്മയുടെ അടുത്ത് ഉണ്ടാവണം എന്നും പറഞ്ഞു. രാത്രി icu വിന്റെ മുന്നിലുള്ള കസേരയിൽ ഇരിക്കുമ്പോഴാണ് അമ്മുവിന്റെ ബാഗ് കയ്യിലുള്ള കാര്യം ഓർമ വന്നത് വിഷ്ണു ബാഗ് തുറന്നു അപ്പോൾ അവൻ കണ്ടു അതിൽ വിഷ്ണുവും അമ്മയും അമ്മുവും ഒരുമിച്ചുള്ള കഴിഞ്ഞ വിഷുവിന് എടുത്ത ഫോട്ടോ അത് കണ്ട വിഷ്ണുവിന്റെ കണ്ണിൽ കണ്ണുനീർ പൊടിയാൻ തുടങ്ങി പിന്നെ ഒരു എഴുത്തും അവൻ ആ എഴുത്ത്‌ വായിച്ചു.
ഏട്ടനും അമ്മയും അറിയാൻ നിങ്ങളെ ഞാൻ ഒരുപാട് വേദനിപ്പിച്ചു. മാപ്പ് ചോദിക്കാൻ പറ്റാത്ത തെറ്റാണ് ഞാൻ ചയ്തത്. എന്റെ മിഥുനേട്ടൻ എന്നെ തനിച്ചാക്കി ഈ ലോകത്ത് നിന്നും എന്നന്നേക്കുമായി പോയി. എനിക്ക് ആരും ഇല്ല. എനിക്ക് ഏട്ടന്റെ കാല് പിടിച്ചു മാപ്പ് പറയണമെന്നുണ്ട് പക്ഷെ എനിക്ക് അതിന് അർഹതയില്ല അത്രക്കും വലിയ തെറ്റാണ് ഞാൻ ചെയ്തത്. എന്നെ സ്വന്തം ജീവനേക്കാൾ കൂടുതൽ സ്നേഹിച്ച എന്റെ ഏട്ടനെ ഞാൻ ഒരു പാട് വേദനിപ്പിച്ചു. ഏട്ടൻ ഈ അമ്മുവിനെ വെറുക്കരുത്. എനിക്കും വേണ്ടിയാണ് ഏട്ടൻ ജീവിച്ചതെന്നു എനിക്കറിയാം ആ എന്റെ ഏട്ടനെ ഞാൻ ചതിച്ചു. ഏട്ടൻ അമ്മയോട് പറയണം ഈ അമ്മു പാവമാണെന്ന്. ഇനിയൊരു ജന്മമുണ്ടങ്കിൽ എന്റെ ഏട്ടന്റെ പെങ്ങളായി ജനിക്കണം എന്നാണ് എന്റെ പ്രാർത്ഥന. ഞാൻ പോകുകയാണ് ഏട്ടാ എന്റെ മിഥുനേട്ടനും അച്ഛനും പോയ സ്ഥലത്തോട്ട്. എന്ന് കണ്ണീരോടെ ഏട്ടന്റെ അമ്മു. ഒരിക്കൽ കൂടി മാപ്പ്.
അത് വായിച്ചു തീർന്നതും ഒരു തേങ്ങി കരച്ചിലോടെ വിഷ്ണു ഇരുന്നു.
ഓപ്പറേഷൻ കഴിഞ്ഞു മണിക്കൂറുകൾക്ക് ശേഷം അമ്മു കണ്ണ് തുറന്നപ്പോൾ ആദ്യം കണ്ടത് വിഷ്ണുവിനെ ആയിരുന്നു. വിഷ്ണുവിനെ കണ്ടതും അവളുടെ രണ്ട് കണ്ണുകളിൽ നിന്നും കണ്ണുനീർ ചാലിട്ട് ഒഴുകാൻ തുടങ്ങി. അത് കണ്ട വിഷ്ണു വിറക്കുന്ന ആധരം അവളുടെ നെറ്റിയിൽ അമർത്തി അവളുടെ ഒലിച്ചിറങ്ങിയ കണ്ണീർ തുടച്ചു. അവൾ വിഷ്ണുവിന്റെ കയ്യിൽ ചുംബിച്ചു പറഞ്ഞു ഞാൻ പാപിയാണ് എന്തിനാ എന്നെ രക്ഷിച്ചത് മരിച്ചു പോയിക്കോട്ടെ എന്ന് വിചാരിച്ചു കൂടായിരുന്നോ. അത് കേട്ട വിഷ്ണു പറഞ്ഞു. നീ പോയാൽ ഏട്ടന് പിന്നെ വേറെ ആരാ ഉള്ളത്. നീയല്ലേ ഏട്ടന്റെ എല്ലാം. മോള് കരയണ്ട ഏട്ടന് എല്ലാം അറിയാം. മോളുടെ അസൂഖമെല്ലാം പെട്ടന്ന് സുഖപ്പെടും. എട്ടാനുണ്ട്‌ കൂടെ. അസൂഖമെല്ലാം മാറിയിട്ട് നമുക്ക് വീട്ടിലോട്ട്‌ പോകാം. ഏട്ടന്റെ പഴയ അമ്മുവായിട്ട് ഊം.
ദിവസങ്ങൾക്ക് ശേഷം ഹോസ്പിറ്റലിൽ നിന്നും അമ്മുവിനെ ഡിസ്ചാർജ് ചെയ്തു. വീട്ടിലേക്ക് പോകുന്ന വഴി അമ്മു വിഷ്ണുവിന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്ന് കൊണ്ട് സങ്കടത്തോടെ ചോദിച്ചു.
“അമ്മക്ക് എന്നോട് ദേഷ്യം ഉണ്ടാവുമോ ഏട്ടാ..ഉണ്ടാവും ആ പാവത്തിനെയും ഞാൻ ഒരു പാട് വേദനിപ്പിച്ചു”.
“ഇല്ല നീ അമ്മയുടെ കാല് പിടിച്ചൊന്നു കരഞ്ഞാൽ മതി നമ്മുടെ അമ്മയല്ലേ പൊറുത്തോളും എല്ലാം” മോള് അതൊന്നും ആലോചിച്ചു വിഷമിക്കണ്ട”. അവൻ അവളുടെ തലയിൽ തലോടികൊണ്ട് പറഞ്ഞു.
വീട്ടിൽ എത്തിയതും അമ്മു കണ്ടു അവളുടെ സ്‌കൂട്ടർ ഉമ്മറത്ത് തന്നെ ഇരിക്കുന്നത് അത് കണ്ട അവളുടെ കണ്ണ് നിറഞ്ഞു. വിഷ്ണു അമ്മുവിനെയും കൊണ്ട് അമ്മയുടെ അടുത്തോട്ട് പോയി. ‘അമ്മ അപ്പോൾ വീൽചെയറിൽ ഇരിക്കുക ആയിരുന്നു കൂടെ ജമീല താത്തയും ഉണ്ടായിരുന്നു അമ്മു അമ്മയെ കണ്ടതും പൊട്ടി കരഞ്ഞു അമ്മയുടെ കാൽക്കൽ വീണു ‘അമ്മ പ്രീതികരിക്കാത്തത് കണ്ടപ്പോൾ കരഞ്ഞു കൊണ്ട് അമ്മു ചോദിച്ചു
“എന്താ ഏട്ടാ ‘അമ്മ ഒന്നും പറയാത്തത്.
“‘അമ്മ ഇപ്പൊ അങ്ങനെയാണ് നീ പോയതിന് ശേഷം മിണ്ടിയിട്ടില്ല തളർന്ന് കിടപ്പാണ്. ഇനി നീ വേണം അമ്മയെ പഴയ രീതിയിൽ കൊണ്ട് വരാൻ. അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അത് കേട്ട അമ്മു ഒരു പൊട്ടികരച്ചിലോടെ അമ്മയുടെ മടിയിലോട്ടു വീണു അമ്മയുടെ തളർന്ന കയ്യെടുത്തു ചുംബിച്ചു. കണ്ണീര് കൊണ്ട് അമ്മയുടെ കൈ കഴുകി എന്നിട്ട് കരഞ്ഞു കൊണ്ട് പറഞ്ഞു പൊറുക്കണം അമ്മേ എന്നോട്. എന്നെ ഒന്ന് തല്ലമ്മേ എന്ന് പറഞ്ഞു അവൾ അമ്മയുടെ കയ്യെടുത്ത് അവളുടെ കവിളിൽ വെച്ചതും
അപ്പോഴാണ് ആ അത്ഭുതം സംഭവിച്ചത് അമ്മയുടെ കയ്യ് അനങ്ങുന്നു അമ്മയുടെ ചുണ്ടുകൾ വിറക്കുന്നു ആ കണ്ണുകൾ നിറയുന്നു അമ്മയുടെ ശരീരം പ്രീതികരിക്കാൻ തുടങ്ങി. അമ്മുവിന്റെ സാമിബ്യം അമ്മയെ പഴയ രീതിയിലോട്ടു തിരികെ കൊണ്ട് വരാൻ തുടങ്ങിയിരിക്കുന്നു. അവൻ ഓടിച്ചെന്ന് അമ്മയെയും അമ്മുവിനെയും ചേർത്ത് പിടിച്ചു ഈശ്വരൻമ്മാരോട് നന്ദി പറഞ്ഞു……………….

 

മാസങ്ങൾ വീണ്ടും മുന്നോട്ട് കടന്നു പോയി ‘അമ്മുവിന്റെ മടങ്ങി വരവോടെ അമ്മയുടെ അസൂഖംപാതി കുറഞ്ഞു . അവന്റെ കുടുംബം വീണ്ടും പഴയ പോലെ സ്വർഗം ആകാൻ തുടങ്ങി. ഒരു ദിവസം വിഷ്ണു അമ്മയുടെ അടുത്ത് നിൽക്കുന്ന അമ്മുവിനോട് പറഞ്ഞു.
“മോളേ അനിലിന് നിന്നെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട് നിന്റെ എല്ലാ കാര്യവും അറിയുന്ന ആളാണ് അവൻ. മോൾക്ക്‌ സമ്മതമാണോ ?”.
ഏട്ടന്റെ സ്നേഹത്തോടും ഒരു പെങ്ങളുടെ മേലെ ഉള്ള ഉത്തരവാധിതത്തോടും കൂടിയ ആ വാക്കുകൾക്ക് മുന്നിൽ സന്തോഷത്തോടെ അവൾ സമ്മതം മൂളി. എന്നിട്ട് ഏട്ടനോട് ചോദിച്ചു.
“ഏട്ടനും വേണ്ടേ ഒരു ജീവിതം ഒരു കുടുംബവും എല്ലാം”
അത് കേട്ട അവൻ നിറഞ്ഞ കണ്ണുകളോടെ ചിരിച്ചു കൊണ്ട് അവളുടെ തോളിൽ പിടിച്ചു കവിളിലിൽ തലോടി കൊണ്ട് പറഞ്ഞു.
“ഏട്ടന് ഒരു കുടുംബം അത് നമുക്ക് പിന്നെ ആലോചിക്കാം. ഇപ്പൊ ഏട്ടന് ഏറ്റവും വലുത് നിന്റെ ജീവിതമാണ്. നീയും അമ്മയും ആണ് ഏട്ടന്റെ ലോകം”അതും പറഞ്ഞു അവൻ മുറ്റത്തേക്ക് ഇറങ്ങി നടന്നു.നടന്നു നീങ്ങുന്ന ഏട്ടനെയും നോക്കി കണ്ണീരോടെ അമ്മുവും അമ്മയും നോക്കി നിന്നു………………
ശുഭം……
4.9/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!