Skip to content

നാടോടികൾ | Malayalam Story

കുഴിയാനകൾ പിന്നെയും കുഴികളിൽ കുഴികൾ തീർത്തു. അത് വഴി കടന്നു പോയ കട്ടുറുമ്പുകൾ ആ കുഴിയിലായ് വീണു. വീണ കട്ടുറുമ്പുകൾ കുഴിയാനകളായ് ആദ്യത്തെ കുഴിയാനകളോട് യുദ്ധം ചെയ്തു.  യുദ്ധത്തിനൊടുവിൽ കുഴികളിലെല്ലാം മൺതരികളാൽ മൂടി..  മൺതരികളാൽ മൂടിയ കുഴികളെല്ലാം ശവകുഴികളായ്…  സ്വന്തമായ് മണ്ണിലാത്തവരെല്ലാം ആ ശവകുഴികൾക്ക് മേലെ പിന്നെയും ശവകുഴികൾ തീർത്തു… 

തുലാവർഷം കറുത്തു പെയ്തു പിന്നെയും മരണങ്ങളുണ്ടായി. മറവിനായ് കുഴിച്ച ശവകുഴികളിൽ വെള്ളം നിറഞ്ഞു. ആ തുരുത്തിനു ചുറ്റും വെളളമായിരുന്നു..
അവരുടെ വരവോട് കൂടി ആ തുരുത്തിലെ ആദ്യത്തെ താമസക്കാരായ പാമ്പ് പഴുതാര തവള തുടങ്ങിയ ജീവജാലങ്ങൾ ആ തുരുത്തൊഴിഞ്ഞു പോയി…. 
തുരുത്തിലായ് വന്നവർ അതിരുകൾ തീർത്തു കുടിലുകൾ വെച്ചു. ആരും കേറാമൂലയിലവർ ദൈവത്തെ പ്രതിഷ്ഠിച്ചു.  ആണ്ടുകൾ തോറും അവരുത്സവം നടത്തി ദൈവത്തെ പ്രീതിപ്പെടുത്തി… 
ഉത്സവങ്ങൾ തുടങ്ങിയാൽ അപ്രത്യക്ഷമാകുന്ന പളനിയുടെ കുടിലിനു മുമ്പിൽ സന്ധ്യക്ക് റാന്തൽ വിളക്ക് തെളിഞ്ഞു. തുരുത്തിലെ കാവിലെ കൊടിയേറ്റം വരെ…. 
തുലാംമാസ മഴ കൊണ്ട്  കൊടി നനഞ്ഞു.. കൊടിമരത്തിനു കീഴെ തെല്ലു മാറി കാഞ്ഞിര മരത്തിനു കീഴിൽ കുരുതിക്ക് കൊണ്ട് വന്ന കോഴി നനഞ്ഞു… 
വളളം കരയിലേക്കെത്തും മുമ്പ് ഒരു കോഴി വേലുവിന്റെ കൈയ്യിൽ നിന്നും പറന്ന് വെളളത്തിൽ ചാടി.  കോഴിയെ പിടിക്കാൻ ചാടിയ പളനി കോഴിയേയും കൊണ്ട് വീണ്ടും വളളത്തിൽ കയറി…  കോഴിയുടെ ബഹളവും വളളത്തിലുളള തുരുത്തു നിവാസികളുടെ ബഹളവും കരയിലറിഞ്ഞു… 
പളനിയെ കണ്ട് കുട്ടികൾ ആർത്തു വിളിച്ചു പളനിയുടെ കുടിലു വരെ അനുഗമിച്ചു…. ബഹളം കേട്ട് വന്ന താമര പളനിയുടെ തലയിൽ നിന്നും ചുമടിറക്കി..  പളനി ചുമട് തുറന്നു കുട്ടികൾക്കായ് പലനിറത്തിലുളള ബലൂണുകൾ നീട്ടി..  ബലൂണുകൾ വാങ്ങി കുട്ടികൾ മടങ്ങി… 
കരിമഷിയെഴുതാതെ വിളറി വെളുത്ത താമരയുടെ മിഴികൾ നോക്കി പളനി ഒരു കൂട് കൺമഷി താമരയ്ക്ക് നേരെ നീട്ടി…. 
കുളി കഴിഞ്ഞ താമര കരിമഷിയെഴുതി കണ്ണാടിയിൽ മുഖം നോക്കി… അടിവയറ്റിലൂടെയൊരു വേദന കാലുകളിലൂടെ നിണം ചാലിട്ടൊഴുകി.. 
 അകത്തെരിഞ്ഞ റാന്തൽ വിളക്കിലെ തിരിയണഞ്ഞപ്പോൾ പളനിയുടെ കൈകൾ താമരയെ പുണർന്നു…  താമര തട്ടി തെറുപ്പിച്ച കൈകൾ നിലത്തു കുത്തി പളനിയെഴുന്നേറ്റു….  മലർന്നു കിടന്ന താമര കണ്ടു തന്റെ അരികിൽ നിന്നും അകന്നു പോകുന്നൊരു നിഴലിനെ അവ്യക്തമായ്…. 
തെറുത്തു വെച്ച ഷർട്ടിന്റെ കൈയ്യിൽ നിന്നും ഒരു ബീഡിയെടുത്തു ചുണ്ടിൽ വെച്ചു പളനി…  പോക്കറ്റിൽ നിന്നും തീപ്പെട്ടിയെടുത്തപ്പോൾ കാലിലായ് തണുത്തതെന്തോ ഇഴയുന്നതു പോലെ തോന്നി പളനിക്ക് അവൻ ശക്തിയാൽ കാൽകുടഞ്ഞു… 
ഇരുളകന്നു പകൽ വിരിഞ്ഞു തുടങ്ങിയ നേരം താമര ചൂലെടുത്ത് മുറ്റത്തേക്കിറങ്ങി… അടിവയറ്റിലെ വേദന പിന്നെയും നിണമൊഴുകാൻ കാലിലായ് ചാലുകീറിയപ്പോൾ ചൂല് നിലത്തിട്ടു കൊണ്ട് താമര നിവർന്നു നിന്നു…  കണ്ണിലായ് സൂര്യനെയേറ്റു വാങ്ങിയ മഞ്ഞലോഹം അതിരിലെ വേലിയിൽ കുരുങ്ങി കിടന്നു  തിളങ്ങിയപ്പോൾ താമര അതെടുത്തു കൊണ്ട് ചുറ്റും നോക്കി തന്റെ മേൽകുപ്പായത്തിനുളളിലേക്കായ് തിരുകി അവളത് പളനിയുടെ കുപ്പായ കീശയിലായ് കണ്ടിരുന്നു ചുമടിറക്കുമ്പോൾ… 
വീണ്ടും വേദന തുടങ്ങിയപ്പോൾ അവൾ കുടിലിനകത്തു കയറി ചുരുട്ടി വെച്ച പായ നിവർത്തി കിടന്നു …
പളനിയുടെ ചുമ കേട്ട താമര വേദന വകവെക്കാതെ അടുക്കളയിലേക്ക് നടന്നു അടുപ്പിൽ ചായയ്ക്ക് വെളളം വെച്ചു. അപ്പോഴാണ് അവളോർത്തത് മുറ്റമടിച്ച് മുഴുവനായിട്ടില്ലെന്ന്.. 
വീണ്ടും മുറ്റമടിച്ചു തുടങ്ങിയപ്പോൾ  തന്റെ അരികിലായ് ബീഡിയുടെ ഗന്ധം അറിഞ്ഞപ്പോൾ അവൾ തലയുയർത്തി നോക്കി…. 
അനക്കെന്താ സൂക്കേടാ പളനിയുടെ ആ ചോദ്യത്തിന് മറുപടി പറയാതെ താമര വീണ്ടും തന്റെ ജോലി തുടർന്നു…..  അവളുടെ മറുപടിയിലാതെയായപ്പോൾ പളനി കനത്തിലൊന്ന് മൂളി വേലി കടന്നു പോയി….. പളനി കണ്ണിൽ നിന്നും മറഞ്ഞപ്പോൾ താമര അരിപാത്രത്തിനരുകിലേക്ക് നടന്നു… തന്റെ മേൽകുപ്പായത്തിനുളളിലേക്ക് കൈയ്യിട്ട് ആ മാലയെടുത്ത് അരിപാത്രത്തിലേക്കിട്ട് അരിയിലായ് മൂടി വെച്ചു… 
ചായപാത്രം വെള്ളം വറ്റി കരിപിടിച്ചു തുടങ്ങിയിരുന്നു… അവളത് കൈകൊണ്ട് എടുക്കാൻ നോക്കിയതും വിരലുകൾ പൊള്ളി…. 
അവൾ വീണ്ടും പുറത്തു വന്നു പളനിയെ നോക്കി.. ചുറ്റുവട്ടത്ത് പളനിയെ കാണാതായപ്പോൾ അവൾ വീണ്ടും അരിപാത്രത്തിനരുകിലേക്ക് വന്നു അതിലേക്ക് കൈകളിട്ട് അരിയിലായ് ചികഞ്ഞു മാല പുറത്തെടുത്തു… അവളത് കഴുത്തിലണിഞ്ഞു കണ്ണാടിയിൽ തന്റെ സൗന്ദര്യം നോക്കി.  പിന്നെ വീണ്ടും അരിപാത്രത്തിലായ് നിക്ഷേപിച്ചു….  
അലക്കുവാനുളള തുണികളെടുത്ത് കായൽ കരയിലേക്ക് പോകും മുമ്പ് അവൾ ഒന്നു കൂടി അരിപാത്രത്തിനരുകിലേക്ക് ചെന്നു…  പിന്നെ കായലിലേക്കായ് നടന്നു…. അലക്കി കൊണ്ടിരിക്കുമ്പോഴായിരുന്നു പളനി വേഗത്തിൽ നടന്നു വരന്നത് താമര കണ്ടത് അവൾ അലക്ക് നിർത്തി പളനിയെ നോക്കി…. 
കരയിലെ തുണികളിൽ തന്റെ ഷർട്ടുകളുടെ പോക്കറ്റിൽ തപ്പുന്ന പളനിയെ തെല്ല് ഭയത്തോടെ താമര നോക്കി…  താൻ തിരയുന്ന സാധനം അതിലില്ലെന്ന് കണ്ട പളനി കരയിലിരുന്ന ബക്കറ്റ് ദേഷ്യത്തിൽ വെളളത്തിലേക്കായ് തട്ടി തെറുപ്പിച്ചു..  ഒഴുക്കിനും ഓളത്തിനും അനുസരിച്ച് വെളളം കുടിച്ച ബക്കറ്റ് താഴ്ന്ന് പോകാതെ തെക്കോട്ട് ചേറ്റുവയിലേക്ക് ഒഴുകി…. 
വീട്ടിലേക്ക് ഓടി പോകുന്ന പളനിയുടെ പിറകിൽ പോകുന്ന താമരയുടെ ഹൃദയമിടിപ്പ് വേഗത്തിലായി കാലുകളിൽ വിറയൽ ബാധിച്ച താമര എവിടെയെങ്കിലും താൻ വീണു പോകുമോയെന്ന് ഭയപ്പെട്ടു..  അവളുടെ അടിവയറ്റിൽ വീണ്ടും വേദന തുടങ്ങിയിരുന്നു…. 
വലിച്ചു വാരിയിട്ട തുണികളിൽ ചവിട്ടി പളനി തന്റെ ഭാണ്ഡത്തിലെ സാധനങ്ങൾ പുറത്തേക്കിട്ടു…  പതിയെ വെക്കാത്ത കുപ്പി വളകളെല്ലാം പൊട്ടുന്ന ശബ്ദം താമര കേട്ടു… അവൾ വാതിലിലായ് ചാരി നിന്നു…. തന്നെ കടന്നു പളനി പുറത്തേക്ക് പോകുന്നത് താമരയറിഞ്ഞു… മുറ്റത്ത് നിന്ന് കൊണ്ട് പളനി വീണ്ടും ഒരു ബീഡിക്ക് തീ കൊടുത്തു…..
പിന്നെ തലയിലായ് ചൊറിഞ്ഞു ആലോചനയിൽ മുഴുകി. ആലോചന മുറുകും തോറും ബീഡിയുടെ എണ്ണം കൂടി കൂടി വന്നു… തുരുത്തിലേക്കുളള അക്കര കടവിലെ കളളുഷാപ്പും പഴയ ചങ്ങാതിമാരെ കണ്ട ആഘോഷവും വളളവും വളളത്തിലെ കോഴിയും കോഴിയുടെ വെളളത്തിലെ ചാട്ടവും തന്റെ ചാട്ടവും അവന്റെ ഓർമ്മയിൽ ഓളം തല്ലി… 
അവൻ അവന്റെ തലയിൽ തലി കൊണ്ടു ഉറക്കെ ചിരിച്ചു… പിന്നെ താമരയെ നോക്കി  ചിരി നിർത്തി കൊണ്ട് വീണ്ടും പുറത്തേക്ക് പോയി….. 
പളനി കണ്ണിൽ നിന്നും മറഞ്ഞതും താമര വീണ്ടും അരിപാത്രത്തിലായ് കൈയ്യിട്ടു മാല തപ്പി…  വിരലുകളിൽ മാല തടഞ്ഞപ്പോൾ അവൾ കൈയ്യെടുത്തു… 
നനഞ്ഞ കൈയ്യിൽ പറ്റിയ അരിമണികൾ പുറത്തു വന്നു കുടഞ്ഞു. കുടഞ്ഞ അരിമണികൾ കൊത്താൻ ആദ്യം രണ്ടു കാക്കകൾ വന്നു. അരിമണികൾ കഴിഞ്ഞപ്പോൾ കാക്കകൾ   കരഞ്ഞു പതിയെ പതിയെ കാക്കകളുടെ എണ്ണം കൂടി വന്നു. 
ആ കാക്കകളുടെ ശബ്ദം തുരുത്തിലെ ഓരോ  സ്ത്രീകളുടെ ശബ്ദമായ് താമരയുടെ ചുറ്റും പറന്നിറങ്ങി അവരോരുത്തരും പളനിയുടെ വേറെ ബന്ധത്തെ കുറിച്ച് വാചാലമായി….  താമര വീണ്ടും ചെന്നു അരിപാത്രത്തിലായ് കൈയ്യിട്ടു കൊണ്ട് പറഞ്ഞു ഇല്ല ഇത് വേറെയാർക്കും കൊടുക്കില്ല…
മഴത്തോർന്ന് കൊടിയിറങ്ങി പളനി വേറെ ഉത്സവചന്ത നോക്കിയിറങ്ങി. പളനിയുടെ കുടിലിൽ വീണ്ടും സന്ധ്യക്ക് റാന്തൽ വിളക്ക് തെളിഞ്ഞു.. 
പളനി പോയതിന്റെ മൂന്നാംപക്കം താമര മാലയണിഞ്ഞു. കടവിലെ ചർച്ചയിൽ താമരയുടെ മാലയായിരുന്നു സ്ത്രീകളുടെ വിഷയം. തുരുത്തിലെ ആദ്യത്തെ സ്വർണ്ണാവകാശിക്കും ഭർത്താവിനുമെതിരെ കഥകൾ മെനെഞ്ഞു. ചിലരത് തലയണമന്ത്രമായോതി…. തലയണമന്ത്രം വളളം കയറി ചാവക്കാട്ടെ ചോമന്റെ കളള് ഷാപ്പിലുമെത്തി…. 
അക്കരെ കടവിലെ കള്ള് ഷാപ്പിൽ പളനിയെ അന്വേഷിച്ചെത്തിയ കുന്നംകുളത്തെ ഗീവർ പോലീസ് തന്റെ കൊമ്പൻമീശ മേലോട്ട് ചുരുട്ടി ഒരു തുഞ്ചം വളളമാക്കി… വളളം തുഴയുന്ന കറുപ്പൻ തന്റെ തലയിലായ് ചുറ്റിയ തോർത്തെടുത്ത്  ഇടയ്ക്കിടെ തന്റെ വിയർപ്പ് തുടച്ചു ഗീവർ പോലീസിനെയും കൊണ്ട് തുരുത്തിലേക്ക് തുഴഞ്ഞു….
ഈറൻ മാറ്റുന്ന താമരയുടെ അർദ്ധമേനിയിലെ വെളിയരഞ്ഞാണം നോക്കി ഗീവർ പോലീസ് വാതിൽക്കലിൽ നിന്നു..  പുറത്തെ വെളിച്ചത്തിൽ ഇരുട്ട് നിറഞ്ഞപ്പോഴാണ് താമര പോലീസിനെ കാണുന്നത്. അവൾ വേഗം ഒരു മുണ്ടെടുത്ത് തന്റെ മേൽകുപ്പായം മറച്ചു തന്റെ അരയിലൂടെ ചുറ്റി അരഞ്ഞാണം മറച്ചു…. 
കൂടെ വന്ന കോൺസ്റ്റബിൾമാരോട് പുറത്തു നില്ക്കാൻ പറഞ്ഞു കൊണ്ടു ഗീവർ അകത്തേക്ക് കയറി…  തന്റെ അരികിലേക്ക് വരുന്ന പോലീസിനെ കണ്ടു താമര പിറകിലേക്ക് നടന്നു. ഒടുവിൽ പാതിയമ്പുറത്ത് തട്ടി നിന്നു… 
ഗീവർ പോലീസിന്റെ ചോദ്യങ്ങൾക്ക് താമരയുടെ ഇല്ലായെന്നുളള ഉത്തരം തൃപ്തിയാക്കിയില്ല…  കൂടെ കൊണ്ട് പോകാൻ ശ്രമിച്ച ഗീവർ പോലീസിന്റെ കൈ തന്റെ കൈയ്യിൽ നിന്നും തട്ടി തെറുപ്പിച്ച് കൊണ്ട് താമര അരിവാൾ കൈക്കലാക്കി…  താമരയുടെ അരികിൽ നിന്നും ഒരടി മാറി നിന്ന ഗീവർ പോലീസിന്റെ ബൂട്ടിട്ടകാല് താമരയുടെ അടിവയറ്റിൽ വീണു…  കൈയ്യിലെ അരിവാൾ താഴെയിട്ട് താമര അടിവയറ്റിൽ കൈവെച്ചു കൊണ്ട് താഴെയിരുന്നു…. 
മുടി കുത്തിപിടിച്ചുയർത്തിയ താമരയെ നോക്കി ഗീവർ പോലീസ് മുരണ്ടു… അയാൾ അവളെയും കൊണ്ട് പുറത്തിറങ്ങി കോൺസ്റ്റബിൾമാരോട് അവിടെ പരിശോധിക്കാൻ പറഞ്ഞു. തൊണ്ടി മുതലുമായ് പോലീസ് പളനിയുടെ കുടിലിൽ നിന്നും ഇറങ്ങും മുമ്പ് പളനിയുടെ കുടിലിനു ചുറ്റും തുരുത്തിൽ ആദ്യമായ് എത്തിയ പോലീസിനെ കാണുവാൻ ചുറ്റും നിറഞ്ഞു….. 
പഴഞ്ഞിയിലെ പളളിപെരുന്നാളിന്റെ ബാന്റു മേളം താഴത്തെയങ്ങാടിയിൽ നിന്നും പോലീസ് സ്റ്റേഷനിലേക്ക് കേൾക്കാമായിരുന്നു.  പാറാവ് പോലീസും ഗീവർ പോലീസും ഒഴികെ ബാക്കിയുളളവരെല്ലാം ക്രമസമാധാനത്തിന് പഴഞ്ഞിയിലേക്ക് പോയി…
 തട്ടാൻ മാറ്റ് നോക്കിയ ഉരുപിടി തിരിച്ചും മറിച്ചും നോക്കി ഗീവർ പോലീസ് അത് മുക്കുപണ്ടമാണെന്ന് അയാൾക്കും വിശ്വാസമായില്ല അതത്രയ്ക്ക് ഒറിജിനൽ പോലെയായിരുന്നു. ഗീവർ പോലീസ് തന്റെ പോക്കറ്റിലെ തൊണ്ടി മുതൽ അവിടെ തന്നെയുണ്ടെന്ന് ഉറപ്പുവരുത്തി നിരപരാധിയായ താമരയെ നോക്കി നയനഭോഗം ചെയ്തു…
പള്ളി പെരുന്നാളിന് കച്ചവടം ചെയ്യുന്ന പളനിയുടെ അരികിലേക്ക് ആലി കോൺസ്റ്റബിൾ വരുന്നത് കണ്ട് പളനി കച്ചവടം ഉപേക്ഷിച്ചു കവുങ്ങിൻ തോട്ടത്തിലൂടെ ഓടി….  ആ ഓട്ടം അവസാനിച്ചത് പെരുമ്പിലാവിലായിരുന്നു..
 കാലിചന്ത കഴിഞ്ഞു പോകുന്ന ഒരു തമിഴൻ ലോറിയിലിരിക്കുമ്പോൾ അവൻ താമരയെ ഓർത്തു അവളെ കൂടെ തുരുത്ത് വിട്ട് വേറെയൊരു ദേശത്ത് കുടില് വെച്ച് പാർക്കുന്നതോർത്തു… 
വെച്ച് നീട്ടിയ പൊതിച്ചോറിലേക്കും പോലീസ്ക്കാരനേയും നോക്കിയ താമര പിന്നെ കസേരയിലിരുന്ന് തന്നെ നോക്കുന്ന ഗീവർ പോലീസിനെ നോക്കിയിരുന്നു… പാറാവുക്കാരൻ പോയപ്പോൾ ഗീവർ കസേരയിൽ നിന്നും എഴുന്നേറ്റ് താമരയുടെ അരികിലേക്ക് നടന്നു….. 
പുറത്തെ പകലിലേക്കിറങ്ങുമ്പോൾ അവളുടെ അടിവയറ്റിലെ വേദന മാറിയിരുന്നില്ല…. കുന്നംകുളം അങ്ങാടി തിരക്കിലേക്ക് ചേക്കേറി തുടങ്ങി….  
അടിവയറ്റിലൂടെ വായിലേക്കുയർന്ന കൊഴുത്ത വെളളം അവൾ പുറത്തേക്ക് തുപ്പി…..  അവൾക്ക് ചാവക്കാട്ടേക്കുളള വഴിയറിയുകയില്ലായിരുന്നു.  കയറിയ ബസ്സുകളിൽ നിന്നും പൈസയില്ലാത്തതിനാൽ അവളെ ഇറക്കി വിട്ടു… തിരക്കിൽ നിന്നും മറഞ്ഞ താമരയുടെ മുമ്പിൽ പകൽ മറഞ്ഞു..
താഴത്തെയങ്ങാടിയിലെ അടഞ്ഞു കിടക്കുന്ന കടയുടെ മുമ്പിൽ കുടിയേറിയ നാടോടികളുടെ കൂട്ടത്തിൽ അവളും ചേർന്നു… 
പാറാവുക്കാരാണ് താമരയെ ആദ്യം കണ്ടത്.  അവൾ വന്നപ്പാടെ സ്റ്റേഷന്റെ മുമ്പിലായ് ഇരുന്നു… ബഹളം കേട്ട് ആദ്യം ഗീവർ പോലീസ് വന്നു പിന്നെ വഴി വാണിഭക്കാരും യാത്രക്കാരും കൂടി.. അവരുടെ മുമ്പിലൂടെ ഗീവർ പോലീസ് താമരയെ വലിച്ചിഴച്ച് അകത്തേക്ക് കൊണ്ട് പോയി…. 
സ്റ്റേഷന് മുമ്പിൽ കൂടി നിന്നവരെ തെറി പറഞ്ഞു പോലീസ് ഓടിപ്പിച്ചു… 
കുന്നംകുളം കോടതിയിലെ കേളു വക്കീൽ വിവരമറിഞ്ഞു…  ചെറുവത്താനിയിലെ വീട്ടിൽ നിന്നും നേരെ സ്റ്റേഷനിലേക്ക് ചെന്നു വക്കീൽ…. 
വക്കീലിന്റെ ചോദ്യങ്ങൾക്ക് ഗീവർ പോലീസിന്റെ കൈയ്യിൽ ഉത്തരമില്ലായിരുന്നു…. 
വാഗ്വാദങ്ങൾക്കൊടുവിൽ കോടതി പിരിയുമ്പോൾ ഗീവർ പോലീസിന് പുതിയൊരു പേര് കുന്നംകുളത്തങ്ങാടിയിൽ പരക്കുകയായിരുന്നു…  തൊണ്ടി കളളനെന്ന്…. 
പിന്നെയും മഴ പെയ്തു തുരുത്തിന് ചുറ്റും വെള്ളം കയറി…  തുരുത്തൊഴിഞ്ഞു പോയ തവളയും പാമ്പും പഴുതാരയുമെല്ലാം പളനിയുടെ വീട്ടിൽ താമസമാക്കി … 
സ്ക്കൂൾ വിട്ടു വരുന്ന കുട്ടികളിൽ ചിലർ താമരയെ നോക്കി ഭ്രാന്തിയെന്ന് കൂവി വിളിച്ചു… ആരുടേതെന്നറിയാത്ത ഗർഭവും ചുമന്ന് താമര പളനിയെ അന്വേഷിച്ച് തെരുവിലൂടെയലഞ്ഞു…

 Writer : ആദി
Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!